ദർവേശ് അൻവാരി

ജീവിതത്തിൽ ശാശ്വതമായ സന്തോഷവും വിജയവും സാക്ഷാത്കരിക്കാനാണ് മനുഷ്യരൊക്കെയും പ്രയത്നിക്കുന്നത്. ക്ഷണികഭോഗങ്ങളാണ് സന്തോഷമെന്ന് കരുതി അതിനുവേണ്ടിയുള്ള പരിശ്രമങ്ങളിലാണ് ഒട്ടുമിക്ക പേരും വ്യാപൃതരായിരിക്കുന്നത്. എന്നാൽ യഥാർത്ഥ സന്തോഷം എന്നാൽ എന്താണ്? നമ്മുടെ കാലഘട്ടം സന്തോഷത്തെ നിർവചിക്കുന്നത് എങ്ങനെയെയാണ്? ബാങ്ക് അക്കൗണ്ടിലെ വലിയ തുകകളിലോ, കരിയറിലെ തിളക്കമുള്ള വിജയങ്ങളിലോ, ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തുന്ന ഭൗതിക സുഖങ്ങളിലോ ആണ് ആധുനിക മനുഷ്യൻ ആത്മനിർവൃതി തേടുന്നത്. ഭൗതികവാദവും ഹെഡോണിസവും നമ്മെ പഠിപ്പിക്കുന്നത് “ഞാൻ അനുഭവിക്കുന്നു, അതിനാൽ ഞാൻ സന്തുഷ്ടനാണ്” എന്നാണ്. എന്നാൽ, ഭൗതികമായ ഈ ആർഭാടങ്ങൾക്കെല്ലാം അപ്പുറത്ത്, മനസ്സിനെ പൊള്ളുന്ന ശൂന്യതയിലേക്ക് തള്ളിയിടുന്ന ഒരു യാഥാർത്ഥ്യം നമ്മെ വേട്ടയാടുന്നുണ്ട്. ഈ പ്രതിസന്ധിക്കുള്ള മറുപടിയാണ് ആത്മീയതയുടെയും, സ്വൂഫിസത്തിന്റെയും ലോകം നമുക്ക് മുന്നിൽ തുറന്നുവെക്കുന്നത്.
ജീവിതത്തിൽ ശാശ്വതമായ സന്തോഷവും വിജയവും സാക്ഷാത്കരിക്കാനാണ് മനുഷ്യരൊക്കെയും പ്രയത്നിക്കുന്നത്. ക്ഷണികഭോഗങ്ങളാണ് സന്തോഷമെന്ന് കരുതി അതിനുവേണ്ടിയുള്ള പരിശ്രമങ്ങളിലാണ് ഒട്ടുമിക്ക പേരും വ്യാപൃതരായിരിക്കുന്നത്. എന്നാൽ യഥാർത്ഥ സന്തോഷം എന്നാൽ എന്താണ്? നമ്മുടെ കാലഘട്ടം സന്തോഷത്തെ നിർവചിക്കുന്നത് എങ്ങനെയെയാണ്? ബാങ്ക് അക്കൗണ്ടിലെ വലിയ തുകകളിലോ, കരിയറിലെ തിളക്കമുള്ള വിജയങ്ങളിലോ, ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തുന്ന ഭൗതിക സുഖങ്ങളിലോ ആണ് ആധുനിക മനുഷ്യൻ ആത്മനിർവൃതി തേടുന്നത്. ഭൗതികവാദവും ഹെഡോണിസവും നമ്മെ പഠിപ്പിക്കുന്നത് “ഞാൻ അനുഭവിക്കുന്നു, അതിനാൽ ഞാൻ സന്തുഷ്ടനാണ്” എന്നാണ്. എന്നാൽ, ഭൗതികമായ ഈ ആർഭാടങ്ങൾക്കെല്ലാം അപ്പുറത്ത്, മനസ്സിനെ പൊള്ളുന്ന ശൂന്യതയിലേക്ക് തള്ളിയിടുന്ന ഒരു യാഥാർത്ഥ്യം നമ്മെ വേട്ടയാടുന്നുണ്ട്. ഈ പ്രതിസന്ധിക്കുള്ള മറുപടിയാണ് ആത്മീയതയുടെയും, സ്വൂഫിസത്തിന്റെയും ലോകം നമുക്ക് മുന്നിൽ തുറന്നുവെക്കുന്നത്.
സ്വൂഫി ചിന്തയിൽ സന്തോഷം എന്നത് കേവലം മാനസികസുഖമോ ക്ഷണികമായ ആവേശമോ അല്ല; അതൊരു ഉന്നതമായ ദാർശനിക സ്ഥിതിയും ഓരോ വ്യക്തിയെ സംബന്ധിച്ചും അനുഭവൈകമായ യാഥാർത്ഥ്യവുമാണ്—അതാണ് ‘സആദ’ (al-Sa’ada). ഇമാം അൽ-ഗസാലി(റ), ഇബ്‌നു അറബി(റ) തുടങ്ങിയ പ്രമുഖ സ്വൂഫി ദാർശനികരുടെ പഠനങ്ങളിലൂടെ വ്യക്തമാകുന്നത് പോലെ, ദിവ്യജ്ഞാനത്തിലും (മഅ്‌രിഫത്ത്) ഇലാഹീ സാമീപ്യത്തിലും (ഖുർബ്) അധിഷ്ഠിതമായ ഒരു ഉന്നത അവസ്ഥയാണ് സ്വൂഫികളെ സംബന്ധിച്ചിടത്തോളം യഥാർത്ഥ സന്തോഷം.
ഭൗതികതയുടെ മായക്കാഴ്ചകളും പരിമിതികളും
മനുഷ്യജീവിതത്തിന് ഭൗതികമായ അസ്തിത്വം മാത്രമേയുള്ളൂ എന്ന് വാദിക്കുന്ന ഭൗതികവാദ കാഴ്ചപ്പാടിൽ, സന്തോഷം പൂർണ്ണമായും ഈ ലോകജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. പണവും അധികാരവും ആഡംബരങ്ങളും തേടിയുള്ള നെട്ടോട്ടമാണ് അവിടത്തെ വിജയം. എന്നാൽ, എത്രയൊക്കെ ഉപഭോഗം ചെയ്താലും, ആധുനിക മനുഷ്യൻ ആത്മീയമായി കൂടുതൽ ഒറ്റപ്പെടുന്നതും അസ്വസ്ഥനാകുന്നതും നാം കാണുന്നുണ്ട്.
ഒട്ടെല്ലാ മതങ്ങളും ദർശനങ്ങളും ഭൗതികതയ്ക്കപ്പുറം ആത്മാവിന്റെ ശുദ്ധീകരണത്തിലാണ് സന്തോഷം കണ്ടത്. അരിസ്റ്റോട്ടിലിന്റെ ‘യൂഡൈമോണിയ’ (സദാചാരത്തിലൂടെയുള്ള പൂർണ്ണത), സ്റ്റോയിസിസത്തിന്റെ മാനസിക ശാന്തി, ബുദ്ധമതത്തിന്റെ ആഗ്രഹരാഹിത്യം (നിർവ്വാണം), ഹിന്ദുമതത്തിന്റെ ആത്മാവിന്റെ സാക്ഷാത്കാരം എന്നിവയെല്ലാം നമ്മെ ഓർമ്മിപ്പിക്കുന്നത് സന്തോഷം ബാഹ്യമല്ല, മറിച്ച് ആന്തരികമാണെന്നാണ്. എന്നാൽ ഈ ആന്തരികതയുടെയും ആത്മീയതയുടെയും പാരമ്യമാണ് സ്വൂഫി മാർഗ്ഗത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.
ആത്മാവിന്റെ പരിപൂർണ്ണതയും സ്വൂഫി മാർഗ്ഗവും
മനുഷ്യൻ മൃഗങ്ങൾക്കും മാലാഖമാർക്കും ഇടയിലോ ചിലപ്പോൾ മൃഗങ്ങളേക്കാൾ അധമാവസ്ഥയിലോ മറ്റ് ചിലപ്പോൾ മാലാഖമാരേക്കാൾ ഔന്നത്യത്തിലോ ആണ് നിലകൊള്ളുന്നത്. ശരീരത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ മൃഗസമാനമാണെങ്കിലും, ബുദ്ധിയും ജ്ഞാനവും മാലാഖമാരുടെ സവിശേഷതകളാണ്. മനുഷ്യൻ തന്റെ ഇന്ദ്രിയതൃഷ്ണകളെയും മൃഗീയമായ വികാരങ്ങളെയും മിതപ്പെടുത്തുകയും സൽഗുണങ്ങൾ ആർജ്ജിക്കുകയും ചെയ്യുമ്പോഴാണ് ആത്മാവ് പൂർണ്ണതയിലേക്ക് എത്തുന്നത്.
എന്നാൽ, കേവലം യുക്തിപരമായ ചിന്തകൾക്കപ്പുറം ആത്മാവിനെ ശുദ്ധീകരിക്കുന്നതിലൂടെ മാത്രമേ യഥാർത്ഥ സാക്ഷാത്കാരം സാധ്യമാകൂ. സ്വൂഫി പാരമ്പര്യത്തിൽ സന്തോഷം (Sa’ada), ആനന്ദം (Farah), സംതൃപ്തി (Rida) എന്നിവ താഴെ പറയുന്ന ഉന്നത ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്:
ദൃഢവിശ്വാസവും ശാന്തിയും (യഖീൻ):
ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്ന ‘യഖീൻ’ വഴിയാണ് ആത്മാവിന് സമാധാനവും (Amn) ശാന്തതയും (Tuma’ninah) ലഭിക്കുന്നത്. ലോകവ്യഗ്രതകളിൽ നിന്ന് ഹൃദയത്തെ ശുദ്ധീകരിക്കുമ്പോൾ (Jila al-qalb) മാത്രമാണ് ഈ അവസ്ഥ കൈവരിക്കാനാകുക.
യഖീൻ (ദൃഢവിശ്വാസം) എന്നത് ആത്മീയമായ അടിത്തറയാണ്. സ്വൂഫി പാരമ്പര്യത്തിൽ ‘യഖീൻ’ എന്നത് കേവലമൊരു വിശ്വാസമല്ല, മറിച്ച് ഹൃദയത്തിൽ വേരൂന്നിയ അടിയുറച്ച ബോധ്യമാണ്. ഹൃദയമെന്ന ജ്ഞാനകേന്ദ്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ യാഥാർത്ഥ്യത്തിലൂടെയാണ് മനുഷ്യന് ആത്മാവിന്റെ സമാധാനവും (amn) അചഞ്ചലമായ ശാന്തതയും (tuma’ninah) കൈവരിക്കാനാകുന്നത്. ലൗകികമായ ആസക്തികളും ഭൗതികവ്യഗ്രതകളും ഹൃദയത്തിൽ അടിഞ്ഞുകൂടുമ്പോൾ അവിടെ അശാന്തി രൂപപ്പെടുന്നു. അതിനാൽ, ഈ ലോകബന്ധങ്ങളെ വെട്ടിമുറിച്ച് ഹൃദയത്തെ മിനുക്കിയെടുക്കുന്ന പ്രക്രിയയായ ‘ജിലാ അൽ-ഖൽബ്’ (jila al-qalb) നടത്തിയാൽ മാത്രമേ യഖീനിന്റെ ആത്മാനുഭൂതി പൂർണ്ണമായി അനുഭവിക്കാൻ സാധിക്കൂ.
ആധുനിക കാലത്തെപ്പോലെ താത്കാലികമായ ഭൗതിക സുഖങ്ങളിലും ആവേശങ്ങളിലും മാത്രം അഭിരമിക്കുന്നത് ഹൃദയത്തെ കലുഷിതമാക്കുന്നു. എന്നാൽ ആദ്യകാല സ്വൂഫികളും (സുഹ്ഹാദ്) പിൽക്കാല ചിന്തകരും ചൂണ്ടിക്കാണിച്ചതുപോലെ, ലൗകികമായ കൊതികളിൽ നിന്നും ആഡംബരങ്ങളിൽ നിന്നും പൂർണ്ണമായി സ്വയം അകന്നുനിൽക്കുമ്പോൾ ഹൃദയം ശാന്തമാകുന്നു. ഹൃദയത്തിലെ ഈ ശാന്തതയും നിർമ്മലതയും കേവലം മാനസികസുഖത്തിൽ ഒതുങ്ങുന്നില്ല. അത് സ്രഷ്ടാവായ അല്ലാഹുവിനെ ക്കുറിച്ചുള്ള അറിവിലേക്കും (മഅ്‌രിഫത്ത്) ഇലാഹീ സാമീപ്യത്തിലേക്കും (ഖുർബ്) വഴിയൊരുക്കുന്ന സുപ്രധാനമായ ഒരു ആത്മീയ അവസ്ഥയാണ്.
ത്യാഗവും സൂക്ഷ്മതയും (സുഹ്ദ് & തഖ്‌വ): ലൗകികമായ ആഡംബരങ്ങളിൽ നിന്നും നിസ്സാര സുഖങ്ങളിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുന്നതിലൂടെയാണ് ആദ്യകാല സൂഫികൾ സന്തോഷം കണ്ടെത്തിയത്.
സ്വൂഫി പാരമ്പര്യത്തിൽ സുഹ്ദ് (Zuhd – ലൗകിക വിരക്തി), തഖ്‌വ (Taqwa – സൂക്ഷ്മത/ഇലാഹിനോടുള്ള ഭയഭക്തി) എന്നിവ കേവലം കഠിനജീവിതമോ സന്തോഷം വെടിയലോ അല്ല, മറിച്ച് ഹൃദയത്തെ ലൗകിക അടിമത്തങ്ങളിൽ നിന്ന് മോചിപ്പിച്ച് യഥാർത്ഥ സന്തോഷമായ ‘സആദയിലേക്ക്’ (Felicity) എത്തിക്കുന്ന വിമോചന മാർഗ്ഗമാണ്.
ആദ്യകാല സ്വൂഫി ഗുരുക്കന്മാരായ അൽ-ഹുജ്‌വീരി(റ), അൽ-ഖുശൈരി(റ) തുടങ്ങിയവർ രേഖപ്പെടുത്തിയതുപോലെ, ഭൗതിക വസ്തുക്കളോടുള്ള ആസക്തിയാണ് മനുഷ്യന്റെ ആത്മാവിനെ ബന്ധനസ്ഥനാക്കുന്നത്. ഇതിൽ നിന്നും മോചനം നേടുമ്പോഴാണ് ആത്മാവ് യഥാർത്ഥ സ്വാതന്ത്ര്യവും സമാധാനവും അനുഭവിക്കുന്നത്. ആദ്യകാല സ്വൂഫികളിൽ പ്രമുഖനും താബിഉകളുടെ നേതാവുമായ മഹാനായ ഹസൻ അൽ-ബസ്രി (റ) ലൗകിക പ്രലോഭനങ്ങളെ പൂർണ്ണമായും അകറ്റിനിർത്തിയ വ്യക്തിയായിരുന്നു. ഈ ലോകത്തിന്റെ ആഡംബരങ്ങളും പദവികളും മനുഷ്യനെ പരമമായ ലക്ഷ്യത്തിൽ നിന്ന് വഴിതിരിച്ചുവിടുമെന്ന് അദ്ദേഹം പഠിപ്പിച്ചു. ബാഹ്യമായ കൊതികളിൽ നിന്ന് മനസ്സിനെ പിൻവലിക്കുമ്പോൾ ലഭിക്കുന്ന ആന്തരിക ശാന്തിയാണ് യഥാർത്ഥ ആനന്ദമെന്ന് അദ്ദേഹത്തിന്റെ ജീവിതം തെളിയിക്കുന്നു.
സ്വൂഫി ചരിത്രത്തിലെ ഏറ്റവും പ്രമുഖയായ വനിത റാബിഅത്തുൽ അദവിയ്യ (റ) സുഹ്ദിന്റെ ഉത്തമ മാതൃകയാണ്. സ്വർഗ്ഗമോഹത്തോടുകൂടിയുള്ള കേവല ആരാധനയോ നരകഭയമോ അല്ല, മറിച്ച് അല്ലാഹുവിനോടുള്ള നിസ്വാർത്ഥമായ സ്നേഹം മാത്രമാണ് തന്റെ സന്തോഷമെന്ന് അവർ വിശ്വസിച്ചു. ലൗകികമായതൊന്നും സ്വന്തമാക്കണമെന്ന ആഗ്രഹമില്ലാത്ത ആ മനസ്സ് ഭൗതിക വിരക്തിയുടെ പാരമ്യമായിരുന്നു.
ഭൗതികവാദത്തിൽ മനുഷ്യൻ വസ്തുക്കളുടെ ഉടമയായി മാറുമ്പോൾ, സ്വൂഫിസത്തിൽ മനുഷ്യനും അവന് ലഭിക്കുന്ന വസ്തുക്കളും അല്ലാഹുവിന്റെ ഉടമവസ്തുക്കളാണ്. വസ്തുക്കൾ, സമ്പാദ്യങ്ങൾ, ധനാഗമസ്രോതസ്സുകൾ ഇവയൊന്നു മനുഷ്യന്റെ ഹൃദയത്തിന് ഉടമയാകാൻ പാടില്ല. “പണം നിങ്ങളുടെ കൈയിലാകണം, ഹൃദയത്തിലാകരുത്” എന്ന സ്വൂഫി തത്ത്വത്തിന്റെ സാക്ഷാത്കാരമാണിത്.
ആഡംബരങ്ങളിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ (Zuhd), ബാഹ്യസാഹചര്യങ്ങൾ തളർത്താത്ത ഒരു സ്വതന്ത്ര മനസ്സ് രൂപപ്പെടുന്നു. ഈ ആന്തരിക സന്തുലിതാവസ്ഥയാണ് യഥാർത്ഥ സന്തോഷത്തിന് അടിത്തറയാകുന്നത്.
ദിവ്യജ്ഞാനത്തിലൂടെയുള്ള (മഅ്‌രിഫത്ത്) സാക്ഷാത്കാരം: കണ്ണുകൾ സൗന്ദര്യത്തിൽ ആനന്ദം കണ്ടെത്തുന്നതുപോലെ, ബുദ്ധിയുള്ള ആത്മാവിന്റെ ഏറ്റവും വലിയ ആനന്ദം ‘യാഥാർത്ഥ്യങ്ങളെ ഗ്രഹിക്കുക’ എന്നതാണ്. പ്രപഞ്ച സ്രഷ്ടാവിനെ അറിയുക എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സന്തോഷമാണ്. കണ്ണുകൾ ഈ പ്രകൃതിയിലെ വർണ്ണവിസ്മയങ്ങളിലും പൂക്കളുടെ ഭംഗിയിലും ലൗകികമായ സൗന്ദര്യത്തിലും ആനന്ദം കണ്ടെത്തുമ്പോൾ, അനശ്വരമായ പ്രകാശത്താൽ ജ്വലിക്കുന്ന ബുദ്ധിമാനായ മനുഷ്യന്റെ ആത്മാവ് തേടുന്നത് അതിലും എത്രയോ ഉയർന്ന ഒന്നാണ്. ഈ പ്രപഞ്ചത്തിന്റെ ആത്യന്തിക യാഥാർത്ഥ്യങ്ങളെ അതിന്റെ പവിത്രതയോടെ ഗ്രഹിക്കുക എന്നതാണ് ആത്മാവിന്റെ ഏറ്റവും വലിയ ആനന്ദം. ആകാശഗോപുരങ്ങളും അലയടിക്കുന്ന കടലുകളും വായുവിൽ അലിയുന്ന നെടുവീർപ്പുകളും എല്ലാം ചൂണ്ടിക്കാണിക്കുന്നത് ആ മഹാസ്രഷ്ടാവിനെയാണ്. ആ പ്രപഞ്ച സ്രഷ്ടാവിനെ അറിയുക, അവിടേക്ക് ഹൃദയം കൊണ്ട് അടുക്കുക എന്നതാണ് മനുഷ്യന് ഈ ഭൂമിയിൽ അനുഭവിച്ചറിയാൻ കഴിയുന്ന ഏറ്റവും വലിയ സന്തോഷം!
ഭൗതിക ശരീരത്തിന്റെ കൂട്ടിലിരുന്ന് പിടയുമ്പോഴും ആത്മാവ് അതിന്റെ യഥാർത്ഥ ഭവനമായ അനശ്വരതയെയാണ് തേടുന്നത്. ലൗകികമായ കൊച്ചുകൊച്ചു സന്തോഷങ്ങൾ തണുപ്പുകാലത്തെ വെയിൽച്ചൂട് പോലെ പെട്ടെന്ന് മാഞ്ഞുപോകുമ്പോൾ, ‘മഅ്‌രിഫത്ത്’ നൽകുന്നത് എന്നെന്നും നിലനിൽക്കുന്ന ആത്മപ്രകാശമാണ്. ശാശ്വതമായ ആനന്ദത്തിന്റെ പ്രഫുല്ലമായ മനഃശാന്തിയാണ്.
സ്നേഹമെന്നത് കേവലം വികാരമല്ല; അത് ഈ പ്രപഞ്ച സൃഷ്ടിപ്പിന്റെ തന്നെ രഹസ്യമാണ്. തന്റെ ഉൺമക്കും നിലനിൽപിനും അനക്കമടക്കങ്ങൾക്കും ആകാരരൂപാദിഗുണവിശേഷ പ്രത്യക്ഷതക്കുമെല്ലാം ആധാരമായി വർത്തിക്കുന്ന ഉലൂഹിയ്യത്തിന്റെ യാഥാർത്ഥ്യങ്ങളെ തിരച്ചറിയുമ്പോൾ മനുഷ്യന്റെ അകതാരിൽ നിറയുന്ന സ്രഷ്ടാവിനോടുള്ള പ്രണയാർദ്രതയാണ്. അത് മനുഷ്യനെ സ്രഷ്ടാവിലേക്ക് അടുപ്പിക്കുന്ന കണ്ണിയാണ്. ആ അറിവിലേക്ക് മിഴികൾ തുറക്കുമ്പോൾ, ചുറ്റുമുള്ള ഓരോ അണുവിലും അനിവാര്യമായ ആ ദിവ്യസാന്നിധ്യം നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നു. കണ്ണുകൾക്ക് അദൃശ്യമായതും എന്നാൽ ഹൃദയത്തിന്റെ അകക്കണ്ണ് കൊണ്ട് മാത്രം അനുഭവിച്ചറിയാൻ കഴിയന്നതുമായ ആ പ്രപഞ്ച യാഥാർത്ഥ്യത്തിലേക്ക് ആത്മാവ് ഉണരുമ്പോഴാണ് മനുഷ്യൻ പൂർണ്ണനാകുന്നത്. അവിടെ ഭൗതികമായ എല്ലാ ശൂന്യതകളും അലിഞ്ഞുപോവുകയും, സ്രഷ്ടാവിനോടുള്ള അഗാധമായ പ്രണയത്തിലൂടെ ആത്മാവ് സദാ നിത്യമായ സന്തോഷത്തിൽ (സആദ) ലയിച്ചുനിൽക്കുകയും ചെയ്യുന്നു.
മുകാശഫയും മുശാഹദയും: ആത്മീയ ഉന്നതിയുടെ പാരമ്യം
ഇബ്‌നു അറബി(റ) യുടെ വീക്ഷണത്തിൽ, സന്തോഷത്തിന്റെ വഴി വ്യക്തവും ലളിതവുമാണ്. അറിവും വിശ്വാസവും സംയോജിക്കുമ്പോഴാണ് മനുഷ്യൻ തന്റെ ലക്ഷ്യത്തിലെത്തുന്നത്. ആത്മാവിലെ തിന്മകളെയും അറിവില്ലായ്മയെയും ഇല്ലാതാക്കാൻ കഠിനമായ ആത്മീയ പരിശീലനങ്ങളും (Riyadah) ഹൃദയ ശുദ്ധീകരണവും (Tazkiyah) ആവശ്യമാണ്.
മനുഷ്യന്റെ അറിവും (Knowledge) അടിയുറച്ച വിശ്വാസവും (Faith) പൂർണ്ണമായി സംയോജിക്കുമ്പോഴാണ് അവൻ തന്റെ ലക്ഷ്യത്തിലെത്തുന്നത്. ആത്മാവിൽ അടിഞ്ഞുകൂടിയിരിക്കുന്ന തിന്മകളെയും അറിവില്ലായ്മയെയും (Ignorance) പൂർണ്ണമായി തുടച്ചുനീക്കാൻ കഠിനമായ ആത്മീയ പരിശീലനങ്ങളും (Riyadah), നിരന്തരമായ ഹൃദയ ശുദ്ധീകരണവും (Tazkiyah / Tasfiyah) തീർച്ചയായും ആവശ്യമാണെന്ന് സ്വൂഫികൾ പഠിപ്പിക്കുന്നു.
കഠിനമായ ആത്മീയ സാധനകളിലൂടെയും ഹൃദയ നിർമ്മലതയിലൂടെയും സഞ്ചരിക്കുന്ന മനുഷ്യന് സൃഷ്ടിയുടെയും സ്രഷ്ടാവിന്റെയും യാഥാർത്ഥ്യങ്ങൾ വിവേചിച്ചറിയുന്ന ഒരു ആരിഫിന് മുന്നിൽ ഭൗതിക ലോകത്തിന്റെ മറകൾ ഓരോന്നായി അഴിഞ്ഞുവീഴുന്നു. ഈ അവസ്ഥയ്ക്കാണ് ‘മുക്കാശഫ’ അഥവാ ആത്മീയ അനാവരണങ്ങൾ എന്ന് പറയുന്നത്. യാഥാർത്ഥ്യങ്ങളെ ദർശിക്കുന്ന ഈ വിതാനം ആന്തരീകമായ മറകളെ നീക്കി പൊരുളുകളെ അനാവരണം ചെയ്യുന്നു. മറകൾ നീങ്ങി ആത്മാവ് ഉന്നതതലത്തിലേക്ക് ഉയരുമ്പോൾ, പരമമായ സത്യത്തെയും ദിവ്യമായ യാഥാർത്ഥ്യങ്ങളെയും നേരിട്ട് അനുഭവിച്ചറിയാൻ സാധിക്കുന്നു. ഈ ദൃക്‌സാക്ഷ്യമാണ് ‘മുശാഹദ’. അഥവാ സ്വന്തം അൻഫുസിലും ആഫാഖിലും അവന്റെ ഗുണഗണങ്ങളെ അനുഭവിക്കുന്നവനായി പരമമായ സത്യത്തിന് സാക്ഷ്യം വഹിക്കുന്നവനായി അവൻ മാറുന്നു. ഈ മുക്കാശഫയിലൂടെയും മുശാഹദയിലൂടെയും മനുഷ്യൻ ഭൗതികതയുടെ പരിമിതികളെ പൂർണ്ണമായി അതിജീവിക്കുകയും, സ്രഷ്ടാവായ അല്ലാഹുവിനോടുള്ള സാമീപ്യത്തിലൂടെ തന്റെ ആത്മാവിന്റെ പരമമായ പരിപൂർണ്ണതയും സന്തോഷവും (സആദ) കരസ്ഥമാക്കുകയും ചെയ്യുന്നു.
ചുരുക്കത്തിൽ ആത്മീയ ഉയർച്ചയുടെ ഭാഗമായുള്ള ‘മുക്കാശഫ’ (അനാവരണങ്ങൾ), ‘മുശാഹദ’ (ദൃക്‌സാക്ഷ്യം) എന്നിവയിലൂടെ മനുഷ്യൻ ഭൗതിക മറകളെ ഭേദിച്ച് പരമമായ സത്യത്തിലേക്ക് എത്തുന്നു. ഒരു മുസ് ലിം ദാർശനികൻ ചൂണ്ടിക്കാണിക്കുന്നത് പോലെ, അറിവ് എന്നത് ദിവ്യദർശനത്തിന്റെ വിത്താണ്.
ഉപസംഹാരം
ആധുനിക ലോകം സന്തോഷത്തെ കേവലം ഭൗതികമായ നേട്ടങ്ങളിലേക്കും സാമ്പത്തിക വളർച്ചയിലേക്കും ചുരുക്കിക്കെട്ടുമ്പോൾ, സ്വൂഫി ദർശനം മനുഷ്യനെ ഓർമ്മിപ്പിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു സത്യമാണ്. ലൗകികമായ പ്രലോഭനങ്ങളെ അതിജീവിച്ചുകൊണ്ട്, സ്വയം അറിയുകയും അഥവാ സ്വന്തം യാഥാർത്ഥ്യത്തെ അറിയുകയും സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിനെ അറിയുകയും (മഅ്‌രിഫത്ത്) ചെയ്യുമ്പോഴാണ് ആത്മാവ് അതിന്റെ യഥാർത്ഥ പരിപൂർണ്ണതയും സന്തോഷവും പ്രാപിക്കുന്നത്.
സൃഷ്ടികളെ, വിഭവങ്ങളെ, ധനാഗമ സ്രോതസ്സുകളെ, ആസ്വാദ്യതകളെ ഇവയെയൊന്നും തേടാനല്ല മനുഷ്യനെ അല്ലാഹു ഭൂമിയിലേക്കയച്ചിട്ടുള്ളത്. പ്രത്യുത തന്റെ ഉൺമക്കും നിലനിൽപിനും അനക്കമടക്കങ്ങൾക്കും തന്റെ ഭൂമിയിലെ മനുഷ്യരൂപത്തിലുള്ള ഈ പ്രത്യക്ഷതക്കു തന്നെയും കാരണമായ സത്യസ്വരൂപനായ അല്ലാഹുവിനെ തേടാനും അവനെ സാക്ഷാത്കരിക്കാനുമാണ് മനുഷ്യന് ഈ ജീവിതം തന്നെയും നൽകപ്പെട്ടിട്ടുള്ളത്. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ഈ വഴിയിൽ മുന്നേറുന്നവനാണ് യഥാർത്ഥ സആദ അഥവാ ആനന്ദം പ്രാപിക്കാനാകൂ…
