ദക്ഷിണേന്ത്യയിലെ സൂഫി വേരുകൾ: അവസാന ഭാഗം:
അൽ ഹാഫിള് മുഹമ്മദ് സുൽത്വാൻ ബാഖവി കായൽപട്ടണം:
ഇസ്ലാമിലേക്ക് അവർക്ക് ദിശ കാണിച്ചതാകട്ടെ ഈ സൂഫിയാക്കളുടെ വിശുദ്ധ ജീവിതവും മാനവികമായ വിനിമയങ്ങളുമായിരുന്നു. അങ്ങേയറ്റത്തെ കാരുണ്യത്തോടെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് കാതുകൊടുക്കുകയും പരിഹാരം കാണുകയും ചെയ്ത അഭയ കേന്ദ്രങ്ങളായിരുന്നു അക്കാലത്ത് ഈ സൂഫി മഹത്തുക്കളുടെ ആസ്ഥാനങ്ങളായിരുന്ന ഖാൻഗാഹുകളും മസ്ജിദുകളും. വിശക്കുന്നവരെ ഊട്ടാനും വസ്ത്രമില്ലാത്ത വരെ വസ്ത്രമുടുപ്പിക്കാനും രോഗികൾക്ക് ത്വിബ്ബുന്നബവിയിലൂടെയും സിദ്ധവൈദ്യത്തിലൂടെയും പ്രാർത്ഥനകളിലൂടെയും ആശ്വാസം പകരാനും ഈ സൂഫി മഹത്തുക്കൾ സവിശേഷം ശ്രദ്ധിച്ചു. അറിവ് ആർജ്ജിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട സമൂഹങ്ങൾക്ക് അറിവ് പകർന്നു നൽകാനും അവരെ സംസ്കരിക്കാനും ലക്ഷ്യം വെച്ച് ഖാൻഗാഹുകൾ തുറന്നുവെക്കുകയും പൊതുപ്രഭാഷണ വേദികളൊരുക്കുകയും മറ്റ് വിജ്ഞാന വികേന്ദ്രീകരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്തു. പ്രാദേശിക ഭാഷകളിലും നാടോടി മൊഴിവഴക്കങ്ങളിലും ഉപയോഗത്തിലിരുന്ന കാവ്യപാരമ്പര്യങ്ങളെയും പാട്ടുപാരമ്പര്യങ്ങളെയും ഒരു വിജ്ഞാന വിനിമയ സങ്കേതം എന്ന നിലയിൽ പ്രയോജനപ്പെടുത്തുകയും ചെയ്തു. മാത്രമല്ല ദ്രാവിഡിയൻ വാസ്തു രീതിയിൽ ലാളിത്യത്തിന്റെ പുതുരീതികൾ വികസിപ്പിക്കുകയും സവിശേഷ മാതൃകയിൽ നിരവധി മസ്ജിദുകൾ പണിയുകയും ചെയ്തു. ഇങ്ങനെ ദക്ഷിണേന്ത്യയുടെ സാമൂഹികവും സാംസ്കാരികവുമായ ഉദ്ഗ്രഥനത്തിൽ വിവിധ രൂപേണ അവർക്ക് പങ്ക് വഹിക്കാൻ സാധിച്ചു.
ദക്ഷിണേന്ത്യയിലെ ഇസ്ലാമിക പ്രചരണത്തിൽ നായക സ്ഥാനമുള്ള മറ്റൊരു പ്രമുഖ സൂഫിവര്യനാണ് ഹിജ്റ 121 റജബ് 4 ന് ഡൽഹിയിൽ
ജനിക്കുകയും പിന്നീട് ജീവിതത്തിന്റെ സായന്തനത്തിൽ ഗുൽബർഗയിലെത്തി അവിടെ ദീനി പ്രബോധനവും സംസ്കരണ ദൗത്യവും നിർവ്വഹിക്കുകയും ചെയ്ത ഖ്വാജാ സയ്യിദ് മുഹമ്മദ് ബന്ധെ നവാസ് സൂദറാസ്(റ). പിതാവ് സയ്യിദ് യൂസുഫ് എന്നവരായിരുന്നു. തിരുനബി(സ്വ) യുടെ കുടുംബ പരമ്പരയിലാണ് ബഹുമാനപ്പെട്ടവരുടെ വംശീയവേരുകൾ ചേരുന്നത്. ഇരുപത്തിരണ്ടാം തലമുറ ഹുസൈൻ(റ) വഴി നബി(സ്വ) യിൽ എത്തിച്ചേരുന്നു. പിതാവിന് ബഹുമാനപ്പെട്ട ശൈഖ് നിസാമുദ്ദീൻ മെഹ്ബൂബെ ഇലാഹി(റ) യോട് ആദ്യമേ ബന്ധമുണ്ടായിരുന്നു. ബഹുമാനപ്പെട്ട ബന്ധ നവാസ് (റ)ക്ക് നാല് വയസ്സുള്ളപ്പോഴാണ് ഡൽഹിയിൽ നിന്ന് അക്കാലത്തെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്ക് തന്റെ ഭരണ ആസ്ഥാനം ദൗലത്താബാദിലേക്ക് മാറ്റിയത്. ഈ പശ്ചാത്തലത്തിൽ ഭരണകൂടത്തിന്റെ നിർദ്ദേശമനുസരിച്ച് ദൗലത്താബാദിലേക്ക് ബഹുമാനപ്പെട്ടവരുടെ കുടുംബം താമസം മാറുകയായിരുന്നു.
ചെറുപ്പം മുതൽ നിസ്കാരം മുടങ്ങാതെ നിലനിർത്തിയിരുന്നവരും തന്റെ ആറ് വയസ്സു മുതൽ തന്നെ റമളാനിലെ എല്ലാ നോമ്പുകളും അനുഷ്ഠിച്ചിരുന്നവരും ഏഴാം വയസ്സിൽ പരിശുദ്ധ ഖുർആൻ ഹിഫ്ള് പൂർത്തീകരിക്കുകയും ചെയ്തവരായിരുന്നു സ്മര്യപുരുഷൻ. തികച്ചും ദീനിയായ ഒരന്തരീക്ഷത്തിൽ വളരാൻ അവസരം ലഭിക്കുകയും പിതാമഹനിൽ നിന്ന് ദീനി ഇൽമുകൾ കരസ്ഥമാക്കുകയും ചെയ്തു. പിതാവും പിതാമഹനും ബഹുമാനപ്പെട്ട ശൈഖ് നിസാമുദ്ദീൻ മെഹ്ബൂബെ ഇലാഹി(റ) യുടെ മുരീദന്മാരായിരുന്നു. തന്റെ ചെറിയ പ്രായത്തിൽ തന്നെ നിസാമുദ്ദീൻ മെഹ്ബൂബ ഇലാഹിയുമായി ബൈഅത്ത് ചെയ്യാൻ ബന്ധനവാസ്(റ) ആഗ്രഹിച്ചിരുന്നു. എന്നാൽ അതിന് മുമ്പായി നിസാമുദ്ദീൻ മെഹ്ബൂബെ ഇലാഹി(റ) വഫാത്തായി. ബന്ധെവാസ്) യുടെ പതിനൊന്നാമത്തെ വയസ്സിൽ ദൗലത്താബാദിൽ വെച്ചുള്ള പിതാവിന്റെ വിയോഗത്തിന് ശേഷം നാല് വർഷങ്ങൾ കഴിഞ്ഞ് കുടുംബം ഡൽഹിയിലേക്ക് തന്നെ തിരിച്ചെത്തി. ശേഷം നിസാമുദ്ദീൻ മെഹ്ബൂബെ ഇലാഹി(റ) യുടെ ഖലീഫ നസീറുദ്ദീൻ ചിറാഗ് ദഹ്ലവി(റ) യുമായി മഹാനവർകൾ ബൈഅത്ത് ചെയ്തു. ആ സമയം അദ്ദേഹത്തിന് പതിനാറ് വയസ്സുണ്ടായിരുന്നു. ഒരു ദിവസം ഖുതുബുദ്ദീൻ ബക്തിയാർ കാക്കി(റ) യുടെ സിയാറത്തിന് വേണ്ടി ശൈഖ് നസീറുദ്ദീൻ ചിറാഗ് ദഹ്ലവി(റ) പല്ലക്കിൽ യാത്രയാവുമ്പോൾ ഖാദിമായി അനുഗമിച്ചിരുന്നതും തന്റെ ശൈഖിന്റെ പല്ലക്ക് ചുമലിലേറ്റിയിരുന്നതും സയ്യിദ് മുഹമ്മദ് ബന്ധ നവാസ്(റ) യായിരുന്നു. ആ സമയം ശൈഖ് തന്റെ അരുമശിഷ്യനോട് ഇപ്രകാരം പറഞ്ഞു.
“സയ്യിദ് മുഹമ്മദേ….താങ്കൾ ചുമക്കേണ്ട…താങ്കൾ അഹ് ലു ബൈത്താണ്.“
അതിന് ബഹുമാനപ്പെട്ടവർ ഇപ്രകാരമാണ്. പ്രത്യുത്തരം ചെയ്തത്:
“ഞാൻ സയ്യിദുനാ ഹുസൈൻ(റ) വിന്റെ പേരമകനാണ്. നിങ്ങളാകട്ടെ സയ്യിദുനാ ഹസൻ(റ) വിന്റെ പേരമകനുമാണ്. അതുകൊണ്ട് നിങ്ങൾക്ക് ഖിദ്മത്ത് ചെയ്യേണ്ടത് എന്റെ കടമയാണ്.“
ഇങ്ങനെ അങ്ങേയറ്റത്തെ വിനയാന്വിതത്വത്തോടെ തന്റെ സേവന സന്നദ്ധത ശൈഖിനെ അറിയിക്കുകയും അന്ന് മുതൽ പല്ലക്ക് ചുമക്കുന്ന ഖിദ്മത്തിലും ബഹുമാനപ്പെട്ടവർക്ക് സജീവ പങ്കാളിത്തമുണ്ടാവുകയും ചെയ്തു.
ഒരിക്കൽ ശൈഖവർകളുടെ പല്ലക്ക് ചുമന്ന് പോവുകയായിരുന്ന ബന്ധനവാസ്(റ) യുടെ നീണ്ട മുടിയിൽ നിന്ന് അൽപം പല്ലക്കിന്റെ ആണിയിൽ കുടുങ്ങുകയും പല്ലക്കിന്റെ ആട്ടത്താൽ മുടി പറിയുകയും തലയിൽ നിന്ന് രക്തം വരാൻ തുടങ്ങുകയും ചെയ്തു. ഇതുകണ്ട ശൈഖവർകൾ ഈ സയ്യിദ് ഇത്രമാത്രം പ്രയാസം സഹിച്ചാണല്ലോ മറ്റുള്ളവർക്ക് ഖിദ്മത്ത് ചെയ്യുന്നത് എന്ന് പറയുകയും അങ്ങനെ തന്റെ ശീഷ്യന് അടിമകൾക്ക് സേവനം ചെയ്യുന്നവൻ എന്ന അർത്ഥത്തിൽ ബന്ധെ നവാസ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ശൈഖവർകളുടെ ആ ദുആയുടെ ഫലപ്രാപ്തിയാണ് ഇന്ത്യയിലൊട്ടുക്കും വിശേഷിച്ച് ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലാകെയും വ്യാപിക്കുന്ന വിധം മഹാനവർകളുടെ സേവനങ്ങൾക്ക് വിപുലനം സംഭവിക്കുന്നത്.
സ്മര്യപുരുഷന്റെ ചില കറാമത്തുകൾ കൊണ്ട് ആയിരങ്ങൾ ഇസ്ലാം ദീൻ സ്വീകരിക്കുമായിരുന്നു. ബന്ധെനവാസ്(റ) ഗുൽബർഗയിലെത്തിയപ്പോൾ അവിടെ ആയിരത്തിലധികം ശിഷ്യന്മാർക്ക് ഗുരുവായിരുന്ന ബാബർ എന്ന സന്യാസി ശൈഖവർകളെ സന്ദർശിക്കാനായി വന്നു. സ്വന്തം അവസ്ഥകളിൽ വലിയ ഉൾപ്പെരുമയുണ്ടായിരുന്ന ആ സന്യാസി ശൈഖവർകളുമായി സന്ധിച്ചതോടെ കുറഞ്ഞ സമയം കൊണ്ട് തന്നെ ശൈഖവർകളുടെ സവിശേഷതകൾ തിരിച്ചറിയുകയും ഈ സന്യാസിയും ശിഷ്യഗണങ്ങളും ശൈഖവർകളുടെ കൈക്ക് ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. പുതുവിശ്വാസിയായ ഈ സന്യാസിക്ക് ബന്ദനവാസ്(റ) അബ്ദുൽ വാഹിദ് എന്ന് പേര് നൽകി. പിൽക്കാലത്ത് വലിയ വിലായത്തിനുടമായി ഇദ്ദേഹം മാറി, ഖ്വാജാ ബന്ദനവാസ്(റ) അറബി, ഉർദു, ഫാർസി ഭാഷകളിൽ നൂറ്റി അഞ്ച് ഗ്രന്ഥങ്ങളിലധികം രചിച്ചിട്ടുണ്ട്.
ജനകീയ ഭാഷയായ ദഖനി ഉർദുവിൽ ജനങ്ങളുടെ സംസ്കരണം ലക്ഷ്യം വെച്ച് നിരവധി ഗ്രന്ഥങ്ങൾ ശൈഖവർകൾ രചിക്കുകയുണ്ടായി. ശൈഖവർകളുടെ അറബി തഫ്സീർ അൽ മുൽതഖത്ത് പ്രധാനമായതാണ്. ഇന്ത്യാ ഓഫീസ് ലണ്ടനിൽ ഇതിന്റെ കൈയ്യെഴുത്ത് പ്രതി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. പല വിജ്ഞാനമേഖലകളിലും ബന്ധെ നവാസ്(റ) ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഫഖീഹും സൂഫിയുമായിരുന്നതിനാൽ എല്ലാ മേഖലകളിലും പഠനാർഹമായ ഗ്രന്ഥങ്ങൾ ശൈഖവർകൾ രചിച്ചിട്ടുണ്ട്. തസ്വവുഫിന്റെ ഉസ്വൂലിയായ ഗ്രന്ഥങ്ങൾ പലതിനും അറബിയിൽ ശറഹ് രചിച്ചിട്ടുണ്ട്.
ഹദീസിൽ മശാരിഖുൽ അൻവാറിന്റെ അറബിയിലുള്ള ശറഹ്, തസ്വവുഫിലെ അവാരിഫുൽ മആരിഫിന്റെ ശറഹായ മആരിൽ അവാരിഫ്, ശറഹ് ഫുസൂസുൽ ഹികം, ശറഹ് മഅ്റുഫ്, ശറഹ് ആദാബുൽ മുരീദിൻ എന്നീ ഗ്രന്ഥങ്ങളും നബി(സ്വ) തങ്ങളുടെ ജീവചരിത്രമുൾക്കൊള്ളുന്ന ഫാർസി ഭാഷയിൽ രചിച്ച സീറത്തുൻ നബി എന്നിവയെല്ലാം പ്രധാന ഗ്രന്ഥങ്ങളാണ്.
ബാബായ ഉർദു മൗലവി അബ്ദുൽ ഹഖ് സാഹിബ് ഉർദുവിനെ പരിപോഷിപ്പിച്ച സൂഫിയാക്കളെ കുറിച്ച് രചിച്ച ഗ്രന്ഥത്തിൽ മഹാനായ ബന്ധെ നവാസ് (റ)യെ ഇവ്വിഷയകമായി തെക്കേ ഇന്ത്യയിലെ പ്രധാന കണ്ണിയായാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മഹാനവർകളുടെ ഖലീഫമാർ മുഖേനയാണ് ദീനിന്റെ ബാത്വിനി വിജ്ഞാനങ്ങൾ തെക്കേ ഇന്ത്യൻ സമൂഹങ്ങൾക്കാകെയും ലഭ്യമായത്. തഅ്ലീമുകളായും ഗ്രന്ഥങ്ങളായും മാതൃകാജീവിതവും സംസ്കാരവുമായും അത് ജനജീവിതത്തെ വല്ലാതെ സ്വാധീനിക്കുകയും ഇസ്ലാമിക വ്യാപനത്തിൽ വലിയ പങ്ക് വഹിക്കുകയും ചെയ്തു. ചിശ്തിയ്യാ ധാരയിൽ പെട്ട ത്വരീഖത്തുകളുടെ തഅലീമാത്തുകളുടെ യഥാർത്ഥ ജ്ഞാന സ്രോതസ്സ് ശൈഖ് ബന്ധെനവാസ്(റ) യാണ്. ബഹുമാനപ്പെട്ടവർക്ക് ഗൗസുൽ അഅളം(റ) വുമായി ഉവൈസി നിസ്ബത്തു മുണ്ടായിരുന്നു. ഖ്വാജാ സയ്യിദ് മുഹമ്മദ് ബന്ധനവാസ് (റ) യോട് ദക്ഷിണേന്ത്യൻ സമൂഹങ്ങൾക്കൊക്കെയും വലിയ കടപ്പാടുകളാണുള്ളത്. സ്മര്യപുരുഷന്റെ പ്രധാന ദീനി സേവനങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം.
ബിദ്ഈ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടിരുന്നവരായിരുന്നു അക്കാലത്തെ പല രാജാക്കന്മാരും അവരുടെ ആദർശപരമായ ദുശ്ശാഠ്യങ്ങളെയും അപര വിദ്വേഷത്തിലധിഷ്ഠിതമായ വിഷലിപ്തമായ തീവ്ര നടപടികളെയും നിർവീര്യമാക്കി അത്തരം ഭരണാധികാരികളെ ഉപയോഗപ്പെടുത്തി തന്നെ ദീനീ പ്രചാരണങ്ങൾക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുന്നതിൽ ഖ്വാജാ ബന്ധെ നവാസ് (റ) യെ പോലുള്ളവർ നിർവ്വഹിച്ച സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. മാത്രമല്ല പ്രജാക്ഷേമ തത്പരതയോടെ ജനങ്ങളുടെ സേവകരാവും വിധം ഭരണാധികാരികളിൽ പരിവർത്തനമുളവാക്കുന്നതിലും ഖ്വാജാ ബന്ധെ നവാസ്(റ) വലിയ പങ്ക് വഹിച്ചു. അജ്മീറും ഡൽഹിയും ആസ്ഥാനമാക്കിയ ചിശ്തി മശാഇഖന്മാരുടെ പൂർവ്വമാതൃകകൾ പിൻപറ്റി ദക്ഷിണേന്ത്യയിലും എല്ലാ അധികാര വ്യവസ്ഥകളെയും അതിവർത്തിക്കുന്ന യഥാർത്ഥ അധികാരകേന്ദ്രമായി ബഹുമാനപ്പെട്ടവർ നിലകൊണ്ടു. ഒരർത്ഥത്തിൽ സ്മര്യപുരുഷന്റെ സമകാലികരായിരുന്ന ബഹ്മനി സുൽത്താന്മാർ ശൈഖവർകളോട് പുലർത്തിയ അഖീദയും പ്രതിബദ്ധതയും നിസ്തുലമായിരുന്നു.
അക്കാലത്ത് പൊതു ഭരണ ഭാഷ മാത്രമായി വിനിമയം ചെയ്യപ്പെട്ടിരുന്ന ഉർദുഭാഷയെ ആത്മീയമായ ജൈവികത പകർന്നു നൽകി ജനകീയമാക്കി യതിൽ നേതൃത്വപരമായ പങ്ക് വഹിച്ച സുഫിയാക്കളിൽ പ്രഥമഗണനീയർ ബന്ധെനവാസ്(റ) യായിരുന്നു. അതുകൊണ്ട് തന്നെ മഹാനവർകൾക്ക്
സുൽത്വാനുൽ ഖലം എന്ന അപരനാമവുമുണ്ടായിരുന്നു. ഉർദുഭാഷയുടെ ചരിത്രം ക്രോഡീകരിച്ച പല പ്രമുഖ ഗവേഷകരും ഇക്കാര്യം സ്ഥിരപ്പെടുത്തിയിട്ടുള്ളതാണ്. മാത്രമല്ല പ്രഭാഷണങ്ങളിലൂടെയും നിരവധി ഗ്രന്ഥങ്ങളിലൂടെയും വിജ്ഞാന മേഖലയെ സജീവമാക്കുകയും ദക്ഷിണേന്ത്യയിലെ പല മുജദ്ദിദുകൾക്കും ചിശ്തി മാർഗത്തിന്റെ തെളിഞ്ഞ പ്രകാശ വഴികാണിക്കുന്നതിൽ വഴി വിളക്കായി തീരുകയും ചെയ്തവരാണ് ബഹുമാനപ്പെട്ട ബന്ധെ നവാസ്(റ),
ഖാദിരി ചിശ്തി സമന്വയം
ഉവൈസിയായ നിസ്ബത്ത് വഴി ഖാദിരി പരമ്പര കൂടിയുണ്ടായിരുന്ന ബഹുമാനപ്പെട്ട ഖാജാ സയ്യിദ് മുഹമ്മദ് ബന്ധെനവാസ് ഗേസൂദറാസ്(റ) യുടെ ഈ ചിശ്തി സിൽസില യോഗ്യരായ അവരുടെ ഖലീഫമാർ വഴി പിൽക്കാലത്ത് ഖാദിരി ധാരയുമായി സമന്വയിച്ച് ഒരേ സമയം ഇശ്ഖിന്റെയും ഇൽമിന്റെയും സിൽസിലയായി രൂപാന്തരം പ്രാപിച്ചു. ഖ്വാജാ ബന്ധെ നവാസ് (റ) യുടെ ഖലീഫ ജമാലുദ്ദീൻ മഗ് രിബി(റ), അവരുടെ ഖലീഫ കമാലുദ്ദീൻ വാഹിദുൽ അസ്റാറ് ബിയാബാനി(റ), അവരുടെ ഖലീഫ സയ്യിദ് ഖ്വാജാ മീറാൻജി ശംസുൽ ഉശാഖ്(റ), അവരുടെ ഖലീഫ സയ്യിദ് ശാഹ് ബുർഹാനുദ്ദീൻ ജാനം(റ) അവരുടെ ഖലീഫ ഹാജി ഇസ്ഹാഖ് ചിശ്തി(റ). ഖാദിരിയും ചിശ്തിയും തുടർച്ചയായ സനദ് വഴി ഈ സിൽസിലയിൽ സ ന്ധിക്കുന്നത് ബഹുമാനപ്പെട്ട ശൈഖ് ഹാജി ഇസ്ഹാഖ്(റ) മുതലാണ്. ഈ ശൈഖവർകൾ ഖാദിരി ധാരയിലെ പ്രമുഖ ശൈഖായിരുന്ന സയ്യിദ് ശുജാഉദ്ദീൻ ഖാദിരി(റ) യുടെ മുരീദും ഖലീഫയുമെല്ലാമായിരുന്നു. പ്രസ്തുത ശൈഖ് വിസാലയപ്പോൾ ഹാജി ഇസ്ഹാഖ്(റ) പുണ്യമദീനത്തേക്ക് പോവുകയും അവിടെ ചെന്ന് നബി(സ്വ) തങ്ങളോട് തന്റെ സങ്കടങ്ങൾ ബോധിപ്പിക്കുകയും ചെയ്തു. തനിക്ക് വഴിയും വെളിച്ചവുമായി ഒരു യോഗ്യനായ ശൈഖിനെ കാണിച്ചുതരണമെന്ന് നബി(സ്വ) തങ്ങളോട് ആവശ്യമറിയിച്ചു. അങ്ങനെ തിരുസന്നിധിയിൽ നിന്ന് വിട്ട് പോവാതെ പന്ത്രണ്ട് വർഷക്കാലം അവിടെ ചിലവഴിച്ച ബഹുമാനപ്പെട്ടവർക്ക് അല്ലാഹുവിന്റെ ഔദാര്യത്താൽ നബി(സ്വ) തങ്ങളുടെ തിരുദർശനം(സ്വപ്നദർശനം) ലഭിക്കുകയും ബിജാപൂരിലേക്ക് പോകുവാനും അവിടെ ബുർഹാനുദ്ദീൻ ജാനം(റ) എന്ന ശൈഖിനെ സ്വീകരിച്ച് ബാക്കി ഇൽമുകൾ സ്വായത്തമാക്കാനും അറിയിപ്പുണ്ടാവുകയും ചെയ്തു. അങ്ങനെ അദ്ദേഹം ബിജാപൂരിലെത്തുകയുണ്ടായി. ഇക്കാര്യം ബഹു മാനപ്പെട്ട ശൈഖ് ശാഹ് കമാൽ (റ) ഉൾപ്പെടെ പലരും തങ്ങളുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ശൈഖ് ശാഹ് മീരാൻജി ശംസുൽ ഉശാഖ്(റ) വഴി ചിശ്തി ത്വരീഖത്തിലെ ശൈഖായിരുന്നു ബുർഹാനുദ്ദീൻ ജാനം(റ), ബഹുമാനപ്പെട്ടവരെ ബൈഅത്ത് ചെയ്ത് നിസ്ബത്ത് സ്വീകരിച്ചതോടെ ഖാദിരിയായിരുന്ന ശൈഖ് ഹാജി ഇസ്ഹാഖ്(റ) ചിശ്തിയുമായി. തന്റെ മുരീദിന്റെ ഔന്നത്യവും സ്ഥാനവും ആദ്യമേ തിരിച്ചറിഞ്ഞ ബുർഹാനുദ്ദീൻ ജാനം(റ) വൈകാതെ ചിശ്തി സിൽസിലയിൽ അദ്ദേഹത്തിന് ഖിലാഫത്തും നൽകി. ബഹുമാനപ്പെട്ട ബുർഹാനുദ്ദീൻ ജാനം(റ) യുടെ മകനാണ് അമീനുദ്ദീൻ അലി അഅ്ലാ(റ), ഇദ്ദേഹമാകട്ടെ ചിതി ധാരയിലും മറ്റു ധാരകളിലും പെട്ട നിരവധി ത്വരീഖത്തുകളിലെ ശൈഖാണ്. ഹാജി ഇസ്ഹാഖ്(റ) യുടെ സിൽസില ബഹുമാനപ്പെട്ടവരുടെ പല ഖലീഫമാരിലൂടെയും വിവിധ കൈവഴികളായി പടരുകയുണ്ടായി.
ഹാജി, ഇസ്ഹാഖ്(റ) യുടെ പ്രമുഖ ഖലീഫയായിരുന്നു ഗുൽബർഗ ജില്ലയിലെ നാഗൂറാ ശരീഫിലുള്ള റാജി മുഹമ്മദ് കട്ടെ നവാസ്(റ), ഇവരുടെ സിൽസിലയിലാണ് വേലൂർ ബാഖിയാത്തു സ്വാലിഹാത്തിന്റെ ബാനി ഹസ്രത്ത് അബ്ദുൽ വഹാബുൽ ഖാദിരി(റ) യുടെ ശൈഖായ ബഹുമാനപ്പെട്ട ശൈഖുനാ ഖുത്ബെ വേലൂർ(റ) വരുന്നത്. ബഹുമാനപ്പെട്ടവരിലേക്കെത്തുന്ന ആ പരമ്പര മുകളിൽ നിന്ന് ഇപ്രകാരമാണ്.
റാജി മുഹമ്മദ് കട്ടെ നവാസ്(റ) യുടെ ഖലീഫ ശാഹ് മുഹമ്മദ് ഇസ്മാ ഈൽ(റ), അവരുടെ ഖലീഫ ദർയാ മുഹമ്മദ്(റ), ശേഷം മുഹമ്മദ് നാസിറു ദ്ദീൻ(റ), ഇവരുടെ ഖലീഫയാണ് ഖുത്ബെ മദ്രാസ് മഖ്ദൂം അബ്ദുൽ ഹഖ് സാവി(റ)(ദസ്തഗീർ ഔലിയ), അക്കാലത്തെ മുജദ്ദിദായി അറിയപ്പെട്ട മ ഹാനായിരുന്നു അദ്ദേഹം. അവരുടെ കാലത്ത് ശുഹൂദിയാക്കളും വുജൂദിയാക്കളും തമ്മിൽ ചില ആശയ സംവാദങ്ങളെല്ലാം നടന്നിരുന്നു. ശുഹൂദിയാക്കൾ വുജൂദിയാക്കളുടെ വാക്കുകളെ തെറ്റായി ഉദ്ധരിച്ച് വിമർശനങ്ങൾ ഉയർത്തിയപ്പോൾ പ്രസ്തുത വിഷയത്തിലെ ഹഖും ബാത്വിലും വേർതിരിച്ച് ആശയ സമന്വയത്തിന് രംഗത്തുവന്നവരിൽ പ്രമുഖസ്ഥാനമുള്ളവരാണ് ബഹുമാനപ്പെട്ട ശൈഖ് മഖ്ദൂം അബ്ദുൽ ഹഖ് സാവി(റ), വഹ്ദത്തുൽ വുജൂ ദിന്റെ പേരിൽ നിലനിന്ന പല വിധ സങ്കീർണതകളെയും പരിഹരിക്കുന്നതും ഒരേ സമയം വഹ്ദത്തുശ്ശഹൂദിന്റെയും വഹദത്തുൽ വുജൂദിന്റെയും പ്രതിനിധികൾക്ക് സ്വീകാര്യവുമായിരുന്നു ബഹുമാനപ്പെട്ടവരുടെ വിശദീകരണങ്ങൾ.
ജ്ഞാനപാരമ്പര്യങ്ങളോടുള്ള താദാത്മ്യം
അടിസ്ഥാന തഅ്ലീമുകളിൽ സാങ്കേതികമായ ചില പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച ഖുതുബെ മദ്രാസ് (റ) അവർകളുടെ തഅ്ലീകളും ഇസ്തി ലാഹുകളും കാമിലിങ്ങളായ മശാഇഖന്മാരുടെ വീക്ഷണങ്ങൾക്ക് ഊന്നൽ നൽകുന്നതായിരുന്നു. ഹസ്രത്ത് ശാഹ് കമാൽ സാനി(റ) യുടെ തഅ്ലീമാത്തുകളും ഇതിനോട് താദാത്മ്യപ്പെടുന്നതാണ്. അവിഭക്ത ഇന്ത്യയിൽ രണ്ട് നൂറ്റാണ്ടുകളായി സുലൂക്കിയായ തഅ്ലീമുകളുടെ പ്രധാന സിലബസ് ഗ്രന്ഥമായി പരിഗണിക്കപ്പെടുന്ന മിസ്ബാഹുൽ ഹയാത്ത്, ഹള്റത്തെ ഖംസ പോലെയുള്ള പല ആത്മജ്ഞാന ഗ്രന്ഥങ്ങളും രചിച്ച ഹസ്രത്ത് മീർ ഹയാത്ത് മൈസൂരി(റ) ആദ്യകാലത്ത് ഖുത്ബെ വേലൂരിന്റെ പിതാവായ സയ്യിദ് അബുൽ ഹസൻ മഹ് വി(റ) യോട് ബൈഅത്ത് ചെയ്യുകയും തഅ്ലീമുകൾ കരസ്ഥമാക്കുകയും ചെയ്ത ശേഷം ബഹുമാനപ്പെട്ട ശൈഖവർകളിൽ നിന്നുള്ള അനുവാദത്തോടെ ഉപരിപഠനാർത്ഥം ബഹുമാനപ്പെട്ട ശാഹ് കമാൽ സാനി(റ) യുടെ ശിഷ്യത്വം സ്വീകരിക്കുകയും ബൈഅത്തും ഖിലാഫത്തും നേടുകയും ചെയ്തു. പൂർവ്വീകരായ മശാഇഖന്മാരിൽ നിന്ന് കൈ മാറി കിട്ടിയ ഇത്തരം തഅ്ലീമുകൾ ഇന്നും ദക്ഷിണേന്ത്യയിലെ ഒട്ടെല്ലാ സിൽസിലകളിലും പാക്കിസ്ഥാനിലും വിനിമയം ചെയ്യപ്പെടുന്നുണ്ട്.
വഹ്ദത്തുൽ വുജൂദിന്റെ പേരിൽ സൃഷ്ടിയെ നിഷേധിക്കുന്ന പ്രവണതകൾ പ്രകടമായപ്പോൾ ഗൈരിയത്തെ ഹഖീഖി ഇസ്തിലാഹി എന്നൊരു പ്രയോഗം കൊണ്ട് സൃഷ്ടിയെ നിഷേധിക്കാതെ തന്നെ എങ്ങനെ വഹ്ദത്തുൽ വുജൂദിനെ ഗ്രഹിക്കാം എന്നത് ബഹുമാനപ്പെട്ടവരുടെ ഇസ്തിലാക്കുകൾ വ ഴിയായും സ്പഷ്ടമായി, വഹ്ദത്തുൽ വുജൂദിന്റെ പേരിൽ ഇൽഹാദ്, ഹുലൂൽ, ഇത്തിഹാദ് വാദങ്ങൾ ഉയർന്നപ്പോൾ മഖിന്റെ ദാത്തിനെ കൂടി പ്രത്യേകം എടുത്തു പറയേണ്ടതായ, അഥവാ രിയ്യത്തിനെ വ്യക്തമാക്കി പറയേണ്ട സാഹചര്യം നിലവിൽ വരികയും ഏക് വുജൂദ്, ദോ ദാത്ത് എന്ന ഇസ്തിലാ ഹ് വഴി ഒട്ടേറെ സങ്കീർണ്ണതകൾ പരിഹരിക്കുകയും ചെയ്ത മഹാനായിരു ന്നു മഖ്ദും സാവി(റ), മഹാനായ ഈ ശൈഖിന്റെ ഖലീഫയാണ് ഫഖ്റുദ്ദീനുൽ മഹ്കരി(റ), അവരുടെ ഖലീഫയാണ് ബിജാപൂരിൽ നിന്നും വേലൂരിലേക്ക് പിതാവിനോടൊപ്പം വന്ന ഖുതുബെ വേലൂർ അബുൽ ഹസൻ ഖുർബി(റ), ബഹുമാനപ്പെട്ടവരുടെ പുത്രനും ഖലീഫയുമാണ് അബ്ദുൽ ലത്തീഫ് ദൗഖി(റ), അവരുടെ ഖലീഫയാണ് അബുൽ ഹസൻ സാനി (റ), അവരുടെ ഖലീഫ ഖുത്ബെ വേലൂർ അബ്ദുൽ ലത്വീഫ് നഖ് വി(റ),
ബഹുമാനപ്പെട്ട ബന്ധെ നവാസ്(റ) യുടെ സിൽസിലയിൽ പെട്ടവരാണ് ബിജാപൂരിലെ മീറാൻജി ശംസുൽ ഉശാഖ്(റ), മഹാനവർകൾ മദീനയിൽ പല കാലങ്ങൾ വസിച്ചിരുന്നു. നബി(സ്വ) തങ്ങളുടെ കൽപന പ്രകാരം ബിജാപൂരിൽ തിരിച്ചെത്തി. ഈ സിൽസിലയിലെ പിൻമുറക്കാരാണ് സയ്യിദ് ശാഹ് ബുർഹാനുദ്ദീൻ ജാനം(റ), സയ്യിദ് ശാഹ് അമീനുദ്ദീൻ അലി അഅ്ലാ(റ), സയ്യിദ് ശാമീർ ഔലിയ (റ), ജാമിഎ ദഖൻ സയ്യിദ് ശാഹ് കമാൽ(റ). അവസാനത്തെ ഈ രണ്ട് സുഫിയാക്കൾ ബുഖാരി സാദാത്തന്മാരാണ്. ഹൈദരാബാദിലുള്ള ഒട്ടുമിക്ക ത്വരീഖത്തുകളുടെയും സ്രോതസ്സ് ഈ രണ്ടു മഹത്തുക്കളാണ്. ഇവരിൽ സയ്യിദ് ശാഹ് അമീനുദ്ദീൻ അലി അഅ്ലാ(റ) യുടെ സിൽസിലയാണ് കീളക്കര ഖൽവത്ത് നായകം(റ) യുടെ ഉസ്താദായ കടയനല്ലൂർ ശൈഖ് ഉസ്മാൻ (റ) യുടെ സിൽസില. കേരളത്തിലെ വിഖ്യാത പണ്ഡിതൻ അഹ്മദ് കോയ ശാലിയാത്തി(റ) ഖുതുബെ വേലൂർ(റ) യുടെ മകൻ റുക്നുദ്ദീൻ സയ്യിദ് ശാഹ് മുഹമ്മദുൽ ഖാദിരി(റ) വഴിയാണ് ഈ ത്വരീഖത്തിൽ കണ്ണിചേരുന്നത്.
ബന്ധെ നവാസി പാരമ്പര്യമുള്ള ദക്ഷിണേന്ത്യയിലെ വിഖ്യാതനായ ഖുതുബെ വേലൂർ(റ)ക്ക് ഏഴ് ലക്ഷത്തിലധികം മുരീദന്മാരുണ്ടായിരുന്നു. നാനൂറോളം ഖലീഫമാരുമുണ്ടായിരുന്നു. ഇവരിൽ പലരുടെയും വിവരങ്ങൾ ശൈഖ് അബ്ദുറഹീം സിയാ ഹൈദറാബാദി(മരണം: എ.ഡി. 1874) തന്റെ മഖാലാത്തെ ത്വരീഖത്ത് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് പാക്കിസ്ഥാനിലാണ് അച്ചടിച്ചിട്ടുള്ളത്.
ബഹുമാനപ്പെട്ട ഖുതുബെ വേലൂർ(റ) ഹിജ്റ 1207 ജമാദുൽ ആഖിറിലാണ് ജനിച്ചത്. മാതാപിതാക്കൾ വഴി ഹസനിയും ഹുസൈനിയുമാണ്. ആദ്യകാലത്ത് മൗലാനാ ബഹ്റുൽ ഉലൂം അബ്ദുൽ അലി മദ്രാസി(റ) യിൽ നിന്ന് ഇൽമ് പഠിക്കാൻ ആരംഭിച്ചു. ശേഷം പല മഹാന്മാരിൽ നിന്നും കിതാബുകളോതി സനദുകൾ നേടി. മുഹമ്മദ്ദിസ് ശാഹ് ഇസ്ഹാഖ് ദഹ്ലവി(റ) യിൽ നിന്ന് ഹദീസിന്റെ സനദ് നേടി. ഇവരുടെ പിതാമഹന്മാർ 191 സിൽ സിലകൾ സമന്വയിപ്പിച്ചവരായിരുന്നു. പ്രസ്തുത സിൽസിലകളെയെല്ലാം മഖ്സനുസ്സലാസിൽ എന്ന ഗ്രന്ഥത്തിൽ വിശദമായി രേഖപ്പെടുത്തുന്നുണ്ട്. സച്ചരിതരായ നാല് ഖലീഫമാർ വഴിയും ബഹുമാനപ്പെട്ടവർക്ക് ത്വരീഖത്തുകളുണ്ടായിരുന്നു. പല രാജാക്കന്മാർക്കും ഇസ്ലാമിലേക്ക് ദഅ് വത്ത് ചെയ്തുകൊണ്ടുള്ള കത്തുകളയച്ചിരുന്നു. ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, ദ്വീപുകളിലെ ബഹുദൈവവിശ്വാസികൾ ഉൾപ്പെടെ പല രാജ്യങ്ങളിലുള്ള അമുസ്ലിമീങ്ങളായ രാജാക്കന്മാർക്കും ഭരണാധികാരികൾക്കും അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളയച്ചിരുന്നു. അറബി ഫാർസി ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു ആ കത്തുകൾ എഴുതിയിരുന്നത്. ലണ്ടനിലെ എലിസബത്ത് രാജ്ഞിക്കയച്ച കത്തിന് പ്രതികരണമായി അവർ എഴുതി
“ഇസ്ലാം സത്യമാർഗം തന്നെയാണ്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇസ്ലാം സ്വീകരിക്കാൻ സാധിക്കാത്ത ഒരവസ്ഥയിലാണ് ഞാൻ :
ബഹുമാനപ്പെട്ട ഖുതുബ വേലൂർ(റ) രചിച്ച ജവാഹിറുസ്സലൂക് ജവാഹീറുൽ ഹഖാഇഖ് എന്നീ രണ്ട് ഗ്രന്ഥങ്ങളെയും തന്റെ ഖലീഫയായ ബാഖിയാത്തിന്റെ ബാനി ഹസ്രത്ത് വഴി മഹാനവർകൾ പുറത്തിറക്കി. തസ്വവ്വുഫ്, സുലൂക് മേഖലകളിൽ വളരെ ഉപകാരപ്രദമായ നേർവഴി കാണിക്കുന്ന പാഠ്യഗ്രന്ഥങ്ങളാണ് ഇവ രണ്ടും.
സുന്നത്ത് ജമാഅത്തിന്റെ ഉലമാക്കൾക്കിടയിലുണ്ടായിരുന്ന ആശയ വിഭിന്നതകൾ പരിഹരിക്കാനും ഐക്യം നിലനിർത്താനും മഹാനവർകൾ രചിച്ച ഫസ് ലുൽ ഖിതാബ് ബൈനൽ ഖതഹി വ സ്വവാബ് എന്ന ബൃഹദ് ഗ്രന്ഥം സുന്നത്ത് ജമാഅത്തിന്റെ ഉലമാക്കൾക്ക് ഏറെ പ്രയോജനപ്പെടുന്നതായി പല പ്രമുഖ മഹത്തുക്കളും രേഖപ്പെടുത്തിയിട്ടുണ്ട്.
ശീഈസത്തിനെതിരെ
ദക്ഷിണേന്ത്യയിലെ ശിഈസത്തിന്റെ വ്യാപനത്തെ തടഞ്ഞതിൽ മഹാനവർകളുടെയും അവരുടെ പിതാമഹന്മാരുടെയും സിൽസിലയിലെ മശാഇഖന്മാരുടെയും സേവനങ്ങൾ ഏറെ വിലപ്പെട്ടതാണ്. ആ മഹത്തുക്കളുടെ കഠിനാദ്ധ്വാനങ്ങൾ എക്കാലത്തും മുസ്ലിം സമൂഹം കൃതജ്ഞതാപൂർവ്വം അനുസ്മരിക്കേണ്ടതുണ്ട്. നൂറിലധികം ശീഈ ഖണ്ഡന ഗ്രന്ഥങ്ങൾ ഉപരിസൂചിതമായ മഹത്തുക്കളും അവരുടെ ശിഷ്യഗണങ്ങളും രചിച്ചിട്ടുണ്ട്. ഇതിനെല്ലാം മൂലകാരണമായിരുന്നത് ഖുദുവത്തുൽ മുഹഖിഖീൻ ഹ്രസത്ത് ശാഹ് കമാൽ(റ), അവരുടെ ശൈഖായ റഹത്തുല്ലാഹ് നായഇബെ റസൂലില്ലാഹ്(റ), ഇവരുടെ ഖലീഫയായ ഖുതുബെ മദ്രാസ് മഖ്ദൂം അബ്ദുൽ ഹഖ് സാവി(റ) തുടങ്ങിയവരാണ്. ഹസ്രത്ത് ശാഹ് കമാൽ (റ) സമകാലികരായ മറ്റ് പല മഹത്തുക്കളായ സൂഫിയാക്കളും അക്കാലത്ത് മുസ്ലിംകൾക്കിടയിൽ വ്യാപകത്വം നേടിയിരുന്ന ശീഈസത്തിന്റെ അഖീദാ പരമായ വ്യതിചലനങ്ങളെയും ദുരാചാരങ്ങളെയും വിപാടനം ചെയ്യുവാൻ 20 കൊല്ലക്കാലം റഹ്മത്തുല്ലാഹ് നാഇബ് റസൂലില്ലാഹ്(റ) എന്നവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ശീഈകളുടെ ദുരാചാരങ്ങളെ എതിർത്ത് നാഇബെ റസൂലില്ലാഹ്(റ) രചിച്ച തൻബീഹുൽ അനാം ഫിസ്സജ് രി അനിത്താബൂത്വി വൽ അഅ്ലാം, രിസാല ബിദ്അത്ത്, ഇർശാദ് നാമ എന്നീ ഗ്രന്ഥങ്ങൾ വളരെ വിഖ്യാതമായതും ഇവ്വിഷയകമായി വളരെയേറെ പ്രയോജനപ്രദവുമാണ്. മഹാനായ ഈ ശൈഖിന്റെയും ഖലീഫ കൂടിയായ ഖുതുബെ മദ്രാസ് മഖ്ദൂം സാവി(റ) യെ കുറിച്ച് ഖുതുബെ വേലൂർ(റ) യുടെ ഉപ്പാപ്പ് ഖുതുബുസ്സമാൻ അബുൽ ഹസൻ ഖുർബി(റ) ഇപ്രകാരം രേഖപ്പെടുത്തുന്നു.
“ഖുദ് വത്തുൽ മുഹഖിഖീൻ, സുബ്ദത്തുൽ ആരിഫീൻ മഖ്ദൂം അബ്ദുൽ ഹഖ് സാവി ഖാദിരി(റ) എന്നവർ ദക്ഷിണമേഖലയിലേക്ക് വന്നില്ലായിരു ന്നെങ്കിൽ ഇന്ന് ഒട്ടെല്ലാ മുസ്ലിംകളും റാഫിളികളുടെ ദുർഗന്ധപൂരിതമായ പടുകുഴിയിൽ വീണുപോകുമായിരുന്നു.
ഈ വസ്തുതകൾ സാക്ഷ്യപ്പെടുത്തുന്നത് സൂഫിയാക്കൾ എല്ലാകാലത്തും ശിഈകളെ ശക്തമായി വർജ്ജിക്കാൻ മുസ്ലിം സമൂഹത്തെ ആഹ്വാനം ചെയ്തവരായിരുന്നു എന്നാണ്.
നിരവധി മഹത്വങ്ങൾക്കുടയവരായ മഹാനായ ഖുതുബെ വേലൂർ(റ) ഹജ്ജിന് പോവുകയും ശേഷം സിയാറത്തിന് മദീനയിലെത്തിയപ്പോൾ അവിടെ വെച്ച് ഹിജ്റ 1289 ൽ വഫാത്താവുകയും അക്കാലത്തെ മദീന ഭരണാധികാരിക്ക് നബി(സ്വ) തങ്ങളിൽ നിന്ന് ലഭിച്ച സ്വപ്ന സന്ദേശമനുസരിച്ച് സയ്യിദുനാ ഹസൻ(റ) വിന്റെ കാൽചുവട്ടിൽ ജന്നത്തുൽ ബഖീഅ്ൽ മഹാനവർകളെ ഖബറടക്കപ്പെടുകയും ചെയ്തു.
ഖുതുബെ വേലൂർ(റ) യുടെ ഖലീഫമാരിൽ പ്രധാനിയായ നാൽപത്തി ഒമ്പത് പേരുടെ ചരിത്ര സംഗ്രഹം അൻവാറെ അഖ്താബെ വേലൂർ എന്ന
ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവരിൽ കർണാടകയിൽ വിപ്ലവം സൃഷ്ടിച്ച് അബ്ദുൽ ഹയ്യ് വാഇള് ബാങ്കളൂരി(റ) നൂറ്റി ഇരുപത്തി അഞ്ച്
ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന ഖലീഫയാണ് വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിന്റെ സ്ഥാപകൻ അഅ്ലാ ഹസത്ത് ശാഹ്
അബ്ദുൽ വഹാബ്ദുൽ ഖാദിരി(റ).
ഇതുവരെ നാം അവലോകനം ചെയ്ത ദക്ഷിണേന്ത്യയിലെ പ്രമുഖരായ ഈ സൂഫികളുടെ വേരുകൾ ചെന്ന് ചേരുന്നത് ഖാജാ ബന്ധ നവാസ് ഗേസൂദനാസ്(റ) യിലേക്കു കൂടിയാണ്. ഈ സൂഫിയാക്കളെല്ലാം പ്രവർത്തിച്ച ദക്ഷിണേന്ത്യയുടെ സാമൂഹിക ഭൂമിക ജാതി ഉച്ചനീചത്വങ്ങളാൽ ശ്രേണീകൃതവും അസമത്വപൂർണ്ണവുമായിരുന്നു. നൂറ്റാണ്ടുകളായി മുജ്ജന്മ പാപമായി അനുഭവിച്ചുപോന്നിരുന്ന ഈ സാമൂഹിക അസമത്വങ്ങളും അധമത്വവും മറികടന്ന് മനുഷ്യ പദവയിലെത്താൻ അടിസ്ഥാന ജനവർഗങ്ങളെ സഹായിച്ചത് ഇസ്ലാമിലേക്കുള്ള പ്രവേശനമായിരുന്നു. ഇസ്ലാമിലേക്ക് അവർക്ക് ദിശ കാണിച്ചതാകട്ടെ ഈ സൂഫിയാക്കളുടെ വിശുദ്ധ ജീവിതവും മാനവികമായ വിനിമയങ്ങളുമായിരുന്നു. അങ്ങേയറ്റത്തെ കാരുണ്യത്തോടെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് കാതുകൊടുക്കുകയും പരിഹാരം കാണുകയും ചെയ്ത അഭയ കേന്ദ്രങ്ങളായിരുന്നു അക്കാലത്ത് ഈ സൂഫി മഹത്തുക്കളുടെ ആസ്ഥാനങ്ങളായിരുന്ന ഖാൻഗാഹുകളും മസ്ജിദുകളും. വിശക്കുന്നവരെ ഊട്ടാനും വസ്ത്രമില്ലാത്ത വരെ വസ്ത്രമുടുപ്പിക്കാനും രോഗികൾക്ക് ത്വിബ്ബുന്നബവിയിലൂടെയും സിദ്ധവൈദ്യത്തിലൂടെയും പ്രാർത്ഥനകളിലൂടെയും ആശ്വാസം പകരാനും ഈ സൂഫി മഹത്തുക്കൾ സവിശേഷം ശ്രദ്ധിച്ചു. അറിവ് ആർജ്ജിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട സമൂഹങ്ങൾക്ക് അറിവ് പകർന്നു നൽകാനും അവരെ സംസ്കരിക്കാനും ലക്ഷ്യം വെച്ച് ഖാൻഗാഹുകൾ തുറന്നുവെക്കുകയും പൊതുപ്രഭാഷണ വേദികളൊരുക്കുകയും മറ്റ് വിജ്ഞാന വികേന്ദ്രീകരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്തു. പ്രാദേശിക ഭാഷകളിലും നാടോടി മൊഴിവഴക്കങ്ങളിലും ഉപയോഗത്തിലിരുന്ന കാവ്യപാരമ്പര്യങ്ങളെയും പാട്ടുപാരമ്പര്യങ്ങളെയും ഒരു വിജ്ഞാന വിനിമയ സങ്കേതം എന്ന നിലയിൽ പ്രയോജനപ്പെടുത്തുകയും ചെയ്തു. മാത്രമല്ല ദ്രാവിഡിയൻ വാസ്തു രീതിയിൽ ലാളിത്യത്തിന്റെ പുതുരീതികൾ വികസിപ്പിക്കുകയും സവിശേഷ മാതൃകയിൽ നിരവധി മസ്ജിദുകൾ പണിയുകയും ചെയ്തു. ഇങ്ങനെ ദക്ഷിണേന്ത്യയുടെ സാമൂഹികവും സാംസ്കാരികവുമായ ഉദ്ഗ്രഥനത്തിൽ വിവിധ രൂപേണ അവർക്ക് പങ്ക് വഹിക്കാൻ സാധിച്ചു.
ഈ സൂഫിയാക്കളുടെ പ്രവർത്തനങ്ങളുടെ ഏറ്റവും മൗലികമായ സവിശേഷത അവർ ശരീഅത്ത് പൂർണ്ണമായും നിലനിർത്തുന്നവരായി രുന്നുവെന്നതാണ്. ശരീഅത്തില്ലാത്ത ത്വരീഖത്ത് എന്നത് അവർക്ക്അ ചിന്ത്യമായിരുന്നു. ജനങ്ങളെ ദീനി വഴിയിൽ നയിക്കേണ്ടവർ അറിഞ്ഞോ ജദ്ബ് കാരണമോ ശരീഅത്തിനെ ഒഴിവാക്കിയാൽ അവർ പിൻപറ്റപ്പെടുക. എന്ന സ്ഥാനത്ത് നിന്ന് അകന്ന് പോകുമെന്ന് തിരിച്ചറിഞ്ഞവരായിരുന്നു ഈ കാമിലായ സൂഫിയാക്കൾ. ഒരു മജ്ദൂബിന് വലിയാവാൻ സാധിക്കുമെങ്കിലും ജനങ്ങളെ നയിക്കുന്ന ഒരു മാതൃകാ പുരുഷനാവാൻ സാധിക്കുകയില്ല എന്ന തിരിച്ചറിവും അവർക്കുണ്ടായിരുന്നു. മാത്രമല്ല അഖീദയിലും അമലിലും സംഭവിച്ചേക്കാവുന്ന അനിസ്ലാമിക കലർപ്പുകളോട് അവർ ജാഗ്രത പുലർത്തി. അഹ്ലു സുന്നത്തി വൽ ജമാഅത്തിന്റെ ആശയങ്ങളിൽ യാതൊരു വിട്ടുവീഴ്ചക്കും അവർ സന്നദ്ധരല്ലായിരുന്നു. ശിഈ ഉൾപ്പെടെയുള്ള അവാന്തര ധാരകൾ ഇസ്ലാം ദീനിന് വലിയ കോട്ടങ്ങളുണ്ടാക്കിയതിനാൽ വളരെ ശക്തമായി തന്നെ അത്തരം വിഭാഗങ്ങളെ ഈ സൂഫിയാക്കൾ നേരിട്ടു. ബാത്വിനി ജ്ഞാനങ്ങളുടെ പേരിൽ അതിരുവിട്ട തത്വങ്ങളെ അവർ അനുവദിച്ചിരുന്നില്ല. അഥവാ ഒരുകാലത്തും സൃഷ്ടിയെയും സ്രഷ്ടാവിനെയും സമമാക്കുകയോ സൃഷ്ടിയെ തന്നെ നിഷേധിക്കുകയോ ചെയ്തില്ല. ഓരോന്നിനും അതാതിന്റെ സ്ഥാനങ്ങൾ നൽകിയിരുന്നു. സർവ്വോപരി ഈ സുഫിയാക്കൾക്കെല്ലാം നബി(സ്വ) തങ്ങളുമായി ഗാഢമായ ആത്മീയ ബന്ധമുണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ ശൈഖന്മാർ വഴി നഫ്സിനെ സ്ഫുടം ചെയ്തെടുക്കുകയും ശൈത്വാനിൽ നിന്ന് സുരക്ഷിതത്വം നേടുകയും ചെയ്തവരായതിനാലും അവർ ഹഖിനെ പ്രതിനിധീകരിച്ചവരായിരുന്നതിനാലും അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലമുള്ളതാവുകയായിരുന്നു.
ഈ പഠനത്തിൽ കേരളീയർക്ക് അധികം സുപരിചിതമല്ലാത്ത ദക്ഷിണേന്ത്യയിലെ സൂഫി മഹത്തുക്കളെ കുറിച്ചാണ് ഇതുവരെയും നാം വിശകലനം ചെയ്തത്. ഇവരെ കൂടാതെ കേരളത്തിലെയും തമിഴ്നാട്ടിലെയും ആന്ധ്രയിലെയും കർണാടകയിലേയും ശ്രീലങ്കയിലെയും ദ്വീപുകളിലെയും ഒട്ടേറെ സൂഫി മഹത്തുക്കൾ പരാമർശിക്കപ്പെടേണ്ടതുണ്ട്. എന്നാൽ ദൈർഘ്യം ഭയന്ന് ചരിത്രത്തിൽ നിർണ്ണായക നാഴികക്കല്ലുകളായി തിളങ്ങി നിൽക്കുന്ന മഹത്തുക്കളായ ചില സൂഫിയാക്കളെ കുറിച്ച് ചില സൂചനകൾ മാത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. വലിയ പഠന മേഖലയായി പരന്നുകിടക്കുന്ന ഈ വിജ്ഞാനമണ്ഡലം പുതിയ ഗവേഷകരെ തേടുന്നുവെന്നത് സവിശേഷം ഇവിടെ ഓർമ്മപ്പെടുത്തുന്നു.
അവലംബങ്ങൾ
മആരിൽ അവാരിഫ് ശറഹ് അവാരിഫിൽ മആരിഫ് ഖാജാ ബന്ദേനവാസ്(റ)
സിയറെ മുഹമ്മദി: ഹസ്രത്ത് മുഹമ്മദ് അലി സാമാനി
മഖ്സനുൽ ഇർഫാൻ; ജാമി ദഖൻ സയ്യിദ് ശാഹ് കമാലുദ്ദീൻ ബുഖാരി(റ).
തദ്കിറയെ ഗുൽസാറെ അഅ്ളം വാലാജ നവാബ് മുഹമ്മദ് ഗൗസ് ഖാൻ ബഹാദൂർ
ജുനൂബ് കെ. അഹ്സാബെ കമാൽ, ശവാഹിദ് ഡോ: സഹീർ അഹ്മദ് ബാഖവി റാഈ ഫിദാഈ
മൽഫൂസാതെ മഖ്ദൂം അബ്ദുൽ ഹഖ് സാവി(റ): സയ്യിദ് ശാഹ് അബുൽ ഹസൻ.
മഖ്സനെ അസ്റാറെ ഹഖീഖത്ത് ഹാലാതെ ശാഹ് കമാലുല്ലാഹ് ബന്ധനവാസി (റ). സഹാവത്ത് മിർസാ ഖാദിരി.
അറബിക് ആന്റ് പേർസ്യൻ ഇൻ കർണ്ണാട്ടിക്: (1710 എ.ഡി. 1960) മുഹമ്മദ് യൂസുഫ് കോക്കൺ ഉമരി: മദ്രാസ് യൂണിവേഴ്സിറ്റി.
അൻവാറെ അഖ്താബ് വേലൂർ മൗലാനാ മുഹമ്മദ് ത്വയ്യിബുദ്ദീൻ അശ്റഫി മൊൻഗീരി
ഹസ്രത്ത് ഖുതുബെ ഔർ ഉൻകെ ഖുലഫാകെ ഇൽമി വ അദബ് കാർ നാമേ. മൗലാനാ ഡോ: ബശീറുൽ ഹഖ് ഖുറൈശി
മെഹ്ബൂബെ സിൽ മിനൻ തസ്കിറയെ ഔലിയാ ദഖൻ ഹസ്രത്ത് മുഹമ്മദ് അബ്ദുൽ ജബ്ബാർ ഖാൻ സൂഫി മലിക്കാപുരി,
ശഅ്മീരി ഔലിയ: ഹഖീം സയ്യിദ് മഹ്മൂദ് ബുഖാരി.
സയ്യിദ് ശാഹ് അമീനുദ്ദീൻ അലി അഅ്ലാ(റ): ഹയാത്ത് ഔർ കാർനാമ: ഡോ: ഹുസൈൻ ശാഹിദ്
മിർആത്തുൽ ഹഖ്: ഹഖീം സൈനുൽ ആബിദീൻ മാഇൽ വേലൂരി(റ):
അറബിക്, ആർവി, ആന്റ് പേർസ്യൻ ഇൻ സരൻദ്വീപ് ആൻഡ് തമിഴ്നാട്: ഡോ തയ്ഖ്യാ ശുഐബ് ആലിം സാഹിബ്,
മെയ്ജ്ഞാന കരൂലം; സയ്യിദ് മഖ്ദും ആലിം സ്വാഹിബ് നൂരി കടയനല്ലൂർ, മലേഷ്യ,
വേലൂർ അല്ലത്തീഫ് വാർഷിക പതിപ്പുകൾ;
അൽ മആരിഫ് മാസികകൾ: ലഖ്നൗ,
അൽ മുറാഖിബുൽ ബയാത്തി ഫീ മനാഖിബി ശാലിയാത്തി: പകര മുഹമ്മദ് മുസ്ലിയാർ അഹ്സനി
ദ ക്രിട്ടിക്കൽ സ്റ്റഡി ഓഫ് സിദ്ധാസ് ആന്റ് സൂഫീസ്. കെ.വി. രാമകൃഷ്ണറാവു
യാക്കോബ് വൈദ്യ ചിന്താമണി 700 പി.പി. അബ്ദുൽ ഖാദിർ വൈദ്യർ,
ഇസ്ലാമിക കല കലഞ്ചിയം, വലിമാർകൾ വരലാറു: എം.ആർ.എം. അബ്ദുറഹീം,