ഗ്രന്ഥപരിചയം: അബൂഫാഇസ
മലയാളത്തിൽ സൂഫി സാഹിത്യങ്ങൾ വളരെ വിരളമായി മാത്രമേ വെളിച്ചം കണ്ടിട്ടുള്ളൂ. പേർഷ്യൻ മിസ്റ്റിക്കുകളായ ജലാലുദ്ദീൻ റൂമി(റ), സഅദീ ശീറാസി(റ), ഫരീദുദ്ദീൻ അത്താർ(റ) പോലുള്ളവരുടെ രചനകൾ യഥാർത്ഥ സ്രോതസ്സുകളിൽ നിന്ന് തന്നെ വായിക്കാനും സംവേദനം ചെയ്യാനും മലയാളികൾക്ക് അപൂർവ്വമായി മാത്രമേ സൗഭാഗ്യം സിദ്ധിച്ചിട്ടുള്ളൂ. മൗലാനാ ജലാലുദ്ദീൻ റൂമി(റ)യുടെ മസ്നവിക്ക് തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിൽ വരെ പരിഭാഷയും വ്യാഖ്യാനവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പേർഷ്യൻ ഭാഷയിൽ നിന്ന് ഈ കൃതിയെ നേരിട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള ഒരു ഉദ്യമം ഈ അടുത്ത കാലത്ത് മാത്രമേ സംഭവിച്ചിട്ടുള്ളൂ. മസ്നവിയുടെ തുടക്കത്തിലുള്ള ഏതാനും കാവ്യങ്ങൾ പദ്യരൂപത്തിൽ തന്നെ മലയാളത്തിലേക്ക് പരാവർത്തനം ചെയ്യുകയും ചെറിയ വിശദീകരണ കുറിപ്പുകളിലൂടെ മൂലകൃതിയുടെ സത്തയും സാരവും വായനക്കാർക്ക് സംവേദനക്ഷമമാക്കുകയും ചെയ്ത പ്രസ്തുത പരിഭാഷ നിർവ്വഹിച്ചത് അറബി ഫാർസി ഇംഗ്ലീഷ് ഭാഷകളിൽ സാമാന്യം ധാരണകളുള്ള വിഖ്യാത പണ്ഡിതൻ സി. ഹംസ സാഹിബാണ്. സൂഫിയും അല്ലാഹുവിന്റെ വലിയ്യുമായ ജലാലുദ്ദീൻ റൂമി(റ)യെ യഥോചിതം തിരിച്ചറിഞ്ഞ് നിർവ്വഹിക്കപ്പെട്ട ആ പരിഭാഷക്ക് ശേഷം മലയാളത്തിൽ റൂമി(റ)യുടെ വിഖ്യാതമായ മറ്റൊരു കൃതികൂടി പുറത്തിറങ്ങിയിരിക്കുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്.
ജലാലുദ്ദീൻ റൂമി(റ) തന്റെ ശിഷ്യന്മാർക്ക് കത്ത് രൂപത്തിലും അല്ലാതെയും നൽകിയ ഉപദേശങ്ങളുടെയും ഭാഷണങ്ങളുടെയും സമാഹരമായ ഫീഹിമാഫീഹി എന്ന ഗ്രന്ഥമാണ് മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുള്ളത്. മൂലഭാഷയായ ഫാർസിയിൽ നിന്നല്ലെങ്കിലും ഇംഗ്ലീഷ് പരിഭാഷ അവലംബിച്ച് ആശയ ഗരിമ ചോരാതെ വളരെ മനോഹരമായി പരിഭാഷ നിർവ്വഹിച്ചത് മലപ്പുറം സ്വദേശി വി. ബഷീർ പടിഞ്ഞാറ്റുമുറിയാണ്. 2011 മുതൽ കോഴിക്കോട് നിന്ന് മാസികയായി പ്രസിദ്ധീകരണമാരംഭിക്കുകയും ഇപ്പോൾ തൈ്രമാസികയായി പ്രസിദ്ധീകരണം തുടരുകയും ചെയ്യുന്ന അൽ അൻവാർ മാസികയിലാണ് 2011-2012 കാലഘട്ടത്തിൽ ഫീഹിമാഫീഹിയുടെ പരിഭാഷ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. പിന്നീട് അൽ അൻവാർ അൽപ കാലം പ്രസിദ്ധീകരണം നിർത്തിവെച്ചതിനാൽ ബാക്കിയുള്ള കുറച്ചു ഭാഗങ്ങൾ കൂടി രിസാല വാരികയിൽ പ്രസിദ്ധീകരിക്കുകയും ശേഷം കോഴിക്കോട് അദർ ബുക്സ് അത് 300 പേജുകളുള്ള ഒരു ഗ്രന്ഥമായി 2018 ൽ പുറത്തിറക്കുകയും ചെയ്തു. വളരെ മനോഹരമായ രൂപകൽപനയിൽ ഗ്രന്ഥത്തിന്റെ പ്രൗഢിയും വീര്യവും പ്രതിഫലിപ്പിക്കുന്ന കവർ ഡിസൈനിംഗോടെ ആകർഷകമാക്കിയാണ് അദർ ബുക്സ് ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
റൂമി(റ)യുടെ ജീവിതവും ഇസ്ലാമിന്റെ ബാഹ്യവും ആന്തരികവുമായ മേഖലകളിൽ സ്മര്യപുരുഷനുള്ള അവഗാഹവും പ്രതിബദ്ധതയും ഏറ്റവും നന്നായി സാക്ഷ്യപ്പെടുത്തുന്നതാണ് ഫീഹിമാഫീഹി.
തന്റെ സംബോധിതരിൽ അല്ലാഹുവുമായുള്ള ബന്ധവും അവനിലുള്ള ദൃഢവിശ്വാസവും ഊട്ടിയുറപ്പിക്കുന്ന ആത്മവെളിച്ചത്തിന്റെ പ്രസാരണമാകുന്നു ആ സ്നേഹഗുരുവിന്റെ ഉദ്ബോധനങ്ങൾ. ഇസ്ലാമിക വിശ്വാസത്തിനും അതിന്റെ ബഹിസ്ഫുരണമായി പ്രകടമാകുന്ന ഇസ്ലാമിക അനുഷ്ഠാനങ്ങൾക്കും ഔന്നത്യപൂർണമായ സ്ഥാനം കൽപിച്ചവരായിരുന്നു മൗലാനാ റൂമി(റ). ഫീഹിമാ ഫീഹിയിലെ ഒരു സംഭാഷണ സന്ദർഭം നോക്കുക:””അമീറിന്റെ മകൻ പ്രവേശിച്ചു. റൂമി(റ)പറഞ്ഞു:
“”താങ്കളുടെ പിതാവ് സദാ ഇലാഹി സ്മരണയിലാണ്. ആഴമേറിയതാണ് അദ്ദേഹത്തിന്റെ വിശ്വാസം. മൊഴികളിലൂടെ അത് വെളിപ്പെടുകയും ചെയ്യുന്നു. ഒരിക്കൽ അദ്ദേഹം പറയുകയുണ്ടായി:
“”എന്റെ പുത്രിയെ താർത്താരികൾക്ക് വിവാഹം ചെയ്തുകൊടുക്കാൻ റോമക്കാർ എന്നെ നിർബന്ധിച്ചിരുന്നു. അതുവഴി ഇരുമതങ്ങളും ഒന്നായി തീരുകയും ഇസ്ലാം നാമാവശേഷമാവുകയും ചെയ്തു കൊള്ളും എന്നവർ കരുതി. ഞാൻ ചോദിച്ചു:
“”മതങ്ങൾ ഏതെങ്കിലും കാലത്ത് ഒന്നായിട്ടുണ്ടോ?”
എക്കാലവും രണ്ടോ മൂന്നോ മതങ്ങളുണ്ടായിരുന്നു. അവ പരസ്പരം പോരാട്ടത്തിലുമായിരുന്നു. എന്നിരിക്കെ മതങ്ങളെ ഏകീകരിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നത് എന്തിന്..?
പുനരുത്ഥാന നാളിൽ പരലോകത്ത് മാത്രമേ അതുണ്ടാവൂ. ഈ ലോകത്തൊരിക്കലും സാദ്ധ്യമല്ല. കാരണം ഇവിടെ ഓരോ മതത്തിനും സ്വന്തമായ താത്പര്യങ്ങളും പദ്ധതികളുമുണ്ട്. മനുഷ്യരെല്ലാം ഒരൊറ്റ ഏകകമാകുകയും ഒരിടത്തേക്ക് മാത്രം നോട്ടമുറപ്പിക്കുകയും എല്ലാവർക്കും ഒരൊറ്റ കാതും നാവുമുണ്ടാവുകയും ചെയ്യുന്ന പുനരുത്ഥാന നാളിലേ ആ ഏകീകരണം സാദ്ധ്യമാകൂ.” (ഫീഹി മാ ഫീഹി: പേജ്: 52)
മൗലാനാ റൂമി(റ)ക്ക് മതങ്ങളോടുണ്ടായിരുന്ന യഥാർത്ഥ കാഴ്ചപ്പാട് വെളിവാക്കുന്നതും ഇസ്ലാമിക വിശ്വാസത്തിന്റെ വിശാലമായ അർത്ഥതലങ്ങളെ വ്യക്തമാക്കുന്നതുമാണ് ഉപരിസൂചിത പരാമർശങ്ങൾ. എല്ലാ മതങ്ങളുടെയും ആദിമമായ അന്ത:സത്ത ഒന്നായിരുന്നുവെന്നും മതങ്ങൾക്കെല്ലാം കാമ്പായ ഈ ആദിമ വിശുദ്ധിയാണ് ഇസ്ലാമിലുള്ളതെന്നും സ്വയം തിരിച്ചറിയുകയും അത് പ്രബോധനം ചെയ്യുകയും ചെയ്ത മഹാനായ സൂഫിയായിരുന്നു മൗലാനാ റൂമി(റ). ഏകോദര സാഹോദര്യത്തോടെ മനുഷ്യകുലത്തെ ഒരുമിപ്പിക്കുന്ന റൂമി(റ)യുടെ ചില മൊഴിമുത്തുകൾ കണ്ട് റൂമി (റ)യെ സർവ്വമത സത്യവാദിയാക്കുന്ന വിവര ദോഷികൾ മനുഷ്യന്റെ ഏകതയെയും മതവിശ്വാസ വൈജാത്യങ്ങൾക്കപ്പുറം മതങ്ങൾക്കെല്ലാം അന്ത:സാരമായ യഥാർത്ഥ തൗഹീദിന്റെയും ഏകതാദർശനം ഇസ്ലാമിന്റെ തന്നെ മൗലിക സവിശേഷതയാണെന്നും അത് തന്നെയാണ് റൂമി(റ)യുടെ ദാർശനിക ഗരിമയെന്നും തിരിച്ചറിയാതിരിക്കുന്നത് എത്രമേൽ നിർഭാഗ്യകരമാണ്!
അല്ലാഹുവിലേക്കുള്ള ഉന്മുഖത്വം
റൂമി(റ)യുടെ സർവ്വമൊഴികളും അല്ലാഹുവോടുള്ള അടിമകളുടെ ബന്ധം ദൃഢരൂഢമാക്കുന്നതായിരുന്നു. മറ്റെല്ലാം മറന്ന് അവനിൽ ലയിച്ച് അവനുള്ള ഇബാദത്തുകളിലായി ജീവിതം നയിക്കുന്ന അത്തരം വിശുദ്ധാത്മാക്കളുടെ സവിശേഷത ബഹുമാന്യനായ ആ മിസ്റ്റിക് വിവരിക്കുന്നത് നോക്കുക:
“”ഒരുപമ പറയാം: ഇരുൾ നിറഞ്ഞ രാത്രിയിൽ ഒരു കൂട്ടമാളുകൾ നിസ്കരിക്കുന്നു. ഒന്നും കാണാനാകാതെ അവർ സകല ദിശകളിലേക്കും മുഖം തിരിക്കുന്നുണ്ട്. നേരം പുലരുമ്പോഴും അവരെല്ലാം കറങ്ങുക തന്നെയായിരുന്നു. രാത്രിയിലുടനീളം കഅ്ബയിലേക്ക് തിരിഞ്ഞ് നിസ്കരിച്ച ഒരാളൊഴികെ. അവ്വിധമാകുന്നു അല്ലാഹുവിന്റെ സവിശേഷക്കാരായ അടിമകൾ. രാത്രി പോലും മറ്റ് സകലതിൽ നിന്നും അല്ലാഹുവിലേക്ക് മുഖം തിരിച്ചിരിക്കുകയാണ് അവർ.”(ഫീഹിമാ ഫീഹി: പേജ്: 53)
ചുറ്റുമുള്ള ഇരുളോ ദിശകളോ ഒന്നും ശ്രദ്ധിക്കാതെ പരിശുദ്ധ കഅ്ബയിലേക്ക് മുഖം തിരിച്ച് ഏകാഗ്രതയോടെ അല്ലാഹുവിലേക്കുമാത്രം ഉന്മുഖമായി രാത്രി മുഴുവനും നിസ്കരിക്കുന്ന ഒരടിമയോട് അല്ലാഹുവിന്റെ സവിശേഷക്കാരായ ചില അടിമകളുടെ സദാനേരവുമുള്ള അല്ലാഹുവിലേക്കുള്ള ഉന്മുഖത്വത്തെ തുലനപ്പെടുത്തുന്ന റൂമി(റ)വിശുദ്ധമായ ഇലാഹി പ്രണയത്താൽ ആർദ്രമായ തന്റെ ആത്മഭാവങ്ങളെ തന്നെയാണ് ഇവിടെ പ്രതിഫലിപ്പിക്കുന്നത്.
അല്ലാഹുവോടുള്ള മനുഷ്യന്റെയും സൃഷ്ടികളുടെയൊക്കെയും അനുനിമിഷമുള്ള ആശ്രിതത്വ ബന്ധത്തെ സംബന്ധിച്ച അല്ലാഹുവിന്റെ അടിമയായ മനുഷ്യന്റെ ശ്രദ്ധയും ബോധവുമാണ് വാസ്തവത്തിൽ സത്യവിശ്വാസം. അതുകൊണ്ട് തന്നെ വിശ്വാസം എന്നത് സമയബന്ധിതമായ ഒരു കേവല കാര്യമല്ല. എപ്പോഴും അത് മനുഷ്യമനസ്സിൽ അവന്റെ പ്രവർത്തനങ്ങളിൽ സജീവമായി നിലനിൽക്കേണ്ട ഒന്നാണ്. അതുകൊണ്ടാണ് റൂമി(റ)ഇപ്രകാരം ഉദ്ബോധിപ്പിച്ചത്:
“”നിസ്കാരം സമയ ബന്ധിതമായൊരു ചര്യയാണെങ്കിൽ വിശ്വാസം സദാസമയവുമുള്ളതാണ്. ന്യായമായ കാരണങ്ങളാൽ നിസ്കാര സമയങ്ങൾ മാറ്റിവെക്കുകയോ ഇളവുകളോടെ നിർവ്വഹിക്കുകയോ ചെയ്യാം. പക്ഷെ ഒരു ന്യായം പറഞ്ഞും വിശ്വാസം ഉപേക്ഷിക്കാനാവില്ല. വിശ്വാസമില്ലാത്ത നിസ്കാരം കൊണ്ട് ഫലമൊന്നുമില്ല. കപട വിശ്വാസികളുടെ സ്ഥിതിയതാണല്ലോ?”(ഫീഹി മാ ഫീഹി: 57)
വിശ്വാസ കർമ്മങ്ങളുടെ പ്രാധാന്യം
തന്റെ സംബോധിതരിൽ ഇസ്ലാമിക വിശ്വാസം ഊട്ടിയുറപ്പിച്ച് തങ്ങളുടെ ബാഹ്യകർമ്മങ്ങളെ ചൈതന്യപൂർണ്ണമാക്കാൻ നിരന്തരമായി ഉപദേശിച്ച അല്ലാഹുവിന്റെ വലിയ്യും സ്നേഹഗുരുവുമായാണ് മൗലാനാ റൂമി(റ)യെ നാം കണ്ടെത്തുന്നത്. മതത്തിന്റെ ബാഹ്യമായ കർമ്മമേഖലകൾക്ക് ആത്മചൈതന്യം പകർന്ന് അർത്ഥപൂർണ്ണമാക്കാൻ യത്നിച്ച ആ മഹാഗുരുവിനോട് മുസ്ലിം ലോകം എക്കാലത്തും കടപ്പാടുള്ളവരാണ്.
ഒരേ സമയം വിശ്വാസത്തിനും കർമ്മങ്ങൾക്കും ദീനിലുള്ള സ്ഥാനം വളരെ ലളിതമായ ഉദാഹരണങ്ങളിലൂടെ ഈന്നിപ്പറയുന്ന മൗലാന റൂമി(റ)യുടെ ഈ മൊഴികൾ ശ്രദ്ധിക്കുക. തന്റെ സദസ്സിൽ നിന്ന് ആരോ ഒരാൾ ഇപ്രകാരം പറഞ്ഞു:
“”താങ്കളുടെ നിയ്യത്തിൽ ഞങ്ങളെയും ഒാർക്കുക. നിയ്യത്താകുന്നു കാര്യങ്ങളുടെ എല്ലാം വേര്. വാക്കുകൾ ഇല്ലെങ്കിൽ വേണ്ടെന്ന് വെക്കാം. കാരണം അവ ശാഖകൾ മാത്രമാകുന്നു.”
റൂമി(റ)പ്രതിവചിച്ചു:
“”രൂപങ്ങളുടെ ഈ ലോകത്തേക്ക് പ്രവേശിക്കും മുമ്പ് ആന്തരിക ലോകത്താണ് നിയ്യത്ത്(ഉദ്ദേശ്യം) നിലകൊള്ളുന്നത്. രൂപം ഒരു വിഷയമേ അല്ലെങ്കിൽ ഈ ലോകത്തിന്റെ ലക്ഷ്യമെന്താണ്? വിത്തിന്റെ അകക്കാമ്പ് മാത്രം മണ്ണിലിട്ടാൽ അതു മുളച്ചു വളരില്ല. എന്നാൽ പുറം തൊലിയോടെ മണ്ണിലിട്ടാൽ അത് മുളച്ചു വളർന്ന് വൃക്ഷമാകുന്നു. ബാഹ്യരൂപത്തിനും അതിന്റേതായ ധർമ്മമുണ്ടെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?
നിസ്കാരം ഒരു ആന്തരിക വിഷയം തന്നെയാകുന്നു. “ഹൃദയസാന്നിദ്ധ്യമില്ലാതെ നിസ്കാരമില്ല’. പക്ഷെ നിസ്കാരത്തിൽ ബാഹ്യാവിഷ്കാരവും നിർബന്ധമാണ്. ബാഹ്യമായ പദോച്ചാരണത്തിലൂടെയും സാഷ്ടാംഗത്തിലൂടെയും നിങ്ങൾ ഗുണം സിദ്ധിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടുകയും ചെയ്യുന്നു.”
ആ സ്നേഹഗുരു തുടരുന്നു:
“”പ്രാർത്ഥനയുടെ ബാഹ്യരൂപം ക്ഷണികമാണ്. എന്നാൽ അതിന്റെ അന്ത:സത്തക്ക് അവസാനമില്ല. ലോകത്തിന്റെ ആത്മാവ് അനന്തമായൊരു സമുദ്രമാണെങ്കിൽ ഒരു ചെറു തീരം മാത്രമാകുന്നു ശരീരം. അതിനാൽ അവിരാമമായ പ്രാർത്ഥന ആത്മാവിന് മാത്രമേ ഉള്ളുവെങ്കിലും ആന്തരികമായ പ്രാർത്ഥനക്ക് ബാഹ്യസാക്ഷാത്കാരം അനിവാര്യമാകുന്നു.”(ഫീഹിമാ ഫീഹി: പേജ്: 185,186)
റൂമി(റ)യുടെ അനുയായികളായി ചമഞ്ഞ് സർവ്വമത സത്യവാദം പ്രചരിപ്പിക്കുകയും ശരീഅത്ത് നിഷേധം പ്രകടിപ്പിച്ച് മതനിഷേധികളാവുകയും ചെയ്തുകൊണ്ടിരിക്കുന്ന മതേതരവാദികളായ സൂഫി വേഷധാരികൾ വിശ്വാസവും കർമ്മവും തമ്മിലുള്ള പാരസ്പര്യം ആഖ്യാനം ചെയ്യുന്ന റൂമി(റ)യുടെ ഉപരിസൂചിത മൊഴിമുത്തുകളിൽ ശരിയായി മനനം ചെയ്യാൻ ഇനിയെങ്കിലും തയ്യാറാവുക തന്നെ വേണം. ഇത്തരം കപടവേഷങ്ങളുടെ സൂഫി പ്രതിനിധാനങ്ങൾ കണ്ട് റൂമി (റ)ക്കെതിരെ ആക്ഷേപങ്ങൾ ചൊരിയുന്ന ആധുനിക ബിദ്ഈയുക്തിവാദികളും പ്രസ്തുത മൊഴികളെ അപഗ്രഥനം ചെയ്ത് യാഥാർത്ഥ്യം ഗ്രഹിക്കാൻ ഇനിയെങ്കിലും സന്നദ്ധരാവണം.
ദിവ്യപ്രേമം
മൗലാനാ ജലാലുദ്ദീൻ റൂമി(റ)ജീവിതത്തിന്റെയും ദർശനത്തിന്റെയും സാരസർവ്വസ്വം ഇലാഹി പ്രേമമായിരുന്നു. മസ്നവിയിലും ദീവാനേ ശംസ് തബ്രീസിലും ഗദ്യകൃതിയായ ഫീഹിമാ ഫീഹിയിലും അനശ്വരസ്നേഹത്തിന്റെ പ്രഫുല്ലമായ ഈ ദർശനം തന്നെയാണ് ഇതളിട്ട് നിൽക്കുന്നത്. വളരെ മനോഹരമായ രൂപകങ്ങളിലൂടെ വിശുദ്ധ സ്നേഹവും പ്രണയവുമെല്ലാം എന്താണെന്ന് തന്റെ കാവ്യങ്ങളിലെന്ന പോലെ ഫീഹിമാഫീഹിയിലും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഒരു ഭാഗം നോക്കുക:
“ചില്ലകൾ അവയുടെ വേരുകളിൽ നിന്നെന്ന പോലെ സകല രൂപങ്ങളും സ്നേഹത്തിൽ നിന്നാണ് ഉയിരെടുക്കുന്നത്. വേരുകളില്ലെങ്കിൽ ചില്ലകൾക്കൊന്നിനും നിലനിൽപില്ല. രൂപം കേവലം ചില്ല മാത്രമാകയാൽ അല്ലാഹുവിനെ രൂപത്തിലൊതുക്കാനാവില്ല.”
ഈ സംഭാഷണത്തിന്റെ തുടർച്ചയായി റൂമി(റ)മൊഴിയുന്നു:
“സ്നേഹം എന്തുകൊണ്ട് രൂപമില്ലാത്തൊരു രൂപമായി കൂടാ. രൂപത്തിന്റെ ശിൽപിയാകുന്നു സ്നേഹം. കോടാനുകോടി രൂപങ്ങളാണ് സ്നേഹത്തിന്റെ മൂശയിൽ ഉയിർക്കൊണ്ടത്. ചിത്രങ്ങളില്ലാതെ ചിത്രകാരന് നിലനിൽപില്ലെങ്കിലും ചിത്രകാരൻ വേരും ചിത്രം ശാഖയും തന്നെയാകുന്നു.”
രൂപവും ആകാരവും മാത്രമാണ് യാഥാർത്ഥ്യം എന്ന് ധരിക്കുന്നവർക്കും രൂപമല്ല സത്ത മാത്രമേ ഉള്ളൂവെന്ന് ശഠിക്കുന്നവർക്കും കൃത്യമായ തിരുത്താണ് ഈ മൊഴികൾ. ശാഖകൾ തന്നെ വേരിന്റെ സ്നേഹമാണ് എന്ന ആശയം സൃഷ്ടികളുടെ ഉൺമയും നിലനിൽപും എങ്ങനെ അല്ലാഹുവിനോട് ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ പ്രതീകവത്കരിക്കുന്നു. ഇങ്ങനെ തെളിഞ്ഞ ജ്ഞാനത്തിന്റെയും അക്ഷയമായ സ്നേഹത്തിന്റെയും വറ്റാത്ത ഉറവകളാണ് ഈ ഗ്രന്ഥത്തിലെ വചനങ്ങളത്രയും. ഇതിന്റെ പാരായണം ഹൃദയത്തിന് സമാധാനവും ആത്മാവിന് തെളിച്ചവും പ്രദാനം ചെയ്യുന്നു. പരിശുദ്ധമായ ഒരു ജീവിതത്തിന്റെയും ദർശനത്തിന്റെയും ലാവണ്യമാണ് ഈ കൃതിയിലൂടെ നാം സംവേദനം ചെയ്യുന്നത്. കോഴിക്കോട് അദർ ബുക്സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ മുഖവില: 320 രൂപയാണ്.