സാലിക്.

പ്രപഞ്ചം അനാദിയാണെന്ന് വിശ്വസിക്കുന്ന ഒരു യുക്തിവാദിയും ഇമാം അബു ഹനീഫ(റ) യും തമ്മിൽ ഒരു സംവാദം നടന്നു. ഈ പ്രപഞ്ചത്തിനും അതിലെ സർവ്വചരാചരങ്ങൾക്കും ഒരു സ്രഷ്ടാവുണ്ടോ ഇല്ലയോ എന്നതായിരുന്നു സംവാദ വിഷയം. ഈ സുപ്രധാന വിഷയത്തിൽ ചർച്ച നടക്കുമെന്ന് അറിഞ്ഞപ്പോൾ, നിരവധി ആളുകൾ സംവാദം കേൾക്കാൻ ഒത്തുകൂടി. എന്നാൽ, ഇമാം അബു ഹനീഫ(റ) എത്താൻ വൈകി.
വൈകിയെത്തിയ ഇമാമിനോട് യുക്തിവാദി ചോദിച്ചു:
“നിങ്ങൾ എന്തുകൊണ്ടാണ് ഇത്ര വൈകിയത്?”
ഇമാം അബു ഹനീഫ(റ) പ്രതിവചിച്ചു:
“ഞാൻ കാട്ടിലൂടെ നടന്നുവരികയായിരുന്നു. അവിടെ ഞാൻ ഒരു ആശ്ചര്യകരമായ കാഴ്ച കണ്ടു. അത് കണ്ട് ഞാൻ അത്ഭുതപ്പെട്ട് അവിടെത്തന്നെ നിന്നുപോയി. ഒരു പുഴയുടെ അരികിൽ ഒരു മരം നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്നതാ അത് സ്വയം മുറിഞ്ഞ് നിലത്ത് വീഴുന്നു. പിന്നെ അതിന്റെ തടി സ്വയം തന്നെ പലകകളായി മാറി. ആ പലകകൾ സ്വയം ഒരു വള്ളമായി ഉടനെ രൂപാന്തരപ്പെടുന്നു. അത് തനിയെ പുഴയിലിറങ്ങി, ഒരു കരയിൽ നിന്ന് ആളുകളെ അക്കരയ്ക്കും അക്കരെ നിന്ന് ആളുകളെ ഇക്കരയ്ക്കും കൊണ്ടുപോകാൻ തുടങ്ങി. യാത്രക്കാരുടെ കയ്യിൽ നിന്ന് സ്വയം കൂലിയും വാങ്ങി.”
ഒരു ഇടവേളക്ക് ശേഷം ഇമാം ചോദിച്ചു:
“ഞാൻ ഇത് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?”
ഇത് കേട്ടപ്പോൾ യുക്തിവാദി ചിരിച്ചുകൊണ്ട് പറഞ്ഞു:
“നിങ്ങളെപ്പോലെ ഒരു വലിയ പണ്ഡിതൻ ഇങ്ങനെ ഒരു നുണ പറയുന്നത് വിചിത്രമാണ്. ആരുമില്ലാതെ ഇങ്ങനെയൊരു കാര്യം സ്വയം സംഭവിക്കുമോ? അത് ഒരിക്കലും സാധ്യമല്ല!”
ഇമാം അബു ഹനീഫ(റ) പറഞ്ഞു:
“നിങ്ങളുടെ കാഴ്ചപ്പാടനുസരിച്ച് ഇതൊന്നും ഒരു വലിയ കാര്യമല്ല എന്നതല്ലേ വസ്തുത? ഇതിനേക്കാൾ വലിയതും മഹത്തരവുമായ ചരാചരങ്ങൾ ആരുമില്ലാതെ സ്വയം ഉണ്ടായതല്ലേ? ഈ ഭൂമി, ഈ ആകാശം, ഈ ചന്ദ്രൻ, ഈ സൂര്യൻ, ഈ നക്ഷത്രങ്ങൾ, ഈ പൂന്തോട്ടങ്ങൾ, പലതരം വർണ്ണങ്ങളിലുള്ള പൂക്കളും പഴങ്ങളും, ഈ മലകൾ, ഈ മൃഗങ്ങൾ, ഈ മനുഷ്യർ, ഈ ലോകം മുഴുവൻ ഒരു സൃഷ്ടാവില്ലാതെ സ്വയം ഉണ്ടായതാണെന്നാണ് നിങ്ങളുടെ വിശ്വാസം. ഒരു വള്ളം പോലും സ്വയം ഉണ്ടാകില്ലെങ്കിൽ, ഈ ലോകം മുഴുവൻ സ്വയം ഉണ്ടായതാണെന്ന് പറയുന്നത് അതിനേക്കാൾ വലിയ നുണയല്ലേ?”
ഇമാം അബു ഹനീഫയുടെ ഈ വാക്കുകൾ കേട്ട് യുക്തിവാദി നിശ്ശബ്ദനായി. അദ്ദേഹം തന്റെ അവിശ്വാസം ഉപേക്ഷിച്ച് സത്യവിശ്വാസം സ്വീകരിച്ചു.
(തഫ്സീർ കബീർ പേജ് 23, വാള്യം 1).