ശൈഖ് ജീലാനി(റ) യുടെ അനുസ്മരണം: പ്രബോധനത്തിന്റെ ഊർജ സ്രോതസ്സ്

No one can deny the impact created by the propagation activities (Da'wah) of Shaykh Muhiyuddin Abdul Qadir Jilani (RA). There was a consensus among the scholars of the Muslim Ummah of that era that this unique great personality in Islamic history was a Wali (friend/saint) of Allah.

നബീൽ മുഅബി

ശൈഖ് മുഹ്‍യിദ്ദീൻ അബ്ദുൽഖാദിർ ജീലാനി (റ) യുടെ പ്രബോധന പ്രവർത്തനങ്ങൾ ഉണ്ടാക്കിയ ചലനങ്ങളെ ആർക്കും നിഷേധിക്കാൻ കഴിയില്ല. ഇസ് ലാമിക ചരിത്രത്തിലെ അതുല്യനായ ആ മഹാനുഭാവൻ അല്ലാഹുവിന്റെ വലിയ്യാണെന്ന കാര്യത്തിൽ അന്നത്തെ കാലത്തെ മുസ് ലിം ഉമ്മത്തിലെ ജ്ഞാനികൾക്ക് അഭിപ്രായ ഐക്യമുണ്ടായിരുന്നു. ഇസ് ലാമിന്റെ പൊതുധാരയിൽ നിന്ന് വ്യതിചലിച്ചു പോയ ശീഇകളും ഖവാരിജുകളും വരെ അവിടുത്തെ വിലായത്തിനെ അംഗീകരിച്ചിരുന്നുവെന്ന് ശൈഖിന്റെ അപദാന കവിതയെഴുതിയ സ്വദഖത്തുല്ലാഹിൽ ഖാഹിരി(ന.മ) പറയുന്നുണ്ട്. ഹിജ്റ 470-(ക്രിസ്താബ്ദം 1077) ൽ ജനിച്ച് ഹിജ്റ 561(ക്രിസ്താബ്ദം 1165) ൽ വഫാത്തായ മഹാനവർകളെ ഹിജ്റ ആറാം നൂറ്റാണ്ടിലെ മുജദിദുകളുടെ ​ഗണത്തിൽ ചരിത്രകാരനായ ജമാലുദ്ദീൻ ഫാലിഹ് അൽകൈലാനി(ജീലാനി) അവർകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹാനവർകളിലേക്ക് ചേർത്ത് വിളിക്കപ്പെടുന്ന ആധ്യാത്മിക സരണി ഇന്നും നിലനിൽക്കുന്നത് കൊണ്ട് അവിടുത്തെ അനുസ്മരിക്കുന്ന സദസ്സുകൾ ഇന്നും നിലക്കാതെ തുടരുകയാണ്.
ഒന്നാം നൂറ്റാണ്ടിൽ പൂർത്തീകരിക്കപ്പെട്ട നുബുവ്വത്തിന്റെ ചന്ദ്രശോഭ രണ്ടും മൂന്നും നാലും നൂറ്റാണ്ടുകളിൽ ജ്വലിച്ചതു പോലെ അഞ്ചാം നൂറ്റാണ്ടിൽ ജ്വലിക്കാതെ മങ്ങലേറ്റപ്പോൾ ആറാം നൂറ്റാണ്ടിലേക്ക് വിലായത്തിന്റെ പ്രഭ ചൊരിയുന്നവരായിട്ടാണ് ശൈഖ് അവർകൾ നിയോഗിതരാകുന്നത്. കത്തിജ്വലിക്കുന്ന വിളക്കായ മുഹമ്മദ് (സ്വ) യുടെ അനന്തരഗാമികളിൽ നിന്ന് മുജദ്ദിദുകൾ ഉണ്ടായി കൊണ്ടേയിരിക്കുമെന്നാണ് ഹദീസിൽ വന്നിട്ടുള്ളത്. ഉത്തമ നൂറ്റാണ്ടുകളുടെ യുഗത്തിന് ശേഷം മുസ്‍ലിം ഉമ്മത്തിന്റെ അതിജീവിനത്തിന് പുത്തനുണർവ് പകരാനായിട്ടാണ് ശൈഖ് മുഹ്‍യിദ്ദീൻ ജീലാനി (റ) നിയോഗിതരായതെന്ന് അവിടുത്തെ ചരിത്രം പഠിക്കുന്നവർക്ക് നിസ്സംശയം പറയുവാൻ കഴിയും. അത്രമാത്രം ജനകീയവും ആബാലവൃന്ദം ജനങ്ങളെ സ്വാധീനിക്കുന്നതുമായിരുന്നു മഹാനവർകളുടെ ദീനി പ്രഭാഷണങ്ങൾ. ഇസ്‍ലാമിന് വെളിയിലുള്ളവരെ ഇസ്‍ലാമിലേക്ക് നയിക്കാനും ദുഷ്കർമ്മങ്ങളിൽ വ്യാപൃതരായിരുന്നവരെ പാശ്ചാത്തപിച്ചു മടങ്ങാനും ഇൽമിന്റെയും അമലിന്റെയും രംഗത്തുള്ളവരെ കൂടുതൽ സംസ്കരിക്കാനും കഴിയുന്ന അസാധാരണമായ സദസ്സുകളായിരുന്നുവത്.

ഖിയാമത്തോളം സംരക്ഷിച്ചു നിലനിർത്തുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള ഈ ദീനിന്റെ ശരിയായ പ്രതിനിധികൾ ഒരിക്കലും നിലച്ചു പോകുന്നതല്ലെങ്കിലും പൊതുജനത്തിനിടയിൽ ദീൻ പ്രബലപ്പെടുന്നതിൽ ഏറ്റകുറച്ചിലുകൾ സംഭവിക്കുന്നതാണ്. അതാണ് ഉത്തമ നൂറ്റാണ്ടുകൾക്ക് ശേഷമുണ്ടായ നാഗരികമായ വികാസത്തിനിടയിൽ ഉമ്മത്തിന് സംഭവിച്ചത്. ഭൗതികമായ വികാസത്തിന്റെ ആകർഷണത്തിൽ ജനങ്ങൾ സ്വാധീനിക്കപ്പെട്ടു പോകുമ്പോൾ ആധ്യാത്മികമായി ജനങ്ങളെ ആകർഷിക്കുന്ന ഒരു കേന്ദ്രം ഉയർന്നു വരേണ്ടതുണ്ട്. അപ്പോഴാണ് പൊതുജനത്തിനിടയിൽ ദീനിയായ നവോത്ഥാനം സംഭവിക്കുകയുള്ളൂ. അത് ശൈഖവർകളുടെ കാർമികത്വത്തിൽ അക്ഷരാർത്ഥത്തിൽ സംഭവിച്ചതിന് ഹിജ്റ ആറാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചു. ആത്മസംസ്കരണത്തിനായി ത്വരീഖത്ത് എന്ന പേരിൽ പ്രത്യേക ചിട്ടയിൽ ചില സാങ്കേതികമായ രീതികൾ രൂപപ്പെടുകയും അത് ലോകവ്യാപകമാവുകയും അതിന്റെ ഫലമായി വലിയ തോതിൽ പ്രബോധന പ്രവർത്തനങ്ങൾ നടക്കുകയും ചെയ്തതിന് പിന്നീട് ചരിത്രം സാക്ഷിയാകുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തോടെയാണ് അന്ന് തുടങ്ങിയ സ്വൂഫി പ്രബോധനങ്ങളുടെ ജീവസുറ്റ പാരമ്പര്യങ്ങൾക്ക് ക്ഷീണം ബാധിച്ചത്. ഭൗതികവാദത്തിന്റെ തള്ളികയറ്റവും മുസ്‍ലിം ഉമ്മത്തിന്റെ ഐഹികമായ താൽപ്പര്യങ്ങളും നിമിത്തം സൂഫികളുടെ സ്വാധീനം സമൂഹത്തിൽ കുറഞ്ഞു വന്നത് നിമിത്തമാണത് ശുഷ്കിച്ചു പോയത്. എന്നാൽ അല്ലാഹുവും റസൂൽ(സ) യും വാഗ്ദാനം ചെയ്തതു പോലെ ദീൻ സംരക്ഷിക്കപ്പെടുകയും തേടുന്നവർക്ക് ലഭ്യമാവുകയും ചെയ്യുന്ന വിധത്തിൽ ഇന്നും അതിന്റെ തനിമയോടെ ദീൻ നിലനിർത്തുന്ന ജീലാനി ശൈഖ്(റ) യുടെ യഥാർത്ഥ പിൻ​ഗാമികൾ ഇന്നും സജീവമായി രം​ഗത്തുണ്ട്. ഹഖിനെ തേടുന്നവർക്ക് തീർച്ചയായും അവരെ പ്രാപിക്കാനാവും.

നബി(സ) ജീവിച്ചിരുന്ന ഘട്ടത്തിലും സ്വഹാബാക്കളുടെ കാലത്തും താബിഈങ്ങളുടെ യുഗത്തിലും തബഉതാബിഈങ്ങളുടെ നൂറ്റാണ്ടിലും അറിവിന്റെ വിനിമയം കൊണ്ട് തന്നെ ദീനിയായ അവസ്ഥകളെ ജനങ്ങളിലേക്ക് പകർത്തപ്പെട്ടിരുന്നു. അഥവാ, ഈമാനും ഇസ്‍ലാമും ഇഹ്സാനും കൂടിചേർന്ന ദീനിനെ സ്വഭാവികമായ പഠനത്തിലൂടെ തന്നെ കൈമാറാൻ സാധിച്ചിരുന്നു. തഅ്ലീം കൊണ്ട് തന്നെ സംസ്കരണം സിദ്ധിച്ചിരുന്ന ആ ഒരു ഘട്ടത്തിന് അന്ത്യം കുറിക്കപ്പെടുകയും നാലാം നൂറ്റാണ്ടു മുതൽ ആത്മസംസ്കരണത്തിനായി പ്രത്യേക മുറകൾ അനുഷ്ഠിക്കേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തുവെന്ന് ഇമാം അബ്ദുൽവഹാബ് ശഅറാനി(റ) പറഞ്ഞിട്ടുണ്ട്. മുസ്‍ലിം ഉമ്മത്തിനിടയിൽ കിബർ, ഹസദ്, രിയാഅ് പോലുള്ള രോഗങ്ങൾ വ്യാപകമാകാതിരുന്ന കാലഘട്ടിൽ നിന്നും അത് വ്യാപകമായ കാലഘട്ടത്തിലേക്കുള്ള മാറ്റമാണ് ഉത്തമ നൂറ്റാണ്ടുകൾക്ക് ശേഷം സംഭവിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ സഹവാസത്തിൽ നിന്ന് തന്നെ ഈമാനിൽ ദൃഢത കൈകൊള്ളാനും സംശുദ്ധമായ സ്വഭാവം സിദ്ധിക്കാനും ഉത്തമ നൂറ്റാണ്ടിൽ എല്ലാവർക്കും സാധിച്ചിരുന്നു. അതിന് ശേഷം അത് സാധ്യമാകാതെ വന്നതു മുതലാണ് സാങ്കേതികാർത്ഥത്തിലുള്ള ത്വരീഖത്തിന്റെ ശൈലിയിൽ ആത്മസംസ്കരണ പ്രക്രിയകൾ വ്യാപകമാവുന്നത്. അങ്ങനെ രംഗത്തു വന്ന ആത്മസംസ്കരണത്തിനുള്ള സരണികളിൽ ഏറ്റവും പ്രഥമമായത് ശൈഖ് അബ്ദുൽഖാദിർ ജീലാനി തങ്ങളിലേക്ക് ചേർത്തു കൊണ്ട് ഖാദിരി എന്ന് വിളിക്കപ്പെടുന്ന സരണിയാണ്. ആ സരണിയുടെ പ്രഭവ കേന്ദ്രമെന്ന നിലയിലാണ് ശൈഖ് ജീലാനി(റ) ഇന്നും ജനമനസ്സുകളിൽ ജീവിച്ചിരിക്കുന്നത്.

ജനങ്ങളുടെ മനസ്സിൽ ഈമാനികമായ അവസ്ഥ ദൃഢമാക്കുകയും അമലുസ്വാലിഹാത്തിൽ സജീവമാക്കുകയും ഹൃദയത്തിൽ വിശുദ്ധിയുള്ളവരാക്കുകയുമാണ് നബിമാർ നിർവ​ഹിച്ച ദൗത്യം. അത് അതാതു കാലഘട്ടത്തിൽ ആവശ്യമായ വിധത്തിൽ നിർവഹിച്ചു കൊണ്ടിരിക്കണം. അതിന് വേണ്ട അറിവും പ്രായോഗിക പരിശീലനവുമാണ് എല്ലാ കാലത്തും ആവശ്യമായിട്ടുള്ളത്. ജനങ്ങളിൽ വ്യാപിച്ചിട്ടുള്ള ആന്തരീക രോഗങ്ങളുടെ ശമനത്തിന്നാവശ്യമുള്ള അറിവും പരിശീലനങ്ങളുമാണ് നൽകേണ്ടത്. അത്‌ ഓരോ കാലഘട്ടത്തിലും രംഗത്തു വരുന്നവർക്ക് ലഭിക്കുന്ന അവബോധത്തിന്റെ അടിസ്ഥാനത്തിൽ ഉരുതിരിഞ്ഞു വരുന്നതാണ്. നബി(സ) തങ്ങൾ അല്ലാഹുവിൽ നിന്നുള്ള വഹ്‍യിനെ പിന്തുടർന്നാണ് സമൂഹത്തെ സംസ്കരിച്ചതെങ്കിൽ പിൽക്കാലത്തുള്ളവർ ആ നബി(സ) തങ്ങൾ പകർന്നു തന്ന ചര്യയെ പിന്തുടർന്നു കൊണ്ടാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കേണ്ടത്. അല്ലാഹുതആല വിശുദ്ധ ഖുർആനിൽ പറഞ്ഞു:
നബിയെ പറയുക, ഇതാണ് എന്റെ വഴി. ഞാനും എന്നെ പിമ്പറ്റിയവരും അകക്കാഴ്ച്ചയോടെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു.(യൂസുഫ് 108).

ബസ്വീറത്തോട് കൂടി അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരാണ് നബി(സ) യും അവിടുത്തെ പിമ്പറ്റിയവരുമെന്നാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തിയത്. അന്ധതയോടെയല്ല, അകക്കാഴ്ച്ചയോടെയാണ്. അല്ലാഹുവിലുള്ള വിശ്വാസം മനുഷ്യന്റെ മനസ്സിൽ ബോധ്യപ്പെടും വിധം തെളിവുകളോടെ (ദലീൽ ബുർഹാനോടെ) വിശദീകരിച്ചു കൊണ്ടുള്ള പ്രബോധനമാണ് വിശുദ്ധ ഖുർആൻ നിർവഹിച്ചിട്ടുള്ളത്. വിശ്വാസികളെന്നാൽ പഞ്ചേന്ദ്രിയത്തിനും ബുദ്ധിക്കും പിടിച്ചെടുക്കാൻ കഴിയുന്നതിനപ്പുറമുള്ളതിൽ വിശ്വസിച്ചവരാണ് എന്ന് പരിചയപ്പെടുത്തിയ വിശുദ്ധ ഖുർആൻ തന്നെ തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നിവ ബോധ്യപ്പെടുത്താൻ ധാരാളം വിശദീകരണങ്ങൾ നൽകുകയും ആ വിഷയത്തിൽ ചിന്തിക്കാനും പാഠമുൾകൊള്ളാനും അനേകം തവണ ഉണർത്തുകയും ചെയ്തിട്ടുണ്ട്. ചിന്തയും പഠനവും മുഖേനയാണ് അദൃശ്യത്തിൽ വിശ്വസിക്കാവുന്ന തലത്തിലേക്ക് ഉയരുവാനുള്ളതെന്ന് ഇതിൽ നിന്നും ​ഗ്രഹിക്കാം! കേവലമായ അന്ധവിശ്വാസമല്ല, ഇലാഹിയായതും സത്യസന്ധമായതുമായ കാര്യങ്ങളെ വിശ്വസ്തനായ ഒരു നബി(സ) പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിശ്വാസിക്കുന്ന വിധത്തിലേക്കാണ് ജനങ്ങളെ നയിക്കുവാനുള്ളത്. അതിന് കഴിയുന്ന ആത്മജ്ഞാനികളായ പണ്ഡിതരുടെ കാർമികത്വത്തിലല്ലാതെ ഇസ്‍ലാമിന് മുന്നോട്ടു പോകുവാൻ സാധിക്കില്ല.

ഹിജ്റ 561ൽ വഫാത്തായ ശൈഖ് മുഹ്‍യിദ്ദീൻ അബ്ദുൽഖാദിർ ജീലാനി(j) തങ്ങളെ ഒമ്പത് നൂറ്റാണ്ടിന് ശേഷം ഇന്നും അനുസ്മരിക്കുമ്പോൾ ആ ഒമ്പത് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച വ്യക്തിത്വത്തിൽ നിന്നും പാഠമുൾകൊള്ളാനും മാതൃക പിമ്പറ്റാനും ഇന്നും ആളുകളുണ്ടെന്നാണല്ലോ മനസ്സിലാകുന്നത്. ഇസ്‍ലാമിക സമൂഹമങ്ങനെയാണ്, അവർക്ക് മാതൃകകൾ നിറഞ്ഞ നൂറ്റാണ്ടുകൾ ഭൂതകാലത്താണുള്ളത്. നാ​ഗരികമായ വികാസങ്ങൾ സിദ്ധിക്കാത്ത അറേബ്യൻ മരുഭൂസമൂഹത്തിൽ നിന്നും നിയോ​ഗിതരായ മുഹമ്മദ്(സ) യെ സ്രഷ്ടാവിന്റെ ദൂതരും മാതൃകയുമായി കാണുന്നവർക്ക് ആ നൂറ്റാണ്ടും അതിനോടടുത്ത നൂറ്റാണ്ടുകളുമാണ് ഉത്തമമായിട്ടുള്ളത്. നാ​ഗരികമായ വികാസങ്ങളല്ല ആത്മീയമായ മൂല്യങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കുന്നത് എന്ന ഉറച്ച വിശ്വാസത്തിൽ നിലകൊള്ളുന്ന ഒരു ജനതക്ക് അതിനുള്ള ആർജവമുണ്ടാവുക തന്നെ ചെയ്യും. ഇന്ന് ടെക്നോളജിയുടെ വികാസം മനുഷ്യനെ ആത്മശൂന്യനാക്കുകയും സ്വാർത്ഥതയും വിഭവങ്ങളോടുള്ള ആർത്തിയും അവനെ ഭരിച്ചു കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ അവർക്കിടയിൽ മനുഷ്യത്വം പോലും അവശേഷിക്കാത്ത വിധത്തിൽ അധഃപതനമാണ് സംഭവിച്ചിരിക്കുന്നത്. അവർ മൃ​ഗങ്ങളേക്കാൾ‍ അധഃപതിച്ചു പോയിരിക്കുന്നുവെന്ന് വിശുദ്ധ ഖുർആൻ പറഞ്ഞല്ലോ? അത് അക്ഷരാർത്ഥത്തിൽ ഇന്നത്തെ സമൂഹത്തെ കുറിച്ചാണെന്ന് നമുക്ക് ബോധ്യപ്പെടുന്ന വിധത്തിലാണ് കാര്യങ്ങളുള്ളത്. അവർ കേൾക്കുകയും ചിന്തിക്കുകയും ചെയ്യുന്നുണ്ട് എന്ന് കരുതേണ്ട, അവർ മൃ​ഗങ്ങളെ പോലെയാണ്. അല്ല, അതിനേക്കാൾ അധഃപതിച്ചവരാണ്. (അൽഫുർഖാൻ). ഭുജിക്കുക, ഭോ​ഗിക്കുക, വിസർജിക്കുക എന്നതിൽ പരിമിതപ്പെടുന്ന ജീവിതം മൃ​ഗങ്ങളിൽ കാണുന്ന സ്വഭാവമാണ്. വിശേഷബുദ്ധി നൽകപ്പെട്ട മനുഷ്യനും അതിൽ പരിമിതപ്പെടുന്നുവെങ്കിൽ അവനെ മൃ​ഗത്തോടാണ് താരതമ്യപ്പെടുത്താവുന്നത്. എന്നാൽ, അത് മാത്രമല്ല ആധ്യാത്മികമായ കാര്യങ്ങളെ നിഷേധിക്കുക കൂടി ചെയ്യുന്നുണ്ടെങ്കിൽ അവരെ മൃ​ഗങ്ങളേക്കാൾ താഴെ എന്ന് തന്നെ പറയണമല്ലോ? മനുഷ്യർക്കിടയിൽ ഭോ​ഗത്തിന് പിന്നാലെ പോകുന്നവർ എന്നുമുണ്ട്. പക്ഷെ, അവരെല്ലാം ആത്മീയതയെ നിഷേധിക്കുന്നവരായിരുന്നില്ല. ഇന്നത്തെ സമൂഹമങ്ങനെയല്ല, അവർ സുഖം തേടി പോകുന്നവർ മാത്രമല്ല ആത്മീയതയെ പാടെ നിഷേധിക്കുന്നവർ കൂടിയാണ്. കാര്യങ്ങൾ കേൾക്കാനും ചിന്തിക്കാനും തയ്യാറല്ലാത്തവരെ കുറിച്ചാണ് വിശുദ്ധ ഖുർആൻ ഇവിടെ മൃ​ഗങ്ങളെന്നും അതല്ല, അതിനേക്കാൾ അധഃപതിച്ചവർ എന്നും വിശേഷിപ്പിച്ചത്. അത്തരത്തിലുള്ള ഒരു ജനതയെ സംബോധന ചെയ്യാൻ ശൈഖ് മുയ് യിദ്ദീൻ അബ്ദുൽഖാദിർ ജീലാനി(റ) തങ്ങളിൽ നിന്നും ഊർജ്ജം സംഭരിക്കാൻ കഴിയുന്നവരായിരിക്കും ഇക്കാലഘട്ടത്തിൽ പ്രബോധന രം​ഗത്ത് ​മുന്നോട്ട് ​ഗമിക്കാൻ കഴിയുന്നവർ.

ഹിജ്റ ആറാം നൂറ്റാണ്ടിൽ അന്നത്തെ വികാസം പ്രാപിച്ചു വരുന്ന നാ​ഗരികതയുടെ വഞ്ചനയിലകപ്പെട്ട ഒരു ജനതയെ പ്രബോധനം ചെയ്ത ശൈഖ് ജീലാനി തങ്ങൾ അന്ന് ബ​ഗ്ദാദിന്റെ ​ഗതി മാറ്റിയതാണ് ചരിത്രം. ആ ശൈഖിന്റെ സ്മരണ ഇന്ന് നമുക്ക് കുറഞ്ഞ വ്യക്തികളുടെയെങ്കിലും ജീവിതത്തിന് ശരിയായ ദിശ നിർണയിച്ചു കൊടുക്കാൻ കഴിയുമെങ്കിൽ നമ്മുടെ അനുസ്മരണം സാർത്ഥകമായി എന്ന് പറയാം. അല്ലെങ്കിൽ സ്വന്തം ജീവിതത്തിന്റെ തന്നെ ദിശ നിർണയിക്കാനെങ്കിലും കഴിയേണ്ടതുണ്ട്. അല്ലാത്ത പക്ഷം, അനേകം ഇവന്റുകൾക്കിടയിൽ ഒരു ജീലാനി ഇവന്റ് കൂടി നടത്തി എന്നതല്ലാതെ മറ്റൊന്നുമില്ല.

ഇസ്‌ലാമിക സമൂഹം വല്ലാത്ത മൂല്യച്യുതിയിലും അരക്ഷിതാവസ്ഥയിലും കൂടുതൽ കൂടുതൽ ആണ്ടു പോകുമ്പോൾ ഇസ്‌ലാമിക സംഘങ്ങൾ അതിലേക്കൊന്നും കാര്യമായി ശ്രദ്ധിക്കാതെ വാർഷികാഘോഷങ്ങളുടെ തിരക്കിലാണ്. സമൂഹം അധഃപതനത്തിലേക്ക് പോകുമ്പോളും നവോത്ഥാനത്തിന്റെ കുത്തക അവകാശപ്പെടാൻ മത്സരിക്കുന്ന ഒരു വിഭാഗത്തിന്റെ മുമ്പിലാണ് മുഹ് യിദ്ധീൻ ശൈഖിന്റെ ചരിത്രം പുനർവായിക്കാനുള്ളത്. അബ്ബാസി ഭരണത്തിന്റെ പതന കാലത്ത് ഭൗതിക സുഖങ്ങളിലേക്ക് കൂപ്പു കുത്തുന്ന ഉമ്മത്തിന്റെ ആത്മീയ നേതൃത്വം ശൈഖ് ജീലാനി(റ) യെ പോലുള്ള ഔലിയാക്കൾ ഏറ്റെടുക്കുകയാണ്. പിന്നീട് ഉള്ള നീണ്ട നൂറ്റാണ്ടുകൾ മുഴുവൻ ഉമ്മത്തിന്റെ ദീനി പുരോഗതിക്ക് ചുക്കാൻ പിടിച്ചിട്ടുള്ളത് സ്വൂഫി ശൈഖന്മാരാണെന്ന് ചരിത്രത്തിൽ വളരെ വ്യക്തമായി കാണാം. ഉലമാക്കൾ എക്കാലത്തും ഉമ്മത്തിന്റെ നേതൃത്വമായിരുന്നെങ്കിലും സ്വൂഫി മാർഗത്തിൽ പ്രവേശിച്ച ഉലമാക്കൾക്കാണ് പിൽക്കാലത്തു പ്രബോധന പാതയിൽ മുന്നേറ്റം സാധ്യമായിട്ടുള്ളത്. അതിന് തുടക്കം കുറിച്ചവവർ എന്ന നിലയിൽ ശൈഖ് ജീലാനി(റ) ക്കും അവരുടെ പിന്തുടർച്ചക്കാർക്കും(ഖാദിരികൾ) വലിയ പങ്കുണ്ട്. ഉത്തമ നൂറ്റാണ്ടുകളിലെ എല്ലാ പണ്ഡിതരും വിലായത്തിന്റെ വിതാനത്തിൽ നിൽക്കുന്നവരായിരുന്നുവെങ്കിൽ പിൽക്കാലത്ത് ഹുബ്ബു ദുൻയയും അതിന്റെ അനുബന്ധമായ മാനസിക രോ​ഗങ്ങളും വ്യാപിച്ചപ്പോഴാണ് ആലിമായതിന് ശേഷം സ്വൂഫി കൂടിയാകൽ അനിവാര്യമാണെന്നു വരുന്നത്. ആന്തരിക മൂല്യങ്ങളോട് കൂടിയ ആലിമീങ്ങൾ വിരളമായപ്പോഴാണ് ആ മൂല്യങ്ങളെ ആർജിക്കൽ പ്രത്യേക പാതയാക്കി കൊണ്ടു വന്നത്. അതല്ലാതെ ഇത് ഒരു നവീനമായ പാതയല്ല എന്ന കാര്യവും പ്രത്യേകം ഉണർത്തേണ്ടതുണ്ട്.

തുർക്കി ഖിലഫത്തിന്റെ പതനത്തിന് ശേഷം അവിടെ നിന്നുണ്ടായ ദീനി മാർഗത്തിലുള്ള പരിശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ച ബദീഉ സമാൻ നൂർസി(റ) യും ഖാദിരി പിന്തുടർച്ചയിൽ കണ്ണിയായവരായിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലും ഇന്ത്യയിലും ഖാദിരി സൂഫികൾ നടത്തിയ പ്രബോധന പരിശ്രമങ്ങളും ചുരുക്കി കാണാൻ കഴിയില്ല. അതിന്റെ ബാക്കി പത്രം എന്ന നിലയിലാണ് കേരളത്തിൽ വ്യാപകമായി കാണുന്ന മുഹയിദ്ധീൻ പള്ളികളും ഖാദിരി, ജീലാനി പള്ളികളും അവരിലേക്ക് ചേർത്തു പറയുന്ന റാഥ്വിബു പ്രചരിക്കപ്പെട്ടു കാണുന്നത്.
ശൈഖ് ജീലാനി(റ) യുടെ കൈപിടിച്ചു ബൈഅത്തു ചെയ്ത പതിനായിരക്കണക്കിന് മനുഷ്യരിൽ ഒട്ടനേകം പേര് പ്രബോധന ദൗത്യവുമായി നാട് വിട്ടിട്ടുണ്ട്. പ്രത്യേകിച്ച് ശൈഖിന്റെ കാലഘട്ടത്തിന് ശേഷം താർത്താരി ആക്രമണ കാലഘട്ടത്തിൽ ഖുറാസാനിൽ നിന്നും ബാഗ്ദാദിൽ നിന്നും ധാരാളം സ്വൂഫികൾ ഇന്ത്യയിലേക്ക് കുടിയേറിയിട്ടുണ്ട്. താർത്താരികളുടെ അധിനിവേശത്തെ പ്രതിരോധിച്ച അന്നത്തെ ഇന്ത്യയിലെ കിൽജി രാജാക്കന്മാർ ഈ സൂഫികൾക്ക് പ്രബോധന ഭൂമിക ഒരുക്കാൻ കാരണമായി.

ശൈഖിന്റെ പ്രഭാഷണങ്ങളുടെ സമാഹാരമായ ഫത്ഹുറബ്ബാനിയും ഫുതൂഹുൽഗൈബും പരിശോധിച്ചാൽ ശൈഖ് അവർകളുടെ പ്രഭാഷണം ഊന്നിയതെവിടെ എന്ന് കാണാം. അല്ലാഹുവിലുള്ള വിശ്വാസം, പരലോക വിശ്വാസം, ദുനിയാവിന്റെ നൈമിഷികത, ഹൃദയ സംസ്കരണം തുടങ്ങിയുള്ള കാര്യങ്ങളിൽ ഊന്നിയ ഉപദേശങ്ങൾ എക്കാലത്തും മനുഷ്യന് വളരെ ആവശ്യമാണ്. പക്ഷെ, അതാതു കാലത്തെ മനുഷ്യരുടെ ബുദ്ധിയും കാഴ്ചപ്പാടും മനസിലാക്കി കൊണ്ട് വേണം ഉപദേശം നൽകാൻ. ഇസ്‌ലാമിക ആദ്ധ്യാത്മികതയിൽ ഊന്നിയ സാമൂഹിക-സാമ്പത്തിക കാഴ്ചപ്പാട് രൂപപ്പെട്ടു വരേണ്ടതുണ്ട്. അത് ഈ കാലഘട്ടത്തിലെ ജീലാനി ശൈഖിന്റെ പിന്തുടർച്ചക്കാരുടെ ദൗത്യമാണ്. ഉപഭോ​ഗസംസ്കാരത്തെയും മുതലാളിത്ത കാഴ്ച്ചപ്പാടിനേയും ലിബറൽ ചിന്താ​ഗതിയേയും പേറി നടക്കുന്ന ഇന്നത്തെ സമൂഹത്തെ സംസ്കരിക്കാൻ കഴിയുന്ന പ്രബോധന പ്രവർത്തനങ്ങളിലേക്ക് പ്രചോദനമാണ് ശൈഖ് ജീലാനി റഹിമഹുല്ലാ​ഹ്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy