സ്വൂഫികളുടെ ഖിർക്ക

"Khirqa" is a robe of recognition or a ceremonial garment that Sufi masters bestow upon their disciples at a certain stage of their spiritual purification. This article contains details about the Khirqa.

അവാരിഫുൽ മആരിഫ്: പരമ്പര തുടരുന്നു.
ഇമാം ശിഹാബുദ്ദീൻ സുഹ്റവർദി(റ)
:

തസ്വവ്വുഫിന്റെ വഴിയിൽ പ്രവേശിക്കുന്ന ശിഷ്യന്ന് അധ്യാത്മഗുരു അണിയിക്കുന്ന വസ്ത്രമാണ് ‘ഖിർഖ’ എന്ന സാങ്കേതിക സംജ്ഞയിലറിയപ്പെടുന്നത്. ശൈഖിന്റെയും, മുരീദിന്റെയും ഇടയിലുള്ള സുദൃഢമായ ബന്ധത്തിൻ്റെ അടയാളമാണിത്. ശൈഖ് തന്റെ മുരീദിനെ മിഥ്യയിൽ നിന്ന് സത്യത്തിലേക്ക്, ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്ക് നയിക്കുന്നു. ദീനിൻ്റെ രാജവീഥിയിലൂടെ പിശാചിന്നെതിരെ മുന്നേറാൻ പരിശീലിപ്പിക്കുന്നു. ദുഷ്കൃതികളിലേക്കു പിടിച്ചു വലിക്കുന്ന അമ്മാറത്തുന്നഫ്സിന്റെ വഞ്ചനകളും, ദീർഘ വീക്ഷണമില്ലായ്‌മയും ചൂണ്ടിക്കാണിച്ചു കൊടുക്കുന്നു. പിശാചിൻ്റെ ചതിക്കുഴികളും, കെണിവലകളും മനസ്സിലാക്കിക്കൊടുക്കുന്നു. വിശിഷ്യാ, ​ഗുണവിശേഷങ്ങളെല്ലാം ചെന്നുചേരുന്ന അല്ലാഹുവിങ്കലേക്ക് മുരീദിനെ ശൈഖ് പുത്രനിർവ്വിശേഷം കൈപിടിച്ചാനയിക്കുന്നു. ഇതിനുവേണ്ടി മുരീദ് തന്റെ ശരീരവും ആത്മാവും ശൈഖിനെ ഏൽപിക്കുകയും ശൈഖ് ഏറ്റെടുക്കുകയും ചെയ്‌തതിൻ്റെ ചിഹ്‌നമത്രെ ഖിർഖ. ഇതോടെ മുരീദ് ശൈഖിൻ്റെ ആജ്ഞാനുവർത്തിയായി. ശരീരവും ആത്മാവും ശൈഖിൻ്റെ നിയന്ത്രണത്തിലൊതുങ്ങുകയായി. അല്ലാഹുവിൻ്റെയും റസൂൽ(സ്വ) തങ്ങളുടെയും നിയന്ത്രണത്തിലൊതുങ്ങിയെന്നർത്ഥം. കാരണം നബിതിരുമേനി(സ) യുടെ തൃക്കൈ പിടിച്ചു പ്രതിജ്ഞയെടുക്കുന്നതിന്റെ അനുകരണമത്രെ ഇത്.

ഉബാദത്തു ബിൻസാമിത്തു(റ) പറയുന്നു: ഞങ്ങൾ നബി(സ) യുടെ തൃക്കൈ പിടിച്ചു ഇങ്ങിനെ പ്രതിജ്ഞയെടുത്തു. “കല്പനകൾ കേൾക്കുകയും, അനുസരിക്കുകയും ചെയ്‌തു കൊള്ളാം. പ്രയാസമുള്ളതായാലും എളുപ്പമുള്ളതായാലും സന്തോഷമുള്ള കാര്യമായാലും അല്ലാത്തതായാലും ശരി. അഹ്‌ലുബൈത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഭിന്നിക്കുകയില്ല. എവിടെ ചെന്നാലും ഞങ്ങൾ സത്യമേ പറയൂ. അല്ലാഹുവിൻ്റെ വഴിയിൽ മുന്നോട്ടു നീങ്ങുമ്പോൾ ആക്ഷേപങ്ങളൊന്നും ഞങ്ങൾ ഗൗനിക്കുകയില്ല.”
ഇതായിരുന്നു സഹാബികളുടെ പ്രതിജ്ഞ. ശൈഖുമാരുമായി മുരീദുമാർ ചെയ്യുന്ന പ്രതിജ്ഞയും ഇതിനോട് സമാനതയുള്ളതാണ്. ഇതിൻ്റെ പ്രത്യക്ഷ ചിഹ്നമായ ‘ഖിർഖ’ ഈ പ്രതിജ്ഞയിലേക്കും. ശൈലിൻ്റെ ശിഷ്യത്വം സ്വീകരിക്കുന്നതിലേക്കുമുള്ള ആദ്യത്തെ കടമ്പയാണ്. ഈ കടമ്പ കടന്ന് അധ്യാത്മ ഗുരുവിന്റെ ഉപദേശമനുസരിച്ചു നീങ്ങുന്നതായാൽ എളുപ്പത്തിൽ ലക്ഷ്യത്തിലെത്താൻ കഴിയും. ശൈഖു അബു യസീദുൽ ബിസ്താമിത്ര) പറയുന്നു:
“ഒരു ഗുരുവിനെ സ്വീകരിക്കാൻ തയ്യാറില്ലാത്തവൻ്റെ ഗുരു പിശാചായിരിക്കും.”

ശൈഖു അബുഅലിയ്യുദ്ദഖാഖ്(റ) പറയുന്നു:
“ഒരാൾ നട്ടു നനച്ചുണ്ടാക്കുന്ന ചെടി തഴച്ചു വളർന്ന് നല്ല മധുര ഫലങ്ങൾ നൽകുമ്പോൾ പടുമുളയായി ഉണ്ടായത് തഴച്ചു വളരുമെങ്കിലും നല്ല പഴം തരികയില്ല. അതു കായ്ച്ചാൽ തന്നെ നട്ടുണ്ടാക്കിയ ചെടിയുടെ പഴത്തിൻ്റെ മാധുര്യം ആ പഴത്തിന്നുണ്ടാവുകയില്ല.”
ഓന്നോർത്തുനോക്കുക; നാം പരിശീലനം നൽകിയ നായ പിടിച്ചു കൊന്ന ജീവിയെ അറുക്കാൻ സാധിച്ചില്ലെങ്കിലും നമുക്കു തിന്നാം. പരിശീലനം നൽകാത്ത നായ പിടിച്ചു കൊന്നതിനെ തിന്നാൻ പാടില്ല. ഇതാണ് ശറഹിൻ്റെ വിധി. ജ്ഞാന​ഗുരുവര്യന്മാർ പറയുന്നു:
“വിജയത്തിലെത്തിയ വ്യക്തിയുടെ ശിക്ഷണം ലഭിക്കാതെ ആർക്കും വിജയത്തിലെത്താൻ കഴിയുകയില്ല.”
ഇക്കാര്യത്തിൽ നബി(സ) യിലും, സ്വഹാബികളിലും നമുക്ക് ഉത്തമ മാതൃക കാണാം. സ്വഹാബിമാരുടെ ഹൃദയങ്ങളിലേക്ക് നബി(സ) ജ്ഞാന ഉറവകൾ തിരിച്ചു വിട്ടു. അവിടുത്തെ പവിഴാധരങ്ങളിൽ നിന്നു അവർ പുന്തേൻ മതിവരുവോളം നുകർന്നു. അദബുകളും, ചിട്ടകളും ലോക ഗുരുവിൻ്റെ മുഖത്തു നിന്നു അവർ നേരിട്ടു പഠിച്ചു ധന്യരായി. ഒരു റിപ്പോർട്ടിൽ പറയുന്നു:
“നബി(സ) സർവ്വകാര്യങ്ങളും ഞങ്ങളെ പഠിപ്പിച്ചു-കക്കൂസിൽ പോകുന്നതുപോലും(എങ്ങനെയാവണമെന്ന് ഞങ്ങളെ പഠിപ്പിച്ചു).”

പരമ്പാരാഗതമായി പ്രവാചകനിൽ നിന്നു കത്തിച്ചെടുത്ത വെളിച്ചമാണ് ശൈഖ് തന്റെ ശിഷ്യന് പകർന്നു കൊടുക്കുന്നത്. ശൈഖിൻ്റെ ഓരോ വാക്കുകളും മുരീദിന്റെ ഹൃദയത്തിലേക്കു ആണ്ടിറങ്ങുന്നു. ക്രമേണ ശൈഖിന്റെ അവസ്ഥകളും മുരീദിലേക്കു വന്നു കൊണ്ടിരിക്കുന്നു. സഹവാസം കൊണ്ടും ഉപദേശം കേൾക്കുന്നതു കൊണ്ടുമാണിത് സാധിക്കുന്നത്. ശൈഖുമായുള്ള നിരന്തരസമ്പർക്കം കൊണ്ടും, ശൈഖിൽ ലയിച്ചു ചേരൽ കൊണ്ടുമല്ലാതെ ഇതു നേടാനൊക്കുകയില്ല. സ്വാഭിപ്രായങ്ങളെല്ലാം ഉപേക്ഷിക്കുമ്പോഴേ ഈ ലയനം നടക്കുകയുള്ളൂ.
രണ്ടാത്മാക്കൾ തമ്മിലാണ് ലയനം നടക്കുന്നത്. ഈ നിലയിൽ കുറെ മുന്നോട്ടു നീങ്ങുമ്പോൾ ശൈഖുമായുള്ള ബന്ധം അല്ലാഹുവിലേക്കു മുന്നേ റുന്നതും അതോടെ മുരീദ് അല്ലാഹുവിൻ്റെ ഇച്ഛയിൽ തൻ്റെ ഇച്ഛയെ ലയിപ്പിക്കുന്നതുമാണ്. അതായത് അല്ലാഹുവിൻ്റെ വിധി വിലക്കുകളിൽ നിന്ന് അണു അളവ് വ്യതിചലിക്കാത്ത അവസ്ഥ. മുമ്പു ശൈഖിൽ നിന്ന് ഗ്രഹിച്ചിരുന്നതു പോലെ ഈ അവസ്ഥയിൽ ‘മുരീദ്’ അല്ലാഹുവിൽ നിന്നു ഗ്രഹിക്കാൻ തുടങ്ങുന്നു.

ഇതിന്റെയെല്ലാം പ്രാരംഭമായ ‘ഖിർഖാ’ധാരണത്തിൻ്റെ അടിസ്ഥാനം താഴെ പറയുന്ന ഹദീസാണ്: ഉമ്മുഖാലിദ്(റ) പറയുന്നു:
“ഒരിക്കൽ നബി(സ) യ്ക്ക് ഒരു ചെറിയ കറുത്ത വസ്ത്രം ഒരാൾ സമ്മാനിച്ചു. അപ്പോൾ നബി(സ) സ്വഹാബികളോടു ചോദിച്ചു:
“ഇതു ഞാൻ നിങ്ങളിൽ ആർക്ക് ധരിപ്പിക്കുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?”
ആരും മറുപടി പറയാതെ നിശബ്ദരായിരുന്നപ്പോൾ നബിയരുളി:
“നിങ്ങൾ ഉമ്മുഖാലിദിനെ വിളിക്കുവീൻ..”
ഉമ്മുഖാലിദ്(റ) തുടരുന്നു:
“നബി(സ) ആ വസ്ത്രം എനിക്കണിയിച്ചു. എന്നിട്ടരുളി: നീ ഇതുപയോഗിച്ചു കൊൾക”(രണ്ടു തവണ നബി(സ) ഈ വാചകം ആവർത്തിച്ചു). പിന്നെ ആ തുണിയിലെ മഞ്ഞയും കറുപ്പും നിറമുള്ള വരകളിലേക്കു നോക്കിക്കൊണ്ടു നബി തുടർന്നു: “ഉമ്മുഖാലിദേ, ഇതു നന്മയാണ്.”

എന്നാൽ ഒരു കാര്യം തീർച്ചയാണ്. ഇന്നു കാണപ്പെടുന്ന വിധത്തിൽ നിശ്ചിത രൂപത്തിലുള്ള ‘ഖിർഖ’ ധാരണമൊന്നും നബി(സ്വ) യുടെ കാലത്തുണ്ടായിരുന്നില്ല. ഇന്നു കാണപ്പെടുന്ന ചടങ്ങുകളെല്ലാം ചില നന്മകളെ ഉദ്ദേശിച്ചു അദ്ധ്യാത്മജ്ഞാനികൾ നിശ്ചയിച്ചതാണ്. അതിലൊന്നും തന്നെ തിന്മയുടെ കണികപോലും കാണുകയില്ല. സത്യത്തിലേക്കും, പ്രവാചക ചര്യകളെ പിൻപറ്റുന്നതിലേക്കും ജനങ്ങളെ ക്ഷണിക്കാനും, ആകർഷിക്കാനുമുള്ള ചടങ്ങുകൾ തിന്മയാകുന്നതെങ്ങിനെ? നബി(സ) യെ വിധി കർത്താവായി സ്വീകരിക്കാൻ ഖുർആൻ നമ്മോട് കൽപിക്കുന്നു. പുണ്യാത്മാവായ ശൈഖിനെ വിധികർത്താവായി സ്വീകരിക്കൽ, നബി(സ) യെ വിധികർത്താവാക്കൽ തന്നെയാണ്. നബി ചര്യകളെ സജീവമാക്കലുമാണത്. പരിശുദ്ധ ഖുർആൻ പറയുന്നു:
“(നബിയേ) താങ്കളുടെ റബ്ബിനെത്തന്നെ സത്യം, അവർ തങ്ങൾക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളിൽ താങ്കളെ വിധികർത്താവായി സ്വീകരിക്കുകയും, പിന്നെ താങ്കളുടെ വിധിയിൽ പൂർണ്ണ സംതൃപ്‌തരാവുകയും, അത് സർവ്വാത്മനാ ശിരസാ വഹിക്കുകയും ചെയ്യുന്നതുവരെ വിശ്വാസികളാവുകയില്ല തന്നെ.”

ഈ സൂക്തം അവതരിക്കാൻ കാരണമുണ്ടായി. സുബൈറുബിൻ അവാം(റ) ഹർറത്തിൽ ഈത്തപ്പന നനച്ചിരുന്ന ചോല വെള്ളത്തെപ്പറ്റി മറ്റൊരാളുമായി തർക്കമുണ്ടായി. തർക്കം നബി(സ്വ) യുടെ സന്നിധിയിലെത്തി. നബി(സ്വ) അരുളി:
“സുബൈറേ താങ്കൾ ഈത്തപ്പന നനച്ചു കഴിഞ്ഞാൽ പിന്നെ വെള്ളം അയാൾക്കു വിട്ടു കൊടുക്കുക.”
ഇതു കേട്ടപ്പോൾ മറ്റേ ആൾ പറഞ്ഞു: “അല്ലാഹുവിൻ്റെ റസൂൽ തന്റെ അമ്മായിയുടെ മകൻ്റെ പക്ഷം ചേർന്നു വിധിച്ചിരിക്കുന്നു.”

ഈ പ്രതികരണത്തെ ആക്ഷേപിച്ചു കൊണ്ടാണ് പ്രസ്‌തുത സൂക്തം അവതരിച്ചത്. ബാഹ്യമായും ആന്തരീകമായും പ്രവാചകനെ അനുസരിക്കേണമെന്നു ഈ സൂക്തം പ്രഖ്യാപിക്കുന്നു. ഇങ്ങിനെത്തന്നെയാണ് മുരീദും തന്റെ ശൈഖിനോടു അനുവർത്തിക്കേണ്ടത്. ഖിർഖ ധരിക്കുന്നതോടു കൂടി മുരീദിന്റെ ഉള്ളും പുറവും ശൈഖിനു വഴങ്ങിയിയതായിരിക്കണം. തൻ്റെ മനസ്സു ശൈഖിനെ അംഗീകരിച്ചു കഴിഞ്ഞു എന്നതിൻ്റെ ചിഹ്നമാണ് ഖിർഖ. ശൈഖിനെപ്പറ്റി എന്തെങ്കിലും ചീത്ത ധാരണ മനസ്സിൽ വെക്കൽ വിഷമാണ്. മൂരീദിനെ നശിപ്പിക്കുന്ന ഉഗ്രവിഷം! അത്തരം വിഷം മനസ്സിൽ കടന്നു കൂടിയാൽ പിന്നെ വിജയം പ്രാപിക്കാൻ പ്രയാസമാണ്. ശൈഖിൻ്റെ പ്രവർത്തനങ്ങളിൽ വല്ലതിന്റെയും പൊരുൾ മനസ്സിലാകാതെ വന്നാൽ മുരീദ് ഒരിക്കലും തെറ്റിദ്ധരിക്കരുത്. മൂസാനബി(അ) മിന്റെയും ഖിളർ നബി(അ) മിന്റെയും ചരിത്രം അവർ ഓർക്കണം. ഖിള്ർ നബി(അ) മിന്റെ പ്രവൃത്തികൾ ആദ്യം മൂസാനബി(അ) തെറ്റിദ്ധരിച്ചു. പക്ഷെ പിന്നീട് വിശദീകരണം ലഭിച്ചപ്പോൾ തെറ്റിദ്ധാരണ നീങ്ങുകയും മൂസാനബി(അ) ഖേദിക്കുകയും ചെയ്തു‌. ശൈഖിൻ്റെ പ്രവൃത്തികളിലും ഇത്തരം പൊരുളുകൾ ഉണ്ടാകുമെന്നു മുരീദു വിശ്വസിക്കണം.

മുരീദിനു ശൈഖ് ‘ഖിർഖ’ ധരിപ്പിക്കുമ്പോൾ പ്രവാചകന്റെ തൃക്കൈയിന്റെ സ്ഥാനത്താണ് ശൈഖിൻ്റെ കൈ പ്രവർത്തിക്കുന്നത്. മുരീദു ശൈഖിന് കീഴടങ്ങുമ്പോൾ പ്രവാചകനും അല്ലാഹുവിനുമാണ് കീഴടങ്ങുന്നത്. അല്ലാഹു നബി(സ) യോടു അരുളി:
“(നബിയെ) താങ്കളുടെ കൈപിടിച്ചു പ്രതിജ്ഞയെടുക്കുന്നവർ, അല്ലാഹുവിനോടു തന്നെയാണ് പ്രതിജ്ഞയെടുക്കുന്നത്. അല്ലാഹുവിന്റെ കൈ(വീക്ഷണം) അവരുടെ കൈക്കുമീതെയുണ്ട്. വല്ലവനും പ്രതിജ്ഞ ലംഘിച്ചാൽ സ്വന്തത്തിന്നെതിരായിത്തന്നെയാണ് അവർ പ്രതിജ്ഞ ലംഘിക്കുന്നത്.”

ഇതിന്റെയടിസ്ഥാനത്തിൽ ശൈഖ് മുരീദിന്റെയും അല്ലാഹുവിന്റെയും ഇടയിൽ ഒരു മാദ്ധ്യമമായി നിലകൊള്ളുന്നു. അല്ലാഹുവിൻ്റെയും റസൂലിന്റെയും പ്രീതി നേടിയെടുക്കാനുള്ള മാദ്ധ്യമം. അല്ലാഹുവിൻ്റെ ഔദാര്യത്തിലേക്കു പ്രവേശിക്കാൻ തനിക്ക് അല്ലാഹു തുറന്നു തന്ന കവാടമാണ് ശൈഖ് എന്ന് മുരീദു ഉറച്ചു വിശ്വസിക്കണം. തനിക്കു ശൈഖിൽ നിന്നു നിർദ്ദേശം ലഭിക്കുന്നതു പോലെ, ശൈഖിന്ന് അല്ലാഹുവിൽ നിന്നു നിർദ്ദേശം ലഭിക്കുന്നുവെന്നും മുരീദു മനസ്സിലാക്കണം. ‘മുറബ്ബി’യായ ശൈഖിന്ന് ഉറക്കത്തിലും, ഉണർവ്വിലും അല്ലാഹുവുമായുള്ള ‘മുനാജത്തി’ൻ്റെ വാതിൽ മലർക്കെ തുറക്കപ്പെട്ടതായിരിക്കും. അതിനാൽ അദ്ദേഹം ഒരിക്കലും തന്നിഷ്ട പ്രകാരം മുരീദിനെ ഭരിക്കുകയില്ല. ശൈഖിനെ സംബന്ധിച്ചിടത്തോളം, ഒരു അനാമത്താണ് മുരീദ്. അല്ലാഹു തന്നെ ഏൽപിച്ച ‘അനാമത്ത്’ സ്വന്തം കാര്യത്തിൽ അല്ലാഹുവിന്റെ സഹായം തേടുന്നതു പോലെ മുരീദിന്റെ കാര്യത്തിലും ശൈഖ് അല്ലാഹുവിൽ അഭയം പ്രാപിച്ചു കൊണ്ടേയിരിക്കും.
ഖുർആൻ പറയുന്നു:
“ബോധനം നൽകൽ അല്ലെങ്കിൽ മറയുടെ പിന്നിലൂടെ സംസാരിക്കൽ, അല്ലെങ്കിൽ ദൂതനെ അയക്കൽ എന്നീ രൂപങ്ങളിലൂടെയല്ലാതെ മനുഷ്യനോടു അല്ലാഹു സംസാരിക്കുകയില്ല.”
ഇവിടെ ദൂതൻ എന്ന ശബ്ദം കൊണ്ടുദ്ദേശ്യം മലക്കാണ്. മലക്കു മുഖേന പ്രവാചകന്മാർക്കാണ് വഹ്‌യ് ലഭിക്കാറ്. മറയുടെ പിന്നിലൂടെ സംസാരിക്കൽ പലവിധത്തിലാവാം. മനോദർപ്പണത്തിൽ പ്രതിഫലിപ്പിക്കൽ, അശരീരി കേൾപ്പിച്ചു കൊടുക്കൽ, സ്വപ്‌നം കാണിച്ചു കൊടുക്കൽ എന്നിങ്ങിനെ പല വിധത്തിലും.

ശിശുക്കൾക്കു മുലയൂട്ടൽ നിർബ്ബന്ധമായ കാലമുണ്ടല്ലോ? ഇതു പോലെ ശൈഖു തന്റെ മുരീദിന്ന് ജ്ഞാനമുലയൂട്ടിക്കൊണ്ടേയിരിക്കൽ നിർബന്ധ മായ കാലയളവുണ്ട്. ആ കാലയളവിൽ മുരീദു ശൈഖുമായി തീരെ വിട്ടുപിരിയാതെ സന്തതസഹചാരിയായി വർത്തിക്കണം. സ്‌തന്യപാന കാലം എന്ന സാങ്കേതിക സംജ്ഞയിലാണ് ഈ കാലഘട്ടം സൂഫികൾക്കിടയിൽ അറിയപ്പെടുന്നത്. അതെത്ര കാലം വേണമെന്നു നിശ്ചയിക്കേണ്ടതു ശൈഖാണ്. മുരീദിന്റെ സ്ഥിതിഗതിയനുസരിച്ചു ഈ കാലഘട്ടത്തിൽ ഏറ്റകുറവുണ്ടായേക്കാം. ഈ കാലയളവിൽ ശൈഖിൻ്റെ അനുമതി കൂടാതെ ഒരു നിമിഷം പോലും മുരീദു വേറിട്ടു നില്ക്കാൻ പാടില്ല. പരിശുദ്ധ ഖുർആൻ പറയുന്നു:
“അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നവർ ഒരു കൂട്ടർ മാത്രമാണ്. അവർ വല്ല പൊതു പ്രശ്‌നങ്ങളിലും നബിയോടൊപ്പം ചേർന്നാൽ നബിയുടെ സമ്മതം കൂടാതെ പുറത്തു പോകുന്നതല്ല. (നബിയേ) താങ്കളോടവർ എന്തെങ്കിലും ആവശ്യത്തിനു വേണ്ടി സമ്മതം ചോദിക്കുകയാണെങ്കിൽ താങ്കൾക്കിഷ്ടമാണെങ്കിൽ സമ്മതം നൽകികൊൾക.”

ദീനിയായ കാര്യത്തേക്കാൾ വലിയ പൊതു പ്രശ്‌നമില്ലല്ലോ? അതിനാൽ ശൈഖും മുരീദും തമ്മിലുള്ള ബന്ധവും ഈ സൂക്‌തത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു. സ്‌തന്യപാനകാലം അവസാനിപ്പിച്ച് പിരിഞ്ഞു പോകാൻ മുരീദു അനുമതി ചോദിച്ചാൽ ശൈഖ് തൻ്റെ അഭിപ്രായമനുസരിച്ചു പ്രവർത്തിക്കണം. അതായതു ഈ മുരീദിനു വേറിട്ടു നിൽക്കാൻ കാലമായോ, ഇല്ലേ എന്ന് ജ്ഞാന ദൃഷ്ടിക്കൊണ്ടു മനസ്സിലാക്കാൻ ശൈഖിന്നു മാത്രമേ കഴിയൂ. മുരിദിന് അല്ലാഹുവിൽ നിന്നു നിർദ്ദേശങ്ങൾ സ്വീകരിക്കാനുള്ള പ്രാപ്തി കൈവരുമ്പോൾ മാത്രമേ സ്‌തന്യപാന കാലാവധി ശൈഖ് അവസാനിപ്പിക്കുകയുള്ളൂ. ഈ കാലാവധിക്ക് മുമ്പ് വല്ല മുരീദും ശൈഖുമായി വേർപെട്ടു പോയാൽ അയാൾ വീണ്ടും ദുനിയാവിൻ്റെ ചതിക്കുഴിയിൽ വീണു പോകുന്നതാണ്.

‘ഖിർഖ’ രണ്ടുതരമുണ്ട്. ഒന്നു ശിഷ്യത്വം സ്വീകരിക്കാനുള്ള ഖിർഖ. മറ്റേതു തബർറുക്കിന്നു വേണ്ടിയുള്ള ഖിർഖ.
തബർറുക്കിന്നു വേണ്ടിയുള്ള ഖിർഖ ആർക്കും വാങ്ങാം. ശൈഖിൽ നിന്നുള്ള ബർക്കത്തിന്നു വേണ്ടി അതു ധരിച്ചു നടക്കുകയും ചെയ്യാം. എന്നാൽ ശിഷ്യത്വം സ്വീകരിക്കാനുള്ള ഖിർഖ വാങ്ങാൻ നേരത്തെപ്പറഞ്ഞ ‘ശർത്തു’കൾ പാലിക്കേണ്ടതുണ്ട്. തബർറുക്കിന്നു വേണ്ടിയുള്ള ഖിർഖ ധരിച്ചു നടക്കുന്നതു കൊണ്ടു ബറക്കത്തു ലഭിക്കുന്നതിനു പുറമേ മറ്റൊരു പ്രയോജനം കൂടിയുണ്ട്. ഒരു വിഭാ​ഗത്തിൻ്റെ വേഷം അനുകരിച്ചു നടക്കുന്ന വ്യക്തി ആ വിഭാ​ഗത്തിൽ ഉൾപ്പെടുമെന്ന് നബി(സ്വ) അരുളിയിട്ടുണ്ടെല്ലോ, അതിനാൽ ബറക്കത്തിന്നു വേണ്ടി, ഖിർഖ ധരിച്ചു നടക്കുന്നവനെയും അല്ലാഹു സൂഫികളിൽ ചേർത്തു കൊടുത്തേക്കാം.

ശിഷ്യത്വം സ്വീകരിക്കാനുള്ള ഖിർഖ മുരീദു തൻ്റെ ശൈഖിൽ നിന്നു സ്വീകരിക്കുന്നതോടെ സ്തന്യപാനം ചെയ്യുന്ന ശിശുവിനെപ്പോലെ ആ മുരീദു തൻ്റെ ശൈഖിനെ സർവ്വത്രകാര്യങ്ങളിലും ആശ്രയിക്കുന്നു. ശൈഖ് തന്റെ ഉൾക്കണ്ണുപയോഗിച്ച് തന്റെ ശിഷ്യന്നു ആവശ്യമായ ശിക്ഷണങ്ങളും, നിർദ്ദേശങ്ങളും നൽകുകയും, അധ്യാത്മികമായി അവനെ വളർത്തിയെടുക്കുകയും ചെയ്യുന്നു. മുരീദിന്റെ പരിതസ്ഥിതിയനുസരിച്ച് ഏതുതരത്തിലുള്ള ഖിർഖയാണ് അവന്ന് ധരിപ്പിക്കേണ്ടതെന്ന് ശൈഖ് നിശ്ചയിക്കുന്നു. ചിലർ നേരത്തെ തന്നെ സൂഫികളുടെ വേഷമുള്ളവരായിരിക്കും. ജനങ്ങൾ തങ്ങളെ സൂഫികളെ നോക്കുന്ന കണ്ണു കൊണ്ട് നോക്കിക്കാണാൻ ആഗ്രഹിക്കുന്നവരാണ് ആ വേഷം ധരിക്കാറ്. അപ്പോൾ അത്തരം ആളുകൾക്ക് ഈ വേഷം ധരിക്കുന്നതിൽ നഫ്സിന്റെ പ്രേരണ കൂടി ഉണ്ടായിരിക്കും. ദേഹേച്ഛയോട്(നഫ്സിനോട്) പടപൊരുതലാണല്ലോ സൂഫീസം. അതിനാൽ ഇത്തരം മുരീദുമാർക്ക് ശൈഖുമാർ മിക്കവാറും ഖിർഖയായി നൽകാറുള്ളത് മൃദുലമായ വസ്ത്രമാണ്. മൃദുലമായ വസ്ത്രങ്ങളെ അവരുടെ ശരീരങ്ങൾ വെറുക്കുന്നു. പരുപരുത്ത വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ ശരീരേച്ഛയെ നശിപ്പിക്കാൻ വേണ്ടി മൃദുലമായ ഖിർഖ അത്തരക്കാരെ ധരിപ്പിക്കുന്നു. ചിലർക്ക് മുറിയൻ കൈയുള്ള ഷർട്ടായിരിക്കും ഇഷ്ടം. ചിലർക്ക് ഫുൾക്കൈയും. ചിലർക്ക് നീളൻ കുപ്പായമാണെങ്കിൽ ചിലർക്ക് മുറിയൻ കുപ്പായമാകും ഇഷ്ടം. ഇതെല്ലാം ശൈഖു തൻ്റെ ഉൾക്കണ്ണാൽ കണ്ടറിഞ്ഞ് ഓരോരുത്തരുടെയും നഫ്സിന്റെ ഇച്ഛക്കു വിപരീതമായ വിധത്തിലുള്ള വസ്ത്രം(ഖിർഖ) നൽകുന്നു. ഇങ്ങിനെ മുരീദിന്റെ വസ്ത്രത്തിൽ മാത്രമല്ല, ഭക്ഷണം, ഉറക്കം, ഇബാദത്ത് എന്നിത്യാദി ചലനങ്ങളിലെല്ലാം തന്നെ നഫ്സിൻ്റെ ഇച്ഛയെ നശിപ്പിക്കുന്ന വിധത്തിൽ ശൈഖ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ദിക്ർ, സലാത്ത്, ഖുർആൻ പാരായണം, തൊഴിൽ, ഖിദ്മത്ത് തുടങ്ങിയ കാര്യങ്ങളിലെല്ലാം മുരീദിന്ന് ശൈഖ് നിർദ്ദേശങ്ങൾ നൽകുന്നു. പരിശുദ്ധ ഖുർആൻ പറയുന്നു:
“നിൻ്റെ റബ്ബിൻ്റെ പാതയിലേക്ക് ഹിക്മത്തോടെയും നല്ല നല്ല ഉപദേശങ്ങൾ നൽകിയും ജനങ്ങളെ ക്ഷണിക്കുക. അവരുമായി മെച്ചമായ രൂപത്തിൽ വാദ പ്രതിവാദം നടത്തുകയും ചെയ്യുക.”

അപ്പോൾ അല്ലാഹുവിൻ്റെ പാതയിലേക്കു ക്ഷണിക്കുന്നതിൽ പ്രധാനപ്പെട്ട ഒരു ഉപാധിയാണ് ഹിക്മത്ത്. അപ്രകാരം തന്നെയാണ് നല്ല ഉപദേശങ്ങളും, വാദപ്രതിവാദവും. അപ്പോൾ ചിലരെ സംബന്ധിച്ചേടത്തോളം ഹിക്‌മത്ത് പ്രയോഗിച്ചുള്ള ക്ഷണമായിരിക്കും ഫലപ്രദം. ചിലരെ സംബന്ധിച്ചേടത്തോളം നല്ല ഉപദേശവും, മറ്റു ചിലരിൽ വാദപ്രതിവാദവുമായിരിക്കും ഫലപ്രദവമാവുക. മുരീദുകളെ സംബന്ധിച്ചേടത്തോളം ഏതാണ് കൂടുതൽ ഫലപ്രദമെന്ന് ശൈഖ് തൻ്റെ ആറാമിന്ദ്രീയം കൊണ്ട് കാണുകയും, അതനുസരിച്ചു ശിക്ഷണം നൽകുകയും ചെയ്യും.
ഇതുപോലെത്തന്നെ ഏതു തരം ഇബാദത്തു കൊണ്ടാണ് ശിഷ്യൻ്റെ ആത്മാവിന്റെ കറയും ദുർമ്മേദസും നീക്കിക്കളയാൻ വേഗം കഴിയുക എന്ന് ശൈഖ് കണ്ടെത്തുന്നു. ചിലർക്ക് നിസ്കാരത്തിൽ മുഴുകുന്നതു കൊണ്ടാണെങ്കിൽ മറ്റു ചിലർക്ക് ദിക്റു കൊണ്ടും വേറെ ചിലർക്ക് പരിശുദ്ധ ഖുർആൻ പാരായണത്തിൽ ലയിക്കുന്നതു കൊണ്ടുമായിരിക്കും വേഗം ലക്ഷ്യം പ്രാപിക്കാനാവുക. മുരീദിന്റെ ശരീരേച്ഛകളെ കീഴടക്കാനും, അല്ലാഹുവിൻ്റെ ഇച്ഛകൾക്കു സർവ്വാത്മനാ കീഴടങ്ങാൻ മുരീദിനെ ഒരുക്കാനും ആവശ്യമായ ശിക്ഷണങ്ങൾ ശൈഖു നൽകുന്നു. അതിന്നനു യോജ്യമായ പ്രത്യേകതരത്തിലുള്ള ‘ഖിർഖ’ ധരിപ്പിക്കുകയും ചെയ്യുന്നു. അങ്ങിനെ മുരീദിന്റെ മോഹങ്ങളാകുന്ന രോഗങ്ങൾക്ക് ഉപകരിക്കുന്ന ദിവ്യ ഔഷധങ്ങൾ ശൈഖു നൽകുന്നു. അല്ലാഹുവിൻ്റെ പ്രീതിക്കു മുരീദിനെ പാത്രമാക്കിത്തീർക്കൽ മാത്രമായിരിക്കും ശൈഖിന്റെ ലക്ഷ്യം.
ഒരു ‘മുറബ്ബിയായ ശൈഖിൻ്റെ ശിക്ഷണം ലഭിക്കാൻ വേണ്ടി ദാഹിക്കുന്ന മനുഷ്യന്റെ അവസ്ഥ, പാമ്പുകടിയേറ്റ മനുഷ്യൻ വിഷഹാരിയെക്കാണാൻ ശ്വാസമടക്കിപ്പിടിച്ചു കിടക്കുന്നതുപോലെയാണ്. ശൈഖിനെ ആ മനുഷ്യൻ കണ്ടെത്തുമ്പോൾ ആയാളുടെ ഹൃദയം കാന്തം പോലെ ശൈഖിലേക്കാകൃഷ്ടമായിത്തീരുന്നു ശൈഖിന്റെ ഹൃദയനേത്രങ്ങളാവട്ടെ, ആ മനുഷ്യൻ്റെ ഉള്ളും പുറവും വ്യക്തമായി കാണുകയാൽ, ദിവ്യകിരണങ്ങൾ അയാളിലേക്ക് ഉതിർക്കാൻ തുടങ്ങുകയും ചെയ്യുന്നു. രണ്ടുപേരുടെയും ലക്ഷ്യം ദിവ്യ പ്രീതിയാകയാൽ അവ രണ്ടും ഇഴുകി ച്ചേരുന്നു. മുരീദിൽ നിന്നും മഹബ്ബത്തിൻ്റെ നിർത്‌ധരി ശൈഖിലേക്കും ശൈഖിൽ നിന്ന് ജ്ഞാന മധു മുരീദിലേക്കും മന്ദം മന്ദം ഒഴുകാൻ തുടങ്ങുകയായി. കാരണം അല്ലാഹുവിനു വേണ്ടി അല്ലാഹുവിലേക്ക് അല്ലാഹുവിൻ്റെ പാതയിലാണല്ലോ അവർ സന്ധിച്ചിട്ടുള്ളത്. അപ്പോൾ ശൈഖ് തൻ്റെ മുരീദിന് അണിയിക്കുന്ന കുപ്പായം മുരീദിന് അല്ലാഹുവിങ്കൽ നിന്നുള്ള ഒരനുമോദനമായി ഭവിക്കുന്നു. ശൈഖിന്റെ ശ്രദ്ധ മുരീദിൽ പതിഞ്ഞതിന്റെ ചിഹ്‌നമാണത്. യൂസുഫുനബി(അ) തന്റെ കുപ്പായം പിതാവിന്നണിയിച്ചപ്പോൾ സംഭവിച്ചതൊക്കെ ഇവിടെയും സംഭവിക്കാം.
ഇബ്രാഹിം നബി(അ) യെ നംറൂദ് തീയിൽ എറിഞ്ഞത് അദ്ദേഹത്തെ പൂർണ്ണനഗ്നനാക്കിയ ശേഷമത്രെ. ഉടനെ ജിബരീൽ സ്വർഗ്ഗത്തിൽ നിന്നു ഒരു പട്ടുകുപ്പായം കൊണ്ടു വന്നു ഇബ്രാഹീം നബി(അ) യെ അണിയിച്ചു. തൻമൂലം അഗ്നി ചന്ദനച്ചാറായി മാറി. ആ കുപ്പായം ഇബ്രാഹിം നബി(അ) തൻ്റെ മരണം വരെ സൂക്ഷിച്ചു വെച്ചിരുന്നു. വിയോ​ഗശേഷം മകൻ ഇസ്ഹാഖുനബി(അ) അതു കൈവശം വെച്ചു. പിന്നെ അദ്ദേഹം വഫാത്തായപ്പോൾ അതു യഅ്ഖൂബുനബി(അ) ന്റെ കൈയിലെത്തി. താനതു തൻ്റെ പുത്രനായ യൂസഫിനോടുള്ള വാത്സല്യത്താൽ ചുരുട്ടി മടക്കി ഒരേലസ്സിൻ്റെ രൂപത്തിലാക്കി മകന്റെ കഴുത്തിൽ കെട്ടിക്കൊടുത്തു. അതിന്റെ ബർക്കത്തു മൂലം യൂസുഫിന് പല ഗുണങ്ങളും ലഭിച്ചു. ഒടുവിൽ തന്റെ സഹോദരന്മാർ തന്നെ നഗ്നനാക്കി പൊട്ട കിണറ്റിലേക്ക് വലിച്ചെറിയുമ്പോഴും, ആ ഏലസ്സ് യൂസുഫിന്റെ കഴുത്തിലുണ്ടായിരുന്നു. പൊട്ടകിണറ്റിൽ വീണ ഉടനെ ജിബ്രീൽ പ്രത്യക്ഷപ്പെട്ട് ആ ഏലസ്സഴിച്ചു. അതിന്നുള്ളിലെ കുപ്പായമെടുത്തു യൂസുഫ്(അ) മിന് ധരിപ്പിക്കുകയുണ്ടായി.

മുജാഹിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു:
ആ കുപ്പായത്തിൻ്റെ പ്രത്യേകത യൂസുഫ് നബി(അ) ക്കറിയാമായിരുന്നു. അതു ഇബ്രാഹിം നബി(അ) യിൽ നിന്നു തൻ്റെ പിതാവിന്നു പരമ്പരാഗതമായി ലഭിച്ചതാണെന്ന വസ്‌തുത അദ്ദേഹം സൂക്ഷ്മമായി ഗ്രഹിക്കുകയും ചെയ്‌തിരുന്നു. ജിബ്രീലിൻ്റെ കൽപന പ്രകാരമാണ് അദ്ദേഹം പീന്നിട് അത് പിതാവിന്ന് കൊടുത്തയച്ചത്. സ്വർഗ്ഗത്തിൻ്റെ നറുമണമുള്ള ആ വിശിഷ്ട വസ്ത്രം ഏതു രോഗിയെ മണപ്പിച്ചാലും പൂർണ്ണാരോഗ്യം തിരിച്ചു കിട്ടുമെന്നദ്ദേഹത്തിന്നുറപ്പായിരുന്നു.
ഇതുപോലെ ശൈഖ് തൻ്റെ മുരീദിന് ധരിപ്പിക്കുന്ന കുപ്പായം (ഖിർഖ) മുരീദിന്റെ ആത്മീയ രോഗങ്ങൾക്കെല്ലാം സിദ്ധൗഷധമായി പരിണമിക്കുന്നു. സ്വർഗ്ഗത്തിൻ്റെ നറുമണം മുരീദിനെത്തിച്ചുകൊടുക്കുന്ന മാധ്യമമായി അതു മാറുന്നു. കാരണം, അതു ധരിക്കുന്നതോടെ മുരീദ് തൻ്റെ ആത്മാവിനെ ഉൺമയുടെ സത്തയിൽ കേന്ദ്രീകരിക്കുന്നു. ‘ഖിർഖ’ അല്ലാഹുവിൻ്റെ ഔദാര്യമായി മുരീദു കാണുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ കനിവും, ഉൺമയുടെ കിരണങ്ങളും തന്നിലേക്കു ഒഴുകുന്നതായി മുരീദിനു അനുഭവപ്പെടുന്നു.

ബറക്കത്തിന്നു വേണ്ടി ധരിക്കുന്ന ഖിർഖ കൊണ്ടുള്ള ലക്ഷ്യം ശൈഖിൻ്റെ അനുഗ്രഹങ്ങൾക്ക് പാത്രീഭവിക്കൽ മാത്രമാണെന്ന് മുമ്പ് പ്രസ്‌താവിച്ചുവല്ലോ? അതിന് നേരത്തെപ്പറഞ്ഞ ശർത്തുകളൊന്നും ഇല്ല. എങ്കിലും അതു ധരിപ്പിക്കുമ്പോൾ ശൈഖ് ഒരു പ്രതിജ്ഞ ചെയ്യിക്കാറുണ്ട്. ശറഇന്റെ അതിർത്തി ലംഘിക്കാതെയും സൂഫികളുമായി ഇടപഴകിയും ജീവിച്ചു കൊള്ളാമെന്നാണ് പ്രതിജ്ഞ. അങ്ങിനെ ഇടപഴകുന്നതു മൂലം “മൂല്ലപ്പുമ്പൊടിയേറ്റു കിടക്കുന്ന കല്ലിന്നും സൗരഭ്യമുണ്ടാകുന്ന പോലെ, ഈ മനുഷ്യന്നും സൂഫീസത്തിൽ താല്പര്യം ജനിക്കുകയും, തസ്വവ്വുഫിൽ പ്രവേശിക്കാൻ പ്രചോദനം ലഭിക്കുകയും ചെയ്യും. അങ്ങിനെ മുരീദുമാരുടെ ഖിർഖ ധരിക്കാനുള്ള യോഗ്യത അവൻ നേടിയേക്കാം. ബറക്കത്തിനു വേണ്ടി ‘ഖിർഖ’ ആവശ്യപ്പെടുന്നവർക്കെല്ലാം ശൈഖ് നൽകും. പക്ഷേ, മുരീദാകാനുള്ള ഖിർഖ അപേക്ഷകർക്കെല്ലാം ലഭിക്കുകയില്ല. ശൈഖ് തന്റെ ഉൾക്കണ്ണു കൊണ്ട് അർഹത കണ്ടവർക്ക് മാത്രമേ അതു നൽകൂ.
വയലറ്റു നിറമുള്ള ‘ഖിർഖ’യാണ് സാധാരണ ശൈഖുമാർ നൽകാറുള്ളത്. എന്നാൽ ആവശ്യമെന്നു തോന്നിയാൽ മറ്റു നിറത്തിലും നൽകാറുണ്ട്. ഇക്കാര്യത്തിലും മുമ്പു പറഞ്ഞ കാര്യങ്ങളാണ് പരിഗണിക്കാറ്. ഏതു നിറത്തിലുള്ളത് നൽകിയാലും ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ല. സന്ദർഭോചിതമായാണ് ശൈഖ് ഖിർഖയുടെ നിറം തെരഞ്ഞെടുക്കാറ്.
ഹാഫ് കൈയുള്ള കുപ്പായമാണ് ഫഖീറിനു നല്ലതെന്നു ചില അദ്ധ്യാത്മ ഗുരുക്കന്മാർ പറയാറുണ്ട്. ഖിദ്‌മത്തു ചെയ്യാൻ സൗകര്യം അതാണത്രെ. ചില പ്പോൾ ശൈഖ് ഒരിക്കൽ ധരിപ്പിച്ച ഖിർഖയിൽ പിന്നെ സന്ദർഭോചിതം മാറ്റം വരുത്താറുമുണ്ട്. മുമ്പു പറഞ്ഞ ‘മസ്‌ലഹത്തു’കൾ പരിഗണിച്ചാണത്. മുരീദിൻ്റെ ശരീരേച്ഛകൾ ചികിത്സിച്ചു ഭേദപ്പെടുത്തുകയാണല്ലോ ശൈഖ് ചെയ്യുന്നത്. അതിന്നാവശ്യമായ മാറ്റങ്ങൾ ഉചിതമായ സന്ദർഭങ്ങളിൽ ശൈഖ് വരുത്തും.
വയലറ്റു നിറം ശൈഖുമാർ തിരഞ്ഞെടുക്കാൻ കാരണം വസ്ത്രം ദിവസേന കഴുകാൻ സൂഫികൾക്കു സമയം കിട്ടുകയില്ലെന്നോർത്തിട്ടാണ്. മാലിന്യമായാൽ മാത്രമേ അവർ കഴുകാറുള്ളൂ. അല്ലാതെ, വയലറ്റു നിറത്തിനു വേറെ പ്രാധാന്യമൊന്നുമില്ല. എന്നാൽ ചില ‘കൃത്രിമ സൂഫികൾ’ വയലറ്റു നിറത്തിൽ പല രഹസ്യങ്ങളുമുണ്ടെന്നു വ്യാഖ്യാനിക്കാറുണ്ട്. അവരുടെ അത്തരം ജൽപനങ്ങൾക്ക് ദീനുമായി യാതൊരു ബന്ധവുമില്ല.
ശൈഖ് അബുൽ ഫഖ്റുൽ ഹമദാനി(റ) പറയുന്നു:
“ഞാൻ ബാഗ്ദാദിൽ ശൈഖ് അബൂബക്കറുശ്ശുറൂത്തി(റ) യുടെ സന്നിധിയിൽ നിൽക്കുകയായിരുന്നു. അപ്പോൾ ആശ്രമത്തിനകത്തു നിന്ന് ഒരു ഫഖീർ പുറത്തു വന്നു. ഫഖീറിന്റെ വസ്ത്രം വല്ലാതെ മുഷിഞ്ഞിരുന്നു. ഒരാൾ ആ ഫഖീറിനോടു ചോദിച്ചു: എന്താണ് വസ്ത്രം കഴുകാത്തത്?
ഫഖീർ പ്രതിവചിച്ചു: സഹോദരാ സമയം കിട്ടിയില്ല.”
ശൈഖ് അബുൽഫഖ്റുൽ ഹമദാനി(റ) തുടരുന്നു:
“ആ ഫഖീറിന്റെ വാക്കിന്റെ മാധുര്യം ഞാൻ ഇന്നും ആസ്വദിക്കുന്നു. കാരണം, ആ വാക്ക് സത്യമാണ്. ആ വാക്ക് ഓർക്കൽ പോലും ബറക്കത്തായി ഞാൻ കരുതുന്നു.”
ഇതാണ് വയലറ്റു നിറം തെരഞ്ഞെടുക്കാനുള്ള കാരണം, ഉൺമയുടെ സത്ത സംബന്ധമായ ആത്മീയവ്യാപാരങ്ങൾ അവരെ നിർവൃതിയിൽ ആഴ്ത്തിക്കളയുമ്പോൾ, പിന്നെ എപ്പോഴും വസ്ത്രം കഴുകാൻ അവർക്ക് എങ്ങിനെ ഒഴിവു കിട്ടും? അതിനാൽ വയലറ്റു നിറം തെരഞ്ഞെടുത്തു സമയം ലാഭിക്കുകയാണവർ,
എന്നാൽ ശൈഖ് മറ്റു വല്ല നിറത്തിലുമുള്ള ഖിർഖയാണ് ധരിപ്പിക്കുന്നതെങ്കിൽ അതു തൃപ്തിപ്പെടൽ മുരീദിന്നു നിർബ്ബന്ധമാണ്. ശൈഖിന്റെ അധികാരമാണത്. അദ്ദേഹം ഉൾക്കണ്ണുള്ളവനാണല്ലോ?
മുരിദുമാർക്ക് തീരെ ഖിർഖ ധരിപ്പിക്കാത്ത ശൈഖുമാരും ഉണ്ട്. അതും അംഗീകൃതം തന്നെ. ‘സലഫുസ്സാലിഹു’കളിൽപെട്ട പുണ്യാത്മാക്കളിൽ പലർക്കും ‘ഖിർഖ’ യെന്തന്നറിയുക പോലുമില്ല. മുരീദുമാർക്കവർ അതു ധരിപ്പിച്ചിട്ടുമില്ല. ആകയാൽ ഖിർഖ ധരിപ്പിക്കുന്ന ശൈഖുമാർ സദുദ്ദേശ്യത്തോടെയും ശറഇന്നനുസൃതമായും അതു ചെയ്യുന്നു. ധരിപ്പിക്കാത്ത ശൈഖുമാരും സദുദ്ദേശമുള്ളവർ തന്നെ. രണ്ടു വിഭാഗത്തിന്റെയും ലക്ഷ്യം മുരീദിനെ സംസ്ക്കരിച്ചെടുക്കലാണ്. അവന്റെ നഫ്സിന്റെയും ആത്മാവിൻ്റെയും ദുർമ്മേദസ്സുകൾ ഉരുക്കിക്കളയലും. നല്ല നിയ്യത്ത
ല്ലാതെ ആ പൂണ്യാത്മാക്കൾക്കില്ല. അതനുസരിച്ചു അവരുടെ പ്രവൃത്തികൾ വ്യാഖ്യാനിക്കേണ്ടതാണ്. അവരുടെ തണൽ അല്ലാഹു സാധുക്കളായ നമുക്കു കനിഞ്ഞരുളട്ടെ, ആമീൻ. തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy