നാസ്തികനിലെ വിശ്വാസി

Once, an atheist sailor had a conversation with Imam Ja'far Sadiq (RA). The sailor argued that there was no God. The following is a story that narrates the debate that took place between them on this subject.

സ്വൂഫി കഥകൾ:
സാലിക്

രിക്കൽ ഒരു നിരീശ്വരവാദിയായ നാവികനും ഇമാം ജഅ്ഫർ സ്വാദിഖ് (റ) ഉം തമ്മിൽ സംസാരിക്കാനിടയായി. ആ നാവികൻ അല്ലാഹു ഇല്ലെന്ന് വാദിച്ചു. ഇമാം ജഅ്ഫർ സ്വാദിഖ് (റ) അദ്ദേഹത്തോട് ചോദിച്ചു:
“നിങ്ങൾ ഒരു നാവികനാണല്ലോ? ഒരു കാര്യം പറയൂ, നിങ്ങൾക്കെന്നെങ്കിലും കടലിൽ കൊടുങ്കാറ്റ് നേരിടേണ്ടി വന്നിട്ടുണ്ടോ?”
അയാൾ പറഞ്ഞു,
“ഉവ്വ്! എനിക്ക് നന്നായി ഓർമ്മയുണ്ട്, ഒരിക്കൽ ഞങ്ങളുടെ കപ്പൽ അതിശക്തമായ ഒരു കൊടുങ്കാറ്റിൽ അകപ്പെട്ടു.”
ഇമാം ചോദിച്ചു:
“പിന്നെ എന്താണ് സംഭവിച്ചത്?”
നാവികൻ പറഞ്ഞു:
“എൻ്റെ കപ്പൽ മുങ്ങിപ്പോയി, അതിലുണ്ടായിരുന്ന എല്ലാവരും മുങ്ങി മരിച്ചു.”
ഇമാം ചോദിച്ചു:
“അപ്പോൾ നിങ്ങൾ എങ്ങനെ രക്ഷപ്പെട്ടു?”
അയാൾ മറുപടി പറഞ്ഞു:
“കപ്പലിന്റെ ഒരു പലക എൻ്റെ കയ്യിൽ കിട്ടി. അതിൽ പിടിച്ച് ഞാൻ തീരം ലക്ഷ്യമാക്കി നീന്തി.”
ഇമാം വീണ്ടും ചോദിച്ചു:
“എന്നാൽ തീരം ഇനിയും ദൂരെയായിരിക്കുമ്പോൾ ആ പലകയും നിങ്ങളുടെ കയ്യിൽ നിന്ന് വഴുതിപ്പോയി. പിന്നെ നിങ്ങൾ എന്തു ചെയ്തു?”
നാവികൻ പറഞ്ഞു:
“പിന്നെ ഞാൻ സ്വന്തമായി ശ്രമം തുടങ്ങി. കൈയും കാലും ഇട്ടടിച്ച് എങ്ങനെയോ കരക്കെത്തി.”

ഇമാം ജഅ്ഫർ സ്വാദിഖ് (റ) അപ്പോൾ പറഞ്ഞു:
“ഇനി കേട്ടോളൂ! നിങ്ങൾ കപ്പലിൽ കയറിയപ്പോൾ, അത് നിങ്ങളെ രക്ഷിക്കുമെന്ന് അതിൽ നിങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു. അത് മുങ്ങിയപ്പോൾ, നിങ്ങളുടെ പ്രതീക്ഷ നിങ്ങൾക്ക് ആകസ്മികമായി ലഭിച്ച ആ പലകയിലായി. എന്നാൽ അതും നിങ്ങളുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടപ്പോൾ, ആ നിസ്സഹായമായ അവസ്ഥയിലും നിങ്ങൾ രക്ഷപ്പെടാൻ ഒരു വഴി കാണുന്നുണ്ടായിരുന്നോ? രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ രക്ഷപ്പെടുമെന്ന് നിങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നോ?”
അയാൾ മറുപടി പറഞ്ഞു:
“ഉവ്വ്, എനിക്ക് ആ പ്രതീക്ഷയുണ്ടായിരുന്നു.”
ഇമാം ചോദിച്ചു:
“ആര് വന്ന് രക്ഷിക്കുമെന്നായിരുന്നു നിങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നത്? ആരാണ് നിങ്ങളെ രക്ഷിക്കാൻ പോകുന്നത്?”
നിരീശ്വരവാദിയായ ആ നാവികൻ നിശബ്ദനായി. അപ്പോൾ ഇമാം പറഞ്ഞു:
“നന്നായി ഓർക്കുക, ആ നിസ്സഹായമായ അവസ്ഥയിൽ നിങ്ങൾക്ക് ആരിൽ പ്രതീക്ഷയുണ്ടായിരുന്നോ, അത് അല്ലാഹുവാണ്. അവനാണ് നിങ്ങളെ രക്ഷിച്ചത്.”
ഇതുകേട്ട് നാവികൻ വികാരാധീനനായി, (ആ രക്ഷകനെ വിധേയപ്പെട്ട് ജീവിക്കലാണ് ബുദ്ധി എന്ന് തിരിച്ചറിഞ്ഞ്) ഇസ്‌ലാം മതം സ്വീകരിച്ചു. (തഫ്സീർ കബീർ)

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy