അഭിമുഖം
എ.കെ. അബ്ദുൽ മജീദ്
മലയാളത്തിലെ മൗലിക പ്രതിഭയുള്ള എഴുത്തുകാരിൽ ശ്രേഷ്ഠസ്ഥാനത്തുള്ള പ്രമുഖനാണ് എ.കെ. അബ്ദുൽ മജീദ് മാഷ്. വായനയും എഴുത്തും പരിഭാഷകളും അദ്ധ്യാപനവുമായി വൈജ്ഞാനിക മേഖലകളിൽ സജീവ സാന്നിദ്ധ്യമായ മാഷ് നിരവധി മൗലിക രചനകൾ നിർവ്വഹിക്കുകയും സൂഫിസവുമായി ബന്ധപ്പെട്ട പ്രമുഖമായ പല ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് മൊഴിമാറ്റുകയും ചെയ്തിട്ടുണ്ട്. മലയാള ആനുകാലികങ്ങളിൽ കോളങ്ങളായും പഠന പരമ്പരകളായും നിരവധി രചനകൾ നിർവ്വഹിച്ച അദ്ദേഹം ഇൗയടുത്തിടെ മുസ്ലിം തത്ത്വചിന്ത, ചരിത്രം ഉള്ളടക്കം എന്ന പേരിൽ രചിച്ച മൗലിക രചന കോഴിക്കോട് എെ.പി.എച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. മുസ്ലിം തത്ത്വചിന്തയുടെ ചരിത്രവും ഉള്ളടക്കവും വസ്തുതാപരമായി അന്വേഷിക്കുന്ന ഏതൊരാൾക്കും പ്രയോജനം ചെയ്യുന്ന വിധത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥം ഇതിനകം ചർച്ച ചെയ്യപ്പെടുകയും അക്കാദമിക രംഗത്തും സാധാരണ വായനക്കാർക്കിടയിലും പ്രശംസനീയമായ സ്വീകാര്യത നേടുകയുമുണ്ടായി. മുസ്ലിം തത്ത്വചിന്തയുടെ ന്യായാന്യായതകൾ വിശകലനം ചെയ്യുകയല്ല, പ്രത്യുത പ്രമുഖരായ ഒാരോ മുസ്ലിം തത്വജ്ഞാനികളും എന്ത് ആശയമാണോ പ്രതിനിധീകരിച്ചത് അത് അവലോകനം ചെയ്യുകയും വസ്തുനിഷ്ഠമായി വിശകലനം ചെയ്യുകയും ചെയ്യുന്ന ശൈലിയാണ് ഇൗ ഗ്രന്ഥത്തിൽ സ്വീകരിച്ചിട്ടുള്ളത്. ഇസ്ലാമിന്റെ മൗലിക പ്രദാനമായ തനത് വിജ്ഞാന പാരമ്പര്യങ്ങളുമായി കണ്ണിചേരുന്നില്ലെങ്കിലും മുസ്ലിംകളുടെ വൈജ്ഞാനിക ചരിത്രത്തിൽ ഫിലോസഫി ഉളവാക്കിയ സ്വാധീനം അവലോകനം ചെയ്യാൻ പ്രേരിപ്പിക്കുന്ന സവിശേഷമായ രചനയാണ് മുസ്ലിം തത്ത്വചിന്ത ചരിത്രം ഉള്ളടക്കം. ഇൗ ഗ്രന്ഥ രചനയുടെ പശ്ചാത്തലത്തിൽ അകമിയം പ്രതിനിധി ഗ്രന്ഥകർത്താവിനോടുന്നയിച്ച ചില ചോദ്യങ്ങൾക്ക് അദ്ദേഹം പ്രതികരിക്കുന്നു.
ഇസ്ലാമിന്റെ വൈജ്ഞാനിക ചരിത്രത്തിൽ ഫിലോസഫിയുടെ ആവിർഭാവവും പശ്ചാത്തലവും വിശദീകരിക്കാമോ..?
അന്വേഷിക്കാനും അറിയാനുമുള്ള ചിന്തിക്കുന്ന മനുഷ്യന്റെ ജന്മസഹജമായ ത്വരയുടെ ഉത്പന്നമാണ് തത്ത്വചിന്ത. ഫിലോസഫി എന്ന വാക്കിന്റെ തന്നെ അർത്ഥം അറിവിനെ സ്നേഹിക്കുക എന്നാണല്ലോ? മനുഷ്യകുലത്തിന്റെ ചരിത്രത്തിൽ എല്ലാ ഘട്ടങ്ങളിലും വൈജ്ഞാനികമായ ഇൗടുവെപ്പുകൾ ഉണ്ടായിട്ടുണ്ട്. മനുഷ്യവിജ്ഞാനം ഭൗതികം, അഭൗതികം എന്നോ മതാത്മകം മതേതരം എന്നോ വിഭജിക്കപ്പെടുന്നതിനുമുമ്പ് അദ്ധ്യാത്മികവും ഭൗതികവുമായ അന്വേഷണങ്ങളെല്ലാം നാം ഇന്ന് തത്ത്വചിന്ത എന്ന് വിളിക്കുന്ന വിജ്ഞാനശാഖയുടെ പരിധിയിലാണ് വന്നിരുന്നത്. അറേബ്യയിലേക്ക് തത്ത്വചിന്ത എത്തുന്നത്, നമുക്കറിയാവുന്നതുപോലെ ഗ്രീക്ക് അലക്സാണ്ട്രിയൻ സിറിയൻ ഇന്ത്യൻ പശ്ചാത്തലങ്ങളിൽ നിന്നാണ്. ഉമവീ ഭരണകാലത്തു തന്നെ ഇൗ വേഴ്ച ആരംഭിക്കുന്നുണ്ടെങ്കിലും ഗ്രീക്ക്, സിറിയക്, ഹീബ്രൂ, സംസ്കൃത ഗ്രന്ഥങ്ങൾ വൻതോതിൽ അറബിയിലേക്ക് തർജ്ജമ ചെയ്യപ്പെടുന്നത് അബ്ബാസി ഭരണാധികാരികളായ ഹാറൂൻ റശീദിന്റെയും അദ്ദേഹത്തിന്റെ മകൻ മഅ്മൂന്റെയും കാലത്താണ്. ബാഗ്ദാദിൽ ഖലീഫ മഅ്മൂൻ സ്ഥാപിച്ച ബൈത്തുൽ ഹിക്മ ഇതിൽ വഹിച്ച പങ്ക് പ്രധാനമാണ്. പൈതഗോറസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ, ഹിപ്പോക്രാറ്റസ്, യൂക്ലിഡ്, പ്ലോട്ടനസ്, ഗാലൻ, ടോളമി, ശുശ്രുതൻ, ചരകൻ, ആര്യഭടൻ, ബ്രഹ്മഗുപ്തൻ തുടങ്ങിയ പ്രതിഭാ ശാലികളുടെയെല്ലാം ഗ്രന്ഥങ്ങൾ ബൈത്തുൽ ഹിക്മയിൽ വെച്ച് അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. വൻ പ്രതിഫലമാണ് പരിഭാഷകന്മാർക്ക് ഖലീഫമാർ നൽകിയിരുന്നത്.
ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യത്തോട് വലിയ ഒരു കൂട്ടിച്ചേർക്കലാണ് ഇതര നാഗരിഗതകളിൽ നിന്നുള്ള വിജ്ഞാനങ്ങളുടെ കടന്നുവരവ് മൂലം സംഭവിച്ചത്. മുസ്ലിം പണ്ഡിതന്മാർക്ക് അതുവരെ അപരിചിതമായിരുന്ന ഒരു ചിന്താരീതി ഇൗ വിവർത്തനങ്ങൾ അവരുടെ മുന്നിൽ തുറന്നിട്ടു. ചിലർ അത് അപ്പടി സ്വീകരിച്ചപ്പോൾ മറ്റുചുലർ വിമർശനാത്മകമായി അതിനെ സമീപിക്കുകയും ഖുർആനിൽ നിന്നും പ്രവാചക ചര്യയിൽ നിന്നും ലഭിക്കുന്ന ഉൾക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ത്യാജ്യഗ്രാഹ്യ വിവേചന ബുദ്ധിയോടെ സമന്വയത്തിന്റെയും സ്വാംശീകരണത്തിന്റെയും മാർഗം അവലംബിക്കുകയും ചെയ്തു. അറബ് അരിസ്റ്റോട്ടലിയന്മാർ എന്ന് വിശേഷിപ്പിക്കപ്പെട്ട അൽ കിന്ദി, ഫാറാബി, ഇബ്നു സീന, ഇബ്നു റുശ്ദ് തുടങ്ങിയവർ പോലും ഗ്രീക്ക് ആചാര്യന്മാരെ അതേ പടി പകർത്തുകയല്ല, മറിച്ച് തങ്ങളുടേതായ മൂശയിൽ പുനരുൽപാദിപ്പിക്കുകയാണ് ചെയ്തത് എന്ന് മനസ്സിലാക്കാൻ സാധിക്കും.
ഇതോടൊപ്പം ഒാർക്കേണ്ട വസ്തുത തത്ത്വചിന്ത അഥവാ ദർശനം എന്ന സംജ്ഞകൊണ്ട് ഉദ്ദേശിക്കപ്പെടുന്ന ജ്ഞാനമണ്ഡലത്തെ ഖുർആൻ ഹിക്മ എന്ന് പരിചയപ്പെടുത്തുന്നുണ്ട് എന്നതാണ്. ഖുർആൻ സ്വയം വിശേഷിപ്പിക്കുന്നത് അൽ ഖുർആനുൽ ഹകീം(തത്ത്വജ്ഞാന ഭരിതമായ ഖുർആൻ) എന്നാണ്. തത്ത്വചിന്തയുടെ പരിഗണന വിഷയങ്ങളായ സത്താവിജ്ഞാനം, ജ്ഞാനശാസ്ത്രം, മൂല്യവിചാരം, സംവാദ ശാസ്ത്രം, സൗന്ദര്യദർശനം മുതലായവ ഖുർആനിന്റെ ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ തത്ത്വചിന്ത തീർത്തും ഇസ്ലാമിന് അന്യമായ വിജ്ഞാന മേഖലയാണ് എന്ന് പറയാൻ സാധിക്കുകയില്ല. തത്ത്വചിന്ത ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് ഇസ്ലാമിന് സ്വന്തമായ വിശദീകരണങ്ങളുണ്ട് എന്നതാണ് ശരി. ഖുർആനിന്റെ തത്ത്വ ചിന്ത എന്നോ ഇസ്ലാമിക തത്ത്വ ചിന്ത എന്നോ അതിനെ വിളിക്കാം.
മുഅ്തസലിസം എന്ന പേരിൽ ഇസ്ലാമിക ചരിത്രത്തിൽ ഉളവായ ബിദ്അത്തിന്റെ ഭാവമുള്ള ചിന്താധാരയുടെ പിൽക്കാല വികാസവും രൂപാന്തരവുമാണ് മുസ്ലിം ഫിലോസഫി എന്ന വിമർശനത്തോട് എങ്ങനെ പ്രതികരിക്കുന്നു?
അഹ്ലുത്തൗഹീദ് വൽ അദ്ൽ എന്നാണ് മുഅ്തസലികൾ സ്വയം വിശേഷിപ്പിച്ചിരുന്നത്. മതവിഷയങ്ങളിൽ പ്രമാണത്തേക്കാൾ യുക്തിക്ക് പ്രാധാന്യം കൽപിച്ച ഇൗ വിഭാഗമാണ് മുസ്ലിം ലോകത്ത് സ്വതന്ത്ര ചിന്തക്ക് തുടക്കം കുറിച്ചവർ. അബ്ബാസീ ഖലീഫമാരിൽ പലരും മുഅ്തസലീ സ്വാധീനമുള്ളവരായിരുന്നു. ഗ്രീക്ക് തത്വചിന്ത മുസ്ലിം ലോകത്ത് പ്രചാരം നേടുന്നതിൽ സുപ്രധാന പങ്ക് വഹിച്ച ഖലീഫ മഅ്മൂൻ ഇൗ ആശയ ധാരയോട് എെക്യപ്പെട്ട വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ഒരു സ്വപ്ന കഥ പ്രസിദ്ധമാണ്. അദ്ദേഹം അരിസ്റ്റോട്ടിലിന്റെ ആത്മാവിനെ സ്വപ്നം കണ്ടു. ”താങ്കൾ വന്നത് എന്തിനാണ്?” എന്ന് മഅ്മൂൻ ചോദിച്ചു. അതിന് അദ്ദേഹത്തിന് ഇങ്ങനെ മറുപടി ലഭിച്ചു; ”നിന്റെ സംശയത്തിന് നിവാരണം നൽകുവാനാണ് ഞാൻ വന്നിരിക്കുന്നത്…”
ഖലീഫ ചോദിച്ചു;
”എന്താണ് എന്റെ സംശയം…?”
ആത്മാവ്; ”യുക്തിയാണോ വെളിപാടാണോ പ്രധാനം…?ഇതാണ് നിന്റെ സംശയം..”
ഖലീഫ അത് ശരിവെച്ചു. തന്നെ അലട്ടുന്ന പ്രശ്നം അതുതന്നെയാണ്. സംശയത്തിന്റെ നിവാരണം എന്താണെന്ന് ഖലീഫ മഅ്മൂൻ അരിസ്റ്റോട്ടിലിന്റെ ആത്മാവിനോട് ആരാഞ്ഞു. അപ്പോൾ ഇങ്ങനെ മറുപടി ലഭിച്ചു. രണ്ടും പരസ്പര വിരുദ്ധമല്ല., യുക്തിയുടെ വഴിയിലൂടെ സഞ്ചരിച്ചാലേ യഥാർത്ഥ വെളിപാട് ലഭിക്കൂ. യുക്തിയാണ് ബോധേന്ദ്രിയങ്ങളുടെ കവാടം. ബുദ്ധി ഉപയോഗിച്ചാലേ ഉന്നതമായ സത്യം കണ്ടെത്താനാവുകയുള്ളൂ.” ആ സംസാരം നീണ്ടു. ഒടുവിൽ ഞെട്ടിയുണർന്ന ഖലീഫ ഇൗ സ്വപ്നത്തിന്റെ വഴിയേ സഞ്ചരിക്കാൻ തീരുമാനിച്ചു. ഇസ്ലാമിക ലോകത്ത് ഹിജ്റ രണ്ട് മൂന്ന് നൂറ്റാണ്ടുകളിൽ അഥവാ ക്രിസത്വാബ്ദം ആറ് ഏഴ് നൂറ്റാണ്ടുകളിലുണ്ടായ തത്ത്വ ചിന്താ വിസ്ഫോടനത്തിന് മുഅ്തസലീ ചിന്തയോടാണ് കടപ്പാട്. എന്നാൽ മുഅ്തസലി ചിന്തയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് അശ്അരികൾ അവലംബിച്ചതും തത്ത്വ ചിന്തയുടെ ഉപാദാനങ്ങളാണ് എന്നത് വിസ്മരിക്കരുത്. നേരത്തെ മുഅ്തസലീ പക്ഷത്തായിരുന്ന ഇമാം അബുൽ ഹസൻ അശ്അരി താർക്കികമായാണ് മുഅ്തസലി ചിന്തയെ നേരിട്ടത്. അതിനാൽ തത്ത്വ ചിന്ത പൂർണ്ണമായും ഒരു മുഅ്തസലീ വ്യതിയാനമാണെന്ന് പറയാനാവില്ല. അശ്അരികളും ആശ്രയിച്ചത് തത്ത്വ ചിന്തയെയാണ്.
ഇസ്ലാമിന്റെ തനത് വിജ്ഞാന പാരമ്പര്യങ്ങളിൽ നിന്നുള്ള ഒരു വിച്ഛേദമാണ് ഫിലോസഫി എന്ന വിമർശനത്തെ എങ്ങനെ പരിഗണിക്കുന്നു..?
ആ വിമർശനത്തോട് വിയോജിക്കുന്നു. ഖുർആൻ ആണല്ലോ ഇസ്ലാമിന്റെ തനത് വിജ്ഞാന പാരമ്പര്യത്തിന്റെ പ്രഥമ സ്രോതസ്സ്. ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ തത്ത്വചിന്ത പ്രതിനിധീകരിക്കുന്ന വിജ്ഞാന ശാഖയുടെ ഖുർആനിക സംജ്ഞ ഹിക്മ: എന്നാണ്. ആദ്യകാല മുസ്ലിം ജ്ഞാന വ്യവഹാരങ്ങളിലെല്ലാം ഇൗ സംജ്ഞ വ്യാപകമായി ഉപയോഗിച്ചിരുന്നതുമാണ്. പ്രവാചകന്മാർ നിയുക്തരാവാത്ത ജന സമൂങ്ങളൊന്നും ഭൂമുഖത്ത് കഴിഞ്ഞു പോയിട്ടില്ല എന്നും എല്ലാ പ്രവാചകന്മാർക്കും അല്ലാഹു ഹിക്മ: പ്രദാനം ചെയ്തിട്ടുണ്ട് എന്നും അവർ അവ തങ്ങളുടെ അഭിസംബോധിതരായ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട് എന്നും ഖുർആൻ പ്രസ്താവിക്കുന്നുണ്ട്. ഇതിനർത്ഥം വ്യത്യസ്ത നാഗരികതകളിൽ കാണുന്ന വൈജ്ഞാനിക ശേഷിപ്പുകളിൽ ദൈവികമായ ഹിക്മയുടെ അംശങ്ങൾ ഉണ്ടെന്നാണ്. ഖുർആൻ മാനദണ്ഡമാക്കി അവ വേർതിരിച്ചെടുക്കുക എന്നതാണ് മുസ്ലിം ദാർശനികരുടെ മുമ്പിലുണ്ടായിരുന്ന വെല്ലുവിളി. അതിനാൽ തത്ത്വചിന്താപരമായ അന്വേഷണങ്ങൾ മതത്തിന്റെ പരിധിക്കുപുറത്തല്ല, അകത്തുതന്നെയാണ്.
മുസ്ലിം ലോകത്തെ പ്രഖ്യാതരായ തത്ത്വചിന്തകരെല്ലാം ഭക്തരും മതമീംമാംസകരും ആയിരുന്നു എന്ന കാര്യം ഇവിടെ പ്രത്യേകം സ്മരണീയമാണ്. പാശ്ചാത്യർ ഏറെ കൊണ്ടാടുന്നവരാണല്ലോ അവിസന്ന(ഇബ്നു സീന)യും അവറോസും(ഇബ്നു റുശ്ദ്). ഇവരുടെ കാര്യം മാത്രം പരിശോധിക്കുക. മതവിശ്വാസം അസന്നിഗ്ദം പ്രഖ്യാപിച്ചവരായിരുന്നു ഇരുവരും. വൈജ്ഞാനികമായ സന്ദേഹങ്ങൾ ഉണ്ടാകുമ്പോഴെല്ലാം പള്ളിയിൽ പോയി നിസ്കരിച്ച് വ്യക്തതക്കുവേണ്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നു ഇബ്നു സീന. കോർദോവയിലെ ഖാളിയായിരുന്നു ഇബ്നു റുശ്ദ്. സത്യത്തിന്റെ മാനദണ്ഡമായി അവരാരും ഗ്രീക്ക് ചിന്തയെ അംഗീകരിച്ചിരുന്നില്ല. ”തൻബതുൽ ഹിക്മതു മിൻ മിശ്കാതിന്നുബുവ്വ”(പ്രവാചകത്വത്തിന്റെ പ്രകാശമാടത്തിൽ നിന്നാണ് തത്വജ്ഞാനം ഉറവയെടുക്കുന്നത്)എന്ന അറബി മൊഴി തത്ത്വജ്ഞാനത്തിന് ഇസ്ലാം കൽപിക്കുന്ന സ്ഥാനം വ്യക്തമാക്കുന്നുണ്ട്. സത്യാന്വേഷണത്തിനുള്ള ബുദ്ധിപരമായ മാർഗം എന്ന നിലയിലാണ് അൽകിന്ദിയും ഫാറാബിയും അവരുടെ പിൻമുറക്കാരും തത്ത്വചിന്തയെ കണ്ടത് എന്ന് അവരുടെ രചനകൾ സാക്ഷ്യപ്പെടുത്തുന്നു.
ഇബ്നു സീന, ഇബ്നു റുശ്ദ് അങ്ങനെ ലോകോത്തര ശ്രദ്ധ നേടിയ പ്രമുഖരെല്ലാം മുഅ്തസലി ചിന്താധാരയെ പ്രതിനിധീകരിച്ചവരാണ്. ശാസ്ത്ര വൈജ്ഞാനിക രംഗങ്ങളിൽ അവർ നൽകിയ സേവനങ്ങൾ പരിഗണിക്കുമ്പോൾ തന്നെ ദൈവശാസ്ത്ര വിജ്ഞാനങ്ങളിൽ വലിയ വ്യതിചലനങ്ങളാണ് അവരുണ്ടാക്കിയത് എന്നതിൽ വാസ്തവമുണ്ടോ…?
ഇബ്നു സീന(ഹിജ്റ 470-438/ക്രിസ്തു വർഷം: 980-1937)ഏതെങ്കിലുമൊരു ചിന്താധാരയുടെ വക്താവായിരുന്നില്ല. അറബ് ലോകത്തെ അറിയപ്പെടുന്ന അരിസ്റ്റോട്ടിലിയൻ ആയിരുന്നു അദ്ദേഹമെങ്കിലും അരിസ്റ്റോട്ടിലിന്റേതിൽ നിന്ന് ഭിന്നമായിരുന്നു പലപ്രധാന വിഷയങ്ങളിലും അദ്ദേഹത്തി്ന്റെ കാഴ്ചപ്പാട്. ദൈവശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ആ കാലഘട്ടത്തിലെ ഏറ്റവും സമകാലികമായ കാഴ്ചപ്പാടുകളെ അധികരിച്ചുള്ളവയായിരുന്നു. എന്നാൽ ഇപ്പോൾ അവയുടെ പ്രസക്തി ചരിത്രപരം മാത്രമാണ്. ദൈവം, സൃഷ്ടി, പ്രകൃതി ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളിലുള്ള തികച്ചും ആനുമാനികമായ നിഗമനങ്ങളെ ഒരു ധൈഷണികാപഗ്രഥന മാർഗം എന്നതിൽ കവിഞ്ഞ് വിശ്വാസവുമായി ബന്ധപ്പെടുത്തുന്നത് എത്രത്തോളം ശരിയാണെന്ന് ആലോചിക്കേണ്ടതുണ്ട്. ആത്മാവിനെ ശരീരത്തിൽ നിന്നും ഭിന്നമായ ഒരസ്തിത്വമായി ഇബ്നു സീന വിശദീകരിച്ചിട്ടുണ്ട്. പ്രവാചകത്വത്തിന്റെ(ദൈവിക വെളിപാടിന്റെയും)ആവശ്യകതയെ ബുദ്ധിപരമായി അദ്ദേഹം സമർത്ഥിച്ചിട്ടുണ്ട്. ദാർശനികമായ ഉൾക്കാഴ്ചയോടെ മതതത്വങ്ങളെ മനസ്സിലാക്കുന്നതിന് ഇബ്നു സീനയുടെ വിശകലനങ്ങൾ പ്രയോജനം ചെയ്തിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇക്കാലത്ത് അവ അത്രമേൽ പ്രസക്തമല്ലെങ്കിലും.
ഇബ്നു സീനക്ക് ശേഷം രണ്ട് നൂറ്റാണ്ട് കഴിഞ്ഞാണ് ഇബ്നു റുശ്ദ്(ഹിജ്റ 520-593/ ക്രിസ്തു വർഷം: 1126-1198)) ജീവിക്കുന്നത്. അദ്ദേഹം പ്രഗത്ഭനായ മതപണ്ഡിതനും തത്ത്വചിന്തകനുമായിരുന്നു. ഇമാം ഗസ്സാലി(റ) തത്ത്വചിന്തകരായ ഫാറാബിക്കും ഇബ്നുസീനക്കുമെതിരെ ഉന്നയിച്ച ഇരുപത് വിമർശനങ്ങൾക്ക്(തഹാഫത്തുൽ ഫലാസിഫ)ഇബ്നു റുശ്ദ് എഴുതിയ പ്രത്യാഖ്യാനമാണ് തഹാഫത്തുതഹാഫ. ഇൗ രണ്ടുകൃതികളും ചേർത്തുവെച്ച് വായിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് വ്യാഖ്യാനപരമായ പ്രശ്നങ്ങളാണ് അഭിപ്രായ വ്യത്യാസങ്ങൾക്ക് നിമിത്തമായിരിക്കുന്നത് എന്നാണ്. വിസ്തരിച്ച പഠനം ആവശ്യമായ ഒരു മേഖലയായതിനാൽ ഇൗ കുറിപ്പിൽ അത് വിശദീകരിക്കുക സാദ്ധ്യമല്ല. സ്രഷ്ടാവിന്റെ ആസ്തിക്യത്തിലേക്ക് ഖുർആനിലൂടെ എത്തിച്ചേരാൻ സാധിക്കുമെന്ന് ഇബ്നു റുശ്ദ് സമർത്ഥിക്കുന്നുണ്ട്. വിധിയുടെ വിഷയത്തിൽ അദ്ദേഹം മുഅ്തസലീ വീക്ഷണമോ അശ്അരി വീക്ഷണങ്ങളോ അംഗീകരിക്കുന്നില്ല. അല്ലാഹുവിന്റെ സർവ്വാതിശായിയായ ഇച്ഛയുമായി പൊരുത്തപ്പെടും വിധം ആന്തരികവും ബാഹ്യവുമായ കാരണങ്ങൾക്കനുസൃതമായാണ് മനുഷ്യന്റെ പ്രവൃത്തി സംഭവിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വിശ്വാസ നിഷേധപരമല്ല ഇത്തരം അപഗ്രഥനങ്ങൾ എന്ന് പ്രത്യേകം പറയേണ്ടതില്ല.
ഇമാം ഗസ്സാലി(റ)യെ പോലുള്ള മഹത്തുക്കൾ ആദ്യകാലത്ത് ഫിലോസഫിയെ പ്രതിനിധീകരിച്ചവരായിരുന്നെങ്കിലും പിൽക്കാലത്ത് അതെല്ലാം മാർഗഭ്രംശങ്ങളാണെന്ന് തിരിച്ചറിഞ്ഞ് പശ്ചാത്തപിക്കാൻ കാരണമെന്ത്..?
തത്ത്വചിന്തയുടെ നെല്ലും പതിരും വേർതിരിച്ച ആത്മജ്ഞാനിയാണ് ഇമാം ഗസ്സാലി(റ). ഗ്രീക്ക് തത്വചിന്ത അദ്ദേഹം ആഴത്തിൽ പഠിച്ചു. എന്താണ് തത്ത്വചിന്ത എന്ന് വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥമാണ് ‘മഖാസ്വിദുൽ ഫലാസിഫ’. ഇൗ കൃതിയുടെ ലാറ്റിൻ പരിഭാഷ മാത്രം വായിക്കാനിടയായ പാശ്ചാത്യ പണ്ഡിതന്മാർ ഇമാം ഗസ്സാലി(റ) ഒരു അരിസ്റ്റോട്ടിയലിയനാണ് എന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. തത്വചിന്തയോടുള്ള തന്റെ സമീപനവും നിലപാടും തന്റെ ആത്മകഥയായ ‘അൽ മുൻകിദു മിനള്ളലാലി’ൽ വ്യക്തമാക്കിയിട്ടുണ്ട്. സത്യം ഗ്രഹിക്കുന്നതിനു തത്ത്വചിന്തക്ക് പരിമിതികളുണ്ട് എന്നാണ് അദ്ദേഹം കാര്യകാരണ സഹിതം സമർത്ഥിക്കുന്നത്. തത്ത്വചിന്തകരുടെ അബദ്ധങ്ങൾ അക്കമിട്ടു വിവരിക്കുന്ന തന്റെ പ്രസിദ്ധ ഗ്രന്ഥമാണ് ‘തഹാഫത്തുൽ ഫലാസിഫ’. ഇരുപതുവിഷയങ്ങളിൽ തത്ത്വചിന്തകരുമായുള്ള(പ്രധാനമായും ഫാറാബി, ഇബ്നു സീന)വിയോജിപ്പുകൾ ഒാരോ അദ്ധ്യായമായി അദ്ദേഹം അതിൽ വിശദീകരിക്കുന്നു. അതിൽ മൂന്ന് കാര്യങ്ങൾ മതനിഷേധപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അദ്ധ്യാത്മിക വഴിയാണ് ഇമാം ഗസ്സാലി(റ) കുറ്റമറ്റതായി കാണുന്നത്. യഥാർത്ഥ പന്ഥാവിലേക്ക് വഴികാണിക്കുന്നില്ല എന്നതിനാലാണ് ഇതര മാർഗ്ഗങ്ങളെ അദ്ദേഹം തിരസ്കരിച്ചത്.
ഫിലോസഫിയെ നേരിടുന്നതിൽ ഇബ്നു അറബി(റ)യുടെ സംഭാവനകളെ സംഗ്രഹിച്ചു വിവരിക്കാമോ..?
സാമ്പ്രദായിക അർത്ഥത്തിലുള്ള തത്ത്വചിന്തകനായിരുന്നില്ല ഇബ്നു അറബി(റ). അദ്ധ്യാത്മിക ദർശനമായിരുന്നു അദ്ദേഹത്തിന്റെ വിഹാരമണ്ഡലം. ഇബ്നു റുശ്ദിനെ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ ഇബ്നു അറബി (റ) പരിചയപ്പെടുന്നുണ്ടെങ്കിലും തത്ത്വചിന്തകൻ എന്നതിലുപരി മതപണ്ഡിതൻ എന്ന നിലയിലാണ് അദ്ദേഹത്തെ ഇബ്നു അറബി(റ) അറിയുന്നതും പരിചയപ്പെടുന്നതും. ഒരു തത്ത്വചിന്തകന്റെയും പേര് ഇബ്നു അറബി(റ) തന്റെ കൃതികളിൽ പരാമർശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതേ സമയം അദ്ദേഹം തത്ത്വചിന്തകരെ മതസഹിതർ, മതരഹിതർ എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നുണ്ട്. അവരിൽ മരണാനന്തര ജീവിതത്തെ പറ്റെ നിഷേധിക്കുന്നവരും ശാരീരിക പുനരുത്ഥാനത്തെ മാത്രം നിഷേധിക്കുന്നവരും ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ജ്ഞാനോപാസനയിലൂടെ തത്ത്വചിന്തകന്(തശബ്ബുഹ്) ദൈവ സദൃശനാവാൻ സാധിക്കുമെന്ന തത്ത്വചിന്തകരിൽ ചിലരുടെ വാദത്തെ ഇബ്നു അറബി(റ) ഖണ്ഡിച്ചു. എന്നാൽ ചില വിഷയങ്ങളിൽ ഇൽമുൽ കലാമിന്റെ വക്താക്കളേക്കാൾ ഭേദമാണ് തത്ത്വചിന്തകർ എന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
തത്ത്വചിന്തകരെ അവരുടെ അതിവാദങ്ങളുടെ പേരിൽ വിമർശിച്ച ഇബ്നു അറബി(റ) അവരേക്കാൾ കൂടുതൽ വിമർശിക്കപ്പെട്ടുവെന്നത് രസകരമാണ്. മതമീമാംസകർ ഇബ്നു അറബി(റ) യെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായി രണ്ടുചേരികളിലായി. അദ്ദേഹത്തിന്റെ ചിന്തകൾ മാത്രമല്ല രചനാശൈലിയും സങ്കീർണ്ണമായിരുന്നു. രചനകൾ ബോധപൂർവ്വം ദുർഗ്രഹമാക്കുവാനും അദ്ദേഹം ശ്രമിച്ചിരുന്നതായി ചിലർ വിലയിരുത്തുന്നുണ്ട്. ‘വഹ്ദത്തുൽ വുജൂദ്’ എന്ന അദ്ദേഹത്തിന്റെ ആശയം മുസ്ലിം ചിന്താലോകത്ത് ഇളക്കിവിട്ട അലയൊലികൾ ഇപ്പോഴും നിലച്ചിട്ടില്ല. തത്ത്വചിന്തയെ നിരാകരിക്കുകയല്ല, മറിച്ച് അതിനെ സാമ്പ്രദായികമായ പരിമിതികളിൽ നിന്ന് മോചിപ്പിച്ച് കൂടുതൽ ആഴവും പരപ്പുള്ളതുമാക്കുകയാണ് ഇബ്നു അറബി(റ) ചെയ്തത് എന്ന് ധരിക്കുന്നതാവും ശരി. കാരണം ഫൽസഫയുടെയും ഇൽമുൽ കലാമിന്റെയും അതിരുകൾക്കപ്പുറമുള്ള യാഥാർത്ഥ്യ സാക്ഷാത്കാരത്തിന്റെ(തഹ്ഖീഖ്)തലത്തിലേക്കാണ് ഇബ്നു അറബി തന്റെ ചിന്തയെ കൊണ്ടുപോവുന്നത്. തത്ത്വചിന്തയെ അതിന്റെ പരിമിതികളിൽ നിന്ന് മോചിപ്പിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് ഞാൻ വിചാരിക്കുന്നു.