നരിയെ നരനാക്കുന്ന നോമ്പ്

സൽമാൻ സബാഹ്:

മനുഷ്യനിലെ മൃ​ഗചോദനകളെ ദമനം ചെയ്ത് മനുഷ്യത്വത്തിലേക്ക് സംസ്കരിക്കുന്നതിനുള്ള ആശയവും പരിശീലനവുമാണ് ഇസ് ലാം ദീൻ. മൃ​ഗ പ്രകൃതം ക്രമരാഹിത്യത്തിന്റേതാണ്. ക്രമരാഹിത്യത്തിൽ നിന്ന് ക്രമത്തിലേക്ക് മനുഷ്യജീവിതത്തെ പരിവർത്തിപ്പിക്കാനുള്ള തത്വവും പ്രയോ​ഗവുമാണ് ഇസ് ലാമികാനുഷ്ഠാനങ്ങളിലെല്ലാം ഉൾച്ചേർന്നിട്ടുള്ളത്. അഥവാ ഹിംസ്രജന്തുത്വത്തിന്റെ പ്രകൃതമുള്ള നരിയെ നരനാക്കാനുള്ള പരിശീലനമാണ് ദീൻ. ദീനിന്റെ ഓരോ അനുഷ്ഠാനങ്ങളിലും, സവിശേഷമായി നോമ്പിലും ഈ തത്വം ഉൾച്ചേർന്നിട്ടുണ്ട്. നോമ്പിനെ കുറിച്ചുള്ള ഇത്തരം ചില പുതിയ ആലോചനകളാണ് ഈ ലേഖനത്തിന്റെ പ്രതിപാദ്യം.

നരി ചില ക്രൂര മൃഗങ്ങളുടെ പൊതുവായ പര്യായമാണ്. നരനെന്നു വിളിപ്പേരുള്ള മനുഷ്യനിലും നരിയുണ്ട്. ശരിക്കും ‘അതൊരു’ നരിയാണ്. അഥവാ മൃ​ഗചോദനകളെ പ്രകടമാക്കുന്ന മനുഷ്യനിലെ സംസ്കരണം സിദ്ധിക്കാത്ത പ്രകൃതമാണ് മനുഷ്യനിൽ നരിയായി ഒളിഞ്ഞിരിക്കുന്നത്. ദൈവികമായ ആദരവാണ് ‘അതിനെ’ സംസ്കാരമുള്ള അവനും അവളുമാക്കിയത്. ഭൂഗോളത്തിൽ അല്ലറ ചില്ലറ പവറും പത്രാസ്സുമൊക്കെ അവനുണ്ടെങ്കിൽ അത് ഈ ആദരവിന്റെ ഭാ​ഗമാണ്. ഈ ആദരവിനെ മനസ്സിലാക്കി സ്രഷ്ടാവിന്റെ മാർ​ഗദർശനങ്ങൾക്കൊത്ത് ജീവിച്ചാൽ ‘അവന്’ പരലോകത്തും ആ ആദരവ് നിലനിർത്താം. പക്ഷേ രസമെന്തെന്നാൽ അവരിൽ പലർക്കും ഈ ഭാഗ്യത്തെ ഒഴിവാക്കി ‘അവയായി’ അഥവാ മൃ​ഗപ്രകൃതത്തിലായി നരിയായി ജീവിക്കാനാണ് താത്പര്യം!.
ഈ മൃ​ഗപ്രകൃതം മനുഷ്യനിൽ നിന്നും ഇടക്കിടെ പുറത്തേക്ക് വരും. അതിനെ തിരിച്ചറിഞ്ഞ് സംസ്കരിക്കാൻ പരിശ്രമിക്കാതിരുന്നാൽ നരാധമത്വമാണ് അവനിൽ നിന്ന് പ്രകടമായിക്കൊണ്ടിരിക്കുക. അങ്ങനെ മാറിയ നിരവധി നരൻമാരിൽ മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരുമുണ്ട്.

ഈ നരിയിലേക്കുള്ള, മൃ​ഗപ്രകൃതത്തിലേക്കുള്ള പരിവർത്തനത്തെ തടയുന്ന, ശരീരകാമനകളുടെ അടിമകളായി മാറിയവരെയും മാറിക്കൊണ്ടിരിക്കുന്നവരെയും നരനായി സംസ്കരിക്കുന്ന, പ്രധാനപ്പെട്ടൊരു സന്ദർഭമാണ് റമദാൻ. ശക്തിമത്തായ മറ്റ് പല വഴികളും ഈ സംസ്കരണത്തിനുണ്ടെങ്കിലും അത് കൂടുതൽ ശക്തിമത്താകുന്നത് റമളാനിന്റെ ഈ നേരത്താണ്. തന്റെ അടിമകൾക്ക് മൃ​ഗീയ കാമനകളോടുള്ള ത്വര ഉപേക്ഷിച്ച് ആദരവിലേക്ക് എളുപ്പത്തിൽ മടങ്ങി ചെല്ലാനും അതുവഴി തന്നിലേക്ക് കൂടുതൽ അടുത്ത്, മാലാഖമാർ തോൽക്കുന്ന, ആദരവിൻ്റെ ഉന്നതിയിൽ എത്താനും പടച്ചവൻ പ്രത്യേകം തന്നെ നിശ്ചയിച്ചൊരു നേരമാണ് റമളാൻ.

ആദരവ് തിരിച്ചുപിടിക്കാൻ, അതിൻ്റെ മേന്മ കൂട്ടാൻ അവൻ പറഞ്ഞ വഴികളിലൂടെ പോകുന്നവർക്ക് കണക്കറ്റ പ്രതിഫലമാണ് റമളാനിലൂടെ അവൻ ഒരുക്കി വെച്ചിട്ടുള്ളത്. ഇസ്‌ലാം കാര്യങ്ങളിലെ 5 ഇൽ നാലും ഒരുമിക്കുന്ന മാസം എന്ന പ്രത്യേകത കൂടി റമളാന് സ്വന്തമായുണ്ട് -ശഹാദത്ത് (അത് എപ്പോഴും പുതുക്കിക്കൊണ്ടിരിക്കേണ്ട കരാറാണ്), നിസ്കാരം, സകാത്ത്, നോമ്പ്. ഹജ്ജെന്നാൽ പ്രത്യേകം മറ്റൊരു സന്ദർഭത്തിൽ നടക്കുന്ന ഒരനുഷ്ഠാനമായതിനാൽ അത് ഇതിൽ ഉൾപ്പെട്ടിട്ടില്ല.

അവ്യവസ്ഥിതത്വവും അരാജകത്വവുമാണ് മൃ​ഗപ്രകൃതത്തിന്റെ ഒരു സ്വഭാവം. അവിടെ ശക്തിയുള്ളത് അശക്തരുടെ മേൽ അധീശത്വം സ്ഥാപിക്കുക തന്നെ ചെയ്യും. ഈ മൃ​ഗപ്രകൃതത്തിലേക്കുള്ള മനുഷ്യന്റെ കൂപ്പുകുത്തലാണ് എല്ലാ സാമൂഹിക സംഘർഷങ്ങളുടെയും മൂല കാരണം എന്ന് തിരിച്ചറിയാനാവും. ഒരുതരം ക്രമരാഹിത്യമാണത്. ഈ ക്രമരാഹിത്യത്തിൽ നിന്ന് ക്രമത്തിലേക്കുള്ള മനുഷ്യന്റെ പരിവർത്തനത്തെയാണ് ഇസ് ലാം പ്രോത്സാഹിപ്പിക്കുന്നത്. ഒരു മുസ് ലിമാവുന്നതിലൂടെ ഒരുവന് നിർബന്ധമാവുന്ന നിസ്കാരത്തിലുള്ളത് ഈ ക്രമമാവലിന്റെ തത്വമാണ്.

അവ്യവസ്ഥിതത്വവും അരാജകത്വവുമാണ് മൃ​ഗപ്രകൃതത്തിന്റെ ഒരു സ്വഭാവം. അവിടെ ശക്തിയുള്ളത് അശക്തരുടെ മേൽ അധീശത്വം സ്ഥാപിക്കുക തന്നെ ചെയ്യും. ഈ മൃ​ഗപ്രകൃതത്തിലേക്കുള്ള മനുഷ്യന്റെ കൂപ്പുകുത്തലാണ് എല്ലാ സാമൂഹിക സംഘർഷങ്ങളുടെയും മൂല കാരണം എന്ന് തിരിച്ചറിയാനാവും. ഒരുതരം ക്രമരാഹിത്യമാണത്. ഈ ക്രമരാഹിത്യത്തിൽ നിന്ന് ക്രമത്തിലേക്കുള്ള മനുഷ്യന്റെ പരിവർത്തനത്തെയാണ് ഇസ് ലാം പ്രോത്സാഹിപ്പിക്കുന്നത്. ഒരു മുസ് ലിമാവുന്നതിലൂടെ ഒരുവന് നിർബന്ധമാവുന്ന നിസ്കാരത്തിലുള്ളത് ഈ ക്രമമാവലിന്റെ തത്വമാണ്. നിരയൊപ്പിച്ചുള്ള നിൽപാണല്ലോ ജമാഅത്ത് നിസ്കാരം. മനുഷ്യനെ സാമൂഹികോന്മുഖനാക്കുന്നതിലും ആത്മീയൗന്നത്യത്തിലേക്ക് സഞ്ചരിപ്പിക്കുന്നതിലും നിസ്കാരം വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇങ്ങനെ ഇസ് ലാം ദീനിന്റെ ചെറുതും വലുതുമായ മാർ​ഗദർശനങ്ങൾ അർറഹ്മാനായ അല്ലാഹു പ്രവാചകനിലൂടെ നൽകിയതിനെ സ്വീകരിച്ച് നരാധമത്വത്തിൽ നിന്ന്, അഥവാ നരിയുടെ പ്രകൃതത്തിൽ നിന്ന് മുക്തമാകാനും ക്രമ രാഹിത്യമൊഴിവാക്കി ജീവിതത്തിൻ്റെ ക്രമത്തിലേക്ക് എത്തിച്ചേരാനും സാധിക്കുക എന്നതാണ് പ്രധാനം. അതാണ് മനുഷ്യന് ഭൂമിയിലെ ഈ ജീവിതത്തിൽ സാക്ഷാത്കരിക്കാനുള്ളത്. ആ ലക്ഷ്യം നേടിയവൻ വിജയിച്ചു. ഇസ് ലാമിലെ മറ്റെല്ലാ അനുഷ്ഠാനങ്ങളെയും പോലെ
ജീവിതത്തിന് ക്രമമുണ്ടാക്കാനുള്ള ഫലവത്തായ ഒരു അനുഷ്ഠാനം കൂടിയാണ് നോമ്പ്. നിസ്കാരത്തിലെ നിരയൊപ്പിച്ചുള്ള നിൽപും ഒരു ക്രമത്തിലേക്കുള്ള പരിവർത്തനമാണ്.
‘നിര’ + ‘ഒരുക്കുക’. ഒരു സംഗതി തയ്യാറാക്കലാണ് ഒരുക്കൽ. നിമിഷങ്ങൾ നിരയായി വെച്ചതാണ് ജീവിതം. ഒന്നിനുമേൽ ഒന്നെന്ന പോലെ അത് അടുക്കി വെക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
അനുവദിക്കപ്പെട്ട നിമിഷങ്ങൾ കഴിയുന്നതോടെ നിരയുടെ അവസാനമായി, ജീവിതത്തിൻ്റെയും. ഈ നിരയെ ഏറ്റവും നന്നായി ഒരുക്കാനുള്ള ഊർജ സംഭരണത്തിനുള്ള സന്ദർഭമാണ് റമളാൻ. നിര വരി കൂടിയാണ്. വരി, വഴി പോലെയാണ്. നേരായ വഴിയിലേക്കുള്ള, ആ വഴിയുടെ അറ്റമായ സ്വർഗമാകുന്ന നേരിലേക്കുള്ള ഒരുക്കത്തിനുള്ള നേരം കൂടിയാണ് റമളാൻ. ചുരുക്കത്തിൽ നഫ്സിനുമേൽ ക്രമവും നിയന്ത്രണവും വെക്കുന്ന നേരമാണ് റമളാൻ.
നീരുവരുവോളം നമസ്കരിച്ചിരുന്നു മുത്ത് റസൂൽ(സ). ഈ നീര് അദ്ധ്വാനത്തിൻ്റെ, അമലുകൾ ചെയ്യുന്നതിൻ്റെ ഭൗതികമായ ഫലമാണ്. എന്നാൽ റബ്ബിനത് വലിയ ഇഷ്ടമാണ്. ഇങ്ങനെ അമലുകൾ ചെയ്യുന്നവരെക്കുറിച്ച് മലാഇക്കത്തുകളോട് അവൻ സംസാരിക്കും. ആകാശ ഭൂമികളോട് അവർക്കുവേണ്ടി കാര്യങ്ങൾ എളുപ്പമാക്കാൻ കൽപ്പിക്കും. അതിനുപുറമേ കണക്കറ്റ പ്രതിഫലമാണവൻ അവർക്കായി കരുതി വെച്ചിട്ടുള്ളത്. നീര് രോ​ഗാവസ്ഥയല്ല. മുഅ്മിനീങ്ങളുടെ സമർപ്പിതമായ കർമ്മോത്സുകതയുടെ അനന്തരഫലമാണത്.

നീരുവരുവോളം കർമങ്ങൾ ചെയ്യുമ്പോൾ നമ്മുടെ ഈമാനും നന്മകളും നുരഞ്ഞു പൊന്തും. പക്ഷേ അത് നുരപോലെ നിമിഷങ്ങൾക്കകം ഇല്ലാതാവുന്നതാവരുത്. ഈമാനെന്നാൽ ബലിഷ്ഠമായ ഒരു പാശമാണ്. നാരുകൾ ചേർന്നാണല്ലോ (പാശം) കയറുണ്ടാവുന്നത്. നാര് ഉറപ്പേറിയതാണ്. നാര് കൂടും തോറും കയറിന് ബലം കൂടും. ഈമാനിൻ്റെ കയറാണത്. റബ്ബുമായി ബന്ധിപ്പിച്ചതാണത്. എത്ര വലിയ കയറാണെങ്കിലും പരിചരണമില്ലെങ്കിൽ ദ്രവിച്ച് പോകുന്ന പോലെ ഈമാനിൻ്റെ കയറും ദ്രവിച്ച് പോകും. അത് ബന്ധിപ്പിക്കുന്ന അല്ലാഹുവുമായുള്ള ബന്ധവും അതോടെ അറ്റുപോകും. നിരന്തരമായ പരിചരണത്തിലൂടെ അതിൻ്റെ ഉറപ്പ് കൂട്ടണം.
ബന്ധം സ്ഥാപിക്കാത്തവർക്കും ബന്ധം അറ്റുപോയവർക്കും ഉള്ളതാണല്ലോ നരകം (നാർ).
നൂർ പ്രകാശമാണ്. അന്നൂറിനെ മറ്റെന്തിനെക്കാളും സ്നേഹിച്ചവർക്ക് കിട്ടുന്ന സമ്മാനം. വെറും പ്രകാശമല്ല നൂർ. വിശാലമായ അർത്ഥമുണ്ടതിന്. തെളിമയാർന്ന പ്രകാശമാണത്. അതുകൊണ്ടാണല്ലോ എൻ്റെ ഖൽബും എന്നെതന്നെയും നൂർ ആക്കണമെ എന്ന് പ്രാർത്ഥിക്കാൻ പ്രവാചകൻ പഠിപ്പിച്ചത്.
റമദാൻ ഈ നൂറിനെ കൂടുതൽ നേടിയെടുക്കാനും നാറിൽ നിന്നകലാനുമുള്ള മികച്ച അവസരമാണ്. നൂറായിമാറി അന്നൂറിലേക്ക് അടുക്കാനുള്ള യാത്ര. റമദാൻ നോമ്പിൻ്റെയും നിസ്കാരത്തിന്റെയും പരിശുദ്ധ ഖുർആൻ പാരായണത്തിന്റെയും മാസമാണെന്നാണല്ലോ? ഇവയെല്ലാം അന്നൂറിനെ പ്രാപിക്കാനുള്ള പ്രയാണവേ​ഗത്തെ ത്വരിതപ്പെടുത്തുന്ന കർമ്മങ്ങളാണ്.
ചുരുക്കത്തിൽ നാറിനെ* നൂറാക്കുന്ന നൂറാണ് നോമ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy