മുഹമ്മദ് ഇസ്മാഈൽ ഇബ്റാഹിം:
വംശീയ വിവേചനങ്ങളുടെയും സാമൂഹികാസമത്വങ്ങളുടെയും നടുവിൽ ആദ്യം കറുപ്പ് വംശീയതയിലൂന്നി ധിക്കാരിയായി ജീവിക്കുകയും പിന്നീട് കറുപ്പും വെളുപ്പിനുമപ്പുറം ഇസ് ലാമിന്റെ വിശാലമാനവികതയുടെ സമഭാവനയെയും സഹവർത്തിത്വത്തെയും തിരിച്ചറിയുകയും അതിന്റെ പ്രതിനിധിയാവുകയും ചെയ്ത അതുല്യനായ വിപ്ലവകാരിയായിരുന്നു മാൽകം എക്സ്. വിശ്വാസപരമായ പരിവർത്തനങ്ങൾക്കുശേഷം പിൽക്കാല ജീവിതം നീതിക്കുവേണ്ടിയുള്ള നിരന്തരമായ വിമോചനപ്പോരാട്ടമായി പരിവർത്തിപ്പിച്ച ഇരുപതാം നൂറ്റാണ്ട് കണ്ട അതുല്യവിപ്ലവകാരികളിൽ ഒരാളായ മാൽകം എക്സിന്റെ വിപ്ലവ ജീവിതത്തിന്റെ ഒരു ശ്ലഥചിത്രം വരക്കാനുള്ള ഉദ്യമമാണ് ഈ ലേഖനം.
1925 മെയ് 19 നാണ് ഏൾ ലിറ്റിലിന്റെയും ലൂസി നോർട്ടന്റെയും മകനായി അമേരിക്കയിലെ ഒമാഹയിൽ മാൽകം ലിറ്റിൽ ജനിക്കുന്നത്. മാൽകമിന്റെ ബാല്യവും കൗമാരവുമൊക്കെ സംഘർഷഭരിതമായിരുന്നു, പക്ഷെ അത് ഞാൻ പ്രതിപാദിക്കുന്നില്ല, കാരണം കുറഞ്ഞ പക്ഷം ആ സംഘർഷപരതയാണ് മാൽകമിലെ വ്യക്തിയെ രൂപീകരിച്ചത് എന്നൊരു ചിന്ത വരുന്നത് പോലും മാൽകം എക്സ് എന്ന ഐതിഹാസിക ചരിത്ര പുരുഷനോട് നമ്മൾ ചെയ്യുന്ന നീതികേടാവും. മാത്രമല്ല ജീവിതസംഘർഷങ്ങൾ എന്നത് ഡി കൊളോണിയൽ കാലഘട്ടത്തിലെ ഏതൊരു ആഫ്രോ അമേരിക്കന്റെയും ജീവിതത്തിലെ സാധാരണ സംഭവമാണ്.
മാൽകം അഭിസംബോധന ചെയ്ത വിഷയങ്ങൾ അമേരിക്കൻ സാമൂഹ്യപ്രതലത്തിൽ ഉള്ളതാണെങ്കിലും സാമൂഹ്യ പരിസ്ഥിതിയും സംഘർഷങ്ങളും കൊണ്ട് മാത്രം മാൽകമിനെ പോലൊരു വ്യക്തി രൂപീകരിക്കപ്പെടും എന്ന് ഞാൻ കരുതുന്നില്ല.
ആഫ്രോ അമേരിക്കൻ ജനതയുടെ അഭിമാനകരമായ അസ്തിത്വത്തിന് വേണ്ടിയായിരുന്നു മാൽക്കമിന്റെ വിപ്ലവങ്ങളധികവും. നീതി നിഷേധിക്കപ്പെടുന്ന ഏത് ജനതയും മാൽകമിന് വിഷയമായിരുന്നു. തികഞ്ഞൊരു സാമൂഹ്യ ശാസ്ത്രജ്ഞനായിരുന്ന മാൽകം അടിസ്ഥാന വർഗങ്ങളുടെ നീതിക്ക് വേണ്ടി മരണം വരെ പോരാടി.
” ആരും നിങ്ങൾക്ക് സ്വാതന്ത്ര്യം വെറുതെ തരില്ല, തുല്യതയും നീതിയും തരില്ല, നിങ്ങളൊരു മനുഷ്യനാണെങ്കിൽ അത് നിങ്ങൾ നേടിയെടുക്കണം”
അദ്ദേഹം ഓർമപ്പെടുത്തി.
എപ്പോഴും ഒരു സത്യാന്വേഷി ആയിരുന്നു മാൽകം. വ്യവസ്ഥിതിക്കെതിരായി സംസാരിക്കുന്നതിനും സഞ്ചരിക്കുന്നതിനും മാൽക്കമിലെ വിപ്ലവകാരി പൊതു ബോധത്തിന്റെ പിന്തുണ തേടാറുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാവും മരിച്ചിട്ടും വർഷങ്ങൾ കഴിഞ്ഞിട്ടാണ് മാൽക്കമിനെ ലോകം തിരിച്ചറിഞ്ഞത്. എന്നിട്ടും ആഫ്രോ അമേരിക്കൻ ജനതയുടെ മാത്രം പ്രതിനിധി ആയിട്ടാണ് മാൽകം പലപ്പോഴും വായിക്കപ്പെട്ടത്. പശ്ചിമേഷ്യൻ രാഷ്ട്രീയ സംഘട്ടനത്തിലും മറ്റും മാൽകം നടത്തിയ ഇടപെടലുകൾ പലരും മറച്ചു വെക്കുന്നു. ഒരു പക്ഷെ അമേരിക്കൻ പൊതുബോധം ഉൾകൊള്ളാൻ തയ്യാറായ ഒരു വ്യക്തി എന്ന നിലയിൽ മാൽക്കത്തിന്റെ നിലപാടുകൾ ആരെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ടാവാം, എന്നും മാൽകം അങ്ങനെയായിരുന്നല്ലോ.
നാല്പതുകളിലെ ജയിൽ ജീവിതത്തിനു ശേഷമാണ് മാൽകം സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നത്. അമേരിക്കൻ വ്യവസ്ഥിതിയിലെ കറുത്ത വർഗക്കാരോടുള്ള അവഗണന മാൽക്കമിനെ കൊണ്ട് വയലൻസ് ഫിലോസഫിയാണ് ശരി എന്ന നിലപാട് എടുപ്പിച്ചു. അവകാശങ്ങൾ അനുവദിച്ചു താരാത്തൊരു ഭരണകൂടത്തിനെതിരെ വയലൻസ് ആവാം എന്നതായിരുന്നു മാൽക്കമിന്റെ നിലപാട്. മാൽകം കൂടുതലായി വിമർശിക്കപ്പെട്ടതും ഈ വയലൻസ് ഫിലോസഫി വിഷയത്തിലാണ്. വംശീയമായ മുൻവിധികളും സംഘർഷങ്ങളും നിലനിൽക്കുന്ന അമേരിക്കൻ സാമൂഹിക സന്ദർഭത്തിൽ കറുത്ത വർഗക്കാർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുകൊണ്ടിരുന്ന പശ്ചാത്തലത്തിൽ ഒരു പത്ര സമ്മേളനത്തിൽ വെച്ച് തോക്കുകളെ പറ്റി ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു:
“നിങ്ങൾ നിങ്ങളുടെ തോക്കുകൾ ആദ്യം താഴെ വെച്ചാൽ ഞങ്ങൾ ഞങ്ങളുടെ തോക്കുകൾ താഴെ വെക്കാം”.
വ്യക്തമായ കാഴ്ചപ്പാടോട് കൂടെയാണ് അദ്ദേഹം എല്ലാ കാര്യങ്ങളെയും സമീപിച്ചിരുന്നത്. അമേരിക്കൻ ജനതയുടെ ഈ സംഘർഷങ്ങൾക്ക് എന്താണ് പരിഹാരം എന്ന് ചോദിച്ച റിപോർട്ടറോട് അദ്ദേഹം പറഞ്ഞു:
“ജനങ്ങളെ പുനർ വിദ്യാഭ്യാസം ചെയ്യുക “
“ഒരു ജനതയെ മുഴുവൻ പുനർ വിദ്യാഭ്യാസം ചെയ്യാൻ പറ്റുമോ”
“എന്ത് കൊണ്ട് പറ്റില്ല, ലോകയുദ്ധങ്ങൾക്ക് മുമ്പ് അമേരിക്കൻ ജനതക്ക് ഏറ്റവും ഇഷ്ടമില്ലാത്തവർ ഇറ്റലിക്കാരും ജെർമനിക്കാരുമായിരുന്നു, അതേ ജനത ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ ഏറ്റവും വെറുക്കുന്നത് റഷ്യക്കാരെയും ചൈനക്കാരെയുമാണ്, അത് ഭരണകൂടം പഠിപ്പിക്കുന്നതാണ്, വെളുത്തവനോട് കറുത്തവനെ സ്നേഹിക്കണമെന്ന് പിന്നെന്ത് കൊണ്ട് ഭരണകൂടത്തിന് പഠിപ്പിച്ചു കൂട? “
കാഴ്ചപ്പാടുകളിലും നിലപാടുകളിലും ശെരിയുടെ പക്ഷത്തു നിൽക്കുക എന്നതിന് എന്തും ത്യജിക്കാൻ മാൽകം തയ്യാറായിരുന്നു.
ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച മാൽകം പിന്നീട് ജയിൽ വാസത്തിനിടയിലാണ് കറുത്തവർക്ക് വേണ്ടി ശബ്ദമുയർത്തുന്ന എലിജാ മുഹമ്മദ് എന്നയാളുടെ നേഷൻ ഓഫ് ഇസ്ലാം എന്ന സംഘടനയിൽ ആകൃഷ്ടനായത്, പിന്നീട് അതിന്റെ നേതൃത്വത്തിലെത്തുകയുമായിരുന്നു. അവിടെ മാൽക്കത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. മാൽകം എന്ന പ്രസംഗികനെ ലോകം അറിയുന്നത് ഒരു പക്ഷെ അപ്പോഴായിരിക്കും. പ്രസംഗ വേദികളിൽ മാൽകം ഒരു ജ്വലിക്കുന്ന തീപ്പന്തമായിരുന്നു. ആൾക്കൂട്ടങ്ങളെ വാക്കുകൾ കൊണ്ട് മാൽകം തീ പിടിപ്പിച്ചു. മാൽകം കൂടുന്ന സദസ്സിൽ ജനങ്ങൾ തടിച്ചു കൂടി. മാൽക്കമിന്റെ വളർച്ചയുടെ വേഗത കൂടി നേഷൻ ഓഫ് ഇസ്ലാമിന്റെയും. മാൽകം ചേരുന്ന സമയത്ത് വെറും ആയിരത്തിൽ താഴെ അംഗങ്ങളുണ്ടായിരുന്ന സംഘടന അൻപതിനായിരം കടന്നു.
ഇതിനിടയിൽ പല രാഷ്ട്രീയ സംവാദങ്ങളിലും മാൽകം ഏർപ്പെട്ടു. സമകാലീനനായ മാർട്ടിൻ ലൂതർ കിങ്ങിന്റെ ഗാന്ധിയൻ ചിന്താധാരയോട് മാൽകമിനു താത്പര്യമുണ്ടായിരുന്നില്ല.
“ഒരു കരണത്തടി കിട്ടീട്ട് മറു കരണം കാണിച്ചു കൊടുത്താൽ ആയിരം വർഷത്തെ അടിമത്തമായിരിക്കും നിങ്ങൾക്ക് ലഭിക്കുക ” മാൽകം പ്രഖ്യപിച്ചു.
എങ്കിലും രണ്ടാളുടെയും ലക്ഷ്യം ഒന്നായിരുന്നു എന്ന് മാൽകം സമ്മതിച്ചിരുന്നു. ലോക പ്രശസ്ത ബോക്സർ മുഹമ്മദ് അലി മൽകമിൽ സ്വാധീനപ്പെട്ടിട്ടാണ് നേഷൻ ഓഫ് ഇസ്ലാമിൽ ചേർന്നത്. ഒരിക്കൽ ഒരു യു എൻ പൊതു യോഗത്തിൽ പങ്കെടുക്കാൻ അമേരിക്കയിൽ എത്തിയ ഫിഡൽ കാസ്ട്രോ മാൽക്കമിന്റെ ആശയങ്ങളിലുള്ള താല്പര്യം കാരണം കൂടികാഴ്ചക്ക് ആഗ്രഹം പ്രകടിപ്പിച്ചു, അങ്ങനെ അവർ ഹാർലെമിൽ വച്ച് കണ്ട് മുട്ടി. പല ആശയ ചർച്ചകളും അവർക്കിടയിലുണ്ടായി.
നേഷൻ ഓഫ് ഇസ്ലാമിന്റെ മുഖമായി മാൽകം മാറുന്നതിൽ പലരും നെറ്റി ചുളിക്കാൻ തുടങ്ങിയിരുന്നു. മാത്രമല്ല അതിനിടയിൽ മാൽകം നടത്തിയ ആഫ്രിക്കൻ സന്ദർശനം മാൽക്കമിന്റെ ആശയങ്ങളെ സ്വാധീനിച്ചു തുടങ്ങിയിരുന്നു. വെളുത്തവനെ മനുഷ്യനായി പോലും അംഗീകരിക്കാൻ കഴിയാത്ത വംശീയ വിവേചനത്തിന്റെ സമീപനം പുലർത്തിയിരുന്ന നേഷൻ ഓഫ് ഇസ് ലാമിന്റെ സ്ഥാപകനായ എലിജായുടെ വീക്ഷണം മാൽക്കമിനെ പോലെ വിശാല മാനവിക വീക്ഷണമുള്ള ഒരു ലോക സഞ്ചാരിക്ക് ഉൾകൊള്ളാൻ കഴിയുന്നതായിരുന്നില്ല. മൊറോക്കോ സന്ദർശനത്തിനിടക്ക് അദ്ദേഹം കണ്ട് മുട്ടിയ മഗ്രിബി സൂഫി പണ്ഡിതരിൽ നിന്ന് ഇസ്ലാമിലെ ലിബറേഷൻ തീയോളജിയിൽ ആകൃഷ്ടനായി. അതോടെ കറുപ്പ് വംശീയതയിലൂന്നിയ എലിജായുടെ സിദ്ധാന്തങ്ങൾ ഇസ്ലാമിലെ മാനവ മൂല്യത്തിന് വിരുദ്ധമായ കുടുസ്സായ ആശയമാണ് ഇത്രയും കാലം പങ്ക് വച്ചതെന്ന് മാൽകം തിരിച്ചറിഞ്ഞു തുടങ്ങി. അതെ സമയം തന്നെ വിശുദ്ധ പുരുഷനായി മാൽകം കണ്ടിരുന്ന എലിജായുടെ അവിശുദ്ധമായ നീക്കുപോക്കുകളും മാൽകം തിരിച്ചറിഞ്ഞു തുടങ്ങി. അത് പരസ്യമായി പ്രഖ്യാപിക്കാതിരിക്കാൻ അദ്ദേഹത്തിനായില്ല.
അങ്ങനെ ഒരു രണ്ടാം ആഫ്രിക്കൻ പര്യടനം മാൽകം നടത്തി. ഇത്തവണ മാൽകം മക്കയും യാത്രയിൽ ഉൾപ്പെടുത്തി. മക്ക സന്ദർശന വേളയിൽ മാൽകം അന്നത്തെ സഊദി രാജാവ് ഫൈസലുമായും മറ്റനേകം പണ്ഡിതന്മാരുമായും കൂടിക്കാഴ്ച നടത്തി. എലിജയിൽ നിന്നും നേഷൻ ഓഫ് ഇസ്ലാമിൽ നിന്നുമുള്ള മാൽക്കമിന്റെ പരിപൂർണമായ വിരാമത്തിനായിരുന്നു ആ കൂടിക്കാഴ്ചകൾ വഴിയൊരുക്കിയത്.
മാൽകം മറ്റൊരു വഴിയിലേക്ക് പൂർണമായും തിരിയുകയായിരുന്നു. എലിജായുടെ ആശയ പാപ്പരത്വവും വ്യക്തിശുദ്ധിയില്ലായ്മയും അങ്ങേയറ്റം അലോസരമായി തോന്നി തുടങ്ങിയ മാൽകം വിമോചന ദൈവശാസ്ത്രത്തിന്റെ ഉദാരതയും മാനവ സങ്കല്പവും ലോകത്തോട് പ്രഖ്യാപിച്ചു.
പിന്നീട് പലസ്തീൻ സന്ദർശനാനന്തരം മാൽകം ഈജിപ്ഷ്യൻ ഗസറ്റിൽ സിയോണിസ്റ് ലോജിക് എന്നൊരു ലേഖനം എഴുതി;
” ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ആയുധം എന്നത് സിയോണിസ്റ്റ് ഡോളർ ആണ്, സിയോണിസ്റ്റ് ഇസ്രായേൽ ആണതിന്റെ ഉറവിടം ” മാൽകം കുറിച്ചിട്ടു.
ഒരു വ്യവസ്ഥിതി എന്ന നിലയിൽ ആഴത്തിൽ വേരോടിയിരുന്ന അമേരിക്കൻ സിയോണിസ്റ്റ് കൂട്ടുകെട്ടിനെ അത് നല്ല രീതിയിൽ വിറളി പിടിപ്പിച്ചിട്ടുണ്ടാവണം.
‘അങ്കിൾ സാമിനെ’ എല്ലാ ഭാഗങ്ങളിൽ നിന്നും മാൽകം കടന്നാക്രമിച്ചു. അതിന്റെ അനന്തര പ്രതിഫലനങ്ങൾ അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ മനസ്സിലാക്കിയിരുന്നു. വിദേശ പര്യടനം കഴിഞ്ഞു അമേരിക്കയിലെത്തിയ മാൽകം പറഞ്ഞു:
“ഏഴ് രാജ്യങ്ങൾ സന്ദർശിക്കുന്നതിനിടെ അഞ്ചു തവണ എന്നെ സി ഐ എ കൊല്ലാൻ ശ്രമിച്ചു”.
മാത്രമല്ല ആ യാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ തന്നെയാണ് മാൽകം താൻ നേഷൻ ഓഫ് ഇസ്ലാമിൽ നിന്ന് പിരിയുകയാണെന്നും ഔദ്യോഗികമായി പ്രഖ്യപിച്ചത്. തന്റെ ഭാവി നയപരിപാടികളെ പറ്റിയും അദ്ദേഹം വിശദീകരിച്ചു.
നേഷൻ ഓഫ് ഇസ്ലാമിൽ നിന്ന് വിരമിച്ച മാൽകം സിവിൽ റൈറ്റ്സ് മൂവ്മെന്റുമായി സഹകരിക്കാൻ തീരുമാനിച്ചു. എലിജായുടെ കറുത്തവനു വേറൊരു രാഷ്ട്രം എന്നതിൽ നിന്ന് മാറി കറുത്തവനും വെളുത്തവനും ഏകോദര സഹോദരങ്ങളായി ജീവിക്കാൻ കഴിയുമെന്നും, ഒരു രാഷ്ട്രത്തിൽ ഒരേ പൗരന്മാരായി ജീവിക്കാനുള്ള അവകാശ സംരക്ഷണമാണ് ലക്ഷ്യമെന്നും മാൽകം വ്യക്തമാക്കി.
അറേബ്യൻ യാത്രക്കിടയിൽ എഴുതിയ ഒരു കത്തിൽ അദ്ദേഹം പറയുന്നു:
“അമേരിക്കയിലെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ച വലിയ പാഠമായിരുന്നു വെളുത്തവനും കറുത്തവനും ഒന്നിച്ചു ജീവിക്കാൻ സാധ്യമല്ല എന്നത്. എന്നാൽ ഇവിടെ എനിക്കു കാണാൻ കഴിഞ്ഞത് നേരെ മറിച്ചാണ്. ഞങ്ങളെല്ലാം ഒരേ ആരാധനകൾ നടത്തുന്നു. ഒരേ വസ്ത്രം ധരിക്കുന്നു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും തുല്യതയില്ലാത്ത പ്രദർശനമായിരുന്നു അത്. അമേരിക്ക ഇസ്ലാമിനെ മനസ്സിലാക്കേണ്ടതുണ്ട്. കാരണം അവരുടെ സാമൂഹികാവസ്ഥയിൽ നിന്നും വംശീയമായ വേർതിരിവുകൾ പിഴുതെറിയാൻ സാധിക്കുന്ന ഒരു ദർശനമാണിത്.”
ദീർഘമായ യാത്രകളിലൂടെയും ഗവേഷണങ്ങളിലൂടെയും ആഫ്രോ അമേരിക്കൻ വിഷയങ്ങൾക് ഒരു അന്തർദേശീയ മാനം നൽകുക എന്നൊരു പദ്ധതിയിലേക്ക് മാൽകം എത്തിയിരുന്നു. അതിന്റെ ഭാഗമായി ഓർഗനൈസേഷൻ ഓഫ് ആഫ്രോ അമേരിക്കൻ യൂണിറ്റി (OAAU) രൂപീകരിക്കാൻ മാൽകം പദ്ധതിയിട്ടു.
1965 ഫെബ്രുവരി 21,
ന്യൂ യോർക്കിലെ മൻഹാട്ടനിൽ വച്ച് നടക്കുന്ന ഒരു ആഫ്രോ അമേരിക്കൻ സമ്മേളനം, വേദിയിൽ മാൽക്കമിന്റെ പ്രസംഗം നടക്കുകയായിരുന്നു,
“നീഗ്രോ എന്റെ പോക്കറ്റിൽ നിന്ന് പിടി വിടൂ ” ബഹളം കേട്ട് ആളുകൾ അങ്ങോട്ട് നോക്കി. കലഹത്തിൽ ആൾകൂട്ടം പെട്ടെന്ന് ചിതറി എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെ മാൽകം സ്റ്റേജിൽ നിൽക്കുകയായിരുന്നു പെട്ടെന്ന് മുന്നിൽ നിന്നയാൾ മാൽകമിന് നേരെ നിറയൊഴിച്ചു. എന്താണ് നടക്കുന്നത് എന്ന് ആളുകൾക്ക് മനസ്സിലാവുന്നതിന് മുമ്പ് മാൽക്കമിന്റെ പിന്നിൽ നിന്നും രണ്ടു പേര് നിറയൊഴിക്കാൻ തുടങ്ങി. ആളുകൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആ ആൾക്കൂട്ടത്തിന് നടുവിൽ ഇരുപതാം നൂറ്റാണ്ടിന്റെ മഹാ നായകൻ കടപുഴകി വീണു.
അമേരിക്കൻ മാധ്യമങ്ങളിൽ വാർത്തകൾ ഓടി തുടങ്ങി “Malcom x assasinated ” ഇരുപത്തിമൂന്ന് ബുള്ളറ്റുകളായിരുന്നു മാൽക്കമിന്റെ ശരീരത്തിൽ നിന്ന് ലഭിച്ചത്. ഒരു വലിയ ജനതയെ അനാഥത്വത്തിലാക്കി അവരുടെ നായകൻ വിട പറഞ്ഞു. ഒരു പക്ഷെ അന്ന് അവർ അത് തിരിച്ചറിഞ്ഞില്ലെങ്കിലും കാലം അവർക്ക് ആ തിരിച്ചറിവ് നൽകി എന്നത് ഒരു ദൈവവിധിയായിരുന്നു. അവർക്ക് മനസ്സിലായി കുറ്റിത്താടി വച്ചിരുന്ന ആ ധിക്കാരി അവരുടെ നേതാവായിരുന്നു എന്ന്.
പിന്നീട് മാൽക്കമിന്റെ കൊലപാതകത്തിന്റെ വിഷയത്തിലും പല ചർച്ചകളും നടന്നു. അലക്സ് ഹാലിയുടെ മാൽക്കമിന്റെ ജീവചരിത്രം മാൽക്കമിനെ പറ്റിയുള്ള കുറെ കാര്യങ്ങൾ പുറത്തു കൊണ്ടുവന്നു. അതിൽ നേഷൻ ഓഫ് ഇസ്ലാമിന്റെ ആളുകളാണ് അത് ചെയ്തത് എന്നായിരുന്നു. പക്ഷെ 1997ലെ ഒരു കോടതി വിധിയിൽ മാർട്ടിൻ ലൂതർ കിങ്ങിന്റെ മരണത്തിലെ അമേരിക്കൻ ഭരണകൂടത്തിന്റെ പങ്ക് പുറത്തു വന്നതോടെ മാൽക്കമിന്റെ മരണത്തിലും അങ്ങനെ ചില സംശയങ്ങൾ വരാതിരുന്നില്ല. 2012 ൽ പുറത്തിറങ്ങിയ മാനിങ് മാർബിൾ എഴുതിയ Malcom x : A life of reinvention എന്ന പുസ്തകത്തിൽ അദ്ദേഹം മാൽക്കമിന്റെ കൊലപാതകത്തിലെ എഫ് ബി ഐയുടെ പങ്കിനെ പറ്റി പറയുന്നുണ്ട്.
എന്തായാലും ജീവിത കാലത്ത് അമേരിക്ക എന്ന ലോക പോലീസിനെയും അതിന്റെ എല്ലാ തിന്മകളെയും ആക്രമിച്ചു ബുദ്ധിമുട്ടിച്ച പാൻ ആഫ്രിക്കൻ മൂവ്മെന്റിന്റെ ആ മഹാ നായകൻ ഫേൺക്ലിഫിലേ അദ്ദേഹത്തിന്റെ ഖബറിൽ കിടന്ന് ഇപ്പോഴും പേടിപ്പിക്കുന്നുണ്ട് .
“നമുക്ക് കുറെ കൂടെ പ്രകാശം വേണം, പ്രകാശം നമ്മളെ തിരിച്ചറിവിലേക്കും തിരിച്ചറിവ് പ്രണയത്തിലേക്കും പ്രണയം ക്ഷമയിലേക്കും ക്ഷമ ഐക്യത്തിലേക്കും നമ്മളെ നയിക്കും”.