അബൂസക്കീന:
ലോകർക്കാകമാനം മാർഗദർശകരായി ആഗതരായ പ്രവാചകർ(സ) യുടെ ആസ്ഥാനം മദീന മുനവ്വറയാണെങ്കിലും മദീന മുനവ്വറയിൽ നിന്ന് ഉദിച്ച സൂര്യതേജസ് ലോകത്തിലാകെ ജ്വലിച്ചു നിൽക്കണമല്ലോ? അതിനാൽ പ്രവാചകർ(സ) യുടെ അനുയായികൾ നാനാദിക്കുകളിലേക്കും മദീനയിൽ നിന്ന് കൊളുത്തിയ വെളിച്ചവുമായി പലായനം ചെയ്തു. അതിന് ശേഷം, ഒാരോ പ്രദേശത്തും ദീനിനെ പുനരുജ്ജീവിപ്പിക്കുന്ന പരിഷ്കർത്താക്കളും വിശ്വപ്രസിദ്ധരായ ജ്ഞാനികളും ഇൗ ഉമ്മത്തിൽ ഉയർന്നു വന്നു. സ്വഹാബാക്കൾക്ക് ശേഷം മദ്ഹബിന്റെ ഇമാമുകൾ ഹിജാസിൽ നിന്നും ശാമിൽ നിന്നും ഇറാഖിൽ നിന്നും ഉയർന്ന് വന്നു. ഹദീസ് ഗ്രന്ഥങ്ങളിൽ വിശ്വപ്രസിദ്ധമായതും ഏറ്റവും ആധികാരികമായതും പിറവി കൊണ്ടത് ഖുറാസാൻ പ്രവിശ്യയിൽ ജന്മം കൊണ്ട ഇമാമുകളിൽ നിന്നാണ്. ബുഖാറയും സമർക്കന്തും അവയിൽ എടുത്തു പറയേണ്ട കേന്ദ്രങ്ങളാണ്. അങ്ങിനെ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഇമാമുകളും മശാഇഖുകളും ദീനിന്റെ പുനരുജ്ജീവനത്തിനായി രംഗത്ത് വന്നിട്ടുണ്ട്. അക്കൂട്ടത്തിൽ കഴിഞ്ഞ മൂന്നോ നാലോ നൂറ്റാണ്ടുകളായി ദീനി നവോത്ഥാന നായകരാൽ ശ്രദ്ധേയമായ പ്രദേശമാണ് നമ്മുടെ ഇന്ത്യ. ഇന്ത്യ ഇസ്ലാമിക വൈജ്ഞാനികതയുടെ ആസ്ഥാനമായി ശ്രദ്ധ നേടി തുടങ്ങുന്നത് ഇമാം അബ്ദുൽഹഖ് ദഹ്ലവി (റ) യിലൂടെയാണ്. പിന്നീട്, പതിനൊന്നാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ ഇന്ത്യയിൽ നിന്ന് വിരചിതമായിട്ടുള്ള ശ്രദ്ധേയമായ ഇസ്ലാമിക വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ മുഴുവൻ പ്രചോദനവും സ്വാധീനവുമാണ് അബ്ദുൽഹഖ് ദഹ്ലവി(റ). തഫ്സീർ, ഫിഖ്ഹ്, അഖീദ, ഭാഷാ ശാസ്ത്രം, തത്വ ശാസ്ത്രം തുടങ്ങിയ വിവിധങ്ങളായ വിജ്ഞാന ശാഖകളിൽ സ്തുത്യർഹമായ സേവനങ്ങൾ ചെയ്തിട്ടുള്ളവരും അറബിയിലും പേർഷ്യനിലുമായി അനവധി മൂല്യവത്തായ ഗ്രന്ഥങ്ങളുടെ കർത്താവുമാണ് ഇമാം അബ്ദുൽ ഹഖ് ദഹ്ലവി(റ). ഇമാം അവർകൾക്ക് ശരീഅ വിജ്ഞാനങ്ങളിലും ഹദീസ് രംഗത്തും വ്യുൽപ്പത്തിയുള്ളതോടൊപ്പം തന്നെ ആധ്യാത്മിക സരണികളിൽ പ്രവേശിച്ച സൂഫിയും കൂടിയായിരുന്നു.
സൈഫുദ്ദീൻ ഇബ്നു അസ്സെഫി അദ്ദഹ്ലവിയുടെ മകനായി ഹിജ്റ 958(എ.ഡി 1551) മുഹറം മാസത്തിലാണ് അബ്ദുൽ ഹഖ് ദഹ്ലവി(റ) ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സൈഫുദ്ദീൻ ദഹ്ലവി (ന.മ) അക്കാലത്തെ പണ്ഡിതന്മാരിൽ പ്രമുഖരായിരുന്നു. മാത്രമല്ല ഹദീസ് രംഗത്തും സാഹിത്യ മേഖലയിലും ഒട്ടേറെ ഗ്രന്ഥങ്ങളും മഹാൻ രചിച്ചിട്ടുണ്ട്. മഹാനായ ഹാഫിള് ദഹബി (റ) യുടെ ഹദീസ് ഗ്രന്ഥമായ അൽ കാശിഫിന് മികച്ചൊരു വ്യാഖ്യാനമെഴുതിയിട്ടുണ്ട്.
ഉന്നതരായ ഒരു പണ്ഡിതന്റെ മകനായി ജനിച്ചു വളർന്നത് കൊണ്ട് തന്നെ വിജ്ഞാനത്തിന്റെ മേഖലയിൽ മുന്നേറാനുള്ള വാസന അബ്ദുൽഹഖ് ദഹ്ലവി(റ)ക്ക് ജന്മസിദ്ധമായിട്ടുള്ളതാണ്. ചെറുപ്പത്തിൽ തന്നെ പാരായണ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിശുദ്ധ ഖുർആൻ കൃത്യമായി പാരായണം ചെയ്യാൻ പഠിച്ചു. പിന്നീട് അറബി ഭാഷയും അനുബന്ധ വിഷയങ്ങളും കരഗതമാക്കി. സ്വപിതാവിൽ നിന്നും മറ്റ് പ്രഗത്ഭരായ ഇന്ത്യൻ പണ്ഡിതന്മാരിൽ നിന്നും വിജ്ഞാനത്തിന്റെ മധു നുകർന്നതിനു ശേഷം അദ്ദേഹം ആർജിച്ചെടുത്ത വിജ്ഞാന സമ്പത്തിനെ വിജ്ഞാന കുതുകുകളായ വിദ്യാർത്ഥികൾക്ക് പകർന്ന് കൊടുക്കാൻ ഡൽഹി കേന്ദ്രമാക്കി അദ്ധ്യാപനത്തിൽ മുഴുകി.
വിജ്ഞാന ദാഹിയായ അബ്ദുൽഹഖ് ദഹ്ലവി (റ)ക്ക് സ്വദേശത്ത് നിന്നും നുകരാൻ സാധിച്ച വിജ്ഞാനങ്ങളിൽ ദാഹം തീർന്നില്ല. ദൽഹിയിലെ തന്റെ അധ്യാപന വൃത്തി നിർത്തിവെച്ച് ഉപരിപഠനാർത്ഥം യാത്ര പുറപ്പെടാൻ തീരുമാനിച്ചു. മുപ്പത്തിയെട്ടാം വയസ്സിൽ(ഹി.996)ൽ അദ്ദേഹം ഹിജാസിലേക്ക് യാത്രതിരിച്ചു. ഹിജാസിലേക്കുളള യാത്രക്കിടയിൽ കുറച്ച് കാലം ഗുജറാത്തിലെ പ്രസിദ്ധ ഹദീസ് പണ്ഡിതനായ ഇമാം വജീഹുദ്ദീൻ ഗുജറാത്തി(റ)യിൽ നിന്നും പഠിക്കുവാൻ അവസരം കണ്ടെത്തി. പിന്നീട് ഹിജാസിലെത്തുകയും മക്കയിലെ ഹദീസ് പണ്ഡിതന്മാരിൽ നിന്നും വിദ്യനുകരുകയും അവരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. പ്രസിദ്ധ ഹദീസ് ഗ്രന്ഥങ്ങളായ മഹാനായ ഇമാം ബുഖാരി(റ) വിന്റെ സ്വഹീഹുൽ ബുഖാരിയും മുസ്ലിം(റ) വിന്റെ സ്വഹീഹ് മുസ്ലിമും ഇമാം ഖത്തീബുത്വിബ്രീസി(റ) യുടെ മിശ്കാത്തുൽ മസാബീഹും അവിടെ വെച്ച് ഗഹനമായി പഠിക്കുകയും അവയിൽ കൂടുതൽ അവഗാഹം നേടുകയും ചെയ്തു.
അക്കാലത്ത് മക്കയിലെ പ്രശസ്തരായ ഹദീസ് പണ്ഡിതന്മാരായിരുന്ന വലിയ്യുളളാഹിൽ മുത്തഖി (റ), അലി ജാറുല്ലാഹിൽ ളഹീറ(റ)എന്നിവരായിരുന്നു ഇമാം അവർകളുടെ മക്കയിലെ പ്രധാന ഗുരുവര്യർ. പിന്നീട് മദീനയിലേക്ക് പോവുകയും അഹ്മദ് ബ്നു മുഹമ്മദ് ബ്നു മുഹമ്മദ് അബുൽ ഹസ്മിൽ മദനി (റ), ശൈഖ് ഹമീദുദ്ദീൻ ബിൻ അബ്ദുല്ലാഹിസ്സിന്ദി (റ) തുടങ്ങിയ ഹദീസ് വിശാരദന്മാരുടെ ശിഷ്യത്വം സ്വീകരിക്കുകയും ഇജാസത്ത് നേടുകയും ചെയ്തു.
നാല് വർഷത്തെ(ഹി.996-1000) ഹദീസ് മേഖലയിലെ ഉപരിപഠനത്തിനു ശേഷം എ.ഡി: 1593 ൽ മഹാനായ ദഹ്ലവി(റ) ഇന്ത്യയിൽ തിരിച്ചെത്തി.
ദൽഹിയിൽ തിരിച്ചെത്തിയ അബ്ദുൽഹഖ് ദഹ്ലവി (റ) വളരെ വിപുലമായ വൈജ്ഞാനിക സേവനത്തിന് അരമുറുക്കി ഇരുന്നു. ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ അവിടേക്ക് ഒഴുകി എത്താൻ തുടങ്ങി. അധ്യാപനത്തിന് പുറമെ അറബി പേർഷ്യൻ ഭാഷകളിലുള്ള നിരവധി രചനകളിലൂടെയും ഇൽമിയായ സേവനങ്ങൾ നിർവ്വഹിക്കാൻ മഹാനവർകൾക്ക് സാധിച്ചു. മാത്രമല്ല, അറബിയിൽ നിന്ന് പേർഷ്യൻ ഭാഷയിലേക്കും തിരിച്ചും ധാരാളം ഗ്രന്ഥങ്ങൾ മഹാൻ വിവർത്തനം ചെയ്തിട്ടുണ്ട്. തഫ്സീർ, ഹദീസ്, അഖീദ, മൻത്വിഖ്, താരീഖ്, നഹ് വ് എന്നിങ്ങനെ അനവധി മേഖലകളിൽ അദ്ദേഹം തന്റെ രചനാ വിലാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിന്റെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 116 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെന്നാണ് ചരിത്രം. മഹാന്റെ ഗ്രന്ഥങ്ങളിൽ കൂടുതലായി ലഭ്യമായിട്ടുളളത് ഹദീസ് മേഖലയിലാണ്. ഹദീസ് മേഖലയിലെ മഹാന്റെ പ്രധാന ഗ്രന്ഥങ്ങൾ ഇവയാണ്.
ലമആത്തു തൻഖീഹ്
മഹാനായ ഇമാം മുഹമ്മദ് ബിൻ അബ്ദുല്ലാഹിൽ ഖത്തീബുത്തിബ്രീസി(റ)യുടെ പ്രസിദ്ധ ഹദീസ് ക്രോഡികരണ ഗ്രന്ഥമായ മിശ്കാത്തുൽ മസാബീഹിന്റെ വ്യാഖ്യാന ഗ്രന്ഥമാണ് ലമആത്തു തൻഖീഹ് ഫീ ശർഹി മിശ്കാത്തിൽ മസാബീഹ്. രണ്ട് വാള്യങ്ങളിലായി രചിച്ച പ്രസ്തുത ഗ്രന്ഥം അറബി ഭാഷയിലാണ് വ്യഖ്യാനം നിർവ്വഹിച്ചിട്ടുളളത്.
അശിഅത്തുല്ലമആത്ത്
അബ്ദുൽ ഹഖ് (റ) യുടെ പേർഷ്യൻ ഭാഷയിലുളള ഹദീസ് വ്യാഖ്യാന കൃതിയാണ്. പ്രസ്തുത ഗ്രന്ഥവും മിശ്കാത്തിന്റെ വ്യാഖ്യാനമാണ്. ഹിജ്റ 1019 ലാണ് ഇതിന്റെ രചന ആരംഭിക്കുന്നത്. ഇന്ത്യയിൽ വിരചിതമായ മിശ്കാത്തിന്റെ വ്യാഖ്യനങ്ങളിൽ നിന്നും തീർത്തും വ്യത്യസ്ഥമായ ഗ്രന്ഥമാണ് ശാഹ് (റ)യുടെ അശിഅത്തുല്ലമആത്ത് ഫീ ശർഹിൽ മിശ്ക്കാത്ത്.
ജാമിഉൽ ബറക്കാത്ത്
മിശ്കാത്തുൽ മസാബീഹിന്റെ പേർഷ്യനിലെയും അറബിയിലെയും വ്യാഖ്യാനങ്ങളുടെ സംഗ്രഹ കൃതിയാണ്. ജാമിഉൽ ബറക്കാത്ത് ഫീ മുൻതഖബി ശർഹിൽ മിശ്കാത്ത് എന്ന നാമത്തിൽ രണ്ട് വാള്യങ്ങളിലായിട്ടാണിത് സംഗ്രഹിച്ചിട്ടുളളത്.
അസ്മാഉരിജാൽ വർറുവാത്ത്
മിശ്കാത്തിൽ പരാമർശിക്കപ്പെട്ട നിവേദക പരമ്പരയിലെ ഹദീസ് നിവേദകരെ കുറിച്ചാണ് ഇൗ ഗ്രന്ഥം. പ്രവാചകർ (സ്വ)യുടെയും കുടുംബത്തിന്റെയും ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ചതുർ ഖലീഫമാരുടെയും ജീവിതവും ചരിത്രവും ഇതിൽ ഉൾചേർത്തിട്ടുണ്ട്.
മാസബത്ത ഫീ സുന്ന
ഇന്ന് നടന്നു വരുന്ന നാട്ടുനടപ്പുകളിൽ സുന്നത്തിൽ സ്ഥിരീകൃതമായ ആചാര-നടപടികളും അതല്ലാത്തവയും ഏതൊക്കെയാണ് എന്ന് ആ ഗ്രന്ഥത്തിൽ വേർതിരിച്ചു വിവരിക്കുന്നുണ്ട്.
അഖ്ബാറുൽ അഖ് യാർ ഫീ അസ്റാറില് അബ്റാറ്
ഒൗലിയാക്കളെ ചരിത്രവും ചരിത്ര വിശകലനവും അടങ്ങിയ കിതാബാണ്
ത്വരീഖുൽ ഇഫാദ
നബി കരീം(സ്വ) യുടെ വിശേഷണങ്ങളും സവിശേഷതകളും സ്വഭാവ ശ്രേഷ്ടതകളും ഹദീസുകളുടെ വെളിച്ചത്തിൽ വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥമായ മജ്ദുദ്ദീൻ ഫിറോസാബാദി(റ) യുടെ സിഫ്റുസ്സആദയുടെ വ്യാഖ്യാനമാണ് ത്വരീഖുൽ ഇഫാദ ഫീ ശർഹി സിഫ്റുസ്സആദ.
ഇൗ ഗ്രന്ഥങ്ങൾക്ക് പുറമെ ഹദീസ് നിദാന ശാസ്ത്രത്തെ വിശദമായി സ്പർശിക്കുന്ന മുഖദ്ദിമ ഫീ ഉസൂലുൽ ഹദീസ് എന്ന ഗ്രന്ഥവും വിരചിതമായിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥം മിശ്കാത്തുൽ മസാബീഹിന്റെ തുടക്കത്തിൽ മുഖദ്ദിമത്തു മിശ്കാത്ത് എന്ന നാമത്തിൽ ചേർത്തിട്ടുള്ളതാണ്. ഇമാം അവർകളുടെ മറ്റു ഗ്രന്ഥങ്ങളാണ് തഹ്ഖീഖുൽ ഇശാറ ഇലാ തഅ്ലീമിൽ ബിശാറയും രിസാലത്തുൻ ഫീ ലൈലത്തിൽ ബറാഅയും. ഇവ കൂടാതെ പുണ്യ ദിവസങ്ങളെ കുറിച്ചെഴുതിയ മാസബത ബിസ്സുന്ന ഫീ അയ്യാമിസ്സുന്ന, നബി(സ്വ)യുടെ കത്തുകൾ പരാമർശിക്കുന്ന മക്തൂബിന്നബി(സ്വ), ആദ്ധ്യാത്മിക രംഗത്തെ ജ്വലിച്ചു നിന്ന താരകം അബ്ദുൽ ഖാദിർ ജീലാനി(റ)വിന്റെ ഫുത്തൂഹുൽ ഗൈബിന്റെ വ്യാഖ്യാനമായ മിഫ്താഹുൽ ഫുതൂഹ് ലി ഫത്ഹി അബ് വാബുന്നൂസ് എന്ന ഗ്രന്ഥവും ഇമാമിന്റെ തൂലികയിൽ നിന്ന് വിരചിതമായിട്ടുള്ളതാണ്. നൂറിൽ അധികം ഗ്രന്ഥങ്ങൾ രചിച്ച മഹാനവർകൾ ഇന്ത്യാ ഭൂഖണ്ഡത്തെ ഇസ്ലാമിക വിജ്ഞാനത്താൽ പ്രശോഭിപ്പിച്ച മഹാപണ്ഡിതനാണ്.
അബ്ദുൽ ഹഖ് ദഹ്ലവി(റ) അവിടുത്തെ ഇരുപത്തി എട്ടത്തെ വയസ്സിൽ ഹസ്രത്ത് മൂസ ഇബ്നു ഹാമിദൽ ഹസനി(റ) യെ ബൈഅത്ത് ചെയ്തു സൂഫി സരണിയിൽ പ്രവേശിച്ചു. വജീഹുദ്ദീൻ ഗുജറാത്തിയിൽ നിന്നും ഖാദിരിയ്യ ത്വരീഖത്തിന്റെ ദിക്റുകൾക്ക് ഇജാസത്ത് വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്. ഹദീസിലും മറ്റു ബാഹ്യവിജ്ഞാനങ്ങളിലും വ്യുൽപ്പത്തി നേടിയ നല്ലൊരു അധ്യാപകനായതു പോലെ ആധ്യാത്മിക രംഗത്തും നല്ല അവഗാഹമുള്ള വ്യക്തിത്വമായിരുന്നു.
ആധ്യാത്മികമായ ദർശനങ്ങളെ പ്രാമാണികമായി വിശദീകരിക്കാൻ ആഹോരാത്രം പ്രയത്നിച്ചവരാണ് അബ്ദുൽഹഖ് ദഹ്ലവി (റ) എന്നാണ് ചരിത്രം കുറിക്കുന്നത്. ഇൽമുൽകലാമിന്റെ തത്വദർശനവും ഇസ്ലാമിക വിശ്വാസ ശാസ്ത്രവും തമ്മിലുള്ള വേർതിരിവ് വിശദീകരിക്കാനും അദ്ദേഹം മുതിർന്നു. അത് വഴി സൂഫികളുടെ തത്വദർശനങ്ങളെ തത്വജ്ഞാനികളുടെ ദർശനങ്ങളിൽ നിന്നും വ്യത്യാസപ്പെടുന്നത് ആളുകൾക്ക് ഗ്രഹിക്കാൻ സാധിച്ചു. പേർഷ്യൻ ഭാഷയിലേക്ക് അബ്ദുൽഖാദിർ ജീലാനി(റ) വിന്റെ ഫുത്തൂഹുൽ ഗൈബ് പോലുള്ള സൂഫി ഗ്രന്ഥങ്ങൾ പരിഭാഷ ചെയ്യാനും ദഹ്ലവിക്ക് സാധിച്ചു.
വഹ്ദത്തുൽ വുജൂദ് ചിലർക്കിടയിൽ വഴിവിട്ട് അദ്വൈത വാദമായി മാറിയപ്പോൾ വഹ്ദത്തുൽ വുജൂദിന് പകരം വഹ്ദത്തുശുഹൂദ് അവതരിപ്പിച്ച മുജ്ജദിദ് അൽഫസാനി(റ) യുടെ നടപടി ആദ്യത്തിൽ അബ്ദുൽഹഖ് ദഹ്ലവി(റ) ക്ക് ബോധ്യപ്പെട്ടിരുന്നില്ല. അതിനാൽ വുജൂദികളുടെ പക്ഷം ചേർന്ന് മുജദിദ് അൽ ഫസാനി(റ)യെ അബ്ദുൽഹഖ് ദഹ്ലവി(റ) ആദ്യഘട്ടത്തിൽ വിമർശിച്ചിരുന്നു. പിന്നീട് മുജദിദ് അൽഫസാനി അഹ്മദ് സർഹിന്ദി(റ) യെ നേരിൽ കണ്ടു സംസാരിച്ചപ്പോൾ വഹ്ദത്തുൽ വുജൂദും – ശുഹൂദും വ്യഖ്യാന രീതിയിലുള്ള മാറ്റം മാത്രമാണെന്ന് മനസ്സിലാക്കാൻ സാധിക്കുകയും അതിന് ശേഷം അഖ്ബാറുൽ അഖ് യാർ എന്ന കൃതിയുടെ അവസാന ഭാഗത്ത് മുജദിദ് അൽഫസാനി(റ) യെ വളരെ ഉയർന്ന രീതിയിൽ പുകഴ്ത്തി എഴുതുകയും ചെയ്തിട്ടുണ്ട്.
ഹി.1052(എ.ഡി:1625) റബീഉൽ അവ്വൽ 23 ന് ഡൽഹിയിൽ വഫാത്തായി. 94ാം വയസ്സിൽ വഫാത്താകുമ്പോൾ തന്റെ മകൻ നൂറുൽ ഹഖ് മുഹദിസ് അദഹ്ലവി (റ) മഹാനവർകളുടെ വൈജ്ഞാനിക അനന്തരാവകാശി കൂടിയായി നിലകൊള്ളുന്നുണ്ടായിരുന്നു. ഇമാം ബുഖാരി(റ) വിന്റെ സ്വഹീഹ് ബുഖാരിക്ക് പേർഷ്യൻ ഭാഷയിൽ ആറ് വാള്യം വരുന്ന ബ്രഹത്തായ വ്യഖ്യാനം രചിച്ചവരാണ് നൂറുൽ ഹഖ് ദഹ്ലവി(റ). തൊന്നൂറാം വയസ്സിൽ ഹിജ്റ 1073 ൽ നൂറുൽ ഹഖ് മുഹദ്ദിസ് ദഹ്ലവി (റ) വഫാത്തായി.