അവാരിഫുൽ മആരിഫ്: 2:
ശിഹാബുദ്ധീൻ സുഹ്റ വർദ്ധി(റ):
അനുഗ്രഹീതരായ ഈ സൂഫികളും ഇവരെപ്പോലെ മുഹദ്ദിസുകൾ, ഫഖീഹുകൾ തുടങ്ങിയവരും അവരവരുടെ മേഖലയിൽ ഇസ് ലാം ദീനിന് ജീവനും ശക്തിയും പകരുന്നു. അങ്ങനെ ജ്ഞാനസരസ്സുകളായ ആ ഹൃദയങ്ങൾ വരണ്ടുമരവിച്ച ഹൃദയങ്ങളിൽ ജീവജലം പകർന്നു ജൈവികമാക്കി മാറ്റുന്നു.
അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു:
“ആകാശത്ത് നിന്ന് അവൻ മഴ വർഷിച്ചു. ആ ജലം താഴ് വരകളിലൂടെ ഒഴുകി. “
മഴ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ജ്ഞാനവും താഴ് വരകൊണ്ടുള്ള വിവക്ഷ മനുഷ്യഹൃദയങ്ങളുമാണെന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്.
ഈ സൂക്തത്തിന്റെ വ്യാഖ്യാനമായി അബൂബക്കർ വാസിത്തി(റ) പറയുന്നു:
“അല്ലാഹു ജ്ഞാനത്തിന്റെ ഒരു അണുവിനെ സൃഷ്ടിച്ചു. എന്നിട്ട് തന്റെ മഹത്വമാകുന്ന ദൃഷ്ടി കൊണ്ടതിനെ വീക്ഷിച്ചു. ഉടനെ അതുരുകി. അപ്പോൾ അല്ലാഹു അതിനോട് കൽപിച്ചു:
“നീ മഴയായി ആകാശത്തിൽ നിന്ന് പെയ്യുക.”
അപ്പോൾ അത് ഹൃദയങ്ങളാകുന്ന താഴ് വരകളിലൂടെ ഒഴുകി. ആ ജ്ഞാന മഴ ചെന്നെത്തുന്നതിന്റെ അളവനുസരിച്ച് ഹൃദയങ്ങൾ തെളിയുന്നു.”
ഇബ്നു അത്വാഉ (റ) പറയുന്നു:
“ആകാശത്ത് നിന്ന് അല്ലാഹു മഴ വർഷിച്ചു എന്ന് ഖുർആൻ പറഞ്ഞത് ഒരു ഉപമയാണ്. താഴ് വരകളിലൂടെ ജലം ഒഴുകിയാൽ എല്ലാ അഴുക്കുകളിൽ നിന്നും ആ താഴ് വര ശുദ്ധമാകുമല്ലോ? അതുപോലെ ഹൃദയങ്ങൾക്ക് അല്ലാഹു അനുവദിച്ച പ്രകാശത്തിന്റെ വിഹിതം ലഭിക്കുമ്പോൾ അവിടെ നിന്ന് അന്ധകാരവും അജ്ഞതയുമെല്ലാം അകലുന്നു. അവ പ്രഭാപൂരിതമാവുകയും ചെയ്യുന്നു. ഓരോ ഹൃദയത്തിനും അല്ലാഹു മുൻകൂട്ടി നിശ്ചയിച്ചുവെച്ച വിഹിതമനുസരിച്ച് ഈ ജീവജലം ലഭിക്കുന്നു.
മറ്റു ചില മുഫസ്സിറുകളുടെ അഭിപ്രായത്തിൽ ഇവിടെ മഴ കൊണ്ടുദ്ദേശിക്കുന്നത് അല്ലാഹു വിന്റെ വിവിധ ഔദാര്യങ്ങളാണ് എന്നതാണ്. ഓരോ ഹൃദയവും അതാതിന്റെ വിഹിതം അതിൽ നിന്ന് സ്വീകരിക്കുന്നു. അങ്ങനെ മുഫസ്സിറുകൾ, മുഹദ്ദിസുകൾ. ഫഖീഹുകൾ സൂഫികൾ തുടങ്ങിയ ഓരോ വിഭാഗങ്ങളുടെയും ഹൃദയങ്ങളാകുന്ന താഴ് വരകളിലേക്ക് തഖ് വയുടെ അളവനുസരിച്ച് ആ ഔദാര്യമാകുന്ന മഴ ലഭിക്കുന്നു. ദുർവാസനകളാകുന്ന മാലിന്യങ്ങൾ അവശേഷിച്ചിട്ടുള്ള ഹൃദയങ്ങളിൽ ആ മഴയുടെ അളവ് കുറഞ്ഞു പോകുന്നു. അപ്പോൾ ഹൃദയശുദ്ധി അനുസരിച്ചായിരിക്കും ജ്ഞാനം ലഭിക്കുക. ഭൗതികമായ എല്ലാ സുഖങ്ങളും ത്യജിച്ച സൂഫികളുടെ ഹൃദയ താഴ് വര വളരെ വിസ്തൃതമായിരിക്കും. അവിടെ ധാരാളം മഴ ലഭിക്കുകയും എണ്ണമറ്റ സരസ്സുകൾ രൂപം കൊള്ളുകയും ചെയ്യുന്നു.
ഒരിക്കൽ ഇമാം ഹസൻ ബസ്വരി (റ) വിനോട് ഒരാൾ ഫുഖഹാക്കളെ പറ്റി ചോദിച്ചു. അയാളോട് ഇമാമവർകൾ തിരിച്ചു ചോദിച്ചു:
“ഏതെങ്കിലും ഫഖീഹിനെ താങ്കൾ കണ്ടിട്ടുണ്ടോ?” ദുനിയാവിനെ സ്നേഹിക്കാത്ത പണ്ഡിതൻ മാത്രമാണ് യാഥാർത്ഥ ഫഖീഹ്. അത്തരക്കാർ പഠിച്ചു മനസ്സിലാക്കിയ ജ്ഞാനമനുസരിച്ച് കർമ്മം ചെയ്യുന്നു. അവരുടെ അറിവിന്റെ കനിയാണ് കർമ്മം. ആ കർമ്മത്തിന്റെ ഫലമായി അവർക്ക് മറ്റൊരു തരം ജ്ഞാനം ലഭിക്കുന്നു. പ്രവാചകന്മാരുടെ അനന്തരാവകാശമായി ലഭിക്കുന്ന സവിശേഷജ്ഞാനമാണത്. പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. പ്രവാചകന്മാരിൽ നിന്ന് അനന്തരാവകാശമായി ആർക്കും ഭൂസ്വത്ത് ലഭിക്കുകയില്ല. ജ്ഞാനമാണ് ഇവരിൽ നിന്ന് ലഭിക്കുന്ന അനന്തരാവകാശമെന്നും നബി(സ്വ) തങ്ങൾ അരുളിയിട്ടുണ്ടല്ലോ? ആ അനന്തരാവകാശമാണ് ഇവർക്ക് ലഭിക്കുന്നത്.
അപ്പോൾ മറ്റു പണ്ഡിതന്മാർക്കുള്ള ജ്ഞാനത്തിന് പുറമെ സൂഫി പണ്ഡിതന്മാർക്ക് ഈ സവിശേഷജ്ഞാനം കൂടുതൽ ഉണ്ടായിരിക്കും.
ഇതാണ് ദീനിന്റെ ജ്ഞാനം. അല്ലാഹുവിന്റെ ശിക്ഷകളെ പറ്റി താക്കീത് നൽകാൻ വേണ്ടി സമുദായത്തിൽ ഒരു വിഭാഗം ആളുകൾ ദീനിൽ ഫഖീഹുകൾ ആകണമെന്ന് അല്ലാഹു നമ്മോട് കൽപിച്ചു. ഇതിൽ നിന്ന് ഒരു കാര്യം സുവ്യക്തമാണ്. അല്ലാഹു വിന്റെ ശിക്ഷകളെ പറ്റി മുന്നറിയിപ്പ് നൽകാൻ ദീനിന്റെ ജ്ഞാനം പഠിക്കണം. ആ മുന്നറിയിപ്പ് നൽകലാകട്ടെ നിർജീവ ഹൃദയങ്ങളിൽ ജ്ഞാന ജലം പകർന്നു കൊടുത്ത് അവയെ സജീവമാക്കലാണ് താനും. ആ ജ്ഞാനമാണ് ഫിഖ്ഹ്. ആ ഫിഖ്ഹാണ് പ്രവാചകന്മാരുടെ അനന്തരാവകാശമായ ജ്ഞാനം. അതു തന്നെയാണ് അത്യുൽകൃഷ്ടമായ ജ്ഞാനം. നിർജ്ജീവ ഹൃദയങ്ങളെ ജീവസുള്ളതാക്കാൻ അതിനു മാത്രമെ കരുത്തുള്ളൂ. അതു കൊണ്ടാണ് ഖുർആൻ അതിനെ ജലത്തോട് ഉപമിച്ചത്. ജന ഹൃദയങ്ങളാകുന്ന ആരാമങ്ങളിലൂടെ ആനുപാതിക വിഹിതമനുസരിച്ച് ഒഴുകുന്ന ജീവജലമാണത്.