അനുഭവങ്ങളിലെ കൈപ്പും മധുരവും

A story is frequently shared in Sufi circles that illustrates the mercy of Allah—the Creator, Master, and Cherisher—and the deep, grateful connection humans should have with Him. This tale is presented in various versions, each with its own subtle differences.

സ്വൂഫി കഥകൾ

സാലിക്

പ്രാചീന കാലത്ത്, സമ്പന്നരായ ആളുകൾക്ക് സേവനങ്ങൾക്ക് വേണ്ടി അടിമകളുണ്ടായിരുന്നു, ലുഖ്‌മാൻ അത്തരത്തിൽ ദയാലുവായ ഒരു യജമാനന്റെ അടിമയായിരുന്നു. വർഷങ്ങളായി, തൻ്റെ വിശ്വസ്തനായ അടിമ കൃത്യനിഷ്ഠതയോടും സത്യസന്ധതയോടും കൂടെ എല്ലാ ജോലികളും ചെയ്യുന്നതിന് യജമാനൻ സാക്ഷിയായിരുന്നു. യജമാനൻ ലുഖ്‌മാനോട് അത്രയധികം സ്നേഹം വെച്ചുപുലർത്തിയിരുന്നത് കാരണം, സ്വന്തം മക്കളെക്കാൾ കൂടുതൽ അദ്ദേഹത്തിന് ഈ അടിമയോട് സ്നേഹമുണ്ടോ എന്ന് സന്ദേഹിക്കുന്ന വിധമായിരുന്നു അവർ തമ്മിലുള്ള ബന്ധം. ലുഖ്മാനാകട്ടെ തനിക്കാവുന്ന വിധം യജമാനനുള്ള സമർപ്പണത്തിലും സേവനത്തിലുമായി ജീവിതം നയിച്ചു.

ലുഖ്‌മാൻ ഒരു അടിമ മാത്രമായിരുന്നെങ്കിലും, വളരെ ആത്മീയ ഗുണങ്ങളുള്ള ഒരാളായിരുന്നു. മാത്രമല്ല യജമാനനെ അദ്ദേഹം അത്രമേൽ സ്നേഹിച്ചിരുന്നതിനാൽ സദാ യജമാനന്റെ സഹവാസത്തിലും സേവനത്തിലുമായി ലുഖ്മാൻ കൂടെ ഉണ്ടാകുമായിരുന്നു. യജമാനനും എപ്പോഴും ലുഖ്മാന്റെ സാന്നിദ്ധ്യം അനിവാര്യമായിരുന്നു. താൻ കഴിക്കുന്നതിനുമുമ്പ് ലുഖ്‌മാനെക്കൊണ്ട് ഭക്ഷണം ആദ്യം കഴിപ്പിക്കാൻ യജമാനൻ അത്രയധികം ഇഷ്ടപ്പെട്ടിരുന്നു. ലുഖ്‌മാൻ അത് കഴിക്കാൻ തയ്യാറായില്ലെങ്കിൽ, യജമാനൻ അത് സ്പർശിക്കാതെ തന്നെ വലിച്ചെറിയുമായിരുന്നു. ഒരിക്കൽ, അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് തൻ്റെ തോട്ടത്തിൽനിന്ന് അപൂർവ്വയിനം തണ്ണിമത്തൻ സമ്മാനമായി കൊണ്ടുവന്നു സമ്മാനിച്ചു. വേനൽക്കാലം അവസാനിച്ചിട്ടും ചൂടുള്ള കാലാവസ്ഥയായിരുന്നു; അതിനാൽ ഉച്ചകഴിഞ്ഞുള്ള വിശ്രമത്തിന് ശേഷം തൻ്റെ യജമാനന് തണ്ണിമത്തൻ വിളമ്പുന്നതിന് മുൻപ് തണുപ്പിക്കാൻ വേണ്ടി ലുഖ്‌മാൻ അവയെ ഒരു ചെറിയ ജലാശയത്തിൽ താഴ്ത്തിവെക്കാൻ തീരുമാനിച്ചു.

അന്നത്തെ ദിവസം, ചൂട് കുറഞ്ഞപ്പോൾ യജമാനൻ ഉച്ചയുറക്കത്തിൽ നിന്ന് ഉണർന്നു. തണുത്ത തണ്ണിമത്തൻ കഷ്ണങ്ങൾ സന്തോഷത്തോടെ ലുഖ്‌മാൻ യജമാനന് നൽകി. യജമാനൻ ഒരു നീണ്ട കത്തികൊണ്ട് പഴത്തിന്റെ ഒരു കഷ്ണം മുറിച്ചു, എന്നാൽ പതിവുപോലെ അത് കഴിക്കുന്നതിന് മുൻപ് തന്റെ പ്രിയപ്പെട്ട അടിമയ്ക്ക് നൽകി. ലുഖ്‌മാൻ ആ തണ്ണിമത്തൻ സന്തോഷത്തോടെ സ്വീകരിച്ച് ഒരു കഷ്ണം കടിച്ച് രുചിച്ചു, അതിൻ്റെ സ്വാദ് ആസ്വദിച്ചുകൊണ്ട് അത് മുഴുവനും വേഗത്തിൽ കഴിച്ചു. ലുഖ്‌മാൻ ആദ്യ കഷ്ണം അത്രമാത്രം ആസ്വദിച്ചുവെന്ന് കണ്ടപ്പോൾ, യജമാനൻ അടുത്തൊരു കഷ്ണം കൂടി മുറിച്ചു നൽകി. ലുഖ്‌മാൻ രണ്ടാമത്തെ കഷ്ണവും വളരെയേറെ ആഗ്രഹത്തോടെയാണ് കഴിച്ചത്. അതുകണ്ട് യജമാനൻ വീണ്ടും വീണ്ടും കൂടുതൽ നൽകിക്കൊണ്ടിരുന്നു. ഒടുവിൽ, ഒരൊറ്റ കഷ്ണം മാത്രം ബാക്കിയുണ്ടായിരുന്നു, അത് സ്വയം രുചിച്ചുനോക്കാൻ യജമാനൻ തീരുമാനിച്ചു.
വളരെയധികം സന്തോഷത്തോടെ യജമാനൻ ആ തണ്ണിമത്തൻ കഷ്ണം എടുത്തു, എന്നാൽ അത് വായിൽ വെച്ചയുടൻ ഒരുതരം ചവർപ്പ് അനുഭവപ്പെട്ടു! ആ തണ്ണിമത്തൻ അത്രയധികം കയ്പുള്ളതായിരുന്നു, അദ്ദേഹത്തിന് സംസാരിക്കാൻ പോലും കഴിയാത്ത രീതിയിൽ വായയിൽ കുമിളകൾ ഉണ്ടാവാൻ തുടങ്ങി. ഒരു മണിക്കൂറിലധികം സമയമെടുത്തു അദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാനും സംസാരിക്കാനും. അതിനുശേഷം യജമാനൻ വളരെ സ്നേഹത്തോടെ ചോദിച്ചു:
“പ്രിയപ്പെട്ടവനേ, വിഷം പോലെ കയ്പ്പുള്ള ഈ തണ്ണിമത്തൻ മുഴുവൻ നീ എങ്ങനെ തിന്നുതീർത്തു, എന്നിട്ടും എങ്ങനെ സന്തോഷത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചു? നീ നിൻ്റെ തന്നെ ഏറ്റവും വലിയ ശത്രുവാണോ?”
അപ്പോൾ ലുഖ്‌മാൻ മറുപടി നൽകി:
“എൻ്റെ പ്രിയപ്പെട്ട യജമാനനേ, എൻ്റെ ജീവിതകാലം മുഴുവൻ ഏറ്റവും രുചികരമായ ഭക്ഷണമാണ് അങ്ങ് എനിക്ക് തന്നിട്ടുള്ളത്. അങ്ങയെ സേവിക്കുക എന്നതാണല്ലോ എൻ്റെ കടമ. ഒരു തവണ രുചിയില്ലാത്ത ഭക്ഷണം തന്നതിന് പരാതി പറയാൻ എനിക്ക് ലജ്ജ തോന്നി. അങ്ങയുടെ കാരുണ്യമാണ് എൻ്റെ നിലനിൽപ്പിന് കാരണം; അതുകൊണ്ട് കഴിക്കാൻ കഴിയാത്ത ഒരു ഭക്ഷണം തന്നതിൻ്റെ പേരിൽ എനിക്കെങ്ങനെ പരാതി പറയാൻ കഴിയും?”

ഉൺമക്കും നിലനിൽപിനും ആധാരമായ സകല അനു​ഗ്രഹങ്ങളും നൽകി പരിപാലിച്ചുകൊണ്ടിരിക്കുന്ന യഥാർത്ഥ ഉടമയും പരിപാലകനുമായ അല്ലാഹുവിനോട് ഒരു മനുഷ്യനുണ്ടാവേണ്ട സ്നേഹവും സമർപ്പണവുമാണ് ഈ കഥയിൽ ആവിഷ്കൃതമാവുന്നത്. എല്ലാ സുവർണ്ണാനുഭവങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ടിരിക്കെ ഒരു തിക്താനുഭവം അഭിമുഖീകരിക്കേണ്ടി വരുമ്പോഴേക്കും ഉടമയും പരിപാലകനും ആഹാരവും ആരോ​ഗ്യവും ആകാരരൂപ​ഗുണവിശേഷാദി പ്രത്യക്ഷതകളും നൽകി പരിപാലിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെ ആക്ഷേപിക്കുന്ന മനുഷ്യന്റെ നന്ദികേട് പൊതുവെ മനുഷ്യരിൽ നിന്ന് പ്രകടമാണ്. ഈ കഥ അത്തരം നന്ദികേടുകൾക്കെതിരെയുള്ള അവബോധം പങ്ക് വെക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy