പരിമാണത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റെ അടയാളങ്ങളും: അദ്ധ്യായം 8: അവസാന ഭാഗം:
റെനെ ഗ്വെനോൺ:
മൊഴിമാറ്റം: ഡോ: തഫ്സൽ ഇഹ്ജാസ്:
തൊഴിൽ (profession) എന്നത് മനുഷ്യന്റെ തന്നെ ഒരു ഭാഗവും അവന്റെ പ്രകൃതത്തിന്റെ സാക്ഷാൽക്കാരമോ വികാസമോ ആവുകയും ചെയ്യുകയാണെങ്കിൽ, അതിന് ഉപക്രമത്തിന്റെ അടിത്തറയായി വർത്തിക്കാൻ സാധിക്കും എന്ന് കാണാൻ പ്രയാസമില്ല. എന്നു മാത്രമല്ല, പൊതുവെ ആ ലക്ഷ്യത്തിന് ഏറ്റവും ഉതകുന്നതും അത് തന്നെയായിരിക്കും. തീർച്ചയായും, ഉപക്രമം മൗലികമായും ലക്ഷ്യം വെക്കുന്നത്, മനുഷ്യ വ്യക്തിയുടെ സാധ്യതകളെ മറികടക്കുക എന്നതിനെയാണ്. ഇതിന്റെ പ്രാരംഭ ബിന്ദു അഥവാ തുടക്കം ഒരു വ്യക്തിയെ അയാളായി തന്നെ സ്വീകരിക്കുക എന്നതാണ്. അത്, അയാളുടെ ഉൽകൃഷ്ടമായ വശത്തെ സ്വീകരിച്ചു കൊണ്ട് തന്നെയാണെന്നതിൽ സംശയമില്ല. അതായത് അയാളിലുള്ള ഏറ്റവും ഗുണാത്മകമായതിനെയാണ് അത് അവലംബമാക്കുന്നത്. ഉപക്രമ മാർഗങ്ങളുടെ വൈവിധ്യത്തിന്റെ കാരണമിതാണ്. ചുരുക്കിപ്പറഞ്ഞാൽ, ഇത് വൈയക്തിക പ്രകൃതങ്ങളുടെ വ്യത്യാസങ്ങൾക്കനുസൃതമായി “താങ്ങുകളായി” പ്രയോഗവൽക്കരിക്കപ്പെട്ട ഉപാധികളുടെ വൈവിധ്യമാണ്. ഒരാളുടെ ഉൺമ അതിന്റെ പാതയിലൂടെ കൂടുതൽ കൂടുതൽ മുന്നേറുകയും എല്ലാവർക്കും പൊതുവായിട്ടുള്ള അതേ ലക്ഷ്യത്തിലേക്ക് അത് അടുക്കുകയും ചെയ്യും തോറും ഈ വ്യത്യാസങ്ങൾ അപ്രധാനമായിക്കൊണ്ടേയിരിക്കും. ഇപ്രകാരം അവലംബിക്കപ്പെടുന്ന ഉപാധികൾ പ്രയോഗക്ഷമമാവണമെങ്കിൽ അവ ഉപയോഗിക്കപ്പെടുന്ന ഉൺമകളുടെ പ്രകൃതത്തിന് യോജിച്ചതായിരിക്കണം. കൂടുതൽ പ്രാപ്യമായതിൽ നിന്ന് കുറച്ച് പ്രാപ്യമായതിലേക്ക്, അഥവാ ബാഹ്യത്തിൽ നിന്ന് ആന്തരികത്തിലേക്കാണ് അത് അനിവാര്യമായും കടന്ന് ചെല്ലുക എന്നതിനാൽ തന്നെ ഒരാളുടെ പ്രകൃതം ബാഹ്യത്തിൽ പ്രകടമായിട്ടുള്ള പ്രവൃത്തിയിൽ നിന്ന് തന്നെയാണ് ഈ ഉപാധികളെ സ്വീകരിക്കേണ്ടത്. എന്നാൽ, ഈയൊരു പ്രവർത്തിക്ക് അത്തരത്തിലുള്ള ഒരു ധർമ്മം നിർവഹിക്കാൻ കഴിയുക അതിന് ആന്തരിക പ്രകൃതത്തെ കാര്യക്ഷമമായി പരാവർത്തനം ചെയ്യാൻ കഴിയുന്നേടത്തോളം മാത്രമാണെന്നുള്ളത് പ്രത്യേകം എടുത്ത് പറയേണ്ടതില്ല. അതിനാൽ തന്നെ, “യോഗ്യതയുടെ” (qualification), ഉപക്രമപരമായ അർത്ഥത്തിലുള്ള, പ്രശ്നം ശരിക്കും നിലനിൽക്കുന്നുണ്ട്. സാധാരണ അവസ്ഥകളിൽ, ഈ”യോഗ്യത” കൈത്തൊഴിലിൽ ഏർപ്പെടാനാണ് ആവശ്യമായിട്ടുള്ളത്. അതേ സമയം, ഈ വിഷയം, ഉപക്രമപരമായ അധ്യയനവും, പൊതുവായി പറഞ്ഞാൽ പാരമ്പര്യ വിദ്യാഭ്യാസവും അപവിത്ര വിദ്യാഭ്യാസവും തമ്മിലുള്ള മൗലികമായ വ്യത്യാസത്തെ സ്പർശിക്കുന്ന ഒന്ന് കൂടിയാണ്. പുറത്ത് നിന്ന് വെറുതെ പഠിച്ചെടുത്തതിന്, അങ്ങിനെ സംഭരിച്ചു വെച്ച ആശയങ്ങളുടെ പരിമാണം എത്ര കൂടിയാലും ശരി, ഇവിടെ യാതൊരു മൂല്യവുമില്ല. കാരണം, ഇതിലും, അപവിത്ര “ജ്ഞാനത്തിന്റെ” (profane knowledge) പാരിമാണികമായ സ്വഭാവം വെളിപ്പെടുന്നുണ്ട്. പ്രസക്തമായിട്ടുള്ളത്, ഒരു ഉൺമ അതിന്റെ ഉള്ളിൽ തന്നെ പേറുന്ന അന്തർലീനമായ സാധ്യതകളെ ഉണർത്തുക എന്നതാണ് (ചുരുക്കിപ്പറഞ്ഞാൽ, ഇത് തന്നെയാണ് പ്ലറ്റോനിക് (Platonic) വിവക്ഷയിലുള്ള “ഉള്ളുണർത്തൽ” (reminiscence))(4).
ഈയൊരു പരിഗണനകൾ വെച്ചു നോക്കുകയാണെങ്കിൽ, ഉപക്രമം കൈത്തൊഴിലിനെ ഒരു “താങ്ങായി” സ്വീകരിക്കുമ്പോൾ തന്നെ ആ തൊഴിലിൽ ഏർപ്പെടുന്നതിന്റെ മേൽ എങ്ങിനെ തിരിച്ച് പ്രഭാവം ചെലുത്തുന്നു എന്നത് നമുക്ക് മനസ്സിലാക്കാനാവും. ഉൺമ, അതിന്റെ സാധ്യതകളെയെല്ലാം പൂർണമായും സാക്ഷാൽകരിക്കുന്നു; തൊഴിൽപരമായ (professional) പ്രവൃത്തി എന്നത് ഇതിന്റെ ബാഹ്യമായ പ്രകാശനം മാത്രമാണ്. ഈ സാക്ഷാൽക്കാരത്തിലൂടെ, അതിന് ആ പ്രവൃത്തിയുടെ യഥാർത്ഥ തത്വം എന്താണെന്നതിനെ കുറിച്ച ക്രിയാത്മകമായ ജ്ഞാനം കരഗതമാവുന്നു. തദ്ഫലമായി, തുടക്കത്തിൽ അതിനെ സംബന്ധിച്ചേടത്തോളം തികച്ചും പ്രകൃതത്തിന്റെ “നൈസർഗികമായ” (instinctive) പരിണതഫലമായ കാര്യത്തെ അതിന് ബോധപൂർവം നിറവേറ്റാൻ കഴിയുന്നു. അങ്ങിനെ, ഉപക്രമപരമായ ജ്ഞാനം (initiatory knowledge) അയാളെ സംബന്ധിച്ചേടത്തോളം തൊഴിലിൽ നിന്ന് ലഭിച്ചതായിരിക്കുമ്പോൾ തന്നെ തിരിച്ച് ആ തൊഴിൽ പ്രസ്തുത ജ്ഞാനത്തിന്റെ പ്രയോഗ മണ്ഡലവുമായിത്തീരുന്നു. ആ തൊഴിലിൽ നിന്ന് അതിനെ പിന്നീട് വേർതിരിക്കാനാവില്ല. അങ്ങിനെ ആന്തരികത്തിനും ബാഹ്യത്തിനുമിടയിൽ പൂർണമായ പൊരുത്തം ഉണ്ടായിത്തീരുന്നു. അങ്ങിനെയുണ്ടായിത്തീരുന്ന ഒരു സൃഷ്ടി, കേവലം ഏതെങ്കിലും ഒരു തലം വരെ മാത്രമോ അല്ലെങ്കിൽ ഉപരിപ്ലവമായ രീതിയിലോ അല്ലാതെ, തികച്ചും പര്യാപ്തമായ സ്വഭാവത്തിൽ തന്നെ അതിനെ രൂപകൽപന ചെയ്യുകയും ഉണ്ടാക്കുകയും ചെയ്തയാളെ പ്രകാശിപ്പിക്കുന്നതായിരിക്കും. ഉദാത്ത സൃഷ്ടി (masterpiece) എന്ന വാക്കിന്റെ ശരിയായ വിവക്ഷയെ ഉൾക്കൊള്ളുന്നതായിരിക്കും അത്.
ഇതിൽ നിന്നും, യഥാർത്ഥ കൈത്തൊഴിൽ, ആധുനിക വ്യവസായത്തിൽ നിന്നും എത്രത്തോളം വിദൂരസ്ഥമായതാണ് എന്നത് കാണാനെളുപ്പമാണ്. എത്രത്തോളമെന്നാൽ പരസ്പര വിരുദ്ധങ്ങളാണെന്ന് പറയാൻ കഴിയും. “പുരോഗതിയുടെ” വക്താക്കൾ സഹർഷം പ്രഘോഷിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നത് പോലെ, “പരിമാണത്തിന്റെ വാഴ്ചയിൽ” (Reign of Quantity) കൈത്തൊഴിൽ എന്നത് ” ഭൂതകാലത്തിന്റെ ഭാഗം” ( a thing of the past) ആണ് എന്നത് ദൗർഭാഗ്യകരമായ ഒരു സത്യം തന്നെയാണ്. വ്യവസായികമായ തൊഴിലിൽ, തൊഴിലാളിക്ക് തന്റേതായ ഒന്നും തന്നെ നൽകാനില്ല. അങ്ങിനെ വല്ലതും ചെയ്യാനുള്ള നേർത്ത പ്രവണത പോലും ആരെങ്കിലും പ്രകടിപ്പിക്കുകയാണെങ്കിൽ അതിനെ തടയുന്നതിന് വേണ്ടി അങ്ങേയറ്റത്തെ ശുഷ്കാന്തി പുലർത്തുകയും ചെയ്യും. എന്നാൽ ഇത് പോലും അസാധ്യമാണ്. കാരണം, അയാളുടെ പ്രവൃത്തി എന്നത് യന്ത്രത്തെ ചലിപ്പിക്കുക എന്നത് മാത്രമാണ്. അതിനും പുറമെ, അയാൾക്ക് ലഭിച്ചിട്ടുള്ള, പൗരാണികമായ തൊഴിൽ അഭ്യസനത്തിന്റെ (ancient apprenticeship) വിരുദ്ധം തന്നെയായിട്ടുള്ള ഉദ്യോഗ പരിശീലനം (professional formation) അല്ലെങ്കിൽ, വികല പരിശീലനം (deformation), എന്തെങ്കിലും മുൻകൈ എടുക്കുന്നതിനെ തൊട്ട് അയാളെ പൂർണമായും കഴിവില്ലാത്തവനാക്കുന്നു. ഈ പരിശീലനത്തിലൂടെ അയാളെ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നത്, എല്ലായ്പ്പോഴും ഒരേ രീതിയിൽ തന്നെയുള്ള യാന്ത്രികമായ ചില ചലനങ്ങൾ നിർവഹിക്കാൻ മാത്രമാണ്. അതിന്റെ പിന്നിലുള്ള യുക്തിയെ അയാൾക്ക് മനസ്സിലാക്കേണ്ടതില്ല. ഫലത്തെ പറ്റി വ്യാകുലപ്പെടേണ്ടതുമില്ല. കാരണം, അയാളല്ല മറിച്ച് യന്ത്രമാണ് വസ്തുക്കളെ നിർമ്മിക്കുന്നത്. യന്ത്രത്തിന്റെ സേവകനായ മനുഷ്യൻ സ്വയം തന്നെ ഒരു യന്ത്രമായിത്തീരണം. അയാളുടെ പ്രവൃത്തിയാകട്ടെ ഇനിയൊരിക്കലും ശരിയായ അർത്ഥത്തിൽ മാനുഷികമായിരിക്കുകയുമില്ല. കാരണം, അതിൽ ശരിക്കും മനുഷ്യ പ്രകൃതത്തിന്റെ ഭാഗമായിട്ടുള്ള ഗുണങ്ങളിലൊന്നിന്റെയും പ്രയോഗവൽക്കരണമില്ല (5). ഇതെല്ലാം നയിക്കുന്നത്, സാധാരണ വ്യവഹാര ഭാഷയിൽ അറിയപ്പെടുന്ന വൻതോതിലുള്ള ഉൽപാദനത്തിലേക്കാണ് (mass production). ഇതിന്റെ ലക്ഷ്യമാവട്ടെ, എത്രത്തോളം ഒരേ പോലെയാക്കാൻ സാധിക്കുമോ, അത്രത്തോളം ഒരേ പോലെയുള്ള കഴിയുന്നത്ര അധികം വസ്തുക്കളെ, അതു പോലെ തന്നെ ഒരേ പോലെയുള്ള മനുഷ്യർക്ക് ഉപഭോഗം ചെയ്യാൻ വേണ്ടി ഉൽപാദിപ്പിക്കുക എന്നതാണ്. നാം മുമ്പ് പറഞ്ഞത് പോലെ തന്നെ, ഇത് പരിമാണത്തിന്റെയും ഏകരൂപതയുടെയും വിജയം തന്നെയാണ്. കേവലം സംഖ്യാപരമായ ഏകകങ്ങളായി ന്യൂനീകരിക്കപ്പെട്ട ഈ മനുഷ്യരെ പാർപ്പിക്കുന്നത് വീടുകളിലല്ല. ആ വാക്ക് ഇവിടെ ഉപയോഗിക്കുക എന്നത് തന്നെ ഉചിതമല്ല; മറിച്ച്, ഒരേ മാതൃകയിലുള്ള വിവിധ അറകളുള്ള “തേനീച്ചക്കൂടുകളിലാണ്”. ഇവയെ സജ്ജീകരിക്കുന്നതാവട്ടെ, വൻതോതിൽ ഉൽപാദിക്കപ്പെട്ട സാമഗ്രികൾ കൊണ്ടായിരിക്കും. അങ്ങിനെ, അവർ ജീവിക്കുന്ന ചുറ്റുപാടിൽ നിന്നും സർവതരത്തിലുള്ളതുമായ ഗുണാത്മക വൈവിധ്യങ്ങളും ഇല്ലാതായിത്തീരുകയും വേണം. ഇത് മനസ്സിലാക്കാൻ, സമകാലികരായ ചില ആർക്കിട്ടെക്റ്റുകളുടെ പദ്ധതികൾ പരിശോധിച്ചാൽ മതിയാകും (അവർ തന്നെ അവയെ വിശേഷിപ്പിക്കുന്നത്, “ജീവിക്കുന്ന യന്ത്രങ്ങൾ” എന്നാണ്). അപ്പോൾ മനസ്സിലാകും, നാം അതിശയോക്തി പറയുകയല്ലെന്ന്. പൗരാണികരായ കെട്ടിട നിർമ്മാതാക്കളുടെ പരമ്പരാഗത കലക്കും ശാസ്ത്രത്തിനും എന്തു സംഭവിച്ചു? അത് പോലെ തന്നെ, സ്വാഭാവികമായിട്ടുള്ള നാഗരികതകളിലെ നഗരങ്ങളും കെട്ടിടങ്ങളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള ആചാര വ്യവസ്ഥകൾക്ക് എന്ത് സംഭവിച്ചു? ഇത് ഇനിയും ആവർത്തിച്ച് ഊന്നിപ്പറയുന്നതിൽ പ്രയോജനമൊന്നുമില്ല. കാരണം, അവയെ അധുനിക നാഗരികതയിൽ നിന്ന് വേർതിരിക്കുന്ന അഗാധഗർത്തത്തെ തിരിച്ചറിയാതിരിക്കണമെങ്കിൽ ഒരാൾ അന്ധനായിരിക്കണം. വ്യത്യാസം വളരെ വലുതാണെന്നത് നിസ്സംശയം എല്ലാവരും സമ്മതിക്കുക തന്നെ ചെയ്യും. ഇന്ന് ബഹുഭൂരിപക്ഷം മനുഷ്യരും പുരോഗതി എന്ന് ആഘോഷിക്കുന്നത് കൃത്യമായി പറഞ്ഞാൽ അതിൽ നിന്നും വിരുദ്ധമായി നമുക്ക് അനുഭവപ്പെടുന്നത് ഒരു ചെങ്കുത്തായ ഇറക്കമായിട്ടാണ്. കാരണം, ഇതൊക്കെ വ്യക്തമായും, നിരന്തരം വേഗത വർദ്ധിച്ചു കൊണ്ടേയിരിക്കുന്ന ആപതന ചലനത്തിന്റെ ഫലങ്ങൾ മാത്രമാണ്. അത് ആധുനിക മാനവികതയെ ശുദ്ധപരിമാണം വാണുകൊണ്ടിരിക്കുന്ന കുഴിയിലേക്ക് ആട്ടിത്തെളിച്ചു കൊണ്ട് പോവുന്നു.
(4) ഇവ്വിഷയകമായി, പ്ലാറ്റോയുടെ, le Menon de Platon എന്ന ഗ്രന്ഥം കാണുക.
(5) യന്ത്രം (machine) എന്നത് ഒരർത്ഥത്തിൽ പണിയായുധം (tool) എന്നതിന്റെ വിരുദ്ധമാണെന്നത് നമുക്ക് കാണാനാവും. പലരും കണക്കാക്കുന്നത് പോലെ “തികവുറ്റ പണിയായുധം” (perfected tool) അല്ല ഒരു യന്ത്രം. കാരണം, പണിയായുധം മനുഷ്യന്റെ തന്നെ ഒരു വിപുലനം (extension) ആണ്. എന്നാൽ യന്ത്രമാവട്ടെ മനുഷ്യനെ അതിന്റെ അടിമയാക്കി ചുരുക്കുന്നു.