അല്ലാഹുവിന്റെ പ്രീതി എന്ന പ്രതിഫലം

ഫത്ഹു റബ്ബാനി: മജ്ലിസ്: 4 തുടരുന്നു:
മുഹ് യിദ്ദീൻ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ)
:

യാ ഗുലാം
ദുർജ്ജനങ്ങളോടുള്ള നിന്റെ സഹവാസം സജ്ജനങ്ങളെ സംബന്ധിച്ച തെറ്റിദ്ധാരണയിലേക്ക് നിന്ന് അധപതിപ്പിക്കും. അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെയും അവന്റെ റസൂൽ(സ്വ) തങ്ങളുടെ പ്രവചനങ്ങളുടെയും തണലിൽ കൂടി നീ സഞ്ചരിക്കുക. തീർച്ചയായും നീ വിജയിച്ചു. ഞങ്ങളെ അല്ലാഹുവിന്റെ മുന്നിൽ നിങ്ങൾ ലജ്ജിക്കേണ്ട ക്രമമനുസരിച്ച് ലജ്ജിക്കുക. നിങ്ങളുടെ ജീവിത കാലം നിങ്ങൾ വിസ്മൃതിയോടെ കഴിയാതിരിക്കുക. ജീവിതം പാഴായിപോവുകയായിരിക്കും അതിന്റെ ഫലം. നിങ്ങളേർപ്പെട്ടിരിക്കുന്നത് നിങ്ങൾ ഭക്ഷിക്കാത്തത് ശേഖരിക്കുന്നതിലാണ്. നിങ്ങൾക്ക് പ്രാപിക്കാനാവാത്തതിലാണ് നിങ്ങൾ അത്യാഗ്രഹം കാണിക്കുന്നത്. നിങ്ങൾക്ക് താമസിക്കുവാനുതകാത്ത ഭവനം നിർമ്മിക്കുന്നതിലാണ് നിങ്ങൾ ആവേശം കാണിക്കുന്നത്. ഇവയെല്ലാം നിങ്ങളുടെയും നിങ്ങളുടെ രക്ഷിതാവിന്റെ സ്ഥാനത്തിന്റെയും ഇടയിൽ ഭേദിക്കാനും മറികടക്കാനുമാവാത്ത കിടങ്ങുകളായി തീരുകയാണ്.
അല്ലാഹുവിന്റെ സ്മരണ അവനെ അറിഞ്ഞ ജ്ഞാനികളുടെ ഹൃദയങ്ങളിൽ സ്ഥായീഭവിക്കുന്നു. അതവരിൽ സർവ്വഥാ വ്യാപിക്കുന്നു. ശേഷം എല്ലാ സ്മരണീയവസ്തുക്കളുടെയും ഓർമ്മകൾ അത് വിസ്മരിപ്പിക്കുന്നു. ഈയവസ്ഥ പൂർണ്ണത പ്രാപിക്കുമ്പോൾ അവൻ ചെന്നുചേരുന്നത് സ്വർഗലോകത്താണ്.

ഇഹത്തിൽ വാഗ്ദാനം ചെയ്യപ്പെട്ട ദിവ്യചൈതന്യമുള്ള സ്വർഗമെന്നത് ജീവിതത്തിൽ സംഭവ്യമാകുന്ന അല്ലാഹുവിന്റെ ഏത് വിധിയിലും സംതൃപ്തി, അല്ലാഹുവിനോട് ഹൃദയ സാമീപ്യം, അവനോട് സംഭാഷണം ചെയ്യൽ, ഉടമസ്ഥാനായ അല്ലാഹുവിന്റെയും തന്റെയുമിടയിലുള്ള തിരശ്ശീലകൾ നീങ്ങൽ തുടങ്ങിയവയാണ്. അപ്പോൾ ഈ ഹൃദയാവസ്ഥകൾ പ്രാപിച്ചവൻ തന്റെ ഖൽവത്തിൽ(ഏകാന്തതയിൽ) അല്ലാഹുവിനോടു കൂടെയാകുന്നതാണ്. അവന്റെ എല്ലാ സ്ഥിതി വിശേഷങ്ങളിലും എങ്ങനെ എന്നതുകൂടാതെയും യാതൊരു വിയോജിപ്പ് കൂടാതെയും അവൻ ഉടമസ്ഥനായ അല്ലാഹുവിനോട് കൂടെയാകുന്നതാണ്.
ليس كمثله شيء وهو السميع البصير
അവനെ പോലെ യാതൊരു വസ്തുവുമില്ല. അവൻ കേൾക്കുന്നവനും കാണുന്നവനുമാകുന്നു.
സത്യവിശ്വാസികൾക്ക് യാതൊരു മറയും കൂടാതെ അല്ലാഹുവിനെ ദർശിക്കാമെന്നത് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. സംശയലേശമന്യേ ഗുണങ്ങളഖിലവും അവന്റെ പക്കലാണ്. ദൂഷ്യങ്ങളെല്ലാം അവനല്ലാത്തവരുടെ പക്കലുമാണ്. ഗുണമെന്നാൽ അവനിലേക്ക് ഉന്മുഖമാകുന്നതിലാണ്. ദൂഷ്യമാകട്ടെ അവനിൽ നിന്ന് പിന്തിരിയുന്നതിലാണ്.
നീ പ്രതിഫലം മോഹിക്കുന്ന സകല കർമ്മങ്ങളും നിനക്കുള്ളതാണ്. അല്ലാഹുവിന് വേണ്ടി മാത്രം കരുതി പ്രവൃത്തിക്കുന്ന സൽകർമ്മങ്ങൾ അവന് വേണ്ടിയുള്ളതാണ്. നീ സൽകർമ്മങ്ങളനുഷ്ഠിക്കുകയും പ്രതിഫലം തേടുകയും ചെയ്താൽ നിനക്കുള്ള പ്രതിഫലം സൃഷ്ടിയായിരിക്കും. നീ അല്ലാഹു തആലായുടെ വജ്ഹ്(പ്രീതി) ലക്ഷ്യം വെച്ച് സൽകർമ്മങ്ങളനുഷ്ഠിക്കുന്നവനായാൽ നിനക്കുള്ള പ്രതിഫലം അല്ലാഹുവിന്റെ സാമീപ്യവും അവന്റെ ദർശനവുമായിരിക്കും. അതിനുശേഷം പൊതുവെ നീ നിന്റെ കർമ്മങ്ങൾക്ക് പ്രതിഫലേച്ഛയില്ലാത്തവനായി മാറും.
ദുനിയാവിന് എന്ത് പ്രയോജനമാണുള്ളത്? അല്ലാഹുവിനെ അപേക്ഷിച്ച് അവനല്ലാത്തവക്കും പരലോകത്തിനുമെല്ലാം എന്ത് പ്രയോജനമാണുള്ളത്? സൗഭാഗ്യം നൽകുന്നവനെ നീ തേടുക. സൗഭാഗ്യത്തെ നീ തേടരുത്. വീട് പണിയുന്നതിനുമുമ്പ് അയൽവാസിയെ നീ ആരായുക. അവൻ സർവ്വവസ്തുക്കൾക്കും മുമ്പുളളവനാണ്. സർവ്വവസ്തുക്കളുടെയും സ്രഷ്ടാവാണ്. സർവ്വ വസ്തുക്കൾക്കും ശേഷമുള്ളവനുമാണ്.
നീ മരണത്തെ സംബന്ധിച്ച് ആവുന്ന വിധം സദാ ഓർമ്മിക്കുക. ആപത്തുകൾ അഭിമുഖീകരിക്കുമ്പോൾ ക്ഷമ അവലംബിക്കുക. അല്ലാഹുവിങ്കൽ നിന്റെ എല്ലാ അവസ്ഥാവിശേഷങ്ങളിലും നിന്റെ സർവ്വവും നീ ഭരമേൽപിക്കുക. ഇവ മൂന്ന് കാര്യങ്ങളും ശരിയാവുന്ന പക്ഷം നിനക്ക് മരണത്തെ സംബന്ധിച്ച മുന്നറിയിപ്പ് മലക്ക് പ്രദാനം ചെയ്യും. നിന്റെ സുഹ്ദ്(പരിത്യാഗം) ശരിയാകും. ക്ഷമ കൊണ്ട് നിന്റെ രക്ഷിതാവിങ്കൽ നിന്ന് നീ ഉദ്ദേശിച്ചതെന്തോ അതിന്റെ സാക്ഷാത്കാരം കൊണ്ട് നീ വിജയം പ്രാപിക്കും. അല്ലാഹുവിലുള്ള തവക്കുൽ കൊണ്ട് നിന്റെ ഹൃദയത്തിൽ നിന്ന് വസ്തുക്കളെല്ലാം തിരോഭവിക്കുകയും ഹൃദയം നിന്റെ റബ്ബിനോട് താദാത്മ്യപ്പെടുകയും ചെയ്യും.ഇഹലോകവും പരലോകവും അല്ലാഹുവല്ലാത്ത സകലതും നിന്നെ വിട്ടു പിരിഞ്ഞു പോകുന്നു. എല്ലാ ഭാഗത്തു നിന്നും വിശ്രമസ്വാസ്ഥ്യം നിനക്ക് വന്നു ചേരുന്നു. സംരക്ഷണവും ഭദ്രതയും എല്ലാ വശങ്ങളിൽ നിന്നും നിന്നിലേക്കെത്തുന്നു. എല്ലാ ഭാഗങ്ങളിൽ നിന്ന് നിന്റെ രക്ഷിതാവ് നിന്നെ കാത്തു സൂക്ഷിക്കുന്നു. ഏതൊരുത്തനും യാതൊരു പ്രവേശനവും നിന്നിലേക്കുണ്ടാവുകയില്ല. പ്രതിലോമ ശക്തികൾക്ക് നിന്നിലേക്കുള്ള എല്ലാ ഭാഗങ്ങളിൽ നിന്നുള്ള പഴുതുകളും അല്ലാഹു അടക്കും. നിന്നെ തൊട്ട് അവർക്കും സർവ്വ കവാടങ്ങളും അവൻ അടച്ചുപൂട്ടും. തീർച്ചയായും എന്റെ അടിമകളുടെ മേൽ നിനക്ക് ആധിപത്യമില്ല എന്ന് അല്ലാഹു പിശാചിനോട് പറഞ്ഞ പ്രത്യേക സംരക്ഷിത വിഭാഗത്തിൽ നീ ഉൾപ്പെടും. സൃഷ്ടികളെ കാണിക്കാതെ (കാംക്ഷിക്കാതെ) അല്ലാഹുവിന്റെ വജ്ഹ് ലക്ഷ്യം വെച്ച് തങ്ങളുടെ സൽകർമ്മങ്ങൾ മനശ്ശുദ്ധിയോടെ നിർവ്വഹിക്കുന്നവരുടെ മേൽ പിശാചിന് എങ്ങനെയാണ് ആധിപത്യമുണ്ടാവുക?
സംസാരം സമാപനത്തിലാണ്. പ്രാരംഭത്തിലല്ല. തുടക്കം മുഴുവനും നിശ്ശബ്ധമാണ്. അവസാനം മുഴുവനും സംസാരമാണ്. വിശുദ്ധന്റെ ഉടമത്വം അവന്റെ ഹൃദയത്തിലാണ്. അവന്റെ ആധിപത്യം അന്തരാത്മാവിലുമാണ്. ബാഹ്യമായ രീതികൾക്ക് യാതൊരു പരിഗണനയുമില്ല. അവരിൽ നിന്ന് അപൂർവ്വം ചിലർ ആത്മീയവും ഭൗതികവുമായ രണ്ട് അധികാരങ്ങളും കൈവശം വെക്കാറുണ്ട്.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy