ഫൈസലാ ഹഫ്ത് മസ്അല: 2
ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ):
ക്രോഢീകരണം: അശ്റഫലി ഥാനവി(റ):
പരിഭാഷ: മുഹമ്മദ് സുൽത്വാൻ ബാഖവി കായൽപട്ടണം:
ആധുനിക കാലത്ത് രൂപപ്പെട്ടു വന്ന പുതുനിർമ്മിതമായ പരിഷ്കരണ പ്രസ്ഥാനങ്ങളാൽ, വ്യതിചലനവും പുതുനിർമ്മിതിയും ശിർക്കുമെല്ലാമായി ഇസ് ലാമിക ആദർശ വൈജ്ഞാനിക രംഗത്ത് ദുർവ്യാഖ്യാനിക്കപ്പെടുന്ന ദീനീ വിശ്വാസാനുഷ്ഠാനങ്ങളെ അഹ് ലു സുന്നത്തി വൽ ജമാഅത്തിന്റെ ശരിയായ പ്രമാണങ്ങളെ മുൻനിറുത്തി വിശകലനം ചെയ്യുന്ന വിഖ്യാതമായ പഠന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ തുടരുന്നു. മഹത്തായ ഈ ഗ്രന്ഥം രചിച്ചവരും ക്രോഢീകരിച്ചവരുമായ പ്രമുഖരായ സ്വൂഫിയാക്കളുടെ പ്രതിനിധികൾ തന്നെയായി ചമഞ്ഞ് സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ പാരമ്പര്യങ്ങൾക്ക് വിരുദ്ധമായവ പ്രചരിപ്പിക്കുന്ന എല്ലാ പ്രച്ഛന്ന വേഷങ്ങളെയും തുറന്നു കാട്ടുന്ന ഗുണകാംക്ഷാപൂർണ്ണമായ വിശകലനം.
മൗലിദ് ശരീഫ്
തിരുനബി(സ്വ) തങ്ങളുടെ ജന്മദിനം സ്മരിക്കുക(ആചരിക്കുക) എന്നത് ഇരുലോക സൗഭാഗ്യങ്ങളെയും ബറക്കാത്തുകളെയും പ്രാപിക്കാൻ പര്യാപ്തമാണ്. എന്നാൽ അതിനുവേണ്ടി സമയങ്ങളെയും സന്ദർഭങ്ങളെയും ചില കാര്യങ്ങളെയും ക്ലിപ്തപ്പെടുത്തുക എന്നതും ചില നിബന്ധനകൾ വ്യവസ്ഥപ്പെടുത്തുക എന്നതും പ്രത്യേകിച്ച് ചില സന്ദർഭങ്ങളിൽ എഴുന്നേറ്റ് നിന്ന് മൗലിദ് ഓതുക എന്നതും ആവശ്യമാണോ അല്ലേ എന്ന വിഷയങ്ങളിലാണ് കൂടുതൽ ചർച്ചകൾ നിലവിലുള്ളത്. മൗലിദ് ശരീഫിനെ തടയുന്നവർ എല്ലാ പുതുകാര്യങ്ങളും വഴികേടാണ് എന്ന ഹദീസിനെ പ്രമാണമായി കാണിക്കുന്നു. എന്നാൽ തിരുനബി(സ്വ) തങ്ങളുടെ ജീവചരിത്രത്തെ എടുത്തുപറയലും തിരുനബി(സ്വ) തങ്ങളുടെ തിരുചര്യകളെ ഓർമ്മിപ്പിക്കലും എക്കാലത്തും ശ്രേഷ്ഠതയേറിയതാണ് എന്നതിനെ അടിസ്ഥാനമാക്കി ഉലമാക്കളിൽ പലരും മൗലിദ് ശരീഫിനെ അനുവദിച്ചിട്ടുണ്ട്. ഇവിടെയാണ് നവീനകാര്യങ്ങൾ അഥവാ ബിദ്അത്തുകൾ എന്നാൽ എന്ത് എന്നതിനെ നാം അറിയൽ അനിവാര്യമായി തീരുന്നത്.
ബിദ്അത്ത് എന്നാൽ എന്ത്?
നമ്മുടെ ദീനീ കാര്യങ്ങളിൽ ഇല്ലാത്ത ഒന്നിനെ പുതുതായി പ്രവേശിപ്പിക്കുന്നവനും ആ പ്രവേശിപ്പിക്കപ്പെട്ട ആ പുതുകാര്യവും ഉപേക്ഷിക്കപ്പെടേണ്ടതാണ് എന്ന ഹദീസിൽ ചിന്തിച്ചാൽ ദീനിൽ ഇല്ലാത്ത(ദീനിന്റെ അടിസ്ഥാനങ്ങൾക്ക് എതിരായ) ഒരു കാര്യത്തെ ദീനിൽ പ്രവേശിപ്പിക്കലാണ് ബിദ്അത്ത് എന്നത് വ്യക്തമായി മനസ്സിലാകും. ഈയവസ്ഥയിൽ പ്രത്യേക രീതിയിൽ മൗലിദ് മീലാദ് മജ്ലിസുകൾ നടത്തൽ ഫർളാണെന്നോ വാജിബാണന്നോ അവകാശപ്പെടാതെ താഴെ പറയുന്ന രീതിയിൽ ഒരാൾ മൗലിദ് നടത്തിയാൽ അത് ബിദ്അത്തായി പരിഗണിക്കപ്പെടുകയില്ല.
ഒന്നാമത്തേത് തിരുനബി(സ്വ) തങ്ങളെ ബഹുമാനിക്കലും അവിടുത്തെ ശ്രേഷ്ഠതകളെ എടുത്തു പറയലും ഇബാദത്തുകളുടെ ഗണങ്ങളിൽ ഒന്നാണ് എന്ന അടിസ്ഥാനത്തിൽ മൗലിദ് നടത്തുക.
രണ്ടാമത്തേത് നബി(സ്വ) തങ്ങളുടെ ബഹുമാന്യതയെ സുവ്യക്തമാക്കുന്നതിനും അവിടുത്തോടുള്ള ആത്മാർത്ഥമായ പ്രണയത്തിന്റെ പ്രായോഗിക പ്രകടനമായും ചില ബൈഅത്തുകളെ എഴുന്നേറ്റ് നിന്ന് ആലപിക്കുക.
ഏത് കാലത്തും മൗലിദ് മജ്ലിസുകൾ നടത്തുന്നതിൽ അപാകതയില്ല. എങ്കിലും ഈ സൽകർമ്മത്തിന്റെ അനുഷ്ഠാന പരമായ ഒരു തുടർച്ചക്കുവേണ്ടിയും എല്ലാവരും സമ്മേളിക്കുന്നതിന്റെ എളുപ്പത്തിനുവേണ്ടിയും ആരും മറന്നു പോവാതിരിക്കാൻ വേണ്ടിയും തിരുനബി(സ്വ) തങ്ങളുടെ ജന്മദിനമായ റബീഉൽ അവ്വൽ 12 ന് തന്നെ മജ് ലിസ് നടത്തുക. ഇതുപോലുള്ള പൊതു നന്മകളെ ഉദ്ദേശിച്ച് നടത്തപ്പെടുന്ന മജ്ലിസുകളെ ബിദ്അത്ത് എന്ന് പറയാൻ പാടില്ല. കാരണം ഇതുപോലുള്ള മജ്ലിസുകളിൽ പല നന്മകളുമുണ്ട്. അവയെല്ലാം ക്രോഡീകരിച്ചാൽ തന്നെ അതൊരു ഗ്രന്ഥമായി പരിണമിക്കും. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയാത്തവർ ഇതിൽ എന്തെങ്കിലും ചില നന്മകൾ ഉണ്ടാകും എന്നത് മാത്രം മനസ്സിലാക്കി ഇത്തരം കാര്യങ്ങളെ സമീപിക്കലാണ് അനുപേക്ഷണനീയം.
സമയം ക്ലിപ്തപ്പെടുത്തൽ
നല്ല കാര്യങ്ങൾക്ക് സമയം ക്ലിപ്തപ്പെടുത്തുക എന്നത് ഒരു പുതിയ കാര്യമല്ല. ജാമിഅഃകൾ, ഖാൻഖാഹുകൾ എന്നിവകളിലെ അദ്ധ്യായന സമയങ്ങൾ, മുറാഖബഃ ദിക്റ്, നസ്വീഹത്ത്, തഅ്ലീം എന്നിവകൾക്ക് സമയം നിശ്ചയിക്കൽ തുടങ്ങിയവ പാരമ്പര്യമായി തുടർന്നുവരുന്നതും നാം അനുധാവനം ചെയ്യുന്നതുമാണ്. എന്നാൽ ഇവകളെ നിസ്കാരം നോമ്പ് പോലെ ഫർളാണെന്ന് വാദിക്കലും നിശ്ചിത സമയത്ത് തന്നെ അത് പൂർത്തീകരിക്കപ്പെടണം എന്ന് ശാഠ്യം പിടിക്കുന്നതും സമയ പരിധി കഴിഞ്ഞാലോ മുമ്പ് തന്നെ ചെയ്താലോ അത് പാപമാണെന്ന് വിശ്വസിക്കലും പാടില്ലാത്തതാണ്. അങ്ങനെ ആരെങ്കിലും വിശ്വസിച്ചാൽ അവർക്ക് മാത്രം അത് ബിദ്അത്തായി തീരും. ഉദാഹരണത്തിന് നിശ്ചിത ദിവസം മൗലിദ് ഓതാതിരുന്നാൽ ചില ബൈത്തുകളിൽ എഴുന്നേറ്റ് നിൽക്കാതിരുന്നാൽ അതിനുവേണ്ടി ഭക്ഷണമോ ചീരണിയോ കൊടുക്കാതിരുന്നാൽ നന്മ ലഭിക്കുകയില്ല എന്ന് വിശ്വസിക്കൽ ഉപേക്ഷിക്കപ്പെടേണ്ടതാണ്. കാരണം ദീൻ അനുവദിച്ച ഒരു കാര്യത്തെ ഹറാമെന്നോ വഴികേടെന്നോ വിചാരിക്കൽ എത്ര തെറ്റാണോ അതുപോലെ തന്നെ ദീൻ അനുവദിച്ച ഫർളല്ലാത്ത കാര്യത്തിനെ ഫർളാണെന്ന് പറയൽ അനഭിഷണീയവും പരിധി ലംഘനവുമാണ്. എന്നാൽ ഓരോന്നും യഥോചിതം പ്രവർത്തിക്കുമ്പോഴാണ് പൂർണ്ണഫലവും ബറകത്തും ലഭിക്കുക എന്നതിനെ അടിസ്ഥാനമാക്കി ആ കാര്യങ്ങളുടെ രീതികളെ വളരെ ആവശ്യമായി കരുതി സൂക്ഷിക്കലിനെ ബിദ്അത്താണെന്ന് പറയാൻ ഒരു മാർഗവുമില്ല. ചില ബൈത്തുകളെ ഇരുന്ന് ഓതിയാൽ പൂർണ്ണമായ മനഃസംതൃപ്തി ലഭിക്കുകയില്ല എന്ന അവസ്ഥയിലാണ് നിന്ന് പാരായണം ചെയ്യൽ അനിവാര്യമാകുന്നത്. മഹാത്മാക്കളുടെ കശ്ഫും ഇൽഹാമും ഇത്തരം മാതൃകകൾക്ക് അടിസ്ഥാനമാണ്. ഏതെങ്കിലുമൊരുവൻ തന്റെ അനുഭവത്തെയോ ഏതെങ്കിലും വലിയ്യിന്റെ കശ്ഫിനെയോ അടിസ്ഥാനമാക്കി ഇങ്ങനെ നിന്ന് ആലപിച്ചാൽ അവരെ ബിദ്അത്തുകാരനാണെന്ന് തള്ളാൻ സാധിക്കുകയില്ല.
ബാഹ്യമായ കാര്യങ്ങളെ വെച്ചു മാത്രം ഒരു കാര്യത്തിൽ തീരുമാനമെടുക്കരുത്
ഇതിനു മുമ്പ് പറഞ്ഞതെല്ലാം ഓരോരുത്തരുടെയും വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. പ്രത്യേകിച്ച് അഖീദഃ എന്നത് ആന്തരീകത്തോട് ബന്ധപ്പെട്ട വിഷയമാണ്. നന്നായി അന്വേഷിക്കാതെ ബാഹ്യമായ ഊഹങ്ങൾ മാത്രം വെച്ചുപുലർത്തി ആരെയും വിമർശിക്കരുത്. മൗലിദ് മജ്ലിസുകളിൽ എഴുന്നേറ്റ് നിൽക്കാത്തവരെ കുറ്റം പറയുമ്പോഴാണ് എഴുന്നേറ്റ് നിൽക്കുന്നതിനെ നാം നിർബന്ധിക്കുന്നുണ്ടോ എന്ന സന്ദേഹം സ്വാഭാവികമാണ്. ഇത്തരം സന്ദർഭങ്ങളിൽ മുസ്തഹബ്ബായ കാര്യങ്ങൾ പോലും പാപമായി തീരും എന്ന് ഫുഖഹാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും വിമർശിക്കന്നവർ എല്ലാവരും എഴുന്നേറ്റ് നിൽക്കൽ വാജിബാണെന്ന അഖീദഃയിലാണ് വിമർശിക്കുന്നത് എന്ന് തീരുമാനിക്കാൻ പാടില്ല. വിമർശിക്കാൻ പല കാരണങ്ങളുമുണ്ടാകാം. പതിവുകളിൽ നിന്നുള്ള വ്യതിചലനമാണല്ലോ എന്ന പേരിൽ പോലും വിമർശിച്ചിട്ടുണ്ടായിരിക്കാം. ഉദാഹരണത്തിന് ഒരു മജ് ലിസിന് വന്ന ബഹുമാന്യതയുള്ള ഒരാളെ ബഹുമാനിക്കാൻ വേണ്ടി എഴുന്നേറ്റ് നിൽക്കുമ്പോൾ ഒരാൾ മാത്രം എഴുന്നേറ്റ് നിൽക്കാതിരുന്നാൽ അയാളെ ചിലർ കുറ്റം പറയും. ഇതുപോലെ തന്നെ നമ്മുടെ ഇന്ത്യയിൽ തറാവീഹിൽ പരിശുദ്ധ ഖുർആൻ ഖത്തം ചെയ്യുമ്പോൾ തബറുക് ചീരനി കൊടുക്കുന്ന പതിവുണ്ട്. അങ്ങിനെ ചീരനി കൊടുക്കാതിരുന്നാൽ ചിലർ ആക്ഷേപിക്കും. ഇങ്ങനെ ആക്ഷേപിക്കുന്നതെല്ലാം വാജിബിനെ ഒഴിവാക്കി എന്ന പേരിലല്ല. പ്രത്യുത മജ് ലിസിന്റെ മര്യാദക്കും പതിവിനും എതിർ ചെയ്തു എന്നതുകൊണ്ടാണ് ആക്ഷേപിച്ചത് എന്നാണ് നാം മനസ്സിലാക്കേണ്ടത്.
വ്യതിചലനത്തിലായ മുഅ്തസലി കക്ഷികൾ പ്രതിഫലം നൽകൽ അല്ലാഹുവിന്റെ മേൽ വാജിബാണ് എന്ന് വാദിക്കുകയും അതിന്റെ പേരിൽ ബി ഹഖി ഹാദൽ അമൽ ഈ അമലിന് പ്രതിഫലമായി എനിക്ക് ഈ കാര്യം നൽകണേ എന്ന് ദുആ ചെയ്യുക പതിവുണ്ട്. എന്നാൽ അമൽ ചെയ്യാനുള്ള ശക്തിയെ നൽകുന്ന അല്ലാഹു അവൻ തന്നെ തന്റെ കൃപകാരണം പ്രതിഫലവും നൽകും എന്ന് നല്ല നിയ്യത്ത് വെക്കലാണ് സുന്നത്ത് ജമാഅത്തിന്റെ അഖീദഃ. തദടിസ്ഥാനത്തിൽ ഇരുവിഭാഗവും ദുആയിൽ ബി ഹഖി എന്ന വാക്ക് ഉപയോഗിക്കലുണ്ട്. എന്നാൽ രണ്ടു കൂട്ടരുടെയും അർത്ഥ കൽപന വ്യത്യസ്തമാണ്. ഈ രണ്ട് വിശ്വാസത്തിന്റെയും വ്യത്യാസം അറിയാതെ ഒരു സുന്നത്ത് ജമാഅത്തുകാരൻ ബി ഹഖി എന്ന വാക്ക് ഉരുവിടുമ്പോൾ തന്നെ അതിനെ ആക്ഷേപിക്കും. ഇതെല്ലാം അജ്ഞാനത്താൽ ഉണ്ടാകുന്ന തെറ്റാണ്.
മോശപ്പെട്ടതിനെ നല്ലതിനോട് താരതമ്യം ചെയ്യാൻ പാടില്ല
ഹദീസുകളുടെ പേരിൽ കെട്ടിച്ചമക്കപ്പെട്ട ഉദ്ധരണികളെ വായിക്കുക, ശറഇന് യോജിക്കാത്ത വിധത്തിലുള്ള സംഗീത സദസ്സുകളുടെ സംഘാടനം പോലുള്ള പാമരന്മാരുടെ പ്രവൃത്തികളെ മാത്രം കണ്ട് അതിന്റെ കാരണം കാണിച്ച് അതുപോലുള്ളതല്ലാത്ത നല്ല മജ് ലിസുകളുടെ മേലും ഒരേ വിധത്തിലുള്ള ഫത് വ ചില ഉലമാക്കൾ പുറപ്പെടുവിക്കുന്നു. ഇത്തരം ഫത് വകൾ നൽകൽ തെറ്റാണ്. എവിടെയെങ്കിലും സ്ത്രീ പുരുഷ ഭേദമന്യേ കലർന്നിരുന്ന് ബയാൻ മജ്ലിസുകൾ നടന്നാൽ ആ പേരും പറഞ്ഞ് എല്ലാ മജ്ലിസുകളെയും തടയൽ എവ്വിധത്തിൽ ന്യായമാകും? അതുകൊണ്ട് ഇത്തരം ഫത് വകൾ നൽകൽ ഉപേക്ഷിക്കണം. മൂട്ടയെ പേടിച്ച് കമ്പിളി പുതപ്പ് കത്തിക്കരുത് എന്ന ഫാർസി പഴംച്ചൊല്ലിനെ അന്വർത്ഥമാക്കുന്ന വിധം എവിടെയെങ്കിലും സംഭവിക്കുന്ന ചെറിയ ദൂഷ്യങ്ങൾ കാണിച്ച് അതിനോട് ഒരു വിധത്തിലും ബന്ധമില്ലാത്ത വലിയ വലിയ നന്മകളെ ഉപേക്ഷിക്കലോ ഇല്ലാതാക്കലോ പാടുള്ളതല്ല. നേരെ മറിച്ച് ആ കേട് മാത്രമാണ് അകറ്റപ്പെടേണ്ടത്. എലിയെ പേടിച്ച് ഇല്ലം ചുടുക എന്നത് തെറ്റായ നടപടിയാണ്.
നബി(സ്വ) തങ്ങളുടെ തിരുസാന്നിധ്യം(ഹാളിറാവൽ)
മൗലിദ് മജ്ലിസുകളിൽ നബി(സ്വ) തങ്ങൾ വരുന്നു എന്ന വിശ്വാസത്തെ കുഫ്റ്, ശിർക്ക് എന്ന് ആക്ഷേപിക്കൽ പരിധി കടന്നതും കഠിനമായതുമായ വാക്കാണ്. കാരണം ഇതു ബുദ്ധിപരമായും ദീനിന്റെ അടിസ്ഥാനത്തിലും സാധൂകരണമുള്ളതും സാദ്ധ്യമായതുമാണ്. ചില സ്ഥലങ്ങളിൽ ഇങ്ങനെ സംഭവിച്ചിട്ടുമുണ്ട്. മൗലിദ് മജ് ലിസുകൾ പല സ്ഥലങ്ങളിലും നടത്തപ്പെടുന്ന അവസ്ഥയിൽ തിരുനബി(സ്വ) തങ്ങൾ ഒരേ സമയം തന്നെ എല്ലാറ്റിനെയും അറിഞ്ഞ് ഹാളിറാകൽ എങ്ങനെ സാദ്ധ്യമാണ് എന്ന സംശയം ചിലർക്കുണ്ടാകാം. ഇത് ഉറപ്പില്ലാത്ത ബലമില്ലാത്ത ഊഹമാണ്. തിരുനബി(സ്വ) യുടെ വിശാലമായ ഇൽമിന്റെയും ശേഷിയുടെയും മുന്നിൽ ഇതൊരു വിഷയമേ അല്ല. കശ്ഫ് എന്ന ജ്ഞാനതുറവികളിലൂടെയും ഇത് സ്ഥിരപ്പെടുത്തപ്പെട്ടിട്ടുണ്ട്. മാത്രമല്ല അല്ലാഹുവിന് ഇതൊക്കെ സർവ്വസാധാരണമാണ്. ഇക്കാര്യം വലിയ വിഷയമാക്കി ചർച്ച ചെയ്യേണ്ടതില്ല.
തിരുനബി(സ്വ) തങ്ങൾക്ക് അവിടുത്തെ സ്ഥാനത്ത് ഇരുന്നു കൊണ്ട് തന്നെ ഇവയെല്ലാം ശ്രദ്ധിക്കാനുള്ള ശേഷി നൽകാൻ അല്ലാഹു കഴിവുള്ളവനാണ്. ഇങ്ങനെ പറയുന്നതു കൊണ്ട് തിരുനബി(സ്വ) തങ്ങൾക്ക് അല്ലാഹു അറിയിച്ചു കൊടുക്കാതെ തന്നെ സ്വയം മറഞ്ഞ ജ്ഞാനമുള്ളവരാണ് എന്ന് തെറ്റായി അർത്ഥം കൽപിക്കേണ്ടതില്ല. മറഞ്ഞവയെ സ്വയം അറിയുന്ന ജ്ഞാനം അല്ലാഹുവിന് മാത്രമുള്ള ഗുണ മാണ്. കാരണം യഥാർത്ഥത്തിൽ ഇൽമുൽ ഗൈബ് എന്ന വാക്ക് സ്വയമായി താൻ അറിയുന്ന ഒരു അറിവിനെ പറയുമ്പോഴാണ് വളരെ ശരിയാകുന്നത്. അത്തരം ഇൽമ് അല്ലാഹുവിന് മാത്രമുള്ള സ്വിഫത്താണ്. അല്ലാഹു വഴി മറ്റുള്ളവർക്ക് അറിയിക്കപ്പെടുന്നത് അറിയിക്കപ്പെടുന്നവരെ സംബന്ധിച്ച് സ്വയമുള്ളതല്ല. അതിന് സബബി എന്നാണ് പറയുക. അല്ലാഹു താൻ ഇഷ്ടപ്പെട്ടവർക്ക് സവിശേഷമായ ജ്ഞാനങ്ങളെ നൽകുമ്പോൾ നാമെന്തിന് അതിനെ നിഷേധിക്കണം.
തിരുനബി(സ്വ) തങ്ങളുടെ മറഞ്ഞ ജ്ഞാനം
തിരുനബി(സ്വ) തങ്ങൾക്ക് മേൽപറഞ്ഞ വിധം അല്ലാഹു ജ്ഞാനങ്ങളെ നൽകുന്നു എന്ന് വിശ്വസിക്കൽ ശിർക്കോ കുഫ്റോ ആകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചാൽ നബി(സ്വ) തങ്ങളെ സംബന്ധിച്ച് ഇത് സാധ്യതയുള്ളത് തന്നെയാണ്. എന്നാൽ സാധ്യമായ കാര്യങ്ങളെല്ലാം നടന്നേ പറ്റൂ എന്നത് നിർബന്ധമില്ല. കശ്ഫ്, നല്ലവരുടെ ഉൾക്കാഴ്ചകൾ പോലെയുള്ള ബലമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തിരുനബി(സ്വ) തങ്ങളുടെ സാന്നിധ്യത്തെ(ഹുളൂറിനെ) ദൃഢമായി വിശ്വസിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ഒരു പ്രമാണവുമില്ലാതെ ഇവയെയെല്ലാം ഉറപ്പായി വാദിക്കുക എന്നതും ശരിയല്ല. എങ്ങിനെയൊക്കെയായാലും ഇവയൊന്നും ഏതു കാലത്തും ശിർക്കോ കുഫ്റോ ആവുകയില്ല. മുകളിൽ പറഞ്ഞവയാണ് ഈ വിഷയത്തിലെ സംക്ഷിപ്തവും ഉറപ്പുള്ളതുമായ ഗവേഷണഫലം.
എന്റെ ആത്മീയ വഴിയും അനുഭവൈക പ്രായോഗിക ജീവിതവും
ഞാൻ മൗലിദ് സഭകളിൽ പങ്കെടുക്കുന്നതോടൊപ്പം അത് വളരെ ബർക്കത്തേറിയ സദസ്സായും ഞാൻ പരിഗണിക്കുന്നു. എല്ലാ വർഷവും മുടങ്ങാതെ മൗലിദ് മജ് ലിസുകളുടെ സംഘാടനവും എനിക്ക് പതിവുള്ളതാണ്. ചില ബൈത്തുകളെ എണീറ്റ് നിന്ന് ഓതുമ്പോൾ വാക്കുകൾ കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത ഉള്ളുണർവ്വും ആത്മീയാനുഭൂതിയും സംഭവിക്കുന്നതിന് ഞാൻ അനുഭവ സാക്ഷിയാണ്. ഇതാണെന്റെ മശ്റബ്.
തുടരും