നഫ്സുകൾ എങ്ങനെ സംസ്കരണം സിദ്ധിക്കും?

ഗുരുമൊഴികൾ: 2

നഫ്സിന്റെ വഞ്ചനകളെ സംബന്ധിച്ച തിരിച്ചറിവാണ് ഇതുവരെയും പീർ (ഗുരു) നമുക്ക് പകർന്നുനൽകിയത്. ശുദ്ധീകരിക്കപ്പെടാത്ത അത്തരം നഫ്സുകൾ പിശാചുമായുള്ള സഹവാസത്തിലൂടെ കൂടുതൽ ദൂഷ്യങ്ങളിലേക്കും ദുരന്തങ്ങളിലേക്കും അധ:പതിക്കുമെന്നത് തീർച്ചയാണ്. അതിനാൽ പിശാചിന്റെ നിയന്ത്രണത്തിൽ നിന്നും നഫ്സിനെ മോചിപ്പിക്കാനും ശുദ്ധീകരിക്കാനും അല്ലാഹുവിന്റെ ഒരു വലിയ്യിന്റെ കൈയ്യിൽ അതിനെ ഏൽപിച്ചുകൊടുക്കാനുമാണ് പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ പീർ(ഗുരു)നമ്മോട് ഉപദേശിച്ചത്. നഫ്സിനെ ശുദ്ധീകരിക്കാനുള്ള ദൗത്യം തിരുനബി(സ്വ)തങ്ങളുടെ ദൗത്യമായാണ് ഖുർആൻ നമ്മെ പരിചയപ്പെടുത്തിയത്. എന്നാൽ ബാഹ്യമായ അർത്ഥത്തിൽ നാമിന്ന് തിരുനബി(സ്വ)തങ്ങളുടെ സാന്നിദ്ധ്യത്തെ അനുഭവിക്കുന്നവരല്ല. എന്നാൽ അവരുടെ പ്രവർത്തനങ്ങൾ അന്ത്യനാൾ വരെ തുടരുമെന്ന കാര്യം പൊതുസമ്മതവുമാണ്. എങ്കിൽ നഫ്സുകളെ ശുദ്ധീകരിക്കുന്ന തിരുനബി(സ്വ)തങ്ങളുടെ പ്രവർത്തനം ഇവിടെ തുടരേണ്ടത് അനിവാര്യമല്ലേ….? തീർച്ചയായും അനിവാര്യം തന്നെയാണ്. ആരാണ് പ്രവർത്തനം നിർവ്വഹിക്കുന്നവർ..?തീർച്ചയായും തിരുനബി(സ്വ)തങ്ങൾ തന്നെ അവരെ കുറിച്ച് കൃത്യമായും നമ്മെ അറിയിച്ചിട്ടുണ്ട്. ”അൽ ഉലമാഅ് പ്രവാചക ദൗത്യത്തിന്റെ അനന്തരാവകാശികളാണ്എന്ന വിഖ്യാതമായ ഹദീസിലൂടെ അറിയിച്ചത് ഇൗ സംസ്കരണ ദൗത്യം കൂടി നിർവ്വഹിക്കുന്ന അല്ലാഹുവിന്റെ ഒൗലിയാക്കളെ പറ്റിയാണ്. ഒാരോ നഫ്സുകളുടെയും യഥാർത്ഥ സ്രഷ്ടാവും ഉടമയും പരിപാലകനുമായ അല്ലാഹുവിന് വിധേയപ്പെടാനാണ് അവർ മാർഗദർശനം ചെയ്യുന്നതും പരിശീലിപ്പിക്കുന്നതും. ഇങ്ങനെ അല്ലാഹുവിന്റെയും മനുഷ്യന്റെയും ശത്രുവായ പിശാചിന്റെ കൈയ്യിൽ നിന്നും നഫ്സുകളെ മോചിപ്പിച്ച് അല്ലാഹുവിന്റെ ഹബീബ്(സ്വ)തങ്ങളുടെ ദൗത്യത്തിന്റെ അനന്തരത്വത്തിന്റെ പ്രതിനിധിയായ അല്ലാഹുവിന്റെ വലിയ്യിന്റെ കൈയ്യിൽ ഏൽപിക്കുന്ന പ്രക്രിയയാണ് വാസ്തവത്തിൽ ബൈഅത്ത് എന്നും നമുക്ക് വ്യക്തമായി. അൽ ഉലമാഅ് എന്ന സവിശേഷ ഗണത്തിലുള്ള ഇത്തരം മഹത്തുക്കളെ തേടുന്നവർക്ക് തീർച്ചയായും അവരെ പ്രാപിക്കാനാവും. അല്ലാഹുവിനോട് നിരന്തരമായി തേടുന്നവർക്കും അല്ലാഹുവിന്റെ സവിശേഷമായ ഒൗദാര്യത്തിന് പാത്രമായവർക്കും തീർച്ചയായും ഇത്തരം മഹത്തുക്കളിൽ നിന്ന് പ്രയോജനം സിദ്ധിക്കാൻ സാധിക്കുക തന്നെ ചെയ്യും.
യാഥാർത്ഥ്യങ്ങളിലേക്ക് കണ്ണ് തുറക്കാൻ പ്രേരിപ്പിക്കുന്ന ശൈഖുനാ അൻവാറുല്ലാഹ് ശാഹ് നൂരി( തണലും അഭയവും അല്ലാഹു നമുക്ക് നീട്ടി നൽകുമാറാകട്ടെ…)അവർകളുടെ മുത്തുമൊഴികൾ ഇങ്ങനെ തുടർന്നു:


”ഞാൻ ശ്രേഷ്ഠം എന്ന ഇൗ വിചാരം തന്നെയാണ് നഫ്സ്. ഇൗ വിചാരം വരുന്നുണ്ടെങ്കിൽ നിങ്ങളോരോരുത്തരും സ്വന്തം നഫ്സുകളെ ശ്രദ്ധിക്കണം.
നിശ്ചയമായും നഫ്സ് ചീത്തകൊണ്ട് കൽപിക്കും. അപ്പോൾ സുജൂദ് ചെയ്യേണ്ട എന്ന ധിക്കാരത്തിന്റെ നിലപാടിന് ശൈത്വാനെ പ്രേരിപ്പിച്ചത് നഫ്സാണ്. പാമ്പിനെ പരിചരിച്ച് നടക്കുന്നവരെ പാമ്പ് കടിച്ച് മരിക്കുന്നതുപോലെയാണ് നഫ്സിന്റെ പ്രവർത്തനം. നമ്മുടെ നഫ്സിന്റെ അവസ്ഥ മനസ്സിലാക്കാൻ പാമ്പിന്റെ ഇൗ ഉദാഹരണം മതി. ഇൽമു കൊണ്ടുണ്ടായ തകബ്ബുറാണ് (അഹങ്കാരം) ശൈത്വാന്റെ നഫ്സിനെ അമ്മാറത്താക്കിയത്. അതുകൊണ്ടാണ് എഴുപത് ശൈത്വാന്മാരെക്കാൾ മോശപ്പെട്ടതാണ് നഫ്സ് എന്ന് ചില മഹാന്മാരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് നിന്റെ ഏറ്റവും വലിയ ശത്രു നിന്റെ നഫ്സ് തന്നെയാണെന്ന് നീ തിരിച്ചറിയണം. നഫ്സിന് നിരവധി തന്ത്രങ്ങളറിയാം. ഇൗ തന്ത്രങ്ങളിലൂടെയെല്ലാം അത് സ്വന്തം ശരികളെ സ്ഥിരപ്പെടുത്തി കൊണ്ടേയിരിക്കും. എന്നാൽ നഫ്സിന്റെ എല്ലാ തന്ത്രങ്ങളെയും ശരിയായി തിരിച്ചറിയുന്നത് പ്രവാചകന്മാർക്കും അവരുടെ യഥാർത്ഥ അനന്തരികളായ മശാഇഖന്മാർക്കുമാണ്. അതുകൊണ്ട് തന്നെയാണ് നീ സ്വാദീഖീങ്ങളോടൊപ്പം കൂടണമെന്ന് അല്ലാഹുവും അവന്റെ ഹബീബായ റസൂലും(സ്വ) സത്യവിശ്വാസികളെ സംബോധന ചെയ്ത് പറയുന്നത്. നഫ്സിന്റെയും ശൈത്വാന്റെയും ശത്രുതയിൽ നിന്ന് സ്വയം രക്ഷ നേടാൻ സാധിക്കാത്തതിനാലാണ് സ്വാദിഖീങ്ങളുടെ സഹവാസം നമുക്ക് അനിവാര്യമാകുന്നത്. ദിക്റുകളും ഒൗറാദുകളും പതിവാക്കുന്നതുകൊണ്ട് ഇൗ നഫ്സ് ശുദ്ധീകരിക്കപ്പെടണമെന്നില്ല.
എന്തിനാണ് നാം ശൈഖുമായി ബൈഅത്ത് ചെയ്തത് എന്ന് ആലോചിക്കണം. നഫ്സിന്റെ ദുർഗുണങ്ങളെ ദുരീകരിച്ച് പടിപടിയായി അതിനെ സംസ്കരിച്ച് മുത്മഇന്നത്താക്കി അല്ലാഹുവിന് സമർപ്പിക്കുന്നതിന് പരിശീലനം നേടാനാണ് നാം ശൈഖിനെ സ്വീകരിച്ചത്. ഇത് മനസ്സിലാക്കി ശരിയായ നിലയിൽ ഇൗ അവസരം നാം പ്രയോജനപ്പെടുത്തണം. ഡോക്ടറെ കണ്ട് രോഗമെല്ലാം നിർണ്ണയിച്ച് അയാൾ മരുന്ന് കുറിച്ചു തന്നാൽ ആ മരുന്നിന്റെ കുറിപ്പടിയുമായി നാം വീട്ടിലേക്ക് മടങ്ങിയാൽ രോഗത്തിന് ഒരിക്കലും ശമനമാകില്ല. ഡോക്ടർ കുറിച്ചുതന്ന മരുന്ന് വാങ്ങി നാം കഴിക്കൽ ആരംഭിച്ചാൽ രോഗത്തിന് ശമനമുണ്ടാകും. ഇതുപോലെ മശായിഖന്മാരുടെ അടുത്തുവന്ന് അവരെ ബൈഅത്ത് ചെയ്ത് അവരുടെ സഹവാസം സിദ്ധിച്ച് അവർ നഫ്സിന്റെ രോഗങ്ങൾ ശമിപ്പിക്കാൻ നൽകുന്ന തഅ്ലീമുകൾക്കനുസൃതമായി ആന്തരികമായ ശുഅ്ലിലും ബാഹ്യമായ അമലുകളിലും നിരതമായില്ലെങ്കിൽ പിന്നെ രോഗം മാറുക എന്നതിന് ഒരു സാധ്യതയുമില്ല. ഇൗ യാഥാർത്ഥ്യം നിങ്ങൾ ഗ്രഹിച്ചാൽ നിങ്ങളുടെ നഫ്സിനെ ശൈ്വത്വാന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ് നിങ്ങൾ ശ്രദ്ധ നൽകുക. ശൈഖിന്റെ മാർഗദർശനങ്ങൾക്കൊത്ത് നിങ്ങൾ പ്രവർത്തിച്ചാൽ മാത്രമേ ഇൗ മേഖലയിൽ നിങ്ങൾക്ക് വിജയം പ്രാപിക്കാൻ സാധിക്കുകയുള്ളൂ. വീണ്ടും ആ നഫ്സ് നിങ്ങളിൽ വന്നുകൊണ്ടിരിക്കും. ശത്രുവായ ശൈത്വാനും പഴുതുകൾ നോക്കി അതിനെ പ്രലോഭിപ്പിക്കാൻ തക്കം പാർത്തു നടക്കും. എന്നാൽ അല്ലാഹുവിന്റെ കൃപയാലും ശൈഖിന്റെ സദഖയാലും സദാ നിങ്ങളുടെ ശ്രദ്ധയും ജാഗ്രതയും ഇവ്വിഷയകമായി നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും വിജയം വരിക്കാൻ സാധിക്കും. ശൈഖ് അങ്ങേയറ്റം പാടുപെട്ട് മുരീദിന്റെ നഫ്സിനെ അഴുക്കുകളിൽ നിന്ന് ശുദ്ധിയാക്കി സംസ്കരിക്കാൻ പ്രയത്നിക്കുമ്പോൾ മുരീദ് അതിന് നിന്നുകൊടുക്കേണ്ടത് അനിവാര്യമാണ്. ശൈത്വാന് ആകെ ഭയമുള്ളത് അല്ലാഹുവിന്റെ വലിയ്യായ ശൈഖിനെയാണ്. ശൈഖിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ തന്റെ രോഗം മാറിയില്ലെന്ന് പരാതിപ്പെടുന്നവർ യഥാർത്ഥത്തിൽ ഡോക്ടറെഴുതിയ മരുന്ന് കഴിക്കാതെ രോഗത്തിന് ശമനമായില്ല എന്ന് പറയുന്നതുപോലെ അർത്ഥ ശൂന്യമായാണ് സംസാരിക്കുന്നത്. രോഗം മാറാത്തതിന് ഡോക്ടറെയല്ല കുറ്റപ്പെടുത്തേണ്ടത്. നിർദ്ദേശങ്ങൾക്കൊത്ത് സ്വയം സമർപ്പിക്കാത്ത രോഗി തന്നെയാണ് ഇവിടെ കുറ്റവാളി. ശൈഖിന്റെ കൂടെ സഹവസിച്ച് ശൈഖിന്റെ ആജ്ഞ നിർദ്ദേശങ്ങൾ യഥോചിതം പാലിച്ച് മുന്നേറുമ്പോൾ മാത്രമെ ശരിയായ ലക്ഷ്യം പ്രാപിക്കാൻ സാധിക്കുകയുള്ളൂ. മുപ്പത് കൊല്ലക്കാലം അബൂയസീദുൽ ബിസ്താമി(റ)യുടെ കൂടെ സഹവസിച്ച അക്കാലത്തെ അറിയപ്പെട്ട ഒരു പണ്ഡിതൻ സ്വന്തം അവസ്ഥയെ സംബന്ധിച്ച് ശൈഖിനോട് പരാതി പറഞ്ഞപ്പോൾ ശൈഖ് പറഞ്ഞു നിന്റെ നഫ്സ് ശുദ്ധിയാക്കണോ എന്നാലതിന് സമയമായിട്ടില്ല. എന്നാൽ നിനക്കതിന് ധൃതിയുണ്ടെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം. നീ ഒൗറത്ത് മറക്കാനുള്ള ഒരു തുണിയുമെടുത്ത് ഒരു കരിമ്പടവും പുതച്ച് നിന്നെ ഏറ്റവുമധികം ബഹുമാനിക്കുന്ന ആളുകളുടെ അടുത്ത് ചെന്ന് ഭിക്ഷ യാചിച്ചു വന്നാൽ ഞാൻ നിന്നെ ശുദ്ധിയാക്കി തരാം. അബൂ യസീദുൽ ബിസ്താമി(റ) ഏത് ദറജയിലിരുന്ന ആളാണ്. ബഹുമാനപ്പെട്ടവരുടെ ഒരു നോട്ടം ലഭിച്ചാൽ മതി. അതുകൊണ്ട് മാത്രം വിലായത്തിന്റെ ഉന്നത ദറജകൾ നൽകാൻ പ്രാപ്തിയുള്ള ഒരു ശൈഖാണ് ഇൗ പറയുന്നത്. എന്നാൽ ഇൗ ആവശ്യം കേട്ട മാത്രയിൽ അയാളുടെ ഉള്ളിലുള്ള നഫ്സ് അതിന്റെ യഥാർത്ഥ സ്വഭാവം വെളിവാക്കുകയും തന്റെ നീരസം അയാൾ പ്രകടിപ്പിക്കുകയും ചെയ്തു. ആരുടെ മുന്നിലാണ് ഇൗ നീരസം അയാൾ കാണിച്ചത്. അയാളുടെ ആന്തരിക ദൂഷ്യമാണ് അയാൾ പ്രകടമാക്കിയത്. എന്നെപ്പോലെയുള്ള ഉന്നതനായ ഒരു പണ്ഡിതനെയാണോ ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ നിങ്ങൾ കൽപിക്കുന്നത് എന്ന ഭാവമാണ് ഇൗ മുപ്പതുകൊല്ലത്തെ സഹവാസത്തിന് ശേഷവും അയാളിൽ അങ്കുരിച്ചത്. ഇൗ ആന്തരികഭാവം ഉള്ളിലൊളിപ്പിച്ച് സുബ്ഹാനല്ലാഹ് എന്നാണ് അയാൾ പ്രതികരിച്ചതെങ്കിലും സ്വന്തം നഫ്സിനെ തന്നെ ഇലാഹാക്കിയ അയാൾ വാസ്തവത്തിൽ പറഞ്ഞത് ഞാനീ പ്രവൃത്തി ചെയ്യുന്നതിനെ തൊട്ട് പരിശുദ്ധനാണ് എന്നാണ്. ഒടുവിൽ നിർഭാഗ്യവാനായ അയാൾ ശൈഖിനെ പിരിഞ്ഞ് പോവുകയാണുണ്ടായത്. (ഇബ്നു അജീബ: ഇൗഖാളുൽ ഹിമം) അല്ലാഹു നാമേവരെയും കാത്തുരക്ഷിക്കുമാറാകട്ട.ആമീൻ…
കോഴിയുടെ അകിട്ടിൽ വെച്ച മുട്ട നിരന്തരമായ സഹവാസത്തിന് ശേഷം വിരിഞ്ഞ് കോഴിക്കുഞ്ഞുങ്ങളായി തീരുന്നത് നാം കാണുന്നു. എന്നാൽ അതിൽ ചിലത് കെട്ട് പോകുന്നതും ഒന്നിനും പറ്റാത്തതായി എവിടെയും വെക്കാൻ കൊള്ളാത്തതായി മാറുന്നതും നാം കാണുന്നു. മശാഇഖ•ാരുടെ സുഹ്ബത്തിലിരുന്ന് നഫ്സ് ശുദ്ധീകരിക്കപ്പെട്ട് വിരിയാതെ കെട്ടുപോകുന്ന ഇത്തരം സഹവാസക്കാർ തീരാനഷ്ടത്തിലാണ് അകപ്പെടുന്നത്. അല്ലാഹു അത്തരം അപകടങ്ങളിൽ നിന്ന് നാമേവരെയും കാത്തുരക്ഷിക്കുമാറാകട്ടെ…ആമീൻ…
ആളുകൾ പൊതുവെ പറയുന്നത് ഇബ്ലീസ് പിഴപ്പിച്ചു ഇബ്ലീസ് പിഴപ്പിച്ചു എന്നൊക്കെയാണ്. എന്നാൽ യാഥാർത്ഥ്യമെന്താണ്.? ഇബ്ലീസ് മാത്രമല്ല, ഒാരോരുത്തരുടെയും നഫ്സും കുറ്റവാളിയാണ്. അല്ലാഹുവിന്റെ മുന്നിൽ വിചാരണ സന്ദർഭത്തിൽ ഇബ്ലീസും താൻപിഴപ്പിച്ച ഒാരോരുത്തരുടെയും നഫ്സുകളെ പഴിചാരി തനിക്ക് കീഴ്പെട്ടവരെ കൈയ്യൊഴിഞ്ഞാണ് സംസാരിക്കുക എന്നത് ഖുർആനിലൂടെ തന്നെ സ്ഥിരപ്പെട്ടിട്ടുള്ളതാണ്.
“”അതിനാൽ എന്നെ നിങ്ങൾ ആക്ഷേപിക്കേണ്ട,നിങ്ങളുടെ നഫ്സുകളെ തന്നെ ആക്ഷേപിച്ചാൽ മതി.”സൂറ: ഇബ്രാഹിം: 22)
അതുകൊണ്ട് തന്നെ നഫ്സെന്താണ് നമുക്കെതിരിൽ പ്രവർത്തിക്കുക എന്നും ഇബ്ലീസ് എങ്ങിനെയാണ് നഫ്സിനെ പിഴപ്പിക്കാനും അതിനെ സ്വയം നഷ്ടത്തിലാക്കാനും പ്രയത്നിക്കുക എന്നുമുള്ള ശരിയായ ഒരു വകതിരിവ് നമുക്ക് അനിവാര്യമാണ്. ദീനിലെ ളാഹിറിന്റെ എല്ലാ ഇൽമുകളും സ്വായത്തമാക്കിയാലും നഫ്സിന്റെയും ശൈത്വാന്റെയും പ്രവർത്തനങ്ങളെന്താണെന്ന് ശരിയായ നിലയിൽ വകതിരിച്ചറിയാൻ സാധിക്കുകയില്ല. എന്നാൽ മശാഇഖന്മാരുമായുള്ള ബന്ധം ലഭിച്ചതിനു ശേഷം മാത്രമാണ് ഇതെന്താണെന്നു പോലും മനസ്സിലാക്കാൻ സാധിച്ചത്. അതുകൊണ്ട് തന്നെ നിങ്ങൾ നിങ്ങളുടെ റബ്ബിന് നിങ്ങളുടെ നഫ്സുകളെ ഏൽപിക്കുക. അപ്പോൾ അവൻ നിങ്ങൾക്കത് വൃത്തിയാക്കി തരും. എന്നാൽ പരിപൂർണമായ വിധേയത്വത്തോടെയും സമർപ്പണത്തോടെയും നിങ്ങൾ അതിന് നിന്നു കൊടുത്തിട്ടില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് തന്നെയാണ്. അല്ലാഹുവിൽ സദാ ലയിച്ച മശാഇഖന്മാരുടെ തൃപ്തിയുടെ ഒരു നോട്ടം നിങ്ങളിലേക്ക് പതിയുന്നവിധം നിങ്ങൾ നിങ്ങളുടെ ഖൽബുകളെ അല്ലാഹുവല്ലാത്ത ചിന്തകളിൽ നിന്ന് പരിശുദ്ധമാക്കാനും നിങ്ങളുടെ റൂഹുകളെ അവനോടുള്ള ഇശ്ഖിനാൽ പ്രശോഭിപ്പിക്കാനും നിങ്ങളുടെ പ്രത്യക്ഷത്തെ അല്ലാഹുവിന്റെ ഹബീബിന്റെ മാതൃകകൾക്കനുസൃതമായി പരിവർത്തിപ്പിക്കാനും പരിശ്രമിച്ചു കൊണ്ടിരുന്നാൽ അല്ലാഹു നിങ്ങളെ വിജയിപ്പിക്കുക തന്നെ ചെയ്യും. ശൈഖുമായുള്ള സുഹ്ബത്ത് അതിനു വേണ്ടിയാണ്. അല്ലാഹു യഥാർത്ഥ വിജയം പ്രാപിക്കുന്നവരുടെ ഗണത്തിൽ നാമേവരെയും ഉൾപ്പെടുത്തുമാറാകട്ടെ. ആമീൻ….അല്ലാഹുവിന്റെ നൂറുകൊണ്ട് നോക്കുന്ന മശാഇഖന്മാരുടെ നോട്ടം പതിയും വിധം നമ്മുടെ ളാഹിറും ബാത്വിനും അല്ലാഹു പ്രകാശമാനമാക്കുമാറാകട്ടെ…ആമീൻ…”

നഫ്സിനെയും അതിന്റെ സംസ്കരണത്തെയും സംബന്ധിച്ച ചർച്ച തന്നെ നമ്മുടെ മതവൈജ്ഞാനിക വ്യവഹാരങ്ങളിൽ പൂർണ്ണമായും അന്യം നിൽക്കുന്ന ഒരു കാലമാണിത്. ആത്മപ്രകാശം സിദ്ധിച്ച അല്ലാഹുവിന്റെ ഒൗലിയാക്കൾക്കല്ലാതെ ഇൗ വിദ്യ തുറന്നുകിട്ടിയിട്ടുമില്ല. അല്ലാഹുവിന്റെ മഹത്തായ കൃപയാൽ അല്ലാഹു സവിശേഷ സിദ്ധികൾ നൽകി ജനസമൂഹങ്ങളെ അല്ലാഹുവിന്റെ വഴിയിൽ ചരിപ്പിക്കാൻ മാർഗദർശനമേകുന്ന ജ്ഞാനവും കർമ്മവും നൽകി ആത്മപ്രകാശം സിദ്ധിച്ച് നമുക്കെല്ലാം വഴിയും വെളിച്ചവുമായി പ്രശോഭിച്ചു നിൽക്കുന്ന ശൈഖുനാ അൻവാറുല്ലാഹ് ശാഹ് നൂരി(ത്വ.ഉ) എന്നവരുമായുള്ള ബന്ധം ലഭിച്ചപ്പോഴാണ് മൗലികപ്രദാനമായ ഇത്തരം വിജ്ഞാനങ്ങൾ കേൾക്കാൻ പോലുമുള്ള സൗഭാഗ്യമുണ്ടായത്. അല്ലാഹുവിന്റെ ദീന്റെ ബാഹ്യവും ആന്തരികവുമായ യാഥാർത്ഥ്യങ്ങളും അനുഭവ ലോകങ്ങളുമാണ് ബഹുമാനപ്പെട്ട എന്റെ പീർ ഞങ്ങൾക്കിന്ന് തുറന്നു നൽകികൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy