അശ്റഖ ബെയ്ത്ത് പരിഭാഷ
വിവർത്തനം: സലാം പേരോട്.

أشرق البدر علينا
വെണ്ണിലാവുദയം ചെയ്തു നമുക്കുമീതെ
فاختفت منه البدور
മങ്ങിയല്ലോ അപ്പോഴിതര പ്രകാശഗോളങ്ങളെല്ലാം
مثل حسنك ما رأينا
അങ്ങയെപ്പോലൊരു പനിനീരിന്‍ കാന്തി വേറെ കണ്ടിട്ടില്ല ഞങ്ങൾ
قط يا وجه السرور
തീരെ കണ്ടിട്ടില്ല, ആനന്ദദായിയാം മുഖകമലമേ
أنت شمس أنت بدر
അങ്ങ് സൂര്യഗോളമോ? അതോ ചന്ദ്രബിംബമോ?
أنت إكسير وغالي
അങ്ങ് അമൃതാണ്, അല്ല; അതിലേറെ അമൂല്യമാം നിധികുംഭം
أنت مصباح الصدور
അങ്ങ് നെഞ്ചകത്ത് കത്തും ദീപമല്ലോ
يا حبيبي يا محمد
അല്ലയോ മാമക സ്നേഹഭാജനം, മുഹമ്മദേ സ്വല്ലല്ലാഹു അലയ്ഹി വസല്ലം
يا عروس الخافقين
കിഴക്കിന്‍റെ, പടിഞ്ഞാറിന്‍റെ പുതുമണവാളനേ
يا مؤيد يا ممجد
ബലപ്പെടുത്തപ്പെട്ട മുത്തേ, മഹനീയമാക്കപ്പെട്ട മുത്തേ
يا إمام القبلتين
ബൈത്തുല്‍ മഖ്ദിസ്, കഅ്ബത്തുശ്ശരീഫഃ ഇരു ഖിബ് ലകള്‍ക്കും ഇമാമായോരേ
من رأى وجهك يسعد
അങ്ങയുടെ തിരുവദനം കണ്ടവര്‍ സൗഭാഗ്യവാന്‍മാരാകും
يا كريم الوالدين
മാന്യരാം മാതാപിതാക്കളുടെ പ്രിയസുതനേ
حوضك الصافى المبرد
അങ്ങയുടെ ജലാശയത്തിലെ തീര്‍ഥജലം സ്വച്ഛവും ശീതളവും
وردنا يوم النشور
ഉയിര്‍ത്തെഴുന്നേല്പുനാളില്‍ ദാഹം തീര്‍ക്കാന്‍ ഞങ്ങൾ വന്നണയും പുണ്യജലാശയമല്ലയോ അങ്ങുതൻ ജലനിധി
ما رأينا العيس حنت
ഒട്ടകം ഇത്രയേറെ ആനന്ദിക്കുന്നതു ഞങ്ങൾ കണ്ടിട്ടില്ല
في السرى الا اليك
അങ്ങയുടെ തിരുസവിധത്തിലേക്ക് അതു വന്നണയുമ്പോഴല്ലാതെ
والغمام قد أظلت
കരിമുകിൽ നിഴൽവിരിച്ചു
والملا صلوا عليك
ജനസമൂഹം അങ്ങയ്ക്ക് സലാത്ത് ചൊല്ലി
وأتاك العَود يبكي
പ്രായമേറിയ ഒട്ടകം കരഞ്ഞുകൊണ്ട് അങ്ങയെ സമീപിച്ചു
وتذلل بين يديك
അങ്ങയുടെ തിരുമുമ്പിൽ ഭവ്യതയോടെ അതു നിലകൊണ്ടു
واستجارك يا حبيبي
പ്രിയ നബിയേ, അങ്ങയെ അഭയം പ്രാപിച്ചില്ലയോ
عندك الظبي النفور
ഓടിപ്പോയ മാൻപേട അങ്ങയുടെ തിരുസവിധത്തിൽ
عندما شدوا المحامل
ഒട്ടകക്കട്ടിൽ കെട്ടി യാത്ര പുറപ്പെട്ട നേരത്ത്
وتنادوا للرحيل
മദീനയിലേക്ക് യാത്രതിരിക്കാൻ പരസ്പരം വിളിച്ചുപറഞ്ഞ നേരത്ത്
جئتهم والدمع سائل
കണ്ണുനീർ പൊഴിച്ചുകൊണ്ട് അവരെ ഞാൻ സമീപിച്ചു
قلت قف لي يا دليل
അല്ലയോ വഴികാട്ടീ, എനിക്കുവേണ്ടി ഒന്നു നില്ല് എന്നു ഞാൻ പറഞ്ഞു
وتحمل لي رسائل
എനിക്കുവേണ്ടി ഈ സന്ദേശങ്ങൾ ഒന്നു കൊണ്ടുപോകണേ
أيها الشوق الجزيل
വർധമാനമായ അഭിനിവേശമേ
نحوها تلك المنازل
മദീനാ മുനവ്വറയിലേക്ക്
في البكور والعشاء
സായാഹ്നവേളയിലും പൂർവാഹ്നവേളയിലും അവിടത്തെ ചെന്നു കാണണം
كل من في الكون هاموا
പ്രപഞ്ചമഖിലം അങ്ങയെ പ്രണയിക്കുന്നു.
فيك يا باهى الجبين
എല്ലാവരുടെയും മോഹം അങ്ങയിലാണ്, പ്രവിശാലമായ നെറ്റിത്തടമുള്ള നബിയേ
ولهم فيك غرام
എല്ലാവരും അങ്ങയോട് തീവ്രാനുരാഗത്തിലാണ്
واشتياق وحنين
അങ്ങേയറ്റത്തെ അഭിനിവേശം. അവർ തേങ്ങിക്കരയുകയാണ്.
في معانيك الأنام
സൃഷ്ടികളെല്ലാം അങ്ങയുടെ ആശയഗാംഭീര്യത്തില്‍ അതീവതല്‍പരരാണ്.
قد تبدت حائرين
അവർ അങ്ങയുടെ മാഹാത്മ്യത്തില്‍ അദ്ഭുതപരതന്ത്രരാണ്
أنت للرسل ختام
അങ്ങ് അന്തിമ ദൈവദൂതരാണ്
أنت للمولى شكور
സ്നേഹവാനായ അല്ലാഹുവിനോട് ഏറ്റവും കൂടുതൽ നന്ദിയുള്ള ദാസനല്ലയോ അങ്ങ്
عبدك المسكين يرجو
നിസ്വനായ ഈ ദാസന്‍ മോഹിക്കുന്നു
فضلك الجم الغفير
അങ്ങയുടെ വര്‍ധമാനമായ ഔദാര്യം
فيك قد أحسنت ظني
അങ്ങയുടെ കാര്യത്തിൽ ഞാൻ സദ്വിചാരം പുലര്‍ത്തുന്നു
يا بشير يا نذير
സന്തോഷവൃത്താന്തം നൽകിയ നബിയേ, മുന്നറിയിപ്പ് നൽകിയ പ്രവാചകരേ
فأغثني وأجرني يا مجير من السعير
അതിനാൽ എന്നെ സഹായിച്ചാലും. രക്ഷകനായ നബിയേ, നരകശിക്ഷയില്‍നിന്ന് എന്നെ മോചിപ്പിച്ചാലും
يا غياثي يا ملاذي في ملمات الأمور
സകല ഭയാനക വിപത്തുകളിലും എന്‍റെ സഹായഹസ്തവും അഭയസങ്കേതവുമായ നബിയേ
(ഇത് പ്രാര്‍ഥനയല്ല, മുനാജാത്താണ്. കണ്‍മുന്നില്‍ കാണുന്ന നബി സ്വല്ലല്ലാഹു അലയ്ഹി വആലിഹീ വസല്ലമയുമായി അഭിമുഖസംഭാഷണം -വിവർത്തകൻ)
فاز عبد قد تملى
മുത്തു നബി സ്വല്ലല്ലാഹു അലയ്ഹി വസല്ലമയുടെ മതത്തില്‍ ചേര്‍ന്ന ദാസന്‍ വിജയിച്ചുപോയി.
وانجلى عنه الهموم
സകല ആകുലതകളും അയാളില്‍നിന്ന് അകന്നുപോയി.
فيك يا بدر تجلى
വെളിപ്പെട്ട പൂര്‍ണചന്ദ്രനേ, അങ്ങയില്‍ എല്ലാ വ്യാകുലതകളും മറഞ്ഞു.
فلك الوصف الحسين
അങ്ങയ്ക്ക് അതിസുന്ദര വിശേഷണങ്ങളുണ്ട്.
ليس أزكى منك أصلا
അങ്ങയെക്കാള്‍ പരിശുദ്ധനായി ആരുമില്ല.
قط يا جد الحسين
തീരെയില്ല, ഹസന്‍ ഹുസൈനാരുടെ പിതാമഹനേ
فعليك الله صلى
എന്നിരിക്കെ അങ്ങയില്‍ അല്ലാഹു വര്‍ധമാനമായ അനുഗ്രഹം ചൊരിയട്ടെ.
دائما طول الدهور
എന്നുമെന്നും, കാലാകാലം
يا ولي الحسنات
നന്മകളുടെ രക്ഷാധികാരിയേ, അല്ലാഹുവേ
يا رفيع الدرجات
പദവികൾ ഉയർത്തുന്നവനേ, അല്ലാഹുവേ
كفرن عني ذنوبي
എൻെറ പാപങ്ങൾ പൊറുത്തുതന്നാലും
واغفرن لي سيئاتي
എൻെറ തിന്മകൾ മൂടിവെച്ചാലും
أنت غفار الخطايا
തെറ്റുകുറ്റങ്ങൾ ധാരാളമായി പൊറുക്കുന്നവനല്ലോ നീ
والذنوب الموبقات
സർവസംഹാരികളായ വൻദോഷങ്ങളും പൊറുക്കുന്നവനല്ലോ
أنت ستار المساوى
പാപങ്ങൾ ഗോപ്യമാക്കുന്നവനല്ലോ
ومقيل العثرات
പിഴവുകൾ നീക്കുന്നവനല്ലോ
عالم السر وأخفى
രഹസ്യവും പരസ്യവും അറിയുന്നവനല്ലോ
مستجيب الدعوات
പ്രാർഥിക്കുന്നവർക്ക് ഉത്തരം നൽകുന്നവനല്ലോ
رب وارحمنا جميعا
എൻെറ നാഥാ, ഞങ്ങൾക്കെല്ലാവർക്കും നീ കരുണ ചൊരിയണമേ
لجميع الصالحات
സകല സൽകർമങ്ങളുടെയും പേരിൽ
يا نبي سلام عليكم
അല്ലയോ പ്രവാചകരേ, സലാം
يا رسول سلام عليكم
അല്ലയോ ദൈവദൂതരേ, സലാം
يا حبيب سلام عليكم
അല്ലയോ സ്നേഹഭാജനമേ, സലാം
صلوات الله عليكم
അല്ലാഹുവിന്റെ വർധമാനമായ അനുഗ്രഹങ്ങൾ അങ്ങയുടെമേൽ ഭവിക്കുമാറാകട്ടെ…