ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ(റ)യും മഅ്ബറും

ചരിത്രമുണർത്തുന്ന മഅ്ബർ അവസാന ഭാഗം

അൽ ഹാഫിള് മുഹമ്മദ് സുൽത്വാൻ ബാഖവി കായൽ പട്ടണം

ഇതുവരെയും നാം വിശകലനം ചെയ്തത് മഅ്ബർ എന്ന പ്രദേശം എവിടെയാണെന്നും ചരിത്രത്തിൽ എക്കാലം മുതൽ ഇൗ നാമം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട് എന്നുമാണ്. വളരെ പഴക്കം ചെന്ന പല പ്രമാണങ്ങളും ഇവ്വിഷയകമായി ആദ്യഭാഗത്ത് വിശദീകരിച്ചു. ഇനി പൊന്നാനി വലിയ സൈനുദ്ദീൻ മഖ്ദൂം(റ)യുടെ കുടുംബത്തിന് മഅ്ബറുമായുള്ള ബന്ധമെന്താണെന്ന് പരിശോധിക്കാം. പേരിന്റെ ഭാഗമായി തന്നെ മഅ്ബർ എന്ന് നാമമുള്ള സൈനുദ്ദീൻ മഖ്ദൂം(റ) യുടെ കുടുംബം ഇന്നത്തെ കായൽപട്ടണം എന്നറിയപ്പെട്ട ഭാഗത്ത് നിന്ന് അഥവാ പഴയ മഅ്ബറിൽ നിന്നാണ് കൊച്ചിയിലേക്ക് കുടിയേറിയത് എന്നാണ് ചരിത്രകാരന്മാരെല്ലാം എെക്യകണ്ഠേന പ്രസ്താവിച്ചിട്ടുള്ളത്.
ബാവമുസ്ലിയാർ വൈലത്തൂരി, സൈനുദ്ദീനുൽ കബീർ ഇബ്നു അലിയ്യുബ്നു അഹ്മദുശ്ശാഫിഇൗയ്യുൽ മഅ്ബരി(റ)യെ കുറിച്ച് എഴുതിയ ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു:
“”അൽ മഅ്ബരി എന്ന് പറയുന്നത് മഅ്ബർ എന്ന നാട്ടിലേക്ക് ചേർത്താണ്. രണ്ട് മർഹല ദൂരത്തിലുള്ള കായലിന്റെ അടുത്തുള്ള ഭാഗമാണ് മഅ്ബർ.”
ശേഷം അദ്ദേഹം ഇപ്രകാരം വിശദീകരിക്കുന്നു:
“”കായൽ എന്നത് അത് കായൽപട്ടണമായിരിക്കണം. മഅ്ബർ എന്നത് ആ ഭാഗത്തെ പറയുന്ന നാമമാണ്. ഇന്ത്യയുടെ തെക്കേ ഭാഗത്താണിത്. ഇന്ത്യൻ മഹാസമുദ്രത്തോട് അഭിമുഖമായി. സിലോണിന്റെ തലസ്ഥാനമായ കൊളോമ്പോക്ക് അഭിമുഖമായാണ് അത് കാണപ്പെടുന്നത്. ഇന്ന് അത് കോറമണ്ഡൽ എന്ന പേരിലാണറിയപ്പെടുന്നത്.”
ഇക്കാര്യം സൂചിപ്പിക്കുന്ന മറ്റൊരു പരാമർശം ഇബ്റാഹിം കുട്ടി മുസ്ലിയാർ(ന.മ) രചിച്ച അൽ ഖസീദത്തുൽ മഖ്ദൂമിയ്യ എന്ന ഖസീദയിൽ ഇപ്രകാരം കാണാം: ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കായൽപട്ടണം ഉൾപ്പെടെയുള്ള പ്രദേശങ്ങളെ സൂചിപ്പിച്ചുകൊണ്ട് മഅ്ബർ എന്ന് പരാമർശിച്ച ശേഷം അദ്ദേഹം എഴുതുന്നു.
“”മഅ്ബർ സൈനുദ്ദീൻ മഖ്ദൂം(റ)യുടെ നാടായിരുന്നു. കൊച്ചിയിലേക്ക് സൈനുദ്ദീൻ മഖ്ദൂം(റ)യുടെ പിതാവും കുടുംബവും പിന്നീട് മാറിത്താമസിച്ചു.”
ഇത്രയും വിശദീകരിച്ച ശേഷം വൈലത്തൂർ ബാവ മുസ്ലിയാർ മഅ്ബറിനെ യമനിലേക്ക് ചേർത്തുപറയുന്നതിനെ ശക്തമായി തന്നെ ഖണ്ഡിക്കുന്നുണ്ട്. ഒരു തെളിവുമില്ലാത്ത വ്യാജവാദം മാത്രമാണ് യമനിലാണ് മഅ്ബർ എന്നുള്ളത് എന്ന് അദ്ദേഹം വ്യക്തമായി തന്നെ സ്ഥാപിക്കുന്നുണ്ട്. സയ്യിദ് മുഹമ്മദ് ശിബ്ലി എന്ന യമനിയായ പണ്ഡിതനും മഅ്ബർ പ്രദേശം ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള തമിഴ്നാടിന്റെ ഭാഗമായ പ്രദേശമാണെന്ന് രേഖപ്പെടുത്തിയത് നാം ഉദ്ധരിച്ചതാണല്ലോ…?
ഫൈറോസാബാദി ഇരുപതോളം വർഷക്കാലം യമനിൽ ഖാസിയായിരുന്നു. അദ്ദേഹം ശേഷം സുബൈദിൽ വഫാത്തായി. അദ്ദേഹം മഅ്ബറിനെ കുറിച്ച് പറയുമ്പോൾ ഇന്ത്യയിലുള്ള ഒരു നാട് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹിജ്റ ആറാം നൂറ്റാണ്ടിൽ സൈനുദ്ദീൻ മഖ്ദൂം(റ)യുടെ പൂർവ്വപിതാക്കൾ അറബ് രാജ്യത്ത് നിന്ന് തമിഴ്നാട്ടിലെത്തിയിട്ടുണ്ട് എന്നത് വസ്തുത തന്നെയാണ്. എന്നാൽ അത് മഅ്ബർ എന്ന പേരിൽ യമനിലുണ്ടെന്ന് തത്പരകക്ഷികൾ പറയുന്ന സാങ്കൽപിക ഭൂപ്രദേശത്ത് നിന്നല്ല.
ഡോക്ടർ ഹുസൈൻ നൈനാർ പറയുന്നു:
“”മഅ്ബർ എന്നത് കേരളത്തിന്റെ കൊല്ലം മുതൽ ആന്ധ്രയിലുള്ള നെല്ലൂർ വരെയുള്ള പ്രദേശങ്ങൾക്കിടയിലുള്ള ഒരു സ്ഥലത്തിന്റെ പേരാണ്.”
കാഡ്വെല്ലും മഅ്ബറിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ട്. 1288 ൽ പോലും വെനീസുമായി കായൽപട്ടണം വാണിജ്യബന്ധങ്ങൾ നിലനിർത്തിയിരുന്നുവെന്നും അക്കാലത്ത് വന്ന ഒരു സംഘം ഇവിടെയുള്ള വ്യാപാരങ്ങളെയും വാണിജ്യവിഭവങ്ങളെയും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിച്ച് തിരിച്ചുപോയിരുന്നുവെന്നും കാഡ്വെൽ പ്രസ്താവിക്കുന്നുണ്ട്. മഅ്ബർ ഒരു തുറമുഖ പട്ടണമായിരുന്നു. അറേബ്യൻ ഗൾഫ് മേഖലയിൽ നിന്നും പേർഷ്യയിൽ നിന്നും ചൈനയിൽ നിന്നുമെല്ലാം നിരവധി കച്ചവടക്കാർ വന്ന് വ്യാപാരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രമുഖമായ ഒരു തുറമുഖമയിരുന്നു മഅ്ബർ. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും പൗരസ്ത്യ ദേശങ്ങളിലേക്കുള്ള നിരവധി കപ്പലുകൾ ഇൗ വഴി കടന്നുപോകുമായിരുന്നു. മാർക്കോ പോളോ ഇൗ മഅ്ബറിൽ ഉൾപ്പെട്ട തുറമുഖ പട്ടണത്താണ് വന്നിറങ്ങിയത് എന്ന് കാഡ്വെൽ രേഖപ്പെടുത്തുന്നുണ്ട്. കായൽ എന്ന വാക്ക് തമിഴ് ഭാഷയിലുള്ളതാണ്. കടലിൽ നിന്ന് വെള്ളം വരുന്ന സ്ഥലത്തിനെയാണ് തമിഴിൽ കായൽ എന്ന് പറയുക. ഇൗ കായൽ എന്നത് മൂന്ന് നാടുകളാണ്. പുന്നക്കായൽ, പഴയകായൽ, കായൽപട്ടണം തുടങ്ങിയവയാണവ. ഇൗ മൂന്നും ചേർന്ന് അക്കാലത്ത് ഒരു നാടായിരുന്നു. പുന്നക്കായൽ എന്നത് താമ്രഭരണി നാടിന്റെ തെക്ക് ഭാഗത്തുണ്ടായിരുന്നതാണ്. അവിടെ 1532 ൽ പോർച്ചുഗീസുകാർ ആക്രമിക്കുകയും ആ പ്രദേശത്തിന്റെ അധികാരം പിടിച്ചെടുത്ത് അധിനിവേശം നടത്തുകയും ചെയ്തു. അക്കാലത്ത് കൊച്ചിരാജാവ് അവരുമായി കച്ചവട ബന്ധങ്ങളുണ്ടാക്കിയിരുന്നു. കൊച്ചിയിൽ നിന്നുമാണ് പോർച്ചുഗീസുകാർ ഇൗ മേഖലയിൽ വന്ന് തദ്ദേശീയർക്കെതിരായ അതിക്രമങ്ങൾ അഴിച്ചുവിട്ട് അധിനിവേശം ചെയ്തത്. മുസ്ലിംകളായ സുൽത്താ•ാരുടെ അധീനതയിലിരുന്ന ആപ്രദേശം അവർ പിടിച്ചെടുക്കുകയും അമ്പതോളം വർഷക്കാലം അവിടെ കോട്ടകെട്ടി അവർ താമസിക്കുകയും ചെയ്തു. അവിടെ മുത്തുകളുടെ കേന്ദ്രമായിരുന്നു. അത് കണ്ടാണ് ഇൗ പ്രദേശം അവർ കീഴടക്കിയത്. മാത്രമല്ല ജനങ്ങളുടെ കൈവശമുണ്ടായിരുന്ന മുത്തും പവിഴവുമെല്ലാം ബലമായി കൊള്ളയടിക്കുകയും ചെയ്തു. ശേഷം ആ ഭാഗങ്ങളിലെല്ലാം ക്രിസ്തുമതം പ്രചരിപ്പിക്കാൻ അവർ പ്രയത്നിച്ചു. പഴയ കായൽ എന്ന് പറയുന്നത് താമ്രഭരണിയുടെ ഇടതുഭാഗത്താണ്. മുമ്പ് അത് കായൽപട്ടണത്തിന്റെ ഭാഗമായിരുന്നു. പഴയകായൽ ഉൾപ്പെടുന്ന ആ പ്രദേശങ്ങളിൽ വലിയൊരു വെള്ളപ്പൊക്കം വന്നതിന്റെ ഫലമായി പിൽക്കാലത്ത് അവിടുത്തെ ഭൂഘടന തന്നെ മാറിപ്പോവുകയാണുണ്ടായത്. അതിനാൽ അവിടെയുള്ള ജനങ്ങളെല്ലാം മറ്റൊരിടത്തേക്ക് മാറിത്താമസിച്ചു. അന്ന് പ്രളയത്തിൽ ഉൾപ്പെടാത്ത ഭാഗമായിരുന്നു ഇന്നത്തെ കായൽപട്ടണം. ഇൗ കായൽപട്ടണം പഴയ കാലം മുതൽ തന്നെ മുസ്ലിം അധിവാസ കേന്ദ്രമായിരുന്നു. അറേബ്യൻ പാരമ്പര്യങ്ങളുള്ള നിരവധി കുടുംബങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇവിടെ കുടിയേറി പാർക്കുകയുണ്ടായിട്ടുണ്ട്. അറേബ്യൻ വേരുകളുള്ള പൂർവ്വികരായ മുസ്ലിംകൾ പഠിപ്പിച്ച ആചാര രീതികളെല്ലാം അപ്പാടെ തന്നെ നിലനിർത്തുന്ന വളരെ സവിശേഷതകൾ നിറഞ്ഞ ഒരു പ്രദേശമാണ് കായൽപട്ടണം. സുന്നത്ത് ജമാഅത്തിന്റെ പാരമ്പര്യങ്ങളാണ് ഇന്നും വളരെ സജീവതയോടെ അവിടെ നിലനിന്നു പോരുന്നത്.
1551 ൽ വഫാത്തായ സുൽത്താൻ അബ്ദുൽ ഗഫാർ എന്നവരുടെ മഖ്ബറയിൽ ചരിത്രപ്രാധാന്യമേറിയ ഒരു ലിഖിതമുണ്ട്. ആയിരംകാൽ മസ്ജിദിന്റെ ഉൾഭാഗത്തുള്ള ആ മഖ്ബറയിൽ എഴുതിവെച്ചത് ഇവർ ഫത്തൻകാരനാണ് എന്നാണ്. ഇൗ ഫത്തൻ എന്ന വാക്ക് ഇബ്നു ബത്തൂത്ത പറഞ്ഞ ഫത്തനാണ്(പട്ടണം). സുൽത്താൻ അബ്ദുൽ ഗഫാർ ഫത്തനിൽ വെച്ച് 1551 ൽ വഫാത്തായി എന്ന് ആ കല്ലിൽ എഴുതുവെച്ചിട്ടുണ്ട്. വഗുദൈ എന്ന പേരിലും കായൽപട്ടണം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നു. അബുൽ ഖാസിം അബ്ദുല്ലാഹിബ്നി അബ്ദുല്ലാഹിൽ ഇബ്നു ഖുർദദാബ(ഹിജ്റ 280 ൽ വിയോഗം) അദ്ദേഹത്തിന്റെ അൽ മസാലിക് വൽ മമാലിക് എന്ന ഗ്രന്ഥത്തിൽ മഅ്ബറിലെ നദികളെ കുറിച്ച് പറയുന്നിടത്ത് വഗുദാ എന്ന പേരിൽ ഇൗ നദിയുടെ താഴെ ഒരു നാടുണ്ട് എന്ന് പറയുന്നുണ്ട്. മാത്രമല്ല ഇൗ ഭാഗത്ത് തന്നെ അക്കാലത്ത് ഇവിടെ ഉണ്ടായിരുന്ന മുസ്ലിം സാന്നിദ്ധ്യത്തെ പറ്റിയും അദ്ദേഹം എഴുതുന്നുണ്ട്. നാട്ടുഭാഷകളിൽ എഴുതപ്പെട്ട കവിതകളിലും പഴയ സാഹിത്യ ഏടുകളിലും മഖ്ബറകളിലും രജിസ്റ്റർ ചെയ്യപ്പെട്ട രേഖകളിലും ഫത്തൻ പവിത്രമാണിക്യപട്ടണം എന്നീ പേരുകളും വഗുദാ എന്ന പേരും കാണുന്നുണ്ട്. മഅ്ബർ എന്ന നാമം പോലെ ഇൗ നാമങ്ങളും വിഖ്യാതം തന്നെയാണ്. പിന്നീട് കാഹിറുർ എന്ന ഒരു നാമം കൂടി സിദ്ധിച്ചു. കാഹിരൂർ, കാഹിർ ഫത്തൻ എന്നൊക്കെ അതിന് പാഠഭേദങ്ങളുണ്ട്. ഇൗ നാമങ്ങൾ മിസ്റിലുള്ള കാഹിറ എന്ന നാട്ടിലേക്ക് ചേർത്താണ് നാമകരണം ചെയ്യപ്പെട്ടത് എന്നാണ് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്. അവിടെ നിന്ന് വന്നവർ തങ്ങളുടെ നാടിന്റെ പേരിനെ ഇവിടെയും വെച്ചതാണെന്നാണ് ഇൗ നാമകരണത്തിന്റെ കാരണമായി ചിലർ രേഖപ്പെടുത്തികാണുന്നത്. ചുരുക്കത്തിൽ വിവിധ കാലങ്ങളിൽ വിവിധ പേരുകളിൽ ഇൗ പ്രദേശം അറിയപ്പെട്ടിരുന്നുവെന്നാണ് ഇൗ പ്രമാണങ്ങളൊക്കെയും തെളിയിക്കുന്നത്. എന്നാൽ അറബികൾ ഇൗ പ്രദേശത്തെ വിളിച്ചിരുന്നത് മഅ്ബർ എന്നാണ്. അറബ് സഞ്ചാരരേഖകളിലും ചരിത്ര ഗ്രന്ഥങ്ങളിലും ഇന്ത്യയുടെ തെക്കേ അറ്റമായ ഇന്നത്തെ തമിഴ്നാടിന്റെ ഭാഗമായ ഇൗ തീരദേശ പ്രദേശത്തെ സൂചിപ്പിക്കാൻ മാത്രമാണ് മഅ്ബർ എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. അല്ലാത്ത വാദങ്ങൾക്ക് യാതൊരു വിധ സാധൂകരണവും ഇല്ല എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)യുടെ നാമത്തോട് ചേർത്ത് പറയപ്പെടുന്ന മഅ്ബർ എന്ന നാമം യമനിലല്ല എന്നും അത് കായൽ പട്ടണം തന്നെയാണെന്നും ഇൗ പ്രമാണങ്ങളെല്ലാം സ്ഥിരപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy