സമ്പാദനം: അബൂഹഫ്സ
മുമ്പെങ്ങോ വായിച്ചു മറന്ന മുല്ലാ കഥകളില്‍ നിന്നുള്ള ഒരു സംഭവം ഇപ്രകാരമുണ്ട്:
~ഒരു ദിവസം മുല്ലാ നാസിറുദ്ദീന്‍ ഹോജ ഒരു സല്ക്കാരത്തിലേക്ക് ക്ഷണിക്കപ്പെട്ടു. ഭൗതികമായ അര്‍ത്ഥത്തില്‍ ഉന്നത സ്ഥാനിയരായ ധാരാളം ആളുകള്‍ ക്ഷണിക്കപ്പെട്ട ഒരു വിരുന്നായിരുന്നു അത്. ആര്‍ഭാടവും പൊങ്ങച്ചവും നിറഞ്ഞ ആ സദസ്സിലേക്ക് വളരെ സാധാരണമായ വേഷത്തിലാണ് ഹോജ വന്നത്. ആ സദസ്സിലേക്ക് യാതൊരര്‍ത്ഥത്തിലും ചേരാത്തതായിരുന്നു അദ്ദേഹത്തിന്റെ വേഷവും ഹാവ ഭാവാദികളും. അതുകൊണ്ട് തന്നെ ആതിഥേയരോ അതിഥികളില്‍ ആരെങ്കിലുമോ അദ്ദേഹത്തെ ശ്രദ്ധിച്ചില്ല. ഉടനെ തന്നെ അദ്ദേഹം അവിടെ നിന്നും ആരോടും ഒന്നും ഉരിയാടാതെ തിരിച്ചു പോയി. അല്പസമയത്തിന് ശേഷം രാജകീയമായ അലങ്കാര വസ്ത്രങ്ങളെല്ലാം അണിഞ്ഞ് നല്ല തലപ്പാവെല്ലാം കെട്ടി അദ്ദേഹം വീണ്ടും ആ സദസ്സിലെത്തി. എല്ലാവരും വളരെ ആദരവോടെ അദ്ദേഹത്തെ സ്വീകരിച്ചു.
അല്പ സമയം അവിടെ ഇരുന്ന ശേഷം അദ്ദേഹം തന്റെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു. ശേഷം തന്റെ അലങ്കാര വസ്ത്രങ്ങളെല്ലാം അഴിച്ച് ആ ഇരിപ്പിടത്തില്‍ വെച്ച് അദ്ദേഹം പുറപ്പെടാനൊരുങ്ങി. ഭക്ഷണം പോലും കഴിക്കാതെ പുറപ്പെടാനൊരുങ്ങിയ അദ്ദേഹത്തോട് ആതിഥേയരും അതിഥികളുമെല്ലാം കാര്യമന്വേഷിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു:
”ഞാനിവിടെ നിങ്ങളുടെ ക്ഷണം സ്വീകരിച്ചാണ് അല്പ സമയം മുമ്പ് വന്നത്. എന്നാല്‍ എന്നെ ഇവിടെ ആരും സ്വീകരിക്കുകയുണ്ടായില്ല. എന്നാല്‍ ഇവിടെ സ്വീകരിക്കപ്പെടുന്നത് രാജകീയമായ വസ്ത്രങ്ങളെയും പൊങ്ങച്ചത്തെയുമാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ അത്തരം അലങ്കാരങ്ങളെല്ലാം അണിഞ്ഞ് ഞാനിവിടെ എത്തിയപ്പോള്‍ നിങ്ങളെന്നെ സ്വീകരിച്ചു. നിങ്ങള്‍ സ്വീകരിച്ച ആ വസ്ത്രങ്ങളും അലങ്കാരങ്ങളുമെല്ലാം ഞാന്‍ എന്റെ ഇരിപ്പിടത്തില്‍ അഴിച്ചുവെച്ചിട്ടുണ്ട്. നിങ്ങളുടെ സല്‍ക്കാരവും സ്വീകരണവുമെല്ലാം അതിനോടാകട്ടെ…” ഇത്രയും പറഞ്ഞ് മുല്ല ഉറച്ച കാല്‍വെപ്പോടെ നടന്നു പോയി…
ജനങ്ങളെല്ലാം ജാള്യതയോടെ തലതാഴ്ത്തി…..