സംസ്കരണത്തിന്റെ മധ്യമ മാർ​ഗം

The Sufi path of spiritual purification does not promote ascetic detachment or the severance of worldly ties through extreme discipline to flee from life's responsibilities.

തസ്വവ്വുഫിൽ നഫ്സിന്റെ സംസ്കരണവും (തസ്കിയത്തുന്നഫ്സ്) ഹൃദയത്തിന്റെ വിശുദ്ധീകരണവും (തസ്ഫിയത്തുൽ ഖൽബ്) കേവല ആശയങ്ങളല്ല; മറിച്ച് ആത്മാവിനെ ഇലാഹീ സാമീപ്യത്തിന്റെ അത്യുന്നത പദവികളിലേക്ക് നയിക്കുന്ന സൂക്ഷ്മമായ അനുഭൂതിപ്രയാണമാണ്. ഭൗതിക പ്രപഞ്ചത്തിൽ നിന്ന് പൂർണ്ണമായി പിൻവാങ്ങി, സന്യാസത്തിന്റെ (റഹ്ബാനിയ്യത്ത്) കാഠിന്യങ്ങളിലേക്ക് ഓടിയൊളിച്ചാൽ മാത്രമേ ആത്മീയത പൂർണ്ണമാകൂ എന്നൊരു പരമ്പരാഗത ധാരണ പലരിലും നിലനിൽക്കുന്നുണ്ട്. എന്നാൽ, വിശുദ്ധ ഖുർആൻ, തിരുനബി(സ്വ)യുടെ സുന്നത്ത്, മഹാന്മാരായ ആരിഫീങ്ങളുടെ അനുഭവൈക ദർശനങ്ങൾ എന്നിവ മുൻനിർത്തി ഡോ. മിർ വലിയുദ്ദീൻ(റ) തന്റെ മദാരിജുസ്സുലൂക്ക് എന്ന ഗ്രന്ഥത്തിൽ വെളിപ്പെടുത്തുന്നത് ഇസ്‌ലാമിന്റെ തികച്ചും സന്തുലിതവും നൈസർ​​ഗികവുമായ പ്രകാശപാതയെക്കുറിച്ചാണ്.

ദുനിയാവും പരലോകവും: ലക്ഷ്യവും മാർഗ്ഗവും

തിരുനബി(സ്വ) യുടെ ഒരു ഹദീസിന്റെ ആശയം ഇപ്രകാരമാണ്:
“ദുനിയാവ് നിങ്ങൾക്കായി സൃഷ്ടിക്കപ്പെട്ടതാണ്; എന്നാൽ നിങ്ങൾ പരലോകത്തിനായി സൃഷ്ടിക്കപ്പെട്ടവരുമാണ്.”
ഈ പ്രപഞ്ചം മനുഷ്യന്റെ നിലനിൽപ്പിനും സേവനത്തിനുമായി സംവിധാനിക്കപ്പെട്ട ഒരിടമാണ്. സൃഷ്ടിപ്പിന്റെ അന്തിമലക്ഷ്യം സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രീതിയും അവന്റെ അനശ്വരമായ പരലോക മോക്ഷവുമാണ്. സന്യാസത്തിലൂടെ ദുനിയാവിനെ പൂർണ്ണമായി ശപിച്ചു തള്ളുകയോ അതിൽ നിന്ന് ഓടിയൊളിക്കുകയോ ചെയ്യലല്ല ഇസ്‌ലാമിക ആത്മീയതയുടെ മാർഗ്ഗം. മറിച്ച്, ഭൗതിക വിഭവങ്ങളെ അല്ലാഹുവിന്റെ ദിവ്യകൽപനകൾക്കും അവന്റെ പൊരുത്തത്തിനും അനുസൃതമായി വിനിയോഗിക്കുകയാണ് വേണ്ടത്.
ഒരു സ്വൂഫി സാധകൻ ഭൗതിക ലോകത്ത് ജീവിക്കുന്നവനാണ് (ദുനിയാദാർ); എന്നാൽ അവൻ ഒരിയ്ക്കലും ഭൗതികപൂജകനോ ഐഹിക കാമനകളുടെ അടിമയോ (ദുനിയാ പരസ്ത്) അല്ല. അവൻ ഈ ഭൗതിക ലോകത്തെ ജീവിതത്തെ കാണുന്നത് അല്ലാഹുവിലേക്ക് സഞ്ചരിക്കാനുള്ള ഒരു പാലമായിട്ടാണ്. കപ്പൽ വെള്ളത്തിന് മുകളിലാണ് നീന്തുന്നത്; എന്നാൽ വെള്ളം കപ്പലിനകത്ത് കയറിയാൽ കപ്പൽ മുങ്ങിപ്പോകും. അതുപോലെ, ദുനിയാവ് വിശ്വാസിയുടെ കൈകളിൽ ആകാം; പക്ഷേ അത് അവന്റെ ഹൃദയാന്തരങ്ങളിൽ അല്പം പോലും ഇടംപിടിക്കാൻ പാടില്ല.

തസ്ഫിയത്തുൽ ഖൽബ്: ഹൃദയത്തിന്റെ ആന്തരിക ശുദ്ധി

ഹൃദയ ശുദ്ധീകരണം എന്നാൽ ലോകബന്ധങ്ങൾ വിച്ഛേദിച്ച് ഏകാന്തതയിൽ ഒടുങ്ങുകയോ, കുടുംബ-വിവാഹ ജീവിതങ്ങളെ ഉപേക്ഷിക്കുകയോ, ശരീരത്തെ കഠിനമായ പീഡനങ്ങൾക്കിരയാക്കുകയോ ചെയ്യലല്ല. സർവ്വ ആഗ്രഹങ്ങളെയും ശാരീരിക-മാനസിക ശേഷികളെയും അല്ലാഹുവിന്റെ തൃപ്തിക്കും അവൻ നിശ്ചയിച്ച വിധിവിലക്കുകൾക്കും വിധേയമാക്കുക എന്നതാണ് തസ്ഫിയത്തുൽ ഖൽബ്.
ഇലാഹിയായ അനുമതിയുള്ള പരിധികൾക്കുള്ളിൽ നിന്ന് ഉപജീവനമാർഗ്ഗങ്ങൾ തേടുക, കച്ചവടത്തിലും തൊഴിലിലും ഏർപ്പെടുക, കുടുംബബന്ധങ്ങൾ ആർദ്രതയോടെ പരിപാലിക്കുക എന്നിവയെല്ലാം ആത്മീയ പ്രയാണത്തിന്റെ ഭാഗമാണ്. ഈ ഭൗതിക വിനിമയങ്ങളിലൊന്നും അല്ലാഹുവിന്റെ ഹുക്മുകൾ (കല്പനകൾ) ലംഘിക്കപ്പെടരുത് എന്ന് ഉറപ്പുവരുത്തുകയും, ബാഹ്യമായ സർവ്വ കർമ്മങ്ങളിലും ആന്തരികമായി ഇലാഹീ പ്രീതി മാത്രം കാംക്ഷിക്കുകയും ചെയ്യുമ്പോഴാണ് ഹൃദയം ശുദ്ധീകരിക്കപ്പെടുന്നത്.

ഇസ്‌ലാം പഠിപ്പിക്കുന്ന മിതത്വം (ഖസ്ദ്)

