ഖാസിം സെയ്ദ്:
1866 ൽ 30 പേരുൾക്കൊള്ളുന്ന ചാവക്കാട്ടുകാരുടെ മുൻകൈയ്യോടെ നടന്നതും കോളണി വിരുദ്ധ പ്രക്ഷോഭങ്ങളുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടാതെ പോയതുമായ അജ്ഞാത ചരിത്രം കണ്ടെടുക്കുന്ന ചരിത്ര ഗവേഷണ പഠനം. പ്രമുഖ മലയാള പത്രങ്ങളുടെ ചാവക്കാട് ലേഖകനായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഗവേഷകനും എഴുത്തുകാരനുമായ ഖാസിം സെയ്ദിന്റെ ഈ പഠനം തീരദേശ മലബാർ ചരിത്രവും സംസ്കാരവും എന്ന ശീർഷകത്തിൽ അദ്ദേഹം രചിച്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന ഗ്രന്ഥത്തിൽ നിന്നുള്ള ഭാഗമാണ്.
പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ട് ആരംഭത്തിലും ബ്രിട്ടീഷ് കോളണീകരണത്തിനും ജന്മിത്വനാടുവാഴിത്ത വ്യവസ്ഥക്കുമെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളും സമര മുന്നേറ്റങ്ങളും ഇനിയും പൂർണ്ണമായും അവലോകനം ചെയ്യപ്പെട്ടിട്ടില്ല. മലബാർ മേഖലയിൽ നടന്ന പ്രക്ഷോഭങ്ങളിൽ തന്നെ ദക്ഷിണ മലബാറിലെ കിഴക്കൻ പ്രദേശങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളാണ് പ്രത്യേക ഊന്നലോടെ ഗവേഷണാത്മക പഠനങ്ങൾക്ക് വിഷയീഭവിച്ചിട്ടുള്ളത്. എന്നാൽ ദക്ഷിണ തീരദേശ മലബാറിൽ നടന്ന കോളണി വിരുദ്ധമായ മുന്നേറ്റങ്ങളും ചലനങ്ങളും വിശദമായ പഠനം അർഹിക്കുന്ന ഗവേഷണ മേഖല തന്നെയാണ്. അനുബന്ധമായി കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചില പ്രദേശങ്ങളിലും ബ്രിട്ടീഷ് വിരുദ്ധവും, ജന്മിത്വനാടുവാഴിത്ത വിരുദ്ധവുമായി രൂപപ്പെട്ടുവന്ന പല ചലനങ്ങളും രേഖപ്പെടുത്തപ്പെടാതെ ശേഷിക്കുക തന്നെയാണ്. ഈ ഗണത്തിൽ സവിശേഷം പ്രാധാന്യമർഹിക്കുന്ന കോളണി വിരുദ്ധവും ഫ്യൂഡൽ വിരുദ്ധവുമായ ഒരു മുന്നേറ്റമാണ് 1866 ൽ ചാവക്കാട്ടുകാരായ ഏതാനും പേരുടെ മുൻകൈയ്യോടെ മേഖലയിൽ നടന്ന പ്രക്ഷോഭം.
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നാട്ടുകാർ ഒന്നിച്ചു നിന്ന് പോരാടിയ സ്വാതന്ത്ര്യ സമര ചരിത്രമൊന്നും അത് നടന്ന കാലത്തും പിന്നീടും സമരമെന്നൊ പോരാട്ടമെന്നോ രേഖപ്പെടുത്താൻ അന്നത്തെ ഭരണകൂടത്തിനൊ അവർക്ക് ഓശാന പാടിയ ചരിത്രകാരന്മാർക്കോ കഴിഞ്ഞിട്ടില്ല. മനഃപൂർവ്വമാണ് ഈ അവഗണനയെന്ന് സാമാന്യബോധമുള്ള ആർക്കും തിരിച്ചറിയാനാവും. ദേശീയ പരിപ്രേക്ഷ്യത്തോടെ സമീപിക്കുമ്പോൾ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളായി അടയാളപ്പെടുത്തപ്പെടാൻ എന്തുകൊണ്ടും അർഹതയുള്ള സമര മുന്നേറ്റങ്ങളെ കലാപം എന്ന അപരമുദ്രണത്തോടെ അപഹസിക്കാനാണ് കൊളോണിയൽ ചരിത്രാഖ്യാനങ്ങളെ അതേ പടി തന്നെ പകർത്തിയെഴുതിയ ദേശീയാധുനികതയുടെ പ്രതിനിധികളും പരിശ്രമിച്ചിട്ടുള്ളത്. വൈദേശീക ശക്തികൾ രാഷ്ട്രീയാധിപത്യ ലക്ഷ്യങ്ങളോടെ നീക്കങ്ങളാരംഭിച്ച ആദ്യ ഘട്ടം മുതൽ തന്നെ വൈദേശീക ആധിപത്യത്തിനെതിരെ ശക്തമായ സമരങ്ങളുമായി രംഗത്തു വന്നവരാണ് മാപ്പിള മുസ് ലിംകൾ. പോർച്ചുഗീസ് അതിക്രമങ്ങളുടെ കാലം മുതൽ തന്നെ ആരംഭിച്ച ഈ ചെറുത്തു നിൽപുകൾ മലബാറിന് മേൽ ബ്രിട്ടീഷ് ആധിപത്യം സമ്പൂർണ്ണമായ പത്തൊമ്പതാം നൂറ്റാണ്ട് തുടക്കം മുതൽ തന്നെ സജീവമായി തുടങ്ങി എന്ന് കാണാൻ കഴിയും. പത്തൊമ്പതാം നൂറ്റാണ്ട് മധ്യകാലം വരെ വിവിധ പ്രക്ഷോഭങ്ങളിലൂടെ ഇത് തുടരുന്നത് കാണാം. ജനനായകനും പണ്ഡിതവര്യനും സ്വൂഫി വ്യക്തിത്വവുമായ മമ്പുറം സയ്യിദ് അലവി(റ) തങ്ങളുടെ വിയോഗാനന്തരം സമരങ്ങൾക്ക് താത്കാലിക ശമനമുണ്ടായെങ്കിലും ഒറ്റപ്പെട്ട ചില പ്രക്ഷോഭ പ്രവർത്തനങ്ങൾ പിൽക്കാലത്തും തുടരുന്നുണ്ട്. ശേഷം മമ്പുറം തങ്ങളുടെ മകനായ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ(റ) യെ ഇന്ത്യയിൽ നിന്ന് അറേബ്യയിലേക്ക് നാടുകടത്തിയ ശേഷവും ബ്രിട്ടീഷുകാർ ഉദ്ദേശിച്ചതുപോലെ സമര പ്രക്ഷോഭങ്ങൾ പൂർണ്ണമായും ശമിക്കുകയുണ്ടായില്ല. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ കോളണി വിരുദ്ധമായി സജീവമായി കൊണ്ടിരുന്ന ഈ പ്രക്ഷോഭങ്ങളെ ദേശീയ പരിപ്രേക്ഷ്യത്തോടെ സമീപിക്കാനും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ ഗണത്തിൽ കണ്ണിചേർക്കാനും കൊളോണിയൽ ആധുനികതയോട് ധൈഷണികാടിമത്വം പുലർത്തുന്ന ചരിത്രകാരന്മാർ സന്നദ്ധരായിട്ടില്ല. കോളണീകരണത്തിനെതിരെ ഒരു ജനകീയ പ്രക്ഷോഭമായി വികസിച്ചു വന്ന 1857 ലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ ശിപായി ലഹള എന്ന കൊളോണിയൽ ആഖ്യാനത്തിൽ നിന്നും സ്വാതന്ത്ര്യ സമരമെന്ന് സ്ഥാനപ്പെടുത്താനും അത് ലോകത്തോട് വിളംബരം ചെയ്യാനും
മലബാർ മേഖലയിൽ നടന്ന പ്രക്ഷോഭങ്ങളിൽ തന്നെ ദക്ഷിണ മലബാറിലെ കിഴക്കൻ പ്രദേശങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളാണ് പ്രത്യേക ഊന്നലോടെ ഗവേഷണാത്മക പഠനങ്ങൾക്ക് വിഷയീഭവിച്ചിട്ടുള്ളത്. എന്നാൽ ദക്ഷിണ തീരദേശ മലബാറിൽ നടന്ന കോളണി വിരുദ്ധമായ മുന്നേറ്റങ്ങളും ചലനങ്ങളും വിശദമായ പഠനം അർഹിക്കുന്ന ഗവേഷണ മേഖല തന്നെയാണ്. അനുബന്ധമായി കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചില പ്രദേശങ്ങളിലും ബ്രിട്ടീഷ് വിരുദ്ധവും, ജന്മിത്വനാടുവാഴിത്ത വിരുദ്ധവുമായി രൂപപ്പെട്ടുവന്ന പല ചലനങ്ങളും രേഖപ്പെടുത്തപ്പെടാതെ ശേഷിക്കുക തന്നെയാണ്. ഈ ഗണത്തിൽ സവിശേഷം പ്രാധാന്യമർഹിക്കുന്ന കോളണി വിരുദ്ധവും ഫ്യൂഡൽ വിരുദ്ധവുമായ ഒരു മുന്നേറ്റമാണ് 1866 ൽ ചാവക്കാട്ടുകാരായ ഏതാനും പേരുടെ മുൻകൈയ്യോടെ മേഖലയിൽ നടന്ന പ്രക്ഷോഭം.
ഇന്ത്യക്കു പുറത്ത് നിന്ന് സംഭവങ്ങൾ പഠിച്ച കമ്യൂണിസ്റ്റ് ആചാര്യൻ കാറൽ മാക്സ് വേണ്ടി വന്നു. ബ്രിട്ടീഷുകാർ അതിനെ മുസ്ലിം ഗൂഢാലോചനയുടെ ഭാഗമാക്കി വർഗീയവത്ക്കരിക്കാനായിരുന്നു ശ്രമിച്ചത്. ഇതേ കാലത്ത് തന്നെ വടക്കൻ മലബാറിന്റെ ചില ഭാഗങ്ങളിലും ബ്രിട്ടീഷ് കോളണീകരണത്തിനെതിരായ ചില പ്രക്ഷോഭങ്ങൾ രൂപപ്പെട്ടിരുന്നു. ശേഷം പ്രക്ഷോഭങ്ങളുടെ നൈരന്തര്യത്തിന് ചെറിയൊരു ശമനം കാണുന്നുണ്ടെങ്കിലും ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്വനാടുവാഴിത്ത വിരുദ്ധവുമായ ഒറ്റപ്പെട്ട പല സമരങ്ങളും ചരിത്രത്തിൽ തുടരുന്നതാണ് കാണുന്നത്.
ഇക്കാലത്ത് നടന്ന പ്രക്ഷോഭങ്ങളിലൊന്നാണ് 1866 ൽ ദക്ഷിണ തീരദേശ മലബാറിൻെറ ഭാഗമായിരുന്ന ചാവക്കാട്ട് നടന്നത്. ഈ പ്രക്ഷോഭവും സ്വാതന്ത്ര്യസമരത്തിൻെറ ഭാഗമായി കണ്ണിചേർക്കപ്പെടേണ്ടത് തന്നെയാണ്. മലബാറിൻെറ ഭാഗമായ പ്രദേശത്തുകാരാണ് സമരത്തിന് നേതൃത്വം നൽകിയതെങ്കിലും അത് നടന്നത് പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നതും ചാവക്കാടിൻെറ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നതായ തൃശൂരിനോടടുത്ത പ്രദേശത്താണ്. അതുകൊണ്ട് തന്നെയായിരിക്കും മലബാറിലെ മാപ്പിള പ്രക്ഷോഭങ്ങളെ രേഖപ്പെടുത്തിയ ചരിത്രകാരന്മാർ ഈ പ്രക്ഷോഭം പരാമർശിക്കാതെ പോയത്. അത് നേരാം വണ്ണം രേഖപ്പെടുത്താൻ ആരും ശ്രമിച്ചതുമില്ലെന്നതാണ് ഏറെ ഖേദകരമായത്. ബ്രിട്ടീഷുകാരുൾപ്പടെയുള്ളവരുടെ വൈദേശിക ആധിപത്യത്തിനെതിരെ പൊരുതിയ പ്രക്ഷോഭങ്ങളെ, പോരാട്ടങ്ങളെ, അത് ടിപ്പു സുൽത്താൻെറ ഭാഗത്ത് നിന്നായാലും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നാലും എളമ്പിലാശേരി മൂസയായിരുന്നാലും കൂടെയുണ്ടായിരുന്ന ഹൈദ്രോസ് കുട്ടി മൂപ്പനായിരുന്നാലും കൊള്ളക്കാരനെന്നും വർഗീയവാദിയെന്നുമൊക്കെയുള്ള അപകീർത്തികരമായ മുദ്രണത്തോടെയല്ലാതെ ചരിത്രത്തിൽ പരിചയപ്പെടുത്തപ്പെട്ടിട്ടില്ല. ബ്രിട്ടീഷ് അധികൃതർ ആ സമരങ്ങളെ മാറ്റി മറിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അധികാരികളും അവർക്കായി പേനയുന്തിയ എഴുത്തുകാരും ഇത് തന്നെയാണ് ആവർത്തിച്ചത്. ബ്രിട്ടീഷുകാർ നൽകിയ അപ്പം കൊണ്ട് ജിവിച്ചവർ അത് നിലനിർത്താൻ അത്തരം പ്രചാരണങ്ങൾ ഏറ്റു പിടിച്ച് നിർവൃതി നേടിയവരാണ്.
തങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തിയവരെ വർഗീയ വാദികളും കൊള്ളക്കാരുമാക്കുന്നതാണ് കോളണി ശക്തികളുടെ സ്ഥിരം ആഖ്യാന തന്ത്രം. അത്തരത്തിലൊരു പ്രക്ഷോഭവും അതിനെ കൊള്ളയടിയുമാക്കിയ സംഭവമാണ് ചാവക്കാടുണ്ടായത്. ആ സംഭവം അവർ രേഖപ്പെടുത്തിയതുപോലെ ഇവിടെ വിവരിക്കാം.
1866ൽ ചാവക്കാട് സംഭവിച്ചത്.
കൃത്യമായി പറഞ്ഞാൽ 1866 ആഗസ്റ്റ് ഏഴിനാണ് സംഭവം. അന്ന് സന്ധ്യമയങ്ങിയ ശേഷം 30 പേരടങ്ങിയ ചാവക്കാട്ടുകാർ തൃശൂരിനടുത്ത് ഉദ്ദേശ്യം ആറ് മൈൽ അകലെയുള്ള ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ വീട് ആക്രമിച്ചു. ആക്രമിച്ചുവെന്നല്ല കൊള്ളയടിച്ചുവെന്നാണ് ഈ സംഭവം കൊച്ചിയിലെ ബ്രിട്ടീഷ് റസിഡൻറിന് എഴുതിയ അന്നത്തെ ദിവാൻെറ വിശദീകരണത്തിലുള്ളത്. സംഭവം നടന്ന തൃശൂർ കൊച്ചി രാജ്യത്തിൻെറ ഭാഗമായതിനാൽ ചാവക്കാട്ടെ പ്രക്ഷോഭകരുടെ മുൻകൈയ്യോടെ നടന്ന ഈ സംഭവം രേഖപ്പെടുത്തിയത് ദിവാന്റെ എഴുത്തിൽ മാത്രമാണ്. നാടിനെ നടുക്കിയ സുപ്രധാനമായ ഈ സംഭവം വിശദീകരിക്കലായിരുന്നില്ല ദിവാൻെറ ഉദ്ദേശം. മറിച്ച് പുറത്തറിയിക്കാതെ രഹസ്യമാക്കി വെച്ച ചരിത്രം അറിയാതെ വെളിപ്പെടുത്തിപ്പോയതാണ്. കൊച്ചിയിൽ നടക്കുന്ന ക്രിമിനൽ സംഭവങ്ങളിലെ പ്രതികൾ പലപ്പോഴും അയൽ സംസ്ഥാനങ്ങളായ തിരുവിതാംകൂറിലേക്കും, ചാവക്കാട് ഉൾപ്പടെയുള്ള സാമൂതിരിയുടെ കോഴിക്കോട് മേഖലകളിലേക്കും രക്ഷപ്പെട്ടു പോകാറുണ്ട്. ബ്രിട്ടീഷ് ഭരണം എല്ലായിടത്തുമായി തുടങ്ങിയതിനാൽ അതാതിടത്തെ പൊലീസു മേധാവികളുടെ പ്രത്യേക താൽപര്യ പ്രകാരം പ്രതികളെ പിടിച്ച് കൊച്ചിയിലെത്തിക്കുന്ന രീതിയുണ്ട്. അത്തരം സംഭവങ്ങളിലെ പൊലീസുകാരെ ശ്ലാഘിക്കുന്ന കൂട്ടത്തിലാണ് കൊച്ചി ദിവാന്റെ ഈ എഴുത്ത് ഉദ്ധരിച്ചിട്ടുള്ളത്. ഈ എഴുത്തിൽ തൃശൂരിനടുത്ത് നടന്ന സംഭവത്തിൽ അഭിനന്ദനാർഹമായി സേവനമനുഷ്ഠിച്ച ചാവക്കാട്ടെ പൊലീസ് ഉദ്യോഗസ്ഥനെ അർഹമായ രീതിയിൽ ബഹുമതി നൽകി ആദരിക്കണമെന്നാണ് ദിവാൻ റസിഡൻസിയോട് അപേക്ഷിക്കുന്നത്. പ്രക്ഷോഭകരെ കൊള്ളക്കാരാക്കുന്ന റിപ്പോർട്ട് ഇങ്ങനെ തുടരുന്നു:
“അന്നേ ദിവസം പാതിരാക്ക് പ്രോസിക്യൂട്ടറുടെ വീട് ആക്രമിക്കുകയും വിലകൂടിയ വസ്തുക്കൾ കൊള്ളടയിക്കുകയും ചെയ്ത കൊള്ളക്കാർ വിട്ടിലെ പ്രോസിക്യൂട്ടറുടെ ബന്ധുക്കളേയും അപായപ്പെടുത്തി. നാട്ടിലെത്തിയ കൊള്ളക്കാർ കൊള്ളമുതൽ പങ്ക് വെച്ച് നേരം പുലരുന്നതിനു മുമ്പേ പാലഭാഗത്തായി രക്ഷപ്പെട്ടു.“
സംഭവ സമയം പ്രോസിക്യൂട്ടർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് വിവരിക്കുന്ന എഴുത്തിൽ നേരെ വിപരീതമായുള്ള വസ്തുതകളുമുണ്ട്. “പ്രോസിക്യൂട്ടറുടെ ചങ്ങാതിമാരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിൽ ചാവക്കാട് മജിസ്ട്രേറ്റും പൊലീസും പെട്ടെന്ന് ഇടപെട്ടു. പിടിക്കപ്പെട്ട കൊള്ളക്കാരിൽ പലരും കുറ്റം സമ്മതിച്ചു, കൊള്ള മുതൽ തിരികെ നൽകി.“
താഹസിൽദാറുടെ മുന്നിൽ നടന്ന വിസ്താരത്തിനിടയിൽ സമ്പന്നരായ കൊള്ളക്കാരിൽ(പ്രക്ഷോഭകരിൽ) പലരും കേസിൽ മതിയായ തെളിവില്ലാത്തതിനാൽ രക്ഷപെട്ടു. കേസിലെ വലിയൊരു വഴിത്തിരിവായത് ദിവാന്റെ മുന്നിൽ സംഭവം കണ്ടുവെന്ന് സത്യം ചെയ്തു പറഞ്ഞ മുഖ്യ സാക്ഷികളായ നാല് പേരും സബ് മജിസ്ട്രേറ്റിനു മുന്നിൽ വിചാരണ ദിവസം സത്യ പ്രതിജ്ഞക്കെത്തിയപ്പോൾ കൂറുമാറിയതാണ്. അക്കാരണത്താൽ രണ്ട് തടവുകാരെ വെറുതെ വിട്ട തനിക്ക് ബാക്കിയുള്ളവരിൽ കൂടുതൽ പേരെ തെളിവുകളില്ലാതെ വെറുതെ വിടേണ്ടി വരുമെന്ന ആശങ്കയും ദിവാൻ എഴുത്തിൽ പങ്ക് വെക്കുന്നുണ്ട്. കേസ് സെഷൻ കോടതിയിലെത്തിയപ്പോൾ പിടിക്കപ്പെട്ട 18 പ്രതികളിൽ മൂന്ന് പേർ മാത്രമായി കുറ്റം ചെയ്തവരെന്ന് വിധിക്കപ്പെട്ടവർ. ബാക്കിയുള്ള 15 പേരെയും കോടതി വെറുതെ വിട്ടു. അതിൽ പലരേയും നിരുപാധികമായാണ് വിട്ടയച്ചത്.
കോളണീകരണത്തിനെതിരെ ഒരു ജനകീയ പ്രക്ഷോഭമായി വികസിച്ചു വന്ന 1857 ലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ ശിപായി ലഹള എന്ന കൊളോണിയൽ ആഖ്യാനത്തിൽ നിന്നും സ്വാതന്ത്ര്യ സമരമെന്ന് സ്ഥാനപ്പെടുത്താനും അത് ലോകത്തോട് വിളംബരം ചെയ്യാനും
ഇന്ത്യക്കു പുറത്ത് നിന്ന് സംഭവങ്ങൾ പഠിച്ച കമ്യൂണിസ്റ്റ് ആചാര്യൻ കാറൽ മാക്സ് വേണ്ടി വന്നു. ബ്രിട്ടീഷുകാർ അതിനെ മുസ്ലിം ഗൂഢാലോചനയുടെ ഭാഗമാക്കി വർഗീയവത്ക്കരിക്കാനായിരുന്നു ശ്രമിച്ചത്. ഇതേ കാലത്ത് തന്നെ വടക്കൻ മലബാറിന്റെ ചില ഭാഗങ്ങളിലും ബ്രിട്ടീഷ് കോളണീകരണത്തിനെതിരായ ചില പ്രക്ഷോഭങ്ങൾ രൂപപ്പെട്ടിരുന്നു. ശേഷം പ്രക്ഷോഭങ്ങളുടെ നൈരന്തര്യത്തിന് ചെറിയൊരു ശമനം കാണുന്നുണ്ടെങ്കിലും ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്വനാടുവാഴിത്ത വിരുദ്ധവുമായ ഒറ്റപ്പെട്ട പല സമരങ്ങളും ചരിത്രത്തിൽ തുടരുന്നതാണ് കാണുന്നത്.
ഇക്കാലത്ത് നടന്ന പ്രക്ഷോഭങ്ങളിലൊന്നാണ് 1866 ൽ ദക്ഷിണ തീരദേശ മലബാറിന്റെ ഭാഗമായിരുന്ന ചാവക്കാട്ട് നടന്നത്. ഈ പ്രക്ഷോഭവും സ്വാതന്ത്ര്യസമരത്തിൻെറ ഭാഗമായി കണ്ണിചേർക്കപ്പെടേണ്ടത് തന്നെയാണ്.
സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് നേരത്തെ ദിവാൻ സൂചിപ്പിച്ച പ്രോസിക്യൂട്ടർ പരിക്കുകളോടെ രക്ഷപെട്ടുവെന്നു പിന്നീട് പറയുന്നുണ്ട്. അസാമാന്യമായ ധീരത കാട്ടിയ പ്രോസിക്യൂട്ടർക്ക് സർക്കാറിൽ നിന്ന് വലിയ ബഹുമതി ലഭിച്ചപോലെ ചാവക്കാട്ടെ പൊലീസ് ഇൻസ്പെക്ടർക്കും കോൺസ്ട്രബിൾമാർക്കും അർഹമായ ബഹുമതി നൽകണമെന്നുമാണ് ദിവാൻെറ അപേക്ഷ.
സത്യത്തിൽ 30 പേർ ഉൾപ്പെട്ട പ്രക്ഷോഭത്തിൽ ശിക്ഷിക്കപ്പെട്ടത് ആകെ മൂന്ന് പേർ മാത്രമാണ്. ദിവാൻെറ മുന്നിൽ സംഭവം കണ്ടുവെന്ന് സത്യമിട്ട നാല് സാക്ഷികളാണ് പിന്നീട് സംഭവം കണ്ടതേയില്ലെന്ന് കോടതിയിൽ വ്യക്തമാക്കിയത്. രണ്ട് പേര് കൊല്ലപ്പെടുകയും 25 പേർ ശിക്ഷയിൽ നിന്ന് ഒഴിവാകുകയും ചെയ്ത ഈ സംഭവം “കൊള്ളയടിയായി“ മാത്രമാണ് ദിവാൻ രേഖപ്പെടുത്തിയത്. ഒരു നാട്ടിലെ 30 പേർ അവരിലേറേയും സമ്പന്നരും മറ്റൊരു നാട്ടിലെ പ്രോസിക്യൂട്ടറെ വീട് തിരഞ്ഞ് പോയി ആക്രമിക്കാൻ കാരണം സ്വത്ത് കൊള്ളയടിക്കലാണെന്ന് ഇക്കാലത്തും ആരും വിശ്വസിക്കില്ല. പ്രോസിക്യൂട്ടറെ തന്നെ തിരഞ്ഞ് പിടിച്ച് ആക്രമിക്കാനുള്ള കാരണം അന്യായമായി വിധി പ്രസ്താവിച്ചതിലുള്ള പ്രതികാരവും കോളണി ഭരണത്തോടുള്ള ശക്തമായ വിയോജിപ്പും സ്വാതന്ത്ര്യ വാജ്ഞയും തന്നെയാണ്. മേഖലയിൽ നടന്ന കോളണിവിരുദ്ധ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ ആദ്യകാല ചലനങ്ങൾ തന്നെയാണ് ഈ സംഭവം എന്നാണ് വ്യക്തമാകുന്നത്.
1866 ൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കലാപം നടന്നുവെന്ന് പറയുമ്പോൾ ബ്രിട്ടീഷുകാർക്കെതിരെ ചാവക്കാട് മേഖലയിൽ നിന്നുള്ള ആദ്യ എതിർപ്പല്ല അതെന്നു കൂടി ഓർക്കേണ്ടതുണ്ട്. ഇന്ത്യയിൽ ആദ്യമായി ബ്രിട്ടീഷുകാർക്കെതിരെ നികുതി നിഷേധിച്ച കുറ്റത്തിന് വെളിയങ്കോട് ഉമർ ഖാള്വി(റ) യെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടത് ചാവക്കാട് ജയിലിലാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വ അധിനിവേശക്കാലത്തെ രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിൽ പിൽക്കാല പോരാളികൾക്ക് ആവേശവും ഉത്തേജകവുമായി മാറിയതാണ് അദ്ദേഹം നടത്തിയ നികുതിനിഷേധ സമരങ്ങൾ. ബ്രിട്ടീഷുകാർ ജനങ്ങളിൽ നിന്ന് അന്യായമായും അമിതമായും നികുതി വസൂലാക്കാൻ നടപടിയാരംഭിച്ചതോടെ ഉമര്ഖാള്വി(റ) അതിനെ ചോദ്യം ചെയ്തു.
ദൈവത്തിന്റെ ഭൂമിക്ക് കരം ചുമത്താൻ ബ്രിട്ടീഷുകാർക്ക് അവകാശമില്ലെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. നികുതിയടക്കാൻ തയ്യാറായുമില്ല. അംശം അധികാരി ഖാള്വിയുടെ നികുതി നിഷേധത്തെക്കുറിച്ച് മേലധികാരിയായ താഹസിൽ ദാർക്ക് റിപ്പോർട്ട് ചെയ്തു. അക്കാലത്തെ നിയമമനുസരിച്ച് ഖാദിയുടെ വസ്തു ജപ്തി ചെയ്ത് നികുതി പിടിച്ചെടുക്കാൻ പോയ ഉദ്യോഗസ്ഥർ ഖാള്വിയുമായി വാക്കേറ്റവും തർക്കവുമുണ്ടായി. സംഘർഷാവസ്ഥയിൽ ഒരു ഉദ്യേഗസ്ഥനെ ഖാള്വി കയ്യിൽ എപ്പോഴും കരുതി വെക്കാറുള്ള പേനാകത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
ഇതോടെ ഉദ്യോഗസ്ഥർ ഉമർ ഖാള്വി(റ) ക്കെതിരെ ചാവക്കാട് തുക്ടിയായിരുന്ന നീബു സായിപ്പിന് റിപ്പോടർട്ട് നൽകി. നീബു സായിപ്പ് ഖാദിയെ പിടിച്ചുകൊണ്ടുവരാൻ ഹെഡ് കോണ്സ്റ്റബിളിനോട് ഉത്തരവിറക്കി. ഇതറിഞ്ഞ ഖാള്വി പൊലീസ് എത്തുന്നതിന് മുമ്പ് ഒരു മഞ്ചലിൽ ചാവക്കാട്ടേക്ക് യാത്ര തിരിച്ചു. വഴിയിൽ ഇടക്ക് വെച്ച് ഖാള്വിയെ പിടികൂടാനെത്തിയർ അദ്ദേഹത്തെ മഞ്ചലിൽ നിന്നിറക്കി നടത്തിക്കൊണ്ടു പോകാൻ നിർബന്ധം പിടിച്ചു. അദ്ദേഹം സന്നദ്ധനായില്ല. താൻ നീബുവിനെ കാണാൻ പുറപ്പെട്ടതാണ്. പിടിച്ചുകൊണ്ടു പോകുകയായിരുന്നെങ്കിൽ പൊലീസിനെ അനുസരിക്കാമായിരുന്നുവെന്ന് പറഞ്ഞ് യാത്ര തുടർന്നു. സംഭവം നാടൊട്ടുക്കുമറിഞ്ഞു. ചാവക്കാട്ടെത്തുമ്പോഴേക്കും ഖാള്വി(റ) യെ അനുഗമിച്ച് വൻ ജനാവലിയായി. കച്ചേരിയിൽ തുക്ക്ടി നീബുവിന്റെ മുന്നിൽ പൊലീസുമായെത്തിയ ഉമർ ഖാള്വി(റ) സായിപ്പിനു മുന്നിലുള്ള കസേരയിൽ കയറിയിരുന്നു. തുക്ടി സായിപ്പിന് അതിഷ്ടമായില്ലെന്ന് മാത്രമല്ല അവജ്ഞതയോടെ ഇംഗ്ലീഷിൽ ആക്രോശിക്കാനും തുടങ്ങി. ഉടനെ ഖാള്വി അറബി ഭാഷയിൽ സായിപ്പിനെ വിഢിയെന്ന് വിളിച്ച് സംസാരിച്ചു. മാത്രമല്ല തുക്ടിസായിപ്പിന്റെ മുഖത്ത് തുപ്പിയെന്നും രക്ഷിക്കാൻ ചെന്ന പൊലീസുകാരനെ പ്രഹരിച്ചുവെന്നും പറയപ്പെടുന്നുണ്ട്. ക്ഷുഭിതനായ നീബുസായിപ്പ് ഉമർ ഖാള്വി(റ) യെ ജയിലിലടക്കാൻ നിർദ്ദേശിച്ചു. 1819 ഡിസംബർ 17 നായിരുന്ന ഇത്. എന്നാൽ ചാവക്കാട് ജയിലിൽ നിന്നും അദ്ദേഹം അത്ഭുതകരമാം വിധം രക്ഷപ്പെട്ട കാര്യം പിറ്റേദിവസമാണ് പൊലീസും അധികാരികളുമറിഞ്ഞത്. ഉമർ ഖാള്വി(റ) അന്ന് പുലർച്ചയോടെ നേരേ മന്ദലാംകുന്ന് പള്ളിയിൽ എത്തുകയും തഹജ്ജുദും സുബ്ഹിയുമെല്ലാം നിസ്ക്കരിച്ച ശേഷം ഉമർ ഖാള്വി(റ) യോട് ബഹുമാനാദരവുകൾ പുലർത്തിയ മന്ദലാംകുന്ന് സ്വദേശി കുന്നിക്കൽ മൊയ്തീൻ എന്നയാളുടെ ഭവനത്തിൽ പോയി കഞ്ഞികുടിച്ച ശേഷം ഒരു സുഹൃത്തിന്റെ സഹായത്തോടെ കോടഞ്ചേരി പള്ളിയിലെത്തുകയും ചെയ്തു.
ഖാള്വിയുടെ ജയിൽ ചാട്ടത്തെക്കുറിച്ച് തുക്ടി സായിപ്പ് മലബാർ കളക്ടർ മക്ലീന് ഉടൻ പ്രത്യേക സന്ദേശമയച്ചു. കളക്ടർ ഉമർ ഖാള്വി(റ) യെ അറസ്റ്റ് ചെയ്യാൻ വലിയൊരു സംഘത്തെ അയച്ചു. അദ്ദേഹത്തെ അറസ്റ്റുചെയ്തു. കലക്ടറുടെ അടുക്കൽ കൊണ്ടുചെല്ലാനായിരുന്നു കൽപനയെങ്കിലും ഉമർ ഖാള്വി(റ) മഞ്ചലിലാണ് കോഴിക്കോട്ടെത്തിയത്. ഖാള്വി(റ) യെ അറസ്റ്റ് ചെയ്തെന്ന വിവരമറിഞ്ഞ് നാട്ടുകാർ ഹജൂർ കച്ചേരിക്ക് മുന്നിൽ തടിച്ചുകൂടി. കോഴിക്കോട് ഖാള്വി മുഹിയുദ്ദീൻ(റ) അവിടെ എത്തി ഉമർ ഖാള്വിക്ക് ഒന്നും സംഭവിക്കില്ലെന്നും പിരിഞ്ഞ് പോകണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.
ഉമർ ഖാള്വി(റ) യെ അനുനയിപ്പിക്കാനും മാപ്പ് ചോദിപ്പിക്കാനും നികുതിയടക്കാമെന്ന് സമ്മതിപ്പിക്കാനും കലക്ടർ മക്ലീൻ ശ്രമിച്ചെങ്കിലും അദ്ദേഹമത് വിസമ്മതിച്ചു. മാത്രമല്ല, അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: ”നിങ്ങൾ വഞ്ചിച്ചാണ് ഞങ്ങളുടെ രാജ്യം കൈവശപ്പെടുത്തിയത്, ഞാൻ ദൈവത്തിന്റെ ഭൂമിക്ക് നികുതി കൊടുക്കില്ല. നീബു അപമര്യാദയായി എന്നോട് പെരുമാറിയപ്പോൾ ഞാൻ തുപ്പിയതും ശരിയാണ്. അക്കാര്യത്തിൽ ഞാൻ നുണ പറയില്ല, ആരോടും മാപ്പുചോദിക്കില്ല”.
1819 ഡിസംബർ 19 ന് കളക്ടർ ഉമർ ഖാള്വി(റ) യെ തുറുങ്കിലടക്കാൻ കൽപിച്ചു. ഏതാനും നാൾ അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടിവന്നു. ജയിലിൽ കിടന്ന കാലത്ത് നീബു സായിപ്പിന്റെ ദുഷ്ചെയ്തികളെക്കുറിച്ചും ഇംഗ്ലീഷുകാരന്റെ ക്രൂരതയെക്കുറിച്ചും വിവരിച്ചുകൊണ്ട് തന്റെ ആത്മീയഗുരുവും ഉപദേശകനുമായിരുന്ന മമ്പുറം സയ്യിദലവി(റ) തങ്ങൾക്ക് ഒരു സന്ദേശ കാവ്യം അയച്ചു. അത് കിട്ടിയ മമ്പുറം തങ്ങൾ ഉമർ ഖാള്വി(റ) യെ ജയിൽ വിമോചിതനാക്കിയില്ലെങ്കിൽ മലബാറിലെ മാപ്പിളമാർ ഒന്നടങ്കം പോർക്കളത്തിൽ അണിനിരക്കുമെന്ന് കലക്ടറെ അറിയിച്ചു. തുടർന്നുണ്ടായേക്കാവുന്ന ഭവിഷ്യത്തോർത്ത് കളക്ടർ ഉമർ ഖാള്വി(റ) യെ മോചിപ്പിക്കേണ്ടി വന്നു. ജയിൽ മോചിതനായ ഖാള്വി നേരെ മമ്പുറത്തെത്തി തങ്ങളെ കണ്ടു. പിന്നീട് തന്റെ വിയോഗം വരെയും ബ്രിട്ടീഷുകാർക്കെതിരെയുള്ള ഈ സമരോത്സുക നിലപാട് അദ്ദേഹം തുടരുകയും ചെയ്തു. അതിനിടയിൽ അയൽ നാടുകളായ കൊച്ചി, തീരുവിതാംകൂർ ദിവാന്മാരായ നഞ്ചയപ്പ, റഢി റാവു എന്നിവർക്ക് കത്തുകളയച്ച് വെള്ളക്കാർക്കെതിരെ പോരാടൻ ഉമർ ഖാള്വി(റ) ആഹ്വാനം ചെയ്തതും ചരിത്രമാണ്. 1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരം നടക്കുന്നതിന് എത്രയോ മുമ്പാണ് ഉമർ ഖാള്വി(റ) ബ്രിട്ടീഷുകാർക്കെതിരെ ഇത്തരം ദൃഢമായ നിലപാടുമായി ജീവിച്ചത്. അതുകൊണ്ട് തന്നെ സദർ അദാലത്തു കോടതിയിലെ ജഡ്ജി സ്ട്രയിൻജ് (Thomas Lumisden Strange (1808–1884) ഉമർ ഖാള്വി(റ) യെ ആ കാലഘട്ടത്തിലെ ഏറ്റവും ശക്തനായ ബ്രിട്ടീഷ് വിരോധികളിൽ ഒരാളാണെന്ന് വിശദീകരിച്ച് മദ്രാസ് ഗവർണർക്ക് റിപ്പോർട്ട് നൽകി.
1857 ആഗസ്റ്റ് 14 നാണ് ഉമർ ഖാള്വി(റ) യുടെ ദേഹവിയോഗം. ഒൻപത് വർഷത്തിനു ശേഷം 1866 ലാണ് മുകളിൽ പരാമർശിച്ച ചാവക്കാട്ടുകാരുടെ മുൻകൈയ്യോടെയുള്ള പ്രക്ഷോഭമുണ്ടായത്. ഉമർ ഖാള്വി(റ) യെയും അദ്ദേഹത്തിന്റെ സമര വീര്യവും പോരാട്ടവും കണ്ടവരായിരുന്നു ആ പ്രക്ഷോഭകാരികൾ. കോളണി വിരുദ്ധമായ ആ പോരാട്ട വീര്യവും സമരോത്സുകതയും ഉൾക്കൊണ്ടാണ് കർഷകർക്കും അടിസ്ഥാന ജനവർഗങ്ങൾക്കുമെതിരെ അന്യായമായ വിധികൾ പുറപ്പെടുവിച്ചിരുന്ന ബ്രിട്ടീഷ് കോടതിയിലെ പ്രോസിക്യൂട്ടർക്കു നേരെ പ്രക്ഷോഭകാരികൾ രംഗത്ത് വന്നത് എന്ന കാര്യം പശ്ചാത്തല വിവരങ്ങൾ സാധൂകരിക്കുന്നുണ്ട്. ആറ് മൈൽ അപ്പുറത്തുള്ള അയാളുടെ വീട്ടിൽ കയറി പ്രക്ഷോഭത്തിനു തയ്യാറായ പ്രക്ഷോഭകാരികൾക്ക് കേവലം കൊള്ളയടിയാണ് ലക്ഷ്യമെന്ന് വിലയിരുത്താൻ കോളണി അധികാരികൾക്ക് മാത്രമേ സാധിക്കുകയുളളൂ. അതും 30 പേരുൾപ്പെട്ട ഈ പ്രക്ഷോഭം അതിൽ പങ്കെടുത്ത പലരും സമ്പന്നർ കൂടിയാണെന്നിരിക്കെ കൊള്ളയടിയായി കാണാനാകുമോ?
ചാവക്കാട് ലോക്കപ്പിൽ കിടന്ന ജനനായകനായ ഉമർ ഖാള്വി(റ) യുടെ സംഭവ ബഹുലമായ ജീവിതം തന്നെ രേഖപ്പെടുത്താത്ത ബ്രിട്ടീഷുകാർ ഈ പ്രക്ഷോഭത്തിൽ പങ്കെടുത്ത ആ 30 പേരെയും കൊള്ളക്കാരായി ചിത്രീകരിച്ചത് തികച്ചും സ്വാഭാവികമാണ്.
1866 ലെ ഈ വെടിവെപ്പും പ്രക്ഷോഭവും ബ്രിട്ടീഷ് രാജിനെതിരെ ഭാരതത്തിൽ നടന്ന ആദ്യകാല സമരങ്ങളുടെ ഭാഗം തന്നെയാണെന്നാണ് മേഖലയുടെ ചരിത്രത്തിൽ അവഗാഹമുള്ള ചരിത്രകാരൻമാരായ സൈനുദ്ദീൻ മന്ദലാംകുന്ന്, ടി.വി. അബ്ദുറഹ്മാൻ മാസ്റ്റർ പൊന്നാനി എന്നിവരുടെ വിലയിരുത്തൽ.
ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ നേതാക്കളെയെല്ലാം കൊള്ളക്കാരായാണ് ബ്രിട്ടീഷ് അധികൃതർ ചിത്രീകരിച്ചിട്ടുള്ളത്. അതിനാൽ ഈ സംഭവം വിശദമായ അന്വേഷണവും പഠന മനനങ്ങളുമർഹിക്കുന്ന ഒരു ഗവേഷണ മേഖല തന്നെയാണ്.
ഖാസിം സെയ്ദ് രചിച്ച് തീരദേശ മലബാർ ചരിത്രവും സംസ്കാരവും എന്ന പേരിൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഗവേഷണ ഗ്രന്ഥത്തിൽ നിന്നുള്ള അദ്ധ്യായം: റഫറൻസോടെ കൂടുതൽ വിശദാംശങ്ങൾ ഗ്രന്ഥത്തിൽ വായിക്കാം.