അധമമനസ്സിന്റെ സംസ്കരണം സിദ്ധിക്കുന്നതെങ്ങനെ?

"Sufi scholars have categorized the four and seven states of the nafs (self/soul) by interpreting the verses of the Holy Quran. In addition to the four states explained initially, some Sufis have also detailed states of the nafs such as Radiyya (the well-pleased), Mardiyya (the well-pleasing), and Kamila (the perfect)."

നഫ്സിന്റെ നാല് അവസ്ഥാന്തരങ്ങളെയും ഏഴ് അവസ്ഥാന്തരങ്ങളെയുമെല്ലാം പരിശുദ്ധ ഖുർആനിന്റെ സൂക്തങ്ങളെ വ്യാഖ്യാനിച്ച് സ്വൂഫി പണ്ഡിതന്മാർ വിഭജിച്ചിട്ടുണ്ട്. ആദ്യം വിശദീകരിച്ച നാല് അവസ്ഥകളെ കൂടാതെ റാളിയഃ, മർളിയഃ, കാമിലഃ എന്നിങ്ങനെയുള്ള നഫ്സിന്റെ അവസ്ഥകളെ കൂടി സ്വൂഫിയാക്കളിൽ ചിലർ വിശദീകരിച്ചിട്ടുണ്ട്. ഒരു സാലിക് (ആത്മീയയാത്രികൻ) നഫ്സുൽ മുത്മഇന്നയുടെ പദവി കടന്നാൽ എത്തുന്ന ഏറ്റവും വികാസം പ്രാപിച്ച അവസ്ഥകളാണ് ഇവ.
നഫ്സുർ റാളിയഃ (النفس الراضية – തൃപ്തിപ്പെട്ട മനസ്സ്) എന്നാൽ അല്ലാഹു തനിക്ക് നൽകിയ എല്ലാ വിധികൾക്കും തീരുമാനങ്ങൾക്കും മുന്നിൽ പൂർണ്ണമായി സംതൃപ്തി പ്രകമാക്കുന്ന ആന്തരീകാവസ്ഥയാണ് അഥവാ മാനസികാവസ്ഥയാണ്. ജീവിതത്തിൽ കഷ്ടപ്പാടുകളോ പരീക്ഷണങ്ങളോ ഉണ്ടായാൽ പോലും ഇവർക്ക് പരാതിയോ പരിഭവമോ ഉണ്ടാകില്ല. അല്ലാഹുവിന്റെ എല്ലാ തീരുമാനങ്ങളിലും അവർ ആനന്ദം കണ്ടെത്തുന്നു.
നഫ്സുൽ മർളിയഃ (النفس المرضيّة – അല്ലാഹുവിന് പ്രിയങ്കരമായ നഫ്സ്) യാണ് അടുത്തത്. ഒരു അടിമ അല്ലാഹുവിന്റെ തീരുമാനങ്ങളിൽ പൂർണ്ണമായി തൃപ്തിപ്പെടുമ്പോൾ (റാളിയഃ), തിരിച്ച് അല്ലാഹു ആ അടിമയിൽ പൂർണ്ണമായി തൃപ്തിപ്പെടുന്നു (മർളിയഃ).
നഫ്സുൽ കാമിലഃ അല്ലെങ്കിൽ സ്വാഫിയഃ (النفس الكاملة / الصافية – പൂർണ്ണത കൈവരിച്ച / പരിശുദ്ധമായ മനസ്സ്) എന്നതാണ് ഇതിൽ ഏറ്റവും ഉന്നതമായ അവസ്ഥ. ആത്മീയതയുടെയും ആത്മശുദ്ധീകരണത്തിന്റെയും പരമോന്നത പദവിയാണിത്. പ്രവാചകന്മാർക്കും അല്ലാഹുവിന്റെ ഏറ്റവും അടുത്ത വലിയ്യിമാർക്കും (ഔലിയാക്കൾ) മാത്രം കൈവരുന്ന അവസ്ഥയാണിത്. ഇവിടെ മനുഷ്യന്റെ അഹംഭാവം (Self) പൂർണ്ണമായി ഇല്ലാതാവുകയും (ഫനാഅ്), അവൻ എപ്പോഴും അല്ലാഹുവിന്റെ നൂറിൽ ലയിച്ചു ജീവിക്കുകയും ചെയ്യുന്നു. ഈ മനസ്സിൽ അല്ലാഹുവിന്റെ ചിന്തയല്ലാതെ മറ്റൊന്നും അവശേഷിക്കുകയില്ല. ഇതിന്റെ തുടക്കത്തിൽ വിശദീകരിച്ച മുത്മഇന്നത്തായ നഫ്സിന്റെ അനിവാര്യമായ ​ഗുണവിശേഷങ്ങളാണ് അഥവാ അവസ്ഥാന്തരങ്ങളാണ് ഒടുവിൽ പറഞ്ഞ മൂന്ന് നഫ്സുകൾ. എന്നാൽ വ്യത്യസ്തമായ അവസ്ഥകൾക്കും (മഖാമാത്) ഗുണങ്ങൾക്കും (ഔസാഫ്) അനുസരിച്ച് പല പേരുകളിൽ അറിയപ്പെടുന്നുവെങ്കിലും, ‘നഫ്സ്’ ഒന്ന് തന്നെയാണ് എന്നത് വ്യക്തമാണ്. വൈദ്യശാസ്ത്രജ്ഞരുടെ സാങ്കേതികഭാഷയിൽ പറഞ്ഞാൽ, ശരീരത്തിൽ ഒഴുകിനടക്കുന്ന സൂക്ഷ്മമായ ആവി പോലുള്ള ഒരൊറ്റ ജീവരക്തം (റൂഹ്) തന്നെയാണ് ഹൃദയത്തിലെത്തുമ്പോൾ ‘റൂഹ് ഹയ്വാനി’ (animal spirit) എന്നും, കരളിലെത്തുമ്പോൾ ‘റൂഹ് ത്വബീഈ’ (natural spirit) എന്നും, മസ്തിഷ്കത്തിലെത്തുമ്പോൾ ‘റൂഹ് നഫ്സാനി’ (psychic spirit) എന്നും വിളിക്കപ്പെടുന്നത്. ഇതിന് സമാനമാണിത്. പേരുകളിലെ ഈ മാറ്റം സ്ഥലങ്ങളുടെയും അവസ്ഥകളുടെയും വ്യത്യാസങ്ങൾ കൊണ്ട് മാത്രമുണ്ടാകുന്നതാണ്, എന്നാൽ അവയുടെ യഥാർത്ഥ ഉറവിടം ഒന്നാണ്.
ഇനി നാം പരിശോധിക്കുന്നത്, ഈ നഫ്സിനെ അതിന്റെ മൃഗീയവും നിന്ദ്യവുമായ സ്വഭാവങ്ങളിൽ നിന്ന് എങ്ങനെ ശുദ്ധീകരിക്കാം എന്നും, ‘തസ്കിയത്തുൻ നഫ്സ്’ (ആത്മശുദ്ധീകരണം) എങ്ങനെ സാധ്യമാകും എന്നുമാണ്?
‘മുജാഹദ’ (ആത്മീയമായ കഠിനശ്രമം/പോരാട്ടം) ഇല്ലാതെ നഫ്സിന്റെ ശുദ്ധീകരണം സാധ്യമേയല്ല. ഒരു കാവ്യശകലത്തിൽ പറഞ്ഞതു പോലെ;
”കഷ്ടപ്പാടുകൾ സഹിക്കാതെ ആർക്കും നിധി കണ്ടെത്താനാവില്ല!” അതുകൊണ്ട് തന്നെയാണ് വിശുദ്ധ ഖുർആൻ ഹിദായത്ത് (സന്മാർഗ്ഗം) ലഭിക്കുന്നതിന് മുജാഹദയെ ഒരു പ്രധാന നിബന്ധനയായി നിശ്ചയിച്ചിട്ടുള്ളത്.
“وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا” (അൽ-അൻകബൂത്ത്: 69)
“നമ്മുടെ മാർഗ്ഗത്തിൽ ജിഹാദ് (പരിശ്രമം) ചെയ്തവരാരോ, തീർച്ചയായും അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യും.”
തുടക്കക്കാരനായാലും, ഇടത്തരം ഘട്ടത്തിലുള്ളവനായാലും, ആത്മീയതയുടെ പൂർണ്ണതയിൽ എത്തിയവനായാലും (മുബ്തദീ, മുതവസ്സ്വിത്, മുൻതഹീ) ഏതൊരു വ്യക്തിക്കും തുടക്കം മുതൽ ഒടുക്കം വരെ മുജാഹദ എന്നത് അനിവാര്യവും നിർബന്ധവുമായ ഒന്നാണ്. ഒരു സാഹചര്യത്തിലും ഇതൊരു മനുഷ്യന്റെ ബാധ്യതയിൽ നിന്ന് ഒഴിഞ്ഞുപോകുന്നില്ല. മനുഷ്യന്റെ കർമ്മങ്ങളും പരിശ്രമങ്ങളും കഠിനാധ്വാനവുമെല്ലാം ഇതിന്റെ ഭാഗമാണ്. മുജാഹദ ഇല്ലാത്ത മനുഷ്യൻ എപ്പോഴും നഷ്ടത്തിലായിരിക്കും. അല്ലാഹു പരിശുദ്ധ ഖുർആനിൽ അരുൾ ചെയ്യുന്നു:
“തീർച്ചയായും മനുഷ്യൻ നഷ്ടത്തിലാണ്, വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ”.
നമ്മുടെ ഉള്ളിലെ ‘നഫ്സുൽ അമ്മാറഃ’യുടെ (തിന്മയ്ക്ക് പ്രേരിപ്പിക്കുന്ന മനസ്സ്) സ്വഭാവങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ മാത്രമേ ഈ പോരാട്ടം നമുക്ക് എളുപ്പമാകൂ.
‘മിസ്ബാഹുൽ ഹിദായ’ എന്ന ​ഗ്രന്ഥത്തിന്റെ രചയിതാവായ ഹസ്രത്ത് മഹ്മൂദ് ബിൻ അലി അൽ-കാശാനി (റ) ഈ സ്വഭാവങ്ങളെ വളരെ മനോഹരമായി വിവരിച്ചിട്ടുണ്ട്. നഫ്സിന്റെ ചില ദുർഗുണങ്ങൾ താഴെ പറയുന്നവയാണ്:

ആഗ്രഹങ്ങളുടെ അടിമത്തം: നഫ്സ് എപ്പോഴും സ്വന്തം ഇഷ്ടങ്ങളും ശാരീരിക സുഖങ്ങളും തേടിക്കൊണ്ടിരിക്കുന്നു. അത് സുഖങ്ങളുടെ ആരാധകനാണ്. പരിശുദ്ധ ഖുർആൻ ഇതിനെക്കുറിച്ച് ഇപ്രകാരം പറയുന്നു:
“തന്റെ തന്നിഷ്ടത്തെ ഇലാഹായി സ്വീകരിച്ചവനെ നീ കണ്ടുവോ?” (സൂറത്തുൽ ജാസിയ: 23).
തന്നിഷ്ടത്തെ ഇലാഹാക്കി ദേഹേച്ഛകൾ അനുസരിച്ച് ജീവിക്കുക എന്നത് അധിക മനുഷ്യരുടെയും ഒരു ദൗർബല്യമാണ്. എന്നാൽ സത്യവിശ്വാസികളിൽ ഈ ദൗർബല്യം അഥവാ ഈ ദുർ​ഗുണം പ്രകടമാകരുത് എന്ന മുന്നറിയിപ്പാണ് പരിശുദ്ധ ഖുർആൻ നൽകുന്നത്. അതുകൊണ്ട് തന്നെ ഇതിൽ നിന്നുള്ള വിമുക്തി ഓരോ മുഅ്മിനും കാംക്ഷിക്കുന്നത് തന്നെയാണ്.
മുജാഹദയിലൂടെ മാത്രമേ ഈ സ്വഭാവം, ഈ ദുർ​ഗുണം മാറ്റാൻ കഴിയൂ. ഐഹിക മോഹങ്ങളെ വെടിഞ്ഞ് അല്ലാഹുവിനോടുള്ള സ്നേഹം ഹൃദയത്തിൽ വളർത്തുകയും അല്ലാഹുവിന്റെ കല്പനകൾക്ക് വിധേയപ്പെടുകയും വേണം. ഇങ്ങനെ നഫ്സിനെ പരിശീലിപ്പിച്ചെടുക്കണം.
കാപട്യം (നിഫാഖ്): മിക്കപ്പോഴും നഫ്സിന്റെ പുറംഭാഗം അകമേയുള്ളതിന് വിരുദ്ധമായിരിക്കും. ആളുകളുടെ മുന്നിൽ അവരെ പുകഴ്ത്തുകയും പിന്നിൽ അവരെ ഇകഴ്ത്തുകയോ പരദൂഷണം പറയുകയോ ചെയ്യുന്നു. സത്യസന്ധത കൈക്കൊള്ളുകയും കാപട്യം ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇവിടെ മുജാഹദഃ. അഥവാ വാക്കും മനസ്സും ഒന്നായി തീരുക. ഒരുവന്റെ സാന്നിധ്യത്തിൽ മുഖസ്തുതിയും അസാന്നിധ്യത്തിൽ അപമാനിക്കലുമാകാതെ ശ്രദ്ധിക്കുക. അകവും പുറവും ഒരുപോലെ പ്രകാശം പ്രസരിപ്പിക്കുന്നതാവാനുള്ള പരിശ്രമമാണ് ഇവിടെ മുജാഹദഃ.
ലോകമാന്യത അഥവാ പ്രകടനപരത (രിയാഅ്): മറ്റുള്ളവരുടെ കണ്ണിൽ താൻ നല്ലവനായി കാണപ്പെടണം എന്ന് നഫ്സ് എപ്പോഴും ആഗ്രഹിക്കുന്നു. സമ്പത്തുകൊണ്ടുള്ള പെരുമ, അഹങ്കാരം തുടങ്ങിയ ദുർഗുണങ്ങൾ അല്ലാഹുവിന്റെ അടുത്ത് വെറുക്കപ്പെട്ടതാണെങ്കിലും മനുഷ്യർക്ക് മുന്നിൽ അത് പ്രകടിപ്പിക്കാൻ നഫ്സ് താല്പര്യപ്പെടുന്നു. ഇതിന്റെ ഫലമായി അത്തരമൊരാൾ ജനങ്ങൾക്ക് പ്രിയപ്പെട്ടവനും എന്നാൽ അല്ലാഹുവിങ്കൽ വെറുക്കപ്പെട്ടവനുമായി മാറുന്നു.
സൃഷ്ടികളുടെ അവസ്ഥ അഥവാ സൃഷ്ടിയുടെ യാഥാർത്ഥ്യം എന്താണെന്ന് തിരിച്ചറിയുമ്പോൾ മാത്രമേ ഈ സ്വഭാവം മാറുകയുള്ളൂ. മനുഷ്യനുൾപ്പെടെയുള്ള സൃഷ്ടിക്ക് ഗുണമോ ദോഷമോ മരണമോ ജീവിതമോ നിയന്ത്രിക്കാൻ കഴിയില്ല.
പ്രമുഖ ഹദീസ് പണ്ഡിതനായ അബ്ദുല്ലാഹിബ്നുൽ മുബാറക്(റ) വിന്റെ ‘കിതാബുസ്സുഹ്ദ്’ (كتاب الزهد) എന്ന ഗ്രന്ഥത്തിന് നുഐം ബിൻ ഹമ്മാദ്(റ) എഴുതിയ അനുബന്ധത്തിൽ (സവാഇദുസ്സുഹ്ദ്) ഖാലിദ് ബിൻ മഅ്ദാൻ (റ) പ്രസ്താവിച്ചതായി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
“لَا يَفْقَهُ الرَّجُلُ كُلَّ الْفِقْهِ حَتَّى يَرَى النَّاسَ كَالْأَبَاعِرِ، ثُمَّ يَرْجِعَ إِلَى نَفْسِهِ فَيَرَاهَا أَصْغَرَ مِنْ كُلِّ صَاغِرٍ”
“അല്ലാഹുവിന്റെ കാര്യത്തിൽ മനുഷ്യരെയെല്ലാം ഒട്ടകങ്ങളെപ്പോലെ (അഥവാ അവയുട കാഷ്ഠം പോലെ ലൗകികമായി യാതൊരു അധികാരവുമില്ലാത്തവരായി) കാണുന്നത് വരെയും, പിന്നീട് സ്വന്തം നഫ്സിലേക്ക് (മനസ്സിലേക്ക്) തിരിഞ്ഞുനോക്കുമ്പോൾ താൻ മറ്റെല്ലാവരേക്കാളും എളിയവനാണെന്ന് കാണുന്നത് വരെയും ഒരാൾക്കും യഥാർത്ഥ ജ്ഞാനം (ഫീഖ്ഹ്/ഈമാന്റെ പൂർണ്ണത) കൈവരിക്കാനാവില്ല.”
അതുകൊണ്ട് ഇത്രയും നിസാരരായ സൃഷ്ടികളുടെ തൃപ്തിയോ അതൃപ്തിയോ പരി​ഗണിച്ച് പ്രകടനപരതയോടെ പെരുമാറുക എന്നത് വലിയ വിവേകശൂന്യത തന്നെയാണ്.

ചുരുക്കത്തിൽ കാണാൻ ഭംഗിയുള്ളതും എന്നാൽ ഉള്ളിൽ നാശമുള്ളതുമായ തീ പോലെയാണ് പ്രകടനപരതയുള്ള മനസ്സ്.
അത് നല്ല ഗുണങ്ങളെ പ്രകാശിപ്പിക്കുകയും (നൂർ), ചീത്ത ഗുണങ്ങളെ (കത്തുന്ന സ്വഭാവം) ഒളിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ അറിവുള്ളവർക്ക് ‘രിയാഅ്’ (പ്രകടനപരത) ഉള്ളവന്റെ അവസ്ഥ നന്നായി അറിയാം; അവരെ വഞ്ചിക്കാൻ അവന് കഴിയില്ല. ജനങ്ങളുടെ കണ്ണിൽ എത്രത്തോളം നല്ലവനായി കാണപ്പെടാൻ അവൻ ആഗ്രഹിക്കുന്നുവോ, അത്രത്തോളം അവൻ (അല്ലാഹുവിന്റെ അടുക്കൽ) തരംതാഴ്ന്നുകൊണ്ടിരിക്കും.
രൂപമില്ലാത്ത ഒരു വൃദ്ധ നല്ല വസ്ത്രവും ചായങ്ങളും കൊണ്ട് സ്വയം അലങ്കരിച്ചാൽ വിവേകമില്ലാത്ത കുട്ടികൾക്ക് അവർ സുന്ദരിയായി തോന്നിയേക്കാം, എന്നാൽ ബുദ്ധിയുള്ള മുതിർന്നവർ അവരെ വെറുപ്പോടെ മാത്രമേ നോക്കൂ. ‘രിയാഅ്’ ഉള്ളവരോട് സഅദി (റ) പറഞ്ഞത് എത്ര മനോഹരമാണ്:
“കൈകളിൽ തസ്ബീഹ് മാലയും തോളിൽ സ്വൂഫി വസ്ത്രവുമേന്തി,
തന്റെ ഭക്തിയെ വിറ്റ് ജീവിക്കുന്ന കപടവിശ്വാസീ…
കക്ഷത്തിനടിയിൽ പ്രാർത്ഥനാ പായയും (മസ്അല) ഉള്ളിൽ ദുനിയാവിനോടുള്ള മോഹവുമായി നീ നടക്കുന്നു.
ഹേ കപടനാണയക്കാരനേ, ഭയാനകമായ ആ പരലോക ശിക്ഷയുടെ നാളിൽ,
നിന്റെ കൈവശമുള്ള ഈ ‘കപടനാണയം’ (കാപട്യം) കൊണ്ട് നീ എന്ത് പുണ്യമാണ് വാങ്ങാൻ പോകുന്നത്?”.
അല്പം പോലും ‘രിയാഅ്’ ഉണ്ടാവുക എന്നാൽ അത് ​ഗോപ്യമായ ശിർക്കാണ്. ശിർക്ക് ചെയ്യുന്നവൻ പാപമോചനത്തിൽ നിന്ന് തടയപ്പെട്ടവനാണ്. ‘രിയാഅ്’ എന്ന രോഗത്തിനുള്ള ഏറ്റവും നല്ല മരുന്ന്; മനുഷ്യൻ തന്റെ പാപങ്ങളെ ജനങ്ങളിൽ നിന്ന് എപ്രകാരം ഒളിപ്പിക്കുന്നുവോ, അപ്രകാരം തന്റെ സൽപ്രവൃത്തികളെയും രഹസ്യമാക്കി വെക്കുക എന്നതാണ്.

നഫ്സിന്റെ മറ്റൊരു ദുർഗുണം അത് ‘ഉലൂഹിയ്യത്ത്’ അവകാശപ്പെടുന്നു എന്നതാണ്. ആളുകൾ തന്നെ പുകഴ്ത്തണമെന്നും തന്നെ അനുസരിക്കണമെന്നും തന്നെ എല്ലാവരേക്കാളും മുൻഗണന നൽകി സ്നേഹിക്കണമെന്നും അത് ആഗ്രഹിക്കുന്നു. ഇതെല്ലാം യഥാർത്ഥത്തിൽ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട കാര്യങ്ങളാണ്.
ഇത്തരത്തിൽ അഹങ്കരിക്കുന്നത് സർവ്വശക്തനും സർവ്വപരിപാലകനുമായ(റബ്ബ്) അല്ലാഹുവിന്റെ അധികാരത്തിൽ ഇടപെടുന്നതിന് തുല്യമാണ്. അഹ്നഫ് ബിൻ ഖൈസ് പറഞ്ഞതുപോലെ:
“മനുഷ്യൻ അഹങ്കരിക്കുന്നത് അത്ഭുതമാണ്, അവൻ രണ്ടുതവണ മൂത്രമൊഴിക്കുന്ന വഴിയിലൂടെ പുറത്തുവന്നവനായിരിക്കെ!(ജന്മത്തിന് കാരണമായ ലൈം​ഗിക ബന്ധവും പ്രസവവുമാണ് ഇവിടെ വിവക്ഷ)”. ഓരോ ദിവസവും സ്വന്തം കൈകൊണ്ട് മലമൂത്രങ്ങൾ കഴുകി വൃത്തിയാക്കുന്ന മനുഷ്യൻ അഹങ്കരിക്കുന്നത് വിരോധാഭാസമാണ്.
ഉമർ ബിൻ അബ്ദുൽ അസീസ്(റ) ഖലീഫയാകുന്നതിന് മുൻപ് ഹജ്ജ് ചെയ്തപ്പോൾ അദ്ദേഹത്തിന്റെ നടത്തത്തിൽ ഒരുതരം ഗമ കണ്ട താഊസ് (റ) പറഞ്ഞു:
“വയറ്റിൽ മാലിന്യം നിറഞ്ഞുനിൽക്കുന്നവന്റെ നടത്തം ഇങ്ങനെയല്ല വേണ്ടത്”.
അല്ലാഹുവിന്റെ ഗുണവിശേഷങ്ങൾ (തജല്ലി) ഹൃദയത്തിൽ വെളിപ്പെടുന്നത് വരെ നഫ്സിന്റെ ഈ അഹങ്കാരം പൂർണ്ണമായും നീങ്ങുകയില്ല. ഹഖീഖത്തിന്റെ പദവയിലെത്തി ശുഹൂദിന്റെ സുലൂക്കിയായ അവസ്ഥ പ്രാപിക്കുന്നതുവരെ നഫ്സിന്റെ അഹങ്കാരഭാവം നീങ്ങുകയില്ല.

പിശുക്ക് (ബുഖ്‌ല്): നഫ്സിന്റെ മറ്റൊരു ദുഃസ്വഭാവം പിശുക്കും തടഞ്ഞുവെക്കലുമാണ്. തനിക്ക് ലഭിക്കുന്ന സമ്പത്തോ പ്രിയപ്പെട്ട വസ്തുക്കളോ ഉപേക്ഷിക്കാൻ അത് തയ്യാറാവില്ല. ഒന്നുകിൽ അഹങ്കാരത്തിന് വേണ്ടി, അല്ലെങ്കിൽ ദാരിദ്ര്യത്തെ ഭയന്ന്. ഈ സ്വഭാവം ശക്തമാകുമ്പോൾ അത് മറ്റുള്ളവരോടുള്ള ‘ഹസദിന്’ (അസൂയ) കാരണമാകുന്നു. മറ്റൊരാൾക്ക് ഒരു അനുഗ്രഹം ലഭിക്കുന്നത് കാണുമ്പോൾ അത് നശിച്ചുപോകണമെന്ന് അസൂയക്കാരൻ ആഗ്രഹിക്കുന്നു.
സമ്പത്തിനോടുള്ള സ്നേഹമാണ് പിശുക്കിന് കാരണം. ലോകത്തെ ഏറ്റവും വലിയ പരീക്ഷണമാണ് സമ്പത്ത്. സമ്പത്തില്ലെങ്കിൽ അത് ദാരിദ്ര്യത്തിലേക്കും ദുഃഖത്തിലേക്കും നയിക്കുന്നു, അത് ചിലപ്പോൾ കുഫ്‌റിലേക്ക് (അവിശ്വാസം) പോലും എത്തിച്ചേക്കാം. സമ്പത്തുണ്ടെങ്കിലോ അത് മനുഷ്യനെ ധിക്കാരിയാക്കുകയും ചെയ്യുന്നു.
ഈ ദുർ​ഗുണങ്ങളെ വിപാടനം ചെയ്ത് നഫ്സിനെ ശുദ്ധീക്കരിക്കാൻ എന്തുണ്ട് പരിഹാരം? സമ്പത്തിനോടുള്ള ആർത്തിക്കും പിശുക്കിനുമുള്ള ചികിത്സ ‘ഖനാഅത്ത്’ (ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക) ശീലിക്കുക എന്നതാണ്. പ്രവാചകൻ (സ) അരുൾ ചെയ്തു:
“ഇസ്‌ലാം ലഭിക്കുകയും മിതമായ ഉപജീവനത്തിൽ തൃപ്തിയടയുകയും ചെയ്തവന് മംഗളം” . ഖനാഅത്ത് ശീലിച്ചവൻ عزت (അന്തസ്സ്), ഐശ്വര്യം, സമാധാനം എന്നിവ കണ്ടെത്തുന്നു. ഹദീസിൽ ഖനാഅത്തിനെ ഏറ്റവും വലിയ ഐശ്വര്യം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഏറ്റവും താഴ്ന്ന നഫ്സിനെ ശുദ്ധീകരിക്കാനുള്ള മാർ​ഗങ്ങളെയാണ് ഇതുവരെയും വിശദീകരിച്ചത്. അമ്പിയാക്കളുടെ അനന്തരത്വം എന്ന വിശേഷ യോ​ഗ്യതയുള്ള അല്ലാഹുവിന്റെ ആരിഫീങ്ങളായ, മുർശിദുകളായ ഔലിയാക്കൾക്ക് അനുസരണ പ്രതിജ്ഞചെയ്ത് അവരുടെ മാർ​ഗദർശനമനുസരിച്ചാണ് ഈ സംസ്കരണം സിദ്ധിക്കേണ്ടത്. നമ്മുടെ ശാരീരിക രോ​ഗങ്ങൾക്ക് അനാറ്റമിയും ഫിസിയോളജിയും ശാരീരിക പ്രകൃതത്തെ സംബന്ധിച്ച വിജ്ഞാനങ്ങളും, ഔഷധങ്ങളുടെ ഫലങ്ങളെയും പാർശ്വഫലങ്ങളെയും സംബന്ധിച്ച വിജ്ഞാനങ്ങളും സ്വായത്തമാക്കാത്ത നാം സ്വയം ചികിത്സിക്കാതിരിക്കുന്നതു പോലെ നമ്മുടെ ആന്തരീകരോ​ഗങ്ങളുടെ ചികിത്സയും സ്വയം ചെയ്യാതിരിക്കുക എന്നതാണ് ഔചിത്യപൂർണ്ണമായിട്ടുള്ളത്.

പ്രമുഖ സ്വൂഫി പണ്ഡിതനും ഹൈദരാബാദിലെ ഉസ്മാനിയ്യഃ യൂണിവേഴ്സിറ്റിയിൽ ഫിലോസഫി പ്രൊഫസറുമായിരുന്ന മിർ വലിയുദ്ദീൻ(ന.മ) യുടെ മദാരിജെ സുലൂക്ക് എന്ന ഉർദു ​ഗ്രന്ഥത്തിലെ ആശയങ്ങളാണ് ഈ ലേഖന രചനക്ക് മുഖ്യമായി അവലംബിച്ചിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടിലെ ലോക ശ്രദ്ധ നേടിയ ഇന്ത്യൻ ഇസ് ലാമിക സ്വൂഫി പണ്ഡിതന്മാരിൽ പ്രമുഖസ്ഥാനത്തുള്ള അദ്ദേഹം ചിശ്തി, ഖാദിരി ത്വരീഖത്തുകളെ പ്രതിനിധീകരിച്ച പ്രമുഖനായ ഒരു സ്വൂഫി ശൈഖ് കൂടിയായിരുന്നു. അല്ലാഹുവിന്റെ മാർ​ഗത്തിലെ മുന്നേറ്റങ്ങൾക്ക് പ്രചോദനമാകുന്ന തസ്കിയ്യത്തുന്നഫ്സിന്റെ ഭാ​ഗമായ തസ്ഫിയത്തുൽ ഖൽബ് (ഹൃദയശുദ്ധീകരണം) ആണ് ഈ ​ഗ്രന്ഥത്തിലെ അടുത്ത പ്രതിപാദ്യവിഷയം.

തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy