ഫതുഹുർറബ്ബാനി

അല്ലാഹുവിന്റെ വിശേഷപ്പെട്ട ഔലിയാക്കളുടെ ഗണത്തിൽ ഉന്നത സ്ഥാനീയരായ ശൈഖുനാ ഗൗസുൽ അഅളം മുഹിയിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി() തങ്ങളുടെ ആത്മീയോപദേശങ്ങളുടെ സമാഹരമാണ് ഫത്ഹു റബ്ബാനി. ആത്മസംസ്കരണ പ്രധാനമായ വിശിഷ്ടമായ ഉപഹാരത്തിന്റെ മലയാള മൊഴിമാറ്റം ആദ്യലക്കം മുതൽ അകമീയത്തിൽ ആരംഭിക്കുകയാണ്. മഹാനവർകളുടെ ഭാഷണങ്ങളാണ് ഗ്രന്ഥത്തിൽ സമാഹരിക്കപ്പെട്ടിട്ടുള്ളത്. ആഴവും വൈപുല്യവുമുള്ള ഭാഷണങ്ങളുടെ ഏതാണ്ട് ആശയ പരാവർത്തനം മാത്രമാണിത് .

ഹിജ്റ വർഷം 545 ശവ്വാൽ 3 ന് ഞായറാഴ്ച പ്രഭാതത്തിൽ റുബാഥിൽ വെച്ച് ചെയ്ത ഭാഷണം:

അല്ലാഹുവിന്റെ വിധികൾ വന്ന് ചേരുമ്പോൾ അവനോട് ആക്ഷേപകരമായ മനസ്സുണ്ടാവൽ ദീനിന്റെ മരണമാണ്.(ദീനിന്റെ മരണത്തെയാണ് അത് സൂചിപ്പിക്കുന്നത്) തൗഹീദിന്റെ മരണമാണ്. തവക്കലിന്റെയും മനഃശുദ്ധിയുടെയും ഹൃദയത്തിന്റെയും മരണമാണ്. സത്യവിശ്വാസി (തനിക്ക് വന്നു ഭവിച്ച ആ കാര്യം) അത് എന്തിന് എന്ന് പരിഭവിക്കുകയോ ഇനി എങ്ങിനെയായിരിക്കും എന്നാലോചിച്ച് പരിതപിക്കുകയോ ചെയ്യില്ല. മറിച്ച് (ആ സംഭവ്യതയിൽ) തൃപ്തിയോടെ നമ്രശിരസ്കനാകുകയാണ്.
നഫ്സ് മുഴുവനും വിരോധത്തിലും വിയോജനത്തിലുമാണ്. അതിനെ നന്നാക്കാനുദ്ദേശിക്കുന്നവൻ അതിന്റെ ദുർഗുണങ്ങളിൽ നിന്ന് മുക്തനാകുന്നതുവരെ അതിനോട് സമരം ചെയ്യണം. നഫ്സ് ആക മാനം മോശമാണ്. അത് പരാജയപ്പെട്ട് കീഴൊതുങ്ങി ശാന്ത ഗുണം പ്രാപിച്ചാൽ അത് ഗുണ സമ്പൂർണ്ണതയാണ്.
സർവ സൽക്കർമ്മങ്ങളും അനുഷ്ഠിക്കുന്നതിലും പാപകർമ്മളെ പരിപൂർണമായി വർജ്ജിക്കുന്നതിലും അത് തൃപ്തിയോടെ യോജിക്കുന്നതാണ്. ഈ പരിവർത്തനം സിദ്ധിച്ച നഫ്സിനോടാണ് ഇപ്രകാരം പായപ്പെടുന്നത്:
“ഹേ… മുത്മഇന്നത്തായ നഫ്സേ… നീ തൃപ്തിപ്പെട്ടതായും ( നിന്റെ റബ്ബിനെ) നിന്നെ ( നിന്റെ റബ്ബ്) തൃപ്തിപ്പെട്ടതായും നീ നിന്റെ രക്ഷിതാവിങ്കലേക്ക് മടങ്ങുക.”
അപ്പോൾ ആ നഫ്സിന് അദ്ധ്യാത്മിക പ്രണയം യഥോചിതമാവുകയും അതിന്റെ പ്രകൃതത്തിൽ ഉൾച്ചേർന്നിരുന്ന ദുർവാസനകളിൽ നിന്ന് നിശ്ശേഷം മുക്തമാവുകയും ദുഷ്കർമ്മങ്ങളിലേക്ക് ആകർഷിക്കപ്പെടാതെ ഭാവി സ്വയം സംരക്ഷിക്കുന്നതിനുള്ള പ്രാപ്തിയുണ്ടാവുകയും ചെയ്യുന്നു. പിന്നെ ആ നഫ്സ് സൃഷ്ടികളിൽ യാതൊന്നിനൊടും ഭാവാനുബന്ധം പുലർത്തി നിലകൊള്ളുകയില്ല. അത് തന്റെ ആദി പിതാവ് ഇബ്റാഹിം നബി(അ)നോടുള്ള കുടുംബ ബന്ധവും ഉൽകൃഷ്ട പാരമ്പര്യവും വെച്ച്‌ പുലർത്തുന്നതാണ്.
ഇബ്റാഹിം നബി(അ) നഫ്സിന്റെ അധികാര പരിധിയിൽ നിന്ന് പുറപ്പെടുകയും ശരീരേച്ഛകളിൽ നിന്ന് വിമുക്തരാവുകയും ഹൃദയം സുസ്ഥിരമായ നിലയിൽ സ്ഥിതി ചെയ്യുന്നവരുമാണ്. സൃഷ്ടികളിൽ പലരും സഹായത്തിന് സന്നദ്ധരായ വേളയിൽ (നംറൂദ് അഗ്നികുണ്ഠമൊരുക്കി ഹസ്രത്ത് ഇബ്റാഹിം നബി(അ) മിനെ അതിലേക്കെറിഞ്ഞ വേളയിൽ) അവിടുന്ന് ഞാൻ നിങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നില്ലെന്നും അവൻ (അല്ലാഹു) എന്റെ സ്ഥിതി ശരിയായി അറിഞ്ഞു കൊണ്ടിരിക്കുമ്പോൾ ഞാനൊന്നും വിളിച്ചു പറയേണ്ടത് ആവശ്യമില്ലെന്നും പറഞ്ഞു. അങ്ങനെ തന്റെ പൊരുത്തം അവന്റെ പൊരുത്തത്തിലാക്കിയും എല്ലാം അവനിൽ ഭരമേൽപിക്കുകയും ചെയ്ത് പരിപൂർണ്ണദശയിലെത്തിയപ്പോൾ അഗ്നിയോട് പറയപ്പെട്ടു:
°നീ ഇബ്റാഹിമിന് കുളിർമ്മയും രക്ഷയും ആകൂ.”
ഇഹലോക ജിവിതത്തിൽ അല്ലാഹുവിന്റെ എണ്ണമറ്റ സഹായം ഇങ്ങനെ അവന്റെ കൂടെ ക്ഷമിക്കുന്നവർക്കാണ്. പരലോകത്ത് അവന്റെ പക്കൽ നിന്നുള്ള കണക്കറ്റ സുഖാനുഭവങ്ങളും ശ്രേയസ്സുകളും അവർക്കു തന്നെ. അല്ലാഹു തആല പറയുന്നു:
“തീർച്ചയായും ക്ഷമാശീലർക്ക് അവരുടെ പ്രതിഫലം കണക്കു കൂടാതെ പരിപൂർണ്ണമായി നൽകപ്പെടും.”
അല്ലാഹു വിന് യാതൊന്നും മറഞ്ഞിരിക്കുകയില്ല. അവന്റെ വിഷയത്തിൽ സഹിഷ്ണുതയുള്ളവരുടെയും ത്യാഗിവര്യന്മാരുടെയും പ്രവർത്തനങ്ങളത്രയും അവന് വേണ്ടിയാകുന്നു. അവനോട് കൂടെ ഒരു മണിക്കൂർ (അവന്റെ അലംഘനീയമായ വിധി നടപ്പാകുമ്പോൾ) നിങ്ങൾ ക്ഷമിക്കുക. എങ്കിൽ തീർച്ചയായും അനേക വത്സരങ്ങൾ അവന്റെ ശാന്തതയും ഉത്കൃഷ്ട ഗുണങ്ങളുടെ ഫലങ്ങളും നിങ്ങൾ ദർശിക്കുന്നതാണ്. അൽപസമയം ക്ഷമിക്കലാണ് ധീരത.
തീർച്ചയായും അല്ലാഹു (സഹായവും പൂർണ്ണ വിജയവും പ്രദാനം ചെയ്യലുകൊണ്ട്) ക്ഷമാശീലന്മാരോട് കൂടെയാകുന്നു.”
നിങ്ങൾ അവന്റെ വിഷയത്തിൽ ക്ഷമിക്കുവിൻ. അവന്റെ താത്പര്യത്തിൽ ഉണരുവിൻ. അവനെ കുറിച്ചുള്ള വിസ്മൃതിയിൽ നിങ്ങൾ കാലം നഷ്ടപ്പെടുത്താതിരിക്കുവിൻ. മരണാനന്തരം നിങ്ങൾ ഉണരുമെന്നത് നിശ്ചയമാണ്. എന്നാൽ ആ അവസരത്തിലുള്ള പ്രബുദ്ധാവസ്ഥ നിങ്ങൾക്ക് യാതൊരു യാതൊരനുഭവവും ചെയ്യുകയില്ലെന്നതും നിശ്ചയം തന്നെ. അവനെ നിങ്ങൾ അഭിമുഖീകരിക്കുന്നതിനു മുമ്പായി അവന്റെ വിളിയിൽ നിങ്ങൾ പ്രബുദ്ധരാകുവിൻ. അല്ല നിങ്ങളുടെ ഹിതമോ താത്പര്യമോ അനുസരിച്ചല്ലാതെ നിങ്ങൾ ഉണർത്തപ്പെടുമ്പോൾ ഖേദം ഉപകാരം ചെയ്യാത്ത അടുത്ത ഭാവി ദർശിക്കുമ്പോൾ നിങ്ങൾ ഖേദിക്കും.
നിങ്ങളുടെ ഹൃദയങ്ങൾ നിങ്ങൾ വൃത്തിയാക്കുവിൻ. തീർച്ചയായും ഹൃദയങ്ങൾ ശുദ്ധിയാകുന്ന പക്ഷം ശേഷമുള്ള എല്ലാ സ്ഥിതിഗതികളും നന്നായി തീരും. അതുകൊണ്ടാണ് നബി(സ്വ) തങ്ങൾ ഇപ്രകാരം പറഞ്ഞത്:
“മനുഷ്യ ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നാകുന്ന പക്ഷം അതിനെ തുടർന്ന് അവന്റെ ശരീരമാസകലം നന്നായി തീരും. അത് ദുശിച്ചു പോയാൽ അതിനെ തുടർന്ന് അവന്റെ ശരീരമാസകലം ദുഷിച്ചു പോകും. അറിയുക അത് ഹൃദയമാണ്. “
ഹൃദയം നന്നാവണമെങ്കിൽ അല്ലാഹുവിലുള്ള ഭയഭക്തി അവനിലുള്ള തവക്കുൽ അവന്റെ ഏകത്വത്തിലുള്ള ദൃഢവിശ്വാസം കർമ്മങ്ങളിൽ മനഃശുദ്ധി ഇവ ഒത്തുവരണം. ഹൃദയം ദുഷിക്കുക എന്നാൽ ഇവ ഇല്ലാതിരിക്കലാണ്. ഹൃദയം എന്നാൽ ശരീരമെന്ന കൂട്ടിൽ വസിക്കുന്ന ഒരു പക്ഷിയാണ്. ചെപ്പിൽ വെച്ച മുത്താണ്. ഖജനാവിൽ സൂക്ഷിച്ച ധനമാണ്. കൂടിനേക്കാൾ പ്രസക്തി പക്ഷിക്കാകുന്നു. ചെപ്പിനെക്കാൾ മുത്തിനും ഖജനാവിനെക്കാൾ ധനത്തിനുമാകുന്നു. അല്ലാഹുവേ ഞങ്ങളുടെ അവയവങ്ങൾ നിനക്കുള്ള അനുസരണയിലാക്കേണമേ…. ഹൃദയങ്ങൾ നിന്നെ അറിയുന്ന വിധം വിനീതവിധേയ ബോധമുള്ളതാക്കണെ. ഞങ്ങളുടെ ആയുഷ്കാലം രാവും പകലും അപ്രകാരമാക്കി തീർക്കേണമേ…. ഞങ്ങളുടെ മുമ്പ് കഴിഞ്ഞു പോയ സജ്ജനങ്ങളോട് ഞങ്ങളെയും നീ ചേർക്കേണമേ…. അവർക്ക് നൽകിയതെല്ലാം നീ ഞങ്ങൾക്കും ഏകി അരുളേണമെ…. അവർക്ക് നീ എപ്രകാരം ആയോ അപ്രകാരം നീ ഞങ്ങൾക്കും ആകേണമെ…

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy