പരിമാണത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റെ അടയാളങ്ങളും-2
മുഖവുരയുടെ ബാക്കി ഭാഗം
റെനെ ഗ്വെനോൺ
മൊഴിമാറ്റം: ഡോ: തഫ്സൽ ഇഹ്ജാസ്
അതേതായാലും, ഇനിയും മുന്നോട്ട് പോകുന്നതിന് മുമ്പ്, മേൽ വിവരിച്ച തത്വത്തെ അത് ഇപ്പോൾ പ്രയോഗിച്ച മണ്ഡലത്തേക്കാൾ പരിമിതമായ ഒരു മണ്ഡലത്തിൽ പ്രയോഗിക്കുക എന്നത് സവിശേഷമായും അഭികാമ്യമായിരിക്കുന്നു. പാരമ്പര്യ ശാസ്ത്രത്തിന്റെയും (traditional science) അപവിത്ര ശാസ്ത്രത്തിന്റെയും (profane science) വീക്ഷണ കോണുകളെ കുറിച്ച് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കിൽ അതിനെ ദുരീകരിക്കാൻ അത് സഹായകമാകും. വിശേഷിച്ചും, അവ രണ്ടിനുമുള്ള ബാഹ്യമായ ചില സമാനതകൾ കാരണമായി ആശയക്കുഴപ്പം ഉണ്ടായെന്ന് വരാം. ഇൗ സമാനതകൾ പലപ്പോഴും ഉണ്ടാവുന്നത്, തലകീഴായിട്ടുള്ള പൊരുത്തങ്ങളിൽ (inverted correspondences) നിന്ന് മാത്രമാണ്. സദൃശ സങ്കേതങ്ങളിൽ വെച്ച് പാരമ്പര്യ ശാസ്ത്രം മൗലികമായി അഭിസംബോധന ചെയ്യുക അവയിൽ ഉന്നതമായതിനെയാണ്. അധമമായതിന് ആപേക്ഷികമായ മൂല്യം മാത്രമേ അത് അനുവദിച്ച് നൽകുന്നുള്ളൂ; അതും, ഉന്നതമായതുമായുള്ള അതിന്റെ അനുരൂപതയുടെ അടിസ്ഥാനത്തിൽ. എന്നാൽ അപവിത്ര ശാസ്ത്രമാവട്ടെ, അധമമായ സംജ്ഞയെ മാത്രമേ പരിഗണിക്കുന്നുള്ളൂ. അത് ബന്ധപ്പെട്ടു കിടക്കുന്ന മണ്ഡലത്തിനപ്പുറത്തേക്ക് കടന്നു ചെല്ലാൻ അതിന് സാധിക്കാത്തത് കൊണ്ട് തന്നെ, സകല യാഥാർത്ഥ്യത്തെയും ആയൊരു മണ്്ഡലത്തിലേക്ക് മാത്രമായി അത് ചുരുക്കുകയും ചെയ്യുന്നു. ഇൗയൊരു പുസ്തകത്തിലെ വിഷയവുമായി നേർക്ക് നേരെ ബന്ധപ്പെട്ടു കിടക്കുന്ന ഒരു ഉദാഹരണമെടുക്കുകയാണെങ്കിൽ, സകല വസ്തുക്കളുടെയും മൂലതത്വങ്ങളായി വിഭാവന ചെയ്യപ്പെടുന്ന പൈതഗോറിയൻ സംഖ്യകൾ (Pythagorean Numbers), ആധുനികർ, അവർ ഗണിത ശാസ്ത്രജ്ഞരായാലും ശരി ജ്യോതി ശാസ്ത്രജ്ഞരായാലും ശരി, മനസ്സിലാക്കി വെച്ചിട്ടുള്ള സംഖ്യകളേയല്ല. ഇത്, മൗലികാർത്ഥത്തിലുള്ള അവ്യയത്വം (principial immutability), ഒരു കല്ലിന്റെ നിശ്ചലതയേയല്ല എന്നത് പോലെ തന്നെയാണ്. അത് പോലെ തന്നെ, യഥാർത്ഥ ഏകത്വം സർവ ഗുണങ്ങളും നീക്കപ്പെട്ട കുറെ ഉൺമകളുടെ ഏകരൂപത (uniformity) പോലെയുമല്ല. ഇങ്ങനെയൊക്കെയാണെങ്കിലും, ഇൗ രണ്ട് ഇടങ്ങളിലും സംഖ്യ എന്ന വിഷയം വരുന്നത് കൊണ്ട് തന്നെ, തികച്ചും പാരിമാണികമായ ഒരു ശാസ്ത്രത്തിന്റെ പക്ഷക്കാർ പൈതഗോറിയൻ കാഴ്ചപ്പാടുള്ളവരെ തങ്ങളുടെ “മുൻഗാമികളിലൊന്നായി” കണക്കാക്കാൻ മടിക്കുന്നില്ല. തുടർന്ന് വരുന്ന കാര്യങ്ങളെ അനുചിതമായി മുൻപേ കൈകാര്യം ചെയ്യാതിരിക്കാൻ വേണ്ടി ഇത്ര മാത്രം പറയാം – ആധുനിക ലോകം അങ്ങേയറ്റം അഭിമാനം കൊള്ളുന്ന അപവിത്ര ശാസ്ത്രങ്ങൾ യഥാർത്ഥത്തിൽ പൗരാണികമായ പാരമ്പര്യ ശാസ്ത്രങ്ങളുടെ ക്ഷയിച്ചു പോയ “അവശിഷ്ടങ്ങൾ” മാത്രമാണ്. അവർ എല്ലാറ്റിനെയും ന്യൂനീകരിച്ച് കൊണ്ടിടാൻ ശ്രമിക്കുന്ന പരിമാണവും, അവരുടെ തന്നെ പ്രത്യേകമായ വീക്ഷണ കോണിലൂടെ നോക്കുമ്പോൾ, സത്തയെ രൂപപ്പെടുത്തുന്ന സകലതും ചോർത്തപ്പെട്ട ഒരു അസ്തിത്വത്തിന്റെ “അവശിഷ്ടം” മാത്രമാണ്. അത് കൊണ്ട് തന്നെ, ഇൗ അഭിനവ ശാസ്ത്രങ്ങൾക്ക്, അവയുടെ പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്ന് യഥാർത്ഥത്തിൽ സാരവത്തായ എല്ലാറ്റിനെയും പുറംതള്ളുകയോ ഒഴിവാക്കുകയോ ചെയ്തത് നിമിത്തം, ഒരു സംഗതിയെ കുറിച്ചുള്ള വിശദീകരണവും നൽകാനാവില്ല എന്ന് വ്യക്തമായി സ്വയം തെളിയിച്ചിരിക്കുന്നു.
എപ്രകാരം, സംഖ്യകളെ കുറിച്ച പാരമ്പര്യ ശാസ്ത്രം, ബീജഗണിതപരവും മറ്റുമായ സകല വികാസ സാധ്യതകളെയും ഉൾക്കൊള്ളുന്ന ആധുനികരുടെ അപവിത്ര സംഖ്യാശാസ്ത്രത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണോ, അത് പോലെ തന്നെ ജ്യാമിതി എന്ന “അക്കാദമിക” നാമത്തിൽ ഇന്ന് അറിയപ്പെടുന്ന ശാസ്ത്രത്തിൽ നിന്ന് ഗഹനമാം വണ്ണം വ്യതിരിക്തമായ ഒരു “പവിത്ര ജ്യാമിതിയും” (sacred geometry) ഉണ്ട്. ഇൗ കാര്യം വളരെയധികം ഉൗന്നിപ്പറയേണ്ടതില്ല. കാരണം, ഗ്രന്ഥകാരന്റെ മുൻ കൃതികൾ, വിശിഷ്യാ “കുരിശിന്റെ പ്രതീകാത്മകത്വം” (Le Symbolisme de la Croix) വായിച്ചിട്ടുള്ളവർക്ക് ഇൗ പ്രതീകാത്മക ജ്യാമിതിയെ കുറിച്ച് അവയിൽ വന്നിട്ടുള്ള നിരവധി പരാമർശങ്ങളെ മനസ്സിലേക്ക് ഒാർത്തെടുക്കാനാവും. ഉന്നതമായ തലത്തിലുള്ള യാഥാർത്ഥ്യങ്ങളെ, ചുരുങ്ങിയത്, അവയെ ഇന്ദ്രിയങ്ങൾക്ക് പ്രാപ്യമായ രൂപത്തിൽ അവതരിപ്പിക്കാവുന്നേടത്തോളമെങ്കിലും, പ്രതിപാദിക്കുന്നതിന് അത് എത്രത്തോളം ഉതകുന്നു എന്നതും അവർക്ക് കാണാൻ സാധിച്ചിട്ടുണ്ടാകും. ജ്യാമിതീയ രൂപങ്ങൾ, അടിസ്ഥാനപരമായും അനിവാര്യമായും, സകല ഭാഷകളിലെയും അക്ഷര ചിഹ്നങ്ങളും സംഖ്യാ ചിഹ്നങ്ങളും തൊട്ട് അതി സങ്കീർണവും പ്രത്യക്ഷത്തിൽ വിചിത്രവും ആയ ഉപനയനപരമായ (initiatic ) ‘യന്ത്രങ്ങൾ’ വരെയുള്ള ബിംബവൽകൃതമോ (figured) ചിത്രിതമോ (graphic) ആയ സകല പ്രതീകാത്മകത്വങ്ങളുടെയും അടിസ്ഥാനമാണല്ലോ? ഇത്തരത്തിലുള്ള ഒരു പ്രതീകാത്മകത്വത്തിന് അപരിമിതമാം വണ്ണം പെരുത്ത പ്രയോഗങ്ങൾ ഉണ്ടാവും എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. അതോടൊപ്പം തന്നെ വ്യക്തമാവേണ്ട മറ്റൊരു കാര്യം, ഇത്തരത്തിലുള്ള ഒരു ജ്യാമിതി, ശുദ്ധമായ പരിമാണവുമായി (pure quanttiy ) മാത്രം ബന്ധപ്പെട്ടതാണ് എന്നതിൽ നിന്നും വിരുദ്ധമായി മൗലികമായി തന്നെ ഗുണപരമായതാണ് എന്നതാണ്. സംഖ്യകളുടെ യഥാർത്ഥ ശാസ്ത്രത്തെ കുറിച്ചും ഇത് തന്നെ പറയാൻ സാധിക്കും. കാരണം, മൂലതത്വപരമായ അക്കങ്ങൾ, സാധർമ്മ്യം കൊണ്ട് അക്കങ്ങളാണെങ്കിലും, നമ്മുടെ ലോകവുമായി ബന്ധപ്പെട്ടു കൊണ്ട് നോക്കുകയാണെങ്കിൽ സാധാരണ ഗണിതത്തിലെ അക്കങ്ങൾ നിലകൊള്ളുന്നതിന്റെ വിരുദ്ധ ധ്രുവത്തിലാണ് അവ നിലകൊള്ളുന്നത്. എന്നാൽ, രണ്ടാമത് പറഞ്ഞ അക്കങ്ങളെ കുറിച്ച് മാത്രമേ ആധുനികർക്കറിയുകയുള്ളൂ. അവയിലേക്ക് മാത്രമാണ് അവർ തങ്ങളുടെ പൂർണ ശ്രദ്ധയും തിരിച്ചിട്ടുള്ളത്. അങ്ങിനെ പ്ലാറ്റോയുടെ ഗുഹയിലെ തടവുകാരെ കുറിച്ച് പറഞ്ഞത് പോലെ, അവർ നിഴലിനെ യാഥാർത്ഥ്യമായി ഗണിച്ചിരിക്കുന്നു.
ഇൗ പഠനകൃതി രൂപപ്പെടുത്തിയിട്ടുള്ളത്, വളരെ സാമാന്യമായ അർത്ഥത്തിൽ പറഞ്ഞാൽ, പാരമ്പര്യ ശാസ്ത്രങ്ങളുടെ യഥാർത്ഥ സ്വഭാവത്തെ കുറിച്ച, മുന്നോട്ട് കടന്നുള്ളതും കൂടുതൽ പൂർണതയുള്ളതുമായ വിശദീകരണം നൽകാൻ വേണ്ടിയാണ്. അതിലൂടെ, അവയെ അവയുടെ ഹാസ്യാനുകരണമോ പാരഡിയോ പോലെയുള്ള അപവിത്ര ശാസ്ത്രങ്ങളിൽ നിന്ന് വേർതിരിക്കുന്ന അഗാധഗർത്തത്തെ എടുത്ത് കാണിക്കുകയും വേണം. ഇത് മുഖേന, ആദ്യത്തേതിൽ നിന്ന് രണ്ടാമത്തേതിലേക്ക് കടന്നു ചെല്ലുന്നതിലൂടെ ആധുനിക മാനസികാവസ്ഥക്ക് സംഭവിച്ചിട്ടുള്ള ജീർണ്ണതയുടെ തോത് അളക്കാൻ കഴിയും. ഒാരോ ശാസ്ത്രവും പരിഗണിക്കുന്ന വസ്തുക്കളെ അവയുടെ യഥാർത്ഥ സ്ഥാനത്ത് തന്നെ വെക്കുന്നതിലൂടെ, എങ്ങിനെയാണ് ഇൗ ജീർണ്ണനം നമ്മുടെ മാനവികത കടന്നു പോയിക്കൊണ്ടിരിക്കുന്ന ചക്രത്തിന്റെ അധോഗതിയെ കണിശമായും പിൻപറ്റുന്നതെന്ന് സൂചിപ്പിക്കാനും ഇത് കൊണ്ട് സാധിക്കും. ഇൗ സമസ്യകളെയെല്ലാം പൂർണമായും കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ആർക്കും അവകാശപ്പെടാനാവില്ല എന്ന കാര്യം ഇവിടെ വ്യക്തമായിരിക്കണം. കാരണം, അവ അവയുടെ സ്വഭാവം കൊണ്ട് തന്നെ അറുതിയില്ലാത്തതാണ്. എന്നാലും, ഇൗ കാലഘട്ടത്തോട് യോജിച്ചിട്ടുള്ള “പ്രാപഞ്ചിക സന്ദർഭം” (cosmic moment ) ഏതെന്ന നിർണയത്തിന് ആവശ്യമായ തീർപ്പുകളിലേക്ക് ഏതൊരാൾക്കും എത്തിച്ചേരാൻ സാധിക്കുന്നതിന് മതിയായത് പറയാൻ ശ്രമിക്കുന്നതാണ്. ഇതിന് വേണ്ടി കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ എത്രത്തോളമാണെന്നത് ഇനിയും ചിലർക്ക് അസ്പഷ്ടമായി തുടരുകയാണെങ്കിൽ, അത് ഇവിടെ സ്വീകരിച്ചിട്ടുള്ള വീക്ഷണ കോൺ അവരുടെ മാനസിക ശീലങ്ങളുമായി പൊരുത്തപ്പെടാത്തത് കൊണ്ടും, അവർക്ക് ലഭിച്ച വിദ്യാഭ്യാസത്തിലൂടെയും അവർ ജീവിക്കുന്ന ചുറ്റുപാടിലൂടെയും അവരിലേക്ക് സന്നിവേശിക്കപ്പെട്ടിട്ടുള്ളവയെ തൊട്ടെല്ലാം അത് വളരെ അപരിചിതമായത് കൊണ്ടും മാത്രമാണ്. ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല, കാരണം, പ്രതീകാത്മകമായ രീതിയിലുള്ള പ്രകാശനം മാത്രം സാധ്യമായ കാര്യങ്ങളുണ്ട്. പ്രതീകാത്മകത്വം (symbolism ) എന്നത് വെറും മൃതമായ അക്ഷരം മാത്രമായിട്ടുള്ളവർക്ക് അതിനാൽ ഇവ ഒരിക്കലും മനസ്സിലാക്കാനുമാവില്ല. ഉപക്രമ സ്വഭാവത്തിലുള്ള (initiatory ) സകല അധ്യയനങ്ങളുടെയും അനുപേക്ഷണീയ മാധ്യമമാണ് പ്രതീകാത്മക രീതിയിലുള്ള പ്രകാശനം എന്നത് ഇവിടെ ഒാർക്കേണ്ടതുണ്ട്. അപവിത്രതയുടെ ലോകത്തെയും (profane world) അതിന്റെ സ്പഷ്ടവും ഒരർത്ഥത്തിൽ സ്വാഭാവികവുമായ ഗ്രാഹ്യ ശേഷിയില്ലായ്മയെയും തൽക്കാലം വിട്ട് കൊണ്ട്, പടിഞ്ഞാറ് ഇപ്പോഴും നിലനിൽക്കുന്ന ഉപക്രമത്തിന്റെ അവശിഷ്ടങ്ങളിലേക്ക് കണ്ണോടിക്കുകയാണെങ്കിൽ, ശരിയായ ധൈഷണിക “യോഗ്യത” ഇല്ലാത്ത ചിലർ അവരുടെ ധ്യാന-മനനങ്ങൾക്കായി വെച്ചു നീട്ടപ്പെട്ട പ്രതീകങ്ങളുടെ കാര്യത്തിൽ കാട്ടിക്കൂട്ടുന്നതെന്തെന്ന് കാണാൻ കഴിയും. ഇൗയാളുകൾക്ക്, അവർക്ക് നൽകപ്പെട്ട സ്ഥാനനാമങ്ങളും അവർക്ക് “അവാസ്തവികമായി” ലഭിച്ച ഉപക്രമ പദവികളും എന്തുമായിക്കൊള്ളട്ടെ, ഒരിക്കലും തന്നെ “കിഴക്കിന്റെയും പടിഞ്ഞാറിന്റെയും മഹാ വാസ്തുശിൽപികളുടെ” നിഗൂഢ ജ്യാമിതിയുടെ ചെറിയൊരംശത്തിന്റെ യഥാർത്ഥ സാരത്തിലേക്ക് പോലും കടന്നു ചെല്ലാനാവില്ല എന്നത് തീർച്ചയാണ്.
പടിഞ്ഞാറിനെ കുറിച്ച് ഇപ്പോൾ സൂചിപ്പിക്കുകയുണ്ടായി, അതു കൊണ്ട്, ഒരു കാര്യം കൂടി പ്രസ്താവിക്കേണ്ടിയിരിക്കുന്നു : “ആധുനികം” എന്ന് സവിശേഷമായി നാമകരണം ചെയ്യപ്പെട്ടിട്ടുള്ള മാനസികാവസ്ഥ അതെത്ര ദൂരം, വിശേഷിച്ചും ഇൗയടുത്ത വർഷങ്ങളിൽ, വ്യാപിച്ചാലും ശരി; മുഴുലോകത്തിന്റെ മേലുള്ള അതിന്റെ പിടുത്തം, അത് ബാഹ്യമായ അർത്ഥത്തിലാണെങ്കിൽ പോലും, എത്ര ശക്തമാണെങ്കിലും, എത്ര സമ്പൂർണമായി പ്രയോഗിക്കപ്പെടുന്നതാണെങ്കിലും ശരി, ഇൗ മാനസികാവസ്ഥയുടെ ഉൽഭവം തികച്ചും പാശ്ചാത്യമാണ്. അതിന്റെ ജനനം പടിഞ്ഞാറ് തന്നെയാണ് ഉണ്ടായത്, വളരെ ദീർഘമായ ഒരു കാലഘട്ടം മുഴുവൻ പടിഞ്ഞാറ് തന്നെയായിരുന്നു അതിന്റെ സ്വന്തം മേഖല. കിഴക്കുള്ള അതിന്റെ സ്വാധീനം പാശ്ചാത്യവൽക്കരണമല്ലാതെ മറ്റൊന്നുമല്ല. ഇനിയും ചുരുളഴിയാനിരിക്കുന്ന സംഭവ ഗതികളുടെ ഭാഗമായി അതിന്റെ സ്വാധീനം എത്ര വിദൂരത്തിൽ വ്യാപിച്ചാലും ശരി, ആ വ്യാപനത്തിനൊന്നും തന്നെ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ആത്മാവുകൾ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പറഞ്ഞതിനെ നിരാകരിക്കാനാവില്ല. ഇൗ വ്യത്യാസം പാരമ്പര്യ ചേതനയും ആധുനിക ചേതനയും തമ്മിലുള്ളതല്ലാതെ മറ്റൊന്നുമല്ല. കാരണം, ഒരു മനുഷ്യൻ, അയാളുടെ വംശവും രാജ്യവും ഏതുമായിക്കൊള്ളട്ടെ, എത്രത്തോളം സ്വയത്തെ “പാശ്ചാത്യവൽകരിക്കുന്നുവോ”, അത്രത്തോളം അയാൾ ആത്മീയമായും ധൈഷണികമായും ഒരു പൗരസ്ത്യനല്ലാതായി തീരുന്നു എന്നത് വളരെ വ്യക്തമാണ്. ഇത് പറയുന്നത്, യഥാർത്ഥത്തിൽ പ്രസക്തമായ ആ ഒരൊറ്റ വീക്ഷണ കോണിൽ നിന്ന് കൊണ്ടാണ്. ഇത് കേവലം ഭൂമിശാസ്ത്രത്തിന്റെ പ്രശ്നമല്ല; ആ വാക്കിന്, ആധുനികമായി നൽകപ്പെട്ടിട്ടുള്ള വിവക്ഷയല്ലാത്ത മറ്റൊരർത്ഥത്തിൽ അതിനെ മനസ്സിലാക്കപ്പെടുന്നില്ലെങ്കിൽ – എന്തെന്നാൽ, പ്രതീകാത്മകമായ ഒരു ഭൂമിശാസ്ത്രവുമുണ്ട്. ഇവ്വിഷയകമായി, പടിഞ്ഞാറിന്റെ മേധാവിത്വവും ഒരു ചക്രത്തിന്റെ അന്ത്യവും തമ്മിൽ വളരെ സുപ്രധാനമായ ഒരു പൊരുത്തമുണ്ട്. കാരണം, പടിഞ്ഞാറാണ് സൂര്യൻ അസ്തമിക്കുന്നത്, അതായത് അവിടെയാണ് അത് അതിന്റെ ദൈനിക പ്രയാണത്തിന്റെ അന്ത്യത്തിൽ എത്തിച്ചേരുന്നത്. “പഴുത്ത പഴം മരച്ചുവട്ടിൽ വീഴും” എന്ന് ചൈനീസ് പ്രതീകാത്മകവാക്യ പ്രകാരം പറയുന്ന സ്ഥാനവും അത് തന്നെയാണ്. പടിഞ്ഞാറ് ഏത് മാർഗേനയാണ് ഇൗ ആധിപത്യം സ്ഥാപിച്ചത് എന്നതിനെ കുറിച്ച് – ഒരു ഗണ്യമായ എണ്ണം പൗരസ്ത്യരുടെ “ആധുനികവൽകരണം” എന്നത് ഇതിന്റെ ഏറ്റവും പുതിയതും അങ്ങേയറ്റം അലോസരപ്പെടുത്തുന്നതുമായ ഒരു പരിണതി മാത്രമാണ് – ഗ്രന്ഥകാരന്റെ ഇതര കൃതികളിൽ പര്യാപ്തമാം വണ്ണം വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഇൗ മാർഗങ്ങളെല്ലാം ഭൗതിക ശക്തിയിൽ മാത്രം അധിഷ്ഠിതമാണ്. മറുവാക്കുകളിൽ പറയുകയാണെങ്കിൽ, പടിഞ്ഞാറൻ മേധാവിത്വം “പരിമാണത്തിന്റെ വാഴ്ചയുടെ” ഒരു പ്രകടനമല്ലാതെ മറ്റൊന്നുമല്ല.
അങ്ങിനെ, കാര്യങ്ങളെ നമ്മൾ ഏത് വശത്ത് നിന്ന് നോക്കിയാലും, ഒരേ പരിഗണനകളിലേക്ക് തന്നെ നമ്മൾ മടക്കപ്പെടുന്നു. അവയുടെ സാധ്യമായ പ്രയോഗങ്ങളിലെല്ലാം തന്നെ അവ നിരന്തരം സ്ഥിരീകരിക്കപ്പെടുന്നതായും നമ്മൾ കാണുന്നു. ഇതിൽ അൽഭുതപ്പെടാനൊന്നുമില്ല. കാരണം, സത്യം അനിവാര്യമായും യുക്തിയുക്തം തന്നെയാണ്. എന്ന് വച്ച്, ദാർശനികരും അദീക്ഷിത (profane) പണ്ഡിതരും യാതൊരു വൈമനസ്യവുമില്ലാതെ കരുതുന്നത് പോലെ, സത്യം ” വ്യവസ്ഥാപിതമാണ് ” ( systematic ) എന്ന് ഇതിന് അർത്ഥമില്ല. പരിമിതമായ ആശയങ്ങളുടെ തടവിലകപ്പെട്ടിരിക്കുകയാണവർ. ആ ആശയങ്ങളെ കുറിച്ച് മാത്രമേ ” വ്യവസ്ഥകൾ ” എന്ന വാക്ക് പ്രയോഗിക്കാനാവൂ. വൈയക്തിക മനോനിലകളെ അവയ്ക്ക് തന്നെ വിട്ടു കൊടുത്താൽ അവയ്ക്കുണ്ടാവുന്ന അപര്യാപ്തതയെയും ഇത് പ്രതിഫലിപ്പിക്കുന്നു. സാമ്പ്രദായികമായി, നമ്മൾ ” പ്രതിഭാശാലികൾ ” എന്ന് വിളിക്കപ്പെടുന്നവരുടെ മനോനിലകളുടെ കാര്യമാണെങ്കിൽ പോലും ഇതിങ്ങനെ തന്നെയാണ്. കാരണം, അത്തരമാളുകളുടെ അങ്ങേയറ്റം ഉൗറ്റം കൊള്ളപ്പെടുന്ന അനുമാനങ്ങൾക്ക് പോലും ഏറ്റവും ലഘുവായ ഒരു പാരമ്പര്യ സത്യത്തിന്റെ മൂല്യമില്ല. ഇൗ വിഷയത്തെ കുറിച്ച്, മുമ്പൊരിക്കൽ വ്യക്തിവാദത്തിന്റെ കെടുതികളെ തള്ളിപ്പറയേണ്ടി വന്നപ്പോൾ ആവശ്യത്തിന് നാം വിശദീകരിച്ചിട്ടുണ്ട്. കാരണം, ഇതും ആധുനിക ചേതനയുടെ സവിശേഷതകളിൽ പെട്ടതാണ്. ഒരാളിൽ സമ്പൂർണമായ തികവിനെ രൂപപ്പെടുത്തുന്നു എന്ന് വിഭാവന ചെയ്യപ്പെടുന്ന വ്യക്തിയുടെ വ്യാജ ഏകത്വം പ്രാപഞ്ചിക ക്രമത്തിൽ ” ആറ്റം ” എന്ന് വിളിക്കപ്പെടുന്നതിന്റെ വ്യാജ ഏകത്വത്തിന് സമാനമായി മാനുഷിക ക്രമത്തിലുള്ളതാണ്. ഇവ രണ്ടും ശുദ്ധമായ പാരിമാണിക കാഴ്ചപ്പാടിൽ “അവിശ്ലേഷിതം ” ആയി ഗണിക്കപ്പെടുന്ന മൂലകങ്ങൾ മാത്രമാണ്. അത് കൊണ്ട് തന്നെ, ഒരു തരത്തിലുള്ള അപരിമിതമായ ആവർത്തനത്തിന് സാധ്യമായവയായി സങ്കൽപ്പിക്കപ്പെടുന്നു. കൃത്യമായി പറഞ്ഞാൽ ഇതൊരു അസാധ്യതയാണ്, കാരണം വസ്തുക്കളുടെ പ്രകൃതത്തോട് മൗലികമായി തന്നെ പൊരുത്തപ്പെടാത്തതാണിത്. ഇൗ അപരിമിതമായ ആവർത്തനമെന്നത്, സമകാലിക ലോകം സർവ്വ ശക്തിയുമെടുത്ത് കൊണ്ട് എത്തിച്ചേരാൻ വേണ്ടി ക്ലേശിക്കുന്ന ശുദ്ധമായ പെരുക്കമല്ലാതെ മറ്റൊന്നുമല്ല. എന്നാൽ അതിലേക്ക് സ്വയം നഷ്ടപ്പെട്ട് ഇല്ലാതായിത്തീരാൻ അതിന് സാധിക്കുന്നുമില്ല. കാരണം, ശുദ്ധ പെരുക്കം എന്നത് പ്രത്യക്ഷീഭവിച്ച അസ്തിത്വത്തിന്റെ തലത്തിന് കീഴെ നിലകൊള്ളുന്ന ഒന്നാണ്. മൂലതത്വപരമായ ഏകത്വത്തിന്റെ പൂർണ വിരുദ്ധത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. അതിനാൽ, ആപതനപരമായ ചാക്രിക ചലനത്തെ ഇൗ രണ്ട് ധ്രുവങ്ങൾക്കിടയിൽ നടക്കുന്നതായിട്ടാണ് നാം മനസ്സിലാക്കേണ്ടത്. ഏകത്വത്തിൽ നിന്നോ, അല്ലെങ്കിൽ കൂടുതൽ കൃത്യമായി പറഞ്ഞാൽ, നാം വിഭാവന ചെയ്യുന്ന അസ്തിത്വത്തിന്റെ തലത്തെ പരിഗണിക്കുമ്പോൾ പ്രത്യക്ഷീകരണത്തിന്റെ മണ്ഡലത്തിൽ ഏകത്വത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ബിന്ദുവിൽ നിന്നോ അത് ആരംഭിക്കുന്നു. തുടർന്ന്, പെരുക്കത്തിലേക്ക്, അതായത്, വിശകലനപരമായും ഒരൂ തത്വത്തെയും അവലംബമാക്കാതെയും പരിഗണിക്കപ്പെടുന്ന പെരുക്കത്തിലേക്ക് അത് ക്രമേണ നീങ്ങുന്നു. മൗലിക ക്രമത്തിൽ, എല്ലാ പെരുക്കവും ഏകതയിൽ തന്നെ സംയോജനാത്മകമായി ഉൾക്കൊള്ളിക്കപ്പെട്ടിരിക്കുന്നു എന്നത് ഇവിടെ പ്രത്യേകം പറയേണ്ടതില്ല. ഇപ്പോൾ ചൂണ്ടിക്കാണിക്കപ്പെട്ടത് പോലെ തന്നെ, ഒരു വശത്ത് ഏകത്വവും മറുവശത്ത് “ഏകകങ്ങളും” (units) ഉള്ളതിനോട് പാരസ്പര്യം പുലർത്തുന്ന രീതിയിൽ തന്നെ രണ്ട് അഗ്ര ബിന്ദുക്കളിലും ഒരർത്ഥത്തിൽ പെരുക്കം ഉണ്ടെന്ന് തോന്നിയേക്കാം. പക്ഷെ, തല കീഴായ സാദൃശ്യത്തിന്റെ (inverse analogy) ആശയം ഇവിടെയും കണിശമായി പാലിക്കപ്പെടുന്നുണ്ട്. അങ്ങിനെ, മൂലതത്വപരമായ പെരുക്കം ഭൗതികാതീതമായ ഏകത്വത്തിൽ (metaphysical unity ) അടങ്ങിയിരിക്കുന്നുവെങ്കിൽ, ഗണിതശാസ്ത്രപരമോ പാരിമാണികമോ ആയ “ഏകകങ്ങൾ” ഉള്ളടങ്ങിയിട്ടുള്ളത് മറ്റെ താഴെയുള്ള പെരുക്കത്തിലാണ്. സാന്ദർഭികമായി പറഞ്ഞാൽ, “ഏകകങ്ങളെ” കുറിച്ച് ബഹുവചനത്തിൽ സംസാരിക്കാൻ സാധിക്കുന്നു എന്നത് തന്നെ അങ്ങിനെ സംസാരിക്കപ്പെടുന്ന ഒരു കാര്യം യഥാർത്ഥ ഏകത്വത്തിൽ നിന്ന് എത്ര വിദൂരസ്ഥമാണ് എന്നതിനെ വ്യക്തമായി കാണിച്ചു തരുന്നില്ലേ? താഴെ നിന്നുമുള്ള പെരുക്കം, നിർവചനപരമായി തന്നെ ശുദ്ധമായും പാരിമാണികമാണ്. എല്ലാ ഗുണങ്ങളും വിനഷ്ടമായ പരിമാണം തന്നെയാണ് അത് എന്ന് പറയാൻ കഴിയും. മറുഭാഗത്ത്, മുകളിൽ നിന്നുള്ള പെരുക്കം അല്ലെങ്കിൽ സദൃശപരമായി അങ്ങിനെ വിളിക്കപ്പെടുന്ന സംഗതി യഥാർത്ഥത്തിൽ ഗുണപരമായ പെരുക്കം തന്നെയാണ്. ഉൺമകളുടെയും വസ്തുക്കളുടെയും സത്തയെ രൂപപ്പെടുത്തുന്ന ഗുണങ്ങളുടെയും വിശേഷണങ്ങളുടെയും ഗണം തന്നെയാണത്. അത് കൊണ്ട്, നേരത്തെ പരാമർശിക്കപ്പെട്ട പതനം എന്നത്, ശുദ്ധമായ ഗുണത്തിൽ നിന്ന് നീങ്ങി ശുദ്ധമായ പരിമാണത്തിന്റെ ദിശയിലേക്കുള്ളതാണ്. ഇവ രണ്ടും പ്രത്യക്ഷീകരണത്തിന് ബാഹ്യമായി, ഒന്ന് മുകളിലായും മറ്റേത് കീഴെയായും, നിലകൊള്ളുന്ന അതിരുകളാണ്. നമ്മുടെ ലോകത്തിന്റെയും അസ്തിത്വത്തിന്റെ അവസ്ഥയുടെയും പ്രത്യേക അവസ്ഥകളുമായി ബന്ധപ്പെടുത്തി പറയുകയാണെങ്കിൽ, ഇൗ അതിരുകൾ രണ്ട് സാർവലൗകിക തത്വങ്ങളുടെ ആവിഷ്കാരമാണ്. അവയെ കുറിച്ച് മറ്റൊരിടത്ത് പരാമർശിച്ചിട്ടുള്ളത്, “സത്ത” (Essence) , “പദാർത്ഥം” (Substance) എന്നാണ്. ഇൗ രണ്ട് ധ്രുവങ്ങൾക്കിടയിലാണ് എല്ലാ പ്രത്യക്ഷീകരണവും സംഭവിക്കുന്നത്. ഇൗയൊരു വിഷയത്തെ കുറിച്ചാണ് ആദ്യം നമുക്ക് കൂടുതൽ പൂർണമായി വിശദീകരിക്കേണ്ടത്. കാരണം, പ്രത്യേകിച്ചും ഇതിൽ തന്നെയാണ് നമുക്ക് പിന്നീട് ഇൗ പഠനത്തിൽ വികസിപ്പിച്ചെടുക്കേണ്ട പരിഗണനകളെ നന്നായി മനസ്സിലാക്കാൻ സാധിക്കുക.