സയ്യിദ് അബ്ദുറഹ്മാന്‍ അസ്ഹരി(റ) തങ്ങള്‍: അദ്ധ്യാത്മിക ലോകത്തെ ‌നിത്യജ്യോതിസ്സ്

Research Paper: The Sufi Connection and Academic Contributions of Sayyid Abdurahman Al-Azhari (R.A.), an incomparable genius who dedicated his life to knowledge service, a foremost global scholar in the Arabic language, and a source of pride for Kerala Muslims.

മുഹമ്മദ് മുബാറക്. കെ

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കേരള മുസ്ലിംകളുടെ വൈജ്ഞാനിക മണ്ഡലത്തിന് പുത്തന്‍ ഉണര്‍വ് സമ്മാനിച്ച പണ്ഡിത ശ്രേഷ്ഠനായിരുന്നു സയ്യിദ് അബ്ദുറഹ്മാന്‍ ഹൈദറോസ് ഇമ്പിച്ചിക്കോയ തങ്ങള്‍ എന്ന അസ്ഹരി(റ) തങ്ങള്‍. അസ്ഹരി തങ്ങളെ സ്മരിക്കുന്ന, വൈജ്ഞാനിക കൈരളിക്ക് അദ്ദേഹം നല്‍കിയ സംഭാവനകളെ ഓര്‍ത്തെടുക്കുന്ന മഹനീയമായ ഒരു സദസ്സിലാണ് നാമുള്ളത്.
മതപണ്ഡിതന്‍, സയ്യിദ്, സൂഫി, വിദ്യാഭ്യാസ വിചക്ഷണന്‍, ഗ്രന്ഥകാരന്‍, കവി, ഭാഷാപണ്ഡിതന്‍, അക്കാദമിഷന്‍, അധ്യാപകന്‍ തുടങ്ങി പലതും ആയിരുന്ന അസ്ഹരി തങ്ങളെ നാം പരിചയപ്പെട്ടു. അദ്ധ്യാത്മിക ലോകത്തെ അസ്ഹരി തങ്ങളെ സദസ്യര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷത്തിലാണ് ഞാന്‍ ഇവിടെ എഴുന്നേറ്റ് നിന്നിട്ടുള്ളത്. 1703 ല്‍ യമനിലെ ഹളര്‍മൗത്തില്‍ നിന്ന് ഇസ്ലാമിക പ്രബോധനം ലക്ഷ്യം വെച്ച് മലയാളക്കരയിലെത്തിയ പൊന്നാനി വലിയ ജാറത്തിങ്ങല്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ഹൈദറൂസി(റ) യിലേക്കാണ് അസ്ഹരി തങ്ങളുടെ കുടുംബ പരമ്പര ചെന്നെത്തുന്നത്. കേരളത്തിന്റെ ഉള്‍നാടുകളിലേക്ക് ഇസ്ലാമിന്റെ വേരോട്ടം എത്തിക്കുന്നതില്‍ ഹൈദ്രോസി തങ്ങന്മാരുടെ പങ്ക് ചെറുതല്ല.

കൊച്ചു കോയ തങ്ങളുടെയും ഫാത്തിമത്തുല്‍ സുഹ്‌റ എന്ന പൂക്കുഞ്ഞി ബീവിയുടേയും മകനായി 1924 ല്‍ തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തിനടുത്ത മരത്തംകോട്ടിലായിരുന്നു അസ്ഹരി തങ്ങളുടെ ജനനം. തസ്വവ്വുഫിന്റെ ആനന്ദവും സൗന്ദര്യവും വേണ്ടുവോളം അനുഭവിച്ച ആത്മീയ തറവാട്ടിലേക്കാണ് അസ്ഹരി തങ്ങള്‍ ഭൂജാതനായത്.
പിതാമഹന്‍ സയ്യിദ് അബ്ദുറഹ്മാന്‍ മുഹ്‌ളാര്‍ ഇമ്പിച്ചിക്കോയ(റ) തങ്ങള്‍ ആത്മീയന്വേഷകരുടെ അത്താണി ആയിരുന്നു. രിഫാഈ ത്വരീഖത്തിന്റെ ശൈഖ് ആയിരുന്ന അദ്ദേഹത്തെ ആത്മീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തേടിയും ചികിത്സയ്ക്കുമായി നിരവധി ആളുകള്‍ സമീപിച്ചിരുന്നു. 1862 ല്‍ മരണപ്പെടുന്നത് വരെ ജാതി മത ഭേദമന്യേ നിരവധി പേര്‍ക്ക് പരിഹാര മുറകള്‍ നിര്‍ദ്ദേശിച്ചിരുന്ന പിതാമഹന്റെ മരണത്തിന് ശേഷവും ജാതി മതഭേദമന്യേ നിരവധി ആളുകള്‍ പ്രതിദിനം അദ്ദേഹത്തിന്റെ മഖ്ബറ സന്ദര്‍ശിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നു. അസ്ഹരി തങ്ങളുടെ പിതാവ് കൊച്ചു കോയ തങ്ങളും തന്റെ പിതാവിന്റെ മാര്‍ഗം തന്നെ തുടര്‍ന്നു. തന്റെ കാലഘട്ടത്തിലെ വിഖ്യാതരായ സൂഫികളുമായി ആദ്ധ്യാത്മിക ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം തനിക്ക് കുഞ്ഞു പിറന്ന സന്തോഷ വാര്‍ത്തയുമായി, ഖാദിരി സരണിയില്‍ തന്റെ ശൈഖും മുര്‍ശിദുമായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങളെ സമീപിക്കുകയും, തങ്ങള്‍ കുഞ്ഞിന് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ എന്ന പേര് വിളിക്കുകയും ചെയ്തു.
സ്മര്യപുരുഷന്‍ സുന്നി-സൂഫി ധാര മുറുകെ പിടിച്ചത് കൊണ്ടാകാം തന്റെ ജീവിത യാത്രയിലെ പ്രധാന മുഹൂര്‍ത്തങ്ങളിലെല്ലാം മശാഇഖന്മാരുടെയും സ്വാലിഹീങ്ങളുടെയും മഖ്ബറകള്‍ സന്ദര്‍ശിക്കുകയും അവരുടെ അനുഗ്രഹാശീര്‍വാദങ്ങള്‍ തേടുകയും ചെയ്യാറുണ്ടായിരുന്നത്. ഇത്തരം ചര്യകള്‍ തന്റെ പിതാവില്‍ നിന്ന് പകര്‍ന്നതായിരുന്നു.
അസ്ഹരി തങ്ങള്‍ പ്രാഥമിക പഠനത്തിനുശേഷം ഉന്നത പഠനത്തിന് ആരംഭം കുറിക്കുന്നത് മാമ്പയില്‍ ശൈഖ് എന്ന പേരില്‍ അറിയപ്പെട്ട കോക്കൂര്‍ മുസ്ലിയാര്‍(ന.മ) എന്നവരുടെ ശിക്ഷണത്തിലാണ്. അദ്ദേഹത്തില്‍ നിന്നാണ് പരിശുദ്ധ ഖുര്‍ആന്‍ പാരായണ ശാസ്ത്രം പഠിച്ചതും മുതഫരിദ് ഓതി തുടങ്ങിയതും. മഹാനായ ഈ ശൈഖില്‍ നിന്ന് വിദ്യ നുകരാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി അസ്ഹരി തങ്ങള്‍ കാണുന്നു. തന്റെ ആത്മകഥ കുറുപ്പില്‍ അസ്ഹരി തങ്ങള്‍ സ്മരിക്കുന്നത് ഇപ്രകാരം:
”മാമ്പയിലെ ശൈഖിന്റെ മുമ്പില്‍ ഇരുന്നു, ഓതി, ദുആ ഇരന്നതിന്റെ ബറക്കത്താണ് ഞങ്ങള്‍ എല്ലാവരും ആലിമീങ്ങളുടെ പട്ടികയില്‍ ആയത് എന്ന് കരുതുന്നു”.
കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാരുടെ ദര്‍സിലേക്കുള്ള ആദ്യ യാത്രയില്‍ പിതാവ് പൊന്നാനി വരെ അനുഗമിക്കുകയും പൊന്നാനി സൈനുദ്ദീന്‍ മഖ്ദൂം(റ) യെ സിയാറത്ത് ചെയ്ത് തിരൂരിലേക്കുള്ള ബസ്സില്‍ കയറ്റി വിട്ടതും അസ്ഹരി തങ്ങള്‍ ആത്മകഥാ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ വിദ്യാര്‍ത്ഥി ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു ഈ സിയാറത്ത് എന്നാണ് അസ്ഹരി തങ്ങള്‍ ആത്മാകഥാ കുറുപ്പില്‍ അനുസ്മരിച്ചത്. തലക്കടത്തൂരിലെ പള്ളിയില്‍ അധ്യാപകനായി പോകുവാന്‍ നിന്ന സമയത്ത് തന്റെ ഉസ്താദുമാരെയും തനിക്ക് വേണ്ടപ്പെട്ട പണ്ഡിത സുഹൃത്തുക്കളെയും ക്ഷണിച്ച് മൗലിദും ദുആയും സല്‍ക്കാരവും എല്ലാം സംഘടിപ്പിച്ച് പൊന്നാനി വലിയ മഖ്ദൂമിന്റെ മഖ്ബറ സിയാറത്ത് ചെയ്തതിനുശേഷം ആണ് അദ്ദേഹം തലക്കടത്തൂരിലേക്ക് പുറപ്പെടുന്നത്. പൊന്നാനി വലിയ ജാറത്തിങ്ങല്‍ മഖാം, പെരുമ്പടപ്പ് പുത്തന്‍പള്ളി മഖാം, വെളിയങ്കോട് മഖാം, മമ്പുറം മഖാം, കോഴിക്കോട് ഇടിയങ്ങര മഖാം, വരക്കല്‍ മഖാം, തുടങ്ങിയ മഖ്ബറകള്‍ അസ്ഹരി തങ്ങളുടെ സന്ദര്‍ശന കേന്ദ്രങ്ങളായിരുന്നു. ഇമാം ശാഫിഈ(റ), നഫീസത്തുല്‍ മിസിരിയ(റ), ഇബിനു അതാഉല്ലാഹി സികന്ദരി(റ), ബീവി സൈനബ(റ) ഇമാം ബൂസൂരി(റ) തുടങ്ങിയ ആത്മജ്ഞാനികളുടെ മസാറുകളും അദ്ദേഹം ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഈ മഹത്തുക്കളോടെല്ലാം അദ്ദേഹത്തിനുണ്ടായിരുന്ന ആത്മീയ ബന്ധം നിമിത്തമായിരുന്നു ഈ സന്ദര്‍ശനങ്ങളെല്ലാം.
അതിനുപുറമേ ജീവിച്ചിരിക്കുന്ന, അതാത് കാലഘട്ടങ്ങളിലെ ശൈഖന്മാരുമായി നിരന്തരമായി സാമീപ്യം പുലര്‍ത്തുകയും അവരോട് തനിക്ക് വേണ്ടി ദുആ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യാറുണ്ടായിരുന്നു. അംബകുന്ന് വീരാന്‍ ഔലിയ(ന.മ), മാമ്പയില്‍ ശൈഖ്(ന.മ), അഞ്ചരക്കണ്ടി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍(ന.മ), പാനായിക്കുളം അബ്ദുറഹിമാന്‍ മുസ്ലിയാര്‍(ന.മ) തുടങ്ങിയ മഹത്തുക്കളേയും പലപ്പോഴായി സന്ദര്‍ശിച്ചിരുന്ന ആത്മീയാന്വേഷിയായിരുന്നു അസ്ഹരി(റ) തങ്ങള്‍.

തസ്വവ്വുഫിലേക്കുള്ള പ്രേരണ

നിരന്തരമായി കിതാബ് പാരായണത്തിലും ചിന്തയിലും മുഴുകിയിരുന്ന അസ്ഹരി തങ്ങളെ തസ്വവൂഫിന്റെ ലോകത്തേക്കുള്ള പ്രേരണ നല്‍കിയത് വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലെ തന്റെ പ്രധാന അധ്യാപകനായിരുന്ന ശൈഖ് ഹസ്സന്‍ ഹസ്രത്തിന്റെ സാരോപദേശങ്ങളാണ്. ”അദ്ദേഹം ഒരു സൂഫി ചിന്തകനായതുകൊണ്ട് പ്രഭാഷണം തസ്വവ്വൂഫില്‍ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അതിലൂടെ തസവുഫിലേക്ക് കാര്യമായ ഒരു പ്രേരണ നല്‍കി” എന്ന് അസ്ഹരി തങ്ങള്‍ തന്റെ ആത്മകഥാക്കുറിപ്പില്‍ അനുസ്മരിക്കുന്നു. അതിനുശേഷം ആയിരിക്കാം അസ്ഹരി തങ്ങള്‍ അദ്ധ്യാത്മിക വിജ്ഞാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങളുടെ പാരായണത്തിലേക്ക് തിരിഞ്ഞത്. ഇത് അദ്ദേഹത്തെ തസ്വവുഫിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ സഹായിച്ചുവെന്നു മാത്രമല്ല തസ്വവ്വുഫിന്റെ സൗന്ദര്യവും ആനന്ദവും വേണ്ടുവോളം നുകര്‍ന്ന അസ്ഹരി തങ്ങള്‍ ആത്യാത്മിക വിജ്ഞാനീയങ്ങളില്‍ അഗ്രഗണ്യന്‍ ആയിത്തീര്‍ന്നിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ എഴുത്തുകളില്‍ നിന്ന് മനസ്സിലാകുന്നത്. തസ്വവ്വഫ് വിജ്ഞാനീയങ്ങളെക്കുറിച്ചും സൂഫി പണ്ഡിതന്മാരെ കുറിച്ചും ഉള്ള നിരവധി ഗ്രന്ഥങ്ങള്‍ തങ്ങളുടെ ഗ്രന്ഥശേഖരണത്തില്‍ കാണാന്‍ കഴിയും. ”മക്കാനതു തസ്വവുഫ് ഫില്‍ ഇസ്ലാം” എന്ന ശീര്‍ഷകത്തില്‍ തങ്ങള്‍ എഴുതിയ സുദീര്‍ഘമായ പഠനം, തസ്വവ്വുഫില്‍ അദ്ദേഹത്തിനുള്ള പാണ്ഡിത്യം വിളിച്ചോതുന്നു. തസ്വവ്വുഫ് എന്ന നാമത്തിന്റെ ഉല്‍പത്തി, തസ്വവ്വുഫിന്റെ വികാസം, പണ്ഡിത അഭിപ്രായങ്ങള്‍, വിവിധ ത്വരീഖത്തുകളുടെ രൂപീകരണവും അവയുടെ വ്യാപനവും തുടങ്ങിയവയെല്ലാം ഈ സുദീര്‍ഘമായ ലേഖനത്തിലെ പ്രതിപാദ്യ വിഷയങ്ങളാണ്. തസ്വവ്വുഫ് വിജ്ഞാനീയങ്ങളില്‍ അഗ്രഗണ്യരായ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്ത് കൊണ്ടാണ് ഈ പഠനം തയ്യാറാക്കിയത് എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്.

അസ്ഹരി തങ്ങളുടെ ത്വരീഖത്ത്:

നിരവധി ത്വരീഖത്തുകള്‍ പിന്തുടര്‍ന്നിരുന്ന അസ്ഹരി തങ്ങള്‍, തന്നെ തേടിവരുന്ന ആത്മീയ അന്വേഷികള്‍ക്ക് മുമ്പില്‍ ഖാദിരി സരണിയുടെ വാതായനങ്ങള്‍ ആണ് തുറന്നു കൊടുക്കാറ്. പാരമ്പര്യമായി പിതാക്കന്മാരിലൂടെ ലഭിച്ച ഖാദിരി സരണി തങ്ങളില്‍ നിന്ന് സ്വീകരിച്ച നിരവധി ആളുകള്‍ ഇന്നും കേരളത്തില്‍ ഉണ്ട്. അതിനുപുറമേ, ശൈഖ് സയ്യിദ് മുഹമ്മദ് ബ്‌നു സയ്യിദ് മുഹമ്മദ് എന്നിവരില്‍ നിന്ന് സ്വീകരിച്ച ഖാദിരി സരണിയും തന്നെ തേടിവരുന്ന ആത്മീയ അന്വേഷകര്‍ക്ക് മുമ്പില്‍ തുറന്നു കൊടുത്തിരുന്നു. അസ്ഹരി തങ്ങള്‍ എന്ന അത്യാത്മിക ലോകത്തെ സൂര്യ തേജസിനെ ആത്മീയമായി കൂടുതല്‍ ഉപയോഗപെടുത്തിയ ഒരു പ്രദേശമാണ് ഒളവട്ടൂര്‍. അവിടുത്തെ പഴയ തലമുറയില്‍ പെട്ട നിരവധി ആളുകള്‍ അസ്ഹരി തങ്ങളില്‍ നിന്ന് ഖാദിരി സരണി സ്വീകരിച്ചിട്ടുണ്ട്. ഞാന്‍ തര്‍ബിയത്തിന്റെ ശൈഖ് അല്ല, തബറുകിന്റെ ശൈഖ് മാത്രമാണെന്നാണ് ഇജാസത്തുകള്‍ നല്‍കുമ്പോള്‍ അസ്ഹരി തങ്ങള്‍ പറയാറ്. തങ്ങള്‍ ഒളവട്ടൂരിലെ പള്ളിയിലെത്തിയാല്‍ പലവിധ ആവശ്യങ്ങളുമായി നിരവധി ആളുകള്‍ തന്റെ മുമ്പില്‍ ഒത്തുകൂടുമായിരുന്നു. പലവിധ ആവശ്യങ്ങള്‍ അവര്‍ ഉന്നയിച്ചിരുന്നെങ്കിലും അവര്‍ക്കെല്ലാം വേണ്ടിയിരുന്നത് ആത്മീയ പരിഹാരങ്ങളും സരോപദേശങ്ങളും ആയിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രസ്തുത പ്രദേശത്ത് തങ്ങള്‍ ആരംഭം കുറിച്ച സ്വലാത്തും ദിക്‌റും ഇന്നും അവിടെ നിലനില്‍ക്കുന്നു. തങ്ങളില്‍ നിന്ന് ഖാദിരി സരണി സ്വീകരിച്ചിട്ടുള്ളവരാണ് ഇത്തരം സദസ്സുകള്‍ ഇന്നും കൊണ്ട് നടക്കുന്നത്. ഖാദിരി സരണിയിലെ തങ്ങളുടെ ശൈഖന്മാരുടെ പേരുകള്‍ എഴുതിവെച്ച ധാരാളം കുറിപ്പുകള്‍ തങ്ങളുടെ ശേഖരണത്തില്‍ കാണാം. തന്നെ തേടി വരുന്നവര്‍ക്ക് കൈമാറാന്‍ ഉള്ളതായിരുന്നു ഇത്. മലബാറിനെ അപേക്ഷിച്ച് തെക്കന്‍ കേരളമാണ് അസ്ഹരി തങ്ങള്‍ എന്ന സൂഫിയെ ഉപയോഗപ്പെടുത്തിയതും അവിടുത്തെ ആശിര്‍വാദങ്ങള്‍ എല്ലാം കൈപ്പറ്റിയതും. മലബാറില്‍ നിലനില്‍ക്കുന്ന സംഘടന സങ്കുചിതത്വം ആയിരിക്കാം ഇതിന് കാരണം. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ടും തന്റെ പ്രിയപ്പെട്ട ശിഷ്യനുമായിരുന്ന വടുതല വി എം മൂസ മുസ്ലിയാർ(ന.മ) യും അദ്ദേഹത്തിന്റെ ശിഷ്യന്മാരും അസ്ഹരി തങ്ങളിലെ ആത്മീയ ജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കിയവരും അതിനെ ഉപയോഗപ്പെടുത്തിയവരുമാണ്. നിരന്തരമായി തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിരുന്ന ഇദ്ദേഹം തങ്ങളില്‍ നിന്ന് നിരവധി ഇജാസത്തുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അതെല്ലാം തന്റെ ശിഷ്യന്മാരിലൂടെ കൈമാറി പോകുന്നുമുണ്ട്. തന്റെ സമകാലികരായ മശാഇഖന്മാരില്‍ നിന്ന് നിരവധി ഇജാസത്തുകള്‍ അസ്ഹരി തങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അഹ്മദ് കോയ ശാലിയാത്തിയില്‍ നിന്ന് കരസ്ഥമാക്കിയ ഇജാസത്ത് വലിയ ഒരു അനുഗ്രഹമായിട്ടാണ് തങ്ങള്‍ കാണുന്നത്. ഒരു ലേഖനത്തില്‍ ശാലിയാത്തിയെ ശൈഖ് വ മുര്‍ശിദീ അഥവാ തന്റെ ഗുരുവും വഴിക്കാട്ടിയുമായാണ് തങ്ങള്‍ പരിചയെപ്പടുത്തുന്നത്.

പ്രമുഖ ഈജിപ്ഷ്യന്‍ പണ്ഡിതനായ മുഹമ്മദ് അബ്ദുറഹിം ജാദ് ബദറുദ്ദീന്‍(ന.മ), മക്കയിലെ പ്രമുഖ പണ്ഡിതന്‍ ഇസ്മായില്‍ ഉസ്മാന്‍ സൈനുല്‍ യമനി അല്‍ മക്കി(ന.മ), ഡോ. അബ്ദുല്‍ ഹലീം അഹമൂദ്(ന.മ) തുടങ്ങിയ വിദേശ ശൈഖന്മാരില്‍ നിന്നും ഇജാസത്ത് സ്വീകരിച്ചിട്ടുണ്ട്. കൂടാതെ തൃപ്പനച്ചി മുഹമ്മദ് മുസ്ലിയാര്‍(ന.മ), കണ്യാല അബ്ദുല്ല ഹാജി(ന.മ), സി എം മടവൂര്‍(ന.മ), ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍(ന.മ) അത്തിപ്പറ്റ ഉസ്താദ്(ന.മ) തുടങ്ങിയ കേരളത്തിലെ തന്റെ സമകാലികരായ മഹത്തുക്കളില്‍ നിന്ന് ഇജാസത്തും ആശിര്‍വാദങ്ങളും അസ്ഹരി തങ്ങള്‍ കരസ്ഥമാക്കിയിരുന്നു. തനിക്ക് ലഭിച്ച ഇത്തരം ഇജാസത്തുകള്‍, തന്നെ തേടിവരുന്ന പലര്‍ക്കും അദ്ദേഹം കൈമാറിയിരുന്നു. ദിക്‌റുകള്‍, സ്വലാത്തുകള്‍, സൂറത്തുകള്‍ എന്നിവ ഇത്തരം ഇജാസത്തുകളില്‍ ഉള്‍പ്പെടുന്നു. അസ്ഹരി തങ്ങള്‍ എന്നും സത്യത്തിന്റെ കൂടെയായിരുന്നു. തനിക്ക് ബോധ്യപ്പെട്ട വസ്തുതകളില്‍ നിന്ന് പിന്നോട്ടു പോകുവാന്‍ അസ്ഹരി തങ്ങള്‍ ഒരുക്കമായിരുന്നില്ല. ഈ ഭൗതിക ലോകത്ത് അതിന് വലിയ വില തങ്ങള്‍ നല്‍കേണ്ടി വന്നിട്ടുമുണ്ട്. കേരളത്തിലെ പ്രമുഖ സുന്നി സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, നൂരിശാഹ് തങ്ങള്‍ക്കെതിരെ തീരുമാനമെടുത്തപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മുമ്പില്‍ നിന്നത് അസ്ഹരി തങ്ങളായിരുന്നു. നൂരിശാഹ് തങ്ങള്‍ക്കെതിരെയുള്ള തീരുമാനം അനുചിതവും അത് തിരുത്തണമെന്നുള്ള നിലപാടായിരുന്നു തങ്ങളുടേത്. അക്കാലത്തെ സമസ്തയുടെ സെക്രട്ടറി ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ക്കും, പി.എം.എസ്.എ പൂകോയ തങ്ങള്‍ക്കും, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ക്കും ഈ തീരുമാനം തിരുത്തണം എന്ന അഭിപ്രായം ഉണ്ടായിരുന്നു. അവസാനം തങ്ങള്‍ ഒറ്റപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. ഇതിനുവേണ്ടി അസ്ഹരി തങ്ങള്‍ നല്‍കേണ്ടി വന്നതോ, പണ്ഡിത സഭയുടെ ജ്ഞാതിശാസ്യമായിരുന്നു. അജ്ഞതയും ലോക പരിചയത്തിന്റെ കുറവും കാരണമായി മഹാന്മാരെ ആക്ഷേപിക്കുന്നവരുടെ വാക്കുകള്‍ അവഗണിക്കപ്പെടണം എന്നാണ് അസ്ഹരി തങ്ങളുടെ അഭിപ്രായം. പ്രകടനപരതയോ പ്രച്ഛന്ന വേഷങ്ങളോ അവലംബിക്കാത്ത സൂഫിയായിരുന്നു അസ്ഹരി തങ്ങള്‍. സൂഫിസത്തെ തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കണക്കാക്കിയ അദ്ദേഹം മുഴുസമയവും ദിക്‌റിലും അദ്ധ്യാത്മിക ചിന്തയിലുമായി ചിലവഴിക്കുമായിരുന്നു. ആത്മീയ ചികിത്സയില്‍ വലിയ നിപുണനായിരുന്നു അസ്ഹരി തങ്ങള്‍. തങ്ങളുടെ ഗ്രന്ഥശേഖരത്തില്‍ നിരവധി ആത്മീയ ചികിത്സയുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. പലവിധ വിഷമങ്ങളുമായി തന്നെ സമീപിക്കുന്നവര്‍ക്ക് ആത്മീയ സംതൃപ്തി നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നു. ദിക്‌റുകളും സ്വലാത്തുകളും ഖുര്‍ആന്‍ സൂക്തങ്ങളുമായിരുന്നു പ്രതിവിധിയായി തങ്ങള്‍ നിര്‍ദ്ദേശിക്കാറ്. ചില ഘട്ടങ്ങളില്‍ പിഞ്ഞാണമെഴുത്തും തങ്ങള്‍ നടത്തിയിരുന്നു.

തന്നെ സമീപിക്കുന്ന സ്ത്രീ രോഗികളോട് നഫീസത്തുല്‍ മിസിരിയ(റ) യുടെ സന്നിധിയിലേക്ക് ഫാത്തിഹ ഓതാനും അവരുടെ പേരില്‍ ഹദ്‌യ നല്‍കാനും നിര്‍ദേശിക്കാറാണ് പതിവ് എന്ന് മകന്‍ മുസ്ത്വഫാ അനുസ്മരിക്കുന്നു. ഈജിപ്തില്‍ പഠിക്കുന്ന കാലം ഇടയ്ക്കിടെ നഫീസത്തുല്‍ മിസ്രിയ(റ) യുടെ മഖ്ബറ സന്ദര്‍ശിച്ചതായിട്ട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാരിയോട് പങ്കുവെച്ചത് അദ്ദേഹം ഓര്‍ക്കുന്നു. ഇഫ്താനുല്‍ ഹാം വ തന്‍ബീഹുല്‍ ആം എന്ന ശീര്‍ഷകത്തില്‍ അസ്ഹരി തങ്ങള്‍ തയ്യാറാക്കിയ നഫീസത്തുല്‍ മിസിരിയ(റ) യുടെ മനാഖിബ് അവര്‍ തമ്മിലുള്ള ആത്മീയ ബന്ധത്തെ സൂചിപ്പിക്കുന്നു. എന്നാല്‍, ആത്മീയ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളോട് സന്ധിയാവാന്‍ തങ്ങള്‍ ഒരുക്കമായിരുന്നില്ല. വഴിവിട്ട രീതിയില്‍ ആത്മീയതയെ കൈകാര്യം ചെയ്യുന്നത് അസ്ഹരി തങ്ങള്‍ ഇഷ്ടപ്പെട്ടില്ല. എടക്കഴിയൂരില്‍ തന്റെ ഉപ്പാപ്പന്മാരുടെ മഖ്ബറയില്‍ ഉറൂസിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്ന ചന്ദനക്കുടം നേര്‍ച്ചയോടും അതിന്റെ ഭാഗമായി നടന്നുവന്നിരുന്ന അധാര്‍മികതകളെയും തങ്ങള്‍ ശക്തമായി എതിര്‍ക്കുകയും അവയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ വിചക്ഷണന്‍, സൂഫി, പണ്ഡിതന്‍, വാഗ്മി, എഴുത്തുകാരന്‍ തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച അസ്ഹരി തങ്ങള്‍ എന്ന വിജ്ഞാന ഗോപുരത്തിന്റെ തണലിലാവാന്‍ മലയാളത്തിലെ വിജ്ഞാന ദാഹികള്‍ക്ക് സാധിച്ചില്ല. അവര്‍ അതിനു ഒരുക്കമല്ലായിരുന്നു എന്ന് വേണം കരുതാന്‍. തന്റെ ഗ്രന്ഥ ശേഖരവും കൃതികളും വൈജ്ഞാനിക കൈരളിക്ക് സമര്‍പ്പിച്ച് 2015 നവംബര്‍ 22 ന് തന്റെ 85 ആം വയസ്സില്‍ ഈ ഭൗതിക ലോകത്തോട് അസ്ഹരി(റ) തങ്ങള്‍ എന്നന്നേക്കുമായി വിടപറഞ്ഞു.

അവലംബം:

VM മുസ മൗലവി. റൗളത്തുല്‍ അഖ്ബാര്‍, അല്‍ അബ്‌റാര്‍ പബ്ലിക്കേഷന്‍സ്, വടുതല.
അസഹരി തങ്ങളുടെ ആത്മകഥ കുറിപ്പുകള്‍, ബുക്ക് പ്ലസ്, ചെമ്മാട്, 2023. ഡോ. മോയിന്‍ മലയമ്മ, ഒരു മലയാളി പണ്ഡിതന്റെ ദേശാന്തര പഠന സഞ്ചാരങ്ങള്‍, ബുക്ക് പ്ലസ്, ചെമ്മാട്, 2023.
പി.പി ഖാജാ ബിന്‍ അബൂബക്കര്‍. സയ്യിദ് നൂരിഷാ സൂഫി വഴിയിലെ നിത്യ പ്രകാശം. അല്‍ ആരിഫ് ഇസ്ലാമിക് പബ്ലിക്കേഷന്‍സ്, പെരിന്തല്‍മണ്ണ, 2018.
യു. മുഹമ്മദ് ഇബ്രാഹിം മുസ്ലിയാര്‍. ഫൈളാനെ നൂരി: ശൈഖുനാ നൂറുല്‍ മശാഇഖ് സയ്യിദ് അഹമ്മദ് മുഹിയിദ്ധീന്‍ ജീലാനി നരിശാഹ്(റ) തങ്ങള്‍: ഹിജ്‌റ പതിനഞ്ചാം നൂറ്റാണ്ടിന്റെ മുജദ്ദിദ്, അന്‍വരിയാ ഇസ്ലാമിക് പബ്ലിഷേഴ്‌സ്, കുറ്റിക്കാട്ടൂര്‍ 2022.
ശൈഖുനാ അസ്ഹരി തങ്ങള്‍: വൈജ്ഞാനിക ലോകത്ത അതുല്യ പ്രതിഭ. അബ്‌റാര്‍ പബ്ലിക്കേഷന്‍സ്, വടുതല, 2016.

അസ്ഹരി തങ്ങളുടെ 10 ാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് കാലിക്കറ്റ് സർവ്വകലാ ശാല അറബിക് പഠന വകുപ്പും വളാഞ്ചേരി അസ്ഹരി തങ്ങൾ കൾച്ചറൽ ഫോറവും സംയുക്തമായി സെപ്തംബർ 22 ന് കാലിക്കറ്റ് സർവ്വകലാ ശാല ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ സംഘടിപ്പിച്ച പരിപാടിയിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധം. കാലിക്കറ്റ് സർവ്വകലാ ശാലയിൽ ഹിസ്റ്ററി വിഭാ​ഗത്തിലെ ​ഗവേഷകനാണ് ലേഖകൻ.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy