സൈനുദ്ദീൻ മന്ദലാംകുന്ന്
തസ്കിയ്യത്തുന്നഫ്സ് അഥവാ അഹം ശുദ്ധീകരണം: 7
നഫ്സിന്റെ ശുദ്ധീകരണത്തിന് ഈ ദുനിയാവിന്റെയും ഇവിടെയുള്ള ജീവിതത്തിന്റെയും യാഥാർത്ഥ്യങ്ങളെ തിരിച്ചറിയുക എന്നത് പ്രധാനമാണ്. ദുനിയാവിനോടും അന്റെ അലങ്കാരങ്ങളോടും മനുഷ്യർ കാണിക്കുന്ന ആസക്തിയാണ് മനുഷ്യരെ യാഥാർത്ഥ്യങ്ങളിൽ നിന്നകറ്റി ഇലാഹി ചിന്തയിൽ നിന്ന് വിദൂരത്താക്കുന്നത്. വാസ്തവത്തിൽ നിഴലിനെ പിടിക്കാൻ പായുന്നവനെ പോലെ അവൻ ദുനിയാവിന് പിന്നിൽ പാഞ്ഞുപോവുകയാണ്. ദുനിയാവിന്റെ യാഥാർത്ഥ്യം അവന് വ്യക്തമാവുകയാണെങ്കിൽ ഈ നെട്ടോട്ടം അവൻ അവസാനിപ്പിക്കുകയും ശരിയായ ഉള്ളുണർവ്വ് അവനിൽ സംജാതമാവുകയും ചെയ്യും.

നഫ്സിന്റെ ശുദ്ധീകരണത്തിന് ഈ ദുനിയാവിന്റെയും ഇവിടെയുള്ള ജീവിതത്തിന്റെയും യാഥാർത്ഥ്യങ്ങളെ തിരിച്ചറിയുക എന്നത് പ്രധാനമാണ്. ദുനിയാവിനോടും അതിന്റെ അലങ്കാരങ്ങളോടും മനുഷ്യർ കാണിക്കുന്ന ആസക്തിയാണ് മനുഷ്യരെ യാഥാർത്ഥ്യങ്ങളിൽ നിന്നകറ്റി ഇലാഹി ചിന്തയിൽ നിന്ന് വിദൂരത്താക്കുന്നത്. വാസ്തവത്തിൽ നിഴലിനെ പിടിക്കാൻ പായുന്നവനെ പോലെ അവൻ ദുനിയാവിന് പിന്നിൽ പാഞ്ഞുപോവുകയാണ്. ദുനിയാവിന്റെ യാഥാർത്ഥ്യം അവന് വ്യക്തമാവുകയാണെങ്കിൽ ഈ നെട്ടോട്ടം അവൻ അവസാനിപ്പിക്കുകയും ശരിയായ ഉള്ളുണർവ്വ് അവനിൽ സംജാതമാവുകയും ചെയ്യും. തിരുനബി(സ്വ) തങ്ങളിൽ നിന്നുള്ള ഈ ഉദ്ബോധനം ശ്രദ്ധിക്കുക:
“ഈ ദുനിയാവ് കടന്നുപോകുന്ന ഒരു ഇടത്താവളമാണ്, ആഖിറം ആകട്ടെ വരാനിരിക്കുന്ന ഒരു ശാശ്വത കേന്ദ്രവും. ഇവ രണ്ടിനും അതിന്റെതായ സന്താനങ്ങളുണ്ട്. സാധിക്കുമെങ്കിൽ നിങ്ങൾ ദുനിയാവിന്റെ സന്താനങ്ങളാകാതിരിക്കാൻ ശ്രമിക്കുക. എന്തെന്നാൽ, ഇന്ന് നിങ്ങൾ കർമ്മങ്ങൾ ചെയ്യേണ്ട ലോകത്താണ് (ദാറുൽ അമലിൽ) നിൽക്കുന്നത്; ഇവിടെ വിചാരണയില്ല. എന്നാൽ നാളെ നിങ്ങൾ ആഖിറത്തിലായിരിക്കും; അവിടെ വിചാരണ മാത്രമേയുള്ളൂ, കർമ്മങ്ങൾ ചെയ്യാൻ സാധിക്കില്ല.” (ബൈഹഖി). ഹസ്രത്ത് അലി (റ) നിവേദനം ചെയ്ത ഈ ഹദീസ് സ്വഹീഹുൽ ബുഖാരിയിലും വന്നിട്ടുണ്ട്.
ദുനിയാവിനെക്കുറിച്ച് നബി (സ) ഇപ്രകാരവും അരുളിയിട്ടുണ്ട്:
“അറിഞ്ഞു കൊള്ളുക, ഈ ദുനിയാവും അതിലുള്ളതും ശപിക്കപ്പെട്ടതാണ്; അല്ലാഹുവിന്റെ സ്മരണയും അതിനോട് ബന്ധപ്പെട്ടവയും, അറിവുള്ളവനും (ആലിം) അറിവ് നേടുന്നവനും (മുതഅല്ലിം) ഒഴികെ.” (തിർമിദി, ഇബ്നു മാജ).
ഹസ്രത്ത് ഫുദൈൽ ഇബ്നു ഇയ്യാള് (റ) വിശുദ്ധ ഖുർആനിലെ താഴെ പറയുന്ന ആയത്തിനെക്കുറിച്ച് പതിവായി ചിന്തിക്കാറുണ്ടായിരുന്നു:
“തീർച്ചയായും ഭൂമിയിലുള്ളതിനെയെല്ലാം നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു; മനുഷ്യരിൽ ആരാണ് ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്നത് എന്ന് പരീക്ഷിക്കാൻ വേണ്ടി. അതിലുള്ളതിനെയെല്ലാം ഉണങ്ങി വരണ്ട പാഴ്നിലമാക്കി മാറ്റുന്നവനും നാം തന്നെയാണ്.” (സൂറഃ അൽ കഹ്ഫ്: 7-8)
ഇവിടെ “ഏറ്റവും നല്ല പ്രവർത്തനം നടത്തുന്നവർ (അഹ്സനു അമലാ)” ആരാണെന്ന് നബി (സ) യോട് ചോദിച്ചപ്പോൾ അവിടുന്ന് മറുപടി നൽകി: “ഏറ്റവും നല്ല ബുദ്ധിയുള്ളവരും, അല്ലാഹു നിരോധിച്ച കാര്യങ്ങളിൽ (ഹറാം) നിന്ന് കൂടുതൽ സൂക്ഷ്മത പാലിക്കുന്നവരും, അവന്റെ അനുസരണത്തിലേക്ക് അതിവേഗം മുന്നേറുന്നവരുമാണവർ.”
ദുനിയാവിന്റെ ഉപമയും ഹസ്രത്ത് ഹസൻ ബസ്വരി (റ) യുടെ വചനവും
ആത്മജ്ഞാനികൾ (മശാഇഖുമാർ) ദുനിയാവിനെ നിഴലിനോടാണ് ഉപമിച്ചിരിക്കുന്നത്. കാഴ്ചയിൽ നിശ്ചലമെന്ന് തോന്നുമെങ്കിലും അത് നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു. ഹസ്രത്ത് ഹസൻ ബസ്വരി (റ) പറഞ്ഞു:
“ദുനിയാവ് എന്നത് ഒരു സ്വപ്നം പോലെയാണ്, അല്ലെങ്കിൽ മാഞ്ഞുപോകുന്ന ഒരു നിഴൽ പോലെയാണ്. ബുദ്ധിമാനായ ഒരു വ്യക്തി ഇങ്ങനെയൊരു വസ്തുവിനാൽ വഞ്ചിക്കപ്പെടുകയില്ല.”
ഹസ്രത്ത് ഹസൻ ബസ്വരി (റ) നമ്മെ ഓർമ്മിപ്പിക്കുന്നത് ഈ ലോകം ഉറക്കത്തിൽ കാണുന്ന ഒരു മനോഹര സ്വപ്നം മാത്രമാണെന്നാണ്. ഉറങ്ങിക്കിടക്കുമ്പോൾ സ്വപ്നത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും ആഡംബരങ്ങളുമെല്ലാം പൂർണ്ണമായും സത്യമാണെന്ന് തോന്നും. എന്നാൽ കണ്ണുതുറക്കുന്ന ആ നിമിഷം, ആ സാമ്രാജ്യങ്ങളെല്ലാം തകർന്ന് ഒന്നുമില്ലാതായി മാറുന്നു. മരണമെന്ന യാഥാർത്ഥ്യത്തിലേക്ക് കണ്ണ് തുറക്കുമ്പോൾ മാത്രമേ ഭൗതിക ലോകത്ത് നമ്മൾ സ്വന്തമാക്കാൻ വെമ്പൽ കൂട്ടിയതെല്ലാം വെറുമൊരു നിഴലായിരുന്നു എന്ന് പലരും തിരിച്ചറിയൂ.
ഇമാം ഹസൻ (റ) പതിവായി ചൊല്ലാറുള്ള കവിത:
“ഈ ദുനിയാവിന്റെ താൽക്കാലിക സുഖങ്ങളെ സ്നേഹിക്കുന്നവരേ,
മാഞ്ഞുപോകുന്ന ഒരു നിഴലിൽ വഞ്ചിക്കപ്പെടുന്നത് അജ്ഞതയാണ്.”
ലൗകിക ജീവിതത്തിന്റെ നശ്വരതയെയും അതിന്റെ വഞ്ചനാത്മകമായ സ്വഭാവത്തെയുമാണ് ഈ വരികളിൽ ആഖ്യാനം ചെയ്യുന്നത്. വെയിലിൽ കാണുന്ന നിഴലിന് ജീവനില്ല, അതിന് ആഴമില്ല, അതിനെ കെട്ടിപ്പുണരാൻ ശ്രമിക്കുന്നത് അർത്ഥശൂന്യമാണ്. താൽക്കാലികമായ ആ നിഴൽ തരുന്ന തണലിൽ ആകൃഷ്ടനായി യഥാർത്ഥ ലക്ഷ്യത്തെ മറന്നുപോകുന്നതിനെയാണ് ആത്മജ്ഞാനികൾ ‘അജ്ഞത’ എന്ന് വിളിക്കുന്നത്. ഹൃദയം പടച്ചവനിലേക്ക് മാത്രമായി തിരിയേണ്ട ഒന്നാണ്. എന്നാൽ, ഈ മായാപ്രപഞ്ചത്തിന്റെ വ്യാജ ശോഭയിൽ ഹൃദയത്തെ പണയം വെക്കുമ്പോൾ മനുഷ്യൻ സ്വയം വഞ്ചിക്കപ്പെടുകയാണ് ചെയ്യുന്നത്.
ചുരുക്കത്തിൽ ഈ ഭൗതിക ലോകം ഒരു സത്രം മാത്രമാണ്; യാത്രക്കാരനെ സംബന്ധിച്ച് അതൊരു താത്കാലിക അഭയസ്ഥാനം മാത്രമാണ്. അല്ലെങ്കിൽ ദീർഘയാത്രക്കിടയിലെ താത്കാലിക വിശ്രമത്തിനായുള്ള ഒരു മരത്തണൽ മാത്രമാണ്. ആ മരത്തിന്റെ നിഴലിനെ പ്രണയിക്കാതെ, യാത്രയുടെ യഥാർത്ഥ ലക്ഷ്യസ്ഥാനമായ പരലോകത്തെയും പടച്ചവന്റെ പ്രീതിയെയുമാണ് ബുദ്ധിമാനായ ഒരു സാധകൻ(സാലിക്) ലക്ഷ്യം വെക്കേണ്ടത്.
സ്വൂഫിയും ദുനിയാവും തമ്മിലുള്ള സംവാദം:
ഒരു ഭൗതികവിരക്തൻ (സാഹിദ്) ദുനിയാവിനെ ഒരു കന്യകയുടെ രൂപത്തിൽ കണ്ട് അതിശയത്തോടെ ചോദിച്ചു:
“ഇത്രയധികം ഭർത്താക്കന്മാരുണ്ടായിട്ടും നീ എങ്ങനെ ഇപ്പോഴും കന്യകയായിരിക്കുന്നു?”
ദുനിയാവ് മറുപടി നൽകി:
“സത്യം പറയാമല്ലോ, യഥാർത്ഥ ആണുങ്ങളാരും എന്നെ ആഗ്രഹിച്ചിട്ടില്ല. നപുംസകങ്ങളായ ആളുകൾ മാത്രമാണ് എന്റെ പിറകെ പാഞ്ഞത്. അതുകൊണ്ടാണ് എന്റെ കന്യകാത്വം ഇന്നും നിലനിൽക്കുന്നത്.”
ഉമർ ഖയ്യാം(റ) ബുദ്ധിയുമായി നടത്തിയ സംവാദം:
“ഇന്നലെ രാത്രി ഞാൻ ബുദ്ധിയോട് സംസാരിച്ചപ്പോൾ എന്റെ ഹൃദയത്തിൽ ചില സത്യങ്ങൾ വെളിപ്പെട്ടു.
ഞാൻ ചോദിച്ചു: ‘എന്താണ് ഈ ഐഹിക ജീവിതം?’
ബുദ്ധി പറഞ്ഞു: ‘അതൊരു സ്വപ്നമോ കുറച്ച് ഭാവനകളോ മാത്രമാണ്.’
ഞാൻ ചോദിച്ചു: ‘ഇതിൽ നിന്ന് എന്ത് ലാഭമാണ് ലഭിക്കുക?’
മറുപടി: ‘തലവേദനയും കുറച്ച് പ്രയാസങ്ങളും മാത്രം.’
ഞാൻ ചോദിച്ചു: ‘മനുഷ്യന്റെ ആഗ്രഹം (നഫ്സ്) എപ്പോഴാണ് ശാന്തമാകുക?’
മറുപടി: ‘ചില ശിക്ഷകളും അനുഭവങ്ങളും ലഭിക്കുമ്പോൾ.’
ഞാൻ ചോദിച്ചു: ‘അക്രമികൾ ആരാണ്?’
മറുപടി: ‘ചില ചെന്നായ്ക്കളും നായ്ക്കളും.’
ഞാൻ ചോദിച്ചു: ‘ദുനിയാവിന്റെ ആളുകളുടെ തർക്കം എന്താണ്?’
മറുപടി: ‘വെറും വ്യർത്ഥമായ വാഗ്വാദങ്ങൾ.’
ഞാൻ ചോദിച്ചു: ‘ഈ കാലത്തുള്ളവർ ഏത് കലയിലാണ് മുഴുകിയിരിക്കുന്നത്?’
മറുപടി: ‘കുറെ ധനം സമ്പാദിക്കുന്ന തിരക്കിൽ.’
ഞാൻ ചോദിച്ചു: ‘എന്താണ് ഈ സന്തോഷം?’
മറുപടി: ‘ഒരു നിമിഷത്തെ സുഖവും വർഷങ്ങളോളം നീളുന്ന സങ്കടവും.’
ഞാൻ ചോദിച്ചു: ‘ഖയ്യാമിന്റെ വചനങ്ങളെക്കുറിച്ച് എന്ത് പറയുന്നു?’
മറുപടി: ‘അവ ചിന്താർഹവും മനോഹരവുമാണ്.'”
സന്യാസവും (റഹ്ബാനിയ്യത്ത്) ജീവിത ലക്ഷ്യവും
മനുഷ്യനെ സൃഷ്ടിച്ചത് ദുനിയാവിൽ മുഴുകി നശിക്കാനല്ല, മറിച്ച് ഉന്നതമായ മറ്റൊരു ലക്ഷ്യത്തിനാണ്. പരിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു:
മനുഷ്യരെ, തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അതിനാൽ ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.” (സൂറഃ ലുഖ്മാൻ: 33)
“അവർ ഐഹിക ജീവിതത്തിന്റെ ബാഹ്യരൂപം മാത്രം മനസ്സിലാക്കുന്നു; ആഖിറത്തെക്കുറിച്ച് (പരലോകത്തെക്കുറിച്ച്) അവർ തികച്ചും അശ്രദ്ധരുമാണ്.” (സൂറഃ അർ-റൂം: 7)
എന്നാൽ ലോകത്തെയും അതിലെ വിഭവങ്ങളെയും പൂർണ്ണമായി ഉപേക്ഷിച്ച് കാടുകളിലേക്കും മലകളിലേക്കും ഓടിപ്പോകുന്ന സന്യാസജീവിതത്തെ (റഹ്ബാനിയ്യത്ത്) ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. പരിശുദ്ധ ഖുർആൻ പറയുന്നു:
“സന്യാസജീവിതം അവർ സ്വയം ഉണ്ടാക്കിയതാണ്; നാം അത് അവർക്ക് നിയമമാക്കിയിരുന്നില്ല.” (സൂറഃ അൽ-ഹദീദ്: 27)
പ്രപഞ്ചത്തിലുള്ളതെല്ലാം മനുഷ്യന്റെ സേവനത്തിനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അല്ലാഹുവിനെ ആരാധിക്കാനും അവന്റെ വഴിയിൽ ജീവിക്കാനുമാണ്: അതുകൊണ്ട് തന്നെയാണ് മഹോന്നതനും പ്രതാപിയുമായ അല്ലാഹു പരിശുദ്ധ ഖുർആനിൽ ഇപ്രകാരം പറഞ്ഞിട്ടുള്ളത്.
“ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല.” (സൂറഃ അദ്ദാരിയാത്ത്: 56)
തുടരും…