പരിശുദ്ധ ഖുർആൻ മനുഷ്യന് നൽകുന്നത് വൈകാരികതയുടെ തീവ്രതകളിൽ വീണുപോകാത്ത സന്തുലിതമായ മനഃസ്ഥിതിയാണ്. അത് ഭൗതികതയോടുള്ള അടിമത്തത്തെയും കാപട്യത്തെയും തടയുമ്പോൾ തന്നെ, സന്യാസത്തിന്റെ കാർക്കശ്യങ്ങളെ വിരോധിക്കുകയും ചെയ്യുന്നു.
പ്രവാചകൻ (സ) അരുൾ ചെയ്തു.
“തീവ്രത പുലർത്തുന്നവർ (അനാവശ്യ കാർക്കശ്യം കാണിക്കുന്നവർ) നശിച്ചിരിക്കുന്നു.” (സ്വഹീഹു മുസ്ലിം)
മറ്റൊരു നബിവചനത്തിൽ കാണാം:
“തീർച്ചയായും ഈ ദീൻ (മതം) എളുപ്പമുള്ളതാണ്. ആരെങ്കിലും ദീനിൽ കാർക്കശ്യം പുലർത്തിയാൽ ദീൻ അവനെ കീഴടക്കിക്കളയും. അതിനാൽ നിങ്ങൾ മിതത്വം പാലിക്കുക, നേരായ മാർഗ്ഗത്തിൽ ഉറച്ചുനിൽക്കുക, സന്തോഷവാർത്ത അറിയിക്കുക. രാവിലും പകലിലും രാത്രിയുടെ ചില യാമങ്ങളിലും അല്ലാഹുവിനോട് സഹായം തേടുക.” (സ്വഹീഹുൽ ബുഖാരി)

തിരുനബി(സ) പഠിപ്പിച്ച അൽ-ഖസ്ദ് (മിതത്വം) എന്നാൽ ശരീരം തളർന്നുപോകാതെ ആത്മാവിനും ശരീരത്തിനും കൃത്യമായ ആശ്വാസവും വിശ്രമവും നൽകി, ആനന്ദത്തോടെ അല്ലാഹുവിലേക്ക് അടുക്കുക എന്നതാണ്. ഒരു ദീർഘദൂര യാത്രികൻ തന്റെ വാഹനത്തിന് കൃത്യമായി വിശ്രമവും ഭക്ഷണവും നൽകി ലക്ഷ്യസ്ഥാനത്ത് എത്തുന്നതുപോലെ, ആത്മീയ സാധകനും (സാലിക്) തന്റെ നഫ്സിനോട് അനുകമ്പ കാണിച്ച് അല്ലാഹുവിലേക്കുള്ള വഴിയിൽ മുന്നേറണം.

നഫ്സിന്റെ അവകാശവും ദേഹേച്ഛ (ഹവാ) യും

തിരുനബി (സ) അരുളി:
“തീർച്ചയായും നിന്റെ നാഥനോട് നിനക്ക് കടമയുണ്ട്, നിന്റെ ശരീരത്തോട് (നഫ്സ്) നിനക്ക് കടമയുണ്ട്, നിന്റെ കുടുംബത്തോട് നിനക്ക് കടമയുണ്ട്. അതിനാൽ അവകാശമുള്ളവർക്കെല്ലാം അവരവരുടെ അവകാശം നൽകുക.”
ഇവിടെ നഫ്സിന്റെ അവകാശം (ഹഖ്) എന്നത് ആരാധനകളിൽ ഉന്മേഷവും ആനന്ദവും നിലനിർത്താൻ സഹായിക്കുന്ന നിയമാനുസൃതമായ ആശ്വാസങ്ങളും എളുപ്പങ്ങളുമാണ്. എന്നാൽ നഫ്സിന്റെ അനാവശ്യ ആഗ്രഹങ്ങളെ (ഹവാ) പിൻപറ്റുന്നത് ആത്മീയ നാശത്തിന് കാരണമാകുന്നു. ആത്മീയ അന്വേഷണത്തിൽ ഇവ രണ്ടും തമ്മിൽ തിരിച്ചറിയൽ നിർബന്ധമാണ്.

പ്രവാചകൻ (സ) പറഞ്ഞു:
“ഞാൻ കൊണ്ടുവന്ന ദിവ്യസന്ദേശത്തിന് (ശരീഅത്തിന്) ഒരാളുടെ ആഗ്രഹങ്ങൾ വിധേയപ്പെടുന്നത് വരെ അവൻ യഥാർത്ഥ വിശ്വാസിയാവുകയില്ല.”
കഠിനമായ ആത്മീയ സാധനകളില്ലാതെ തന്നെ (മുജാഹദ) ഒരുവന്റെ ആഗ്രഹങ്ങൾ അല്ലാഹുവിന്റെ കല്പനകളോട് പൂർണ്ണമായി ഇണങ്ങിച്ചേരുകയും, അവ പ്രവാചകചര്യക്ക് വിധേയപ്പെടുകയും ചെയ്യുമ്പോൾ അവൻ ആത്മീയതയുടെ പരമോന്നത സൗന്ദര്യം അനുഭവിക്കുന്നു.

തർബിയ്യത്തിന്റെ ലളിത രീതി

ഹസ്രത്ത് ഉമർ ബിൻ അബ്ദുൽ അസീസ് (റ) പ്രസ്താവിച്ചു:
“നഫ്സ് സത്യവുമായി (ഹഖ്) സ്വയം പൊരുത്തപ്പെടുകയാണെങ്കിൽ, അത് തേനും വെണ്ണയും കൂട്ടിപ്പിടിച്ചതുപോലെ ആനന്ദദായകമാണ്.”
ഇമാം അബുൽ ഹസൻ ശാദുലി (റ) യുടെ ആത്മീയധാരയായ ശാദുലിയ തരീഖത്തിലെ ശൈഖന്മാരുടെ ആത്മീയ ശിക്ഷണം (തർബിയത്ത്) ഏറെ അനുഭൂതിദായകവും സവിശേഷവുമാണ്. അവർ സാലിക്കിന്റെ (സ്വൂഫി അന്വേഷകൻ) സ്വാഭാവിക പ്രകൃതത്തെയും മനസ്സിന്റെ അവസ്ഥകളെയും ചേർത്തുവെച്ച് പരിഗണിക്കുന്നു. പെട്ടെന്ന് കഠിനമായ രിയാളകളിലേക്കോ ക്ലേശകരമായ ആത്മീയ പരീക്ഷണങ്ങളിലേക്കോ തള്ളിവിട്ട് മനസ്സിനെ വിഷാദത്തിലാക്കുന്നതിന് പകരം, അവരുടെ പ്രകൃതത്തിന് അനുയോജ്യമായ രീതിയിൽ ശാന്തതയോടെ അവരെ ഇലാഹീ സാമീപ്യത്തിലേക്ക് നയിക്കുന്നു.
തന്റെ പ്രകൃതത്തിനും ശേഷിക്കും അനുയോജ്യമായ രീതിയിൽ ആത്മീയ യാത്ര ചെയ്യുന്നവന് ഇലാഹീ വഴികൾ എളുപ്പവും സൗന്ദര്യപൂർണ്ണവുമായിത്തീരുന്നു. എന്നാൽ സ്വയം അനാവശ്യ കാർക്കശ്യം അടിച്ചേൽപ്പിക്കുന്നവന്റെ ആത്മീയ പുരോഗതി പ്രയാസകരവും തടസ്സങ്ങൾ നിറഞ്ഞതുമായിരിക്കും.

ചുരുക്കത്തിൽ ആത്മീയ സംസ്കരണം, ഹൃദയം ശുദ്ധീകരണം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് പ്രകൃതിവിരുദ്ധമായ സ്വയം പീഡനങ്ങളല്ല; മറിച്ച് അല്ലാഹുവിന്റെ ഹുക്മുകൾക്കും റസൂൽ(സ) യുടെ സുന്ദരമായ സുന്നത്തുകൾക്കും അനുസൃതമായി, ശരീരത്തിനും മനസ്സിനും അവയുടെ അവകാശങ്ങൾ നൽകി, ശരീരം, മനസ്സ്, റൂഹ് തുടങ്ങിയ എല്ലാ തഅയ്യുനുകളെയും തിരുജീവിതത്തിന്റെ മാതൃകയിൽ അനുശീലിപ്പിച്ച് സ്നേഹത്തോടെയും മിതത്വത്തോടെയും സ്രഷ്ടാവിലേക്ക് അടുക്കുന്ന അനുഭൂതിപൂർണ്ണമായ ഉദ്​ഗ്രഥിത പ്രയാണമാണ് വാസ്തവത്തിൽ ആത്മസംസ്കരണം.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy