ഫത്ഹുറബ്ബാനി: 2:
ശൈഖുനാ മുഹിയിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി(റ):
എന്റെ ജനങ്ങളേ…ആ സജ്ജനങ്ങൾ അല്ലാഹുവിനുവേണ്ടി ഉള്ളവരായതുപോലെ നിങ്ങളും അല്ലാഹുവിന് വേണ്ടിയുള്ളവരാവുക. എന്നാൽ അല്ലാഹു എപ്രകാരമാണ് അവർക്ക് വേണ്ടിയായത് അപ്രകാരം നിങ്ങൾക്കുവേണ്ടിയും ആകുന്നതാണ്. അല്ലാഹു നിങ്ങൾക്ക് ആവണമെന്ന് നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവനുള്ള സമർപ്പണത്തിലും കീഴ്വണക്കത്തിലും നിങ്ങൾ കാലം കഴിക്കുക. അവന്റെ പ്രവൃത്തിയിൽ നിങ്ങൾ സഹനശീലരാവുക. നിങ്ങളിലും ഇതരരിലും അവൻ പ്രവർത്തിക്കുന്നതിലെല്ലാം പൊരുത്തമുള്ളവരാവുക. ആ സജ്ജനങ്ങൾ എെഹികമായ സുഖാനുഭവങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു. ഇൗ ലോകത്തിലെ അവരുടെ ഒാഹരി അവർ നല്ല സൂക്ഷ്മതയുടെയും ഭയഭക്തിയുടെയും കരങ്ങളാൽ സ്വീകരിച്ചു. ശേഷം അവർ പാരത്രികവിജയവും സിദ്ധിച്ചു. അതിന് പര്യാപ്തമായ സൽക്കർമ്മങ്ങൾ പ്രവർത്തിച്ചു. ശരീരേച്ഛകളോട് സമരോത്സുകമായി വിലങ്ങി നിൽക്കുകയും രക്ഷിതാവിന് സദാ വഴിപ്പെടുകയും ചെയ്തു. ആദ്യം അവർ സ്വന്തം നഫ്സിനെ ഉപദേശിച്ചു. ശേഷം മറ്റുള്ളവരെ ഉപദേശിച്ചു.
യാ ഗുലാം…..ആദ്യമായി നീ നിന്റെ നഫ്സിനെയാണ് ഉപദേശിക്കേണ്ടത്. ശേഷം നീ ജനങ്ങളെ ഉപദേശിക്കുക. നീ നിന്റെ നഫ്സിന്റെ അന്ധത നീങ്ങാൻ ഒൗഷധം സേവിക്കുക. മറ്റുള്ളവരെ നീ നന്നാക്കാൻ വേണ്ടി സമീപിക്കുന്നതിനുമുമ്പ് നിന്നിൽ ചിലത് അവശേഷിച്ചിരിക്കുന്നു എന്നും അവ നന്നാക്കലാണ് നിന്റെ ബാദ്ധ്യതയെന്നും അറിയുക. നിനക്ക് നാശം. നീ അന്ധനായി തന്നെ നിലനിന്ന് മറ്റുള്ളവരെ മാർഗദർശനം ചെയ്യുവാനാണോ പോംവഴി തേടുന്നത്…? കാഴ്ചയില്ലാത്തവനെങ്ങിനെ മറ്റുള്ളവരെ കൈപിടിച്ച് സന്മാർഗത്തിലൂടെ ചരിപ്പിക്കാനാവും…അത് കാഴ്ചയുള്ളവൻ ചെയ്യുന്ന ജോലിയാണ്. നീന്തുവാനറിയാത്തവൻ എങ്ങനെയാണ് സമുദ്രത്തിൽ മുങ്ങിത്താഴുന്നവനെ കൈപിടിച്ച് രക്ഷിക്കാനാവുക..? തീർച്ചയായും അല്ലാഹുവിലേക്ക് ജനങ്ങളെ തിരിച്ചു വിടാനർഹതയുള്ളത് അല്ലാഹുവിനെ അറിയുന്ന ജ്ഞാനികൾക്കാണ്. അല്ലാഹുവിനെ അറിയാത്തവർ മറ്റുള്ളവർക്ക് എങ്ങനെയാണ് അവനെ അറിയിച്ചുകൊടുക്കുക. അല്ലാഹുവിന്റെ പ്രവർത്തനങ്ങളിൽ നിനക്ക്(യോജിച്ചുകൊണ്ടല്ലാതെ) സംസാരത്തിന് അവകാശമില്ല. നീ അവനെ സ്നേഹിക്കുക. അവനെ മാത്രം അവലംബിച്ച് പ്രവർത്തിക്കുക. മറ്റ് യാതൊരു ഉദ്ദേശവുമില്ലാതെ അവന്റെ തൃപ്തിമാത്രം പരിഗണിച്ച് കീഴ്വണക്കം നീ അവന് വേണ്ടി മാത്രമാക്കണം. അവനല്ലാതെ മറ്റൊന്നിനും വേണ്ടിയല്ല. ഇത് ഹൃദയത്തോട് ബന്ധപ്പെട്ടതാണ്. നാവ് കൊണ്ട് ശബ്ദിക്കുക എന്നതല്ല, പ്രത്യുത ഇത് ആന്തരികത്തിൽ സ്ഥിതി ചെയ്യുന്നതാണ്. പ്രത്യക്ഷത്തിലല്ല. ശിർക്ക് വീടിന്റെ അകത്താകുമ്പോൾ തൗഹീദ് വീടിന്റെ കവാടത്തിലാണ്. ഇതാകട്ടെ തനി കാപട്യം തന്നെയാണ്. നിനക്ക് നാശം. നിന്റെ നാവ് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുമ്പോൾ ഹൃദയം മഹാപാപങ്ങളിൽ വ്യാപൃതമാകുന്നു. നിന്റെ നാവ് നന്ദിപറയുമ്പോൾ ഹൃദയമാകട്ടെ അവനെ ആക്ഷേപിക്കുന്നു. അല്ലാഹു തആല പറയുന്നു:
“ആദാമിന്റെ മകനേ….എന്റെ ഗുണങ്ങൾ നിന്നിലേക്ക് വർഷിച്ചുകൊണ്ടിരിക്കുന്നു. നിന്റെ ദൂഷ്യങ്ങൾ എന്നെ കൊള്ളെ കയറിക്കൊണ്ടിരിക്കുന്നു.”
നിനക്ക് നാശം പിണഞ്ഞിരിക്കുന്നു. നീ അവന്റെ അടിമയാണെന്ന് വാദിക്കുന്നു. അതേ സമയം അവനല്ലാത്തവർക്ക് നീ വഴിപ്പെടുന്നു. നീ അവന്റെ യഥാർത്ഥ ദാസനാണങ്കിൽ നിശ്ചയമായും നീ അവന്റെ തൃപ്തിനേടാൻ മത്സരിക്കുകയും അവന്റെ വിഷയത്തിൽ നീ സമാഹരിക്കുകയും ചെയ്യും. സ്ഥിരതര ദാർഢ്യമുള്ള യഥാർത്ഥ വിശ്വാസി നഫ്സിനോ പിശാചിനോ വഴിപ്പെടുകയില്ല. പൈശാചിക പ്രവണതകൾ അവനോടടുക്കുകയുമില്ല. എെഹിക താത്പര്യങ്ങളുടെ മുന്നിൽ അവൻ തലകുനിക്കുകയുമില്ല. ഇഹലോക ജീവിതത്തിന്റെ ക്ഷണികതയും നിസ്സാരതയും തിരിച്ചറിഞ്ഞ്(അതിന്റെ പ്രലോഭനങ്ങളിൽ വീഴാതെ) അതിനെ തള്ളിക്കളയും. പരലോക മോക്ഷം ലക്ഷ്യമാക്കുകയും ചെയ്യും. അത് അവന് സംസിദ്ധമായാൽ അതും ഉപേക്ഷിച്ച് റബ്ബിങ്കൽ ചെന്ന് ചേരുകയും ചെയ്യും. സദാസമയവും മനഃശുദ്ധിയോടു കൂടി അവനെ മാത്രം കീഴ്വണങ്ങുന്നതാണ്. അല്ലാഹു തആല പറയുന്നത് അവൻ ശ്രവിച്ചു:
“”സത്യത്തിലേക്ക് ചാഞ്ഞവരായി കൊണ്ട് ദീൻ അവന്റേതു മാത്രമാക്കി നിഷ്കളങ്ക ദാസന്മാരായി അല്ലാഹുവിനെ ഇബാദത്ത് ചെയ്യാനല്ലാതെ അവർ ആജ്ഞാപിക്കപ്പെട്ടിട്ടില്ല.”
അവനോട് നീ സൃഷ്ടികളെ പങ്ക് ചേർക്കുന്നത് വെടിയുക. അവന്റെ അദ്വിതീയ ഏകത്വം അറിഞ്ഞ് അവന് കീഴ്വണങ്ങുക. സർവ്വചരാചരങ്ങളും അവന്റെ സൃഷ്ടികളാണ്. അവയെല്ലാം അവന്റെ അധീനതയിലാണ്. അവനല്ലാത്തതിനെ തേടുന്ന നീ ബുദ്ധിയുള്ളവനല്ല. അവന്റെ ഖജനാവിലില്ലാത്ത വല്ല വസ്തുക്കളുമുണ്ടോ..? അല്ലാഹു പറയുന്നു:
“ഏതൊരു വസ്തുവും(പ്രതിഭാസങ്ങളും)അതിന്റെ ഖജനാവുകൾ നമ്മുടെ അടുക്കലില്ലാതെ ഇല്ല.”
യാ ഗുലാം…അവന്റെ അനുഗ്രഹം വന്നുചേരുന്നത് പ്രതീക്ഷിച്ചുകൊണ്ട് സദാസമയവും അവനുള്ള കീഴ് വണക്കത്തിലായികൊണ്ട് സഹനമെന്ന തലയണ വെച്ചും സദാചാരമെന്ന പുതപ്പുപുതച്ചും ഖദറെന്ന കുഴലിനു ചുവടെ നീ കിടന്നുറങ്ങിക്കൊള്ളുക. എന്നാൽ നിനക്ക് ആഗ്രഹിക്കുവാനും തേടുവാനും അറിഞ്ഞിട്ടില്ലാത്ത പല ഗുണങ്ങളും ശ്രേഷ്ഠതകളും ഖദറിന്റെ നിയന്താവ് ആ കുഴലുവഴി നിന്റെ മേൽ ചൊരിഞ്ഞുതരും.
ജനങ്ങളെ നിങ്ങൾ വിധിയോട്(ഖദ്റ്) യോജിക്കുക. ഖദ്റോട് യോജിക്കുന്ന കാര്യത്തിൽ മുജ്തഹിദായ അബ്ദുൽ ഖാദർ പറയുന്നത് നിങ്ങൾ കാതിൽ സ്വീകരിക്കുക. ഖദ്റോടുള്ള(വിധിയോടുള്ള) എന്റെ യോജിപ്പും തൃപ്തിയും ഖദ്റിലേക്ക് എന്നെ മുന്തിച്ചിരിക്കുന്നു. എന്റെ ജനങ്ങളെ വരിക, നാം അല്ലാഹുവിനും അവന്റെ വിധിക്കും അതിന്റെ നടത്തിപ്പിനും കീഴ്പ്പെട്ട് പ്രത്യക്ഷമായും പരോക്ഷമായുമുള്ള നമ്മുടെ താത്പര്യങ്ങൾ അടിയറവ് വെച്ചുകൊണ്ട് അവന്റെ വിധിയിൽ തൃപ്തിപ്പെടാം. അതിന്റെ ഗതിക്ക് അനുയോജ്യമാകുന്ന വിധം നാം നമ്മുടെ ചലനങ്ങൾ നിയന്ത്രിക്കാം. ഖദ്റ് വരുമ്പോൾ അതിനെ നമുക്ക് സന്മനസ്സോടെ സ്വാഗതം ചെയ്യാം. എന്തുകൊണ്ടെന്നാൽ അത് സർവ്വാധിപതിയുടെ ദൂതനാണ്. നാം അതിനെ ബഹുമാനിക്കണം. അങ്ങനെ നാം പ്രവർത്തിക്കുകയാണെങ്കിൽ അത് സ്നേഹബന്ധത്തിൽ വിധിനിയന്താവായ ഖാദിറിന്റെയടുത്തേക്ക് നമ്മെ വഹിച്ചുകൊണ്ടുപോകും.
“”അവിടെ സർവ്വാധികാരം നീതിപതിയായ അല്ലാഹുവിനാകുന്നു.” രാപ്പകൽ അവന്റെ അനുഗ്രഹങ്ങളിൽ മുങ്ങിക്കുളിക്കൽ അവന്റെ ഒൗദാര്യമെന്ന ഭക്ഷണമേശയിൽ നിന്ന് ഭക്ഷിക്കൽ അവനെ അറിയുന്ന ജ്ഞാനസമുദ്രത്തിൽ നിന്ന് പാനം ചെയ്യൽ അവനിൽ ലയിച്ച ആനന്ദത്തിൽ കാലം കഴിക്കലെന്നിവ കൊണ്ട് നിന്നെ അവൻ സൽക്കരിക്കും. ഇത് ഒറ്റപ്പെട്ട ഏതാനും ദിവ്യപുരുഷന്മാർക്കുള്ളതാണ്. സകല കുടുംബങ്ങളിൽ നിന്നും ഗോത്രത്തിൽ നിന്നും പത്തുലക്ഷത്തിൽ ഒന്നുമാത്രമാണവർ.
തുടരും: