ഭാഷണം: അഹ്മദ് സ്വാലിഹ് മുഹമ്മദ് അബ്ദുറഹ്മാൻ
കേട്ടെഴുതിയത്: നബീൽ മുഅബി
ഇസ്ലാമിക വിജ്ഞാന ചരിത്രത്തിന്റെ വൈവിദ്ധ്യധാരകളെ തിരുചര്യ സാധൂകരിക്കുന്നത് എപ്രകാരമാണെന്ന് അന്വേഷിക്കുന്ന ഗവേഷണാത്മക സ്വഭാവമുള്ള ഭാഷണം. പ്രമുഖ പണ്ഡിതൻ അഹ്മദ് സ്വാലിഹ് മുഹമ്മദ് അബ്ദുറഹ്മാൻ എന്നവരുടെ ഭാഷണത്തിന് നബീൽ മുഅബി നൽകിയ ലേഖനാവിഷ്കാരം. മദ്ഹബുകളുടെ ഉത്ഭവവും വികാസവും എപ്രകാരമായിരുന്നുവെന്ന് ചരിത്രപരമായി ഇതിൽ അവലോകനം ചെയ്യുന്നു.

ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ നൂറ്റാണ്ട്, അഥവാ ഹിജ്റയുടെ ആദ്യകാലം ദീനീ വിജ്ഞാനത്തിന്റെ അടിത്തറ പാകപ്പെട്ട കാലഘട്ടമായിരുന്നു. പ്രവാചകൻ (സ്വ) തങ്ങളുടെ ജീവിതകാലത്ത് ഉമ്മത്തിന് ദീൻ പഠിക്കാനും പിന്തുടരാനുമുള്ള കൃത്യമായ ‘അസ്ല്’ (അടിത്തറ) അവിടുന്ന് തന്നെ നിശ്ചയിച്ചു നൽകുകയുണ്ടായി. സ്വഹാബികൾക്കിടയിൽ ഓരോ വിഷയത്തിലും സവിശേഷ നൈപുണ്യമുള്ളവരെ പ്രവാചകർ(സ്വ) ചൂണ്ടിക്കാണിച്ചിരുന്നു. സ്വഹാബാക്കളോട് സംസാരിക്കുമ്പോൾ നബി (സ്വ) തങ്ങൾ ഓരോ വിഷയത്തിലും പ്രഗത്ഭരായവരെ ചൂണ്ടിക്കാണിക്കുകയും അവർക്ക് ശഹാദത്ത് (സാക്ഷ്യപത്രം) നൽകുകയും ചെയ്തിരുന്നു.
നബി(സ്വ)യുടെ ജീവിതകാലത്ത് തന്നെ, ദീനിന്റെ ഹുക്മുകൾ (വിധിവിലക്കുകൾ) വ്യക്തമാക്കപ്പെടുന്ന വേളയിൽ അഭിപ്രായവ്യത്യാസങ്ങളും വീക്ഷണാന്തരങ്ങളും കണ്ടുവന്നിരുന്നു എന്നതാണ് യാഥാർത്ഥ്യം. പരിശുദ്ധ ഖുർആൻ ആയത്തുകൾ അവതരിപ്പിക്കപ്പെട്ടത് നബി (സ്വ) തങ്ങളുടെ ജീവിത കാലത്തു തന്നെയാണല്ലോ? ആ ആയത്തുകൾ അവതരിപ്പിക്കപ്പെട്ട കാലഘട്ടത്തിലെ ഭാഷാ ശൈലിയനുസരിച്ച്, ഒരേസമയം ഒന്നിലധികം അർത്ഥങ്ങൾക്ക് സാധ്യതയുള്ള പല ഭാഗങ്ങളും അല്ലാഹു തആലാ ഖുർആനിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു ഉദാഹരണം പറഞ്ഞാൽ: وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلَاثَةَ قُرُوءٍ (വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾ തങ്ങളുടെ കാര്യത്തിൽ മൂന്ന് ‘ഖുർഅ്’ സമയം കാത്തിരിക്കണം – സൂറത്തുൽ ബഖറ: 228) എന്ന ആയത്തിലെ “ഖുർഅ്” (قُرُوء) എന്ന വാക്കിന് ഭാഷാപരമായി ‘ഹൈള്’ (ആർത്തവം) എന്നും ‘ത്വുഹ്ര്’ (ശുദ്ധി) എന്നും അർത്ഥമുണ്ട്. ഈ രണ്ട് അർത്ഥങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്ന വാക്കാണത്. നബിയുല്ലാഹി (സ്വ) തങ്ങൾ “ഖുർഹ്” എന്നാൽ ‘ഹൈള്’ മാത്രമാണെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടില്ല. രണ്ട് അർത്ഥങ്ങളും കൊടുക്കാൻ സാധിക്കുന്ന തരത്തിലാണ് അല്ലാഹു ജല്ലജലാലുഹു അത് അവതരിപ്പിച്ചത്. (ഇമാം ശാഫിഈ (റ) തങ്ങൾ ‘ത്വുഹ്ര്’ എന്നും അബൂ ഹനീഫ (റ) തങ്ങൾ ‘ഹൈള്’ എന്നും ഇജ്തിഹാദ് ചെയ്തത് ഭാഷയിലെ ഈ സാധ്യത അടിസ്ഥാനമാക്കിയാണ്). അല്ലാഹുവിനും നബി (സ്വ) തങ്ങൾക്കും ഇതുപോലുള്ള നാനാർത്ഥ സാധ്യതയെ കുറിച്ച് അറിവുണ്ടായിരുന്നു. അത്തരത്തിലുള്ള വാക്കുകൾക്ക് ഒരു ഏക അർത്ഥം വ്യക്തമാക്കാതെ വിട്ടത്, വീക്ഷണ വൈജാത്യങ്ങളെ അനുവദിക്കാനാണ് എന്ന് മനസ്സിലാക്കാം.

ഒരു ഉദാഹരണം പറഞ്ഞാൽ: وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلَاثَةَ قُرُوءٍ (വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾ തങ്ങളുടെ കാര്യത്തിൽ മൂന്ന് ‘ഖുർഅ്’ സമയം കാത്തിരിക്കണം – സൂറത്തുൽ ബഖറ: 228) എന്ന ആയത്തിലെ “ഖുർഅ്” (قُرُوء) എന്ന വാക്കിന് ഭാഷാപരമായി ‘ഹൈള്’ (ആർത്തവം) എന്നും ‘ത്വുഹ്ര്’ (ശുദ്ധി) എന്നും അർത്ഥമുണ്ട്. ഈ രണ്ട് അർത്ഥങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്ന വാക്കാണത്. നബിയുല്ലാഹി (സ്വ) തങ്ങൾ “ഖുർഹ്” എന്നാൽ ‘ഹൈള്’ മാത്രമാണെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടില്ല. രണ്ട് അർത്ഥങ്ങളും കൊടുക്കാൻ സാധിക്കുന്ന തരത്തിലാണ് അല്ലാഹു ജല്ലജലാലുഹു അത് അവതരിപ്പിച്ചത്. (ഇമാം ശാഫിഈ (റ) തങ്ങൾ ‘ത്വുഹ്ര്’ എന്നും അബൂ ഹനീഫ (റ) തങ്ങൾ ‘ഹൈള്’ എന്നും ഇജ്തിഹാദ് ചെയ്തത് ഭാഷയിലെ ഈ സാധ്യത അടിസ്ഥാനമാക്കിയാണ്). അല്ലാഹുവിനും നബി (സ്വ) തങ്ങൾക്കും ഇതുപോലുള്ള നാനാർത്ഥ സാധ്യതയെ കുറിച്ച് അറിവുണ്ടായിരുന്നു. അത്തരത്തിലുള്ള വാക്കുകൾക്ക് ഒരു ഏക അർത്ഥം വ്യക്തമാക്കാതെ വിട്ടത്, വീക്ഷണ വൈജാത്യങ്ങളെ അനുവദിക്കാനാണ് എന്ന് മനസ്സിലാക്കാം.
നബി (സ്വ) തങ്ങളുടെ കാലത്തുതന്നെ വൈവിധ്യത്തിന്റെ വഴിത്താരകൾ കാട്ടിത്തന്നതിന് മറ്റൊരു ഉദാഹരണം, രണ്ട് സ്വഹാബിവര്യന്മാർ യാത്രയിലായിരുന്ന സംഭവമാണ്. നിസ്കാര സമയമായപ്പോൾ അവർക്ക് വെള്ളം ലഭിച്ചില്ല. തുടർന്ന് രണ്ടുപേരും തയമ്മും ചെയ്ത് നിസ്കരിച്ചു. പിന്നീട് യാത്ര തുടർന്ന് മദീനയിലെത്തിയപ്പോൾ (നിസ്കാരത്തിന്റെ സമയം ബാക്കിയുള്ളപ്പോൾ) വെള്ളം ലഭിച്ചു. അപ്പോൾ ഒരു സ്വഹാബി നിസ്കാരം മടക്കി നിസ്കരിച്ചു; എന്നാൽ രണ്ടാമത്തെ സ്വഹാബി മടക്കി നിസ്കരിച്ചില്ല. പിന്നീട് ഇരുവരും നബിയുല്ലാഹി (സ്വ) തങ്ങളുടെ അടുക്കലെത്തിയപ്പോൾ പ്രവാചകൻ രണ്ടുപേരുടെയും പ്രവൃത്തിയെ അംഗീകരിക്കുകയാണ് (إقرار) ചെയ്തത്. നിസ്കാരം മടക്കി നിസ്കരിക്കാത്ത ആളോട് أَصَبْتَ السُّنَّةَ (നീ സുന്നത്തിനോട് യോജിച്ച് പ്രവർത്തിച്ചു) എന്ന് അവിടുന്ന് പറഞ്ഞു. അതേസമയം, മടക്കി നിസ്കരിച്ച ആളോട് لَكَ الأَجْرُ مَرَّتَيْنِ (നിനക്ക് രണ്ട് പ്രതിഫലമുണ്ട്) എന്ന് പറഞ്ഞ് അദ്ദേഹം ചെയ്തത് തെറ്റാണെന്ന് പ്രവാചകൻ പറഞ്ഞതുമില്ല (സുനനു അബീ ദാവൂദ്, സുനനുന്നസാഈ). സ്വഹാബാക്കളുടെ ചരിത്രം പരിശോധിച്ചാൽ നിരവധി വിഷയങ്ങളിൽ ഇപ്രകാരം വൈവിധ്യം നിറഞ്ഞ നിലപാടുകളുണ്ടായതും അവയിൽ രണ്ടു പക്ഷത്തേയും നബി(സ്വ) അംഗീകരിച്ചതായും കാണാൻ സാധിക്കും.
ഹജ്ജിന്റെ വേളയിലെ കാര്യമെടുക്കാം. അനസ് (റ) റിപ്പോർട്ട് ചെയ്യുന്നത് കാണാം: ഹജ്ജിന്റെ വേളയിൽ (അറഫയിൽ നിൽക്കുമ്പോൾ) ചില സ്വഹാബികൾ തക്ബീർ ചൊല്ലിയിരുന്നു; ചിലർ തഹ്ലീൽ (‘ലാ ഇലാഹ ഇല്ലല്ലാഹ്’) ചൊല്ലിയിരുന്നു; ചിലർ മൗനം പാലിച്ചിരുന്നു; മറ്റു ചിലരാകട്ടെ തൽബിയത്ത് (‘ലബ്ബൈക്’) ചൊല്ലുകയായിരുന്നു (സ്വഹീഹുൽ ബുഖാരി, സ്വഹീഹു മുസ്ലിം). ഇതിൽ ഏതാണ് കൂടുതൽ അഫ്ദൽ (ഉത്തമം) എന്ന് അവരവർക്ക് മനസ്സിലായതനുസരിച്ചാണ് സ്വഹാബികൾ പ്രവർത്തിച്ചത്. “ഇതാണ് ഏറ്റവും അഫ്ദൽ, ഇത് മാത്രം പിൻപറ്റുക” എന്ന് നബി (സ്വ) തങ്ങൾ അന്ന് വ്യക്തമായി നിർദ്ദേശിച്ചതായി കാണാൻ സാധിക്കില്ല. പിൽക്കാലത്ത് വന്ന ഉലമാക്കളും മുജ്തഹിദുകളുമാണ് കാര്യങ്ങൾ ഗ്രഹിച്ച് “ഇതാണ് കൂടുതൽ അഫ്ദൽ” എന്ന് തർജീഹ് ചെയ്ത് (മുൻഗണന നൽകി) മനസ്സിലാക്കുന്നത്. നബി(സ്വ) നേരിട്ട് പറയാത്തത് കൊണ്ടു തന്നെ സ്വഹാബക്കൾ ഇവിടെ വൈവിധ്യം പുലർത്തിയത് പോലെ മുജ്തഹിദുകൾ ഗവേഷണാത്മകമായി വിധിച്ച എല്ലാ വീക്ഷണങ്ങൾക്കും ഇടമുണ്ട്.
നിസ്കാരത്തിലെ ആരംഭ പ്രാർത്ഥനയുടെ (വജ്ജഹ്തു) കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. “അല്ലാഹു അക്ബറു കബീറാ…”, “വജ്ജഹ്തു വജ്ഹിയ്യ…”, “സുബ്ഹാനകല്ലാഹുമ്മ വബിഹംദിക…”, “അല്ലാഹുമ്മ ബാഇദ് ബൈനീ വബൈന ഖതായായ…” തുടങ്ങി ഒട്ടനവധി പ്രാർത്ഥനകൾ ഹദീസുകളിൽ വന്നിട്ടുണ്ട്. ഇവയിൽ ഇതാണ് ഏറ്റവും അഫ്ദൽ എന്ന് ക്ലിപ്തപ്പെടുത്തി നബി (സ്വ) പറഞ്ഞുതന്നിട്ടില്ല. കാരണം, പിൽക്കാലത്ത് ഉമ്മത്തിൽ വരുന്ന മുജ്തഹിദുകൾ ഇജ്തിഹാദിലൂടെ ചർച്ച ചെയ്ത് അവരുടെ ബോധ്യം പോലെ നിശ്ചയിക്കാനുള്ള ഇടം അവയിൽ നൽകുകയായിരുന്നു. സ്വഹാബികളിൽ ചിലർ ഇത് ചൊല്ലിയപ്പോൾ ചിലർ അത് ചൊല്ലി. ചില വിഷയങ്ങളിൽ സ്വഹാബികൾ തന്നെ തർജീഹ് നടത്തിയിട്ടുണ്ട്; ചിലതിൽ അങ്ങനെയുണ്ടായിട്ടുമില്ല. ചുരുക്കത്തിൽ സ്വഹാബികളുടെ കാലം മുതൽക്ക് അത് വൈവിധ്യമായി കിടക്കുകയാണ്.
മറ്റൊരു പ്രശസ്തമായ സംഭവം ബനീ ഖുറൈളയുടെ യുദ്ധവേളയിൽ സംഭവിച്ചതാണ്. സ്വഹീഹുൽ ബുഖാരിയിലും മുസ്ലിമിലും ഉദ്ധരിക്കപ്പെട്ട ആ സംഭവത്തിൽ നബിയുല്ലാഹി (സ്വ) തങ്ങൾ പറഞ്ഞു: لَا يُصَلِّيَنَّ أَحَدٌ الْعَصْرَ إِلَّا فِي بَنِي قُرَيْظَةَ “നിങ്ങളിലാരും ബനീ ഖുറൈളയിൽ എത്തിയാലല്ലാതെ അസർ നിസ്കരിക്കരുത്.” യാത്രയ്ക്കിടയിൽ അസർ നിസ്കാരത്തിന്റെ സമയം കഴിയാറായപ്പോൾ സ്വഹാബികൾ രണ്ട് അഭിപ്രായക്കാരായി മാറി. ഒരു കൂട്ടർ പറഞ്ഞു: “നബി (സ്വ) തങ്ങൾ ഇതിലൂടെ ഉദ്ദേശിച്ചത് നമ്മൾ വൈകാതെ വേഗത്തിൽ ബനീ ഖുറൈളയിൽ എത്തണമെന്നാണ്. അല്ലാതെ അസർ നിസ്കാരം വഖ്ത് തെറ്റിച്ച് ഖളാ ആക്കാനല്ല.” إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا “തീർച്ചയായും നിസ്കാരം സത്യവിശ്വാസികൾക്ക് നിശ്ചിത സമയങ്ങളിൽ നിർബന്ധമാക്കപ്പെട്ടതാണ്”- സൂറത്തുന്നിസാഅ്: 103) എന്ന ആയത്ത് തെളിവായി ഉയർത്തിക്കാട്ടി അവർ വഴിവക്കിൽ വെച്ച് അസർ നിസ്കരിച്ചിട്ടാണ് യാത്ര പൂർത്തിയാക്കിയത്.
എന്നാൽ രണ്ടാമത്തെ വിഭാഗത്തിന്റെ നിലപാട്: “നബി (സ്വ) തങ്ങൾ, അസർ ബനീ ഖുറൈളയിൽ വെച്ചേ നിസ്കരിക്കാവൂ എന്ന് വ്യക്തമായി പറഞ്ഞതു കൊണ്ട് ഈ പ്രത്യേക സന്ദർഭത്തിൽ നിസ്കാരം ഖളാ ആവുമോ എന്ന് നോക്കേണ്ടതില്ല. ബനൂഖുറൈളയിൽ എത്തിയിട്ട് അസർ നിസ്കരിക്കുക എന്നത് ശറഇന്റെ (നിയമദാതാവിന്റെ) വ്യക്തമായ കല്പനയായതുകൊണ്ട് ആ ദിവസത്തെ വഖ്തിന് അതിൽ ഇളവുണ്ടാകാം. അതുകൊണ്ട് എന്ത് വന്നാലും അവിടെ എത്തിയ ശേഷമേ നിസ്കരിക്കാവൂ.”
ഈ രണ്ടു വിഭാഗവും നബി (സ്വ) തങ്ങളുടെ അടുക്കലെത്തിയപ്പോൾ, പ്രവാചകൻ രണ്ടുപേരുടെയും നിലപാട് ശരിവെക്കുകയാണ് ചെയ്തത്. ഒരാളെയും കുറ്റപ്പെടുത്തുകയോ ‘നിങ്ങളുടേത് തെറ്റാണ്’ എന്ന് പറയുകയോ ചെയ്തില്ല فَلَمْ يُعَنِّفْ وَاحِدًا مِنْهُمْ – ബുഖാരി). പിൽക്കാലത്ത് പണ്ഡിതന്മാർ വിശദീകരിച്ചത് സമയത്ത് നിസ്കരിച്ചതാണ് കൂടുതൽ ശരി എന്നാണ്; അതൊക്കെ ഇസ്തിംബാത്വ് (നിയമനിർദ്ധാരണം) ആണ്. എന്തായാലും നബി (സ്വ) തങ്ങൾ ഒരാൾ ചെയ്തത് തെറ്റാണെന്ന് പറഞ്ഞില്ല. അഥവാ, രണ്ട് വീക്ഷണങ്ങളും സ്വീകാര്യമാണ് (മഖ്ബൂൽ) എന്ന് അവിടുന്ന് വ്യക്തമാക്കി.
ചുരുക്കത്തിൽ, ദീനിൽ ഒരു വിഷയത്തിന് രണ്ടും അതിലധികവും ശരിയായ വീക്ഷണങ്ങൾ ഉണ്ടാവാം എന്നത് നബി (സ്വ) തങ്ങളുടെ ഇഖ്‌റാർ (അംഗീകാരം) കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. നാളെ ഒരാൾ വന്ന് “ദീനിൽ ഒറ്റ വീക്ഷണമേയുള്ളൂ” എന്ന് വാദിച്ചാൽ, അത് നബി (സ്വ) തങ്ങളുടെ ചര്യയ്ക്കും അവിടുന്ന് കാണിച്ചുതന്ന മാതൃകയ്ക്കും എതിരാണ്.
പ്രവാചകനോടൊപ്പം ജീവിച്ച മഹത്തുക്കളായ അലി (റ), അബ്ദുള്ളാഹിബ്‌നു മസ്ഊദ് (റ), ആയിഷ ബീവി (റ) തുടങ്ങിയ സ്വഹാബിവര്യന്മാർ ഫിഖ്ഹിൽ (ഇസ്ലാമിക കർമ്മശാസ്ത്രം) പ്രഗത്ഭരായിരുന്നു. ചില പ്രത്യേക വിഷയങ്ങളിൽ ചില സ്വഹാബികൾക്ക് ആഴത്തിലുള്ള അറിവുണ്ടായിരുന്നു. ഉദാഹരണത്തിന്, ആയിഷ (റ) യോട് ഖുഫ്ഫയിൽ (തോൽച്ചെരിപ്പ്) തടവുന്ന മസ്അലത്തിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു: “ഖുഫ്ഫിന്റെ മസ്അലത്തിൽ കൂടുതൽ വിവരമുള്ളത് അലി (റ) വിനാണ്. കാരണം യാത്രകളിൽ നബി(സ്വ) യോടൊപ്പം ഉണ്ടായിരുന്നത് അലി (റ) ആണ്; അതിനാൽ അലി (റ) യോട് ചോദിക്കുക” (സ്വഹീഹു മുസ്ലിം).
സ്വഹാബികൾ പല കാര്യങ്ങളും ആയിഷ (റ) യോട് ചോദിച്ചറിഞ്ഞിരുന്നു. വലിയ സ്വഹാബികൾ ആയിഷ (റ) യോട് ചോദിച്ച മസ്അലത്തുകൾ ശേഖരിച്ച് ഭൂരിഭാഗവും ക്രോഡീകരിച്ച് ഇമാം അൽ-സർക്കശി (റ) الإجابة لإيراد ما استدركته عائشة على الصحابة (അൽ-ഇജാബഃ ലി ഈറാദി മാ ഇസ്തദ്രകത്ഹു ആയിശത്തു അലസ്സഹാബഃ) എന്ന പേരിലൊരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. അത് പ്രിന്റ് ചെയ്ത് ലഭ്യമാണ്.
എന്നാൽ ചില സന്ദർഭങ്ങളിൽ സ്വഹാബികൾ സ്വന്തം മനസ്സിലാക്കലനുസരിച്ച് പ്രവർത്തിച്ചപ്പോൾ നബി (സ്വ) തങ്ങൾ അത് തിരുത്തുകയും ചെയ്തിട്ടുണ്ട് (ഇൻകാർ). ഒരു സംഭവമിങ്ങനെയാണ്: ഒരു യുദ്ധയാത്രയിൽ തലയ്ക്ക് കഠിനമായി പരിക്കേറ്റ ഒരു സ്വഹാബിക്ക് വലിയ അശുദ്ധി (ജനാബത്ത്) ഉണ്ടായി. കഠിനമായ തണുപ്പുള്ള സമയമായിരുന്നു അത്. അശുദ്ധിയായാൽ കുളിക്കണം എന്ന സാമാന്യ വിധി മാത്രമാണ് ആ സ്വഹാബിക്ക് അറിയാമായിരുന്നത്. അങ്ങനെ അദ്ദേഹം ആ മുറിവോടെത്തന്നെ കുളിച്ചു. തുടർന്ന് മുറിവിൽ വെള്ളം കയറി അസുഖം മൂർച്ഛിച്ച് ആ സ്വഹാബിവര്യൻ മരണപ്പെട്ടു. ഈ വിവരമറിഞ്ഞപ്പോൾ നബി (സ്വ) തങ്ങൾ കോപത്തോടെ ചോദിച്ചു: قَتَلُوهُ قَتَلَهُمُ اللَّهُ، أَلَا سَأَلُوا إِذْ لَمْ يَعْلَمُوا؟ إِنَّمَا شِفَاءُ الْعَيِّ السُّؤَالُ “അവർ അവനെ കൊന്നുകളഞ്ഞു, അല്ലാഹു അവരെ ശിക്ഷിക്കട്ടെ! തങ്ങൾക്ക് അറിയില്ലെങ്കിൽ അവർക്ക് ചോദിക്കാമായിരുന്നില്ലേ? അജ്ഞതയ്ക്കുള്ള മരുന്ന് ചോദിച്ചറിയൽ മാത്രമാണ്” (സുനനു അബീ ദാവൂദ്). വിവരമില്ലാത്തവർ വിവരമുള്ളവരോട് ചോദിച്ചു മനസ്സിലാക്കണം എന്ന് അവിടുന്ന് നിർദ്ദേശിച്ചു.
സ്വഹാബികൾ പല കാര്യങ്ങളും ആയിഷ (റ) യോട് ചോദിച്ചറിഞ്ഞിരുന്നു. വലിയ സ്വഹാബികൾ ആയിഷ (റ) യോട് ചോദിച്ച മസ്അലത്തുകൾ ശേഖരിച്ച് ഭൂരിഭാഗവും ക്രോഡീകരിച്ച് ഇമാം അൽ-സർക്കശി (റ) الإجابة لإيراد ما استدركته عائشة على الصحابة (അൽ-ഇജാബഃ ലി ഈറാദി മാ ഇസ്തദ്രകത്ഹു ആയിശത്തു അലസ്സഹാബഃ) എന്ന പേരിലൊരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. അത് പ്രിന്റ് ചെയ്ത് ലഭ്യമാണ്.
എന്നാൽ ചില സന്ദർഭങ്ങളിൽ സ്വഹാബികൾ സ്വന്തം മനസ്സിലാക്കലനുസരിച്ച് പ്രവർത്തിച്ചപ്പോൾ നബി (സ്വ) തങ്ങൾ അത് തിരുത്തുകയും ചെയ്തിട്ടുണ്ട് (ഇൻകാർ). ഒരു സംഭവമിങ്ങനെയാണ്: ഒരു യുദ്ധയാത്രയിൽ തലയ്ക്ക് കഠിനമായി പരിക്കേറ്റ ഒരു സ്വഹാബിക്ക് വലിയ അശുദ്ധി (ജനാബത്ത്) ഉണ്ടായി. കഠിനമായ തണുപ്പുള്ള സമയമായിരുന്നു അത്. അശുദ്ധിയായാൽ കുളിക്കണം എന്ന സാമാന്യ വിധി മാത്രമാണ് ആ സ്വഹാബിക്ക് അറിയാമായിരുന്നത്. അങ്ങനെ അദ്ദേഹം ആ മുറിവോടെത്തന്നെ കുളിച്ചു. തുടർന്ന് മുറിവിൽ വെള്ളം കയറി അസുഖം മൂർച്ഛിച്ച് ആ സ്വഹാബിവര്യൻ മരണപ്പെട്ടു. ഈ വിവരമറിഞ്ഞപ്പോൾ നബി (സ്വ) തങ്ങൾ കോപത്തോടെ ചോദിച്ചു: قَتَلُوهُ قَتَلَهُمُ اللَّهُ، أَلَا سَأَلُوا إِذْ لَمْ يَعْلَمُوا؟ إِنَّمَا شِفَاءُ الْعَيِّ السُّؤَالُ “അവർ അവനെ കൊന്നുകളഞ്ഞു, അല്ലാഹു അവരെ ശിക്ഷിക്കട്ടെ! തങ്ങൾക്ക് അറിയില്ലെങ്കിൽ അവർക്ക് ചോദിക്കാമായിരുന്നില്ലേ? അജ്ഞതയ്ക്കുള്ള മരുന്ന് ചോദിച്ചറിയൽ മാത്രമാണ്” (സുനനു അബീ ദാവൂദ്). വിവരമില്ലാത്തവർ വിവരമുള്ളവരോട് ചോദിച്ചു മനസ്സിലാക്കണം എന്ന് അവിടുന്ന് നിർദ്ദേശിച്ചു.
പ്രവാചകന്റെ കാലത്തുതന്നെ സ്വഹാബികൾ തങ്ങൾക്കിടയിലും അറിവുള്ളവരോട് സംശയങ്ങൾ ചോദിച്ചിരുന്നു. ഒരാൾ അലി (റ) യോട് ചോദിക്കാൻ വന്നപ്പോൾ അലി (റ) അദ്ദേഹത്തെ ഉമർ (റ) വിന്റെ അടുത്തേക്കും, ഉമർ (റ) അബൂബക്കർ (റ) വിന്റെ അടുത്തേക്കും അയച്ച സംഭവങ്ങൾ ചരിത്രത്തിലുണ്ട്.
മാത്രമല്ല, ചില പ്രത്യേക മേഖലകളിൽ വൈദഗ്ധ്യമുള്ളവരെ നബി (സ്വ) തങ്ങൾ പ്രത്യേകം ചൂണ്ടിക്കാണിച്ചു കൊടുത്തിരുന്നു. അബ്ദുള്ളാഹിബ്‌നു മസ്ഊദ് (റ) വിൽ നിന്ന് ഖുർആൻ പഠിക്കാൻ നിർദ്ദേശിച്ചു اسْتَقْرِئُوا الْقُرْآنَ مِنْ أَرْبَعَةٍ… വഹ്‌യ് അവതരിക്കുമ്പോഴും പരിശുദ്ധ ഖുർആനിന്റെ വിഷയങ്ങളിലും സൈദ് ബിൻ സാബിത് (റ) വിന് പ്രത്യേക പരിഗണന നൽകിയിരുന്നു. നാളെ പരിശുദ്ധ ഖുർആൻ സംബന്ധമായ വിഷയം വന്നാൽ സൈദ് (റ) വിനെ സമീപിക്കണമെന്ന സൂചനയായിരുന്നു അത്. أَفْرَضُكُمْ زَيْدٌ “നിങ്ങളിൽ ഫറാഇളിൽ (അനന്തര അവകാശ നിയമങ്ങളിൽ) ഏറ്റവും വിവരമുള്ളയാൾ സൈദ് ആണ്” എന്ന് പറഞ്ഞതിലൂടെ ഫറാഇളിന്റെ വിഷയത്തിൽ സൈദ് (റ) വിനെ സമീപിക്കാൻ നിർദ്ദേശിച്ചു (സുനനു തിർമിദി).
പൊതുവായ കാര്യങ്ങളിൽ ആദ്യം സമീപിക്കേണ്ടത് അബൂബക്കർ (റ), ഉമർ (റ) എന്നിവരെയായിരുന്നു. اقْتَدُوا بِاللَّذَيْنِ مِنْ بَعْدِي أَبِي بَكْرٍ وَعُمَرَ “എനിക്ക് ശേഷം അബൂബക്കർ, ഉമർ എന്നിവരെ നിങ്ങൾ പിന്തുടരുവിൻ” എന്ന് നബി (സ്വ) വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾക്ക് ശേഷം ഖുലഫാഉർറാശിദുകളായ അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), അലി (റ) എന്നിവരെ പിൻപറ്റണമെന്നും നബി (സ്വ) നിർദ്ദേശിച്ചു.
നബി (സ്വ) തങ്ങളോടൊപ്പം ജീവിച്ച മുഴുവൻ സ്വഹാബികളും വെറും ഹദീസ് നിവേദകർ മാത്രമായിരുന്നില്ല; ഫിഖ്ഹ് കൃത്യമായി ഗ്രഹിച്ച പണ്ഡിതന്മാരായ സ്വഹാബികൾ ഏകദേശം 120 മുതൽ 200 ഓളം പേരുണ്ടായിരുന്നു. അല്ലാമ അബ്ദുൽ ഹയ്യ് അൽ കത്താനി (റ) തന്റെ
التراتيب الإدارية (തരാതീബുൽ ഇദാരിയ്യ) എന്ന വിഖ്യാത ഗ്രന്ഥത്തിൽ ഈ ഫുഖഹാക്കളായ സ്വഹാബികളെക്കുറിച്ച് വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഖുലഫാഉർ റാശിദീങ്ങളും അബൂദർറ് (റ) വിനെപ്പോലുള്ള സ്വഹാബികളും വലിയ ഫുഖഹാക്കൾ കൂടിയായിരുന്നു.
ഹദീസ് കേട്ട് റിപ്പോർട്ട് ചെയ്യുന്ന എല്ലാവരും കർമ്മശാസ്ത്ര പണ്ഡിതന്മാർ (ഫുഖഹാക്കൾ) ആകണമെന്നില്ല എന്നത് ഹദീസുകളിൽ തന്നെ വ്യക്തമാണ്. ഹജ്ജത്തുൽ വിദാഇൽ നബി (സ്വ) തങ്ങൾ പറഞ്ഞു: فَلْيُبَلِّغِ الشَّاهِدُ مِنْكُمُ الْغَائِبَ “ഇവിടെ ഹാജറുള്ളവർ ഹാജറില്ലാത്തവർക്ക് എത്തിച്ചുകൊടുക്കുക”. فَرُبَّ مُبَلَّغٍ أَوْعَى مِنْ سَامِعٍ “കാരണം, ഇത് കേൾക്കുന്ന ആളേക്കാൾ ഇത് എത്തിച്ചു കിട്ടുന്ന ആളായിരിക്കാം കാര്യങ്ങൾ കൂടുതൽ ഗ്രഹിക്കുന്നവനും ആഴത്തിൽ മനസ്സിലാക്കുന്നവനും” (സ്വഹീഹുൽ ബുഖാരി). അതിനാൽ കേൾക്കുന്ന എല്ലാവരും ഫുഖഹാക്കൾ ആകണമെന്നില്ല.
ഇത് അടിസ്ഥാനമാക്കിയാണ് ഇമാം ശാഫിഈ (റ), ഇമാം മാലിക് (റ) തുടങ്ങിയവർ റിപ്പോർട്ട് ചെയ്തയാൾ സ്വന്തമായി അതുപ്രകാരം അമൽ ചെയ്തില്ലെങ്കിലും അവർ ഉദ്ധരിക്കുന്ന ഹദീസ് സ്വീകരിക്കാമെന്ന നിലപാട് സ്വീകരിച്ചത്.
നബിയുല്ലാഹി (സ്വ) തങ്ങൾ വഫാത്തായപ്പോൾ, സ്വഹാബികൾ ശൂറ (യോഗം) കൂടിയാണ് കാര്യങ്ങൾ തീരുമാനിച്ചത്. നബി (സ്വ) തങ്ങളുടെ വഫാത്തിന് ശേഷം അവിടുത്തെ എവിടെ മറവ് ചെയ്യണം, ഫാത്തിമ ബീവി (റ)ക്ക് പ്രവാചകന്റെ സ്വത്തിൽ അവകാശമുണ്ടോ എന്നൊക്കെയുള്ള ചർച്ചകൾ വന്നപ്പോൾ സ്വഹാബികൾ ആ വിഷയങ്ങളിൽ അവലംബിച്ചത് അബൂബക്കർ (റ) വിനെയാണ്.
നബി (സ്വ) തങ്ങളുടെ വഫാത്ത് വിവരം അറിഞ്ഞപ്പോൾ ഉമർ (റ) വല്ലാത്തൊരു മാനസികാവസ്ഥയിലായി. “ഞങ്ങൾ ‘ഉമ്മിയ്യായ’ (പൂർവ്വ പ്രവാചകന്മാരുടെ ചരിത്രാനുഭവങ്ങൾ നേരിട്ട് പരിചയമില്ലാത്ത) ഒരു സമുദായമാണ്. ഒരു പ്രവാചകൻ വഫാത്തായാൽ എന്താണ് ചെയ്യേണ്ടതെന്ന് മുൻപരിചയമില്ല. നബി (സ്വ) തങ്ങൾ വഫാത്തായിട്ടില്ല, ആരെങ്കിലും അങ്ങനെ പറഞ്ഞാൽ അവരുടെ കഴുത്തുവെട്ടും” എന്ന് പറയുന്ന തരത്തിൽ ഉമർ (റ) തീവ്രദുഃഖത്തിലായി. അപ്പോൾ സ്വഹാബികൾ അബൂബക്കർ (റ) വിനെ പോയി വിളിച്ചുകൊണ്ടു വരാൻ ഒരാളെ അയച്ചു.
അബൂബക്കർ (റ) പള്ളിയിൽ ഇരിക്കുമ്പോൾ ആളുകൾ ചെല്ലുന്നത് കണ്ടപ്പോൾത്തന്നെ ചോദിച്ചു: “നബി (സ്വ) തങ്ങൾ വഫാത്തായല്ലേ?” അവർ അതെ എന്ന് പറഞ്ഞു. അബൂബക്കർ (റ) വന്ന് നബി (സ്വ) തങ്ങളുടെ നെറ്റിയിൽ ചുംബിച്ച ശേഷം ജനങ്ങളോട് إِنَّكَ مَيِّتٌ وَإِنَّهُمْ مَيِّتُونَ (“തീർച്ചയായും താങ്കളും മരണപ്പെടും, അവരും മരണപ്പെടും” – അസ്സുമർ: 30) എന്ന പരിശുദ്ധ ഖുർആൻ ആയത്ത് ഓതി കാര്യങ്ങൾ ബോധ്യപ്പെടുത്തി.
തുടർന്ന് “നബി (സ്വ) തങ്ങളുടെ പേരിൽ നിസ്കരിക്കേണ്ടതുണ്ടോ?” എന്ന കർമ്മശാസ്ത്രപരമായ (ഫിഖ്ഹീ) ചോദ്യം വന്നപ്പോൾ, “അതെ, ഓരോരുത്തരായി തനിച്ചു വന്ന് നിസ്കരിക്കണം” എന്ന് അബൂബക്കർ (റ) മറുപടി നൽകി. “നബിയെ ദഫ്ൻ ചെയ്യേണ്ടതുണ്ടോ, എവിടെയാണ് ദഫ്ൻ ചെയ്യേണ്ടത്?” എന്ന് ചോദിച്ചപ്പോൾ അബൂബക്കർ (റ) പറഞ്ഞു: ما قَبَضَ اللَّهُ نبيًّا إلَّا في الموضِعِ الَّذي يُحِبُّ أن يُدفَنَ فيهِ “അല്ലാഹു ഏതൊരു നബിയുടെയും റൂഹ് പിടിക്കുന്നത് ആ നബിക്ക് ദഫൻ ചെയ്യാൻ ഇഷ്ടപ്പെട്ട സ്ഥലത്തു വെച്ചായിരിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ട്” (സുനനു തിർമിദി). അതിനാൽ അവിടുന്ന് വഫാത്തായ ആ സ്ഥലത്തുതന്നെ ദഫ്ൻ ചെയ്യാം എന്ന് അബൂബക്കർ (റ) മറുപടി നൽകി. തങ്ങൾക്കുണ്ടാകുന്ന സംശയങ്ങളുമായി ആരുടെ അടുത്തേക്കാണ് മടങ്ങേണ്ടതെന്ന വ്യക്തമായ ദിശാബോധം സ്വഹാബികൾക്കുണ്ടായിരുന്നു.
ഇല്ലായിരുന്നെങ്കിൽ എല്ലാവരും സ്വന്തമായി ഇജ്തിഹാദ് ചെയ്ത് നിലപാടുകളിൽ ഉറച്ചുനിൽക്കുമായിരുന്നു. ഫാത്തിമ (റ) യുടെ വിഷയത്തിലും അലി (റ) ഉൾപ്പെടെയുള്ളവർ അബൂബക്കർ (റ) വിനെയാണ് സമീപിച്ചത്. പിന്നീട് ഉമർ (റ) വിന്റെ ഭരണകാലത്തും എന്തെങ്കിലും വിഷയങ്ങൾ വരുമ്പോൾ പണ്ഡിതന്മാരായ സ്വഹാബികളെ (ഫുഖഹാക്കളെ) വിളിച്ചുകൂട്ടി ചർച്ച ചെയ്താണ് തീരുമാനങ്ങൾ കൈകൊണ്ടിരുന്നത്. ഇതിൽ നിന്നെല്ലാം പ്രമാണങ്ങളിൽ പലയിടത്തും വൈവിധ്യങ്ങളുണ്ടെന്ന് വ്യക്തമാണ്. യോഗ്യരായ ഗവേഷകരുടെ പഠനങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന വിവിധ നിലപാടുകളെല്ലാം അംഗീകരിക്കപ്പെടുന്നത് അപ്രകാരമാണ്.
നബിയുല്ലാഹി (സ്വ) തങ്ങളുടെ വഫാത്തിന് ശേഷം, മുതിർന്ന സ്വഹാബിവര്യന്മാർ പ്രാരംഭ ഘട്ടത്തിൽ മദീനക്ക് പുറത്തേക്ക് അധികമായി പോയിരുന്നില്ല. പ്രത്യേകിച്ച് അബൂബക്കർ സ്വിദ്ദീഖ് (റ), ഉമർ (റ) എന്നിവരുടെ ഭരണകാലത്ത് വലിയ സ്വഹാബാക്കൾ അധികവും മദീനയിൽത്തന്നെ കേന്ദ്രീകരിക്കുകയായിരുന്നു. എന്നാൽ ഉസ്മാൻ (റ) വിന്റെ ഭരണകാലത്തിന്റെ അവസാനത്തോടെയും അലി (റ) വിന്റെ കാലഘട്ടത്തിലും ഉണ്ടായ വിവിധ സാഹചര്യങ്ങൾ കാരണം സ്വഹാബാക്കൾ മദീനക്ക് പുറത്തുള്ള വിവിധ നാടുകളിലേക്ക് (അംസാറുകൾ) പുറപ്പെടാൻ തുടങ്ങി.
ഉസ്മാൻ (റ) വിന്റെ കാലത്ത് പരിശുദ്ധ ഖുർആൻ ക്രോഡീകരിച്ച് വിവിധ നാടുകളിലേക്ക് അയച്ചപ്പോൾ, കേവലം ഏട് (മുസ്ഹഫ്) മാത്രമല്ല അയച്ചത്; മറിച്ച്, പ്രവാചകരിൽ നിന്ന് നേരിട്ട് പരിശുദ്ധ ഖുർആൻ ഓതിപ്പഠിച്ചവരും, അതിന്റെ അർത്ഥവും അക്ഷരങ്ങളും കൃത്യമായി അറിയുന്നവരുമായ സ്വഹാബിവര്യന്മാരെക്കൂടി ആ ഖുർആൻ പ്രതികൾക്കൊപ്പം ആ ഏഴ് അംസാറുകളിലേക്കും അയക്കുകയുണ്ടായി. പിൽക്കാലത്ത് അലി (റ) വിന്റെ ഭരണകാലത്ത് ഖിലാഫത്തിന്റെ ആസ്ഥാനം മദീനയിൽ നിന്ന് കൂഫയിലേക്ക് മാറ്റപ്പെടുകയുമുണ്ടായി.
സ്വഹാബാക്കളുടെ കാല ശേഷമുള്ള വിജ്ഞാന വ്യാപനവും ഫിഖ്ഹിന്റെ മദ്രസകളും
നബിയുല്ലാഹി (സ്വ) തങ്ങളുടെ വഫാത്തിന് ശേഷം, മുതിർന്ന സ്വഹാബിവര്യന്മാർ പ്രാരംഭ ഘട്ടത്തിൽ മദീനക്ക് പുറത്തേക്ക് അധികമായി പോയിരുന്നില്ല. പ്രത്യേകിച്ച് അബൂബക്കർ സ്വിദ്ദീഖ് (റ), ഉമർ (റ) എന്നിവരുടെ ഭരണകാലത്ത് വലിയ സ്വഹാബാക്കൾ അധികവും മദീനയിൽത്തന്നെ കേന്ദ്രീകരിക്കുകയായിരുന്നു. എന്നാൽ ഉസ്മാൻ (റ) വിന്റെ ഭരണകാലത്തിന്റെ അവസാനത്തോടെയും അലി (റ) വിന്റെ കാലഘട്ടത്തിലും ഉണ്ടായ വിവിധ സാഹചര്യങ്ങൾ കാരണം സ്വഹാബാക്കൾ മദീനക്ക് പുറത്തുള്ള വിവിധ നാടുകളിലേക്ക് (അംസാറുകൾ) പുറപ്പെടാൻ തുടങ്ങി.
ഉസ്മാൻ (റ) വിന്റെ കാലത്ത് പരിശുദ്ധ ഖുർആൻ ക്രോഡീകരിച്ച് വിവിധ നാടുകളിലേക്ക് അയച്ചപ്പോൾ, കേവലം ഏട് (മുസ്ഹഫ്) മാത്രമല്ല അയച്ചത്; മറിച്ച്, പ്രവാചകരിൽ നിന്ന് നേരിട്ട് പരിശുദ്ധ ഖുർആൻ ഓതിപ്പഠിച്ചവരും, അതിന്റെ അർത്ഥവും അക്ഷരങ്ങളും കൃത്യമായി അറിയുന്നവരുമായ സ്വഹാബിവര്യന്മാരെക്കൂടി ആ ഖുർആൻ പ്രതികൾക്കൊപ്പം ആ ഏഴ് അംസാറുകളിലേക്കും അയക്കുകയുണ്ടായി. പിൽക്കാലത്ത് അലി (റ) വിന്റെ ഭരണകാലത്ത് ഖിലാഫത്തിന്റെ ആസ്ഥാനം മദീനയിൽ നിന്ന് കൂഫയിലേക്ക് മാറ്റപ്പെടുകയുമുണ്ടായി.
ഹിജ്റ 60-ന് മുമ്പ് തന്നെ മുതിർന്ന സ്വഹാബാക്കളിൽ ഭൂരിഭാഗത്തിന്റെയും ജീവിതകാലം അവസാനിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് ചെറുപ്പക്കാരായ സ്വഹാബാക്കളാണ് ബാക്കിയുണ്ടായിരുന്നത്. വലിയ സ്വഹാബാക്കൾ ജീവിച്ചിരുന്ന കാലത്ത് ജനങ്ങൾക്ക് സംശയങ്ങൾ ചോദിച്ചറിയാൻ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. എന്നാൽ, പിൽക്കാലത്ത് വലിയ സ്വഹാബാക്കൾ തന്നെ തങ്ങളുടെ പ്രമുഖരായ ചെറുപ്പക്കാരായ പണ്ഡിതന്മാരിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയും അവരെ ചൂണ്ടിക്കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഉദാഹരണത്തിന് അബ്ദുള്ളാഹിബ്നു അംറുബ്നുൽ ആസ് (റ) വിനെയൊക്കെ ഇപ്രകാരം ചൂണ്ടിക്കാണിച്ചിരുന്നു. ഖവാരിജുകളുടെ വിഷയം ഉയർന്നുവന്നപ്പോൾ അലി (റ) തനിക്കുവേണ്ടി സംസാരിക്കാൻ അയച്ചത് തന്റെ ശിഷ്യനായ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിനേയായിരുന്നു. ഇത്തരത്തിൽ ചെറുപ്പക്കാരായ സ്വഹാബാക്കൾ വിജ്ഞാനം നേടിയെടുത്ത് വലിയ പണ്ഡിതന്മാരായി മാറുകയും, ഫിഖ്ഹിൽ തന്നെ ജനങ്ങൾ അവലംബിക്കുന്ന മഹാവ്യക്തിത്വങ്ങളാവുകയും ചെയ്തിരുന്നു. ഈ കാലഘട്ടത്തിലാണ് പ്രധാനപ്പെട്ട വിജ്ഞാന കേന്ദ്രങ്ങൾ (മദ്രസകൾ/ School of thought) രൂപപ്പെടുന്നത്.
ചെറിയ സ്വഹാബാക്കളുടെ കാലത്താണ് ഇത്തരം വിജ്ഞാന കേന്ദ്രങ്ങൾക്ക് ഒരു സ്ഥിരതയും പൂർണ്ണ രൂപീകരണവും ഉണ്ടാകുന്നത്. കാരണം അതിനുമുമ്പ് മുതിർന്ന സ്വഹാബാക്കൾ എവിടെയുണ്ടോ അവിടെയായിരുന്നു വിജ്ഞാന അന്വേഷകർ കേന്ദ്രീകരിച്ചിരുന്നത്. മക്കയിലെ വിജ്ഞാന കേന്ദ്രം അബ്ദുള്ളാഹിബ്നു അബ്ബാസ് (റ) വിന്റെ നേതൃത്വത്തിലാണ് രൂപപ്പെട്ടത്.
ഓരോ പ്രദേശത്തെയും മദ്രസകളിൽ, സ്വഹാബാക്കളിൽ നിന്ന് നേരിട്ട് പഠിച്ച ചെറുപ്പക്കാരായ സ്വഹാബാക്കളാണ് മുന്നണിയിൽ ഉണ്ടായിരുന്നത്. എന്നാൽ ചില വിജ്ഞാന കേന്ദ്രങ്ങളിൽ ചെറിയ സ്വഹാബാക്കൾക്കൊപ്പം തന്നെ വലിയ സ്വഹാബാക്കളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. കൂഫയിലെ മദ്രസ ഇതിനൊരു ഉദാഹരണമാണ്. കൂഫയിലെ വിദ്യാർത്ഥികൾ പ്രധാനമായും അലി (റ), അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) എന്നിവരെ പിൻപറ്റിയവരായിരുന്നു. അതിനാൽ വലിയ സ്വഹാബാക്കളുടെ പേരിൽ തന്നെയാണ് കൂഫയിലെ മദ്രസ അറിയപ്പെട്ടത്.
മദീനയിലെ മദ്രസ: സൈദുബ്നു സാബിത് (റ), അബ്ദുല്ലാഹിബ്നു ഉമർ (റ), ആയിശ (റ), അബൂഹുറൈറ (റ), ജാബിറുബ്നു അബ്ദില്ലാഹ് (റ) എന്നിവരുടെ മേൽനോട്ടത്തിലും മാർഗ്ഗനിർദ്ദേശത്തിലുമാണ് പ്രവർത്തിച്ചിരുന്നത്. ഇവർ മദീന മദ്രസയുടെ തലപ്പത്ത് നിലകൊണ്ടു. ഈ വിജ്ഞാന കേന്ദ്രത്തിന്റെ മൻഹജ് (രീതിശാസ്ത്രം) അവിടെ നിന്ന് പഠിച്ചിറങ്ങിയവർക്കെല്ലാം ഒരേപോലെ പരസ്പരം അടുത്തതായിരുന്നു. പിൽക്കാലത്ത് മദീന മദ്രസയിൽ നിന്ന് ഉയർന്നുവന്ന റബീഅത്തുർ റഅ്‌യ്(റ), ഇമാം മാലിക് (റ) തുടങ്ങിയ മഹത്തുക്കൾ ഈ ഫിഖ്ഹിയ്യായ പരമ്പരയിൽ വരുന്നവരാണ്. ഇമാം മാലിക് (റ) വിന്റെ ഉസ്താദാണ് നാഫിഅ് (റ). നാഫിഅ് (റ) വിന്റെ ഉസ്താദ് അബ്ദുല്ലാഹിബ്നു ഉമർ (റ) ആണ്. ഇബ്നു ഉമർ (റ) ആകട്ടെ വലിയ സ്വഹാബാക്കളിൽ നിന്ന് വിജ്ഞാനം സ്വീകരിച്ച ചെറിയ സ്വഹാബിയുമാണ് (ഇത് سلسلة الذهب – സുവർണ്ണ പരമ്പര എന്നറിയപ്പെടുന്നു). അതുപോലെ സൈദുബ്നു സാബിത് (റ) വിലേക്ക് എത്തുന്ന ഫിഖ്ഹിയ്യായ സനദുകളും കാണാം.
മക്കയിൽ: അബ്ദുല്ലാഹിബ്നു അബ്ബാസ് (റ), അബ്ദുല്ലാഹിബ്നുസ്സുബൈർ (റ) തുടങ്ങിയവരായിരുന്നു ഫിഖ്ഹിൽ നേതൃത്വം നൽകിയ പ്രധാനപ്പെട്ട ചെറിയ സ്വഹാബാക്കൾ. ഇവരിൽ നിന്നാണ് പിൽക്കാലത്ത് മക്കയിലെ ഫുഖഹാക്കൾ വിജ്ഞാനം ഗ്രഹിച്ചത്.
കൂഫയിലെ മദ്രസയുടെ സവിശേഷത: അവിടെ വലിയ സ്വഹാബാക്കളായ അബ്ദുള്ളാഹിബ്നു മസ്ഊദ് (റ), അലി ഇബ്നു അബീത്വാലിബ് (റ) എന്നിവരും അവരുടെ സഹപ്രവർത്തകരും നേരിട്ട് നേതൃത്വം നൽകി എന്നതാണ്. അതിനാൽ ചെറിയ സ്വഹാബാക്കളുടെ പേരിലല്ലാതെ വലിയ സ്വഹാബാക്കളുടെ പേരിൽ തന്നെയാണ് കൂഫയിലെ വിജ്ഞാന ശാഖ അറിയപ്പെട്ടത്.
ബസ്വറയിലെ മദ്രസയിൽ: അനസുബ്നു മാലിക് (റ), അബൂമൂസൽ അശ്അരീ (റ), ഇമ്രാനുബ്നു ഹുസൈൻ (റ) എന്നിവരാണുണ്ടായിരുന്നത്. ഇവരിൽ വലിയ സ്വഹാബാക്കളും ചെറിയ സ്വഹാബാക്കളും ഉൾപ്പെട്ടിരുന്നു.
ശാമിൽ: അബുദ്ദർദാഅ് (റ), മുആദുബ്നു ജബൽ (റ), ഉബാദത്തുബ്നു സ്വാമിത് (റ) എന്നിവരായിരുന്നു പ്രധാനം. (മുആദ് (റ) യമനിലും ഉണ്ടായിരുന്നു).
മിസ്റിൽ (ഈജിപ്ത്): അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ് (റ), ഉഖ്ബത്തുബ്നു ആമിർ (റ) തുടങ്ങിയവരാണുണ്ടായിരുന്നത്.
പ്രധാനമായും ഏഴ് അംസാറുകളിലാണ് (മദീന, മക്ക, കൂഫ, ബസ്വറ, യമൻ, ശാം, മിസ്ർ) ഈ വിജ്ഞാന കേന്ദ്രങ്ങൾ നിലനിന്നിരുന്നത്. ഇവയിൽ കൂഫയും ബസ്വറയും ഒന്നായി കണക്കാക്കിയും, ഷാമും മിസ്റും ഒന്നായി കണക്കാക്കിയും ചുരുക്കി നാല് പ്രധാന മദ്രസകൾ എന്നും പറയാറുണ്ട്.
പിൽക്കാലത്ത് ഈ കേന്ദ്രങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് വലിയ മദ്ഹബിന്റെ പണ്ഡിതനായ ലൈഥുബ്നു സഅ്ദ് (റ) ഒക്കെ. ഇവർ അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ് (റ), ഉഖ്ബത്തുബ്നു ആമിർ (റ) തുടങ്ങിയവരുടെ ശിഷ്യന്മാരുടെ ശിഷ്യന്മാരാണ് (താബിഉത്താബിഈങ്ങൾ). അതുപോലെ അബുദ്ദർദാഅ് (റ), മുആദ് (റ) തുടങ്ങിയവരുടെ ശിഷ്യപരമ്പരയിലും ഇവർ ഉൾപ്പെടുന്നു.
ചുരുക്കത്തിൽ, ഇസ്‌ലാമിക ഫിഖ്ഹ് എന്നത് പെട്ടെന്ന് പൊട്ടിമുളച്ചതോ, കേവലം ഹദീസുകൾ മാത്രം ഒറ്റപ്പെട്ട രീതിയിൽ എടുത്ത് ഉണ്ടാക്കിയതോ ആയ ഒന്നല്ല. മറിച്ച്, നബി(സ്വ) അംഗീകരിച്ച സ്വഹാബാക്കളിൽ നിന്നും, സ്വഹാബാക്കളാൽ അംഗീകരിക്കപ്പെട്ട താബിഈങ്ങളിലൂടെയും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു വന്ന മഹത്തായ ഒരു വിജ്ഞാന പരമ്പര (സനദ്) ഇതിനുണ്ട്.
സ്വഹാബികളുടെ കാലശേഷം അംസാറുകളുടെ ഘട്ടം ആരംഭിച്ചു. ‘അംസാർ’ എന്ന് പറയുമ്പോൾ ഇന്നത്തെ വൻകരകൾ (Continents) അല്ലെങ്കിൽ പ്രധാന ദിശകൾ എന്ന് മനസ്സിലാക്കാം. പ്രധാനമായും ഏഴ് കേന്ദ്രങ്ങളാണ് അന്നുണ്ടായിരുന്നത്.
ഇന്ന് നമ്മൾ ഏഴ് ഭൂഖണ്ഡങ്ങൾ എന്നൊക്കെ പറയുന്നതുപോലെയാണിത്. ഉദാഹരണത്തിന്, ആഫ്രിക്കൻ രാജ്യങ്ങളിൽ ഷെൻഖീത്വയിലും മൊറോക്കോയിലും മൗറിത്താനിയയിലുമൊക്കെ പോയാണ് പണ്ഡിതന്മാർ അറിവ് നേടുന്നത്. തീജാനി ത്വരീഖത്തിന്റെ ശൈഖ് ഇനിയാസ് ഉൾപ്പെടെയുള്ളവർ മൗറിത്താനിയയിൽ പോയാണ് പഠിച്ചുവന്നത്. പഴയകാലത്ത് അങ്ങനെയായിരുന്നു; ഒരു പ്രത്യേക ദിശയിൽ ഒരു വലിയ പണ്ഡിതനുണ്ടാകും. ആ ദിശയിലുള്ള ശിഷ്യന്മാർ അങ്ങോട്ട് ചെന്ന് പഠിക്കും. അങ്ങനെയാണ് ഓരോ പ്രാദേശിക കേന്ദ്രങ്ങളിലും (അംസാറുകളിൽ) വലിയ ഖുർആൻ പണ്ഡിതന്മാരും (ഖുർറാഅ്) ഫിഖ്ഹ് പണ്ഡിതന്മാരും (ഫുഖഹാഅ്) ഉയർന്നുവന്നത്.
ഈജിപ്ത് ഉൾപ്പെടെയുള്ള ഓരോ പ്രദേശത്തും വലിയ ഫുഖഹാക്കൾ ഉണ്ടായിരുന്നു. ഇങ്ങിനെ സ്വഹാബികൾക്ക് ശേഷം താബിഉകളുടെ മദ്രസകൾ (പഠനകേന്ദ്രങ്ങൾ) നിലവിൽ വന്നു.
സ്വഹാബാക്കളുടെ കാല ശേഷമുള്ള ഇൽമിന്റെ കേന്ദ്രങ്ങൾ
സ്വഹാബികളുടെ കാലശേഷം അംസാറുകളുടെ ഘട്ടം ആരംഭിച്ചു. ‘അംസാർ’ എന്ന് പറയുമ്പോൾ ഇന്നത്തെ വൻകരകൾ (Continents) അല്ലെങ്കിൽ പ്രധാന ദിശകൾ എന്ന് മനസ്സിലാക്കാം. പ്രധാനമായും ഏഴ് കേന്ദ്രങ്ങളാണ് അന്നുണ്ടായിരുന്നത്.
ഇന്ന് നമ്മൾ ഏഴ് ഭൂഖണ്ഡങ്ങൾ എന്നൊക്കെ പറയുന്നതുപോലെയാണിത്. ഉദാഹരണത്തിന്, ആഫ്രിക്കൻ രാജ്യങ്ങളിൽ ഷെൻഖീത്വയിലും മൊറോക്കോയിലും മൗറിത്താനിയയിലുമൊക്കെ പോയാണ് പണ്ഡിതന്മാർ അറിവ് നേടുന്നത്. തീജാനി ത്വരീഖത്തിന്റെ ശൈഖ് ഇനിയാസ് ഉൾപ്പെടെയുള്ളവർ മൗറിത്താനിയയിൽ പോയാണ് പഠിച്ചുവന്നത്. പഴയകാലത്ത് അങ്ങനെയായിരുന്നു; ഒരു പ്രത്യേക ദിശയിൽ ഒരു വലിയ പണ്ഡിതനുണ്ടാകും. ആ ദിശയിലുള്ള ശിഷ്യന്മാർ അങ്ങോട്ട് ചെന്ന് പഠിക്കും. അങ്ങനെയാണ് ഓരോ പ്രാദേശിക കേന്ദ്രങ്ങളിലും (അംസാറുകളിൽ) വലിയ ഖുർആൻ പണ്ഡിതന്മാരും (ഖുർറാഅ്) ഫിഖ്ഹ് പണ്ഡിതന്മാരും (ഫുഖഹാഅ്) ഉയർന്നുവന്നത്.
ഈജിപ്ത് ഉൾപ്പെടെയുള്ള ഓരോ പ്രദേശത്തും വലിയ ഫുഖഹാക്കൾ ഉണ്ടായിരുന്നു. ഇങ്ങിനെ സ്വഹാബികൾക്ക് ശേഷം താബിഉകളുടെ മദ്രസകൾ (പഠനകേന്ദ്രങ്ങൾ) നിലവിൽ വന്നു.
മദീനയിലെ മദ്റസ
മദീനയിലെ താബിഉകളിൽ പ്രമുഖരായിരുന്നു സഈദ് ഇബ്നുൽ മുസയ്യബ് (റ), ഉർവത്തുബ്നുസ്സുബൈർ (റ), ഖാസിം ഇബ്നു മുഹമ്മദ് (റ) തുടങ്ങിയവർ. മദീനയിൽ ‘അൽ ഫുഖഹാഉസ്സബ്അഹ്’ (ഏഴ് പ്രമുഖ ഫിഖ്ഹ് പണ്ഡിതന്മാർ) എന്നറിയപ്പെടുന്ന ഒരു സംഘമുണ്ടായിരുന്നു. താബിഉകളിൽ അറിവിൽ ഏറ്റവും തിളങ്ങിനിന്ന ഏഴ് പേരായിരുന്നു അവർ:
സഈദ് ഇബ്നുൽ മുസയ്യബ് (റ)
ഉർവത്തുബ്നുസ്സുബൈർ (റ)
ഖാസിം ഇബ്നു മുഹമ്മദ് ഇബ്നി അബീബക്കർ അസ്സ്വിദ്ദീഖ് (റ)
ഉബൈദുല്ലാഹിബ്നു അബ്ദില്ലാഹിബ്നി ഉത്ബത്തബ്നി മസ്ഊദ് (റ)
ഖാരിജത്തുബ്നു സൈദിബ്നി സാബിത് (റ)
സുലൈമാനുബ്നു യസാർ (റ)
അബൂബക്കറുബ്നു അബ്ദിർറഹ്മാനിബ്നിൽ ഹാരിഥിബ്നി ഹിശാം (റ)
ഇവരെക്കുറിച്ച് വിഖ്യാത കവിതയിൽ (ബൈത്ത്) ഇങ്ങനെ പരാമർശിച്ചിട്ടുണ്ട്:
فَقُلْ هُمْ عُبَيْدُ اللهِ عُرْوَةُ قَاسِمٌ ** سَعِيدٌ أَبُو بَكْرٍ سُلَيْمَانُ خَارِجَهْ
“നീ പറയുക: അവരാണ് ഉബൈദുള്ളാഹ്, ഉർവഃ, ഖാസിം, സഈദ്, അബൂബക്കർ, സുലൈമാൻ, ഖാരിജഃ എന്നിവർ.”
ഈ ബൈത്തിൽ പരാമർശിച്ചിരിക്കുന്ന ഏഴ് പ്രമുഖ പണ്ഡിതന്മാരുടെ (മദീനയിലെ ഏഴ് ഫുഖഹാക്കൾ) പൂർണ്ണമായ പേരുകൾ താഴെ നൽകുന്നു:
ഉബൈദുല്ലാഹ് – ഉബൈദുള്ളാഹിബ്നു അബ്ദില്ലാഹിബ്നു ഉത്ബഃ (റ)
ഉർവഃ – ഉർവത്തുബ്നുസ്സുബൈർ (റ)
ഖാസിം – അൽ-ഖാസിം ഇബ്നു മുഹമ്മദ് ഇബ്നു അബീബക്കർ (റ)
സഈദ് – സഈദുബ്നുൽ മുസയ്യബ് (റ)
അബൂബക്കർ – അബൂബക്കർ ഇബ്നു അബ്ദിറഹ്മാൻ (റ)
സുലൈമാൻ – സുലൈമാൻ ഇബ്നു യസാർ (റ)
ഖാരിജഃ – ഖാരിജത്തുബ്നു സൈദ് (റ)
ഇവരായിരുന്നു മദീനയിലെ പ്രധാന ഫുഖഹാക്കൾ. ഇൽമിയായ എന്തെങ്കിലും വിഷയങ്ങൾ വന്നാൽ ജനങ്ങൾ പ്രധാനമായും ഇവരുടെ അടുക്കലേക്കാണ് മടങ്ങിയിരുന്നത്. അല്ലാതെ ഏതെങ്കിലും ഒരു താബിഈ വന്ന് സ്വന്തമായി അഭിപ്രായം പറയുന്ന രീതിയല്ല അന്നുണ്ടായിരുന്നത്. കൃത്യമായ ചിട്ടയോടും പ്രമാണങ്ങളോടും കൂടിയായിരുന്നു ദീൻ നിലനിന്നത്.
മക്കയിലെ മദ്റസ
മക്കയിൽ പ്രമുഖരായിരുന്ന താബിഉകൾ താഴെ പറയുന്നവരായിരുന്നു:
അതാഅ് ഇബ്നു അബീ റബാഹ് (റ)
മുജാഹിദ് (റ)
ത്വാവൂസ് (റ)
ഇക്രിമ (റ)
സഈദ് ഇബ്നു ജുബൈർ (റ)
അംറുബ്നു ദീനാർ (റ)
അബ്ദുല്ലാഹിബ്നു സുബൈർ (റ), അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) എന്നീ പ്രമുഖ സ്വഹാബികളുടെ പ്രധാന ശിഷ്യന്മാരായിരുന്നു ഇവർ.
കൂഫയിലെ മദ്റസ
കൂഫയിൽ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ), അലി (റ) എന്നിവരുടെ ശിഷ്യന്മാരാണുണ്ടായിരുന്നത്. അതിൽ കൂടുതലും ഇബ്നു മസ്ഊദ് (റ) എന്നവരുടെ ശിഷ്യന്മാരായിരുന്നു:
അൽഖമത്തുബ്നു ഖൈസ് (റ)
അസ്‌വദുബ്നു യസീദ് (റ)
മസ്‌റൂഖ് (റ)
അബീദത്തുസ്സൽമാനി (റ)
ശുറൈഹ് (റ)
അൽ-ശഅ്ബി (റ)
ഇബ്രാഹീമുന്നഖഈ (റ)
ഏതെങ്കിലും പുതിയ വിഷയങ്ങൾ ഉയർന്നുവരുമ്പോൾ എല്ലാവരും സംശയനിവാരണത്തിനായി മടങ്ങിയിരുന്നത് ഈ പണ്ഡിതരിലേക്കായിരുന്നു. ആർക്കാണ് ഫത്‌വ നൽകാൻ അധികാരമുള്ളതെന്ന് കൃത്യമായി ചിട്ടപ്പെടുത്തിയ വ്യവസ്ഥ അന്നുണ്ടായിരുന്നു.
ബസ്വറയിലെ മദ്റസ
ബസ്വറയിലും അലി (റ) ഉൾപ്പെടെയുള്ള സ്വഹാബികളുടെ ശിഷ്യന്മാരാണുണ്ടായിരുന്നത്. ബസ്വറയിലെ മദ്റസയെക്കുറിച്ച് പറയുമ്പോൾ, സ്വഹാബികളായ അനസ് ബിൻ മാലിക് (റ), അബൂമൂസൽ അശ്അരി (റ), ഇമ്രാനുബ്നു ഹുസൈൻ (റ) എന്നിവരിൽ നിന്നും, ഒപ്പം കൂഫയിലെ പഠനകേന്ദ്രത്തിൽ നിന്നുമാണ് ഇവർ അറിവ് നേടിയത്. കൂഫയും ബസ്വറയും അടുത്തടുത്തായതിനാൽ രണ്ട് കേന്ദ്രങ്ങളിൽ നിന്നും പഠിച്ചവരായിരുന്നു ബസ്വറയിലുള്ളവർ.
ബസ്വറയിലെ മഹത്തുക്കളിൽ പ്രമുഖനാണ് ഹസനുൽ ബസ്വരി (റ). ഇവരിൽ ചിലർ മദീനയിലെ മദ്റസയിലും പഠിച്ചിട്ടുണ്ടാകാം. അവിടുത്തെ മറ്റു പ്രമുഖ താബിഉകൾ:
മുഹമ്മദ് ഇബ്നു സീരീൻ (റ)
അബൂഖിലാബ (റ)
ഖതാദ (റ)
ബക്കറുബ്നു അബ്ദില്ലാഹിൽ മുസനി (റ)
മതപരമായ സങ്കീർണ്ണ വിഷയങ്ങളിൽ ഇവരായിരുന്നു ബസ്വറക്കാരുടെ മാർഗ്ഗദർശികൾ.
മറ്റു കേന്ദ്രങ്ങൾ
ശാം: മക്ഹൂലുശ്ശാം(റ), അബൂ ഇദ്‌രീസ് അൽഖവലാനി(റ), ഖാലിദ് ഇബ്നു മഅ്ദാൻ(റ), റജാഅ് ഇബ്നു ഹൈവ (റ).
ഈജിപ്ത് (മിസ്ർ): യസീദ് ഇബ്നു അബീ ഹബീബ്(റ), അബുൽ ഖൈർ മർഥദ് ഇബ്നു അബ്ദില്ലാഹിൽ യസനി(റ), അബ്ദുറഹ്മാൻ ഇബ്നു ശമാസ (റ).
യമൻ: ത്വാവൂസ് ഇബ്നു കൈസാൻ(റ), വഹ്ബ് ഇബ്നു മുനബ്ബിഹ്(റ), ഹുമാം ഇബ്നു മുനബ്ബിഹ് (റ).
മദ്റസകളുടെ തുടർച്ചയും ഇമാമുമാരും
ഈ പഠനകേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് മദീനയിലെ മദ്റസ ആയിരുന്നു. താബിഉകൾക്ക് ശേഷം മദീനാ മദ്റസയുടെ പ്രധാന അനന്തരാവകാശിയായി നിലകൊണ്ടത് ഇമാം മാലിക് ഇബ്നു അനസ് (റ) ആണ്.
ഇമാം മാലിക് (റ) അറിവ് നേടിയത് യഹ്‌യ ഇബ്നു സഈദ് (റ), റബീഅത്തുർറഅ്‌യ് (റ) എന്നിവരിൽ നിന്നാണ്.
ഇവരിരുവരും അറിവ് സ്വീകരിച്ചത് ഇബ്‌നു ശിഹാബ് അസ്സുഹ്‌രി (റ) എന്നവരിൽ നിന്നാണ്.
ഇബ്‌നു ശിഹാബ് അസ്സുഹ്‌രി (റ) അറിവ് നേടിയത് മേൽപ്പറഞ്ഞ ഫുഖഹാഉസ്സബ്അഹ് (ഏഴ് ഫുഖഹാക്കൾ) എന്നവരിൽ നിന്നാണ്.
ഈ ഏഴ് ഫുഖഹാക്കളാകട്ടെ, ആയിശ (റ) ഉൾപ്പെടെയുള്ള പ്രമുഖ സ്വഹാബികളിൽ നിന്ന് നേരിട്ട് ഓതിപ്പഠിച്ചവരാണ്.
അതുകൊണ്ട് തന്നെ, ഇമാം മാലിക് (റ) പ്രതിനിധീകരിച്ച മദീനയിലെ മദ്രസക്ക് പ്രവാചക സ്വഹാബികളിലേക്ക് നേരിട്ടെത്തുന്ന അവിച്ഛിന്നമായ കണ്ണിയുണ്ടായിരുന്നു.
കൂഫയിലെ മദ്രസയുടെ കാര്യമെടുത്താൽ, താബിഉകളുടെ കാലശേഷം അതിന്റെ അനന്തര അവകാശിയായി വന്നത് ഇമാം അബൂഹനീഫ (റ) ആണ്.
ഇമാം അബൂഹനീഫ (റ) ഫിഖ്ഹ് പഠിച്ചത് ഹമ്മാദ് ഇബ്നു അബീ സുലൈമാൻ (റ) എന്നവരിൽ നിന്നാണ്.
ഹമ്മാദ് (റ) പഠിച്ചത് ഇബ്രാഹീമുന്നഖഈ (റ) എന്നവരിൽ നിന്നാണ്.
ഇബ്രാഹീമുന്നഖഈ (റ) പഠിച്ചത് അൽഖമ, അസ്‌വദ്, മസ്‌റൂഖ് എന്നീ മൂന്ന് പ്രമുഖ താബിഉകളിൽ നിന്നാണ്.
ഇവർ മൂവരും അബ്ദുല്ലാഹിബ്നു മസ്ഊദ് (റ), അലി (റ) എന്നീ സ്വഹാബികളുടെ ശിഷ്യന്മാരാണ്.
മക്കയിലെ മദ്റസ പരിശോധിച്ചാൽ, ഖാലിദ് അസ്സെൻജി (റ) തുടങ്ങിയവരുടെ മദ്രസ മടങ്ങുന്നത് ഇക്രിമ (റ), സഈദ് ഇബ്നു ജുബൈർ (റ), അതാഅ്(റ), മുജാഹിദ്(റ), ത്വാവൂസ്(റ) എന്നിവരിലേക്കാണ്. ഇവരെല്ലാവരും അറിവ് നേടിയത് ഇബ്നു അബ്ബാസ് (റ) എന്ന സ്വഹാബിയിൽ നിന്നാണ് (തുടർന്ന് ഈ ധാരകളെയെല്ലാം ഏകോപിപ്പിച്ചുകൊണ്ടാണ് ഇമാം ശാഫിഈ (റ) തങ്ങൾ തങ്ങളുടെ പ്രശസ്തമായ മദ്ഹബിന് രൂപം നൽകുന്നത്).
ചുരുക്കത്തിൽ, ഈ പറയപ്പെട്ട ഇസ്ലാമിക പഠനകേന്ദ്രങ്ങളൊന്നും വെറുതെ രൂപപ്പെട്ടതല്ല. അവയിൽ നിന്ന് ഒട്ടനവധി ഉലമാക്കൾ അറിവ് നേടി പുറത്തുവന്നു. പിൽക്കാലത്ത് ഈ പറയപ്പെട്ട ഓരോ വ്യക്തികളും വലിയ ഫിഖ്ഹ് പണ്ഡിതന്മാരും മസ്അലകൾ (നിയമവിധികൾ) കൃത്യമായി നിർദ്ധാരണം ചെയ്യാൻ ശേഷിയുള്ളവരുമായിരുന്നു. മറ്റുള്ള സാധാരണക്കാർക്ക് സ്വന്തമായി മസ്അലകൾ പറയാൻ അധികാരമുണ്ടായിരുന്നില്ല; പകരം ഈ മഹത്തുക്കളിൽ നിന്ന് കേട്ടറിഞ്ഞ വിധികൾ മാത്രമാണ് അവർ കൈമാറിയിരുന്നത്. ഇസ്ലാമിക ലോകം പൂർണ്ണമായും ആശ്രയിച്ചിരുന്നത് ഈ വലിയ പണ്ഡിതന്മാരെ മാത്രമായിരുന്നു.



