കെ അഷ്‌റഫ്
സെക്കുലരിസത്തെ മുൻകൂര്‍ നൽകപ്പെട്ട സങ്കൽപനമെന്നതിനു പകരം ചരിത്രപരവും വിമർശനപരവുമായ രാഷ്ട്രീയ സംവർഗം എന്ന നിലയില്‍ പരിശോധിക്കുന്ന ലോക സാഹചര്യമാണ് നിലവിലുള്ളത്. സാമാന്യബോധത്തിനകത്തെ വിമർശന രഹിത അന്വേഷണങ്ങള്‍ സെക്കുലറിസത്തെ ആലോചനാരഹിതമായി സ്ഥാപിക്കുകയാണ് ഒരു പരിധിവരെ കഴിഞ്ഞ കാലങ്ങളില്‍ നടന്ന പൊതുസംവാദങ്ങള്‍ ചെയ്തത്. അതിനാൽത്തന്നെ മതം, രാഷ്ട്രീയം, ലിംഗം, ജാതി, സമുദായം, വർഗ്ഗം, ദേശരാഷ്ട്രം, ലൈംഗികത, ദേശീയത, സംവേദനം, ഹിംസ, സ്വാതന്ത്ര്യം, ശരീരം, സ്വത്വം തുടങ്ങിയ നിരവധി സാമൂഹിക/രാഷ്ട്രീയ ഘടകങ്ങളെ നിർണയിക്കുന്ന മേൽക്കോയ്മാ അധികാരമായും സ്വാഭാവികവത്ക്കരണം സംഭവിച്ച വിമർശമനരഹിത സംജ്ഞയായും സെക്കുലറിസം മാറിയിരിക്കുന്നുവെന്നാണ് പോസ്റ്റ് സെക്കുലര്‍ പഠനങ്ങള്‍ വിലയിരുത്തുന്നത്. മതേതരത്വത്തെ നിർണയ വാദങ്ങളില്‍ നിന്ന് മോചിപ്പിക്കുന്ന വിമർശന പദ്ധതിയായി പോസ്റ്റ്-സെക്കുലര്‍ പഠനങ്ങള്‍ മാറിയിരിക്കുന്നു.
ലോകവ്യാപകമായി നടക്കുന്ന പോസ്റ്റ്-സെക്കുലര്‍ പഠനങ്ങള്‍ സാമൂഹ്യ പഠനങ്ങളില്‍ നടത്തിയ പൊളിച്ചെഴുത്തുകള്‍ ഉത്തരഘടനാവാദം, (പോസ്റ്റ്-സ്ട്രക്ച്ചറലിസം), അധിനിവേശാനന്തര പഠനം(പോസ്റ്റ്‌കൊളോണിയലിസം), തുടങ്ങിയ സൈദ്ധാന്തിക പ്രവണതകളുടെ ചുവടുപിടിച്ചും ഒരുവേള അതിനെ മുറിച്ചുകടന്നും സാധ്യമാവുന്നുണ്ട്.
സെക്കുലരിസത്തെക്കുറിച്ചുള്ള വിമർശനത്തെ സാധ്യമാക്കുന്നത് മാറിയ രാഷ്ട്രീയം കൂടിയാണ്. കുടിയേറ്റം, അധിനിവേശാനന്തര ലോകത്തിന്റെ ആവിർഭാവം, ദേശരാഷ്ട്രങ്ങളുടെ വിള്ളലുകള്‍, ആശയങ്ങളും ജനങ്ങളും പരസ്പരം കൂടുതല്‍ അടുത്തറിയാന്‍ സഹായിച്ച പ്രവാസ രാഷ്ട്രീയം, കമ്യൂണിക്കേഷന്‍ സൈബർ വിപ്ലവം, കീഴാള ആത്മീയ മുന്നേറ്റങ്ങള്‍, സാമ്രാജ്യത്വ അധികാരത്തിനെതിരായ ചെറുത്തുനിൽപ്, പുതിയ വൈജ്ഞാനിക സമൂഹത്തിന്റെ ആവിർഭാവം തുടങ്ങി നിരവധി ഘടകങ്ങള്‍ സെക്കുലറിസത്തെ ലോകവ്യാപകമായി പുന: വിചിന്തനത്തിന് വിധേയമാക്കാന്‍ സഹായിച്ചിട്ടുണ്ട്.
മതത്തിന്റെ മടങ്ങിവരവ്
പൊതുവെ മതസമൂഹങ്ങളെന്നും അയുക്തി നിറഞ്ഞ അന്ധവിശ്വാസത്തിന്റെ ലോകമെന്നും വ്യവഹരിക്കപ്പെട്ടിരുന്ന അധിനിവേശ സമൂഹങ്ങളില്‍ നിന്നും സമുദായങ്ങളില്‍ നിന്നും ഉയർന്നു വന്ന ചെറുത്തുനിൽപ് പ്രസ്ഥാനങ്ങള്‍ 1970കളില്‍ രാഷ്ട്രീയവിപ്ലവങ്ങൾക്ക് നേതൃത്വം നല്കിയതോടുകൂടി സാമൂഹ്യ രാഷ്ട്രീയ വിപ്ലവങ്ങളുണ്ടാക്കാനുള്ള മതത്തിന്റെ ശേഷി വ്യാപകമായി തിരിച്ചറിയപ്പെട്ടു. ഈ ചരിത്രഘട്ടത്തെ ‘മതത്തിന്റെ മടങ്ങിവരവ്’ എന്നാണ് പല ഗവേഷകരും വിശേഷിപ്പിച്ചത്. മാത്രമല്ല മതവും മതേതരത്വവും തമ്മില്‍ മാറിയ ഒരു ബന്ധത്തെക്കുറിച്ച് ആലോചിക്കാന്‍ മതത്തിന്റെ ഈ മടക്കം പ്രേരണ നൽകുന്നു. മതം തിരിച്ചുവരുന്നു എന്ന സെക്കുലര്‍ ഭീതി പൊതുവ്യവഹാരങ്ങളുടെ ഭാഗമായെന്നു മാത്രമല്ല, നിക്കരഗ്വയിലും ഇറാനിലും പോളണ്ടിലും ദക്ഷിണാഫ്രിക്കയിലും നടന്ന ദേശീയവിപ്ലവ പ്രസ്ഥാനങ്ങള്‍ ഒരർഥത്തിൽ ക്രൈസ്തവതയിലും ഇസ്ലാമിലും തദ്ദേശീയ വിശ്വാസചാരങ്ങളിലും ഊന്നിയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ കൂടിയായിരുന്നു. ഇതാവട്ടെ മാര്ക്സിസം, ഫെമിനിസം തുടങ്ങിയ മേഖലകളില്‍ പുതിയ സൈദ്ധാന്തിക സമരങ്ങള്‍ തന്നെ സാധ്യമാക്കി.
പിന്നീട് 9/11നു ശേഷമാണ് ഇസ്ലാമിന്റെ സാഹചര്യത്തിലേക്ക് സെക്കുലരിസത്തെ കുറിച്ചുള്ള വിമർശനങ്ങള്‍ ഒരു വിസ്ഫോടന ശക്തിയായി കടന്നുവരുന്നത്. ഇസ്ലാമിക സമൂഹങ്ങളെ ജനാധിപത്യവത്ക്കരിക്കാനെന്ന പേരില്‍ യുറോ- അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ ഇറാഖ്, അഫ്ഗാന്‍ അധിനിവേശമാണ് ഈ സംവാദത്തിന്റെ ഒരു ഘട്ടം. ഒരു ദശലക്ഷത്തിനടുത്ത് മനുഷ്യരെ ഇല്ലായ്മ ചെയ്ത പ്രസ്തുത അധിനിവേശ രാഷ്ട്രീയം, നല്ല ഇസ്ലാമിനെ ചീത്ത ഇസ്ലാമില്‍ നിന്ന് രക്ഷിക്കാനുള്ള അധിനിവേശമായിരുന്നു. നല്ല ഇസ്ലാം മൃദു ഇസ്ലാം മാത്രമല്ല അത് മതേതര ജനാധിപത്യ ഇസ്ലാം കൂടിയായിരുന്നു. നിരവധി തിങ്ക് ടാങ്കുകളും പുസ്തക പ്രസാധനാലയങ്ങളും ഇസ്ലാമിനെ ജനാധിപത്യവത്ക്കരിക്കാനും മതേതരവത്ക്കരിക്കാനും ലോകവ്യാപകമായി സ്ഥാപിതമായി.
വെള്ളക്കാരന്റെ അധിനിവേശഭാവം അതിന്റെ ഏറ്റവും ഉദാത്തസ്വഭാവം കൈവരിച്ച ഒരു ചരിത്രനിമിഷമായിരുന്നു ഇറാഖ് /അഫ്ഗാന്‍ അധിനിവേശ കാലഘട്ടം. ഇറാഖ് /അഫ്ഗാന്‍ അധിനിവേശത്തെ എണ്ണ യുദ്ധങ്ങള്‍ എന്ന് ചുരുക്കിയ പല സാമ്രാജ്യത്വവിരുദ്ധ ചിന്തകരും അധിനിവേശ ശക്തികള്‍ നടത്തിയ വൈജ്ഞാനിക ഹിംസയെ കണ്ടില്ലെന്നു നടിച്ചു. ജ്ഞാനശാസ്ത്രപരമായിതന്നെ യുറോകേന്ദ്രീകൃത സമീപനമായിരുന്നു അവര്‍ കൈകൊണ്ടത്.
അതുകൊണ്ടുതന്നെ ആഗോളവ്യാപകമായി നിരവധി ജനകീയ ഭരണകൂടങ്ങളെ കടപുഴക്കി സ്വേച്ഛാധിപതികൾക്ക് വഴിയൊരുക്കിയ യുറോ-അമേരിക്കന്‍ ശക്തികള്‍ പെട്ടെന്ന് ജനാധിപത്യ മതേതര രാഷ്ട്രീയത്തിന്റെ- വക്താക്കളായി മാറി. അങ്ങിനെ ചരിത്രത്തിലാദ്യമായി തുറന്ന ജനാധിപത്യ സമൂഹത്തിന്റെ മുന്നുപാധിയായി മതേതരത്വം മാറി. അമേരിക്കയിലും ഫ്രാൻസിലും ഇംഗ്ലണ്ടിലും അടക്കം നിരവധി ആന്തരിക വൈരുധ്യങ്ങള്‍ മതവും രാഷ്ട്രീയവും ദൈവശാസ്ത്രവും തമ്മില്‍ നിലനിൽക്കുന്നുവെന്ന അന്വേഷണം ആഗോള പൊതുമണ്ഡലത്തില്‍ ഒരു ഘട്ടത്തിലും സാധ്യമായില്ല. ഈ സാഹചര്യത്തിലാണ് തലാല്‍ അസദ്, സബ മഹ്മൂദ്, ചാൾസ് ഹിഷ്കിന്ദ്, ഹുസൈന്‍ അലി അഗ്രാമ, എലിസബത്ത് ശക്മാന്‍ഹെഡ് തുടങ്ങിയവരുടെ പഠനങ്ങള്‍ രാഷ്ട്രീയമായ ശക്തിയോടെയും അക്കാദമിക പിൻബലത്തോടെയും ആധിപത്യ ജ്ഞാനാധികാരത്തെ ചോദ്യം ചെയ്തുകൊണ്ടു പുറത്തുവരുന്നത്.
2011-ല്‍ അറബ് വസന്തമെന്നു ലിബറല്‍ രാഷ്ട്രീയ ചിന്തകര്‍ വിശേഷിപ്പിച്ച രാഷ്ട്രീയ സമരങ്ങള്‍ ഉണ്ടാക്കിയ ഇസ്ലാമിക രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ആഗോള തലത്തില്‍ ഒരു പോസ്റ്റ് സെക്കുലര്‍ വിപ്ലവമായി സ്ഥാനപ്പെടുത്തിയിരുന്നു. സാമിര്‍ അമീന്‍, ഐജാസ് അഹമ്മദ് അടക്കമുള്ള ഇടതുപക്ഷ എഴുത്തുകാർ അറബ് വസന്തത്തെ തള്ളിക്കളയാനുള്ള പ്രധാന കാരണം അതൊരു സെക്കുലര്‍ വിപ്ലവം അല്ലാതിരുന്നതു കൊണ്ടാണെന്ന് ഹാമിദ് ദബാഷി കരുതുന്നു. കാരണം, മുസ്ലിംങ്ങള്‍ സാമൂഹിക മാറ്റം ഉണ്ടാക്കുന്നവരും വിമർശനത്തിനു പ്രാപ്തരും ആണെന്ന് വിശ്വസിക്കാന്‍ അവർക്ക് പ്രയാസമായിരുന്നു. സാമിര്‍ അമീന്‍, ഐജാസ് അഹമ്മദ് തുടങ്ങിയവർക്ക് എല്ലാ രാഷ്ട്രീയ വിപ്ലവങ്ങളുടെയും മുന്നുപാധി മതേതരത്വം മാത്രമായിരുന്നു. സ്വന്തം യാന്ത്രികബോധത്തില്‍ നിന്നു പുറത്തുകടക്കാന്‍ അവർക്കു സാധിച്ചില്ല. എങ്കിലും സാമൂഹ്യചിന്തയിലും മതത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും പുനരാലോചനകൾക്ക് പ്രാപ്തി നൽകിയ രാഷ്ട്രീയ സംഭവമായിരുന്നു അറബ് രാഷ്ട്രീയ വിപ്ലവങ്ങള്‍.
ഇറാഖ്, അഫ്ഗാന്‍ അധിനിവേശം നടത്തിയ രാഷ്ട്രീയ ശക്തികൾക്ക് അറബ് ജനത നൽകിയ ആ തിരിച്ചടിയില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെയും കൂട്ടായ്മകളുടെയും പങ്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. ബഹുകക്ഷി ഭരണകൂടം അടക്കമുള്ള സംവിധാനങ്ങള്‍ നിലനിറുത്താനും മതേതരത്വം എന്ന സൂചകത്തിനു കീഴെയല്ലാതെ സാമൂഹിക ഇണക്കങ്ങള്‍ സാധ്യമാക്കാനും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ശ്രദ്ധിച്ചത് ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അറബ് ലോകത്തെ പ്രതിവിപ്ലവ ശക്തികളുടെ അട്ടിമറി ശ്രമങ്ങള്‍ അതിജീവിക്കാന്‍ അവർക്ക് കഴിഞ്ഞില്ലെങ്കിലും മതം, രാഷ്ട്രീയം, മതേതരത്വം ഇവയെക്കുറിച്ചുള്ള നിർണായക സൂചനകള്‍ ലോകത്തിനു നൽകാന്‍ പ്രസ്തുത ജനകീയ മുന്നേറ്റങ്ങൾക്ക് സാധിച്ചു. സങ്കൽപനപരമായ മാറ്റം സാധ്യമാക്കിയ ഒരു പോസ്റ്റ്-സെക്കുലര്‍ വിപ്ലവസംരംഭം എന്ന നിലയില്‍ അറബ് വസന്തം ചരിത്രത്തിന്റെ ഭാഗമായിത്തീർന്നു.
യൂറോപ്യൻ സാഹചര്യം
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി യൂറോപ്പിലെ മുസ്ലിം കുടിയേറ്റ സാന്നിധ്യം ഒരു പ്രശ്നമായി തുടരുകയാണ്. കൊളോണിയലിസത്തിനു ശേഷം യുറോപ്പ് അനുഭവിക്കുന്ന ഏറ്റവും നിർണായകമായ അപരസാന്നിധ്യമായി മുസ്ലിം എന്ന ഗണം മാറുന്നുണ്ട്. കുരിശുയുദ്ധങ്ങള്‍ മുതല്‍ ഇസ്ലാമും യുറോ-ക്രൈസ്തവതയും അനുഭവിക്കുന്ന രാഷ്ട്രീയ സമ്മർദ്ധങ്ങള്‍ പുറത്തുവരുന്ന മറ്റൊരു സന്ദർഭവുമാണിത്. ഈ സാഹചര്യത്തിലാണ് പോസ്റ്റ്-സെക്കുലര്‍ പഠനങ്ങള്‍ ഏറെ നിർണായകമായ മുസ്ലിം ചോദ്യങ്ങള്‍ ഉയർത്തി പ്പിടിച്ചത്. അത് ഇസ്ലാമിനെ മാത്രമല്ല ജൂത/ക്രൈസ്തവ പാരമ്പര്യങ്ങളെകൂടി പുനരാലോചനയ്ക്ക് വിധേയമാക്കി. ഇബ്രാഹിമീ പാരമ്പര്യം യുറോപ്യന്‍ തത്വചിന്തയില്‍ തന്നെ തിരിച്ചുവരുന്ന സന്ദർഭമായിരുന്നു അത്. ഇസ്ലാമിനും ജൂതായിസത്തിനും ഒരുപോലെ പ്രാധാന്യമുള്ള പ്രവാചകനാണ് ഇബ്രാഹിം (അ) അഥവാ എബ്രഹാം. അതിനാല്‍ തന്നെ ദൈവശാസ്ത്ര പാരമ്പര്യങ്ങളുടെ അന്വേഷണം എബ്രഹാമില്‍ തുടങ്ങന്നതിനു സാംഗത്യമേറെയുണ്ട്.
പോസ്റ്റ് സെക്കുലറിസം എന്ന സംജ്ഞ പരിചയപ്പെടുത്തിയ യുർഗന്‍ ഹാബർമാസിന്റെ പ്രഭാഷണങ്ങള്‍ ഉണ്ടാവാനുള്ള കാരണം തന്നെ 9/11നു ശേഷമുള്ള സംഭവവികാസങ്ങളാണ്. ലിബറല്‍ പ്രതിസന്ധി, സ്വാതന്ത്ര്യത്തിന്റെ പ്രശ്നം, മുസ്ലിങ്ങളുടെ സവിശേഷത, മതത്തിന്റെ അതിർ വരമ്പിനെ കുറിച്ചുള്ള ചർച്ച തുടങ്ങിയ സംവാദങ്ങളിലൂടെ ഈ പ്രശ്നം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. സൽമാന്‍ റുഷ്ദിയെ ചുറ്റിപ്പറ്റിയുള്ള ചർച്ച ഫ്രാൻസില്‍ സ്കൂളുകളില്‍ ഹെഡ് സ്കാർഫ് നിരോധിച്ച സംഭവം, പ്രവാചകന്‍ മുഹമ്മദ് (സ്വ)യെ വിമർശിച്ചുകൊണ്ട് ഡാനിഷ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ച കാർട്ടൂ ണുകള്‍, റിഗൻസ്ബർഗ് യൂനിവേഴ്സിറ്റിയില്‍ പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍ നടത്തിയ ഇസ്ലാമിക ഹിംസയെ കുറിച്ചുള്ള പരാമർശങ്ങള്‍ തുടങ്ങിയവയൊക്കെ യൂറോപ്പിലെ മുസ്ലിം സാന്നിധ്യത്തെ കുറിച്ചുള്ള ചർച്ചയിലെ സമകാലിക അടയാളക്കുറികളാണ്. ഈ ചർച്ചകളിലൊക്കെ ബഹുസാംസ്കാരിക വാദം, ബഹുസ്വരത, മതത്തിന്റെ പൊതുമണ്ഡലത്തിലെ പങ്കാളിത്തം തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ കടന്നുവന്നിരുന്നു. ഈ സംവാദങ്ങളില്‍ ഇസ്ലാമിനെക്കുറിച്ച് സംസാരിക്കാൻ ഒരു പ്രത്യേക മതേതര കാഴ്ച്ചപ്പാട് ഏറെ പ്രാധാന്യത്തോടെ ഉയർന്നു വന്നിരുന്നു.
‘ഇസ്ലാമിനെ യൂറോപ്പില്‍ ഉൾക്കൊള്ളണമെങ്കില്‍ യൂറോപ്പിന്റെ സെക്കുലര്‍ പാരമ്പര്യത്തെ ഇസ്ലാം ഒരിക്കലും തരംതാഴ്ത്തി കാണരുത്, യൂറോപ്യന്‍ സെക്കുലറിസം എന്നത് വ്യക്തിസ്വാതന്ത്ര്യം, സഹിഷ്ണുത, ബഹുസ്വരത ഇവയുടെ അടിസ്ഥാനത്തിലാണ് നിലനില്ക്കുന്നത്. മുസ്ലിങ്ങളെ യൂറോപ്യന്‍ സമൂഹങ്ങളിലേക്ക് ഉദ്ഗ്ര ഥനം ചെയ്യിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യമാണിത്. ഇതാവട്ടെ യൂറോപ്യന്‍ മുസ്ലിങ്ങള്‍ എത്രത്തോളം വ്യക്തിവത്ക്ക രിക്കപ്പെടുകയും പരമ്പരാഗത മതമൂല്യങ്ങളില്‍നിന്ന് അകറ്റപ്പെടുകയും അങ്ങിനെ മതേതരവത്ക്കരിക്കപ്പെടുകയും വേണമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് വികസിച്ചത്. ഈ ശ്രമങ്ങളിലെല്ലാം അടിസ്ഥാനപരമായി ഒരു കാര്യത്തിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടു.
എന്താണ് യൂറോപ്പ്? എന്താണ് സെക്കുലറിസം? ഈ രണ്ടു ചോദ്യങ്ങളും മുസ്ലിങ്ങളെ ഉദ്ഗ്രഥിക്കാന്‍ ആവശ്യപ്പെട്ട വ്യവഹാരങ്ങള്‍ മറച്ചുവയ്ക്കുകയാണുണ്ടായത്. ഇവിടെ യൂറോപ്പിനെ ബഹുസ്വരതയുടെയും നിക്ഷ്പക്ഷതയുടെയും അടിസ്ഥാനമായി സെക്കുലറിസം കണക്കാക്കുകയാണുണ്ടായത്. തലാല്‍ അസദ് ഒരിക്കല്‍ നിരീക്ഷിച്ചതു പോലെ യൂറോപ്യന്‍ സ്ഥാപനങ്ങളും പ്രത്യയശാസ്ത്രങ്ങളും സാംസ്കാരിക മതവൈവിധ്യങ്ങളുള്ള കുടിയേറ്റ മുസ്ലിങ്ങളെ ഉൾക്കൊള്ളാന്‍ പാകമാണോ എന്ന ചോദ്യത്തെക്കാള്‍ ആധിപത്യം കിട്ടിയത് മുസ്ലിം സമുദായങ്ങൾക്കു യൂറോപ്പില്‍ അലിഞ്ഞു ചേരാന്‍ കഴിയുമോ എന്ന ചോദ്യത്തിനാണ്. അതിനാലാണ് എപ്പോഴും ഇസ്ലാം എന്നത് ഒരു പ്രശ്നമാവുകയും യൂറോപ്യന്‍ സെക്കുലറിസം പ്രശ്നരഹിതമാവുകയും ചെയ്യുന്ന സാഹചര്യമുണ്ടായത്. ഇവിടെ ഇസ്ലാമിനു മാത്രം മാറ്റം നിർദ്ദേശിക്കുകയും യൂറോപ്യന്‍ സെക്കുലറിസം ഒരു മാറ്റവുമില്ലാതെ തുടരുകയും ചെയ്യണമെന്ന രീതിയിലാണ് പൊതുസംവാദങ്ങള്‍ ക്രമീകരിക്കപ്പെട്ടത്. മുസ്ലിങ്ങളെ മതാന്ധതയിലും തീവ്രവാദത്തിലും അടിഞ്ഞു കിടക്കുന്ന സമൂഹമായി ചിത്രീകരിച്ച പൊതുസംവാദങ്ങൾക്കും മേൽപറഞ്ഞ സെക്കുലര്‍ ബോധത്തിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ മുസ്ലിങ്ങളുടെ സമകാലിക പ്രശ്നങ്ങളെ നിര്‍മ്മിക്കുന്നതില്‍ സെക്കുലറിസത്തിനുള്ള പങ്ക് പലപ്പോഴും അന്വേഷിക്കാതെ വിട്ടു.
ഇന്നത്തെ പോസ്റ്റ്-സെക്കുലര്‍ സംവാദങ്ങള്‍ ലോകവ്യാപകമായി ഉന്നയിക്കാന്‍ ശ്രമിച്ചത് സെക്കുലറിസവും മതവും വിശിഷ്യാ ഇസ്ലാമും തമ്മിലുള്ള മേൽകീഴ് ബന്ധത്തെ നിരാകരിക്കുന്ന സമീപനമാണ്. അതാവട്ടെ, മതവും സെക്കുലറിസവും തമ്മിലുള്ള ബന്ധത്തെ അതിന്റെ ആധിപത്യ വായനയില്‍ നിന്ന് മോചിപ്പിക്കുകയും പുതിയൊരു വിമർശനാത്മക ബന്ധം അന്വേഷിക്കുകയും ചെയ്യുന്നു. ഈ അന്വേഷണമേഖല ഉൾകൊള്ളുന്ന പാഠത്തെയും സന്ദർഭത്തെയും പൊതുവായി പോസ്റ്റ്-സെക്കുലര്‍ പഠനങ്ങള്‍ എന്ന് വിളിക്കാമെന്നു കരുതുന്നു.