തസ്വവ്വുഫ്: നിശ്ശബ്ദമായി ഒഴുകുന്ന ആഴക്കടൽ: 2
റശീദ് ബക്കർ
നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ലൗകിക വിജയങ്ങൾ നേടിത്തരുമ്പോഴും ഉള്ളിന്റെയുള്ളിൽ എന്തുകൊണ്ടാണ് ചിലപ്പോൾ ഒരു അപൂർണ്ണത അനുഭവപ്പെടുന്നത്?
മനഃശാസ്ത്രത്തിന് മനുഷ്യന്റെ വികാരങ്ങളെയും ചിന്തകളെയും അളന്നു തിട്ടപ്പെടുത്താൻ കഴിയും. എന്നാൽ, “മനുഷ്യൻ എന്തിനാണ് സൃഷ്ടിക്കപ്പെട്ടത്? അവന്റെ ആത്മാവിന്റെ യഥാർത്ഥ ലക്ഷ്യമെന്താണ്?” എന്ന ചോദ്യത്തിന് അത് എവിടെയാണ് ഉത്തരം നൽകുന്നത്?
തസ്വവ്വുഫിനെക്കുറിച്ചും മനസ്സ് (നഫ്സ്), ഹൃദയം (ഖൽബ്) എന്നിവയിലൂടെയുള്ള ആന്തരിക പ്രയാണത്തെക്കുറിച്ചുമുള്ള ആഴത്തിലുള്ള ചിന്തകൾ പങ്കുവെക്കുന്ന ലേഖനം “തസ്വവ്വുഫ്: നിശ്ശബ്ദമായി ഒഴുകുന്ന കടൽ” എന്ന പരമ്പരയുടെ രണ്ടാം ഭാഗം ഇപ്പോൾ വായിക്കാം.

കഴിഞ്ഞ കുറിപ്പിൽ തസ്വവ്വുഫിനെക്കുറിച്ചും കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ആത്മീയപാരമ്പര്യത്തിൽ കാലക്രമേണ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചുമാണ് എഴുതിയത്. അതിന് പൊതുവായും വ്യക്തിപരമായും ലഭിച്ച പ്രതികരണങ്ങൾ മറ്റൊരു കാര്യം കൂടി ബോധ്യപ്പെടുത്തി: തസ്വവ്വുഫിനെക്കുറിച്ച് സംസാരിക്കുന്ന മനുഷ്യർ പോലും പലപ്പോഴും വ്യത്യസ്തമായ അനുഭവതലങ്ങളിൽ നിന്നാണ് സംസാരിക്കുന്നത്. ഒരാൾക്ക് അത് കേവലം അറിവാണ്; മറ്റൊരാൾക്ക് പാരമ്പര്യമാണ്; വേറൊരാൾക്ക് സംഘടനയോ ത്വരീഖത്തോ ആണ്. ചിലർക്ക് അതൊരു അനുഭവമാണെങ്കിൽ, മറ്റുചിലർക്ക് ജീവിതം മുഴുവൻ നീണ്ടുനിൽക്കുന്ന നിരന്തരമായ അന്വേഷണമാണ്.
ഇവിടെ ആര് ഉയർന്നവൻ, ആര് താഴ്ന്നവൻ എന്ന വിധിനിർണയത്തിലേക്ക് ഞാൻ കടക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം, മറ്റൊരാളുടെ ആന്തരികാവസ്ഥയുടെ അന്തിമസത്യം അറിയാനുള്ള അളവുകോൽ നമ്മുടെ പക്കലില്ല. എന്നാൽ, സ്വന്തം അനുഭവത്തിന്റെ നേർപകർപ്പാണ് ഇവിടെ കുറിക്കാൻ ശ്രമിക്കുന്നത്. ഈ എഴുത്തിലെ ‘ഞാൻ’ എന്നത് ആത്മീയമായ ഏതെങ്കിലും ഉന്നത പദവിയുടെ പ്രഖ്യാപനമല്ല; മറിച്ച്, കണ്ടതും കേട്ടതും അനുഭവിച്ചതും മനസ്സിലാക്കാൻ ശ്രമിച്ചതുമായ ജീവിതത്തിന്റെ ഭാഷയാണ്. ആ ഭാഷയിലൂടെ തന്നെയാണ് ഈ കുറിപ്പും തുടരുന്നത്.
കേരളത്തിലെ ലളിതമായ ഇസ്ലാമും പാരമ്പര്യത്തിന്റെ നഷ്ടബോധവും
മുമ്പ് സൂചിപ്പിച്ചതുപോലെ, എന്റെ ബാല്യകാലത്ത് ഞാൻ കണ്ട ഇസ്ലാം അതിതീവ്രമായ പ്രദർശനങ്ങളോ അവകാശവാദങ്ങളോ ഇല്ലാത്തതായിരുന്നു. സന്ധ്യയായാൽ ലളിതമായ ദിക്റുകളിൽ മുഴുകുന്ന മനുഷ്യർ; പ്രവാചകനോടുള്ള അങ്ങേയറ്റത്തെ സ്നേഹത്തിൽ സ്വലാത്തുകൾ ചൊല്ലുന്നവർ; ജീവിതത്തിന്റെ പ്രയാസങ്ങളെ അല്ലാഹുവിന്റെ മുന്നിൽ പൂർണ്ണമായി സമർപ്പിക്കുന്നവർ. സ്വന്തം ആത്മീയ അനുഭവങ്ങളെക്കുറിച്ച് അധികം സംസാരിക്കാതെ, അതിന്റെ സൗന്ദര്യം തങ്ങളുടെ സ്വഭാവത്തിലൂടെ മാത്രം പ്രകടിപ്പിച്ചവർ.
കുടുംബത്തിലെ മുതിർന്നവരിൽ, പ്രത്യേകിച്ച് സ്വൂഫി പാരമ്പര്യവുമായി ബന്ധമുണ്ടായിരുന്ന വെല്ലിപ്പയുടെ(ഹിള്റ് ബാവ എന്ന അപരാഭിധാനത്താൽ അറിയപ്പെട്ടിരുന്ന സ്വൂഫി) ജീവിതത്തിൽനിന്ന് ഈ ആത്മീയതയുടെ സുഗന്ധം എനിക്ക് ലഭിച്ചിരുന്നു. അന്ന് അതിനെക്കുറിച്ച് വലിയ ബൗദ്ധിക ധാരണകളൊന്നുമില്ലായിരുന്നു. എന്നാൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാകുന്നത്, ആത്മീയ പാരമ്പര്യം എല്ലായ്പ്പോഴും വാക്കുകളിലൂടെ മാത്രമല്ല കൈമാറപ്പെടുന്നത്; ചിലപ്പോൾ മനുഷ്യരുടെ സ്വഭാവത്തിലൂടെയും മാതൃകാപരമായ ജീവിതരീതിയിലൂടെയുമാണ് അത് അടുത്ത തലമുറയുടെ ഹൃദയത്തിലേക്ക് (ഖൽബ്) പ്രവേശിക്കുന്നത് എന്നാണ്.
പിന്നീട് കേരളത്തിലെ മതസംവാദങ്ങളിൽ സലഫി–വഹാബി ആശയങ്ങളുടെ സ്വാധീനം ശക്തമായപ്പോൾ, നമ്മുടെ പരമ്പരാഗത ആത്മീയ ജീവിതത്തിന്റെ പല പ്രകടനങ്ങളും കടുത്ത വാദപ്രതിവാദങ്ങളുടെ വിഷയങ്ങളായി മാറി. ഇത് കേരളത്തിൽ മാത്രം സംഭവിച്ച ഒന്നല്ല; ആധുനിക മുസ്ലിം ലോകത്ത് നവീകരണപ്രസ്ഥാനങ്ങളും പാരമ്പര്യവാദികളും തമ്മിൽ നടന്ന വിശാലമായ ആശയസംഘർഷത്തിന്റെ ഭാഗമായിരുന്നു അത്. മനുഷ്യൻ എന്താണ് വിശ്വസിക്കേണ്ടത് എന്ന ചോദ്യത്തിനൊപ്പം, ആ വിശ്വാസം മനുഷ്യനെ അകത്തുനിന്ന് എങ്ങനെ പരിവർത്തനം ചെയ്യുന്നു എന്ന ചോദ്യത്തിനും തുല്യപ്രാധാന്യം നൽകേണ്ടതുണ്ടായിരുന്നു. അവിടെയാണ് നമുക്ക് ഗുരുതരമായ നഷ്ടം സംഭവിച്ചത്.
അഹ്‌ലുസ്സുന്നയുടെ പാരമ്പര്യമുള്ള ചില പണ്ഡിതന്മാർ പോലും ഇത്തരം പ്യൂരിറ്റൻ (ശുദ്ധതാവാദ) ചിന്തകളുടെ ആശയക്കുഴപ്പത്തിലേക്ക് അറിയാതെ വീണുപോയതായി കാണാം. പഴയകാലത്ത് ഏതൊരു ദർസുള്ള പള്ളിയിൽ പോയാലും അവിടെ തസ്വവ്വുഫിന്റെ പ്രാഥമിക പാഠങ്ങൾ പകർന്നു തരുന്ന സൈനുദ്ദീൻ മഖ്ദൂം കബീർ(റ) യുടെ ‘അദ്കിയ’ പഠിപ്പിക്കാത്ത ദർസുകൾ ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഇന്ന് അറബിക് കോളേജുകളിൽ നിന്ന് ബിരുദം നേടിയിറങ്ങുന്നവർക്ക് പോലും തസ്വവ്വുഫിന്റെ അടിസ്ഥാന പ്രമാണങ്ങൾ അറിയാത്ത അവസ്ഥയുണ്ട്. തസ്വവ്വുഫിന് എന്തോ അയിത്തം കൽപ്പിച്ചു നാം ആ പ്യൂരിറ്റൻ വാദങ്ങളുടെ പ്രാമാണിക വലയിൽ വീണുപോയി. ഹൃദയത്തെ സംസ്കരിക്കുന്നതിന് (തസ്‌കിയ) പകരം ആ ആന്തരിക ലോകത്തെ തന്നെ നാം വെട്ടിമുറിച്ചു കളഞ്ഞു. ഇവിടെയാണ് പൂർവ്വകാലത്തെ യഥാർത്ഥ ആത്മീയ ഗുരുക്കന്മാരായ ആലിമീങ്ങളെയും സച്ചരിതരായ പണ്ഡിതരെയും നാം തിരിഞ്ഞുനടന്ന് തിരിച്ചറിയേണ്ടത്.
ഓസ്ട്രേലിയൻ ജീവിതവും മനഃശാസ്ത്രപരമായ അന്വേഷണങ്ങളും
നേരത്തെ സൂചിപ്പിച്ചതുപോലെ, ജീവിതത്തിലെ വലിയൊരു ഭാഗം ഓസ്ട്രേലിയയിലാണ് ചെലവഴിച്ചത്. അവിടെ പഠിക്കാനും ജീവിക്കാനും വ്യത്യസ്ത സംസ്കാരങ്ങളിലുള്ള മനുഷ്യരുമായി അടുത്തിടപഴകാനും എനിക്ക് അവസരം ലഭിച്ചു.
കേരളത്തിലെ സാമൂഹികവും സാംസ്കാരികവുമായ പരിമിതികൾക്കുള്ളിൽ വളർന്ന ഒരാൾക്ക് പാശ്ചാത്യൻ സംസ്കാരം ഉൾക്കൊള്ളുന്ന ഓസ്ട്രേലിയൻ ജനതയുടെ തുറന്ന ജീവിതരീതികൾ ആദ്യം വലിയ അത്ഭുതമായിരിക്കും. മനുഷ്യബന്ധങ്ങൾ, വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യജീവിതം, പ്രണയം, വിവാഹം, വിവാഹമോചനം, ലൈംഗികതയെക്കുറിച്ചുള്ള സാമൂഹിക സമീപനങ്ങൾ, തൊഴിൽ, സമ്പത്ത്, വിനോദം—ഇവയെല്ലാം തീർത്തും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലാണ് അവിടെ അനുഭവപ്പെടുന്നത്.
അവിടത്തെ മനുഷ്യരെ അടുത്തുനിന്ന് നിരീക്ഷിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി: സ്വാതന്ത്ര്യം മനുഷ്യന് നിരവധി ലൗകിക അവസരങ്ങൾ നൽകുന്നുണ്ട്. എന്നാൽ, എല്ലാ അവസരങ്ങളും ലഭിക്കുന്നതും ആന്തരികമായ സംതൃപ്തി കൈവരുന്നതും ഒരേ കാര്യമല്ല. പരിചയപ്പെടാൻ കഴിഞ്ഞവരിൽ പലരും മികച്ച വിദ്യാഭ്യാസവും സാമ്പത്തികസുരക്ഷയും സ്വതന്ത്രമായ ബന്ധങ്ങളും സാമൂഹിക അംഗീകാരവുമുള്ളവരായിരുന്നു. എന്നിട്ടും, ഭൂരിഭാഗം മനുഷ്യരിലും ഒരുതരം ശൂന്യത അവശേഷിക്കുന്നതായി ഞാൻ കണ്ടു. ആ പരിഷ്കൃത സമൂഹത്തിലെ എല്ലാവരും അസന്തുഷ്ടരാണെന്ന ലളിതമായ നിരീക്ഷണമല്ല ഇത്; മറിച്ച്, എന്നെ ചിന്തിപ്പിച്ച മറ്റൊരു പ്രധാന ചോദ്യമുണ്ടായിരുന്നു:
“മനുഷ്യന് ആഗ്രഹിക്കുന്നതെല്ലാം ലഭിച്ചിട്ടും എന്തുകൊണ്ടാണ് അവൻ സ്വന്തം ഉള്ളിൽ സമാധാനത്തിലെത്താത്തത്?”
ഒരു മനുഷ്യന് ലോകം മുഴുവൻ സഞ്ചരിക്കാം. എന്നാൽ, സ്വന്തം ഉള്ളിലേക്ക് ഒരു ചുവടുപോലും വെക്കാതിരിക്കുകയും ചെയ്യാം. അതാണ് എന്റെ അന്വേഷണത്തിന്റെ യഥാർത്ഥ തുടക്കം. മനുഷ്യനെ പഠിക്കാനുള്ള അടങ്ങാത്ത ആകാംക്ഷ എന്റെ ഉള്ളിലുണ്ടായിരുന്നു; മനുഷ്യന്റെ പെരുമാറ്റം, മനസ്സിന്റെ പ്രവർത്തനം, വികാരങ്ങൾ, ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ എന്നെ ആകർഷിച്ചു. അതിന്റെ ഭാഗമായി മനഃശാസ്ത്ര മേഖലയിലെ NLP Mastery മുതൽ TA, DBT, CBT വരെയുള്ള സിദ്ധാന്തങ്ങൾ ആഴത്തിൽ പഠിച്ചു.
എന്തുകൊണ്ടാണ് ഒരാൾ മറ്റൊരാളെ സ്നേഹിക്കുന്നത്? എന്തുകൊണ്ടാണ് അതേ മനുഷ്യന് മറ്റൊരാളെ വേദനിപ്പിക്കാൻ കഴിയുന്നത്? എന്തുകൊണ്ടാണ് ചിലർക്ക് അധികാരം ലഭിക്കുമ്പോൾ സ്വഭാവം മാറിപ്പോകുന്നത്? എന്തുകൊണ്ടാണ് ചിലർ നിരന്തരം അംഗീകാരം മാത്രം അന്വേഷിക്കുന്നത്? സ്വന്തം പരാജയങ്ങൾ അംഗീകരിക്കാൻ കഴിയാത്തതിന്റെ കാരണമെന്താണ്?
ഇത്തരം ചോദ്യങ്ങൾ മനുഷ്യന്റെ മനസ്സിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ എന്നെ പ്രേരിപ്പിച്ചു. എന്നാൽ, മനഃശാസ്ത്രം പഠിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു സുപ്രധാന തിരിച്ചറിവുണ്ടായി: മനുഷ്യന്റെ ബാഹ്യപെരുമാറ്റത്തെ വിശദീകരിക്കുന്നതും മനുഷ്യജീവിതത്തിന്റെ അന്തിമമായ അർത്ഥം കണ്ടെത്തുന്നതും തികച്ചും വ്യത്യസ്തമായ അന്വേഷണങ്ങളാണ്. മനുഷ്യന്റെ ചിന്തകളെയും വികാരങ്ങളെയും ശാസ്ത്രീയമായി പഠിക്കാനും മാനസികരോഗങ്ങൾ ചികിത്സിക്കാനും മനഃശാസ്ത്രത്തിന് നിർണായകമായ പങ്കുണ്ട്. എന്നാൽ, ‘മനുഷ്യൻ എന്തിനാണ് സൃഷ്ടിക്കപ്പെട്ടത്? അവന്റെ ജീവിതത്തിന്റെ ആത്മീയ ലക്ഷ്യമെന്താണ്? സ്രഷ്ടാവുമായുള്ള ബന്ധം എങ്ങനെയായിരിക്കണം?’ തുടങ്ങിയ മൗലികമായ ചോദ്യങ്ങൾ മതത്തിന്റെയും ദർശനത്തിന്റെയും മേഖലയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അവിടെയാണ് ഈ അന്വേഷണം തസ്വവ്വുഫിന്റെ സൗന്ദര്യത്തിലേക്ക് എന്നെ കൈപിടിച്ചുയർത്തിയത്; അത് ആത്മാവിന്റെ നേർപാതയാണെന്ന സത്യം എന്നെ ബോധ്യപ്പെടുത്തി.
മനുഷ്യന്റെ മനസ്സിനപ്പുറമുള്ള യാത്ര: നഫ്സും ഖൽബും
പരിശുദ്ധ ഖുർആൻ മനുഷ്യനെക്കുറിച്ച് സംസാരിക്കുമ്പോൾ അവന്റെ ബാഹ്യപ്രവർത്തനങ്ങളെ മാത്രമല്ല പരിഗണിക്കുന്നത്; മറിച്ച് നഫ്സ് (Ego/Self), ഖൽബ് (Heart), റൂഹ് (Spirit), അഖ്ൽ (Intellect) തുടങ്ങിയ യാഥാർത്ഥ്യങ്ങളിലൂടെ അവന്റെ ആന്തരിക ലോകത്തെയാണ് അഭിസംബോധന ചെയ്യുന്നത്.
ഈ പദങ്ങൾക്കിടയിലെ സൂക്ഷ്മമായ ബന്ധങ്ങളെക്കുറിച്ച് ഇസ്ലാമിക പണ്ഡിതന്മാർ സമ്പന്നമായ വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. അവയെ ആധുനിക മനഃശാസ്ത്രത്തിലെ സാങ്കേതിക വിഭാഗങ്ങളുമായി പൂർണ്ണമായി തുല്യപ്പെടുത്താനാവില്ലെങ്കിലും, ആത്മപരിശോധനയ്ക്കുള്ള അത്യന്തം ഗൗരവമേറിയൊരു ഭാഷ അവ നമുക്ക് നൽകുന്നുണ്ട്. പരിശുദ്ധ ഖുർആൻ പറയുന്നു:
قَدْ أَفْلَحَ مَنْ زَكَّاهَا وَقَدْ خَابَ مَنْ دَسَّاهَا
“തീർച്ചയായും അതിനെ (നഫ്സിനെ) ശുദ്ധീകരിച്ചവൻ വിജയിച്ചു; അതിനെ മലിനമാക്കിയവൻ പരാജയപ്പെടുകയും ചെയ്തു.” (സൂറത്തുശ്ശംസ്: 9-10)
ഇവിടെ വിജയം ബാഹ്യമായ സമ്പാദ്യത്തിലോ ലൗകിക പദവികളിലോ അല്ല അളക്കപ്പെടുന്നത്. വിശുദ്ധ ഖുർആനിൽ സൂറത്തുൽ ഫാത്തിഹ കഴിഞ്ഞാൽ ഏറ്റവുമധികം ആവർത്തിക്കപ്പെടുന്നതും മനുഷ്യനെ ഉണർത്തുന്നതുമായ ആത്മീയ വചനമാണിത്. മറ്റൊരു വചനത്തിൽ അല്ലാഹു പറയുന്നു:
وَفِي أَنْفُسِكُمْ ۚ أَفَلَا تُبْصِرُونَ
“നിങ്ങളുടെ സ്വന്തം ഉള്ളിലും ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങൾ കാണുന്നില്ലേ?” (സൂറത്തുദ്ദാരിയാത്ത്: 51)
പുറത്തുള്ള ലോകത്തെ നിരീക്ഷിക്കുന്ന മനുഷ്യൻ സ്വന്തം ഉള്ളിലെ ആന്തരിക ദൃഷ്ടാന്തങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ആത്മീയ യാത്രയെ മനസ്സിലാക്കുക എന്നത് മനഃശാസ്ത്രത്തെ നിരാകരിക്കുന്ന ഒന്നല്ല; മറിച്ച്, മനഃശാസ്ത്രം വെളിപ്പെടുത്തുന്ന പരിമിതികളെ തിരിച്ചറിഞ്ഞുകൊണ്ട്, അവയെക്കാൾ ഉയർന്ന ധാർമികവും ആത്മീയവുമായ തലങ്ങളിലേക്ക് കടക്കുന്ന യാത്രയാണത്. മനസ്സിനെ മനസ്സിലാക്കുക എന്നത് ആദ്യപടിയാണ്; എന്നാൽ മനസ്സിന്റെ എല്ലാ ഇച്ഛകളെയും സ്വന്തം യഥാർത്ഥ സ്വത്വമായി അംഗീകരിക്കാതിരിക്കുക എന്നതാണ് ആത്മീയ ശിക്ഷണത്തിന്റെ പ്രധാന പരിശീലനം.
ആത്മീയാനുഭവങ്ങളും മനസ്സിന്റെ വഞ്ചനകളും
ഇവിടെ വളരെ സൂക്ഷ്മമായൊരു വിഷയം നാം ചർച്ച ചെയ്യേണ്ടതുണ്ട്. മനുഷ്യന്റെ മനസ്സ് ചിലപ്പോൾ യാഥാർത്ഥ്യത്തെ തെറ്റായി വ്യാഖ്യാനിക്കാം. നമുക്ക് ലഭിക്കുന്ന ആത്മീയ അനുഭവങ്ങൾ എല്ലായ്പ്പോഴും അവയ്ക്ക് നാം നൽകുന്ന അർത്ഥം തന്നെയായിരിക്കണമെന്നില്ല. മനഃശാസ്ത്രത്തിലും മനോരോഗചികിത്സയിലും ഇതിനെക്കുറിച്ച് വിപുലമായ പഠനങ്ങളുണ്ട്.
ഉദാഹരണത്തിന്, ചില മാനസികാവസ്ഥകളിൽ മനുഷ്യർക്ക് യാഥാർത്ഥ്യബോധത്തെ ബാധിക്കുന്ന ഉറച്ച തെറ്റായ വിശ്വാസങ്ങൾ ഉണ്ടായേക്കാം. ചിലപ്പോൾ അവ മതപരമായ രൂപവും സ്വീകരിക്കാം. തനിക്ക് പ്രത്യേകമായ ദൈവീക ശക്തി ലഭിച്ചുവെന്നോ അസാധാരണമായ ആത്മീയ ദൗത്യം ഏൽപ്പിക്കപ്പെട്ടുവെന്നോ തെറ്റായി വിശ്വസിക്കുന്ന അവസ്ഥകൾ ചിലരിലുണ്ടാകാം. അത്തരം മാനസികാവസ്ഥയിലുള്ളവരെ ആത്മീയത നയിക്കുന്നത് അയഥാർത്ഥമായ ഒരു ലോകത്തിലേക്കായിരിക്കും. അതുകൊണ്ടുതന്നെ, ആത്മപാതയിൽ സ്വന്തം ഭാവനയ്ക്ക് നിറം പകരുന്ന ലളിതമായ നോവലൈറ്റ് പുസ്തകങ്ങളും അതിവൈകാരിക രചനകളും നമ്മെ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിന് പകരം അപകടകരമായ വഴികളിലേക്കാണ് തെന്നിമാറ്റുക.
വ്യക്തിത്വ വൈകല്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ഇവിടെ പ്രസക്തമാണ്. നാർസിസിസ്റ്റിക് (Narcissistic) സ്വഭാവസവിശേഷതകൾ, അമിതമായ അംഗീകാരദാഹം, വിമർശനങ്ങൾ ഉൾക്കൊള്ളാനുള്ള ബുദ്ധിമുട്ട്, മറ്റുള്ളവരെ മാനസികമായി നിയന്ത്രിക്കാനുള്ള പ്രവണത തുടങ്ങിയവ ചിലരിൽ കാണപ്പെടാം. ഇത്തരം പ്രകൃതമുള്ളവർ മതപരമായോ ആത്മീയമായോ ഉള്ള ഉയർന്ന അധികാരസ്ഥാനങ്ങളിൽ എത്തുമ്പോൾ അത് അനുയായികളിൽ ഗുരുതരമായ ആഘാതങ്ങൾ സൃഷ്ടിക്കാം. അവിടെ ബോധം ഉണരുന്നതിന് പകരം ഒരു കൾട്ട് (Cult) രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുക. അങ്ങനെയുള്ളവർ തങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരുടെ മേൽ ബലമായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും, അതിന് വഴങ്ങാത്തവരോട് വൈരാഗ്യത്തോടെ പെരുമാറുകയും ചെയ്യും.
എന്നാൽ, ഇതിനർത്ഥം മാനസികമായ വൈഷമ്യങ്ങളുള്ളവർക്ക് ആത്മീയത അപ്രാപ്യമാണെന്നല്ല. മറിച്ച്, ഈ ആത്മീയ യാത്രയിൽ സ്വന്തം അഹംബോധത്തെയും മാനസികാവസ്ഥകളെയും കൂടി തിരിച്ചറിഞ്ഞ് സ്വയം സംസ്കരിക്കാൻ സാധിച്ചാൽ മാത്രമേ ഒരുവന് യഥാർത്ഥ ആത്മീയതയിലേക്ക് എത്താൻ കഴിയൂ. പ്രണയവും ജ്ഞാനവും ഒരേപോലെ സമന്വയിക്കപ്പെടുമ്പോഴും, ജീവിതത്തിന്റെ വിവിധ മഖാമുകളിലൂടെ (മഖാമാത്ത്) യാഥാർത്ഥ്യബോധത്തോടെയും ഉത്തരവാദിത്വത്തോടെയും സഞ്ചരിക്കുമ്പോഴുമാണ് നമ്മുടെ ഉള്ളിൽ സൂക്ഷ്മതയും കരുണയും ശുദ്ധമായ സ്നേഹവും ഉണരുന്നത്.
ഇവിടെ നമ്മുടെ പ്രധാന ആശങ്ക രോഗാവസ്ഥകളെക്കുറിച്ചല്ല; മറിച്ച്, മനുഷ്യന്റെ സ്വന്തം നഫ്സ് പലപ്പോഴും ആത്മീയതയുടെയും വിശുദ്ധിയുടെയും വസ്ത്രം ധരിച്ച് നമ്മെ തന്നെ വഞ്ചിക്കുന്ന ഭീകരമായ അവസ്ഥയെക്കുറിച്ചാണ്. ഒരാൾക്ക് വലിയ മതവിജ്ഞാനമുണ്ടാകാം; മനോഹരമായി സംസാരിക്കാം; അനേകം അനുയായികളുണ്ടാകാം; വലിയ ആത്മീയ അനുഭവങ്ങൾ അവകാശപ്പെടാനും കഴിഞ്ഞേക്കാം. എന്നാൽ അതൊന്നും അയാളുടെ അഹങ്കാരം പൂർണ്ണമായി ഇല്ലാതായി എന്നതിന് തെളിവല്ല. അതുകൊണ്ടുതന്നെയാണ് തസ്വവ്വുഫിന്റെ പരമ്പരാഗത പാഠങ്ങൾ നഫ്സിന്റെ സൂക്ഷ്മമായ വഞ്ചനകളെക്കുറിച്ച് (മക്റു അന്നുഫൂസ്) നിരന്തരം മുന്നറിയിപ്പ് നൽകുന്നത്.
ഒരു മനുഷ്യൻ ശാരീരികമായും മാനസികമായും ബോധപരമായും നഫ്സിന്റെ കടമ്പകൾ ഭേദിക്കുമ്പോൾ മാത്രമേ യാഥാർത്ഥ്യത്തിലൂന്നിയ ആത്മീയതയിൽ എത്തിച്ചേരാൻ സാധിക്കൂ. അവന്റെ ബോധത്തിൽ നിന്ന് വഞ്ചനാപരമായ അയഥാർത്ഥ ധാരണകളെല്ലാം കൊഴിഞ്ഞുപോകുമ്പോൾ മാത്രമാണ് അവൻ ഇൽമുൽ യഖീൻ (അറിവിലൂടെയുള്ള ഉറപ്പ്) എന്ന അവസ്ഥയിലേക്ക് ഉണരുന്നത്. ഈ ലോകത്ത് നാം കണ്ണുകൊണ്ട് കാണുന്നതിനേക്കാൾ വലിയൊരു സത്യം പിന്നിലുണ്ടെന്നും, ഭൗതികമായത് അയഥാർത്ഥമാണെന്നും തിരിച്ചറിയുമ്പോഴാണ് നാം പൂർണ്ണമായും സത്യത്തിലേക്ക് അടുക്കുന്നത്.
അവിടെ നിന്നാണ് നമ്മുടെ കണ്ണുകളും കാഴ്ചയും കേൾവിയും ഒരു കലങ്ങിയ കുളം തെളിയുന്നത് പോലെ തെളിഞ്ഞുവരുന്നത് (ഐനുൽ യഖീൻ – കണ്ടറിഞ്ഞുള്ള ഉറപ്പ്). തുടർന്ന്, ആത്മാവിന് അനുഭവവേദ്യമാകുന്ന ശുദ്ധമായ യാഥാർത്ഥ്യത്തിലേക്ക് ഒരാൾ എത്തുന്നു (ഹഖ്ഖുൽ യഖീൻ- അനുഭവസത്യം). തസ്വവ്വുഫിന്റെ ഏറ്റവും വലിയ സൗന്ദര്യവും സത്യവും ഇവിടെയാണ് നിലകൊള്ളുന്നത്.

ഇൽമുൽ യഖീനും ‘ഫഖീർ’ എന്ന ആത്മീയ അവസ്ഥയും
ഒരു മനുഷ്യൻ ശാരീരികമായും മാനസികമായും ബോധപരമായും നഫ്സിന്റെ കടമ്പകൾ ഭേദിക്കുമ്പോൾ മാത്രമേ യാഥാർത്ഥ്യത്തിലൂന്നിയ ആത്മീയതയിൽ എത്തിച്ചേരാൻ സാധിക്കൂ. അവന്റെ ബോധത്തിൽ നിന്ന് വഞ്ചനാപരമായ അയഥാർത്ഥ ധാരണകളെല്ലാം കൊഴിഞ്ഞുപോകുമ്പോൾ മാത്രമാണ് അവൻ ഇൽമുൽ യഖീൻ (അറിവിലൂടെയുള്ള ഉറപ്പ്) എന്ന അവസ്ഥയിലേക്ക് ഉണരുന്നത്. ഈ ലോകത്ത് നാം കണ്ണുകൊണ്ട് കാണുന്നതിനേക്കാൾ വലിയൊരു സത്യം പിന്നിലുണ്ടെന്നും, ഭൗതികമായത് അയഥാർത്ഥമാണെന്നും തിരിച്ചറിയുമ്പോഴാണ് നാം പൂർണ്ണമായും സത്യത്തിലേക്ക് അടുക്കുന്നത്.
അവിടെ നിന്നാണ് നമ്മുടെ കണ്ണുകളും കാഴ്ചയും കേൾവിയും ഒരു കലങ്ങിയ കുളം തെളിയുന്നത് പോലെ തെളിഞ്ഞുവരുന്നത് (ഐനുൽ യഖീൻ – കണ്ടറിഞ്ഞുള്ള ഉറപ്പ്). തുടർന്ന്, ആത്മാവിന് അനുഭവവേദ്യമാകുന്ന ശുദ്ധമായ യാഥാർത്ഥ്യത്തിലേക്ക് ഒരാൾ എത്തുന്നു (ഹഖ്ഖുൽ യഖീൻ- അനുഭവസത്യം). തസ്വവ്വുഫിന്റെ ഏറ്റവും വലിയ സൗന്ദര്യവും സത്യവും ഇവിടെയാണ് നിലകൊള്ളുന്നത്.
ബാല്യകാലത്ത് ഞാൻ കണ്ട ആ സാധു മനുഷ്യരിലെല്ലാം ഈ ഉന്നത നില നിഴലിട്ടുനിന്നിരുന്നു എന്ന് ഇന്ന് ഞാൻ അത്ഭുതത്തോടെ തിരിച്ചറിയുന്നു. അവർ യാതൊരുവിധ ലൗകിക ഭാരങ്ങളുമില്ലാതെ, അങ്ങേയറ്റം ശാന്തമായ ആത്മീയ അനുഭൂതിയിലും പരിശുദ്ധിയിലും ജീവിച്ചു തീർക്കുകയും, പുഞ്ചിരിയോടെ ഈ ലോകത്തുനിന്ന് യാത്ര പറയുകയും ചെയ്തു. അവർ തങ്ങളെത്തന്നെ വിശേഷിപ്പിച്ചിരുന്നത് ‘ഫഖീർ’ (നിസ്വൻ – അല്ലാഹുവിന്റെ മുന്നിൽ മാത്രം ആവശ്യക്കാരായി നിൽക്കുന്നവർ) എന്നായിരുന്നു. അതൊരു കേവല ദാരിദ്ര്യമല്ല, മറിച്ച് അല്ലാഹുവിലേക്ക് മാത്രം അടിയറവ് വെച്ച ഉന്നതമായ ഒരു ആത്മീയ പദവിയാണെന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്നത് എന്റെ യാത്രകളും ഗുരുക്കന്മാരുമാണ്. ഇന്ന് എന്നെ ഈ പാതയിൽ ഏറ്റവും കൂടുതൽ പ്രചോദിപ്പിക്കുന്ന ആത്മീയ ലക്ഷ്യവും ഈ ഫഖ്റിന്റെ അവസ്ഥ തന്നെയാണ്.
എന്നാൽ, ഇതിന് വിപരീതമായി നഫ്സ് ആത്മീയതയുടെ വസ്ത്രം ധരിക്കുമ്പോൾ മനുഷ്യൻ തന്റെ വ്യാജമായ ആത്മീയതയിൽ തന്നെ അഭിമാനിക്കാൻ തുടങ്ങുന്നു:
“ഞാൻ മറ്റുള്ളവരെക്കാൾ കൂടുതൽ അറിയുന്നു.”
“ഞാൻ ഉയർന്ന മഖാമിലാണ്.”
“എന്റെ ആത്മീയാനുഭവം മറ്റുള്ളവരുടേതിനേക്കാൾ ശ്രേഷ്ഠമാണ്.”
“എന്റെ ഗുരുവാണ് ഏറ്റവും ഉന്നതൻ, എന്റെ വഴിയാണ് ഏറ്റവും പരിശുദ്ധം.”
ഇത്തരം ചിന്തകൾ മനുഷ്യന്റെ ഉള്ളിൽ രൂപപ്പെടുമ്പോൾ, പുറമേ എത്ര വലിയ ആത്മീയ ഭാഷ സംസാരിച്ചാലും അകത്ത് പ്രവർത്തിക്കുന്നത് പഴയ അഹങ്കാരമുള്ള നഫ്സ് തന്നെയായിരിക്കും. പരിശുദ്ധ ഖുർആൻ കൃത്യമായ മുന്നറിയിപ്പ് നൽകുന്നുണ്ട്:
فَلَا تُزَكُّوا أَنْفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ اتَّقَىٰ
“നിങ്ങൾ സ്വയം പരിശുദ്ധരാണെന്ന് അവകാശപ്പെടരുത്; ആരാണ് സൂക്ഷ്മതയുള്ളവൻ എന്ന് അവനാണ് ഏറ്റവും നന്നായി അറിയുന്നത്.” (സൂറത്തുന്നജ്മ്: 32)
ഈ വചനം മറ്റുള്ളവരെ വിചാരണ ചെയ്യുന്നതിന് മുൻപ് സ്വന്തം ഉള്ളിലേക്ക് നോക്കാൻ നിരന്തരം എന്നെ ഓർമ്മിപ്പിക്കുന്നു. ഒരു മനുഷ്യൻ തന്റെ ആത്മീയാവസ്ഥയെക്കുറിച്ചും യാഥാർത്ഥ്യങ്ങളെക്കുറിച്ചും സംസാരിക്കുന്നതും, സ്വന്തം ആത്മീയ മഹത്വം അഹങ്കാരത്തോടെ പ്രഖ്യാപിക്കുന്നതും ഒരേ കാര്യമല്ല. അതുപോലെ, മറ്റൊരാൾ തന്റെ ആത്മീയാനുഭവത്തെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ് മനസ്സിലാക്കാതെ അതിനെ കേവലം അഹങ്കാരമായി വിധിച്ചുകളയുന്നതും സൂക്ഷിക്കേണ്ടതുണ്ട്. ഇവിടെയാണ് തസ്വവ്വുഫിലെ അദബ് (ആത്മീയ മര്യാദ) പ്രസക്തമാകുന്നത്. അദബ് എന്നാൽ വെറും വിനയമുള്ള വാക്കുകൾ മാത്രമല്ല; മറിച്ച്, മറ്റൊരാളുടെ ആന്തരികാവസ്ഥയെക്കുറിച്ചുള്ള സ്വന്തം അറിവിന്റെ പരിമിതികളെ തിരിച്ചറിയൽ കൂടിയാണ്.
സാലിക്കുകളുടെ വ്യത്യസ്ത വഴികളും മഖാമാത്തുകളും
തസ്വവ്വുഫിന്റെ പാരമ്പര്യത്തിൽ മഖാമാത്ത് (مقامات – ആത്മീയ പദവികൾ), അഹ്‌വാൽ (أحوال – ആത്മീയ അനുഭവതലങ്ങൾ) എന്നീ ആശയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ആത്മീയ ശിക്ഷണത്തിലൂടെയും നിരന്തരമായ ആത്മസമരത്തിലൂടെയും വളർത്തിയെടുക്കുന്ന ഉയർന്ന നിലകളെയാണ് ‘മഖാമാത്ത്’ സൂചിപ്പിക്കുന്നത്. തൗബ (പശ്ചാത്താപം), സ്വബ്റ് (ക്ഷമ), ശുക്റ് (നന്ദി), തവക്കുൽ (ഭരമേൽപിക്കൽ), റിളാ ബിൽ ഖളാഅ് (ദൈവവിധികളോടുള്ള പൊരുത്തപ്പെടൽ) തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നു. എന്നാൽ ‘അഹ്‌വാൽ’ എന്നത് ഒരു സാലിക്കിന്റെ (ആത്മീയ വഴിയിലെ സഞ്ചാരിയുടെ) ഹൃദയത്തിൽ പെട്ടെന്ന് അനുഭവപ്പെടുന്ന ദൈവീകാനുഭവങ്ങളുടെ അവസ്ഥകളാണ്. ഈ ഘട്ടങ്ങളിലെല്ലാം ഗുരുവിന്റെ സാന്നിധ്യവും, ശൈഖുമാരുടെ ഇജാസയും (അനുമതിയും), പൂർവ്വസൂരികളുടെ പ്രാർത്ഥനകളും നമുക്ക് വലിയൊരു വഴികാട്ടിയായി മാറുന്നു.
എല്ലാ സാലിക്കുകളും ഒരേ അനുഭവങ്ങളിലൂടെ ഒരേ ക്രമത്തിൽ സഞ്ചരിക്കണമെന്നില്ല. ഒരാളുടെ യാത്ര ആത്മീയ അറിവുകളിലൂടെ ആരംഭിക്കാം; മറ്റൊരുവന്റേത് വലിയ നഷ്ടങ്ങളിലൂടെയോ, പരിശുദ്ധ ഖുർആൻ പഠനത്തിലൂടെയോ, കവിതകളിലൂടെയോ ആരംഭിക്കാം. എന്റെ യാത്ര ആരംഭിച്ചത് ബാല്യത്തിലെ ആത്മീയ ഓർമ്മകളും ഓസ്ട്രേലിയയിലെ വിശാലമായ ജീവിതാനുഭവങ്ങളും മനുഷ്യന്റെ മനസ്സിനെക്കുറിച്ചുള്ള ശാസ്ത്രീയ അന്വേഷണങ്ങളും പരസ്പരം ചേർന്നാണ്. അപ്പോൾ മറ്റൊരു സാലിക്കിന്റെ അനുഭവങ്ങളെ അതേ അളവുകോൽ വെച്ച് വിധിക്കാൻ എനിക്ക് സാധിക്കില്ലല്ലോ? വ്യത്യസ്തമായ ആത്മീയ അനുഭവങ്ങളെ ആദരിക്കുന്നതും, അവയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്.
തുടരും…



