നവചരിത്രവാദവും പോസ്റ്റ് കൊളോണിയൽ പഠനങ്ങളും

New Historicism argues that history should be viewed not merely as a neutral and objective background, but as a text that is constantly constructed by power relations. Post-colonial studies are marked as the natural, and yet more political, evolutionary development of this method of historical criticism

സൈനുദ്ദീൻ മന്ദലാംകുന്ന്.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സാഹിത്യ-സാംസ്കാരിക വിശകലന മേഖലകളിൽ നിർണ്ണായകമായ ജ്ഞാനശാസ്ത്രപരമായ മാറ്റങ്ങൾ സംഭവിച്ചു. സാഹിത്യകൃതികളെ ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങളിൽനിന്ന് പൂർണ്ണമായി അടർത്തിമാറ്റി കേവലം ഭാഷാഘടനയായി മാത്രം വിലയിരുത്തിയ നവവിമർശന രീതിക്ക് (New Criticism) എതിരെ ഉയർന്നുവന്ന സൈദ്ധാന്തിക മുന്നേറ്റമായിരുന്നു നവചരിത്രവാദം (New Historicism). ചരിത്രത്തെ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ പശ്ചാത്തലം എന്നതിലുപരി അധികാരബന്ധങ്ങളാൽ നിരന്തരം നിർമ്മിക്കപ്പെടുന്ന ഒരു പാഠമായി കാണാൻ നവചരിത്രവാദം ആവശ്യപ്പെടുന്നു. ഈ ചരിത്രവിമർശന രീതിയുടെ സ്വാഭാവികവും അതേസമയം കൂടുതൽ രാഷ്ട്രീയവുമായ വികാസപരിണാമമായാണ് ഉത്തരകൊളോണിയൽ പഠനങ്ങൾ അഥവാ പോസ്റ്റ് കൊളോണിയൽ പഠനങ്ങൾ (Post-colonial Studies) അടയാളപ്പെടുത്തപ്പെടുന്നത്. പോസ്റ്റ് കൊളോണിയൽ എന്ന പദത്തിന്റെ ഉത്ഭവം പരിശോധിച്ചാൽ ഭാഷാശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ സങ്കീർണ്ണതകൾ വ്യക്തമാകും. “കോളനി” എന്ന പദം ഫ്രഞ്ച് വഴി ലത്തീൻ പദങ്ങളായ ‘colonia’, ‘colonus’ (കർഷകൻ, പാർപ്പുകാരൻ) എന്നിവയിൽനിന്നാണ് ഉത്ഭവിച്ചത്; ഇതിന്റെ മൂലധാതു ‘colere’ (കൃഷി ചെയ്യുക, വസിക്കുക, ആരാധിക്കുക) എന്ന ലത്തീൻ ക്രിയയാണ്. സംസ്കൃതത്തിലെ ‘ക്ഷി’ (ക്ഷിതി – വസിക്കുക, പാർക്കുക) എന്ന ധാതുവുമായി ഇതിന് ഭാഷാശാസ്ത്രപരമായ സാദൃശ്യമുണ്ട്. ഈ ചരിത്രപരമായ കുടിയേറ്റവും അധിനിവേശവും പിൽക്കാലത്ത് ഭൗതികവും സാംസ്കാരികവുമായ ആധിപത്യമായി മാറിയ പ്രക്രിയയെയാണ് പോസ്റ്റ് കൊളോണിയൽ പഠനങ്ങൾ വിശകലനം ചെയ്യുന്നത്. നവചരിത്രവാദം മുന്നോട്ടുവെച്ച ചരിത്രത്തിന്റെ പാഠപരതയും അധികാര വിശകലനവും യൂറോപ്യൻ സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ അടിത്തറകളെ അപഗ്രഥിക്കാൻ പോസ്റ്റ് കൊളോണിയൽ സിദ്ധാന്തങ്ങൾ ഫലപ്രദമായി ഉപയോഗിച്ചു. സാഹിത്യകൃതികൾ ചരിത്രപരമായ അധികാരവ്യവസ്ഥകളെ എപ്രകാരം സ്വാധീനിക്കുന്നുവെന്നും അവയ്ക്ക് എപ്രകാരം വിധേയപ്പെടുന്നുവെന്നുമുള്ള നവചരിത്രവാദപരമായ അന്വേഷണം, സാമ്രാജ്യത്വത്തിന്റെ അധികാര വ്യവഹാരങ്ങളെയും അധിനിവേശ ജനതയുടെ സ്വത്വ പ്രതിസന്ധികളെയും തുറന്നുകാട്ടുന്ന പോസ്റ്റ് കൊളോണിയൽ പഠനങ്ങളുടെ മുഖ്യ ഘടകമായി മാറി. അഥവാ
പോസ്റ്റ് കൊളോണിയൽ പഠനങ്ങൾ (Post-colonial Studies) വെറുമൊരു സാഹിത്യ നിരൂപണ രീതി എന്നതിലുപരി, കൊളോണിയലിസത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ ആഘാതങ്ങളെ വിശകലനം ചെയ്യുന്ന ഒരു വിജ്ഞാനശാഖയാണ്. നവചരിത്രവാദം (New Historicism) പാഠങ്ങളെ ചരിത്രപരമായ സന്ദർഭങ്ങളിലൂടെ വായിക്കാൻ ശ്രമിക്കുമ്പോൾ, പോസ്റ്റ് കൊളോണിയൽ പഠനങ്ങൾ ആ ചരിത്രത്തെ തന്നെ പുനർവായനയ്ക്കും ചോദ്യം ചെയ്യലിനും വിധേയമാക്കുന്നു.

പരമ്പരാഗതമായി നിലനിന്നിരുന്ന പഴയ ചരിത്രവാദവും (Old Historicism) 1980-കളിൽ ഉയർന്നുവന്ന നവചരിത്രവാദവും തമ്മിൽ ചരിത്രത്തെയും സാഹിത്യത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ വലിയ അന്തരമുണ്ട്. പഴയ ചരിത്രവാദം ചരിത്രത്തെ വസ്തുതകളുടെ നിശ്ചലവും ഏകതാനവുമായ പശ്ചാത്തലമായി കാണുകയും സാഹിത്യകൃതികൾ ഈ പശ്ചാത്തലത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് കരുതുകയും ചെയ്തു. എന്നാൽ നവചരിത്രവാദം ചരിത്രത്തിന്റെ ഏകതാനതയെ നിരാകരിക്കുകയും അതിനെ വൈരുദ്ധ്യാത്മകവും അസ്ഥിരവുമായ വ്യാഖ്യാനങ്ങളുടെ ആകെത്തുകയായി കാണുകയും ചെയ്യുന്നു. ലോയിസ് ടൈസൺ (Louis Tyson) ചൂണ്ടിക്കാണിച്ചതുപോലെ, പരമ്പരാഗത ചരിത്രകാരന്മാർ “എന്തു സംഭവിച്ചു?” എന്നും “ആ സംഭവം ചരിത്രത്തെക്കുറിച്ച് എന്താണ് പറയുന്നത്?” എന്നും ചോദിച്ചപ്പോൾ, നവചരിത്രവാദികൾ ചോദിക്കുന്നത് “ആ സംഭവം എപ്രകാരം വ്യാഖ്യാനിക്കപ്പെട്ടു?” എന്നും “ആ വ്യാഖ്യാനങ്ങൾ വ്യാഖ്യാതാക്കളെക്കുറിച്ച് എന്താണ് വെളിപ്പെടുത്തുന്നത്?” എന്നുമാണ്. ലൂയിസ് മോൺട്രോസിന്റെ “പാഠങ്ങളുടെ ചരിത്രപരതയും ചരിത്രത്തിന്റെ പാഠപരതയും” (The historicity of texts and the textuality of history) എന്ന പ്രശസ്തമായ നിരീക്ഷണം ഈ മാറ്റത്തെ അടയാളപ്പെടുത്തുന്നു. ചരിത്രപരമായ യാഥാർത്ഥ്യങ്ങൾ നമുക്ക് ലഭ്യമാകുന്നത് എപ്പോഴും ഭാഷാപരമായ പാഠങ്ങളിലൂടെയാണ് എന്ന തിരിച്ചറിവാണ് ഇതിന് പിന്നിലുള്ളത്. ഫ്രഞ്ച് ദാർശനികനായ മിഷേൽ ഫൂക്കോയുടെ ജ്ഞാനശാസ്ത്രപരമായ ചിന്തകളാണ് നവചരിത്രവാദത്തിന്റെ വികാസത്തിൽ പ്രധാന പങ്ക് വഹിച്ചത്. ഭ്രാന്തും നാഗരികതയും (Madness and Civilization), ക്ലിനിക്കിന്റെ ജനനം (The Birth of the Clinic), അധികാരവ്യവസ്ഥയുടെ ക്രമം (The Order of Things), അച്ചടക്കവും ശിക്ഷയും (Discipline and Punish) തുടങ്ങിയ കൃതികളിലൂടെ ഫൂക്കോ ചരിത്രത്തിലെ ഏകാത്മകതകളെക്കാൾ വിള്ളലുകളെയും (discontinuities) അപഭ്രംശങ്ങളെയും അടയാളപ്പെടുത്തി. ഫൂക്കോയുടെ അധികാരം/ജ്ഞാനം (Power/Knowledge), വ്യവഹാരം (Discourse), എപിസ്റ്റീം (Episteme) എന്നീ സങ്കല്പനങ്ങൾ സാഹിത്യേതര രേഖകളെ സാഹിത്യ പാഠങ്ങൾക്ക് തുല്യമായി വായിക്കാനുള്ള വഴിയൊരുക്കി. അധികാരം എന്നത് കേന്ദ്രീകൃതമായ ഒരു ശക്തിയല്ലെന്നും അത് സമൂഹത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ജ്ഞാനനിർമ്മിതിയിലൂടെയും സ്ഥാപനങ്ങളിലൂടെയും പ്രസരിക്കപ്പെടുകയും നിലനിർത്തപ്പെടുകയും ചെയ്യുന്നുവെന്നും ഫൂക്കോ വാദിച്ചു. ഈ സങ്കല്പം സാഹിത്യകൃതികളിലെ അധികാരബന്ധങ്ങളെ അപഗ്രഥിക്കാൻ നവചരിത്രവാദികളെ പ്രാപ്തരാക്കി.

നവചരിത്രവാദവും ഉത്തരകൊളോണിയൽ പഠനങ്ങളും തമ്മിലുള്ള സൈദ്ധാന്തിക സംയോജനം

1980-കളിൽ അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ വ്യത്യസ്ത വംശീയ, ലിംഗഭേദ, വർഗ്ഗ പശ്ചാത്തലങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരുടെ കടന്നുവരവ് പാഠ്യപദ്ധതികളിൽ വലിയ സ്വാധീനം ചെലുത്തി. അവർ തങ്ങളുടെ തനത് സാംസ്കാരിക വീക്ഷണങ്ങളിലൂടെ പരമ്പരാഗത യൂറോപ്യൻ സാഹിത്യശേഖരങ്ങളെ വെല്ലുവിളിച്ചു. ഈ സവിശേഷമായ അക്കാദമിക സാഹചര്യത്തിലാണ് നവചരിത്രവാദവും ഉത്തരകൊളോണിയൽ പഠനങ്ങളും തമ്മിലുള്ള സൈദ്ധാന്തിക സംയോജനം നടക്കുന്നത്. സാമ്രാജ്യത്വത്തിന്റെ അധികാര വ്യവഹാരങ്ങളെയും ഭൂപട നിർമ്മിതികളെയും തുറന്നുകാട്ടാൻ നവചരിത്രവാദം മുന്നോട്ടുവെച്ച ചരിത്രത്തിന്റെ പാഠപരത വലിയ പങ്കുവഹിച്ചു. ഫിർദൗസ് അസിം (Firdous Azim), ക്രിസ്റ്റ നൈൽവുൾഫ് (Christa Knellwolf), ക്രിസ്റ്റഫർ നോറിസ് (Christopher Norris) തുടങ്ങിയ പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നത് പോലെ, പോസ്റ്റ് കൊളോണിയൽ പഠനങ്ങളും നവചരിത്രവാദവും തമ്മിൽ തുടക്കത്തിൽ തന്നെ ഒരു ആരോഗ്യകരമായ പങ്കാളിത്തം ഉണ്ടായിരുന്നു. നവചരിത്രവാദം ആദ്യകാല മോഡേൺ കാലഘട്ടത്തെയും റിനൈസൻസ് യാത്രാവിവരണങ്ങളെയും കുറിച്ച് നടത്തിയ പഠനങ്ങൾ കോളനിവൽക്കരണ പ്രക്രിയകളുടെ ആദ്യ രൂപങ്ങളെയാണ് അനാവരണം ചെയ്തത്. റെയ്മണ്ട് വില്യംസ്, ജോനാഥൻ ഡോളിമോർ, അലൻ സിൻഫീൽഡ് എന്നിവർ വികസിപ്പിച്ച സാംസ്കാരിക മെറ്റീരിയലിസം (Cultural Materialism) നവചരിത്രവാദത്തിന്റെ കൂടുതൽ മാർക്സിസ്റ്റ് അധിഷ്ഠിതമായ രാഷ്ട്രീയ രൂപമായിരുന്നു. നവചരിത്രവാദം പലപ്പോഴും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയമായ കർതൃത്വത്തിന് (agency) പ്രാധാന്യം നൽകാതിരുന്നപ്പോൾ, സാംസ്കാരിക മെറ്റീരിയലിസവും പോസ്റ്റ് കൊളോണിയൽ പഠനങ്ങളും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വിമോചനത്തിനായി നിലകൊണ്ടു. ഈ രാഷ്ട്രീയ ചോദനയാണ് ഉത്തരകൊളോണിയൽ പഠനങ്ങളെ നവചരിത്രവാദത്തിന്റെ കേവല അക്കാദമിക വിശകലനങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു വിമോചന സിദ്ധാന്തമാക്കി മാറ്റിയത്.

സബ് വെർഷൻ-കണ്ടെയ്ൻമെന്റ് ദ്വന്ദ്വവും ഉത്തരകൊളോണിയൽ ഏജൻസിയുടെ പ്രശ്നവും

നവചരിത്രവാദത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തർക്കവിഷയമാണ് ‘പ്രതിരോധവും ഉൾക്കൊള്ളലും’ (Subversion and Containment) എന്ന സിദ്ധാന്തം. സ്റ്റീഫൻ ഗ്രീൻബ്ലാറ്റ് തന്റെ ‘ഇൻവിസിബിൾ ബുള്ളറ്റ്സ്’ (Invisible Bullets) എന്ന വിഖ്യാത ലേഖനത്തിലൂടെയാണ് ഈ ആശയം വികസിപ്പിച്ചത്. നിലവിലുള്ള ഭരണകൂടങ്ങളോ അധികാരവ്യവസ്ഥകളോ തങ്ങൾക്കെതിരെയുള്ള ചെറുത്തുനില്പുകളെയും വിപ്ലവങ്ങളെയും (Subversion) മുൻകൂട്ടി രൂപകൽപ്പന ചെയ്യുകയും, പിന്നീട് തങ്ങളുടെ പരമാധികാരം തെളിയിച്ചുകൊണ്ട് ആ ചെറുത്തുനില്പുകളെ വ്യവസ്ഥയ്ക്കുള്ളിൽതന്നെ മെരുക്കി ഒതുക്കുകയും (Containment) ചെയ്യുന്നുവെന്നാണ് ഗ്രീൻബ്ലാറ്റ് വാദിച്ചത്. തോമസ് ഹാരിയറ്റിന്റെ (Thomas Harriot) എ ബ്രീഫ് ആൻഡ് ട്രൂ റിപ്പോർട്ട് ഓഫ് ദി ന്യൂ ഫൗണ്ട് ലാൻഡ് ഓഫ് വെർജീനിയ (1588) എന്ന ലഘുലേഖയെ അടിസ്ഥാനമാക്കി ഗ്രീൻബ്ലാറ്റ് ഈ അധിനിവേശതന്ത്രങ്ങളെ വിശദീകരിക്കുന്നു. യൂറോപ്യൻ അധിനിവേശക്കാർ തങ്ങളുടെ സാങ്കേതിക വിദ്യകളും വെടിക്കോപ്പുകളും മാന്ത്രികവും ദൈവീകവുമായ അത്ഭുതങ്ങളായി തദ്ദേശീയർക്ക് മുന്നിൽ അവതരിപ്പിച്ചതിലൂടെ അവരുടെ തനത് പ്രപഞ്ചവീക്ഷണങ്ങളെ അട്ടിമറിക്കുകയും അധികാരം ഉറപ്പിക്കുകയും ചെയ്തത് എങ്ങനെയെന്ന് അദ്ദേഹം കാണിക്കുന്നു. ഇത് അധികാരവ്യവസ്ഥയ്ക്ക് അനുസൃതമായി തദ്ദേശീയരെ മെരുക്കാനുള്ള തന്ത്രമായിരുന്നു. ഈ ‘കണ്ടെയ്ൻമെന്റ്’ അഥവാ പ്രതിരോധങ്ങളെ വ്യവസ്ഥയ്ക്കുള്ളിൽ ഒതുക്കൽ എന്ന അമേരിക്കൻ നവചരിത്രവാദപരമായ നിരാശയെ സാംസ്കാരിക മെറ്റീരിയലിസവും പോസ്റ്റ് കൊളോണിയൽ പഠനങ്ങളും ശക്തമായി ചോദ്യം ചെയ്തു. അധികാരവ്യവസ്ഥ എത്ര ശക്തമാണെങ്കിലും അതിനുള്ളിൽ സജീവമായ പ്രതിരോധങ്ങളുടെയും ‘പ്രതി-വ്യവഹാരങ്ങളുടെയും’ (Counter-discourse) സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്ന് അവർ വാദിച്ചു. അധിനിവേശ ജനതയ്ക്ക് തങ്ങളുടെ സംസ്കാരത്തിലൂടെയും ഭാഷയിലൂടെയും കൊളോണിയൽ ആധിപത്യത്തെ വെല്ലുവിളിക്കാനുള്ള കർത്തൃത്വം (Agency) ഉണ്ടെന്ന് പോസ്റ്റ് കൊളോണിയൽ ചിന്തകർ സ്ഥാപിച്ചു.

ഉത്തരകൊളോണിയൽ പഠനമേഖലയിലെ പ്രമുഖ സൈദ്ധാന്തികരും അവരുടെ സിദ്ധാന്തങ്ങളും

കൊളോണിയൽ ആധിപത്യത്തിന്റെ സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ അടിത്തറകളെ വിശകലനം ചെയ്തുകൊണ്ട് ഈ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ മൂന്ന് പ്രധാന സൈദ്ധാന്തികരുടെ സംഭാവനകൾ താഴെ വിശദീകരിക്കുന്നു:

എഡ്വേർഡ് സൈദും വ്യവഹാര വിശകലനവും

പോസ്റ്റ് കൊളോണിയൽ പഠനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കുറിച്ചത് എഡ്വേർഡ് സൈദിന്റെ ‘ഓറിയന്റലിസം’ (Orientalism – 1978) എന്ന കൃതിയിലൂടെയാണ്. മിഷേൽ ഫൂക്കോയുടെ അധികാരം/ജ്ഞാനം എന്ന ജ്ഞാനശാസ്ത്രപരമായ സങ്കല്പത്തെ അടിത്തറയാക്കി സൈദ് രൂപപ്പെടുത്തിയ ആശയമാണ് ഓറിയന്റലിസം. പൗരസ്ത്യ ദേശങ്ങളെ (The Orient) പ്രാകൃതരും, യുക്തിരഹിതരും, സ്വന്തമായി സംസാരിക്കാൻ ശേഷിയില്ലാത്തവരുമായി ചിത്രീകരിക്കുന്നതിലൂടെ യൂറോപ്യൻ സ്വത്വത്തെ പുരോഗമനപരവും ജ്ഞാനദീപ്തവുമായി പ്രതിഷ്ഠിക്കാൻ പാശ്ചാത്യ ശക്തികൾ സൃഷ്ടിച്ച കൃത്രിമമായ വ്യവഹാരമാണ് ഓറിയന്റലിസം എന്ന് അദ്ദേഹം സമർത്ഥിച്ചു. ജ്ഞാനനിർമ്മിതിയിലൂടെ കൊളോണിയൽ ശക്തികൾ തങ്ങളുടെ സാമ്രാജ്യത്വ ആധിപത്യത്തെ സ്വാഭാവികവും ന്യായവുമാക്കി മാറ്റിയ പ്രക്രിയയെ അപഗ്രഥിക്കാൻ സൈദിന് കഴിഞ്ഞു.
ഓറിയന്റലിസം ഒരു ‘കൃത്രിമ നിർമ്മിതി’ (Constructed Knowledge)യാണെന്ന് എഡ്വേർഡ് സെയ്ദ് വാ​ദിച്ചു. ഓറിയന്റലിസം എന്നത് പൗരസ്ത്യ ദേശങ്ങളെക്കുറിച്ചുള്ള കേവലമായ ഒരു പഠനമേഖലയല്ല; മറിച്ച്, പാശ്ചാത്യർ നിർമ്മിച്ചെടുത്ത ഒരു ‘പ്രതിനിധീകരണ ശൈലി’ (Style of Representation) ആണ്. പൗരസ്ത്യ ദേശത്തെ (The Orient) പറ്റി പാശ്ചാത്യർ പുലർത്തുന്ന ധാരണകൾ ഭൗതികമായ ഒരു യാഥാർത്ഥ്യത്തെക്കാൾ, പാശ്ചാത്യന്റെ സങ്കല്പത്തിൽ വിരിഞ്ഞ ഒരു ‘ഭാവനാത്മക ഭൂമിശാസ്ത്ര’മാണ് (Imaginative Geography). അവർക്ക് സൗകര്യപ്രദമായ രീതിയിൽ പൗരസ്ത്യ ദേശത്തെ അവർ തന്നെ നിർവചിച്ചു.
പാശ്ചാത്യ-പൗരസ്ത്യ ദ്വന്ദം (Binary Opposition) എന്ന ഒരു ആശയത്തിലൂന്നിയാണ് ഓറിയന്റലിസം വികസിച്ചത് എന്ന കാര്യം സെയ്ദ് കണ്ടെത്തി. യൂറോപ്യൻ സ്വത്വത്തെ നിർവചിക്കാൻ പാശ്ചാത്യർ കണ്ടെത്തിയ എളുപ്പവഴിയാണ് അപരരെ’ (The Other) സൃഷ്ടിക്കുക എന്നത്. പാശ്ചാത്യർ (Occident) എന്നാൽ യുക്തിയുള്ളവരും ശാസ്ത്രീയ ചിന്തയുള്ളവരും പുരോഗമനവാദികളും പുരുഷകേന്ദ്രീകൃതമായ കരുത്തുള്ളവരുമാണെന്നും
പൗരസ്ത്യർ (Orient) എന്നാൽ യുക്തിരഹിതർ, വൈകാരികത മാത്രം കൈമുതലായവർ, അലസർ, നിഗൂഢതകൾ നിറഞ്ഞവർ, പരിഷ്കൃതരല്ലാത്തവർ എന്നുമുള്ള ഒരു ആഖ്യാനം ഓറിയന്റലിസം സൃഷ്ടിച്ചു. ഇങ്ങനെ പൗരസ്ത്യരെ താഴ്ത്തിക്കെട്ടുന്നതിലൂടെ, പാശ്ചാത്യർ തങ്ങളെത്തന്നെ കൂടുതൽ ഉയർന്നവരും, അച്ചടക്കമുള്ളവരും, ലോകത്തെ ഭരിക്കാൻ യോഗ്യരുമായി ചിത്രീകരിച്ചു.
ഫൂക്കോയെ കടമെടുത്തുകൊണ്ട് സൈദ് പറയുന്നത്, അറിവ് എന്നത് നിഷ്പക്ഷമല്ല എന്നാണ്. കോളനിവാഴ്ചയ്ക്ക് ആയുധങ്ങൾ മാത്രം മതിയാകുമായിരുന്നില്ല, മറിച്ച് ‘ജ്ഞാനം’ എന്ന ലേബലിൽ പൗരസ്ത്യരെക്കുറിച്ച് എഴുതിയ സാഹിത്യം, ചരിത്ര പഠനങ്ങൾ, സഞ്ചാരക്കുറിപ്പുകൾ എന്നിവയെല്ലാം അവരെ ഭരിക്കാനുള്ള ന്യായീകരണമായി മാറി. “ഇവർക്ക് സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാൻ കഴിയില്ല, അതിനാൽ പാശ്ചാത്യരായ ഞങ്ങൾ ഇവരെ ഭരിക്കാൻ ബാധ്യസ്ഥരാണ്” എന്ന ‘വൈറ്റ് മാൻസ് ബർഡൻ’ (White Man’s Burden) എന്ന ചിന്താഗതി ഈ ജ്ഞാനനിർമ്മിതിയിൽ നിന്നാണ് ഉണ്ടായത്.
ഓറിയന്റലിസത്തിന്റെ ഏറ്റവും വലിയ പ്രശ്നം, പൗരസ്ത്യർക്ക് സ്വന്തം കഥ പറയാൻ അവസരം ലഭിച്ചില്ല എന്നതാണ്. പാശ്ചാത്യരായ എഴുത്തുകാരും പണ്ഡിതന്മാരും എന്തു പറയുന്നുവോ, അതാണ് സത്യമായി ലോകം വിശ്വസിച്ചത്. ഇത്തരത്തിൽ പൗരസ്ത്യ ദേശങ്ങളെ ഒരു ‘ഒബ്‌ജക്റ്റ്’ (Object) അഥവാ പഠനവസ്തു മാത്രമായി ഒതുക്കി നിർത്തി, അവരെ ഒരു ‘സബ്ജക്റ്റ്’ (Subject) എന്ന നിലയിൽ അവരുടെ ശബ്ദം ഉയർത്താൻ പാശ്ചാത്യർ അനുവദിച്ചില്ല. ഇന്നും ഈ രീതി തുടരുന്നുണ്ട്. ഉദാഹരണത്തിന്, മാധ്യമങ്ങളിൽ ഇസ്‌ലാമിനെയും അറബ് ലോകത്തെയും ചിത്രീകരിക്കുന്ന രീതിയിൽ ഇപ്പോഴും സൈദ് പറഞ്ഞ ‘ഓറിയന്റലിസ്റ്റ്’ അജണ്ടകൾ ഒളിഞ്ഞിരിപ്പുണ്ട്. ഭീകരവാദം, അവികസിതത്വം, സ്ത്രീവിരുദ്ധത എന്നീ ലേബലുകൾ പൗരസ്ത്യ ദേശങ്ങൾക്കുമേൽ ചാർത്തിക്കൊടുക്കുന്നതിൽ ഇന്നും പടിഞ്ഞാറൻ മാധ്യമങ്ങൾ ഒരു പ്രത്യേക ശൈലി പിൻതുടരുന്നുണ്ട്. എഡ്വേർഡ് സൈദിന്റെ അഭിപ്രായത്തിൽ ഓറിയന്റലിസം എന്നത് പൗരസ്ത്യ ദേശങ്ങളെക്കുറിച്ചുള്ള ഒരു തെറ്റായ ധാരണ മാത്രമല്ല, മറിച്ച് ഒരു ജനതയെ അടിച്ചമർത്താനും കൊള്ളയടിക്കാനും വേണ്ടി സാമ്രാജ്യത്വ ശക്തികൾ ആയുധമായി ഉപയോഗിച്ച ഒരു അധികാരഘടന (Structure of Power) കൂടി ആണ് എന്ന് സെയ്ദ് സ്ഥാപിച്ചു.

ഫ്രാൻസ് ഫാനനും കൊളോണിയൽ മനഃശാസ്ത്രവും

കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ മനഃശാസ്ത്രപരവും സാംസ്കാരികവുമായ തലങ്ങളെ ആഴത്തിൽ വിശകലനം ചെയ്ത സൈദ്ധാന്തികനാണ് ഫ്രാൻസ് ഫാനൻ. അദ്ദേഹത്തിന്റെ ‘ബ്ലാക്ക് സ്കിൻ, വൈറ്റ് മാസ്ക്സ്’ (Black Skin, White Masks), ‘ദി റെച്ചഡ് ഓഫ് ദി എർത്ത്’ (The Wretched of the Earth) എന്നീ കൃതികൾ കൊളോണിയൽ വിരുദ്ധ ചിന്തകളിൽ വലിയ സ്വാധീനം ചെലുത്തി. അധിനിവേശം എന്നത് കേവലം ഭൗതികമായ ഭൂപ്രദേശങ്ങൾ പിടിച്ചെടുക്കലല്ലെന്നും അത് കീഴടക്കപ്പെട്ട ജനതയുടെ മനസ്സിനെ അപകർഷതാബോധത്തിലേക്കും സാംസ്കാരിക അന്യവൽക്കരണത്തിലേക്കും നയിക്കുന്ന കടുത്ത മാനസിക അക്രമമാണെന്നും ഫാനൻ നിരീക്ഷിച്ചു. കൊളോണിയൽ വംശീയ വിഭജനങ്ങളെ തകർക്കാൻ വിപ്ലവാത്മകമായ പ്രതിബോധവും തദ്ദേശീയ ദേശീയതയും ആവശ്യമാണെന്ന് അദ്ദേഹം വാദിച്ചു.

ഹോമി കെ. ഭാഭയും സങ്കരത്വ സിദ്ധാന്തവും

പോസ്റ്റ് കൊളോണിയൽ സിദ്ധാന്തത്തിൽ സങ്കീർണ്ണമായ പുതിയൊരു സൈദ്ധാന്തിക ഭാഷ സൃഷ്ടിച്ച വ്യക്തിയാണ് ഹോമി കെ. ഭാഭ. സങ്കരത്വം (Hybridity), അനുകരണാത്മകത (Mimicry), Ambivalence, മൂന്നാം ഇടം (Third Space) എന്നിവ അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളാണ്. ഇതിൽ ‘അംബിവലൻസ്’ (Ambivalence) എന്നാൽ കൊളോണിയൽ ഭരണകൂടവും (Colonizer) കോളനികളാക്കപ്പെട്ട ജനങ്ങളും (Colonized) തമ്മിലുള്ള ബന്ധം ഒട്ടും ലളിതമല്ലെന്നും, അത് പരസ്പരവിരുദ്ധമായ വികാരങ്ങളാൽ നിറഞ്ഞതാണെന്നും ഈ ആശയം വ്യക്തമാക്കുന്നു.
ഈ ബന്ധം കേവലം വൈരുദ്ധ്യാത്മകം മാത്രമല്ലെന്നും അതിൽ പരസ്പരമുള്ള സങ്കരത്വവും കൊടുക്കൽ വാങ്ങലുകളും ഉണ്ടെന്നും ഭാഭ വാദിക്കുന്നു. കൊളോണിയൽ അധികാരികളെപ്പോലെയാകാൻ തദ്ദേശീയർ നടത്തുന്ന അനുകരണങ്ങൾ (Mimicry) ഒരേസമയം കൊളോണിയൽ അധികാരത്തെ ഉറപ്പിക്കുന്നതും അതേസമയം തന്നെ അതിനെ ഹാസ്യാനുകരണത്തിലൂടെ (Parody) വെല്ലുവിളിക്കുന്നതുമാണെന്ന് ഭാഭ വിലയിരുത്തുന്നു. കൊളോണിയൽ വ്യവസ്ഥയിലെ ഈ പരസ്പര വൈരുദ്ധ്യങ്ങളെയാണ് അദ്ദേഹം Ambivalence എന്ന് വിളിക്കുന്നത്.
ഗായത്രി ചക്രവർത്തി സ്പിവാക് (Gayatri Chakravorty Spivak) സവിശേഷമായി ഈ ​ഗണത്തിൽ പരാമർശിക്കപ്പെടേണ്ട ഒരു നാമമാണ്. ‘സബാൾട്ടൺ’ (Subaltern) എന്ന ആശയത്തിന് അവർ നൽകിയ വ്യാഖ്യാനം ശ്രദ്ധേയമാണ്. താഴെത്തട്ടിലുള്ളവർക്ക് (പ്രത്യേകിച്ച് സ്ത്രീകൾക്ക്) സ്വന്തം ശബ്ദത്തിൽ സംസാരിക്കാൻ സാധിക്കുമോ (Can the Subaltern Speak?) എന്ന ചോദ്യം ഇന്നും പ്രസക്തമാണ്.

ഉപസംഹാരം

സാഹിത്യം, സംസ്കാരം, ചരിത്രം എന്നിവ തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ചുള്ള നവചരിത്രവാദപരമായ ഉൾക്കാഴ്ചകളുടെ ജ്ഞാനശാസ്ത്രപരമായ വികാസമാണ് ഉത്തരകൊളോണിയൽ പഠനങ്ങൾ എന്ന് നിസംശയം പറയാൻ സാധിക്കും. നവചരിത്രവാദം മുന്നോട്ടുവെച്ച അധികാരവിശകലനവും ചരിത്രത്തിന്റെ പാഠപരതയും, പോസ്റ്റ് കൊളോണിയൽ പഠനങ്ങൾ യൂറോപ്പിന്റെ അതിരുകൾക്ക് വെളിയിലുള്ള മൂന്നാം ലോക രാജ്യങ്ങളിലെ ഭൗതിക യാഥാർത്ഥ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ചെയ്തത്. യൂറോപ്പിലെ ചരിത്രവിശകലനങ്ങളിൽ മാത്രം ഒതുങ്ങിനിന്ന നവചരിത്രവാദപരമായ സമീപനങ്ങളെ വിശ്വവ്യാപകമാക്കാൻ പോസ്റ്റ് കൊളോണിയൽ പഠനങ്ങൾക്ക് കഴിഞ്ഞു.
സമകാലിക ലോകത്ത് ഡിജിറ്റൽ കൊളോണിയലിസവും കാലാവസ്ഥാ വ്യതിയാനങ്ങളും ഉൾപ്പെടെയുള്ള പുതിയ സാമ്രാജ്യത്വ പ്രവണതകളെ ചെറുക്കാനും അവയിലെ അധികാര സമവാക്യങ്ങളെ വ്യാഖ്യാനിക്കാനും ഈ രണ്ട് സൈദ്ധാന്തിക സമീപനങ്ങളുടെയും കൂട്ടായ പ്രയോഗം അത്യന്തം അനിവാര്യമാണ്. പാഠത്തെ ചരിത്രവൽക്കരിക്കുന്നതിലൂടെയും ചരിത്രത്തെ പാഠവൽക്കരിക്കുന്നതിലൂടെയും മാത്രമേ വിജ്ഞാനവും അധികാരവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങൾ തുറന്നുകാട്ടാനും കൂടുതൽ നീതിയുക്തവും സമത്വപൂർണ്ണവുമായ ഒരു ആഗോള ക്രമം വിഭാവനം ചെയ്യാനും സാധിക്കൂ എന്ന് ഈ സിദ്ധാന്തങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

തുടരും…

റഫറൻസ്

  1. Said, E. W. (1978). Orientalism. Pantheon Books.
  2. Spivak, G. C. (1988). “Can the Subaltern Speak?” in Marxism and the Interpretation of Culture. University of Illinois Press.
  3. Bhabha, H. K. (1994). The Location of Culture. Routledge.
  4. Greenblatt, S. (1988). Shakespearean Negotiations: The Circulation of Social Energy in Renaissance England. University of California Press.
  5. Ashcroft, B., Griffiths, G., & Tiffin, H. (1989). The Empire Writes Back: Theory and Practice in Post-Colonial Literatures. Routledge.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy