ഖാജാ ബാഖി ബില്ലാഹ്(റ)യും സർവ്വമതസത്യവാദത്തെ കടപുഴക്കി എറിഞ്ഞ നഖ്ശബന്തി സരണിയും

നബീല്‍ മുഹമ്മദലി :

ഇന്ത്യയില്‍ ഇസ്‌ലാമിക വൃക്ഷത്തിന് വളര്‍ന്ന് പന്തലിക്കാന്‍ വെള്ളവും വളവും നല്‍കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുള്ളത് രണ്ട് ആത്മീയ സരണികളാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഒന്ന് ചിശ്ത്തി ത്വരീഖത്തും രണ്ട് നഖ്ശബന്തി ധാരയുമാണവ. ഇസ്‌ലാമിലെ മറ്റു സുപ്രധാന ആത്മീയ സരണികളായ ഖാദിരിയ, സുഹ്‌റവര്‍ദിയ സരണികള്‍ അതിന്റെ തുടക്കം മുതല്‍ തന്നെ ഇന്ത്യയില്‍ വേരൂന്നിയിട്ടുണ്ടെങ്കിലും പൊതുവായ സ്വാധീനം ചെലുത്തിയ മുജദ്ദിദുകള്‍ വന്നത് മേല്‍ പറഞ്ഞ രണ്ട് ധാരയില്‍ നിന്നായിരുന്നു. ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തി(റ)യാണ് ചിശ്ത്തി ത്വരീഖത്തില്‍ നിന്നുണ്ടായ മഹാപ്രബോധകനെങ്കില്‍ നഖ്ശബന്തിയില്‍ നിന്നും മുജദിദ് അല്‍ഫസാനി അഹ്മദുല്‍ ഫാറൂഖ് സര്‍ഹിന്ദി(റ)യാണ് ആ നിലയില്‍ പ്രശോഭിച്ചത്. എന്നാല്‍, ഈ രണ്ട് മഹാവ്യക്തിത്വങ്ങളുടെയും മുമ്പ് തന്നെ അവരുടെ ആധ്യാത്മിക സരണികള്‍ ഇവിടെ സ്ഥാപിതമായിട്ടുണ്ട്. ഖാജാ അബൂമുഹമ്മദ് ചിശ്ത്തി(റ)ഹിജ്‌റ 411ല്‍ തന്നെ ഇന്ത്യയിലേക്ക് എത്തിയിട്ടുള്ള ചിശ്ത്തി ശൈഖാണെങ്കില്‍ അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്നെത്തിയ ഖാജാ ബാക്കിബില്ലാഹി (റ)(ഹിജ്‌റ 918-1012 )
യാണ് ഇന്ത്യയിലെ ആദ്യത്തെ നഖ്ശബന്തി ശൈഖ്. ന്യൂഡല്‍ഹിയിലെ സദര്‍ബസാറില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖാജാ ബാക്കിബില്ലാഹി (റ) ശിഷ്യന്‍ സര്‍ഹിന്ദി (റ)യോളം പ്രസിദ്ധരല്ലെങ്കിലും നഖ്ശബന്തികളുടെ സനദുകള്‍ മുഴുവന്‍ ചെന്നു ചേരുന്ന സുപ്രധാന കേന്ദ്രമാണ് മഹാനവര്‍കള്‍.
റളിയുദ്ദീന്‍ മുഹമ്മദ് ബാഖി എന്നാണ് ബാക്കിബില്ലാഹി (റ)യുടെ യഥാര്‍ത്ഥ പേര്. ഖാസി അബ്ദുസ്സലാം ഖില്‍ജി സമര്‍ക്കന്തി ഖുറേശിയാണ് ബാക്കിബില്ലാഹി(റ)യുടെ പിതാവ്. അഫ്ഗാനിസ്ഥാനിലെ കാബൂളിലെ വളരെ പ്രസിദ്ധരായ സൂഫിയും പണ്ഡിതനുമായിരുന്നു ആ പിതാവ്. ഹിജ്‌റ 918ലാണ് ഖാജാ ബാക്കിബില്ലാഹ്(റ) ജനിക്കുന്നത്. ഖാജാ സഅദ് എന്ന പണ്ഡിതന്റെ അരികില്‍ അഞ്ച് വര്‍ഷം താമസിച്ചു കൊണ്ട് ബാക്കിബില്ലാഹ്(റ) ഖുര്‍ആന്‍ പഠിച്ചു. എട്ട് വയസ്സില്‍ ബാക്കിബില്ലാഹ്(റ) ഖുര്‍ആന്‍ മനഃപാഠമാക്കി. പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം മൗലാന സാദിഖ് ഹില്‍വി(റ)യുടെ പക്കല്‍ ഉപരിപഠനത്തിന് പോയി. ആ മഹാനായ പണ്ഡിതന്റെ മുഖത്തെ ആത്മീയ പ്രകാശമാണ് ബാക്കിബില്ലാഹി(റ)യെ തസ്വവുഫിന്റെ പാന്ഥാവിലേക്ക് പ്രചോദിപ്പിച്ചത്. ലാളിത്യവും ഏകാന്ത ജീവിതവും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. മാവറാഉനഹ്‌റ് എന്ന അക്കാലത്തെ ധാരാളം സൂഫികള്‍ വസിക്കുന്ന പ്രദേശത്തേക്ക് ബാക്കിബില്ലാഹ്(റ) പോവുകയും അവിടെ നിന്ന് കുറെ സൂഫി ശൈഖന്മാരുമായി സഹവസിക്കുകയും ആത്മജ്ഞാനം കരസ്ഥമാക്കുകയും ചെയ്തു. ആധുനിക കാലത്ത് ട്രാന്‍സോക്‌സാനിയ എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രദേശം ഉസ്ബക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, തെക്കന്‍ കിര്‍ഗിസ്ഥാന്‍, തെക്ക്-പടിഞ്ഞാറ് കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്. രണ്ട് നദികള്‍ക്കിടയിലുള്ള ഭൂഭാഗമായതിനാലാണ് മുസ്‌ലിംകളുടെ ഖിലാഫത്ത് കാലഘട്ടത്തില്‍ ഇതിനെ മാവറാഉനഹ്‌റ് എന്ന് നാമകരണം ചെയ്യപ്പെട്ടത്. ആ മാവറാഉനഹ്‌റില്‍ വെച്ച് മൗലാന ലുത്ഫുല്ലാഹി(റ)യുടെ ഖലീഫയായ ഖാജ ഉബൈദ് (റ)എന്നവരെയാണ് ബാക്കിബില്ലാഹ്(റ) ആദ്യം സന്ധിച്ചത്. ആ ബന്ധത്തില്‍ സംതൃപ്തനാകാതെ ബാക്കിബില്ലാഹി (റ) അടുത്ത ശൈഖിനെ തേടി. ഹസ്രത്ത് ശൈഖ് സമര്‍ക്കന്തി എന്നവരുടെ അടുത്താണ് രണ്ടാമത് എത്തിപ്പെട്ടത്. ആ ശൈഖ് അവര്‍കള്‍ ബാക്കിബില്ലാഹി(റ)ക്ക് വേണ്ടി നന്നായി ദുആ ചെയ്തു കൊടുത്തിരുന്നു. പക്ഷെ പൂര്‍ണ്ണമായ തൃപ്തി അവിടെ നിന്നും ലഭിച്ചില്ല. അതിന് ശേഷം ഹസ്രത്ത് അമീര്‍ അബ്ദുല്ലാഹ് ബാല്‍ക്കി(റ)യുമായി സഹവസിച്ചു. അവിടെ നിന്നാണ് സംതൃപ്തമായ വിധം ആത്മജ്ഞാനം പാനം ചെയ്യാന്‍ മഹാനവര്‍കള്‍ക്ക് സാധിച്ചത്.
ബാക്കിബില്ലാഹി (റ) യുടെ പഠനകാലത്തൊരിക്കല്‍, തസ്വവുഫിന്റെ കിതാബ് നോക്കി കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു പ്രകാശം അനുഭവപ്പെട്ടു. ആ പ്രകാശത്തില്‍ ഖാജ ബഹാവുദ്ദീന്‍ നഖ്ശബന്തി(റ)യെ ആധ്യാത്മികമായി ദര്‍ശിക്കാന്‍ സാധിച്ചു. അവരുടെ ത്വരീഖിലെ പില്‍ക്കാലത്തെ പ്രധാന ഖലീഫയായി പ്രബോധന രംഗത്ത് വരാനിരിക്കുന്നവരാണ് ബാക്കിബില്ലാഹ്(റ) എന്നാണല്ലോ അല്ലാഹുവിന്റെ തീരുമാനം. ആ തീരുമാനത്തിന്റെ ബഹിസ്ഫുരണം ആത്മീയ ലോകത്ത് നിന്ന് നേരത്തെ ലഭിച്ചതായിരുന്നു ഈ കാഴ്ച്ചയിലൂടെ. ഈ കാഴ്ച്ചക്ക് ശേഷം ബാക്കിബില്ലാഹി(റ) യുടെ മനസ്സില്‍ അല്ലാഹുവിനോടും റസൂല്‍(സ്വ)യോടും അതിയായ സ്‌നേഹം തളിരിടാന്‍ തുടങ്ങി. പ്രവാചകരോടുളള സ്‌നേഹവും പ്രവാചക ചര്യയെ അനുധാവനം ചെയ്യാനുള്ള അഭിവാജ്ഞയും ശൈഖില്‍ രൂഢമൂലമായിരുന്നു. പ്രവാചകരുടെ നടപടികളെ അനുധാവനം ചെയ്യുന്നത് സാധാരണ സ്വാലിഹീങ്ങളില്‍ കാണപ്പെടുന്നതാണ്. എന്നാല്‍, പ്രവാചകരുടെ ഹാലുകളെ(ആന്തരീക അവസ്ഥകള്‍) പകര്‍ത്താന്‍ കഴിയലാണ് ആരിഫീങ്ങളുടെ സവിശേഷത. പ്രവാചകര്‍(സ്വ)യുടെ നിസ്‌കാരത്തില്‍ അവിടുത്തെ ഖല്‍ബില്‍ നിന്ന് ഭയഭക്തിയുടെ ഭാഗമായി ഒരു ശബ്ദം പുറത്ത് വന്നിരുന്നതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടല്ലോ? അതേപ്രകാരം ഖാജ ബാഖിബില്ലാഹി(റ)യുടെ നിസ്‌കാരങ്ങളിലും അനുഭവപ്പെട്ടിട്ടുള്ളതായി മഹാനവര്‍കളുടെ മുരീദന്മാര്‍ നിവേദനം ചെയ്തിട്ടുണ്ട്.
ഒരിക്കല്‍ മാവറാഉനഹറിലേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കെ മാവറാഉനഹറിലെ ശൈഖ് ഖാജാ അംഗക്കി(റ)യെ സ്വപ്ന ദര്‍ശനം ചെയ്തു. അദ്ദേഹം സ്വപ്നത്തില്‍ ബാക്കിബില്ലാഹി(റ)യെ അദ്ദേഹത്തിന്റെ അടുത്തേക്ക് ക്ഷണിച്ചു. ആ ക്ഷണ പ്രകാരം അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നപ്പോള്‍ ബാക്കിബില്ലാഹി (റ) സ്വീകരിക്കുകയും തന്റെ പിൻഗാമിയായി നിയോഗിക്കുകയും നഖ്ശബന്തി സരണി ഇന്ത്യയില്‍ പോയി സ്ഥാപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇന്ത്യയില്‍ പോയി ദഅവത്ത് ചെയ്യുക എന്ന ആ ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ താന്‍ അശക്തനാണെന്നാണ് ബാക്കിബില്ലാഹ്(റ) അവിടുത്തെ ശൈഖിനോട് അപ്പോള്‍ പ്രതികരിച്ചത്. ശൈഖ് പറഞ്ഞു, ”ഇസ്തിഖാറത്ത് ചെയ്തു നോക്കൂ…”.
നബി(സ്വ) സ്വഹാബികളോട് ഏത് കാര്യത്തിലേക്ക് പ്രവേശിക്കുമ്പോളും ഇസ്തിഖാറ ചെയ്യാന്‍ നിര്‍ദേശിക്കാറുള്ളതായി ഹദീസുകള്‍ പഠിപ്പിക്കുന്നതാണല്ലോ? തൗഹീദിലധിഷ്ഠിതമായി ജീവിക്കുന്നവര്‍ക്ക് ഇസ്തിഖാറത്ത്(ഖൈറായ മാര്‍ഗം അല്ലാഹുവിനോട് ചോദിക്കല്‍) അവരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അല്ലാഹുവിന്റെ ദിക്‌റ് കൊണ്ട് മനസ്സിന് ജീവന്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് ഇസ്തിഖാറ ചെയ്താല്‍ വ്യക്തമായ മറുപടി ലഭിക്കാറുണ്ട്. അല്ലാഹുവിന്റെ ദിക്‌റില്‍ മനസ്സ് ലയിച്ച ആരിഫുകളായ ആളുകളില്‍പ്പെട്ട ബാഖിബില്ലാഹി (റ)യോട് അതാണ് അവിടുത്തെ ശൈഖ് നിര്‍ദേശിച്ചത്. ആ നിര്‍ദേശ പ്രകാരം ബാഖിബില്ലാഹ്(റ) ഇസ്തിഖാറ ചെയ്തപ്പോള്‍ അദ്ദേഹത്തിന് ഒരു സ്വപ്ന ദര്‍ശനം ഉണ്ടായി. അദ്ദേഹം ഒരു തത്ത മരച്ചില്ലയില്‍ ഇരിക്കുന്നതായിട്ടാണ് സ്വപ്നം കണ്ടത്. അപ്പോള്‍ തന്നെ അദ്ദഹത്തിന്റെ മനസ്സിലേക്ക് ഒരു ആശയം വന്നു. ഈ തത്ത എന്റെ കൈയ്യിന്മേല്‍ വന്നിരുന്നാല്‍ എനിക്ക് ഇന്ത്യയിലേക്കുള്ള യാത്ര ഖൈറാണ്. അത് വിചാരിക്കേണ്ട താമസം തത്ത പറന്നു വന്ന് അദ്ദേഹത്തിന്റെ കൈയ്യിന്മേലിരുന്നു. അപ്പോള്‍ ബാക്കിബില്ലാഹ്(റ) തന്റെ ഉമിനീരെടുത്ത് തത്തയുടെ ചുണ്ടില്‍ പുരട്ടി കൊടുത്തു. ഉടനെ തത്ത തന്റെ കൊക്ക് കൊണ്ട് ബാക്കിബില്ലാഹി(റ)യുടെ വായയിലേക്ക് തിരിച്ച് കുറച്ച് പഞ്ചസാര ഇട്ടു കൊടുത്തു. ഈ സ്വപ്ന വിവരം ശൈഖിനോട് വിവരിച്ചപ്പോള്‍ ശൈഖ് അവര്‍കള്‍ അതിന്റെ വ്യഖ്യാനം പറഞ്ഞു കൊടുത്തു. തത്ത ഇന്ത്യന്‍ പക്ഷിയായതിനാല്‍ ഇന്ത്യയില്‍ നിന്ന് തനിക്ക് ഒരു മുരീദ് ഉണ്ടാകുമെന്നും ആ മുരീദ് മുഖേന വലിയ നേട്ടം ഉണ്ടാകാന്‍ പോകുന്നുണ്ടെന്നുമാണ് ശൈഖ് പറഞ്ഞത്. ബാക്കിബില്ലാഹ്(റ)ഉമിനീര്‍ പുരട്ടി കൊടുത്തത് ആ മുരീദിന് കൊടുക്കുന്ന ആധ്യാത്മിക പരിശീലനമായും തിരിച്ച് തത്ത പഞ്ചസാര വായില്‍ ഇട്ടു കൊടുക്കുന്നത് ആ മുരീദ് മുഖേന നടക്കുന്ന ദീനി ദഅവത്തിന്റെ വിജയമായും മനസ്സിലാക്കാവുന്നതാണ്. ‘
ആ സ്വപ്നാനുഭവത്തിന്റെയും ശൈഖിന്റെ വ്യഖ്യാനത്തിന്റെയും വെളിച്ചത്തില്‍ ബാക്കിബില്ലാഹ്(റ) ഇന്ത്യയിലേക്ക് വന്നു. ആദ്യം ലാഹോറില്‍ ഒരു വര്‍ഷം താമസിച്ചു. പിന്നീട് ഡല്‍ഹിയിലേക്ക് വരികയും അവിടെ യമുനയുടെ തീരത്തുള്ള ഖില്ല ഫിറോസാബാദില്‍ താമസിക്കുകയും ചെയ്തു.
ഖാജ ബാക്കിബില്ലാഹ്(റ) ഇന്ത്യയിലേക്ക് വരുന്ന കാലഘട്ടത്തില്‍ (എ.ഡി 1556-1605)ഇന്ത്യയില്‍ ഇസ്‌ലാമിന് വിനാശകരമായ അവസ്ഥയാണ് നിലനിന്നിരുന്നത്. അകബര്‍ ചക്രവര്‍ത്തിയുടെ ദീനെ ഇലാഹി മുഖേന സംഭവിച്ചു കൊണ്ടിരുന്ന ദീനി അധഃപതനത്തിന്റെ അവസ്ഥ അറിയുന്നതിനാലാകണം ബാഖിബില്ലാഹ്(റ) ഇന്ത്യയിലെ ദഅവ ദൗത്യത്തിന് താന്‍ അശക്തനാണെന്ന് നേരത്തെ അഭിപ്രായപ്പെട്ടത്. എന്നാല്‍, തന്റെ ശിഷ്യന്‍ മുഖേന ദഅവത്തിന്റെ രംഗത്ത് വലിയ വിജയം കൈവരിക്കാന്‍ സാധിക്കുമെന്നാണ് സ്വപ്നത്തിലൂടെ ലഭിച്ച സൂചന. എ.ഡി. 1581-ലാണ് അക്ബര്‍ ചക്രവര്‍ത്തി ദീനെ ഇലാഹി സ്ഥാപിക്കുന്നത്. അദ്ദേഹത്തെ സ്വാധീനിച്ച രണ്ട് ശീഈ പണ്ഡിതരാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഐഹിക മോഹികളും യഥാര്‍ത്ഥ വിശ്വാസം കരസ്ഥമാക്കാത്തവരുമായ പണ്ഡിതര്‍ അവര്‍ സുന്നി പക്ഷത്ത് നിലയുറപ്പിച്ചാല്‍ പോലും നാശമായിരിക്കും. ഉള്ളില്‍ വിശ്വാസമില്ലാത്ത മുനാഫിഖുകള്‍ അറിവിനെ കൈകാര്യം ചെയ്താല്‍ നിഷ്‌കളങ്കരായ പാമര വിശ്വാസികളെ വഴിതെറ്റിക്കല്‍ എളുപ്പമായിരിക്കും. ആദ്യകാലത്ത് നിഷ്‌കളങ്ക വിശ്വാസിയായിരുന്ന ദീനില്‍ പാമരനായ അക്ബറിന് സംഭവിച്ചത് അതാണ്. ദീനെ ഇലാഹി സ്ഥാപിച്ചതോടെ ദീനെ ഇലാഹി എന്ന മതത്തിന്റെ ആശയ പ്രകാരം കോടതി വിധികളും മറ്റു ഫത്ത്‌വകളും നിര്‍വഹിക്കാന്‍ അക്ബര്‍ ചക്രവര്‍ത്തി പണ്ഡിതന്മാരെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. അതില്‍ വിശ്വാസത്തിന് പ്രാധാന്യം കല്‍പ്പിച്ചിരുന്ന പണ്ഡിതരെല്ലാം വിസമ്മതിച്ചു. അതല്ലാത്തവര്‍ അതിന് വശംവദരാവുകയും ചെയ്തു. അതോടെ സമൂഹത്തില്‍ നിലനിന്നിരുന്ന ഇസ്ലാമിക അന്തരീക്ഷം മലീമസമായി. ഈ മലീമസമായ സാഹചര്യത്തില്‍ ദീനിനെ പുനരുജ്ജീവിപ്പിക്കുന്ന ദൗത്യമാണ് നഖ്ശബന്തി ആധ്യാത്മിക സരണിക്ക് നിര്‍വഹിക്കാനുണ്ടായിരുന്നത്.
ഒരുതരം സര്‍വ്വമത സത്യവാദമായിരുന്നു ദീനെ ഇലാഹി എന്ന അക്ബര്‍ ചക്രവര്‍ത്തിയുണ്ടാക്കിയ മതം. ഹൈന്ദവതയുടെ ആശയങ്ങളുടെ സ്വാധീനവും അതിനെ ഇസ്ലാമിലേക്ക് ദുര്‍വ്യഖ്യാനിച്ച് അവതരിപ്പിക്കുന്ന അവാന്തര ധാരയിൽ പെട്ട പണ്ഡിതരുടെ സ്വാധീനവുമാണ് അക്ബറിനെ ഈ വഴികേടിലേക്ക് നയിച്ചത്. അതുകൊണ്ട് തന്നെ ശുദ്ധ തൗഹീദില്‍ അധിഷ്ഠിതമായി നിലനിന്നിരുന്ന വഹ്ദത്തുല്‍ വുജൂദ് പോലുള്ള സൂഫി തത്വദര്‍ശനങ്ങളെ ഹൈന്ദവതയുടെ അദ്വൈത വാദമായി അവതരിപ്പിക്കുന്ന അവസ്ഥ സംജാതമായി. ഈ കാലുഷ്യ പൂര്‍ണ്ണമായ സാഹചര്യത്തിലാണ് ബാക്കിബില്ലാഹി(റ)യുടെ അരുമ ശിഷ്യനായ അഹ്മദുല്‍ ഫാറൂഖ് സര്‍ഹിന്ദി(റ) രംഗപ്രവേശം ചെയ്യുന്നതും വഹ്ദത്തുല്‍ വുജൂദിനെ മറ്റൊരർത്ഥത്തിൽ പുനർ വ്യാഖ്യാനിക്കുന്ന വഹ്ദത്തു ശ്ശുഹൂദ് അവതരിപ്പിക്കുന്നതും. തൗഹീദിലധിഷ്ഠിതമായ വഹ്ദത്തുല്‍ വുജൂദിനോട് താദാത്മ്യപ്പെട്ട സർ ഹിന്ദി (റ) യഥാര്‍ത്ഥത്തില്‍ തിരുത്തിയത് വഹ്ദത്തുൽ വുജൂദിന്റെ മറവിൽ നിലനിന്ന അദ്വൈതവാദത്തെയും സർവമത സത്യവാദത്തെയുമാണ്.

വാസ്തവത്തിൽ ജനങ്ങൾ ദീനില്‍ നിന്ന് തന്നെ വ്യതിചലിച്ചു പോയി കൊണ്ടിരുന്ന സങ്കീർണതയേറിയ ഒരു സാഹചര്യത്തില്‍, അതിന് വേണ്ടി ദുര്‍വ്യഖ്യാനം ചെയ്യപ്പെട്ട ഒരു തത്വത്തെ തന്നെ തിരുത്തി അവതരിപ്പിക്കുകയായിരുന്നു സർഹിന്ദി (റ). സൃഷ്ടിയും സ്രഷ്ടാവും ഒന്നാകുന്ന അദ്വൈത ആശയമായി ദുര്‍വ്യാഖ്യാനിക്കപ്പെട്ട ഒരു സാങ്കേതിക പദത്തെ മറ്റൊരു സാങ്കേതിക പദം പകരം വെച്ച് തിരുത്തുകയാണ് സ്മര്യ പുരുഷൻ ചെയ്തത്.

വഹ്ദത്തുല്‍ വുജൂദ് തെറ്റായി വ്യഖ്യാനിക്കപ്പെട്ടപ്പോള്‍ ആ ദര്‍ശനത്തെ തന്നെ ഖണ്ഡിച്ചു കൊണ്ട് വഹ്ദത്തു ശുഹൂദിനെ സ്ഥാപിച്ചത് ശരീഅത്തുല്‍ ഇസ്‌ലാമിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ മുന്‍നിര്‍ത്തിയാണ്. ശരീഅത്തിനെ നിലനിര്‍ത്തുന്നതോടൊപ്പം മഅരിഫത്തിന്റെ അനുഭവ സാക്ഷ്യങ്ങളിലേക്കുള്ള വാതായനങ്ങളെ നിഷേധിക്കപ്പെടാതിരിക്കാനുള്ള ശുഷ്കാന്തിയും സര്‍ഹിന്ദി(റ)യില്‍ സമ്മേളിച്ചിരുന്നതിനാലാണ് ഈ വിധം ഒരു നവീകരണത്തിന് സ്മര്യപുരുഷൻ മുന്നിട്ടിറങ്ങിയത്. വ്യഖ്യാനതലങ്ങളില്‍ വഹ്ദത്തുല്‍ വുജൂദും – ശുഹൂദും രണ്ടാണെങ്കിലും അന്ത:സത്തയില്‍ ഒന്ന് തന്നെയാണെന്ന് മഅരിഫത്തിന്റെ ആളുകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നതാണ്. ഈ വിധത്തിലുളള ഉത്തരവാദിത്തത്തിലേക്ക് ഇമാം സര്‍ഹിന്ദി (റ)യെ കൈപിടിച്ചുയര്‍ത്തിയ ശൈഖാണ് ഖാജ ബാക്കിബില്ലാഹ്(റ) എന്നത് തന്നെ ആ മഹാനായ സൂഫി ശൈഖിന്റെ സ്ഥാന മഹത്വങ്ങളെ അനാവരണം ചെയ്യാന്‍ പര്യപ്തമായതാണ്.

വഹ്ദത്തുല്‍ വുജൂദിനെ അംഗീകരിച്ചിരുന്ന ഖ്വാജ ബാഖിബില്ലാഹ്(റ) അടക്കമുള്ള മുന്‍ഗാമികളായ മശാഇഖുകള്‍ക്കെതിരെയല്ല സര്‍ഹിന്ദി(റ)യുടെ നീക്കമുണ്ടായത് എന്ന് മനസ്സിലാക്കാത്ത ചിലരുണ്ട്. അവര്‍ തസ്വവുഫിന്റെ പാതയെ പുറമെ നിന്ന് വീക്ഷിച്ചതിനാലാണ് അത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടായത്. തസ്വവുഫിന്റെ ഉള്ളിലേക്ക് പ്രവേശിച്ചവര്‍ തൗഹീദിന്റെ തത്വത്തെയും അതിന്റെ അനുഭവൈകമായ തലങ്ങളെയും മനസ്സിലാക്കുകയും ദീനിന്റെ അടിത്തറക്ക് ഹാനികരമായേക്കാവുന്നവകളെ വര്‍ജിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുകയും ചെയ്തവര്‍ ഒരിക്കലും സര്‍ഹിന്ദി (റ)യുടെ നടപടിയെ തെറ്റായി മനസ്സിലാക്കുന്നതല്ല.
ഖ്വാജ ബാഖിബില്ലാഹി(റ) ഇന്ത്യയില്‍ നഖ്ശബന്തി സരണിയെ ശക്തിപ്പെടുത്തുകയും അത് മുഖേനയുള്ള ദീനി ദഅവത്ത് ശക്തി പ്രാപിക്കുകയും ചെയ്തു. മുഗള്‍ സാമ്രാജ്യത്തിലെ പ്രഭുക്കന്മാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഇന്ത്യയിലെ മുസ്ലിംകളുടെ നവീകരണത്തിന് ഉപയോഗപ്രദമായിരുന്നു. അദ്ദേഹം ധീരമായ നടപടികളെടുക്കുകയും ദിന്‍-ഇ-ഇലാഹി എന്നറിയപ്പെടുന്ന മതവിരുദ്ധതയെ തടയാന്‍ വീരോചിതമായ പങ്ക് വഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രചനകളും ഉപദേശങ്ങളും ഈ പുത്തനാശയത്തെ ചെറുക്കാന്‍ ജനങ്ങള്‍ക്ക് ആത്മവീര്യം പകര്‍ന്നു. സമൂഹത്തിലെ പ്രമുഖര്‍ ഖ്വാജ ബാക്കിബില്ലാഹി (റ)യെ അനുകൂലിക്കുകയും മുസ്ലീങ്ങളുടെ നന്മയ്ക്കായി അദ്ദേഹം അവരുടെ ശക്തി ഉപയോഗിക്കുകയും ചെയ്തു. ജീവിതത്തിലുടനീളം അദ്ദേഹം ശരീഅത്തിന് വലിയ പ്രാധാന്യം കൽപിച്ചു. അല്ലാഹുവിനോടുള്ള ഭയഭക്തിയും സുന്നത്തിനോടുള്ള കര്‍ശനമായ പരിഗണനയും ബഹുമാനപ്പെട്ടവരുടെ ജീവിതത്തിന് കൂടുതൽ പ്രശോഭ നൽകി. ആ പ്രകാശശോഭയിൽ ജനങ്ങൾ ദീനിന്റെ യഥാർത്ഥ വഴി കണ്ടു. അതിലേക്ക് അവർ ആകർഷിക്കപ്പെട്ടു. ദീന്‍-ഇ-ഇലാഹി എന്ന വ്യാജ മതം രംഗപ്രവേശം ചെയ്യാനിടയാക്കിയത് ശരീഅത്തിന് പ്രാധാന്യം കൊടുക്കാത്ത വ്യാജ സൂഫിസം മുഖേനയാണ്. അതിനാല്‍ ശരീഅത്തിന്റെ പ്രാധാന്യത്തില്‍ വളരെയധികം ഊന്നി കൊണ്ടുള്ള ത്വരീഖത്തിനെയാണ് ബാഖിബില്ലാഹ്(റ)യും അവരുടെ അരുമ ശിഷ്യനായ സർഹിന്ദി (റ) യും കാണിച്ചു കൊടുത്തത്.
ഹസ്രത്ത് മുജദിദ് അല്‍ഫ് സാനി എന്ന സർഹിന്ദി (റ)യുടെ ശിഷ്യനായ ഖാജ മുഹമ്മദ് കിഷ്മി(റ), ഹസ്രത്ത് ബാക്കി ബില്ല (റ)യുടെ നേട്ടങ്ങളെക്കുറിച്ച് എഴുതുന്നത്: ”രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ഇന്ത്യയില്‍ നഖ്ശബന്തി ത്വരീഖത്ത് ഉറപ്പിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. സാധാരണ ശൈഖന്മാര്‍ അതിനായി അനേകം വര്‍ഷങ്ങള്‍ പ്രയത്‌നിക്കാറുണ്ട് ” എന്നാണ്.
ബാക്കി ബില്ലാഹി(റ)യുടെ ഏറ്റവും പ്രധാന ഖലീഫയും ആ നൂറ്റാണ്ടിന്റെ മുജദ്ദിദുമായ ഹസ്രത്ത് മുജദ്ദിദ് അല്‍ഫസാനി അഹ്മദുല്‍ ഫാറൂഖ്(റ) സര്‍ഹിന്ദി തന്റെ ശൈഖിന്റെ തര്‍ബിയ്യത്തിനെ സംബന്ധിച്ച് പറയുന്ന വാക്കുകള്‍ കാണുക. ”അദ്ദേഹത്തില്‍ നിന്ന് എനിക്ക് ലഭിച്ച പരിശീലനം തിരുമേനി സല്ലല്ലാഹു അലൈഹിവസല്ലമിന് ശേഷം മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്ന് എനിക്ക് ബോധ്യമുണ്ട്. ഞാന്‍ പ്രവാചകന്റെ സ്വഹാബിയായിട്ടില്ലെങ്കിലും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഖ്വാജാ ബാക്കി ബില്ല (റ)യുടെ സ്വഹാബിയാകാന്‍ എനിക്ക് സാധിച്ചു.” പ്രവാചക തീരുമേനി(സ്വ) ഏറ്റവും കുറഞ്ഞ സമയം കൊണ്ടാണല്ലോ സ്വഹാബികളെ ഉന്നത പദവിയുള്ള ഔലിയാക്കളാക്കി മാറ്റിയിരുന്നത്. അതിന് ശേഷം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മുജദിദ് അല്‍ഫസാനി(റ)യെ ഖാജ ബാക്കിബില്ലാഹ്(റ) തര്‍ബിയ്യത്ത് ചെയ്തു ഉന്നത പദവിയിലേക്ക് ഉയര്‍ത്തുകയും കരുത്തുറ്റ ഒരു പ്രബോധകനാക്കുകയും ചെയ്തുവെന്നതാണ് സര്‍ഹിന്ദി (റ) സൂചിപ്പിച്ചത്.
വാസ്തവത്തില്‍, സര്‍വ്വശക്തനായ അല്ലാഹുവിന്റെ മേധാവിത്വത്തിലുള്ള അമിതമായ വിശ്വാസവും സുന്നത്തിനോടുള്ള കര്‍ശനമായ പാലനവും ഹസ്രത്ത് ബാക്കി ബില്ല (റ)യെ ആത്മീയ മികവിന്റെ ഉന്നതികളിലേക്ക് ഉയര്‍ത്തി. നഖ്ശബന്തി ത്വരീഖിലെ മറ്റേതൊരു മഹാനും നേടാന്‍ കഴിയാത്ത വിതാനത്തിലാണ് ബാഖിബില്ലാഹി (റ) എത്തിപ്പെട്ടതായി കണക്കാക്കപ്പെടുന്നത്.
ഹിജ്‌റ 1012 ജമാദുല്‍ ആഖിര്‍ 25, (എ.ഡി. 1603 ല്‍)ഹസ്രത്ത് ഖ്വാജാ ബാക്കിബില്ലാഹ്(റ) ഇഹലോകത്തോട് വിടപറഞ്ഞു. ഡല്‍ഹിയിലെ സദര്‍ബസ്സാറിലെ തിരക്കേറിയ പഴയ നഗര പ്രദേശത്ത് ഖാജാ ബാക്കിബില്ലാഹി(റ)യുടെ മഖ്ബറയും അനുബന്ധമായി ഒരു പള്ളിയും നിലകൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy