പാഴ്മരം, പടുമരം, നല്ല കാതലുള്ള മരം, ഫലവൃക്ഷം ഇങ്ങനെ വൃക്ഷങ്ങള്‍ പലതുണ്ട്. ചിലത് അടുപ്പില്‍ വെക്കാന്‍ മാത്രമുള്ളതാണ്. ചിലതോ പലകയാക്കിയാല് കട്ടിലോ, കൗക്കോലോ ഒക്കെയായി ഉപയോഗിക്കാന്‍ യോഗ്യമായതാണ്. മറ്റ് ചിലത് ഫലങ്ങള്‍ കായ്ക്കുന്നതും പലകയാക്കി വാതിലിനോ ജനലിനോ കട്ടിലിനോ ഒക്കെ ഉപയോഗിക്കാന്‍ സാധിക്കുന്നതുമാണ്. തേക്ക് പോലെ കാതലുള്ള മരങ്ങളോ അവ എല്ലാ പ്രതാപൈശ്വര്യങ്ങളെയും വെളിവാക്കി വാതില്‍ കട്ടളയോ വാതിലോ, കട്ടിലോ അങ്ങനെ മരം കൊണ്ടു നിര്‍മ്മിക്കാവുന്ന എന്തുമായി രൂപാന്തരപ്പെടുത്താന്‍ സാധിക്കുന്നതുമാണ്. ഇവയിലൊന്നും പെടാത്ത ചില മരങ്ങളുണ്ട്. പലേടത്തും മുഴച്ചും അസന്തുലിതമായും വളര്‍ന്ന അത്തരം ചില മരങ്ങളും ഒരു ആശാരിയുടെ കൈയ്യില്‍ കിട്ടിയാല്‍ ശില്പചാരുതയോടെ പ്രയോജനകരമായ എന്തെങ്കിലുമൊന്നാക്കി മാറ്റാന്‍ സാധിക്കുന്നതായി തീരും. വാസ്തവത്തില്‍ ആശാരി, ശില്പി എന്നിവരെ കണ്ടെത്തിയില്ലെങ്കില്‍ ഇവക്കെല്ലാം വെയിലും മഴയും ഋതുഭേദങ്ങളും കടന്ന് സ്വയം ജീര്‍ണിക്കുക എന്ന വിധിയല്ലാതെ മറ്റൊന്നുമില്ല…ഇങ്ങനെ സ്വയം ജീര്‍ണിച്ചതിന്റെ അവസാന ഉപയോഗം വിറകാവുക എന്നതോ മണ്ണാവുക എന്നതോ ആണ്….വാസ്തവത്തില്‍ ഇത് മരങ്ങളുടെ കഥയല്ല…നമ്മുടെ തന്നെ കഥയാണ്…ശരിയായ ഒരു മാര്‍ഗദര്‍ശിയെ(മുര്ശിദായ വലിയ്യിനെ)കണ്ടെത്തിയില്ലെങ്കില്‍ നമുക്കും വരാനുള്ള വിധി ഇതു തന്നെയാണ്. സ്വന്തത്തില്‍ മുഴച്ചു നില്ക്കുന്ന എല്ലാ അസന്തുലിതത്വങ്ങളെയും മുറിച്ചുകളഞ്ഞ് മനോഹരമായ ഒന്നാക്കി നിന്നെ രൂപാന്തരപ്പെടുത്താന്‍ ഒരു മുര്‍ശിദിനെ തേടുക….അല്ലെങ്കില്‍ വിറകാവുക, മണ്ണാവുക എന്ന വിധിക്ക് വേണ്ടി കാത്തിരിക്കുക. പടുമരമോ, കാതലുള്ള മരമോ ആയ നിന്നെ വേണ്ടവിധം പരുവപ്പെടുത്തിയാല്‍ പിന്നെ നീ കൊട്ടാരങ്ങളെ തന്നെ അലങ്കരിക്കുന്ന ഫര്‍ണീച്ചറായി തീരും….നിനക്ക് നിന്റെ ശില്പിയെ കണ്ടെത്താന്‍ ഇനിയും സമയമായില്ലേ…?വരൂ സഹോദരാ….പടുമരങ്ങളില് ശില്പം കൊത്തുന്ന രാജശില്പികളിലേക്ക്…..അല്ലാഹുവിന്റെ ഔലിയാക്കളുടെ സവിധത്തിലേക്ക്…