അവാരിഫുൽ മആരിഫ്: പരമ്പര തുടരുന്നു.
ഇമാം ശിഹാബുദ്ദീൻ ഉമർ സുഹ്റവർദി(റ):
ഗുരുവിന്റെ നിഴലായി സമർപ്പിത സേവനത്തിന്റെ നിദർശനമായി ഭവിക്കുന്നവനാണ് യഥാർത്ഥ ഖാദിം. ഗുരുവര്യന്മാർക്ക് ഖിദ്മത്ത് ചെയ്യാൻ ഒരുവൻ തെരഞ്ഞെടുക്കപ്പെടുക എന്നത് തന്നെ സൗഭാഗ്യമാണ്. സഹവാസം, സേവനം തുടങ്ങിയ സുന്നത്തുകളെ സ്വജീവിതത്തിൽ അനുധാവനം ചെയ്യാനുള്ള അവസരങ്ങളാണ് ഇതുവഴി ലഭിക്കുന്നത്. ആരാണ് യഥാർത്ഥ ഖാദിം അഥവാ സേവകനെന്നും ഖിദ്മത്തിന്റെ ഫലങ്ങളെന്തെല്ലാമാണെന്നും ഈ അദ്ധ്യായത്തിൽ വിവരിക്കപ്പെടുന്നു.
ദാവൂദു നബി(അ)ക്ക് ഇങ്ങിനെ ദിവ്യ സന്ദേശം ലഭിച്ചു:
”അല്ലയോ ദാവൂദ് എന്നെ തേടുന്നവനെ നീ കണ്ടെത്തിയാൽ നീ അവൻ്റെ ‘ഖാദിമാ’വുക.”
‘ഖാദിമ്'(സ്നേഹാദരവുകളോടെ ഗുരുവിനെ പിൻപറ്റുകയും സേവനനിരതനാവുകയും ചെയ്യുന്ന അരുമ ശിഷ്യൻ) അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചു ഖിദുമത്തു ചെയ്യുന്നു. ഗുരുവാകട്ടെ(സൃഷ്ടികളിൽ നിന്നുള്ള) പ്രതിഫലമോഹമില്ലാത്തവനാണ്. ഗുരുവിൻ്റെ കർമ്മങ്ങളെല്ലാം അല്ലാഹുവിന്നു വേണ്ടിയായിരിക്കും. അല്ലാഹുവിന്റെ ഇച്ഛയല്ലാതെ സ്വന്തമായി ഒരിച്ഛ ഗുരുവിനുണ്ടാവുകയില്ലെന്നു മുമ്പു പ്രസ്താവിച്ചതാണല്ലോ. ശൈഖ് അഥവാ ഗുരു അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവനാണ്. ഖാദിം അങ്ങിനെയല്ല. അയാൾ സജ്ജനങ്ങളുടെ പാതയിലാണെന്നു മാത്രം. ഔദാര്യം, സ്വന്തം ആവശ്യത്തെക്കാൾ അന്യരുടെ ആവശ്യങ്ങൾക്കു പരിഗണന നൽകൽ, സന്ദർഭോചിതമായ ചിട്ടകൾ പാലിക്കൽ, പുണ്യാത്മാക്കളുടെ ‘ഖിദുമത്തി’ന്നായി ജീവിതം സമർപ്പിക്കൽ ഇതൊക്കെയാണ് ഖാദിമിന്റെ സദ്ഗുണങ്ങൾ. സുന്നത്തായ അനുഷ്ഠാന കർമ്മങ്ങളെക്കാൾ(സുന്നത്തിന്റെ ഭാഗം തന്നെയായ) ഖിദ്മത്തിന്ന് അവൻ പ്രാധാന്യം നൽകും. അജ്ഞതയാൽ ചില ആളുകൾ ഇത്തരം ഖാദിമിനെ ഗുരു തന്നെയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഖാദിമിനു തന്നെയും, സ്വയം ഈ തെറ്റിദ്ധാരണ കുടുങ്ങാറുണ്ട്. സ്വന്തം അവസ്ഥയെപ്പറ്റിയുള്ള അജ്ഞതയാണിതിന്നു കാരണം. തസ്വവുഫിനെപ്പറ്റിയുള്ള സാങ്കേതിക ജ്ഞാനം. തേഞ്ഞുമാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന ഇക്കാലത്തു ഈ അബദ്ധം ധാരാളം സംഭവിക്കുന്നു. ശിഷ്യരാകട്ടെ ഗുരുവിൽ നിന്നു ഭൗതികമായ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുമ്പോൾ പ്രത്യേകിച്ചും ഈ അവ്യക്തത അവരിൽ വന്നു കൂടുന്നു. കൂടുതൽ ആനുകൂല്യങ്ങൾ ആരിൽ നിന്നു ലഭിക്കുന്നുവോ, അയാളെ ശൈഖാക്കി അവരോധിക്കാൻ ശിഷ്യർ മുതിരുന്നു. വാസ്തവത്തിൽ ശൈഖിന്റെ യാതൊരു ഗുണങ്ങളും അയാൾക്കുണ്ടാവുകയില്ലതാനും.
ഖാദിമിന്ന് മഹത്തായ പ്രതിഫലമുണ്ട്. അബൂഹുറൈറ(റ) വിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു: “ഒരു യാത്രയിൽ “മർറുള്ളഹ്റാനി’ൽവെച്ച് നബിതിരുമേനി(സ്വ) തങ്ങളുടെ സന്നിധിയിൽ ഭക്ഷണം കൊണ്ടുവന്നുവെച്ചു. തിരുമേനി(സ്വ) അബൂ ബക്കറിനോടും(റ) ഉമറിനോടും(റ) അതു ഭക്ഷിച്ചുകൊൾവാൻ അരുളി. അവർ പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ, ഞങ്ങൾക്കു നോമ്പാണ്. അപ്പോൾ തിരുമേനി(സ്വ) അരുളി: നിങ്ങൾ രണ്ടുപേരും നിങ്ങളുടെ കൂട്ടുകാരനുവേണ്ടി യാത്ര ചെയ്യുക. നിങ്ങളുടെ കൂട്ടുകാരനു വേണ്ടി കർമ്മവും ചെയ്യുക. രണ്ടാളും വന്ന് ഇതു ഭക്ഷിക്കുക.”
അതായത് യാത്രയിൽ വ്രതം അനുഷ്ഠിച്ചാൽ അന്യോന്യം ഖിദ്മത്തുചെയ്യാൻ സാധിക്കാതെ വരും. അതിനാൽ സുന്നത്തു നോമ്പു ഉപേക്ഷിക്കാൻ തിരുനബി(സ്വ) അവിടുത്തെ രണ്ട് അനുചരന്മാരോടും കൽപിക്കുകയാണിവിടെ.
ഖാദിമിന്ന് മഹത്തായ പ്രതിഫലമുണ്ട്. അബൂഹുറൈറ(റ) വിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു: “ഒരു യാത്രയിൽ “മർറുള്ളഹ്റാനി’ൽവെച്ച് നബിതിരുമേനി(സ്വ) തങ്ങളുടെ സന്നിധിയിൽ ഭക്ഷണം കൊണ്ടുവന്നുവെച്ചു. തിരുമേനി(സ്വ) അബൂ ബക്കറിനോടും(റ) ഉമറിനോടും(റ) അതു ഭക്ഷിച്ചുകൊൾവാൻ അരുളി. അവർ പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ, ഞങ്ങൾക്കു നോമ്പാണ്. അപ്പോൾ തിരുമേനി(സ്വ) അരുളി: നിങ്ങൾ രണ്ടുപേരും നിങ്ങളുടെ കൂട്ടുകാരനുവേണ്ടി യാത്ര ചെയ്യുക. നിങ്ങളുടെ കൂട്ടുകാരനു വേണ്ടി കർമ്മവും ചെയ്യുക. രണ്ടാളും വന്ന് ഇതു ഭക്ഷിക്കുക.”
അതായത് യാത്രയിൽ വ്രതം അനുഷ്ഠിച്ചാൽ അന്യോന്യം ഖിദ്മത്തുചെയ്യാൻ സാധിക്കാതെ വരും. അതിനാൽ സുന്നത്തു നോമ്പു ഉപേക്ഷിക്കാൻ തിരുനബി(സ്വ) അവിടുത്തെ രണ്ട് അനുചരന്മാരോടും കൽപിക്കുകയാണിവിടെ.
ഖാദിം, ഖിദ്മത്തിന്റെ ഫലങ്ങൾ കരസ്ഥമാക്കാൻ വേണ്ടി ഇങ്ങിനെ ഖിദ്മത്തിൽ മുഴുകാറുണ്ട്. ശരീഅത്തിൽ ആക്ഷേപകരമല്ലാത്ത ഇളവുകൾ എല്ലാം അനുഭവിക്കുകയും ചെയ്യാറുണ്ട്. ആ പോരായ്മ ഖിദ്മത്തു പരിഹരിച്ചു കൊള്ളും. എന്നാൽ ശൈഖാകട്ടെ, തന്റെ സമ്പൂർണ്ണമായ ജ്ഞാന ദൃഷ്ടിയുപയോഗിച്ചു ജീവിക്കുമ്പോൾ സ്വന്തമായ യാതൊന്നും ഇച്ഛിക്കുക പോലും ചെയ്യുന്നില്ല. അല്ലാഹുവിൻ്റെ ഇച്ഛയനുസരിച്ചു നീങ്ങുന്നു.
ജഅഫറുബിൻ മുഹമ്മദ്(റ) പറയുന്നു: “അബുൽ ഖാസിം ജുനൈദുൽ ബഗ്ദാദി(റ)) പറയുന്നതു ഞാൻ കേട്ടു: സ്വർഗ്ഗത്തിലേക്കുള്ള എളുപ്പവഴി ഞാൻ മനസ്സിലാക്കിയിരിക്കുന്നു. ഞാൻ ചോദിച്ചു: പ്രഭോ, ഏതാണാ വഴി? അദ്ദേഹം പ്രതിവചിച്ചു: ആരോടും ഒന്നും ചോദിക്കാതിരിക്കുക. ആരിൽ നിന്നും ഒന്നും വാങ്ങാതിരിക്കുകയും ചെയ്യുക. ആർക്കും ഒന്നും കൊടുക്കാൻ നിന്റെ കൈയിലുണ്ടാവുകയും ചെയ്യരുത്.”
ഖാദിമിന്റെ സ്വഭാവങ്ങളിൽ മൂന്നു സ്വഭാവം സ്വർഗ്ഗത്തിലെത്തിക്കുന്ന ഗുണങ്ങളിൽ പെട്ടതാണെന്നു അയാൾ വിശ്വസിക്കുന്നു.
- ഖിദ്മത്ത്
- ഔദാര്യം
- സ്വന്തം ആവശ്യങ്ങളേക്കാൾ അന്യരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകൽ.
ഇക്കാരണത്താലത്രെ ഖാദിം, ഖിദ്മത്തിന്നു മുൻഗണന നൽകുന്നത്. സുന്നത്തുകൾക്ക് മഹത്വമുണ്ടെന്നയാൾ വിശ്വസിക്കുന്നുണ്ട്. എന്നാൽ അതിലും മഹത്വം ഖിദുമത്തു കൊണ്ടു നേടാമെന്നയാൾ കരുതുന്നു. ചില പ്രാധാന്യമർഹിക്കുന്ന സുന്നത്തുകൾ ഇതിൽ പെടുകയില്ല. പ്രതിഫലം വാരിക്കൂട്ടാൻ അത്യന്താപേക്ഷിതമായ അത്തരം സുന്നത്തുകൾ അയാൾ എത്ര ജോലിത്തിരക്കുണ്ടെങ്കിലും നിർവഹിക്കുക തന്നെ ചെയ്യും. റൊക്കമായി തന്നെ പ്രതിഫല ലഭ്യത ഉറപ്പിക്കാവുന്ന അതിമഹത്തായ ചില സുന്നത്തുകളുണ്ട്. ഖിദുമത്തിന്നു വേണ്ടി അതൊരിക്കലും അയാൾ പാഴാക്കുകയില്ല. അല്ലാഹുവിൻ്റെ സാമീപ്യം ലഭിക്കലാണ് റൊക്കമായി ലഭിക്കുന്ന പ്രതിഫലം. ഖിദ്മത്തും അത്തരം സുന്നത്തുകളിലൊന്നാണല്ലോ? ചില സുന്നത്തുകളേക്കാൾ ഖിദുമത്തിന്നു കൂടുതൽ മഹത്വമുണ്ടെന്ന് അനസു(റ) റിപ്പോർട്ടു ചെയ്ത ഈ ഹദീസു വിളിച്ചോതുന്നു:
അനസ്(റ) പറഞ്ഞു: “ഞങ്ങളൊരിക്കൽ തിരുനബി(സ്വ) യോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. ഞങ്ങളുടെ സംഘത്തിൽ ചിലർക്ക് സുന്നത്തു നോമ്പുണ്ട്. ചിലർക്ക് നോമ്പില്ല. ചൂടു അസഹ്യമായ ദിവസമായിരുന്നു. ഞങ്ങളൊരിടത്തു ഇറങ്ങി വിശ്രമിച്ചു. ചിലർ സ്വന്തം കൈകൊണ്ടാണു സൂര്യന്റെ ചൂടു തടുത്തിരുന്നത്. കൂടുതലാളുകളുടെ പക്കലും ചൂടിൽ നിന്നു രക്ഷപ്പെടാൻ തുണിയുണ്ടായിരുന്നു. അതിൻ്റെ നിഴലിലാണവർ വിശ്രമിച്ചത്. നോമ്പുകാരെല്ലാം തളർന്നു ഉറങ്ങിപ്പോയി. നോമ്പില്ലാത്തവർ എഴുന്നേറ്റു അദ്ധ്വാനിച്ചു ഒരു തമ്പു കെട്ടുകയും യാത്രക്കാർക്ക് വെള്ളം കൊണ്ടുവന്നു കൊടുക്കുകയും ചെയ്തു. അപ്പോൾ നബി(സ്വ) തിരുമേനി അരുളി: നോമ്പില്ലാത്തവരാണിന്ന് പ്രതിഫലം കൊണ്ടു പോയത്.”
അനസ്(റ) പറഞ്ഞു: “ഞങ്ങളൊരിക്കൽ തിരുനബി(സ്വ) യോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. ഞങ്ങളുടെ സംഘത്തിൽ ചിലർക്ക് സുന്നത്തു നോമ്പുണ്ട്. ചിലർക്ക് നോമ്പില്ല. ചൂടു അസഹ്യമായ ദിവസമായിരുന്നു. ഞങ്ങളൊരിടത്തു ഇറങ്ങി വിശ്രമിച്ചു. ചിലർ സ്വന്തം കൈകൊണ്ടാണു സൂര്യന്റെ ചൂടു തടുത്തിരുന്നത്. കൂടുതലാളുകളുടെ പക്കലും ചൂടിൽ നിന്നു രക്ഷപ്പെടാൻ തുണിയുണ്ടായിരുന്നു. അതിൻ്റെ നിഴലിലാണവർ വിശ്രമിച്ചത്. നോമ്പുകാരെല്ലാം തളർന്നു ഉറങ്ങിപ്പോയി. നോമ്പില്ലാത്തവർ എഴുന്നേറ്റു അദ്ധ്വാനിച്ചു ഒരു തമ്പു കെട്ടുകയും യാത്രക്കാർക്ക് വെള്ളം കൊണ്ടുവന്നു കൊടുക്കുകയും ചെയ്തു. അപ്പോൾ നബി(സ്വ) തിരുമേനി അരുളി: നോമ്പില്ലാത്തവരാണിന്ന് പ്രതിഫലം കൊണ്ടു പോയത്.”
ഇവിടെ സുന്നത്തു നോമ്പിനേക്കാൾ മഹത്വം ഖിദ്മത്തിനാണെന്നു വ്യക്തമായി.(ഖിദ്മത്തു തന്നെ സുന്നത്താണെന്നതിനും ഈ സംഭവം സാധൂകരണമായി) സുന്നത്തു നോമ്പനുഷ്ഠിച്ചവർ ക്ഷീണിച്ചതു മൂലം ഉറങ്ങിപ്പോയി. ഖിദ്മത്തു ചെയ്യാൻ തളർച്ച അവർക്ക് തടസ്സമായി. ഇതവർക്ക് നഷ്ടക്കച്ചവടമായി കലാശിച്ചു.
ഖാദിമിന്നു ഉന്നത പദവികൾ പ്രതീക്ഷിക്കാം. അവന്ന് ഇഖ്ലാസു വേണമെന്നു മാത്രം. നഫ്സിന്റെ ദുഷ്പ്രേരണകളിൽ നിന്ന് അകന്നു നിൽക്കാനുള്ള കരുത്ത്. ഇതിനെപ്പറ്റി ഒന്നും മനസ്സിലാക്കാതെ ഖിദുമത്തിൽ പ്രവേശിക്കുന്നവൻ ഖാദിമല്ല, ഖാദിമിനെ അനുകരിക്കുന്ന (മുതഖാദിമിൻ്റെ) സ്ഥിതിയിലാണവൻ. സദുദ്ദേശ്യത്തോടെ ഖാദിമിനെ അനുകരിക്കുന്നവനും ഉയർന്നു പോകാൻ കഴിയും. സദുദ്ദേശ്യത്തോടെയുള്ള ഖിദുമത്തും, സത്യവിശ്വാസവും അവനെ വിജയത്തിലേക്കു നയിക്കുക തന്നെ ചെയ്യും. തന്നിഷ്ടത്തിനടിമയായി ഖിദ്മത്തിൽ പ്രവേശിക്കുന്നവന്നു പരാജയം സുനിശ്ചിതമാണ്. അയാളുടെ സ്ഥാനം തെറ്റിയ ചലനങ്ങൾ ഒരിക്കലും ലക്ഷ്യം പ്രാപിക്കുകയില്ല. തന്നിഷ്ടമനുസരിച്ചുള്ള ഖിദ്മത്തു ചെയ്യാനും, അർഹരെ അവഗണിക്കാനുമാണ് തന്നിഷ്ടം പ്രചോദനം നൽകുക. സൃഷ്ടികളിൽ സൽപ്പേരായിരിക്കും അയാളുടെ ലക്ഷ്യം. അതു ലഭിക്കാൻ ഉതകുന്ന ഖിദ്മത്താണയാൾ ചെയ്യുക. അല്ലാഹുവിൻ്റെ പ്രതിഫലവും, പൊരുത്തവും നേടണമെന്ന ഉദ്ദേശ്യം അയാൾക്കുണ്ടായിരിക്കില്ല, പ്രശംസ കൈപ്പറ്റാൻ അയാൾ ചിലർക്ക് ഖിദ്മത്തു ചെയ്യും. എന്നാൽ അയാൾക്കു അവരോടു വല്ല വെറുപ്പും തോന്നിയാൽ പിന്നെ ഖിദ്മത്തു ചെയ്യുകയില്ല. അർഹതയുള്ളവർക്കു ഖിദുമത്തു ചെയ്യുമ്പോൾ മനസ്സിൽ വെറുപ്പു തോന്നിയാലും, സന്തോഷം തോന്നിയാലും ഖിദ്മത്തിൽ മാറ്റം വരാൻ പാടുള്ളതല്ല. തന്നിഷ്ടമെന്ന രോഗത്തിന്നുള്ള ചികിത്സയാണത്. തന്നിഷ്ടത്തെ പിൻപറ്റാൻ ഒരിക്കലും ഖാദിമിന്നു പാടില്ല.(വാസ്തവത്തിൽ ഖിദ്മത്ത് തന്നെ തന്നിഷ്ടങ്ങളിൽ നിന്ന് അല്ലാഹുവിന്റെ ഇഷ്ടങ്ങളിലേക്ക് നഫ്സിനെ പരിശീലിപ്പിച്ചെടുക്കുന്ന ഒരു കർമ്മ മാർഗമാണ്) ജനങ്ങളുടെ ആക്ഷേപത്തെയോ, പ്രശംസയേയോ ഖാദിം ഗൗനിച്ചു കൂടാ. ക്രമവിരുദ്ധമായി യാതൊന്നും അവൻ ചെയ്തു കൂടാ.
ഖാദിമിനെയും, ഖാദിമിനെ അനുകരിക്കുന്നവനെയും (മുതഖാദിം) വേർതിരിച്ചറിയാൻ ഇഖ്ലാസിനെപ്പറ്റി ജ്ഞാനമുള്ള വിദഗ്ദ്ധർക്കേ കഴിയൂ. തന്നിഷ്ടത്തിന്റെ കലർപ്പു കണ്ടുപിടിക്കാൻ മറ്റാർക്കും സാധ്യമല്ല.
സദുദ്ദേശ്യത്തോടെ ഖാദിമിനെ അനുകരിക്കുന്നവനും ഉയർന്നു പോകാൻ കഴിയുമെന്നു നേരത്തെപ്പറഞ്ഞുവല്ലോ? എങ്കിലും യഥാർത്ഥ ഖാദിമിൻ്റെ പ്രതിഫലത്തിന്നയാൾ അർഹനല്ല. തന്നിഷ്ടത്തിൻ്റെ കലർപ്പുള്ള കർമ്മങ്ങൾക്ക് അതില്ലാത്ത കറകളഞ്ഞ കർമ്മങ്ങളുടെ പ്രതിഫലം ലഭിക്കുകയില്ലല്ലോ?
വഖഫുസ്വത്തിന്റെ ആനുകൂല്യമോ, അതുപോലെയുള്ള മറ്റെന്തെങ്കിലും ആനുകൂല്യമോ കിട്ടാൻ വേണ്ടി ഖിദുമത്തു ചെയ്യുന്നവൻ സ്വന്തം നഫ്സിന്നാണ് ഖിദമത്തു ചെയ്യുന്നത്. ആനുകൂല്യം നിന്നാൽ അവൻ ഖിദ്മത്തും നിർത്തും. പ്രശസ്തിക്കു വേണ്ടി ഖിദുമത്തു ചെയ്യുന്നവനും തന്നിഷ്ടത്തിന്നാണ് ഖിദ്മത്തു ചെയ്യുന്നത്. ദുനിയാവാണ് അവന്റെ ലക്ഷ്യം. അതു നേടാൻ വേണ്ടി അവൻ രാപ്പകൽ കഠിനാദ്ധ്വാനം ചെയ്യും. അല്ലാഹുവിന്റെ പൊരുത്തമല്ല അവന്ന് ആവശ്യം. കുടുംബം പോറ്റലും സുഖജീവിതവുമാണവന്റെ ലക്ഷ്യം. അതിന്ന് ഖിദുമത്ത് ഒരു തൊഴിലായി സ്വീകരിച്ചിരിക്കുകയാണവൻ. ഖാദിമിൻ്റെ സ്വഭാവഗുണങ്ങളൊന്നും അവനിൽ കാണുകയില്ല. നേതൃത്വമോഹത്തിൻ്റെ അടിമയാണവൻ. മോഹങ്ങൾ സാധിക്കും തോറും തന്നിഷ്ടങ്ങൾക്ക് ആഴവും പരപ്പും വർദ്ധിക്കുകയും താൻ ഖിദ്മത്ത് ചെയ്യുന്ന ഫഖീറിന്(ശൈഖിന്) അവൻ ഒരു ശല്യമായിത്തീരുകയും ചെയ്യും. ഖിദ്മത്തിന്റെ പേരിൽ അവന്നു മുഖസ്തുതി പറയാത്ത ഫഖീറുകളെ അവൻ തഴയും. ഇവൻ ഖാദിമല്ല. ഖാദിമിനെ അനുകരിക്കുന്നവനും (മുതഖാദിം) അല്ല. തനിക്കു ഖിദ്മത്തു ലഭിക്കാൻ ആഗ്രഹിക്കുന്നവൻ (മുസ്തഖ്ദിം) എന്ന പേരാണ് ഇയാൾക്കു അനുയോജ്യം. ഇതൊക്കെയാണെങ്കിലും ചിലപ്പോൾ ഇത്തരക്കാരിൽ ചിലർ യഥാർത്ഥ ഖാദിമായി ഉയർന്നു കൂടെന്നില്ല. അങ്ങിനെ ക്രമേണ അല്ലാഹുവിന്റെ സാമീപ്യത്തിലേക്ക് എത്തിച്ചേരാൻ സാധ്യത തള്ളിക്കളഞ്ഞു കൂടാ. കാരണം, സ്വൂഫി സമൂഹവുമായി ബന്ധപ്പെടുന്നവർ നിർഭാഗ്യവാന്മാരായിത്തീരാറില്ലെന്നുള്ള ഒരു റിപ്പോർട്ട് മുമ്പു നാം ഉദ്ധരിച്ചിട്ടുണ്ടല്ലോ? എല്ലാം അല്ലാഹുവിന്റെ തൗഫീഖിനെയും സഹായത്തിനെയും ആശ്രയിച്ചു നിൽക്കുന്നു. ആ തൗഫീഖും സഹായവും സാധുക്കളായ നമ്മിൽ വർഷിക്കുമാറാകട്ടെ, ആമീൻ.