ഒമാന്‍ ചരിത്ര ഭൂമിയിലൂടെ ഒരു സഞ്ചാരം

നബീൽ മുഅബി

അബ്ദുറഹ് മാൻ സാമിരി(ചേരമാൻ രാജാവ്) യുടെ മഖ്ബറ: ഫയൽ ചിത്രം

യാത്ര അറിവും അനുഭവങ്ങളും പുതുക്കുന്നതിനും അതുവഴി സ്വയം നവീകരിക്കപ്പെടാനുമുള്ള ഒരു ഉപാധിയാണ്. ചരിത്രഭൂമികളിലേക്കുള്ള യാത്രയാകുമ്പോൾ അത് വിസ്മൃതിയിലേക്ക് മാഞ്ഞുപോകുന്ന ചരിത്രത്തെയാണ് വീണ്ടെടുക്കുന്നത്. നാ​ഗരികതകളും സംസ്കാരങ്ങളും മാറിമറിഞ്ഞിട്ടും പൗരാണികമായ മൂകതയോടെ സഹസ്രാബ്ദങ്ങൾക്കപ്പുറമുള്ള സ്മൃതികൾ ശേഷിപ്പിച്ച് ഇന്നും തുടരുന്ന ചില ദേശങ്ങൾ, പുണ്യ കേന്ദ്രങ്ങൾ ​ഗൾഫ് നാടുകളിലൊന്നായ ഒമാനിലുണ്ട്. പ്രമുഖ പണ്ഡിതനും ആത്മീയ ​ഗുരുവുമായ അബ്ദുൽ ബാരി ഉസ്താദിന്റെ നേതൃത്വത്തിൽ ഒമാനിലെ ഈ ചരിത്രഭൂമികൾ സന്ദർശിച്ചതിന്റെ അനുഭവങ്ങൾ പങ്ക് വെക്കുകയാണ് ലേഖകൻ.

ദുബൈയിലെ ആര്‍.എ.ജിയുടെ അതിഥികളായി അബ്ദുല്‍ബാരി ഉസ്താദിന്‍റെ കൂടെ നാട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ ഉസ്താദിനും കൂടെയുള്ള നജീബ് സാഹിബിനും ഒമാന്‍ യാത്ര കൂടി പ്ലാനിലുണ്ടായിരുന്നു. അവര്‍ക്കൊപ്പം ദുബൈയിലെത്തിയ ശേഷമാണ് ഈയുള്ളവന്‍ ഒമാനിലേക്ക് ഒരു വിസ തരപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. അങ്ങിനെ ഒമാനുമായി ബന്ധമുള്ള സുഹൃത്തുക്കളെ കുറിച്ച് ആലോചിച്ചപ്പോളാണ് സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റ് മാത്രമുള്ള റഹ്മത്തുല്ലാഹ് മഗ്രിബി സാഹിബിനെ കുറിച്ച് ഓര്‍മ വരുന്നത്. മഗ്രിബി എന്ന് കേള്‍ക്കുമ്പോള്‍ മൊറോക്കൊ വരെ പോകേണ്ടതില്ല, പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്തുള്ള എടപ്പാളിനോടടുത്ത പ്രദേശമായ പടിഞ്ഞാറങ്ങാടിയുടെ അറബീകരിച്ച നാമമാണ് മ​ഗ് രിബി!. അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ട് തന്നെ എന്‍റെ വാട്സ് ആപ്പിലേക്ക് വിസ എത്തിച്ചേര്‍ന്നു. അടുത്ത ചുവട് ഒമാനിലേക്ക് റോഡ് മാര്‍ഗം എത്തിച്ചേരുവാനുള്ള സാമഗ്രികളൊരുക്കുന്നതിലാണ്. യു.എ.ഇ. യുടെ ഭാ​ഗമായ അലൈൻ വഴി ഒമാനിലെ ബുറൈമിയിലേക്ക് റോഡ് മാർ​ഗം പ്രവേശിക്കാനാവും. അലൈനുമായി അതിർത്തി പങ്കിടുന്ന ബുറൈമി ഒമാനിന്റെ വടക്കേ അറ്റത്തുള്ള ഭാ​ഗമാണ്. എന്നാൽ ഞങ്ങൾക്ക് സന്ദർശിക്കാനുള്ള ചരിത്ര പ്രാധാന്യമേറിയ പ്രദേശങ്ങളധികവുമുള്ളത് ഒമാനിലെ സലാലയിലാണ്. സലാലയാകട്ടെ യമനുമായി അതിർത്തി പങ്കിടുന്ന ഒമാനിന്റെ തെക്കേ അറ്റത്തുള്ള  പ്രവിശ്യയാണ്. അവിടേക്ക് 1400 കിലോമീറ്റര്‍ ദൂരമുണ്ട്. ദുബൈയില്‍ നിന്നും അങ്ങോട്ട് പതിനെട്ട് മണിക്കൂറ് കൊണ്ട് ബസ്സില്‍ എത്തിച്ചേരാന്‍ സാധിക്കും. ഉസ്താദ് ഫ്ളൈറ്റില്‍ അങ്ങോട്ട് പുറപ്പെടുന്നതിന്‍റെ രണ്ട് ദിവസം മുമ്പ് കരമാര്‍ഗമുള്ള യാത്രാ ഉപാധി സ്വീകരിച്ചാല്‍ അവര്‍ക്കൊപ്പം ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ പങ്കാളിയാകാം. അങ്ങിനെ ദിവസങ്ങള്‍ അടുക്കുന്നതിനിടയില്‍ പല യാത്ര മാര്‍ഗങ്ങളും ആലോചിച്ചു. അങ്ങിനെ യാത്ര പുറപ്പെടാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് ഉസ്താദിന്‍റെയും നജീബ് സാഹിബിന്‍റെയും ടിക്കറ്റിനൊപ്പം ആര്‍.എ.ജിയുടെ എം.ഡി റസല്‍ സാഹിബ് എനിക്കും ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് അറിയുന്നത്. അങ്ങിനെ ആ ചരിത്ര ഭൂമികളിലേക്ക് സഞ്ചരിക്കാന്‍ തയ്യാറായി!

ഷാര്‍ജയില്‍ നിന്നും ഏയര്‍ അറേബ്യയുടെ വിമാനത്തിലാണ് സലാലയുടെ ചരിത്ര ഭൂമിയിലേക്ക് യാത്ര പുറപ്പെടുന്നത്. വൈകീട്ട് നാല് മണിക്ക് ശേഷം പറന്നുയര്‍ന്ന എയര്‍ അറേബ്യയുടെ വിമാനം രണ്ട് മണിക്കൂര്‍ നേരത്തെ പറക്കലിന് ശേഷം സലാലയില്‍ ഇറങ്ങി. ബഹുമാന്യരായ ഗുരുവര്യന്‍ അബ്ദുല്‍ബാരി ഉസ്താദിന്‍റെ കൂടെയുള്ള യാത്രയായതിനാല്‍ ഉസ്താദിനെ വരവേല്‍ക്കാന്‍ കക്കിടിപ്പുറത്തെ സിറാജുദ്ദീന്‍ ഉസ്താദ് കാറുമായി എത്തിയിരുന്നു. എമിഗ്രേഷന്‍ കൗണ്ടറില്‍ നിന്നും പാസ്പോര്‍ട്ട് സീല് വെച്ച് ലഭിക്കാന്‍ കുറച്ച് സമയമെടുത്തു. ഇന്ത്യക്കാരായ ആളുകള്‍ ഷാര്‍ജയില്‍ നിന്നും വന്നിറങ്ങിയത് എമിഗ്രേഷന്‍ ഉദ്യേഗസ്ഥരില്‍ കൗതുകമാണോ ആശങ്കയാണോ ഉണര്‍ത്തിയത് എന്നറിയില്ല!? സലാലയില്‍ വന്നതിന്‍റെ ഉദ്ദേശത്തെ കുറിച്ച് അവര്‍ ആരാഞ്ഞു! സാഹിബുല്‍ മിര്‍ബാത്തിനെ സിയാറത്ത് ചെയ്യലാണ് ലക്ഷ്യമെന്ന് ഞങ്ങള്‍ മറുപടി പറഞ്ഞു. പുറത്തിറങ്ങിയ ഉടനെ കക്കിടിപ്പുറം സിറാജുദ്ദീന്‍ മുസ്ലിയാരുടെ കാറില്‍ കയറി ഹോട്ടല്‍ മുറിയിലേക്ക് പോയി.

സലാലയിലെ ഉസ്താദിന് വേണ്ടി ബുക്ക് ചെയ്തിരുന്ന ഹോട്ടല്‍ മുറിയില്‍ കണ്ണൂരില്‍ നിന്ന് ദുല്‍ഖിഫ്ലി നേരത്തെ എത്തിച്ചേര്‍ന്നിരുന്നു. മസ്ക്കത്തില്‍ ജോലി ചെയ്യുന്ന ദുല്‍ഖിഫ്ലിയാണ് ഉസ്താദിന്‍റെ ഒമാന്‍ യാത്രയുടെ യഥാര്‍ത്ഥ സൂത്രധാരകന്‍. ഉസ്താദ് ഹോട്ടല്‍ മുറിയില്‍ വന്നിറങ്ങുമ്പോള്‍ തന്നെ ദുല്‍ഖിഫ്ലി വരവേല്‍ക്കാന്‍ നില്‍ക്കുന്നുണ്ട്. അബ്ദുല്‍ബാരി ഉസ്താദിന്‍റെ നേതൃത്വത്തില്‍ സലാലയിലും മസ്ക്കത്തിലും സിയാറത്തുകള്‍ക്ക് വേണ്ടി ഉസ്താദ് വരുന്നുവെന്നറിഞ്ഞ് കക്കിടിപ്പുറത്ത് നിന്ന് സഫ്വാന്‍ ഉസ്താദും നാട്ടില്‍ നിന്ന് പുറപ്പെട്ടിരുന്നു. മസ്ക്കത്തില്‍ വിമനാമിറങ്ങി അവിടെ കുടുംബ വീട്ടില്‍ താമസിച്ചു കൊണ്ടിരുന്ന അദ്ദേഹം ഉസ്താദ് സലാലയില്‍ എത്തിച്ചേരുന്ന അതേ ദിവസമാണ് അവിടേക്ക് എത്തിച്ചേരുന്നത്. ഉസ്താദ് താമസിച്ചിരുന്ന അതേ ഹോട്ടലിലേക്ക് സഫ്വാന്‍ ഉസ്താദും എത്തിച്ചേരുമ്പോള്‍ അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്‍റെ സുഹൃത്ത് അബ്ദുസലാം ഫൈസി പൂക്കോട്ടൂരുമുണ്ട്. അങ്ങിനെ ഈ ലേഖകനും ഉസ്താദിന്‍റെ ഖാദിമായ നജീബടക്കം ആറ് ആളുകളാണ് ഈ യാത്രാ സംഘത്തിലുള്ളത്. ഇനി ചരിത്ര ഭൂമികളിലേക്ക് പോകുവാനായി, ആറ് ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ പര്യപ്തമായ ഒരു വണ്ടിയും വാടകക്കെടുത്തിട്ടുണ്ട്. പിറ്റെ ദിവസത്തെ പ്രഭാതത്തില്‍ ആ വണ്ടി എത്തിച്ചേര്‍ന്നു.

ആദ്യത്തെ സിയാറത്ത് യാത്ര അയ്യൂബ് നബി(അ) യുടെ ചരിത്രങ്ങളടങ്ങിയ ഭൂമിയിലേക്കാണ്. ജബല്‍ അയ്യൂബ്, അയ്യൂബ് നബി(അ) യുടെ പേരിലുള്ള ഒരു മലമുകളിലാണ് അവിടുത്തെ കബറുള്ളത്. അവിടേക്ക് വണ്ടിയില്‍ പുറപ്പെട്ടു. സലാല നഗരത്തില്‍ നിന്നും അധിക ദൂരമില്ലെങ്കിലും സമുദ്രനിരപ്പില്‍ നിന്നും ഒരുപാട് ഉയരത്തില്‍ നില്‍ക്കുന്ന മലമുകളിലാണ് അയ്യൂബ് നബി(അ) അന്ത്യവിശ്രമം കൊള്ളുന്നത്. രോഗങ്ങള്‍കൊണ്ട് പരീക്ഷിക്കപ്പെട്ട ആ പ്രവാചകര്‍ക്ക് അല്ലാഹു അവസാനം രോഗ ശമനം ലഭിക്കുവാന്‍ ഒരു കുളത്തില്‍ പോയി കുളിക്കുവാന്‍ ആവശ്യപ്പെടുന്നുണ്ട്. ആ കുളം മലയുടെ അല്‍പ്പം താഴ് ഭാഗത്താണ്.  കബറുള്ള സ്ഥലത്തേക്ക് വണ്ടിയില്‍ പോകാന്‍ സാധിക്കുമെങ്കിലും ഈ കുളത്തിലക്ക് ഒരു പാട് താഴേക്ക് കാല്‍നടയായി മലയിറങ്ങി പോകണം. ആ കുളം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് നോക്കിയാല്‍ മലയടിവാരം വളരെ ആഴമുള്ള ഗര്‍ത്തമായി പിന്നെയും താഴേക്ക് കാണാം. അവിടെ കൂട്ടംകൂട്ടമായി മേയുന്ന ആട്ടിന്‍ പറ്റത്തെ കാണുന്നുണ്ടായിരുന്നു. മുകളില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ വെള്ള നിറത്തിലുള്ള ആടുകളെ വെളുത്ത കൊക്കുകള്‍ പോലെ മാത്രമേ കാണുന്നുള്ളൂ. കേരളത്തില്‍ നിന്നുള്ള സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അതൊക്കെ വളരെ വിസ്മയിപ്പിക്കുന്ന കാഴ്ച്ച തന്നെയാണ്. പര്‍വ്വതങ്ങളും താഴ്വാരകളുമുള്ള സ്ഥലത്ത് ആട്ടിന്‍ പറ്റത്തെ തെളിച്ച് പോകുന്ന ആട്ടിടയന്മാരെ കാണുക എന്നത് കേരളീയരെ സംബന്ധിച്ചിടത്തോളം കാണാന്‍ കൗതുകമുള്ള, കഥകളില്‍ വായിച്ച് മാത്രം പരിചയമുള്ള രംഗങ്ങളാണ്. ചുരുക്കത്തില്‍ അയ്യൂബ് നബി(അ) ജീവിച്ച ഒരു കാലഘട്ടത്തിലേക്ക് ആ കാഴ്ച്ചകള്‍ നമ്മേ കൂട്ടി കൊണ്ടുപോകുന്നതായിരുന്നു. അയ്യൂബ് നബി(അ) യുടെ കാലത്തെ ആ ഭൂമി അങ്ങിനെ തന്നെ അവിടെ കിടക്കുകയാണല്ലോ..! നഗരവത്കരണത്തിന്‍റെയോ മനുഷ്യന്‍റെ മറ്റു നിര്‍മാണങ്ങളുടെയോ മറകളില്ലാത്ത ചരിത്ര സ്പര്‍ശനമേറ്റ ഭൂമിയില്‍ തന്നെ ചെന്ന് നില്‍ക്കാനും അതിലൂടെ ചവിട്ടി നടക്കാനും കഴിയുമ്പോള്‍ ആ കാലഘട്ടത്തിലേക്കാണ് നമ്മുടെ മനസ്സ് എത്തിച്ചേരുന്നത്.

അബ്ദുറഹ് മാൻ സാമിരി(ചേരമാൻ പെരുമാൾ) മഖ്ബറയുടെ ഇപ്പോഴത്തെ അവസ്ഥ

അയ്യൂബ് നബി(അ) യുടെ ചരിത്ര ഭൂമികള്‍ കണ്ട് മലയിറങ്ങി വരുമ്പോള്‍ മറ്റൊരു സ്ഥലത്തേക്ക്  വണ്ടി തിരിച്ചു. ഒരല്പ്പം ദൂരം ഓഫ് റോഡായി പോയിട്ട് ഒരു കബറിനരികില്‍ വണ്ടി നിര്‍ത്തി. അവിടെ കബറാളിയുടെ പേര് ലിഖിതപ്പെടുത്തി വെച്ചിട്ടുള്ളത് ഉവൈസുല്‍ ഖര്‍നി അല്‍യമനിയെന്നാണ്. എന്നാല്‍, അറിയപ്പെട്ട ചരിത്ര പ്രകാരം താബിഈങ്ങളില്‍ ഉന്നതരും ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടവരുമായ ഉവൈസുല്‍ ഖര്‍നിയുടെ കബറിടം അവിടെ വരാന്‍ യാതൊരു സാധ്യതയുമില്ല. രണ്ടാം ഖലീഫ  ഉമര്‍(റ) വിന്‍റെ കാലഘട്ടത്തില്‍ അസര്‍ബൈജാന്‍ യുദ്ധം കഴിഞ്ഞു വരുന്ന വഴിക്ക് വെച്ച് ആ സംഘത്തിലുണ്ടായിരുന്ന ഉവൈസുല്‍ ഖര്‍നി(റ) രോഗ ബാധിതനാവുകയും വഫാത്താവുകയും ചെയ്തുവെന്നതാണ് ചരിത്രം. തസ്വവ്വുഫിന്‍റെ ലോകപ്രസിദ്ധ കിതാബായ ഹിക്കമിന് ഇമാം ഇബ്നു അബ്ബാദു നസഫി എഴുതിയ വ്യഖ്യാനത്തില്‍ ഈ കാര്യം പറയുന്നുണ്ട്. അസര്‍ബൈജാന്‍ മദീനയില്‍ നിന്നും ഉത്തര-പശ്ചിമ ഭാഗത്താണ്. ഒമാന്‍ ആകട്ടെ മദീനയുടെ തെക്കു-കിഴക്ക് ഭാഗത്തുമാണ്. ഉവൈസ് എന്ന് പേരുള്ള പില്‍ക്കാലത്തുള്ള വല്ലവരുമാകുമവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. അതിന് ശേഷം സലാല സീപോര്‍ട്ടിന് സമീപത്തുള്ള ഒരു ഇബ്നു അറബിയ്യ എന്നവരുടെ കബറിനരികിലേക്കാണ് പോയത്. ആ പ്രദേശത്തേക്കുള്ള വഴിയില്‍  ആ കബറാളിയുടെ പേരെല്ലാം വെച്ച ബോര്‍ഡ് കാണുന്നുണ്ടെങ്കിലും കബറിനോടനുബന്ധിച്ചുണ്ടായിരുന്ന പള്ളിയൊക്കെ പൊളിച്ചു നീക്കിയ നിലയില്‍ അവിടെ യാതൊരു പരിചരണവുമില്ലാത്ത രൂപത്തിലാണ്  കബര്‍ കിടക്കുന്നത്. അവിടെ മണ്‍മറഞ്ഞു കിടക്കുന്ന ചരിത്ര പുരുഷന്‍റെ ചരിത്രത്തെ കുറിച്ചൊന്നും അറിവ് ലഭിച്ചില്ല. അത് നബികുടുംബത്തില്‍പ്പെട്ട ഒരു മഹനാണെന്ന് മാത്രമാണ് അറിഞ്ഞത്.

അതിന് ശേഷം ഉച്ച ഭക്ഷണത്തിനും വിശ്രമത്തിനുമായി ഹോട്ടല്‍ മുറിയിലേക്ക് നീങ്ങി. അസര്‍ നിസ്കാര ശേഷം സലാലയിലെ ചേരമാന്‍ പെരുമാളിന്‍റെ കബറിടത്തേക്കാണ് പോയത്. അവിടെ മഖ്ബറയോടൊപ്പം ഒരു പള്ളിയും നിലനിന്നിരുന്നു. പക്ഷെ, ഇപ്പോള്‍ അവിടെ പള്ളി പൊളിച്ചു നീക്കിയ നിലയിലാണ് കാണുന്നത്. ഇബ്നു അറബിയ്യയുടെ മഖ്ബറയുടെ അവിടെ കണ്ടത് പോലെ തന്നെ പള്ളി പൂര്‍ണ്ണമായും പൊളിച്ചു നീക്കിയിരിക്കുന്നു, കബറ് ഒരു പച്ച തുണി കൊണ്ട് കെട്ടിവെച്ചിട്ടുമുണ്ട്.

