രിസാലത്തു ആദാബി സുലൂക്കിൽ മുരീദ്:
പരിഭാഷ, അധ്യായം 2
ഹബീബ് അബ്ദുല്ലാഹിബ്നു അലവി അൽ ഹദ്ദാദ്(റ):
സൃഷ്ടികളിൽ ആരെയെങ്കിലും ബാധിക്കുന്ന എന്തെങ്കിലും അതിക്രമങ്ങളോ അവകാശങ്ങളോ അവന്റെ ബാധ്യതയിലുണ്ടെങ്കിൽ, സാധ്യമെങ്കിൽ അത് അർഹതപ്പെട്ടവർക്ക് വീട്ടിക്കൊടുക്കാൻ അവൻ ധൃതി കാണിക്കണം. അല്ലാത്തപക്ഷം അവരോട് പൊരുത്തപ്പെടാൻ അപേക്ഷിക്കണം. കാരണം, സൃഷ്ടികളുടെ അവകാശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അവന്റെ ബാധ്യത ആത്മീയ വളർച്ചയെ തടസ്സപ്പെടുത്തും; സത്യത്തിലേക്കുള്ള പ്രയാണത്തിൽ അവന് മുന്നേറാൻ സാധിക്കില്ല.

അല്ലാഹുവിന്റെ മാർഗ്ഗത്തിൽ മുരീദ് (ആത്മീയ സാധകൻ) ആരംഭിക്കേണ്ട ആദ്യ കാര്യം, സർവ്വ പാപങ്ങളിൽ നിന്നും മുക്തിതേടി അല്ലാഹുവിലേക്ക് നടത്തുന്ന തൗബയെ (പശ്ചാത്താപത്തെ) ശരിയാക്കലാണ്.
സൃഷ്ടികളിൽ ആരെയെങ്കിലും ബാധിക്കുന്ന എന്തെങ്കിലും അതിക്രമങ്ങളോ അവകാശങ്ങളോ അവന്റെ ബാധ്യതയിലുണ്ടെങ്കിൽ, സാധ്യമെങ്കിൽ അത് അർഹതപ്പെട്ടവർക്ക് വീട്ടിക്കൊടുക്കാൻ അവൻ ധൃതി കാണിക്കണം. അല്ലാത്തപക്ഷം അവരോട് പൊരുത്തപ്പെടാൻ അപേക്ഷിക്കണം. കാരണം, സൃഷ്ടികളുടെ അവകാശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അവന്റെ ബാധ്യത ആത്മീയ വളർച്ചയെ തടസ്സപ്പെടുത്തും; സത്യത്തിലേക്കുള്ള പ്രയാണത്തിൽ അവന് മുന്നേറാൻ സാധിക്കില്ല.
തൗബ ശരിയാകുന്നതിന്റെ ഉപാധി, പാപങ്ങളിൽ സത്യസന്ധമായി ഖേദിക്കലും, ആയുഷ്കാലം മുഴുവൻ ആ പാപങ്ങളിലേക്ക് മടങ്ങുകയില്ലെന്ന് ഉറച്ച് തീരുമാനിക്കലുമാണ്. എന്നാൽ, ഒരാൾ ഏതെങ്കിലും പാപത്തിൽ നിന്ന് തൗബ ചെയ്യുകയും അതിൽ തുടരുകയോ അതിലേക്ക് മടങ്ങാൻ ഉറച്ച് തീരുമാനിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അവന്റെ തൗബ സ്വീകാര്യമല്ല.
മുരീദ് തന്റെ റബ്ബിനോടുള്ള കടമകൾ നിർവ്വഹിക്കുന്നതിൽ തനിക്ക് വന്ന വീഴ്ചകളെ എപ്പോഴും സമ്മതിക്കുന്ന അവസ്ഥയിലായിരിക്കണം. തന്റെ വീഴ്ചയെക്കുറിച്ച് അവൻ എപ്പോൾ വ്യസനിക്കുകയും അല്ലാഹുവിന് വേണ്ടി അവന്റെ ഹൃദയം തകരുകയും ചെയ്യുന്നുവോ അപ്പോൾ അല്ലാഹു അവന്റെ കൂടെയുണ്ടെന്ന് അവൻ മനസ്സിലാക്കട്ടെ. കാരണം അല്ലാഹു തആലാ അരുളുന്നു: “എനിക്ക് വേണ്ടി ഹൃദയം തകർന്നവരുടെ അടുക്കൽ ഞാനുണ്ട്.”
ചെറിയ പാപങ്ങളിൽ നിന്നുപോലും മുരീദ് സൂക്ഷ്മത പാലിക്കണം; വലിയ പാപങ്ങളെക്കുറിച്ച് പറയേണ്ടതില്ലല്ലോ? മാരകമായ വിഷം കഴിക്കുന്നതിനേക്കാൾ കൂടുതൽ ജാഗ്രത ചെറിയ പാപങ്ങളുടെ കാര്യത്തിലും ഉണ്ടാകണം. അവൻ ഏതെങ്കിലും പാപം ചെയ്തുപോയാൽ, വിഷം കഴിക്കുന്നതിനേക്കാൾ വലിയ ഭയം അവന് ഉണ്ടാകണം. കാരണം, ശരീരത്തിൽ വിഷം പ്രവർത്തിക്കുന്നത് പോലെയാണ് ഹൃദയങ്ങളിൽ പാപങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ശരീരത്തേക്കാൾ പ്രിയപ്പെട്ടതാണ് അവന്റെ ഹൃദയം.
മുരീദിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട് തന്റെ ഹൃദയത്തെ സംരക്ഷിക്കലും അതിനെ ചൈതന്യവത്താക്കലുമാണ്. ശരീരം എന്നത് ആപത്തുകൾക്ക് ഇരയാകുന്ന ഒന്നാണ്; വൈകാതെ മരണത്തിലൂടെ അത് നശിച്ചുപോകും. അത് നഷ്ടപ്പെടുന്നതിൽ പ്രയാസമരുത്. ദുരന്തം നിറഞ്ഞ ഈ ദുനിയാവ് വേർപിരിയുക എന്നതല്ലാതെ മറ്റൊന്നുമില്ല. എന്നാൽ ഹൃദയം നശിച്ചാൽ പരലോകം തന്നെയാണ് നഷ്ടപ്പെടുന്നത്. അല്ലാഹുവിന്റെ കോപത്തിൽ നിന്ന് അവൻ രക്ഷപ്പെടുകയോ അവന്റെ തൃപ്തിയും പ്രതിഫലവും നേടുകയോ ഇല്ല;
“സലീമായ (വിശുദ്ധമായ) ഹൃദയവുമായി അല്ലാഹുവിങ്കലേക്ക് വന്നവനൊഴികെ.”
തുടരും:
