ദർവേശ് അൻവാരി:
നോമ്പിലൂടെ സാക്ഷാത്കരിക്കുന്ന ഇലാഹി ദർശനം എന്ന പ്രതിഫലത്തെ കുറിച്ച് വിശദീകരിക്കുന്ന ലേഖനം. നോമ്പിനെ കുറിച്ചുള്ള ചില ഹദീസുകളിലെ മൊഴിയാഴങ്ങളിലേക്ക് ചിന്തിപ്പിക്കുന്ന വിശകലനം.
ഇമാം ബുഖാരിയും മുസ്ലിമും സയ്യിദുനാ അബൂ ഹുറൈറ(റ) വിൽ നിന്നും നിവേദനം ചെയ്യുന്നു:
“റസൂൽ(സ്വ) തങ്ങൾ പറഞ്ഞു:
“അല്ലാഹു പറഞ്ഞു:”ആദമിന്റെ പുത്രന്റെ സർവ്വ അമലും അവനുള്ളതാണ്. നോമ്പൊഴികെ. അത് എനിക്കുള്ളതാണ്. ഞാനാണതിന് പ്രതിഫലം നൽകുക.”
ഇസ്ലാമിലെ അനുഷ്ഠാനങ്ങളിൽ അല്ലാഹു സവിശേഷമായി പരിഗണിക്കുന്ന മഹത്തായ ഒരു അമലാണ് നോമ്പ് എന്നാണ് ഈ ഹദീസ് ബോദ്ധ്യപ്പെടുത്തുന്നത്. ഇബാദത്തുകളിൽ നിസ്കാരത്തിനുള്ള പ്രഥമ സ്ഥാനം നിലനിൽക്കെ തന്നെ പ്രതിഫലത്തിന്റെ കാര്യത്തിൽ സവിശേഷ സ്ഥാനം നൽകി അല്ലാഹു പരിഗണിച്ച അനുഷ്ഠാനമാണ് നോമ്പ്. റമളാനിലെ നോമ്പായാലും ഐച്ഛികമായ മറ്റ് നോമ്പുകളാണെങ്കിലും അതിനുള്ള പ്രതിഫലം ഞാനാണ് നൽകുക എന്ന് ളാഹിരി വിജ്ഞാനങ്ങളുടെ വക്താക്കളും ഞാൻ തന്നെയാണ് അതിന് പ്രതിഫലമാവുക എന്ന് ബാത്വിനി വിജ്ഞാനത്തിന്റെ വക്താക്കളും വിശദീകരിക്കുന്ന പ്രസ്തുത ഹദീസിനോട് ആശയ സമാനതയുള്ള മറ്റൊരു ഹദീസ് ഇമാം തുർമുദിയും നിവേദനം ചെയ്തിട്ടുണ്ട്. അതിപ്രകാരമാണ്:
“റബ്ബ് പറയുന്നു:”കർമ്മങ്ങളുടെ കൂലി പത്തിരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെയാണ്. നോമ്പ് ഒഴികെ. അതെനിക്കുള്ളതാണ്. ഞാനാണതിനു കൂലി കൊടുക്കുക. നോമ്പ് നരകമോചനമാണ്. നോമ്പുകാരന്റെ വായനാറ്റം അല്ലാഹുവിങ്കൽ കസ്തൂരിയേക്കാൾ സുഗന്ധമേറിയതാണ്. വല്ല ജാഹിലും നോമ്പുകാരനോട് തെറ്റ് ചെയ്താൽ ഞാൻ നോമ്പുകാരനാണെന്ന് പറയുക. നോമ്പുകാരനു രണ്ട് സന്തോഷമുണ്ട്. ഒന്ന് നോമ്പു തുറക്കുമ്പോൾ മറ്റൊന്ന് റബ്ബിനെ പ്രാപിക്കുമ്പോൾ…”
ഈ ഹദീസിലും നോമ്പുകാരന്റെ പ്രതിഫലം അല്ലാഹുവാണ് നൽകുക എന്ന് പറയുന്നുണ്ട്. നോമ്പുകാരനുള്ള രണ്ട് സന്തോഷങ്ങളിൽ ഒന്ന് അല്ലാഹുവിനെ പ്രാപിക്കുകയാണ് എന്ന് ഈ ഹദീസിന്റെ ഒടുവിലും പറയുന്നുണ്ട്. അല്ലാഹുവിനെ പ്രാപിക്കുക എന്നതിന്നർത്ഥം അല്ലാഹു തന്നെ പ്രതിഫലമാവുക എന്ന് തന്നെയാണ്. അതുകൊണ്ട് ളാഹിരിയും ബാത്വിനിയുമായ രണ്ടർത്ഥങ്ങളിലും ഈ ഹദീസുകൾക്ക് വ്യാഖ്യാന സാദ്ധ്യതകളുണ്ട് എന്ന് വരുന്നു.
സർവ്വ അമലുകളും അല്ലാഹുവിനായിരിക്കെ നോമ്പിനെ മാത്രം പ്രത്യേകമായി പറയാൻ കാരണമെന്ത് എന്ന ചോദ്യത്തിന് ഇമാം ഹാഫിള് ഇബ്നു ഹജർ(റ) ഇപ്രകാരം പ്രത്യുത്തരം ചെയ്തു:
“നിശ്ചയം നോമ്പ് മറ്റുള്ള അമൽ പോലെ ലോകമാന്യം വന്നുചേരാൻ സാദ്ധ്യതയില്ലാത്തതാണ്. ഞാനതിന് പ്രതിഫലം നൽകുന്നു എന്നതിന്റെ താത്പര്യം നോമ്പിന്റെ പ്രതിഫലത്തിന്റെ കണക്ക് ഞാൻ മാത്രമേ അറിയുകയുള്ളൂ എന്നാണ്. പരിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നത് കാണുക:
“”തീർച്ചയായും നോമ്പുകാരുടെ പ്രതിഫലം യാതൊരു കണക്കുമില്ലാതെ അല്ലാഹു അവർക്ക് പൂർത്തീകരിച്ച് നൽകുന്നതാണ്.”
റസൂൽ കരീം(സ്വ) തങ്ങൾ പറഞ്ഞു:
“മനുഷ്യന്റെ എല്ലാ അമലുകളും ഒരു ഹസനത്തിനെ പത്തിരട്ടിയാക്കപ്പെടും. എഴുനൂറ് ഇരട്ടി വരെ. ഇതിൽ നിന്നും നോമ്പിനെ ഒഴിവാക്കി അല്ലാഹു പറഞ്ഞു:
“നോമ്പൊഴികെ…ഞാനാണതിന് പ്രതിഫലം നൽകുക.” അഥവാ ഒരു നിശ്ചിത കണക്കും പരിധിയും നിർണയിക്കാതെ വളരെ കൂടുതൽ പ്രതിഫലം നോമ്പിന് ഞാൻ നൽകുന്നതാണ്.
നോമ്പ് എനിക്കാണ് എന്നതിന്റെ അർത്ഥം ഇബാദത്തുകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും എന്റെ അടുക്കൽ ഏറ്റവും മുൻഗണന നൽകപ്പെട്ടതുമാണത് എന്നാണ്. റസൂൽ(സ്വ) തങ്ങൾ പറഞ്ഞു:
“നീ നോമ്പിനെ മുറുകെ പിടിക്കുക. കാരണം നോമ്പിന് തുല്യമായി മറ്റൊന്നുമില്ല…”
നോമ്പിനെ അല്ലാഹുവിലേക്ക് ചേർത്തു പറഞ്ഞത് ആദരവും ബഹുമാനവും കൊണ്ടാണ്. ലോകത്തിലെ എല്ലാ മസ്ജിദുകളും അല്ലാഹുവിന്റേതായിരിക്കെ ബൈത്തുല്ലാഹ് എന്ന് മസ്ജിദുൽ ഹറമിനെ പറയുന്നതു പോലെയാണത്.
നോമ്പ് റബ്ബിന്റെയും അടിമയുടെയും ഇടയിലെ രഹസ്യമാണ്. അല്ലാഹുവല്ലാതെ അതറിയുകയില്ല. കാരണം നോമ്പുകാരൻ തന്റെ വീട്ടിൽ തനിച്ചായിരിക്കും. രുചികരമായ ഭക്ഷണം വീട്ടിലുണ്ട്. തന്റെ ഭാര്യ തന്റെ സമീപത്തുമുണ്ട്. തനിക്ക് അവളിലേക്ക് തന്റെ വികാര പൂർത്തീകരണത്തിന് ആവശ്യവുമുണ്ട്. എങ്കിലും തന്റെ റബ്ബിനെ ആത്മാർത്ഥമായി ഭയന്ന് തനിക്ക് തന്റെ റബ്ബ് വിലക്കിയതൊന്നും ചെയ്യാതെ തഖ് വയിലായി അവൻ ജീവിതം നയിക്കുന്നു.”
ഇമാം ഇബ്നു ഹജർ(റ) ഈ ഹദീസിന്റെ ളാഹിരിയായ എല്ലാ വിലക്ഷകളെയും ഈ വാചകങ്ങളിൽ സംഗ്രഹിക്കാൻ ശ്രമിച്ചിട്ടുണ്ട്.
അല്ലാഹു തന്നെ പ്രതിഫലമാകുന്ന നോമ്പിനെക്കുറിച്ച് അല്ലാഹുവിന്റെ പ്രത്യേകക്കാരായ ഔലിയാക്കൾ പറയുന്ന വ്യാഖ്യാനവും പരിഗണിക്കേണ്ടതുണ്ട്. ഹസ്രത്ത് മഖ്ദൂം ശറഫുദ്ദീൻ യഹ് യാ മുൻയരി(റ) പറയുന്നത് നോക്കുക:
തിരുറസൂൽ(സ്വ) ഖുദ്സിയായ ഹദീസിൽ അല്ലാഹുവിൽ നിന്നായി പറയുന്നു: “ആദം സന്തതികളെ ഓരോ പ്രവർത്തനത്തിനും അല്ലാഹു പ്രതിഫലം ഇരട്ടിക്കിരട്ടിയായി എഴുപത് ഇരട്ടിയോളം നൽകും. നോമ്പിന്നൊഴികെ. അത് എനിക്കു വേണ്ടിയാണ്. ഞാനതിന് പ്രതിഫലം നൽകും.”
ഒരു ഗുണത്തെക്കുറിച്ച്(സ്വിഫത്ത്) സംസാരിക്കുമ്പോൾ ആ ഗുണമുള്ളവനെ(മൗസൂഫ്) തന്നെ ഉദ്ദേശിക്കുക എന്നതാണ് അറബികളുടെ സ്വഭാവം. ഇവിടെ രണ്ട് കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഒരു വേള പ്രൗഢമായ ആ മഹാ സന്നിധാനത്തിലേക്ക് നോക്കിയാലും. ഒരു അണുവോളം വിലയില്ലാത്ത മനുഷ്യനിലേക്കും നോക്കൂ. നിന്റെ യാഥാർത്ഥ്യം എന്താണെന്ന് ചോദിച്ചാൽ നീ ഭൂമിയിൽ ഒരു മൃഗം മാത്രമാണ്. നീ ഉറച്ചു വിശ്വാസിക്കുക. ഇത് നിനക്കുള്ള ഔദാര്യം മാത്രമാണ്. ഇവിടെ സമ്പത്ത് കൂട്ടി വെക്കാനുള്ള സ്ഥലമില്ല. സർവ്വാധിരാജനായ അല്ലാഹു നോമ്പുകാരനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. “നീ എനിക്കു വേണ്ടിയുള്ളതാണ്.” എന്റെ ലിഖാഉം ദർശനവുമാണ് നിനക്കുള്ള പ്രതിഫലം. “ആരെ എന്നോടുള്ള പ്രണയം കൊല്ലുന്നുവോ അവനുള്ള ദണ്ഡം എന്റെ ദർശനമാണ്.” സുബ്ഹാനല്ലാഹ്….”
എത്ര മനോഹരമായാണ് ഈ ഹദീസിന്റെ ഉൾസാരത്തെ മഹാനായ ആ സൂഫി ആവിഷ്കരിച്ചിട്ടുള്ളത്. നോമ്പുകാരന്റെ രണ്ട് സന്തോഷങ്ങളിൽ ഒന്ന് അല്ലാഹുവുമായുള്ള ലിഖാഅ് ആണെന്ന യാഥാർത്ഥ്യത്തെ പ്രമുഖരായ മശാഇഖന്മാരെല്ലാം ഊന്നിപ്പറഞ്ഞിട്ടുണ്ട്.
ശൈഖ് ഹജ് വീരി(റ) അവരുടെ കശ്ഫുൽ മഹ്ജൂബിൽ പറയുന്നു:
“നോമ്പ് ഒരു ആന്തരിക ആരാധനയാണ്. അതിന് ബാഹ്യമായ ബന്ധങ്ങളൊന്നുമില്ല. ഒരുവൻ നോമ്പുകാരനോ അല്ലേ എന്നുള്ളത് മറ്റൊരുവന് അറിയാനാവുകയില്ല. അതു കൊണ്ട് തന്നെ അതിന്റെ പ്രതിഫലം കണക്കില്ലാത്തതാണ്.
ഉലമാക്കൾ പറയുന്നു. “സ്വർഗ പ്രവേശം അല്ലാഹുവിന്റെ കാരുണ്യത്താലാണ് ഉണ്ടാവുന്നത്. അവിടെയുള്ള ദറജകൾ ഇബാദത്തുകളാലാണ്. സ്വർഗത്തിലെ നിത്യവാസം നോമ്പു കാരണമായുള്ളതാണ്.” കാരണം അല്ലാഹു പറയുന്നു:”ഞാൻ തന്നെയാണതിന്റെ പ്രതിഫലം.”
നോമ്പ് ത്വരീഖത്തിന്റെ പകുതിയാണെന്ന് ജുനൈദുൽ ബാഗ്ദാദി(റ) മൊഴിഞ്ഞിട്ടുണ്ട്.
ശൈഖുനാ സയ്യിദ് നൂരിശാഹ്(റ)തങ്ങൾ പറയുന്നു:
“നോമ്പുകാരന് രണ്ട് സന്തോഷങ്ങളാണുള്ളത്. ഒന്ന് അവൻ നോമ്പു തുറക്കുന്ന സമയം. മറ്റൊന്ന് ഇലാഹിന്റെ ദർശനം എന്ന നോമ്പുതുറയുടെ സമയം. സ്വന്തം ശരീരം മുഖേന ഒന്നും കഴിക്കാതെയും കുടിക്കാതെയും ഇരിക്കുന്നതുകൊണ്ട് റുബൂബിയ്യത്തിന്റെ മഖാമിനെ വ്യക്തമാക്കുന്ന, ഹൃദയം മുഖേന അല്ലാഹു അല്ലാത്തതിനെ ആഗ്രഹിക്കാത്തതുകൊണ്ട് അബ്ദിയത്തിന്റെ മഖാമിനെ തെളിയിക്കുന്ന, റൂഹ് മുഖേന അല്ലാഹുവിലേക്ക് തവജ്ജുഹ് ചെയ്യൽ കൊണ്ട് ഫനാഇയ്യത്തിന്റെ മഖാമിനെ തെളിയിക്കുന്ന ഇത്തരം നോമ്പ്കാരനെക്കുറിച്ച് ഇതിലേറെ എന്ത് മഹത്വമാണ് പറയാനുള്ളത്. മുകളിൽ വിശദീകരിക്കപ്പെട്ട എല്ലാ അവസ്ഥാന്തരങ്ങളെയും ലക്ഷ്യംവെച്ച് ഒരു മുഅ്മിൻ നോമ്പെടുക്കുകയാണെങ്കിൽ യഥാർത്ഥത്തിൽ അവൻ അല്ലാഹുവിന്റെ ഉദ്ദേശത്തിനെ പൂർത്തീകരിച്ചവനാകും.”
നോമ്പിന്റെ ളാഹിരിയും ബാത്വിനിയുമായ ഫലങ്ങളെ സംബന്ധിച്ച ഫുഖഹാക്കളുടെയും അല്ലാഹുവിന്റെ ഔലിയാക്കളുടെയും ഈ വിശകലനങ്ങൾ യഥോചിതം ഗ്രഹിച്ച് അല്ലാഹു തൃപ്തിപ്പെടുന്ന വിധം നോമ്പെടുത്ത് അവന്റെ ദർശന സാഫല്യം നേടാൻ അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യുമാറാകട്ടെ…ആമീൻ