കേരളത്തില്‍ നിന്നും മക്കയിലേക്ക് പോയ രണ്ട് ചേരമാന്‍ പെരുമാളുമാരുണ്ട്. അതില്‍ രണ്ടാമത്തെയാളാണ് ഇവിടെ സലാലയിലെ ളുഫാറില്‍ അന്ത്യവിശ്രമംകൊള്ളുന്നത്. ഇസ്ലാം സ്വീകരിച്ച ശേഷം അബ്ദുറഹ്മാന്‍ എന്ന പേര് സ്വീകരിച്ച അബ്ദുറഹ്മാന്‍ സാമിരി എന്നവരാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാല്‍ ഇത് നബീ(സ) ചന്ദ്രനെ പിളര്‍ത്തിയ അത്ഭുത സംഭവം കണ്ട് ഇസ്ലാം സ്വീകരിക്കുകയും തുടര്‍ന്ന് മക്കയിലേക്ക് പോവുകയും ചെയ്ത ആദ്യത്തെ ചേരമാന്‍ പെരുമാളാണെന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. താജുദ്ദീന്‍ അല്‍ഹിന്ദി എന്ന പേരിലറിയപ്പെട്ട ആദ്യത്തെ ചേര രാജാവ് മക്കയില്‍ നിന്നും മടങ്ങുന്ന വഴിയില്‍ യമനിലെ ശഅറുമുഅല്ലയില്‍ വെച്ചാണ് മരിച്ചത്. അവിടെയാണ് അദ്ദേഹത്തിന്‍റെ കബറുള്ളത്. എന്നാല്‍ ഒമാനിലെ ളുഫാറില്‍ ഉള്ളത് പില്‍ക്കാലത്ത് ഹിജ്റ 216ല്‍(212ല്‍ എന്നും അഭിപ്രായമുണ്ട്) വഫാത്തായവരാണ്.  അബ്ദുറഹ്മാന്‍ സാമിരി എന്ന രണ്ടാമത്തെ പെരുമാള്‍ കേരളത്തില്‍ വെച്ച് തന്നെ പെരിങ്ങത്തൂരില്‍ അന്ത്യവിശ്രമം കൊള്ളുന്ന അലിയ്യുല്‍ കൂഫി(റ) മുഖേന ഇസ്ലാം സ്വീകരിച്ചവരാണ് എന്ന് ഡോ. സി.കെ കരീമിനെ പോലുള്ള കേരളമുസ്ലിം ചരിത്രകാരന്മാര്‍ വിവരിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നും മക്കയിലേക്ക് പോയ രണ്ട് ചേരമാന്‍ പെരുമാളുമാരുണ്ട്. അതില്‍ രണ്ടാമത്തെയാളാണ് ഇവിടെ സലാലയിലെ ളുഫാറില്‍ അന്ത്യവിശ്രമംകൊള്ളുന്നത്. ഇസ്ലാം സ്വീകരിച്ച ശേഷം അബ്ദുറഹ്മാന്‍ എന്ന പേര് സ്വീകരിച്ച അബ്ദുറഹ്മാന്‍ സാമിരി എന്നവരാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാല്‍ ഇത് നബീ(സ) ചന്ദ്രനെ പിളര്‍ത്തിയ അത്ഭുത സംഭവം കണ്ട് ഇസ്ലാം സ്വീകരിക്കുകയും തുടര്‍ന്ന് മക്കയിലേക്ക് പോവുകയും ചെയ്ത ആദ്യത്തെ ചേരമാന്‍ പെരുമാളാണെന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. താജുദ്ദീന്‍ അല്‍ഹിന്ദി എന്ന പേരിലറിയപ്പെട്ട ആദ്യത്തെ ചേര രാജാവ് മക്കയില്‍ നിന്നും മടങ്ങുന്ന വഴിയില്‍ യമനിലെ ശഅറുമുഅല്ലയില്‍ വെച്ചാണ് മരിച്ചത്. അവിടെയാണ് അദ്ദേഹത്തിന്‍റെ കബറുള്ളത്. എന്നാല്‍ ഒമാനിലെ ളുഫാറില്‍ ഉള്ളത് പില്‍ക്കാലത്ത് ഹിജ്റ 216ല്‍(212ല്‍ എന്നും അഭിപ്രായമുണ്ട്) വഫാത്തായവരാണ്.  അബ്ദുറഹ്മാന്‍ സാമിരി എന്ന രണ്ടാമത്തെ പെരുമാള്‍ കേരളത്തില്‍ വെച്ച് തന്നെ പെരിങ്ങത്തൂരില്‍ അന്ത്യവിശ്രമം കൊള്ളുന്ന അലിയ്യുല്‍ കൂഫി(റ) മുഖേന ഇസ്ലാം സ്വീകരിച്ചവരാണ് എന്ന് ഡോ. സി.കെ കരീമിനെ പോലുള്ള കേരളമുസ്ലിം ചരിത്രകാരന്മാര്‍ വിവരിച്ചിട്ടുണ്ട്. ഈ പ്രദേശത്തെത്തിയാല്‍ ഒരു കേരളീയ അന്തരീക്ഷമാണ് അനുഭവപ്പെടുക. കേരളത്തില്‍ നിന്നുള്ള രാജാവ് അന്ത്യവിശ്രമം കൊള്ളുന്നത് കൊണ്ടാണോ സലാല പ്രദേശം കേരളത്തിന്‍റെ പ്രകൃതിയിലും കാലാവസ്ഥയിലായത് എന്ന് തോന്നിപ്പോകും!. തെങ്ങുകളും തെങ്ങിന്‍റെ ഓല ഉപയോഗിച്ചു കൊണ്ടുള്ള വേലികെട്ടുകളുമാണ് ഇവിടെ കാണുന്നത്. പ്രത്യേകിച്ച് ഈ കബറിന് ചുറ്റുവട്ടത്തുള്ള പ്രദേശം!.

അസറിന് ശേഷമുള്ള സമയത്ത് അബ്ദുറഹ്മാന്‍ സാമിരി എന്ന ചേരമാന്‍ പെരുമാളിന്‍റെ സിയാറത്തിന് ശേഷം ഇമ്രാന്‍ നബി(അ) യുടെ കബറിനരികിലേക്കാണ് പോയത്. 90 അടിയോളം നീളത്തില്‍ കാണുന്ന ഇമ്രാന്‍ നബി(അ) യുടെ പേരില്‍ കാണുന്ന കബറിന് ചരിത്രപരമായ സ്ഥിരീകരണമൊന്നും ലഭ്യമല്ല. ഹൂദ്(അ) നബിയുടെ കബറും സലാലയില്‍ കാണുന്നുണ്ട്.

അടുത്ത ദിവസം പ്രഭാതത്തില്‍ ഒരു ദീര്‍ഘമായ യാത്രയാണ്. സലാല നഗരത്തില്‍ നിന്നും ഇരുനൂറ് കിലോമീറ്റര്‍ അകലെ, ഹാസിക്ക് എന്ന സ്ഥലത്ത് സ്വാലിഹ് നബി(അ) യുടെ കബറുണ്ട്. അവിടേക്ക് സുബ്ഹി നിസ്കാരത്തിനുടനെ പുറപ്പെടുകയാണ്. അതിനിടയിലാണ് ബാഅലവി സാദാത്തീങ്ങളുടെ മുഴുവന്‍ പൂര്‍വ്വപിതാവും ശൈഖുല്‍ മശാഇഖുമായ സ്വാഹിബുല്‍ മിര്‍ബാത്തിന്‍റെ അന്ത്യവിശ്രമ കേന്ദ്രമുള്ളത്. സാഹിബുല്‍ മിര്‍ബാത്ത് എന്നാല്‍ അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) ആണെന്ന ഒരു തെറ്റായ പ്രചരണവും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) തങ്ങളുടെ പിതാമഹന്മാരുടെ സനദില്‍ വരുന്നവരാണിവര്‍ എന്ന് തെളിയിക്കുന്ന പരമ്പര ഇവിടെ ഉദ്ധരിക്കാം.

അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) ന്‍റെ പിതാവ് അലവി,അവരുടെ പിതാവ് മുഹമ്മദ്, അവരുടെ പിതാവ് അഹ്മദ്, അവരുടെ പിതാവ് അബ്ദുല്ലാഹ്, അവരുടെ പിതാവ്  മുഹമ്മദ് അവരുടെ പിതാവ് അലവി, അവരുടെ പിതാവ് അഹ്മദ്, അവരുടെ പിതാവ് അബീബക്കര്‍, അവരുടെ പിതാവ് അഹ്മദ് മുസ്റഫ, അവരുടെ പിതാവ് മുഹമ്മദ്, അവരുടെ പിതാവ് അബ്ദുല്ലാഹ്, അവരുടെ പിതാവ് ഫഖീഹ് അഹ്മദ്, അവരുടെ പിതാവ് അബ്ദുറഹ്മാന്‍,

അവരുടെ പിതാവ് അലവി (ഫഖീഹുല്‍ മുഖദ്ദമിന്‍റെ കൊച്ചാപ്പ) അവരുടെ പിതാവ് മുഹമ്മദ് എന്ന സാഹിബുല്‍ മിര്‍ബാത്ത്.

അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) ഹിജ്റ 1132 ലാണ് വഫാത്താകുന്നത്. യമനിലെ സന്‍ബല്‍ എന്ന സ്ഥലത്താണ് കബര്‍. അവരുടെ പതിനഞ്ചാമത്തെ പൂര്‍വ്വ പിതാവാണ് സാഹിബുല്‍ മിര്‍ബാത്ത് എന്ന പേരില്‍ അറിയപ്പെട്ടവര്‍. ഹിജ്റ 556 ലാണ് സ്വാഹിബുല്‍ മിര്‍ബാത്തിന്‍റെ വഫാത്ത്. അതായത്, അബ്ദുല്ലാഹില്‍ ഹദ്ദാദ് തങ്ങളുടെ വഫാത്തിന്‍റെ 576 വര്‍ഷങ്ങള്‍ക്ക് മുമ്പ് സാഹിബുല്‍ മിര്‍ബാത്ത് വഫാത്തായി ഇവിടെ കിടപ്പുണ്ട്. മുഹമ്മദ് എന്നാണ് അവരുടെ യഥാര്‍ത്ഥ നാമം. അവരുടെ പിതാക്കന്മാരുടെ പരമ്പര ഇപ്രകാരമാണ്. അലി, അലവി, മുഹമ്മദ്, അലവി, ഉബൈദില്ലാഹ്, അഹ്മദ് മുഹാജിര്‍, ഈസ, മുഹമ്മദ് നഖീബ്, അലി ഉറൈളി, ജഅ്ഫര്‍ സ്വാദിഖ്, മുഹമ്മദ് ബാഖിര്‍, അലി സൈനുല്‍ ആബിദ്, ഹുസൈന്‍, അലിയ്യ് ബിന്‍ അബീത്വാലിബ് വ ഫാത്തിമ(റ), മുഹമ്മദ് റസൂലുല്ലാഹ്(സ).

സാഹിബുല്‍ മിര്‍ബാത്ത്(റ) സയ്യിദ് അലിയ്യ് ഖാലിഅ് ഖസമിന്‍റെ മകനായി തരീമില്‍ ജനിച്ചു.   ഖുര്‍ആന്‍ പഠനവും മറ്റു പ്രാഥമിക പഠനങ്ങളും വീട്ടില്‍ വെച്ച് പിതാവില്‍ നിന്നും കരസ്ഥമാക്കി.  അനന്തരം യമനിലും ഹളറമൗത്തിലും മക്കയിലും താമസിച്ചിരുന്ന വിഖ്യാതരായ പണ്ഡിതന്മാരില്‍ നിന്നും കൂടുതല്‍ പഠനം നടത്തി.  ഇല്‍മിന്‍റെ നാനാതുറകളിലും അനിതര സാധാരണ പാണ്ഡിത്യം നേടിയ ഇദ്ദേഹം അക്കാലത്തെ ശാഫിഈ മദ്ഹബിലെ അറിയപ്പെട്ട ഒരു മുഫ്തിയായിരുന്നു.  ഇദ്ദേഹത്തിലേക്ക് കര്‍മ്മശാസ്ത്ര വിധികളും മറ്റും പഠിക്കുന്നതിനായി ദിനംതോറും നൂറ് കണക്കിനാളുകള്‍ ആഗതരാകുമായിരുന്നു.  നിരവധി പ്രഗത്ഭമതികളായ ശിഷ്യഗണങ്ങളും മഹാനവര്‍കള്‍ക്കുണ്ട്. അവിടുത്തെ മുന്‍ഗാമികളെ പോലെ തന്നെ ഒരുപാട് ദാനധര്‍മ്മങ്ങള്‍ നല്‍കുന്ന വ്യക്തിത്വമായിരുന്നു.  സ്വന്തം വീട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ദേശക്കാര്‍ക്കും മഹാന്‍ ധാരാളമായി ദാനം നല്‍കുമായിരുന്നു.  ഓരോ ദിനങ്ങളിലും 200 ദീനാര്‍ ഇദ്ദേഹം ദാനധര്‍മ്മങ്ങള്‍ക്കായി നീക്കി വെച്ചിരുന്നു.  അതിഥി സല്‍ക്കാരത്തിലും വലിയ ശ്രദ്ധയായിരുന്നു.   മഹാനുഭാവന് നിരവധി സമ്പത്തും ബൈത്ത് ജുബൈറെന്ന ദേശത്തു വിശാലമായ ഈന്തപ്പന തോട്ടവും അനന്തരാവകാശമായി ലഭിച്ചിരുന്നു. ഈ സമ്പത്തില്‍ നിന്നാണ് മഹാന്‍ ദാനം നല്‍കിയിരുന്നത്.  തോട്ടത്തില്‍ നിന്നും ലഭിക്കുന്ന ഈന്തപ്പഴത്തില്‍ നിന്നും വീട്ടുകാര്‍ക്കാവശ്യമായതെടുത്ത് ബാക്കിയെല്ലാം ദാനം ചെയ്യുമായിരുന്നു.  തന്‍റെ ജീവിതത്തിന്‍റെ സിംഹഭാഗവും പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതിനായി ചിലവഴിച്ചു.

ലേഖകനും സഹയാത്രികരും

തരീമില്‍ പണ്ഡിതന്മാര്‍ക്കെതിരായും, സാദാത്തുക്കള്‍ക്കെതിരായും ആക്രമണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാണ് അദ്ദേഹവും കുടുംബവും മിര്‍ബാത്തിലേക്ക് പലായനം ചെയ്തെത്തുന്നത്. തന്നോടൊപ്പം മിര്‍ബാത്വിലെത്തിയ തന്‍റെ കുടുംബാംഗങ്ങള്‍ക്കായി പ്രസ്തുത ദേശത്ത് 70 ലധികം വീടുകള്‍ സ്വന്തം ചെലവില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട് സ്മര്യപുരുഷൻ. സാഹിബുല്‍ മിര്‍ബാത്തില്‍ നിന്നും അറിവും ആധ്യാത്മികതയും പകര്‍ത്തിയ ധാരാളം ശിഷ്യന്മാരുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട അവിടുത്തെ അനന്തരഗാമികളായി മാറിയവര്‍ സ്വന്തം മക്കള്‍ തന്നെയായിരുന്നു. അലവി, അബ്ദുല്ലാഹ്, അലിയ്യ്, അഹ്മദ് എന്നിങ്ങിനെ നാല് മക്കളാണ് ആ പ്രഗത്ഭര്‍! ഇതില്‍ അലവിയുടെ സന്താന പരമ്പരയിലാണ് അബ്ദുല്ലാഹില്‍ ഹദ്ദാദ് തങ്ങള്‍ വരുന്നത്. 

ഈ ചരിത്രമുറങ്ങുന്ന ഭൂമിയിലേക്ക് ബഹുമാനപ്പെട്ട അബ്ദുല്‍ബാരി ഉസ്താദിന്‍റെ നേതൃത്വത്തില്‍ ഇശ്റാഖിന്‍റെ സമയത്താണ് എത്തിച്ചേരുന്നത്. ഒരു ആളനക്കവുമില്ലാത്ത ആ സമയത്ത് മിര്‍ബാത്തിലെ സാഹിബുല്‍ മിര്‍ബാത്തിന്‍റെ മഖ്ബറയും അതിന് ചുറ്റുവട്ടത്ത് നൂറു കണക്കിന് സാദാത്തീങ്ങളുടെ മഖ്ബറയും മാത്രം. മഖ്ബറകള്‍ക്ക് കിഴക്ക് ഭാഗത്ത് ഉയര്‍ന്ന് നില്‍ക്കുന്ന വലിയ പര്‍വ്വതം. ആ പര്‍വ്വതത്തിനപ്പുറം അറബിക്കടലിന്‍റെ തിരമാലകള്‍. ആ കബറിടമുള്ള സ്ഥലത്തും ഒമാനിന്‍റെ പല ഭാഗങ്ങളിലും കരയുടെ ഉള്ളിലേക്ക് കടല്‍ കയറി നില്‍ക്കുന്ന ഭാഗങ്ങളുണ്ട്. അപ്രകാരം കയറി നില്‍ക്കുന്നതിനാല്‍ സാഹിബുല്‍ മിര്‍ബാത്തിന്‍റെ  കബറിന് തെക്ക് ഭാഗത്തും കടലാണ്. കേരള തീരത്തില്‍ നിന്ന് വ്യത്യസ്തമായി വലിയ പര്‍വ്വതങ്ങളാണ് കടല്‍ തീരത്തുള്ളത്. അതുകൊണ്ട് തന്നെ കേരളത്തിന്‍റെ കടല്‍ തീരം കണ്ട് പരിചയിച്ചവര്‍ക്ക് ഒമാനിലെ കടല്‍ തീരങ്ങള്‍ വളരെ വലിയ കൗതുകം തന്നെയായിരിക്കും. സാഹിബുല്‍ മിര്‍ബാത്തിനെ വിശാലമായി സിയാറത്ത് ചെയ്യാവുന്ന നല്ലൊരു ശാന്തമായ അന്തരീക്ഷമായിരുന്നു. അവിടുത്തെ പരലോക ഉന്നതി നിയ്യത്താക്കി കൊണ്ട് യാസീന്‍ ഓതി ദുആ ചെയ്തു. ശേഷം, സംഘത്തിലെ കക്കിടിപ്പുറം സഫ്വാന്‍ ഉസ്താദ് അബ്ദുല്‍ബാരി ഉസ്താദില്‍ നിന്ന് ഹദ്ദാദ് റാത്തിബിന്‍റെ ഇജാസത്ത് ആവശ്യപ്പെട്ടു. ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍ പോലുള്ളവരടക്കം ഒരുപാട് മശാഇഖുകളില്‍ നിന്ന് ഉസ്താദിന് ഹദ്ദാദിന്‍റെ ഇജാസത്തുള്ളതാണ്. ആ വഴികളിലൂടെയെല്ലാമുള്ള ഇജാസത്ത് യാത്രാസംഘത്തിലെ എല്ലാവര്‍ക്കും ഉസ്താദ് നല്‍കി. കുറച്ച് കൂടി നേരം ആ കബറുശരീഫിന്‍റെ പരിസരത്ത് നിന്ന് ആ സക്കീനത്തിനെ അനുഭവിച്ച ശേഷം അടുത്ത കേന്ദ്രം ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു.

മിര്‍ബാത്തില്‍ നിന്നും 101 കിലോമീറ്റര്‍ വടക്കോട്ട് യാത്ര ചെയ്താല്‍ സ്വാലിഹ് നബി(അ) മിന്‍റെ കബറുള്ള പ്രദേശമുണ്ട്. ഹാസിക്ക് എന്ന നാടിന്‍റെ ഭാഗമാണത്. ഹാസിക്ക് പട്ടണത്തിലേക്ക് അവിടെ നിന്ന് വീണ്ടും വടക്ക് ഭാഗത്തേക്ക് പത്തൊമ്പത് കിലോമീറ്റര്‍ പോകണം. അവിടേക്ക് യാത്ര ചെയ്യുമ്പോള്‍ ആദ്യത്തില്‍ റോഡിന്‍റെ ഇരു ഭാഗത്തും കൂറ്റന്‍ പര്‍വ്വതങ്ങളാണ് കാണുന്നത്. യാത്ര കുറെ മുന്നോട്ട് പോകുമ്പോള്‍ വീണ്ടും കടപ്പുറത്തേക്ക് എത്തുന്നു. കടല്‍ തീരത്തെത്തിയാലും കരഭാഗത്ത് കൂറ്റന്‍ പര്‍വ്വതങ്ങള്‍ തന്നെ. പര്‍വ്വതങ്ങളെ വെട്ടിയുണ്ടാക്കിയ മലമ്പാതയിലൂടെയാണ് ഈ നൂറ് കിലോമീറ്ററും യാത്ര ചെയ്യാനുള്ളത്. റോഡിന്‍റെ ഇരുവശങ്ങളും നോക്കുമ്പോള്‍ അവിടെയെങ്ങും വീടുകള്‍ കാണാനെ കഴിയില്ല. എതിരെ വരുന്ന വാഹനങ്ങളെ പോലും കാണാന്‍ കുറെ കാത്തിരിക്കണം. സ്വാലിഹ് നബി(അ) മിന്‍റെ കബറിനെ സൂചിപ്പിക്കുന്ന സൈന്‍ ബോര്‍ഡെല്ലാം അവിടെ നിന്ന് എടുത്ത് മാറ്റിയിരിക്കുന്നു. അതിനാല്‍ തിരിയേണ്ട വഴി ഗൂഗിള്‍ മാപ്പ് സൂചിപ്പിച്ചു തന്നിട്ടും അതില്‍ വിശ്വസിക്കാനാകാതെ ആരോടെങ്കിലും ചോദിക്കാമെന്ന് കരുതി റോഡിലൂടെ വീണ്ടും മുന്നോട്ട് പോയി. പക്ഷെ, വഴി ചോദിക്കാന്‍ ആരെയെങ്കിലും കണ്ടുകിട്ടണ്ടെ? പത്ത് കിലോമീറ്ററിലധികം വണ്ടി ഓടിയതിന്  ശേഷം എതിരെ വരുന്ന ഒരു വാഹനത്തെ നിര്‍ത്തിച്ചു കൊണ്ടാണ് വഴി ചോദിക്കുന്നത്! ഈ രൂപത്തില്‍ വിജനമായ പ്രദേശം. പല രൂപങ്ങള്‍ പ്രാപിച്ചു നില്‍ക്കുന്ന ഭീമാകാരമായ പര്‍വ്വത നിരകള്‍! ആകെ കൂടി വല്ലാത്ത അമ്പരപ്പുളവാക്കുന്ന യാത്രയായിരുന്നുവത്. അങ്ങിനെ സ്വാലിഹ് നബി(അ) മിന്‍റെ കബറുള്ള സ്ഥലത്തെത്തി. സമുദ്ര നിരപ്പില്‍ നിന്ന് എത്രയോ മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന പര്‍വ്വതത്തിന്‍റെ മുകളിലാണ് കബര്‍. അങ്ങോട്ട് കയറാന്‍ സ്റ്റെപ്പുകള്‍ പണിതു വെച്ചിട്ടുണ്ട്. നാലു ഭാഗത്തും കൂറ്റന്‍ പര്‍വ്വതങ്ങള്‍ അതിന് നടുവിലുള്ള താരതമ്യേന ഉയരം കുറഞ്ഞ ഒരു പര്‍വ്വതത്തിന്‍റെ മുകളിലാണ് കബറുള്ളത്. മഖ്ബറക്ക് കെട്ടിടം പണിതിട്ടുണ്ട്, തൊട്ടടുത്ത് ചെറിയൊരു പള്ളിയുമുണ്ട്. പക്ഷെ, അവിടെയും ആളനക്കങ്ങളൊന്നുമില്ല. ആ പരിസരത്തെങ്ങും മനുഷ്യര്‍ താമസിക്കുന്നതിന്‍റെ ലക്ഷണങ്ങളൊന്നുമില്ല. ഒരു ഒമാനി കുടുംബം അവിടെ ആ സമയത്ത് സിയാറത്തിന് വന്നിട്ടുണ്ടായിരുന്നു. അവര്‍ നല്ല രുചിയുള്ള ഒമാനി അലുവ ഞങ്ങള്‍ക്ക് തന്നു സല്‍ക്കരിച്ചു. അവിടെ വെച്ച് കൊണ്ട് ദുആ ചെയ്തു കൊണ്ട് ഞങ്ങള്‍ വീണ്ടും ളഫാറിന്‍റെ ഭാഗത്തേക്ക് മടങ്ങി. സ്വാലിഹ് നബി(അ) യുടെ കബറ് ഒമാനില്‍ വന്നതെങ്ങിനെ എന്നൊരു ചോദ്യമുണ്ടായിരുന്നു. കാരണം, സമൂദ് ഗോത്രത്തിന്‍റെ അധിവാസ സ്ഥലം ഇന്നത്തെ സഊദി അറേബ്യയുടെ ഭാഗത്താണെന്ന ചരിത്രം പ്രസിദ്ധമാണ്. ഒരു യുദ്ധത്തില്‍ നബി(സ) യും സ്വഹാബാക്കളും അതിലൂടെ കടന്ന് പോകുമ്പോള്‍ തങ്ങള്‍ മുഖം മറച്ചു കൊണ്ട് വേഗത്തില്‍ കടന്നു പോവുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. അല്ലാഹുവിന്‍റെ ശിക്ഷയിറങ്ങിയ സ്ഥലത്ത് അധിക നേരം  നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് നബി(സ) പറഞ്ഞു കൊണ്ടാണ് അവിടെ നിന്ന് വേഗത്തില്‍ കടന്നു പോയത്. സമൂദ് ഗോത്രത്തിന്‍റെ അധിവാസ സ്ഥലം ഹിജ്റ് എന്നും മദാഇനു സ്വാലിഹ് എന്ന പേരിലും സഊദി അറേബ്യയില്‍ നിലനില്‍ക്കുന്നുണ്ട്. അവിടെ നിന്ന് മൂവായിരം കിലോമീറ്റര്‍ ഇപ്പുറത്താണ് സ്വാലിഹ് നബിയുടെ കബര്‍ കാണുന്നത്. ഈ സംശയത്തിന് അബ്ദുല്‍ബാരി ഉസ്താദ് ഒരു മറുപടി നല്‍കി. ഉസ്താദ് ഒരു പത്ത് വര്‍ഷം മുമ്പ് സലാലയില്‍ വന്ന സമയത്ത് സലാലയിലെ അര്‍ക്കിയോളജി മ്യൂസിയത്തില്‍ പോയിരുന്നു. അവിടെ ഈ സംശയത്തിന് മറുപടി രേഖപ്പെടുത്തിയിട്ടുണ്ട്. അതിപ്രകാരമാണ്, സ്വാലിഹ് നബി(അ) യുടെ പ്രബോധന ദൗത്യം സമൂദ് ഗോത്രത്തോടായിരുന്നല്ലോ? സമൂദ് ഗോത്രത്തിന്‍റെ അനുസരണക്കേടും ധിക്കാരവും കാരണം അവരെ അല്ലാഹു നശിപ്പിച്ചു. അതോട് കൂടി സ്വാലിഹ് നബി(അ) യുടെ പ്രവാചകത്വ ദൗത്യം കഴിഞ്ഞു. ഇനി ശിഷ്ടകാലം ഒമാനിലെ ഹാസിക്കില്‍ പോയി ഇബാദത്തിലായി ജീവിക്കാന്‍ അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരം സ്വാലിഹ് നബി(അ) ഇങ്ങോട്ട് വരികയായിരുന്നുവത്രെ. 

ളഫാറിലേക്ക് തിരിച്ചുവരുന്നതിനിടയില്‍ ഉള്‍ഗ്രാമത്തിലേക്ക് തിരിഞ്ഞു കൊണ്ടുള്ള ഒരു പ്രദേശമുണ്ട്. ‘സ്വാഹിബുല്‍ ഖലാ’ എന്നാണ് ആ പ്രദേശത്തിന്‍റെ പേര്. അവിടെ അറിയപ്പെടാതെ കിടക്കുന്ന കുറച്ച് മഹാന്മാരുണ്ടെന്നറിഞ്ഞ് കൗതുക പൂര്‍വ്വമാണ് അങ്ങോട്ട് പുറപ്പെട്ടത്. ഒറ്റപ്പെട്ട വിജനമായ ഒരു പ്രദേശം. ആ പ്രദേശത്തേക്കുള്ള യാത്ര കൂടുതല്‍ ജിഞ്ജാസയും ഒരല്‍പ്പം സാഹസികത നിറഞ്ഞതുമായിരുന്നു. അവിടേക്ക് പോകുന്ന വഴികളെല്ലാം കൂടുതല്‍ മൂകത നിറഞ്ഞതും മലകളും താഴ്വാരകളുമല്ലാതെ മറ്റൊന്നും കാണാനില്ല. കുറെ ദൂരം ഓടുമ്പോള്‍ ഒറ്റപ്പെട്ട ഗ്രാമങ്ങള്‍. വഴികളിലുടനീളം ഒട്ടക കൂട്ടങ്ങള്‍. ജി.പി.എസിനെ പിന്തുടര്‍ന്ന് പോകുന്ന വഴിക്ക് പലപ്പോഴും മൊബൈല്‍ റെയ്ഞ്ച് കട്ടായി പോകുന്നു. അങ്ങനെ കൂറ്റൻ പർവ്വതങ്ങൾ നാലു ഭാഗത്തും വലയം ചെയ്തു നിൽക്കുന്ന ഒരു ശ്മശാനത്തിൽ എത്തിച്ചേർന്നു. സൂചി വീണാൽ അതിന്റെ ശബ്ദം കേൾക്കാവുന്ന വിധമുള്ള നിശബ്ദത! കുറെ ഒട്ടകങ്ങൾ അല്ലാതെ അവിടെ ആരെയും കാണുന്നില്ല. കേരളത്തിലെ മൂന്നാക്കൽ പള്ളിയുടെ ചുറ്റുവട്ടത്തെ കബർസ്ഥാന പോലെ പ്രത്യേകം ഒരു കബറിനെ കേന്ത്രീകരിച്ചല്ല അവിടെ സിയാറത് ചെയ്യുന്നത്. ആ കബറാളികളിൽ ആരൊക്കെയോ മഹത്വം ഉള്ളവരാണ് എന്ന നിലയിൽ എല്ലാവർക്കുമായി ദുആ ചെയ്യുകയാണ് അവിടെ സിയാറത്തിന് വരുന്നവരുടെ പതിവ്. അപ്രകാരം ദുആ ചെയ്തു മടങ്ങി. അതിനിടയിൽ ഒട്ടകത്തിനെ നോക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പാകിസ്താനി അവിടെ എത്തി. അയാൾക്ക് വിസയൊന്നുമില്ല. ഏഴു വർഷമായി അവിടെ തന്നെ കഴിഞ്ഞു കൂടുന്നു. ഇത്തരം ആളുകളായിരിക്കും ഇത്തരം മേഖലയിൽ അധികവും ഉണ്ടാവുക. ആ മൂകതയിൽ ഏകാന്തനായി അയാൾ അങ്ങനെ രാപകൽ കഴിച്ചു കൂട്ടുന്നു. ഈ ഏകാന്ത വാസത്തിനിടയിൽ അയാൾ വിശുദ്ധ ഖുർആനിൽ നിന്ന് കുറെ ഭാഗങ്ങൾ മനപാഠമാക്കി എന്നും അയാൾ പറഞ്ഞു.

അവിടെ നിന്ന് നേരെ സലാലയിലെ മസ്ജിദ് അഖീലിലേക്കാണ് തിരിച്ചത്.  മസ്ജിദ് അഖീലിലേക്ക് വഴി കാട്ടാന്‍ വന്ന ഒമാനി സുഹൃത്തും സയ്യിദുമായ ഹബീബ് അബ്ദുല്‍ഖാദിര്‍ ഇടക്ക് ഒരു ഒമാനി സയ്യിദിന്‍റെ വീട്ടില്‍ കയറ്റി സല്‍ക്കരിച്ചു. അതിന് ശേഷം മഗ്രിബിന്‍റെ സമയത്താണ് മസ്ജിദ് ഉഖൈലില്‍ എത്തുന്നത്.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy