സൈനുദ്ദീൻ മന്ദലാംകുന്ന്.
അറേബ്യയിൽ നിന്ന് ഇസ്ലാമിക പ്രബാധനാർത്ഥം ഹിജ്റ നാലാം നൂറ്റാണ്ടിന്റെ ഒടുവിൽ മന്ദലാംകുന്നിലെത്തി ഈ മേഖല കേന്ദ്രമാക്കി ഇസ് ലാമിക പ്രബോധന ദൗത്യം പൂർത്തീകരിച്ച് അല്ലാഹുവിലക്ക് മടങ്ങിയ മഹാനായ സ്വൂഫിയാണ് ശൈഖുൽ ഹള്റമി(റ).

നൂറ്റാണ്ടുകൾ പഴക്കമുള്ള ആദ്യകാലത്തെ അകം പള്ളി നിലനിർത്തി ഏതാണ്ട് നാൽപതോളം വർഷം മുമ്പ് പുറം പള്ളി പുനരുദ്ധരിച്ചപ്പോഴുള്ള ചിത്രം.
മന്ദലാംകുന്ന് ജുമാ മസ്ജിദിന്റെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന ഹള്റമി ശൈഖ്(റ) യുടെ ആഗമന പശ്ചാത്തലവും മഹത്തായ ആ ജീവിതത്ത കുറിച്ച് വാമാഴിയായും മനാഖിബ് വഴിയായും ലഭ്യമായ വിവരങ്ങളും വിശകലനം ചെയ്യാനും മന്ദലാംകുന്നിലെ ഇസ്ലാമിക ആവിർഭാവ ചരിത്രവും പാരമ്പര്യവും നിർദ്ധാരണം ചെയ്യാനുമാണ് ഈ പഠന പ്രബന്ധത്തിൽ ഉദ്യമിക്കുന്നത്.
അറേബ്യയിൽ നിന്ന് ഇസ്ലാമിക പ്രബാധനാർത്ഥം ഹിജ്റ നാലാം നൂറ്റാണ്ടിന്റെ ഒടുവിൽ മന്ദലാംകുന്നിലെത്തി ഈ മേഖല കേന്ദ്രമാക്കി ഇസ് ലാമിക പ്രബോധന ദൗത്യം പൂർത്തീകരിച്ച് അല്ലാഹുവിലക്ക് മടങ്ങിയ മഹാനായ സ്വൂഫിയാണ് ശൈഖുൽ ഹള്റമി(റ). മന്ദലാംകുന്ന് ജുമാ മസ്ജിദിന്റെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന സ്മര്യപുരുഷന്റെ ആഗമന പ്രശ്ചാത്തലവും മഹത്തായ ആ ജീവിതത്ത കുറിച്ച് വാമാഴിയായും മനാഖിബ് വഴിയായും ലഭ്യമായ വിവരങ്ങളും വിശകലനം ചെയ്യാനും മന്ദലാംകുന്നിലെ ഇസ്ലാമിക ആവിർഭാവ ചരിത്രവും പാരമ്പര്യവും നിർദ്ധാരണം ചെയ്യാനുമാണ് ഈ പ്രഠന പ്രബന്ധത്തിൽ ഉദ്യമിക്കുന്നത്.
ചരിത്ര പശ്ചാത്തലം
ഇസ്‌ലാമിന്റെ ആവിർഭാവകാലം മുതൽ തന്നെ വർത്തകരും പ്രബോധകരുമായ അറേബ്യൻ മുസ്‌ലിംകൾ വഴി കേരളത്തിലേക്കും ഇസ്‌ലാം എത്തുകയും തീരദേശ തുറമുഖ പ്രദേശങ്ങളിലും ഉൾനാടൻ വാണിജ്യകേന്ദ്രങ്ങളിലും മുസ്‌ലിം അധിവാസ കേന്ദ്രങ്ങൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ചേരമാൻ പെരുമാളുടെ ഇസ്‌ലാം ആശ്ലേഷത്തിനും മക്കായാത്രക്കും ശേഷം ആദ്യമായി ഇസ്‌ലാമിക പ്രബോധനാർത്ഥം കേരള
തീരത്തെത്തിയത് മാലിക് ബ്നു ദീനാർ(റ) വും അനുചര വൃന്ദവുമായിരുന്നുവെന്നത് ചരിത്ര വസ്തുതയാണ്. അക്കാലത്ത് ദ്രാവിഡ വിശ്വാസങ്ങളും ജൈന, ബൗദ്ധ പാരമ്പര്യങ്ങളും നിലനിർത്തി വന്നിരുന്ന തദ്ദേശീയ ജനത തികച്ചും സാഹോദര്യപൂർണ്ണവും ലളിത തത്വങ്ങൾക്കൊള്ളുന്നതുമായ ഇസ്‌ലാമിക വിശ്വാസത്തിലേക്കും സർവ്വോപരി ഇസ്‌ലാം കൊണ്ട് സംശുദ്ധീകരിക്കപ്പെട്ട പ്രബോധകരായ ആ മഹാവ്യക്തിത്വങ്ങളിലേക്കും ആകർഷിക്കപ്പെടുകയും അതുവഴി ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ആദ്യ സംഘത്തിന്റെ ദൗത്യത്തിന്റെ തുടർച്ച ഏറ്റെടുക്കാൻ പിൽക്കാലത്ത് വീണ്ടും പുതിയ പ്രബോധന സംഘങ്ങൾ വന്നുകൊണ്ടിരുന്നു. ഈ ഗണത്തിൽ പരാമർശമർഹിക്കുന്ന മറ്റൊരു സംഘമാണ് ആദ്യകാലത്ത് വളപട്ടണത്തെത്തിയ അബൂബക്കർ സിദ്ധീഖ്(റ) വിന്റെ സന്തതി പരമ്പരയിൽ പെട്ട പ്രമുഖർ. വളപട്ടണം ഖാളിമാരുടെ പൂർവ്വപിതാക്കളായ ഇവർ വഴിയും മേഖലയിൽ ഇസ്‌ലാമിക പ്രബോധനം ത്വരിതപ്പെട്ടു.
അറിയപ്പെട്ട ചരിത്രത്തിൽ ഹിജ്‌റഃ മൂന്നാം നൂറ്റാണ്ട് അഥവാ എ.ഡി. ഒമ്പതാം നൂറ്റാണ്ട് ആരംഭത്തിലാണ് മൂന്നാം പ്രബോധക സംഘമായി പരിഗണിക്കപ്പെടുന്ന അലിയ്യുൽ കൂഫി(റ) യുടെയും അനുയായികളുടെയും ആഗമനമുണ്ടായത്. കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ കേന്ദ്രമായാണ് താബിഉത്തബിഉങ്ങളിൽ ഉൾപ്പെട്ട സ്മര്യപുരുഷൻ തന്റെ ദീനീ ദൗത്യം നിർവ്വഹിച്ചത്. ഇദ്ദേഹത്തിന്റെ ആഗമനത്തിന് ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ എ.ഡി. ഒമ്പതാം നൂറ്റാണ്ട് മധ്യത്തോടെ ഈജിപ്തിൽ നിന്ന് തമിഴ്‌നാടിന്റെ തീരദേശ പട്ടണങ്ങളിലൊന്നായ കായൽപട്ടണത്ത് അബൂബക്കർ സ്വിദ്ധീഖ്(റ) വിന്റെ സന്തതി പരമ്പരയിൽ പെട്ട വലിയൊരു സംഘം വരികയും അക്കാലത്തെ മധുര പാണ്ഡ്യനാട് ഭരിച്ചിരുന്ന ചോള രാജാവായിരുന്ന ജയവീര രാജുഗാരു പൂവി ചക്രവർത്തിയുമായി ഉടമ്പടി ചെയ്ത് 12000 സ്വർണ്ണനാണയത്തിന് പകരമായി തങ്ങൾക്ക് താമസിക്കാനുള്ള അധിവാസ കേന്ദ്രം താമ്രശാസനം വഴി സ്വീകരിക്കുകയും ചെയ്തു.(താമ്രശാസനം ഉദ്ധരിച്ച് ശൈഖ് നായകം സുവനീറിൽ വിശദീകരിച്ചത്. Published by Shaikhu Nayagam Felicitation Committee(1967)) ഇവർ വഴിയായും കായൽപട്ടണമുൾപ്പെടെയുള്ള ഇന്നത്തെ തമിഴ്‌നാടിന്റെ തുറമുഖ മേഖലയിൽ ഇസ്‌ലാമിക വ്യാപനമുണ്ടായി.
അക്കാലത്തെ ദക്ഷിണേന്ത്യൻ തീരങ്ങൾ വിശിഷ്യാ മലബാർ തീരങ്ങൾ അറേബ്യൻ തീരങ്ങളുമായി സജീവമായ വാണിജ്യവിനിമയങ്ങൾ
നിലനിർത്തിയിരുന്നുവെന്ന കാര്യം സഞ്ചാരികളുടെ രേഖകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ഹിജ്‌റഃ മൂന്നാം നൂറ്റാണ്ടിലും നാലാം നൂറ്റാണ്ടിലും ദക്ഷിണേന്ത്യൻ തീരങ്ങളിലൂടെ വാണിജ്യയാത്ര ചെയ്ത ഖുർദാദ്ബെ, സുലൈമാൻ താജിർ, മസ്ഊദി, അബൂസൈദ് തുടങ്ങിയവരെല്ലാം തങ്ങളുടെ കൃതികളിൽ അക്കാലത്തെ തീരദേശ മേഖലകളിലെ അറബ് മുസ്‌ലിം സാന്നിധ്യത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. ആദ്യകാല പ്രബോധകരുടെ മാതൃകകൾ പിന്തുടർന്ന് ഹിജ്‌റഃ നാലാം നൂറ്റാണ്ട് അവസാനത്തോടെ അറേബ്യയിൽ നിന്ന് തബ്‌ലെ ആലം നത്ഹർ വലി(റ) യുടെ നേതൃത്വത്തിൽ 900 പേരടങ്ങുന്ന വലിയൊരു സംഘം ദീനീ പ്രബോധന ഉദ്ദേശ്യാർത്ഥം ദക്ഷിണേന്ത്യൻ തീരങ്ങളിലെത്തുകയുണ്ടായി. സമാന കാലത്ത് തന്നെയായിരുന്നു ശൈഖുൽ ഹള്റമി(റ) യുടെയും അനുചര വൃന്ദത്തിന്റെയും ആഗമനം.
ഒരേ കാലത്തെ പ്രബോധന സംഘങ്ങൾ
ഹിജ്‌റഃ 390 കളിൽ തന്റെ വിപുലമായ അനുയായി വൃന്ദത്തോടൊപ്പം എത്തി കർണ്ണാടക, തമിഴ്‌നാട്, കേരളം, ശ്രീലങ്ക പോലുള്ള പ്രദേശങ്ങളിൽ ദീനീ പ്രബോധന ദൗത്യം നിർവ്വഹിച്ച പ്രമുഖ സ്വൂഫിയായിരുന്നു തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന നത്ഹർ വലി(റ). തമിഴ്‌നാട്ടിലും പഴയ ഗോൽക്കൊണ്ട മേഖലയിലും ശ്രീലങ്കയിലും അറബി കടലുമായി അതിരിടുന്ന കർണ്ണാടകയുടെ ചില പ്രദേശങ്ങളിലും കേരളത്തിലും മഹാനവർകളുടെ ശിഷ്യന്മാരുടെ നേതൃത്വത്തിൽ ദീനീ പ്രബോധന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് കാണാം. ഏതാണ്ട് ഇതേ കാലഘട്ടത്തിൽ തന്നെ കേരളത്തിലെ പല പ്രദേശങ്ങളിലും യമനിൽ നിന്നെത്തിയ അറേബ്യൻ പാരമ്പര്യമുള്ള പല ദിവ്യപുരുഷന്മാരുടെയും സാന്നിധ്യമുണ്ടായതായും പ്രസ്തുത മേഖലകളിൽ ഈ മഹാത്മാക്കളുടെ നേതൃത്വത്തിൽ ഇസ്‌ലാമിക പ്രചരണം ത്വരിതപ്പെട്ടതായും സ്ഥിരീകരിക്കാവുന്ന പ്രാദേശികമായ വാമൊഴി ചരിത്രങ്ങളും അതിനെ സാധൂകരിക്കുന്ന വിധമുള്ള പല ലിഖിത രേഖകളും ഇന്നും ലഭ്യമാണ്. സമാനകാലത്ത് തന്നെയായിരുന്നു ഹള്റമി ശൈഖ്(റ) യുടെയും ആഗമനം എന്നതിനാൽ ഈ നത്ഹർ വലി(റ) യുടെ സംഘവുമായി ഹള്റമി ശൈഖ്(റ) യുടെയും അനുചരന്മാരുടെയും സംഘത്തിന് ബന്ധങ്ങളുണ്ടായിരുന്നോ എന്നത് ഒരു അന്വേഷണ വിഷയമാണ്.
ഇക്കാര്യം സൂചിപ്പിക്കുന്ന ഒരു പരാമർശം കായൽപട്ടണം സ്വദേശിയും ചരിത്രത്തിൽ സവിശേഷ അവഗാഹമുള്ള പ്രമുഖ പണ്ഡിതനുമായ മുഹമ്മദ് സുൽത്താൻ ബാഖവി രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്:
“കേരളത്തിൽ ഹിജ്‌റഃ 400 ന് മുമ്പെത്തുകയും പേരോ പശ്ചാത്തലമോ അജ്ഞാതമായിരിക്കുകയും എന്നാൽ അറേബ്യൻ പശ്ചാത്തലമുള്ളവരാണെന്ന് മാത്രം അറിയപ്പെടുകയും ചെയ്യുന്ന ചില ഔലിയാക്കളെ സംബന്ധിച്ച് ഈയടുത്തിടെ കേൾക്കുകയുണ്ടായി. ജനങ്ങൾക്ക് ദീനിയായ നേതൃത്വം നൽകി അതാത് പ്രദേശങ്ങളിലെ ഇസ്‌ലാമിക പ്രചരണത്തിന് ചുക്കാൻ പിടിച്ച് അല്ലാഹുവിലേക്ക് യാത്രയായി ഇന്നും അവരുടെ മസാറുകളിൽ പ്രശോഭിച്ചു നിൽക്കുന്ന ഈ ഗണത്തിൽ പെട്ട ഹള്റമൗത്തിൽ നിന്ന് വന്ന പേരറിയാത്ത ഒരു വലിയ്യ് തൃശൂർ ജില്ലയിലെ തീര പ്രദേശമായ മന്ദലാംകുന്ന് അന്ത്യവിശ്രമം കൊള്ളുന്നുവെന്നും നത്ഹർ വലി(റ) യുടെ അതേ കാലത്തായിരുന്നു ഇവരുടെയും ആഗമനം എന്നും വ്യക്തമാകുകയുണ്ടായി. നത്ഹർ വലി(റ) തന്നെ അനുഗമിച്ചെത്തിയ പലരെയും ദക്ഷിണേന്ത്യയിലെ (കേരളമുൾപ്പെടെയുള്ള) വിവിധ ഭാഗങ്ങളിലേക്ക് വിന്യസിച്ചതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട് എന്നതിനാൽ ഉപരിസൂചിത വലിയ്യ് നത്ഹർ വലി(റ) യുടെ പ്രതിനിധിയാവാനുള്ള സാധ്യത നമുക്ക് തള്ളിക്കളയാനാവില്ല.”(മുഹമ്മദ് സുൽത്താൻ ബാഖവി കായൽപട്ടണം, ദക്ഷിണേന്ത്യയിലെ സൂഫി വേരുകൾ, (എഡിറ്റർ) സൈനുദ്ദീൻ മന്ദലാംകുന്ന്: ദക്ഷിണേന്ത്യയിലെ മുസ്‌ലിം വേരുകൾ: സൂഫികൾ, സൂഫിസം: പേജ്: 95, അകമീയം ബുക്സ്(2020), തൃശൂർ)

മന്ദലാംകുന്നിൽ ഹള്റമി ശൈഖ്(റ) വും അനുയായികളും ദീനീ പ്രബോധന സംസ്കരണ ലക്ഷ്യങ്ങളോടെ എത്തുന്ന സന്ദർഭത്തിൽ മേഖലയിൽ ഒരു മുസ്‌ലിം സെറ്റിൽമെന്റ് രൂപപ്പെട്ടിരുന്നു എന്നാണ് വാമൊഴികളിലൂടെയും മനാഖിബിലെ പരാമർശങ്ങളിലൂടെയും വ്യക്തമാകുന്നത്. ആദ്യകാലത്ത് ഇസ്‌ലാം സ്വീകരിച്ച് ചാലിയത്ത് നിന്ന് പൊന്നാനി, പെരുമ്പടപ്പ് മേഖലയിലേക്ക് കുടിയേറിയ ചാലിയത്തെ രാജകുടുംബ പശ്ചാത്തലമുള്ള ഒരു മുസ്‌ലിം കുടുംബമാണ് മന്ദലാംകുന്നിലെ ആദ്യകാല മുസ്‌ലിംകൾ എന്നാണ് വാമൊഴികളിലൂടെ പ്രചരിക്കപ്പെട്ടിട്ടുള്ളത്. മാലിക് ഇബ്നു ഹബീബ്(റ) വിന്റെ പ്രബോധന ഫലമായി ചാലിയത്തെ പരമ്പരാഗതമായ പ്രൗഢപാരമ്പര്യമുള്ള പല കുടുംബങ്ങളും സാധാരണക്കാരും രാജകീയ പാരമ്പര്യമുള്ള കുടുംബങ്ങളും (ഇല്ലങ്ങളും) ഇസ്‌ലാം സ്വീകരിച്ച കാര്യം കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മന്ദലാംകുന്നിന്റെ ഇസ്‌ലാമിക പാരമ്പര്യവും യമനിൽ നിന്ന് വന്ന ഹള്റമി ശൈഖ്(റ) യും
മന്ദലാംകുന്നിൽ ഹള്റമി ശൈഖ്(റ) വും അനുയായികളും ദീനീ പ്രബോധന സംസ്കരണ ലക്ഷ്യങ്ങളോടെ എത്തുന്ന സന്ദർഭത്തിൽ മേഖലയിൽ ഒരു മുസ്‌ലിം സെറ്റിൽമെന്റ് രൂപപ്പെട്ടിരുന്നു എന്നാണ് വാമൊഴികളിലൂടെയും മനാഖിബിലെ പരാമർശങ്ങളിലൂടെയും വ്യക്തമാകുന്നത്. ആദ്യകാലത്ത് ഇസ്‌ലാം സ്വീകരിച്ച് ചാലിയത്ത് നിന്ന് പൊന്നാനി, പെരുമ്പടപ്പ് മേഖലയിലേക്ക് കുടിയേറിയ ചാലിയത്തെ രാജകുടുംബ പശ്ചാത്തലമുള്ള ഒരു മുസ്‌ലിം കുടുംബമാണ് മന്ദലാംകുന്നിലെ ആദ്യകാല മുസ്‌ലിംകൾ എന്നാണ് വാമൊഴികളിലൂടെ പ്രചരിക്കപ്പെട്ടിട്ടുള്ളത്. മാലിക് ഇബ്നു ഹബീബ്(റ) വിന്റെ പ്രബോധന ഫലമായി ചാലിയത്തെ പരമ്പരാഗതമായ പ്രൗഢപാരമ്പര്യമുള്ള പല കുടുംബങ്ങളും സാധാരണക്കാരും രാജകീയ പാരമ്പര്യമുള്ള കുടുംബങ്ങളും (ഇല്ലങ്ങളും) ഇസ്‌ലാം സ്വീകരിച്ച കാര്യം കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.(മമ്മത് കോയ പരപ്പിൽ: കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം: പേജ്: 45, പ്രസാധനം: ഫോക്കസ് പബ്ലിക്കേഷൻ, 1994മുഹമ്മദ് സദ്ദാം ചാലിയം: ചാലിയത്തിന്റെ ചരിത്ര ചലനങ്ങൾ: പേജ്: 19, പ്രസാധനം: ഗ്രന്ഥകാരൻ: 2013)
ഈ ഇല്ലങ്ങളുടെ പിൻമുറക്കാരിൽ നിന്നുള്ള ചിലർ ചാലിയത്തിന്റെ ദക്ഷിണഭാഗത്തേക്ക് പലായനം ചെയ്യുകയും അങ്ങനെ അവർ പൊന്നാനി, വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ് പോലുള്ള പ്രദേശങ്ങളിലെത്തുകയും ചെയ്തതായി ചാലിയത്തിന്റെ ചരിത്ര ചലനങ്ങൾ എന്ന ഗ്രന്ഥത്തിലും രേഖപ്പെടുത്തി കാണുന്നുണ്ട്. ആയിരത്തിലധികം വർഷങ്ങൾക്കു മുമ്പ് മന്ദലാംകുന്ന് എന്ന പേരിൽ ഒരു ദേശനാമം ഉണ്ടാകാനുള്ള സാധ്യതയില്ലാത്തതിനാൽ രേഖകളിൽ കാണുന്ന പെരുമ്പടപ്പ് എന്ന സ്ഥലനാമം മന്ദലാംകുന്ന് ഉൾപ്പെടെയുള്ള മേഖലകളെ ഉദ്ദേശിച്ചായിരിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല ഇന്നത്തേതുപോലെ കരമാർഗ്ഗമുള്ള ഗതാഗത മാർഗ്ഗങ്ങളില്ലാതിരുന്ന അക്കാലത്ത് കടൽവഴി എത്തുന്ന സംഘങ്ങൾ പെരുമ്പടപ്പ് രാജസ്വരൂപത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്തിരുന്ന ചിത്രകൂടത്തിന്റെ (ഇന്നത്തെ വന്നേരിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ചെറായി) നേരെ പടിഞ്ഞാറ് ഭാഗത്തുള്ള തീരപ്രദേശത്തായിരിക്കാം എത്തിയിട്ടുണ്ടാവുക എന്നത് പരിഗണിക്കുമ്പോൾ ഈ തീരദേശങ്ങൾ അണ്ടത്തോടിന്റെയും മന്ദലാംകുന്നിന്റെയും തീരപ്രദേശങ്ങളാവുക സ്വാഭാവികവുമാണ്. ഈ പ്രദേശങ്ങളാകെ അക്കാലത്ത് പെരുമ്പടപ്പ് എന്ന പേരിലായിരിക്കും അറിയപ്പെട്ടിട്ടുണ്ടാവുക. അതുകൊണ്ട് തന്നെയായിരിക്കാം ചാലിയത്തിന്റെ ചരിത്രം രചിച്ചവരെല്ലാം ചാലിയത്ത് നിന്ന് പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ് പോലുള്ള ഭാഗങ്ങളിലേക്കുള്ള ചാലിയത്തെ പൂർവ്വികരിൽ ചിലരുടെ ഈ പലായനം രേഖപ്പെടുത്തിയിട്ടുള്ളത്. ചുരുക്കത്തിൽ ചാലിയത്തു നിന്ന് പലായനം ചെയ്തെത്തിയ ഏതാനും പേരാണ് മന്ദലാംകുന്നിലെ ആദ്യകാല മുസ്‌ലിംകൾ എന്നാണ് പ്രദേശത്തെ ചില ഇസ്‌ലാമിക പാരമ്പര്യമുള്ള കുടുംബങ്ങൾ പ്രാദേശികമായ വാമൊഴി പാരമ്പര്യങ്ങളിലൂടെ മനസ്സിലാക്കി വരുന്നത്. രാജകുടുംബപാരമ്പര്യമുണ്ടായിരുന്ന ഒരു അഹല്യ തമ്പുരാട്ടി ഇസ്‌ലാം സ്വീകരിക്കുകയും ഹലീമ എന്ന നാമം സിദ്ധിക്കുകയും കുടുംബ സമേതം ചാലിയത്ത് നിന്ന് മന്ദലാംകുന്ന് ദേശത്തെത്തി ഇവിടെ അധിവാസമുറപ്പിക്കുകയും ചെയ്തതായുള്ള പുരാവൃത്തം മന്ദലാംകുന്നിലെ ചില പാരമ്പര്യ കുടുംബങ്ങൾ തലമുറകളായി വാമൊഴിയായി കൈമാറി വരുന്നുണ്ട്. ഇക്കാര്യം മന്ദലാംകുന്നിലെ പൗരപ്രമുഖനും മുസ്‌ലിം ലീഗ് നേതാവും ചരിത്ര തൽപരനുമായിരുന്ന മർഹും എം.സി. കുഞ്ഞിമുഹമ്മദ് ഹാജി ഈ ലേഖകനോട് നേരിട്ട് പ്രസ്താവിച്ചിട്ടുള്ളതുമാണ്. ‘തൃശൂർ മുസ്‌ലിംകൾ:ചരിത്രവും സമൂഹവും’ എന്ന ബൃഹദ് ഗ്രന്ഥത്തിൽ ഡോ: മോയിൻ മലയമ്മയും രാജകുടുംബ പാരമ്പര്യമുള്ള ഈ കുടുംബത്തിന്റെ ചാലിയത്ത് നിന്നും മന്ദലാംകുന്നിലേക്കുള്ള ഈ പലായനം അവലോകനം ചെയ്യുന്നുണ്ട്.(ഡോ: മോയിൻ മലയമ്മ, തൃശൂർ മുസ്‌ലിംകൾ: ചരിത്രവും സമൂഹവും: പേജ്: 144 പ്രസാധനം: റഹ്മത്ത് പബ്ലിക്കേഷൻ, തൊഴിയൂർ: 2023)
പ്രദേശത്തെ ആദ്യകാലത്തെ അടിയാധാരങ്ങളിൽ കുടുംബ പേരെഴുതുമ്പോൾ ചാലിയം മുറിഞ്ഞ എന്ന് പരാമർശിക്കപ്പെടാറുള്ളത് ഇതിന്റെ കൃത്യമായ പ്രമാണം തന്നെയാണ്. ഉദാഹരണത്തിന് ചാലിയം മുറിഞ്ഞ പിലാക്ക(ഫലകി) വീട്ടിൽ. ജ്യോതിഷ പാരമ്പര്യമുണ്ടായിരുന്ന ചാലിയം കുടുംബം ഇസ്‌ലാം സ്വീകരിച്ചപ്പോൾ ഫലകി വീടാവുകയും പിൽക്കാലത്ത് ഇത് ലോപിച്ച് പിലാക്ക വീടാവുകയും ചെയ്തുവെന്നാണ് വാമൊഴിയായി പറഞ്ഞുവരുന്നത്. ഈ കുടുംബത്തിന്റെ പിൻമുറക്കാർ ഉൾപ്പെടെയുള്ള ചെറിയൊരു മുസ്‌ലിം സമൂഹം ഹള്റമി ശൈഖ്(റ) യുടെ ആഗമന കാലത്ത് മന്ദലാംകുന്നിൽ അധിവസിച്ചിരുന്നു.

മന്ദലാംകുന്നിന്റെ പ്രാദേശിക ചരിത്രത്തിൽ പ്രാമാണികമായ പരിജ്ഞാനമുണ്ടായിരുന്ന മർഹും എം.സി. കുഞ്ഞുമുഹമ്മദ് ഹാജി
ഹള്റമി ശൈഖ്(റ) ഈ പ്രദേശത്തെത്തുന്ന ഹിജ്‌റ 390 കളുടെ അവസാന ഘട്ടത്തിൽ മുസ്‌ലിംകളുടെ ഒരു അധിവാസ കേന്ദ്രം ഇവിടെ രൂപപ്പെട്ടിരുന്നുവെന്നാണ് മുകളിൽ പരാമർശിച്ച വാമൊഴി ചരിത്രങ്ങളിലൂടെ വ്യക്തമാകുന്നത്. മാത്രമല്ല മഹാനവർകളുടെ ദൗത്യവും ജീവിതവും ലഭ്യമായ വിവരങ്ങൾ വെച്ച് ആഖ്യാനം ചെയ്യുന്ന മനാഖിബിലും ഇക്കാര്യം കൃത്യമായും പരാമർശിക്കുന്നുണ്ട്. മഹാനവർകൾ പതിനാല് പേരോടൊപ്പമാണ് ഇവിടെ എത്തിയതെന്നും ഹിജ്‌റ: 398 ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇവിടെ ഒരു മസ്ജിദ് നിർമ്മിക്കപ്പെട്ടുവെന്നും ഹള്റമി ശൈഖ്(റ) യുടെ പേരിൽ എഴുതപ്പെട്ട മനാഖിബിൽ പ്രതിപാദിക്കുന്നുണ്ട്. ഇതിന് കൃത്യമായ ലിഖിത രേഖയുണ്ടായിരുന്നതായും പള്ളിയുടെ പഴയ വാതിലിൽ പിച്ചളയുടെ ഒരു ഫലകത്തിൽ (പിച്ചളകെട്ടിൽ) ഇത് രേഖപ്പെടുത്തിയിരുന്നതായും മന്ദലാംകുന്നിൽ നാൽപതിലധികം വർഷം ഖത്തീബായി സേവനം ചെയ്ത എം.കെ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ പ്രസ്താവിക്കുന്നുണ്ട്. താനും ഈ രേഖ കണ്ടതായി മന്ദലാംകുന്ന് സ്വദേശിയും ചരിത്രത്തിൽ തൽപരനുമായിരുന്ന മർഹും എം.സി. കുഞ്ഞിമുഹമ്മദ് ഹാജിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഹിജ്‌റഃ 398 ൽ നിർമ്മിക്കപ്പെട്ട മന്ദലാംകുന്ന് ജുമാ മസ്ജിദ്
ഹള്റമി ശൈഖ്(റ) ഈ പ്രദേശത്തെത്തുന്ന ഹിജ്‌റ 390 കളുടെ അവസാന ഘട്ടത്തിൽ മുസ്‌ലിംകളുടെ ഒരു അധിവാസ കേന്ദ്രം ഇവിടെ രൂപപ്പെട്ടിരുന്നുവെന്നാണ് മുകളിൽ പരാമർശിച്ച വാമൊഴി ചരിത്രങ്ങളിലൂടെ വ്യക്തമാകുന്നത്. മാത്രമല്ല മഹാനവർകളുടെ ദൗത്യവും ജീവിതവും ലഭ്യമായ വിവരങ്ങൾ വെച്ച് ആഖ്യാനം ചെയ്യുന്ന മനാഖിബിലും ഇക്കാര്യം കൃത്യമായും പരാമർശിക്കുന്നുണ്ട്. മഹാനവർകൾ പതിനാല് പേരോടൊപ്പമാണ് ഇവിടെ എത്തിയതെന്നും ഹിജ്‌റ: 398 ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇവിടെ ഒരു മസ്ജിദ് നിർമ്മിക്കപ്പെട്ടുവെന്നും ഹള്റമി ശൈഖ്(റ) യുടെ പേരിൽ എഴുതപ്പെട്ട മനാഖിബിൽ പ്രതിപാദിക്കുന്നുണ്ട്. ഇതിന് കൃത്യമായ ലിഖിത രേഖയുണ്ടായിരുന്നതായും പള്ളിയുടെ പഴയ വാതിലിൽ പിച്ചളയുടെ ഒരു ഫലകത്തിൽ (പിച്ചളകെട്ടിൽ) ഇത് രേഖപ്പെടുത്തിയിരുന്നതായും മന്ദലാംകുന്നിൽ നാൽപതിലധികം വർഷം ഖത്തീബായി സേവനം ചെയ്ത എം.കെ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ പ്രസ്താവിക്കുന്നുണ്ട്. താനും ഈ രേഖ കണ്ടതായി മന്ദലാംകുന്ന് സ്വദേശിയും ചരിത്രത്തിൽ തൽപരനുമായിരുന്ന മർഹും എം.സി. കുഞ്ഞിമുഹമ്മദ് ഹാജിയും സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളിയുടെ പുനർനിർമ്മാണ ഘട്ടത്തിൽ അശ്രദ്ധമൂലം ഈ പിച്ചള ഫലകം നഷ്ടമാവുകയാണുണ്ടായത്.
ഹള്റമി ശൈഖ്(റ): ആഗമന പശ്ചാത്തലം
മന്ദലാംകുന്നിൽ ഒരു പള്ളി നിർമ്മിക്കാനുദ്ദേശിച്ച് നാട്ടുകാർ പള്ളിക്കുവേണ്ടി ഒരു തറ പണിത ഘട്ടത്തിലാണ് മഹാനായ ഹള്റമി ശൈഖ്(റ) യുടെയും അനുചരന്മാരുടെയും ആഗമനമുണ്ടായത്. പ്രദേശത്തെ ദീനീ ചുറ്റുപാടുകൾ തിരിച്ചറിഞ്ഞ മഹാനവർകൾ പള്ളിയുടെ തറ ഇതു പോരെന്നും വിപുലീകരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും നാട്ടുകാർ ആദ്യം ആ നിർദ്ദേശത്തോട് വൈമുഖ്യം പ്രകടിപ്പിച്ചു. തന്റെ ദീർഘദൃഷ്ടികൊണ്ട് ഭാവിയിൽ വരാനിരിക്കുന്ന മുസ്‌ലിംകളെയൊക്കെയും ഉൾക്കൊള്ളാൻ പാകത്തിൽ പള്ളി വിപുലപ്പെടണമെന്നാണ് മഹാനവർകൾ ആഗ്രഹിച്ചത്. എന്നാൽ ഇതുൾക്കൊള്ളാൻ തയ്യാറാവാതിരുന്ന നാട്ടുകാരെ ബോധ്യപ്പെടുത്താൻ മഹാനവർകളുടെ കൈയിലുള്ള വടികൊണ്ട് തറയുടെ മേൽ ഒന്നടിച്ചതോടെ അത്ഭുതവും ആശ്ചര്യവുമുളവാക്കി ആ തറ തകരുകയും അതോടെ നാട്ടുകാർ മഹാനവർകളുടെ നിർദ്ദേശം മാനിക്കാനും അനുസരിക്കാനും തയ്യാറാവുകയും ചെയ്തു. ശേഷം തന്റെ അനുയായി വൃന്ദത്തോടൊപ്പം അല്പ കാലം മന്ദലാംകുന്നിൽ അധിവസിക്കുകയും ജനങ്ങളെ ദീനിയായി സമുദ്ധരിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. പുതിയ അടിത്തറയിന്മേൽ പള്ളിപ്പണി ആരംഭിച്ച് അല്പ കാലം കഴിഞ്ഞപ്പോഴേക്കും നാട്ടുകാരോട് സമ്മതമാരാഞ്ഞ് ഹള്റമി ശൈഖ്(റ) തന്റെ ശിഷ്യന്മാരെയും കൂട്ടി ശ്രീലങ്കയിലേക്ക് പുറപ്പെട്ടു. ഇക്കാര്യം മനാഖിബിൽ പരാമർശിക്കുന്നുണ്ട്. അക്കാലത്ത് മലബാർ തീരങ്ങൾ പിന്നിട്ടാൽ വർത്തകരോ പ്രബോധകരോ ആയ അധിക സഞ്ചാരികളും ശ്രീലങ്കയിലേക്കും പോവുക പതിവായിരുന്നു. അക്കാലത്ത് വഗുധ എന്ന പേരിൽ അറിയപ്പെട്ട തമിഴ്‌നാടിന്റെ തെക്കൻ തീരപ്രദേശമായ കായൽപട്ടണം, നാഗപട്ടണം, കോർക്കൈ പോലുള്ള തീരദേശ പട്ടണങ്ങൾ വഴിയാണ് ഈ യാത്ര പോയിരുന്നത്. അറേബ്യയിൽ നിന്ന് തന്നെ അനുഗമിച്ചെത്തിയ പതിമൂന്ന് അനുചരന്മാരോടൊപ്പമാണ് ശൈഖവർകൾ ശ്രീലങ്കയിലേക്കുള്ള
ഈ യാത്ര പുറപ്പെട്ടത്. തങ്ങളുടെ നാടുവിട്ടുപോവരുതെന്ന ജനങ്ങളുടെ അപേക്ഷയോട് താൻ ഇവിടേക്ക് തന്നെ തിരിച്ചു വരുമെന്നും ഇവിടെ വെച്ച് വഫാത്തായി ഖിയാമം നാൾ വരെ ഈ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുമെന്നും മഹാനവർകൾ പ്രതികരിച്ചു. മനാഖിബിലുള്ള ഈ വിവരങ്ങൾ പരിഗണിക്കുമ്പോൾ അക്കാലത്ത് തൊള്ളായിരത്തോളം വരുന്ന അനുയായികളോടൊപ്പം അറേബ്യയിൽ നിന്ന് ദക്ഷിണേന്ത്യയുടെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചെത്തി തന്റെ ശിഷ്യന്മാരെ ദക്ഷിണേന്ത്യൻ തീരങ്ങളിലെ വിവിധ പ്രദേശങ്ങളിലേക്ക് ദീനീ ദഅ്‌വത്തിനായി അയക്കുകയും ഒടുവിൽ തൃശ്ശിനാപ്പള്ളിയിലെത്തി അവിടെ ആസ്ഥാനമാക്കി പ്രവർത്തിക്കുകയും ചെയ്ത നത്ഹർ വലി(റ) യുടെ സംഘവുമായി ഹള്റമി ശൈഖ്(റ) ന് ബന്ധമുണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. മഹാനായ നത്ഹർ വലി(റ) യുടെ പ്രതിനിധികളിൽ ഒരാളായിരിക്കാം ഹള്റമി ശൈഖ്(റ) യെങ്കിൽ തന്റെ ശൈഖുമായി സന്ധിക്കാനും താനും സംഘവും ഏൽപ്പിക്കപ്പെട്ട ദീനീ ദൗത്യത്തിന്റെ പുരോഗതി അവലോകനം ചെയ്യാനും ലക്ഷ്യം വെച്ചുകൂടിയായിരിക്കാം ഈ യാത്ര എന്നനുമാനിക്കുന്നതിൽ അസംഗത്യമില്ല. മാത്രമല്ല ഇതേകാലത്ത് തന്നെ ദീനീ പ്രബോധന ദൗത്യവുമായി നത്ഹർ വലി(റ) യും സംഘവും ശ്രീലങ്കയിൽ എത്തിയിട്ടുണ്ടെന്ന കാര്യം പ്രമാണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട് എന്നതിനാൽ ഹള്റമി ശൈഖ്(റ) വുടെ ശ്രീലങ്കൻ യാത്ര നത്ഹർ വലി(റ) യെ അനുഗമിച്ചാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഹള്റമി ശൈഖ്(റ) വുടെയും അനുചരന്മാരുടെയും ശ്രീലങ്കൻ യാത്രയുടെ വൃത്തന്തങ്ങൾ മന്ദലാംകുന്നിലെ പഴയകാല കുടുംബങ്ങൾ വാമൊഴികളിലൂടെ കൈമാറി വരുന്നതും മനാഖിബിൽ പരാമർശിക്കപ്പെട്ടതും പാട്ടുരൂപത്തിൽ ആഖ്യാനം ചെയ്യപ്പെട്ടതുമാണ്. പാട്ടുരൂപത്തിലുള്ള ആ ആഖ്യാനം ഡോ: മോയിൻ മലയമ്മ തന്റെ ഗ്രന്ഥത്തിൽ ഇപ്രകാരം ഉദ്ധരിക്കുന്നുണ്ട്:
നലവർ അതിൽ പിന്നെ സിലോണിലുള്ള
നിലാവാം മരതാഹൂർ അതിനെ കൊള്ളെ
കൊള്ളെ മല പോയി, മടങ്ങി പിന്നെ
ഉള്ളെ മുരീദ്മാർ പതിനാലെണ്ണം
കൂടി മന്ദലാംകുന്നിവിടം തന്നെ…..
ഇത്തരം പ്രമാണങ്ങൾ ഈ വസ്തുതകൾ സ്ഥിരീകരിക്കുന്നുണ്ട്. സർവോപരി ഇതെല്ലാം സംഭവിച്ചത് ഏതാണ്ട് ഒരേ കാലത്താണെന്നതും പ്രസ്താവ്യമാണ്. അതായത് നത്ഹർ വലി(റ) യുടെയും ഹള്റമി ശൈഖ്(റ) യുടെയും സാന്നിധ്യവും ദൗത്യവും ഒരേകാലത്തായിരുന്നുവെന്നത് സവിശേഷമായി പരിഗണിക്കേണ്ടതുണ്ട്.
ഹള്റമി ശൈഖ്(റ) തന്റെ അനുചര വൃന്ദത്തോടൊപ്പം ശ്രീലങ്കയിൽ നിന്ന് മടങ്ങിയെത്തിയ വർഷമായിരിക്കാം മന്ദലാംകുന്ന് പള്ളിയുടെ നിർമ്മാണം പൂർത്തീകരിക്കപ്പെട്ടിട്ടുണ്ടാവുക. അതായത് ഹിജ്‌റഃ 398 (എ.ഡി.1007-1008) ലാണ് മന്ദലാംകുന്ന് പള്ളി പൂർത്തീകരിക്കപ്പെട്ടത്. ശ്രീലങ്കൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുകയും പള്ളി പണി പൂർത്തീകരിക്കുകയും ചെയ്ത ശേഷം അല്പ കാലം മാത്രമേ മഹാനവർകൾ പിന്നെ ജീവിച്ചിട്ടുള്ളൂ എന്നാണ് മനാഖിബിലെ വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പള്ളി പണി പൂർത്തീകരിച്ച ശേഷം തന്റെ അനുയായികളിലൊരാൾക്ക് പ്രദേശത്ത് നിന്ന് വിവാഹം കഴിപ്പിക്കുകയും ബാക്കിയുള്ളവരോട് ഉദ്ദേശിച്ച സ്ഥലങ്ങളിലേക്ക് നീങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. അക്കാര്യവും മനാഖിബിൽ പരാമർശിക്കുന്നത് ഇപ്രകാരമാണ്: ശൈഖവർകളുടെ വഫാത്ത് അടുത്തപ്പോൾ തന്നെ അനുഗമിച്ചെത്തിയ മുരീദുമാരെ വിളിച്ച് ഇപ്രകാരം വസിയ്യത്ത് ചെയ്തു:
“ഞാൻ നാളെ വെള്ളിയാഴ്ച ളുഹാ സമയത്ത് മരണപ്പെടും. ഞാൻ മരിച്ചാൽ എന്നെ ഖബറടക്കിയ ശേഷം നിങ്ങൾക്ക് ഉദ്ദേശിച്ച സ്ഥലങ്ങളിലേക്ക് നീങ്ങാം. വിവാഹം ചെയ്ത ആൾക്ക് മാത്രം ഇവിടെ എന്റെയടുത്ത് താമസിക്കാം.”
നിറകണ്ണുകളോടെ വസിയ്യത്ത് കേട്ട അനുചരന്മാർ ഇവിടെ തന്നെ താമസിക്കാൻ സമ്മതം ചോദിച്ചപ്പോൾ ശൈഖിന്റെ മറുപടി നിങ്ങൾ ഉദ്ദേശിച്ചിടത്തേക്ക് പോകണം എന്നായിരുന്നു. ഈ സംഭാഷണത്തിൽ നിന്ന് വ്യക്തമാകുന്നത് ദീനീ പ്രബോധന ലക്ഷ്യത്തോടെയുള്ള ഒരു സംഘത്തിന്റെ ഭാഗമായിരുന്നു ശൈഖവർകളും അനുയായികളും എന്ന് തന്നെയാണ്. ആദ്യമേ ചില സ്ഥലങ്ങളിലേക്ക് പോകാൻ അവർ നിശ്ചയിച്ചുറപ്പിച്ചിരുന്നുവെന്നും കൂട്ടത്തിൽ പ്രായം അധികമുണ്ടായിരുന്നവരും ഗുരുസ്ഥാനീയരും ഹള്റമി ശൈഖ്(റ) ആയതിനാൽ തന്റെ വിയോഗ ശേഷം ഓരോരുത്തരും ഉദ്ദേശിച്ച സ്ഥലങ്ങളിലേക്ക് പോകാൻ മഹാനവർകൾ പ്രേരിപ്പിക്കുകയായിരുന്നുവെന്നും ഈ സംഭാഷണത്തിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്.
ശൈഖുൽ ഹള്റമി(റ) യുടെ വിയോഗ ശേഷം ശേഷിക്കുന്ന പന്ത്രണ്ട് അനുചരന്മാർ മന്ദലാംകുന്നിൽ നിന്ന് പുറപ്പെടുകയും വടക്കൻ കേരളത്തിന്റെയും ഇന്നത്തെ കർണ്ണാടകയുടെയും വിവിധ മേഖലകളിൽ തങ്ങളുടെ ദീനീ ദൗത്യങ്ങൾ തുടരുകയും ചെയ്തിട്ടുണ്ടാകാം എന്നാണ് ചില വാമൊഴികളിലൂടെ വ്യക്തമാകുന്നത്. ഇന്നത്തെ കോഴിക്കോട് ജില്ലയുടെ ഭാഗമായ നാദാപുരത്തിന്റെ ഇസ്‌ലാമിക പാരമ്പര്യം അന്വേഷിക്കുമ്പോൾ ഹള്റമി ശൈഖ്(റ) യുടെ വിയോഗ ശേഷം മന്ദലാംകുന്നിൽ നിന്ന് പുറപ്പെട്ടു പോയ അനുചര സംഘവും അവരിൽ ഗുരുസ്ഥാനത്തിരുന്ന പ്രമുഖ വ്യക്തിത്വവുമാണ് നാദാപുരത്തെ ഇസ്‌ലാമിക വ്യാപനത്തിന് തുടക്കമിട്ടത് എന്ന സന്ദേഹം പ്രബലപ്പെടുന്നുണ്ട്.
അനുചരന്മാർ എത്തിപ്പെട്ടതെവിടെ?
ഹള്റമി ശൈഖിന്റെ കൂടെ അനുഗമിച്ചിരുന്നവരിൽ ഒരാളൊഴികെ 12 പേർ ഇവിടെ നിന്ന് പോയതായി മനാഖിബിൽ പരാമർശിക്കപ്പെടുന്നുണ്ട്. ഏതാണ്ട് ഇതേ കാലഘട്ടത്തിൽ തന്നെ നാദാപുരത്ത് പന്ത്രണ്ട് പേരുൾക്കൊള്ളുന്ന യമനിൽ നിന്നുള്ള ഒരു സംഘം എത്തിയതായും അവരിൽ പ്രമുഖനായ ഒരു വലിയ്യ് പ്രദേശം കേന്ദ്രീകരിച്ച് ദീനീ ദൗത്യം നിർവ്വഹിച്ചതായും അക്കാലത്ത് അറബികളുമായുള്ള ഉൾനാടൻ വ്യാപാരത്തിന് മധ്യവർത്തികളായിരുന്ന രാവാരികളിൽ(ദാവാരികളിൽ) പെട്ട പലരും മറ്റ് വിഭാഗങ്ങളും ഈ വലിയ്യ്ന്റെ വ്യക്തിത്വത്തിലും സിദ്ധികളിലും ആകർഷിക്കപ്പെട്ട് ഇസ്‌ലാം സ്വീകരിച്ചതായും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇവിടെ പനയോലയിൽ ഒരു പള്ളി നിർമ്മിച്ചതായും നാദാപുരം ഖാളി മേനക്കോത്ത് അഹമ്മദ് മുസ്‌ലിയാർ(ന.മ) പ്രസ്താവിക്കുന്നുണ്ട്. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഇതു സംബന്ധമായ ഒരു വീഡിയോയിൽ മേനക്കോത്ത് ഖാളി(ന.മ) സംസാരിക്കുന്നത് ശ്രവിച്ചപ്പോൾ അദ്ദേഹവുമായി ഈ ലേഖകൻ ഫോണിൽ സംസാരിക്കുകയും ഹള്റമി ശൈഖ്(റ) യുടെ വിയോഗ ശേഷം പുറപ്പെട്ടുപോയ ദൗത്യസംഘത്തെ കുറിച്ച് പരാമർശിക്കുകയും ചെയ്തപ്പോൾ അദ്ദേഹം വളരെ താൽപര്യപൂർവ്വം അതിനുള്ള സാധ്യത അംഗീകരിക്കുകയും പൊന്നാനിയുമായുള്ള ഈ സംഘത്തിന്റെ ബന്ധം സ്ഥിരീകരിക്കുന്ന വാമൊഴികൾ അനുസ്മരിക്കുകയും ചെയ്തു. ആ സംഭാഷണത്തിൽ നാദാപുരത്തെ ആദ്യ മുസ്‌ലിം സെറ്റിൽമെന്റ് ഈ കാലം മുതലാണെന്നും യമനിൽ നിന്നെത്തിയ ഈ സംഘത്തിൽ പെട്ട മറ്റൊരു പ്രമുഖൻ വയനാട് ഭാഗത്തേക്ക് പോയതായും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി.
ചുരുക്കത്തിൽ ബഹുമാനപ്പെട്ട ഹള്റമി ശൈഖ്(റ) യും അനുചരന്മാരും ഇസ്‌ലാമിക പ്രബോധന ദൗത്യവുമായി അറേബ്യയിൽ നിന്നെത്തിയ ഒരു സംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് ഈ വിവരണങ്ങളിൽ നിന്ന് സുവ്യക്തമാകുന്നുണ്ട്. മഹാനവർകൾ മന്ദലാംകുന്നിൽ സ്ഥാപിച്ച പള്ളി നല്ല വിസ്തൃതിയുള്ളതും കേരളീയ വാസ്തു മാതൃകകളുടെ സവിശേഷതകൾ പ്രകടമാക്കുന്നതുമായിരുന്നു.

ഏതാണ്ട് മുന്നൂറോളം വർഷം മുമ്പ് മസ്ജിദ് പുനരുദ്ധരിച്ചപ്പോൾ മരത്തിൽ അക്ഷരങ്ങൾ കൊത്തി സ്ഥാപിച്ച പുരാതന ചരിത്രത്തിലേക്ക് വെളിച്ചം നൽകുന്ന ലിഖിതം. ഇപ്പോൾ ഉൾ പള്ളിയുടെ പുറം ചുമരിൽ ഇത് സ്ഥാപിച്ചിട്ടുണ്ട്.
ഇതിലെ സൂചനകളനുസരിച്ച് പള്ളി അഗ്നിക്കിരയാക്കപ്പെട്ട ഈ നിർണ്ണായക സംഭവത്തിന് വളരെ കാലം മുമ്പ് മുതൽ തന്നെ ഈ പള്ളി ഇവിടെ ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു. എന്നാൽ 1715 ൽ നടന്ന ഒരു യുദ്ധം കാരണമായി ഇത് നസാറാക്കൾ അഗ്നിക്കിരയാക്കി എന്നാണ് ഇതിലുള്ളത്. 1715 കാലഘട്ടത്തിൽ സാമൂതിരി ഡച്ചുകാരുമായുണ്ടായ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളിക്കെതിരെ ആക്രമണമുണ്ടായതും മന്ദലാംകുന്ന് പള്ളിയുടെ കുറച്ചു ഭാഗങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടതും എന്നാണ് ചരിത്ര സൂചനകൾ വെച്ച് നമുക്ക് നിഗമനത്തിലെത്താവുന്നത്. ഏതാണ്ട് ഇതേ കാലത്ത് തന്നെ കൊടുങ്ങല്ലൂരിന്നടുത്തുള്ള പുതിയ കാവ് മസ്ജിദും ഇപ്രകാരം ഡച്ചുകാരാൽ അക്രമിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിരുന്നു. ആ പള്ളിയിലും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്ന സമാനമായ രീതിയിൽ മരത്തിൽ കൊത്തിവെക്കപ്പെട്ട ഒരു ലിഖിതമുണ്ട്. അക്കാലത്തെ ഡച്ചുരേഖകൾ കൂടി ഇതിലേക്ക് സൂചന നൽകുന്നുണ്ട്.
വിദേശ ശക്തികൾ ഭാഗികമായി അഗ്നിക്കിരയാക്കിയ മന്ദലാംകുന്ന് പള്ളിയും
മൂപ്പത് വർഷങ്ങൾക്ക് ശേഷമുള്ള നവീകരണവും
എഴുന്നൂറോളം വർഷങ്ങൾ കാര്യമായ കേടുപാടുകളില്ലാതെ നിലനിന്ന ഈ പള്ളി ഏതാണ്ട് മുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ഹിജ്‌റഃ 1127 (എ.ഡി. 1715) ൽ നസാറാക്കളുമായുണ്ടായ ഒരു യുദ്ധത്തിൽ ഭാഗികമായി അഗ്നിക്കിരയാക്കപ്പെട്ടെന്നും പിന്നീട് 1158 (എ.ഡി. 1745) ലാണ് ഇത് പുതുക്കി വിപുലീകരിച്ചതെന്നും വിവരിക്കുന്ന അറബിയിലുള്ള ഒരു ബൈത്ത് ഈ മസ്ജിദിന്റെ പ്രധാന വാതിലിനു മുകളിൽ മരത്തിൽ കൊത്തി വെക്കപ്പെട്ടിരുന്നു. പ്രസ്തുത ബൈത്തിന്റെ ആശയാർത്ഥം ഏതാണ്ട് താഴെ പറയും പ്രകാരമാണ്:
“പാരത്രിക ലോകത്ത് ഉപകരിക്കുന്നതിനായി ഈ നാട്ടുകാർ പള്ളി പണിതു. ഹിജ്‌റഃ 1127 (എ.ഡി. 1715) ൽ നസാറാക്കൾ ഇതിനെ അഗ്നിക്കിരയാക്കിയതിനു ശേഷം ഹിജ്‌റഃ 1158 (എ.ഡി. 1745) ൽ പുനഃസ്ഥാപിക്കപ്പെട്ടു. നാഥാ, സ്വർഗ്ഗപ്രവേശം നൽകിയും പ്രതിസന്ധികളെ തട്ടിമാറ്റിയും ഈ നാട്ടുകാർക്ക് നീ ഇതിന്റെ ഉപകാരം നൽകേണമേ, പള്ളി നിർമ്മിച്ചവർക്ക് അല്ലാഹു സ്വർഗ്ഗത്തിൽ കൊട്ടാരം പണിതു നൽകട്ടെ.”
ഇതിലെ സൂചനകളനുസരിച്ച് പള്ളി അഗ്നിക്കിരയാക്കപ്പെട്ട ഈ നിർണ്ണായക സംഭവത്തിന് വളരെ കാലം മുമ്പ് മുതൽ തന്നെ ഈ പള്ളി ഇവിടെ ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു. എന്നാൽ 1715 ൽ നടന്ന ഒരു യുദ്ധം കാരണമായി ഇത് നസാറാക്കൾ അഗ്നിക്കിരയാക്കി എന്നാണ് ഇതിലുള്ളത്. 1715 കാലഘട്ടത്തിൽ സാമൂതിരി ഡച്ചുകാരുമായുണ്ടായ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളിക്കെതിരെ ആക്രമണമുണ്ടായതും മന്ദലാംകുന്ന് പള്ളിയുടെ കുറച്ചു ഭാഗങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടതും എന്നാണ് ചരിത്ര സൂചനകൾ വെച്ച് നമുക്ക് നിഗമനത്തിലെത്താവുന്നത്. ഏതാണ്ട് ഇതേ കാലത്ത് തന്നെ കൊടുങ്ങല്ലൂരിന്നടുത്തുള്ള പുതിയ കാവ് മസ്ജിദും ഇപ്രകാരം ഡച്ചുകാരാൽ അക്രമിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിരുന്നു. ആ പള്ളിയിലും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്ന സമാനമായ രീതിയിൽ മരത്തിൽ കൊത്തിവെക്കപ്പെട്ട ഒരു ലിഖിതമുണ്ട്. അക്കാലത്തെ ഡച്ചുരേഖകൾ കൂടി ഇതിലേക്ക് സൂചന നൽകുന്നുണ്ട്. (SELECTIONS FROM THE RECORDS OF THE MADRAS GOVERNMENT.DUTCH RECORDS No. 13. THE DUTCH IN MALABAR, A TRANSLATION OF SELECTIONS NOS. 1 AND 2 WITH INTRODUCTION AND NOTES, BY A. GALLETTI, I.C.S., THE REV. A. J. VAN DER BURG AND THE REV. P. GROOT, S.S.J. MADRAS: PRINTED BY THE SUPERINTENDENT, GOVERNMENT PRESS. 1911).

നാൽപതോളം വർഷം മന്ദലാംകുന്ന് ജുമാ മസ്ജിദിൽ ഖത്തീബായിരുന്ന ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന എം.കെ. കുഞ്ഞുമുഹമ്മദ് മുസ് ലിയാർ
മന്ദലാംകുന്നിലെയും പുതിയകാവിലെയും അറബിയിലുള്ള ഈ ലിഖിതരേഖകളിൽ നസാറാക്കൾ, ഫറങ്കികൾ എന്നെല്ലാം പരാമർശിക്കപ്പെട്ടത് യൂറോപ്യൻ ശക്തികളെയാണ്. അക്കാലത്ത് ഡച്ചുകാരും സാമൂതിരിയുമായുള്ള യുദ്ധങ്ങളും സംഘർഷങ്ങളും ഈ മേഖലയിൽ വെച്ച് നടന്നിരുന്നതിനാൽ യുദ്ധത്തിന്റെ ഭാഗമായി പള്ളി അഗ്നിക്കിരയാക്കപ്പെട്ടിരിക്കാം എന്നത് തന്നെയാണ് ഇത്തരം പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. സാമൂതിരിയുടെ നാവിക സേന മുസ്‌ലിംകളായിരുന്നതിനാൽ തീർച്ചയായും ഈ സാധ്യത തള്ളിക്കളയാനാവില്ല.
ചുരുക്കത്തിൽ ആയിരത്തിലധികം വർഷത്തെ ഇസ്‌ലാമിക പാരമ്പര്യമുള്ള ഒരു പ്രദേശമാണ് മന്ദലാംകുന്ന് എന്ന വസ്തുത ഈ വിവരണങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഹിജ്‌റ: 398 ൽ വന്ന ഹള്റമി ശൈഖ്(റ) യും അനുചരന്മാരുമാണ് ഈ പ്രദേശത്തെ ആദ്യകാല ഇസ്‌ലാമിക നവജാഗരണത്തിന് നേതൃത്വം നൽകിയത് എന്ന കാര്യവും സുവ്യക്തമാണ്. നശ്വരമായ ലോകത്ത്, ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്ന ഒരു യുഗപുരുഷൻ തന്നെയാണ് മഹാനായ ഹള്റമി ശൈഖ്(റ). ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്ന മഹാനവർകളുടെ മദദും ഫൈളാനും നൽകി അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ, സ്മര്യപുരുഷന്റെ കൂടെ അല്ലാഹു നമ്മെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ, ആമീൻ.
റഫറൻസ്
- മമ്മത് കോയ പരപ്പിൽ: കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം: പ്രസാധനം: ഫോക്കസ് പബ്ലിക്കേഷൻ, 1994
- മുഹമ്മദ് സദ്ദാം ചാലിയം: ചാലിയത്തിന്റെ ചരിത്ര ചലനങ്ങൾ: പ്രസാധനം: ഗ്രന്ഥകാരൻ: 2013
- ഡോ: മോയിൻ മലയമ്മ, തൃശൂർ മുസ്‌ലിംകൾ: ചരിത്രവും സമൂഹവും: പ്രസാധനം: റഹ്മത്ത് പബ്ലിക്കേഷൻ, തൊഴിയൂർ: 2023
- സൈനുദ്ദീൻ മന്ദലാംകുന്ന്:(എഡിറ്റർ) ദക്ഷിണേന്ത്യയിലെ മുസ്‌ലിം വേരുകൾ, സൂഫികൾ, സൂഫിസം. അകമീയം ബുക്സ്, തൃശൂർ, 2020
- ഞമനേങ്ങാട് ഏനിക്കുട്ടി മുസ്‌ലിയാർ(ന.മ): ശൈഖുൽ ഹള്റമി(റ) തങ്ങളുടെ മനാഖിബ്.
- Ho, Engseng. The Graves of Tarim: Genealogy and Mobility across the Indian Ocean. University of California Press, 2006.
- Prange, Sebastian R. Monsoon Islam: Trade and Faith on the Medieval Malabar Coast. Cambridge University Press, 2018.
- SELECTIONS FROM THE RECORDS OF THE MADRAS GOVERNMENT.DUTCH RECORDS No. 13. THE DUTCH IN MALABAR, A TRANSLATION OF SELECTIONS NOS. 1 AND 2 WITH INTRODUCTION AND NOTES, BY A. GALLETTI, I.C.S., THE REV. A. J. VAN DER BURG AND THE REV. P. GROOT, S.S.J. MADRAS: PRINTED BY THE SUPERINTENDENT, GOVERNMENT PRESS. 1911.
- Shaikhu Nayagam souvenir: (Tamil) Published by Shaikhu Nayagam Felicitation Committee(1967)
