സൈനുദ്ദീൻമന്ദലാംകുന്ന്
എന്താണ് തസ്വവ്വുഫ് എന്നറിയാൻ ഇന്ന് ഏറെ ജനങ്ങൾക്കും ജിജ്ഞാസയുണ്ട്. സൂഫിസം, സൂഫി പോലുള്ള പദങ്ങൾക്ക് വല്ലാതെ അർത്ഥശോഷണം സംഭവിച്ച ഒരു കാലമാണ് നമ്മുടേത്. തികച്ചും മതാതീതമായ ഒന്നാണ് അതെന്നും സർവ്വമതങ്ങളുടെയും സമന്വയ സത്തയാണ് അതെന്നും ഇന്ന് പൊതുവായി മനസ്സിലാക്കപ്പെടുന്നു. വാസ്തവത്തിൽ ഇസ്ലാമിന്റെ ആന്തര സത്തയും സൗന്ദര്യസാരവും തന്നെയാണ് തസ്വവ്വുഫ് എന്ന കാര്യം ഇന്ന് ബോധപൂർവ്വമോ അല്ലാതെയോ മറച്ചുവെക്കപ്പെട്ടിട്ടുണ്ട്. ഇസ്ലാമിന്റെ ബാഹ്യവശങ്ങളായ ശരീഅത്തിനെയോ അതിന്റെ അനുഷ്ഠാനബദ്ധമായ ജീവിത മാതൃകകളെയോ പരിഗണിക്കാത്ത ഗുപ്തജ്ഞാനത്തിന്റെയും അനുഭൂതികളുടെയും ആത്മനിഷ്ഠമായ ഒരു അരാജക ലോകമാണതെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിൽ ചരിത്രത്തിൽ സൂഫിയാക്കളായി അറിയപ്പെട്ട് തങ്ങളുടെ പ്രഫുല്ലസാന്നിദ്ധ്യത്തിലൂടെ സുഗന്ധം പരത്തിയ മഹത്തുക്കളുടെ മൊഴി മുത്തുകളിലൂടെ സൂഫിസമെന്ത് എന്നതിന് ചില നിർവ്വചനങ്ങൾ നമുക്ക് കണ്ടെത്താൻ സാധിക്കും.
സൂഫിയാക്കളിൽ അഗ്രേസരനും അല്ലാഹുവിന്റെ ഒൗലിയാക്കളിൽ ശ്രേഷ്ഠ സ്ഥാനങ്ങൾക്കുടയവരുമായ ബഹുമാനപ്പെട്ട ജുനൈദുൽ ബാഗ്ദാദി(റ) തസ്വവ്വുഫിനെ നിർവ്വചിക്കുന്നത് ഇപ്രകാരമാണ്:
“”ഉദാത്ത സ്വഭാവങ്ങളൊക്കെ പ്രയോഗവത്കരിക്കലും ഹീന സ്വഭാവങ്ങൾ മുഴുവൻ കൈവെടിയലുമാണ് തസ്വവ്വുഫ്…”
ഇമാം ഇബ്നു അജീബ(റ)യുടെ വീക്ഷണത്തിൽ “”രാജാധിരാജനായ റബ്ബിന്റെ സംതൃപ്ത സന്നിധിയിൽ എങ്ങനെ എത്തിച്ചേരാമെന്നും നികൃഷ്ട സ്വഭാവങ്ങളിൽ നിന്ന് അന്തരംഗങ്ങളെ എങ്ങനെ സ്ഫുടം ചെയ്തെടുക്കാമെന്നും ഗ്രഹിക്കാൻ കഴിയുന്ന ഒരു വിജ്ഞാന ശാഖയാണ് തസ്വവ്വുഫ്. പ്രഥമമായി വിജ്ഞാനവും തുടർന്ന് കർമ്മവുമാണ് അതിന് ആവശ്യം. തുടർന്ന് ഇലാഹിയായ വരദാനം കൈവരികയും…”
തസ്വവ്വുഫിന്റെ വഴിയിൽ സ്വയം സഞ്ചരിക്കുകയും ശിഷ്യന്മാരെ സഞ്ചരിപ്പിക്കുകയും ചെയ്യുന്ന എന്റെ പീർ ബഹുമാനപ്പെട്ട അൻവാറുല്ലാഹ് ശാഹ് അവർകളും ഞങ്ങളുടെ ഉപ്പാപ്പ പീർ ആയ ശൈഖുനാ ആരിഫുദ്ധീൻ ജീലാനി തങ്ങളും സൃഷ്ടിയിൽ നിന്ന് ഖൽബിന്റെ ബന്ധം മുറിക്കലും സ്രഷ്ടാവിലേക്ക് ഖൽബിന്റെ ബന്ധം ചേർക്കലുമാണ് ത്വരീഖത്തും തസ്വവ്വുഫുമെന്ന് നിർവ്വചിക്കാറുണ്ട്. വാസ്തവത്തിൽ ഭൗതികമായ ഉപാദികളിലും അലങ്കാരങ്ങളിലും കെട്ടുപിണഞ്ഞുകിടക്കുന്ന അടിമകളുടെ ഖൽബിനെ അല്ലാഹുവിന്റെ അർശാക്കി പരിവർത്തിപ്പിക്കാൻ പര്യാപ്തമാകുന്ന വിമലീകരണത്തിന്റെയും സംസ്കരണത്തിന്റെയും ആകെത്തുകയാണ് തസ്വവ്വുഫ്…
തസ്വവ്വുഫ്, സൂഫി എന്നീ വാക്കുകളുടെ നിഷ്പത്തിയെക്കുറിച്ച് നിരവധി അഭിപ്രായ ഭേദങ്ങൾ പണ്ഡിതന്മാർക്കിടയിലുണ്ട്. ഇൗ അഭിപ്രായങ്ങളിൽ ചിലത് മാത്രം അവലോകനം ചെയ്യലും അതിൽ ഏറ്റവും സാംഗത്യമുള്ളത് സ്വീകരിക്കലും അനിവാര്യമാണ്. രോമം എന്ന് അർത്ഥം വരുന്ന സ്വുഫ എന്ന ധാതുവിൽ നിന്നാണ് ഇൗ പദം നിഷ്പന്നമായത് എന്നാണ് ചിലരുടെ വാദം.
തസ്വവ്വുഫിന്റെ മേഖലയിൽ അറിയപ്പെട്ട ആദ്യകാല ഇമാമീങ്ങളിൽ പ്രമുഖനായ ഇമാം ഖുശൈരി(റ) തസ്വവ്വുഫിനെ നിർവ്വചിക്കുന്നത് സ്വഫ്വത്ത്(തെളിമ) എന്ന ധാതുവിൽ നിന്നാണ് ഇൗ പദം എന്നാണ്. അല്ലാഹുവല്ലാത്ത എല്ലാ വിചാരങ്ങളിൽ നിന്നും ഖൽബിനെ പരിശുദ്ധവും തെളിമയുറ്റതുമാക്കി, സദാ അല്ലാഹുവിന്റെ ദിക്റിലായി, അവൻ വസിക്കുന്ന ഖൽബുമായി ജീവിക്കുന്നവന്റെ ആന്തരീകാവസ്ഥയാണ് സ്വഫ്വത്ത്.
എന്നാൽ അധിക ആളുകളുടെയും വിശ്വാസം സുഫ്ഫത്ത് എന്ന വാക്കിൽ നിന്നാണ് തസ്വവ്വുവിന്റെ പിറവി എന്നാണ്. നബി(സ്വ)തങ്ങളുടെ മദീനയിലെ മസ്ജിദിനോട് ചേർന്ന് അവിടുത്തെ സാമിപ്യവും ദർശനവും സഹവാസവും കൊതിച്ച് കഴിഞ്ഞുകൂടിയ സാധുക്കളും മുഹാജിറുകളുമായ ചില സ്വഹാബികളുടെ ആവാസ സ്ഥലത്തെ സൂചിപ്പിക്കാനാണ് അറബിയിൽ സ്വഫ്ഫത്ത് എന്ന പദം ഉപയോഗിക്കുന്നത്. ഇങ്ങനെ മസ്ജിദുന്നബവിയുടെ ചെരുവിൽ താമസിച്ചിരുന്ന ഇൗ വിഭാഗത്തെ സൂചിപ്പിക്കാൻ അഹ്ലു സ്സുഫ എന്ന് പ്രയോഗിച്ചു വന്നു.
വാസ്തവത്തിൽ ഇൗ വിശേഷപ്പെട്ട സ്വഹാബാക്കളുടെ സ്വഭാവ സവിശേഷതകളും മാതൃകകളും സ്വീകരിച്ച് സദാ അല്ലാഹുവിന്റെ സ്മരണയിലായി, അല്ലാഹുവിനെ സംബന്ധിച്ച ഇൽമിലും ഇർഫാനിലുമായി കഴിഞ്ഞു കൂടുന്ന വിഭാഗമാണ് വാസ്തവത്തിൽ സൂഫികൾ. അതുകൊണ്ട് തന്നെ നിർവ്വചങ്ങളിൽ ഏറ്റവും പ്രസക്തവും സാംഗത്യമുള്ളതും അഹ്ലു സ്സുഫയുമായി ബന്ധിപ്പിച്ചുള്ള ഉപരിസൂചിത വിശകലനം തന്നെയാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
നബി(സ്വ)തങ്ങളുടെ കാലത്തില്ലാത്ത ഒരു പ്രയോഗവും വിഭാഗവുമാണ് തസ്വവ്വുഫ്, സൂഫി എന്നൊക്കെ വിമർശിക്കുന്നവർ ഇസ്ലാമിൽ പിൽക്കാലത്ത് വികസിച്ചു വന്ന മറ്റ് വിജ്ഞാനശാഖകളെ സംബന്ധിച്ച് ഇൗ അഭിപ്രായം പുലർത്തുന്നവരല്ല. ദുനിയാവിന്റെ അലങ്കാരങ്ങളിൽ നിന്ന് ഖൽബിന്റെ ബന്ധം മുറിച്ച് എല്ലാ ആന്തരികമായ അഴുക്കുകളെയും ദിക്റും ശുക്റും കൊണ്ട് കഴുകി തുടച്ച് സദാ ശുദ്ധമായ മനസ്സോടെ തെളിമയുറ്റ റൂഹോടെ അല്ലാഹുവിന്റെ സാമിപ്യത്തെ ഉണർന്നറിയുന്നവനും അനുഭവിക്കുന്നവനുമാണ് വാസ്തവത്തിൽ സൂഫി. ഇൗ അറിവിലേക്കും അനുഭവത്തിലേക്കും അവനെ പരിശീലിപ്പിക്കുന്ന പരിശുദ്ധമായ ഒരു വിജ്ഞാന ശാഖയാണ് തസ്വവ്വുഫ്.
തസ്വവ്വുഫ്, സൂഫി എന്നിവ നബി(സ്വ) തങ്ങളുടെയോ സ്വഹാബത്തിന്റെയോ കാലത്ത് പ്രയോഗിക്കപ്പെട്ടിട്ടില്ല എന്നും അത് നൂതനമായ ഒരു കാര്യമാണെന്നും ചിലർ വിമർശനമുന്നയിക്കാറുണ്ട്. വാസ്തവത്തിൽ നാം ഒാരോ കാലത്ത് പുതിയ പേരുകളിൽ വികസിപ്പിച്ച ഇസ്ലാമിന്റെ മറ്റ് വിജ്ഞാനീയങ്ങളുടെയും കാര്യം ഇങ്ങനെ തന്നെയാണല്ലോ…ഖുർആനല്ലാതെ ആ ഖുർആന്റെ ജീവിക്കുന്ന പതിപ്പായ നബി(സ്വ)തങ്ങളുടെ ജീവിതമല്ലാതെ മറ്റേത് വിജ്ഞാന ശാഖയാണ് അന്നുണ്ടായിരുന്നത്? ഇങ്ങനെയൊരു ചോദ്യമുന്നയിച്ചാൽ ഇസ്ലാമിക സമൂഹത്തിൽ പിൽക്കാലത്ത് വികസിച്ചു വന്ന മറ്റെല്ലാ വിജ്ഞാന ശാഖകളും അസാധുവാണെന്ന് വരുമോ…? മുസ്ലിം സമൂഹത്തിൽ പ്രമുഖരായ താബിഇൗങ്ങളാലും തബഉത്താബിഇൗങ്ങളാലും ക്രോഡീകരിക്കപ്പെട്ട കർമ്മശാസ്ത്ര മദ്ഹബുകളും പിൽക്കാലത്തുണ്ടായ ഹദീസ് ക്രോഢീകരണ ഉദ്യമങ്ങളും ഉപരി സൂചിത മാനദണ്ഡമനുസരിച്ച് പ്രശ്നവത്കരിച്ചാൽ പിന്നെ ഇസ്ലാമിന്റെ അഹ്കാമുകളും അസ്റാറുകളും മനസ്സിലാക്കാൻ നാമേത് മാർഗമാണ് അവലംബിക്കുക…?
വാസ്തവത്തിൽ നബി(സ്വ)തങ്ങൾ സ്വഹാബത്തിന്റെ ഖൽബുകളിൽ നിന്നും എല്ലാ ദൂഷ്യങ്ങളും നീക്കി അവരെ പടിപടിയായി സംസ്കരിച്ച് എല്ലാ ഒൗന്നത്യസ്ഥാനങ്ങളിലും എത്തിക്കുകയും അവരോരുത്തരെയും ജനങ്ങൾക്ക് മാർഗദർശികളാകും വിധം നക്ഷത്രസമാനം പ്രകാശ സാന്നിദ്ധ്യമാക്കുകയും ചെയ്തു. അഥവാ അല്ലാഹുവിനോട് അതിരറ്റ മുഹബ്ബത്തും അവനിൽ പ്രതീക്ഷയും അവന്റെ കോപം ക്ഷണിച്ചുവരുത്തുന്ന കാര്യങ്ങളെ തൊട്ടുള്ള ഭയവും നിറഞ്ഞ തെളിമയാർന്ന ആന്തരികാവസ്ഥകളായിരുന്നു സ്വഹാബത്തിന്റേത്. മാത്രമല്ല അല്ലാഹുവിൽ നിന്ന് അശ്രദ്ധമാക്കുന്ന ദുനിയാവിന്റെ അലങ്കാരങ്ങളോട് അവരുടെ ഖൽബുകൾക്ക് യാതൊരു ആഭിമുഖ്യവുമില്ലായിരുന്നു. വാസ്തവത്തിൽ സൃഷ്ടികളിൽ നിന്ന് മനസ്സ് മുറിച്ച് സ്രഷ്ടാവുമായി ബന്ധം ചേർക്കുന്ന ഇൗയവസ്ഥയെ തന്നെയാണ് തസ്വവ്വുഫിന്റെ മശാഇഖന്മാർ അവരുടെ ഒാരോ മുരീദിലേക്കും പകർന്നു നൽകാൻ ശ്രമിക്കുന്നത്. ഇതിനർത്ഥം തസ്വവ്വുഫുകൊണ്ട് എന്താണോ യഥാർത്ഥത്തിൽ ലക്ഷ്യം വെക്കുന്നത് അക്കാര്യം തന്നെയാണ് നബി(സ്വ) തങ്ങൾ സ്വഹാബത്തിന് പകർന്നുകൊടുത്തത് എന്നാണ്. നബി(സ്വ)തങ്ങളിൽ നിന്ന് സ്വഹാബത്ത് പകർന്നെടുത്ത ഇർഫാനിന്റെയും ഇൗമാനിന്റെയും ഇൗ മേഖലകളെ പിൽക്കാലത്ത് പകർന്നെടുത്തവർ ചില നാമങ്ങളിലൂടെ സ്ഥാനപ്പെടുത്തി എന്നതൊഴിച്ചാൽ തസ്വവ്വുഫിന്റെ ഉള്ളടക്കം നബി(സ്വ) തങ്ങളിലും സ്വഹാബത്തിലും ഉള്ളത് തന്നെയാണെന്ന് മനസ്സിലാക്കാൻ സാധിക്കും. അഹ്കാമിന്റെ മേഖല കർമ്മശാസ്ത്ര മദ്ഹബുകളായതു പോലെ അസ്റാറിന്റെ (ഗുപ്തവിജ്ഞാനങ്ങളുടെ) മേഖല ത്വരീഖത്തും തസ്വവ്വുഫുമായി വികസിപ്പിക്കപ്പെട്ടതാണ് എന്ന് കാണാൻ കഴിയും.
തുടരും