പൂർന്നം ഇലാഹാബാദി:
മൊഴിമാറ്റം: റഷീദ് അഹമ്മദ്
പ്രവാചകനോടുള്ള ദൃഢാനുരാഗത്താൽ എത്രയോ പ്രകീർത്തന കാവ്യങ്ങൾക്ക് ജന്മം നൽകിയ കവിയാണ് പൂർന്നം ഇലാഹാബാദി. അവിഭക്ത ഇന്ത്യയിലെ ഇലാഹാബാദിൽ 1940 ലാണ് മുഹമ്മദ് മൂസ ഹാശ്മിയെന്ന പൂർന്നം ഇലാഹാബാദി ജനിക്കുന്നത്. വിഭജനാനന്തരം കറാച്ചിയിലേക്ക് പലായനം ചെയ്യുകയും ഖമർ ജലാലവിയെ പോലുള്ള കവികളുടെ ശിഷ്യത്വം സ്വീകരിച്ച് കാവ്യനിർമ്മിതിയിൽ ഭാവാത്മകവും പ്രണയാർദ്രവുമായ പുതിയ ശൈലിക്ക് തുടക്കം കുറിക്കുകയും ചെയ്തു അദ്ദേഹം. ആദ്യകാലത്ത് ധാരാളം ഹിന്ദി സിനിമാ ഗാനങ്ങൾ രചിച്ച അദ്ദേഹം പിൽക്കാലത്ത് പ്രവാചകപദാനങ്ങൾ രചിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ആ കാവ്യങ്ങളാണ് പ്രശസ്തരായ ഗായകരിലൂടെയും ഖവ്വാലുകളിലൂടെയും ലോകമെമ്പാടും പ്രചരിക്കുകയും വിശ്രുതി നേടുകയും ചെയ്തത്. അദ്ദേഹത്തിന്റെ ‘പൂൽ ദേഖേ ന്ന ഗയേ’ എന്ന കൃതിയിലെ “ബർ ദ ജോളി മേരി യാ മുഹമ്മദ്” പോലുള്ള പല കാവ്യങ്ങളും ദിവ്യാനുരാഗത്തിന്റെ തീവ്രാനുഭവങ്ങളെ പ്രകാശിപ്പിക്കുന്നവയാണ്. നുസ്രത്തിന്റെയും
സാബ്രി ബ്രദേഴ്സിന്റെയും ഘനഗാംഭീര്യമാർന്ന സുന്ദരശബ്ദത്തിലൂടെ ശ്രവിക്കുമ്പോൾ ദിവ്യപ്രണയമെന്ന തീക്കനൽ സൂക്ഷിച്ചിരിക്കുന്ന ഏത് ഹൃദയവും ആത്മാവും പ്രണയാഗ്നിയാൽ കത്തിയെരിയുകയും നോവുകളെല്ലാം മറന്ന് കൂടുതൽ ദൈവോന്മുഖമാവുകയും ചെയ്യുന്നു. ഉസ്താദ് നുസ്രത്ത് ഫതഹ് അലി ഖാൻ ആലപിച്ച അദ്ദേഹത്തിൻെ “തുമേ ദല്ലഗി ബൂൽ ജാനെ പടേഗി” എന്ന കവിതയുടെ സ്വതന്ത്രവിവർത്തനമാണിത്.
നിന്നിൽ ഹൃദയം ചേർന്നാൽ സർവ്വവും വിസ്മരിക്കേണ്ടി വരും.
പ്രേമത്തിന്റെ വഴികളിൽ പ്രവേശിച്ച ശേഷം അതൊന്ന് പരീക്ഷിച്ച് നോക്കിയാലും.
ഞാൻ പ്രേമത്തിന്റെ ആധികളിലായിരിക്കുമ്പോഴും
നീ ചിരിച്ച് കൊണ്ടിരിക്കുക തന്നെയാവും.
വല്ലപ്പോഴുമെങ്കിലും ഹൃദയത്തെ പ്രണയത്തിൽ ഒന്ന് ചേർത്ത് വെച്ച് നോക്കൂ.
വാഗ്ദാനങ്ങളിൽ നമ്മുടെ കാര്യത്തിൽ ആശങ്കയൊന്നും വേണ്ട
പക്ഷെ ഒരു വട്ടമെങ്കിലും ഒന്ന് പരീക്ഷിച്ച് നോക്കൂ.
കാലത്തെ തന്റെ വരുതിയിലാക്കിയൊന്ന് നോക്കിയാലും
നമ്മെയും നീ നിന്റെ വരുതിയിലാക്കിയൊന്ന് നോക്കിയാലും
ദൈവത്തിന്നായ് ഈ മറയൊന്ന് ഉപേക്ഷിച്ചാലും.
ഇന്നിവിടെ ഞാനും നീയുമില്ലാതെ മറ്റാരുമില്ലല്ലോ.
സമാഗമത്തിൻെറ രാത്രിയായിട്ട് കൂടി
എന്തിനാണിങ്ങനെയുള്ള മൂടുപടം (നീ ധരിച്ചിരിക്കുന്നത്)
നിൻെറ തിരുമുഖത്തിൽ നിന്നൽപം മൂടുപടമൊന്നുയർത്തി കാണിച്ച് തന്നാലും.
പീഢകളെമ്പാടും ചെയ്തുക്കൂട്ടിയെന്നോട് നീ.
ധാരാളം അക്രമങ്ങളാലെന്നെ തകർത്തെന്നെ തരിപ്പണമാക്കി.
ഇനിയെങ്കിലും എന്നിലേക്ക് മാന്യതയുടെ ഒരു നോട്ടമെറിഞ്ഞാലും.
എന്നെ കണ്ട ദിവസം മുതൽ കോപം മാത്രമല്ലേ നീ എന്നോട് കാണിച്ചിട്ടുള്ളത്
എന്റെ പ്രാണനേ..ഇനിയെങ്കിലും ചിരിച്ച് കൊണ്ടെന്നെ നോക്കിയാലും.
ഇണങ്ങികഴിയുമ്പോൾ സർവ്വ ദ്രോഹങ്ങളും ഹിതകരമാവും.
നിന്നോടുള്ള വാഗ്ദത്തം അതാണെനിക്കെല്ലാം.
അതല്ലെങ്കിൽ നീ എന്തിനാണെന്നെ രാവും പകലും ദ്രോഹിച്ച് കൊണ്ടിരിക്കുന്നത്.
ആരെങ്കിലും അന്യരെ ഇത്തരത്തിൽ ദ്രോഹിക്കുന്നുണ്ടോ എന്ന് നോക്കിയാലും.
അവൻ വല്ല കാര്യത്തിനും കുപിതാനായെങ്കിൽ.
അത് തന്നെയായിരിക്കും എനിക്കും നല്ലത്.
നീ നിന്നോട് ചെയ്യുന്നത് അവന് ഹിതമായാലും അഹിതമായാലും ഇതാണവന്റെ തൃപ്തി.
പക്ഷെ അവനെ പുർന്നമാണെന്ന് ഹിതത്തിൽ നോക്കൂ.
നിന്നിൽ ഹൃദയം ചേർന്നാൽ സർവ്വവും വിസ്മരിക്കേണ്ടി വരും.
പ്രേമത്തിന്റെ വഴികളിൽ പ്രവേശിച്ച ശേഷം അതൊന്ന് പരീക്ഷിച്ച് നോക്കിയാലും.