ദർവേശ് അൻവാരി
ഭാഷക്കും സംസ്കാരത്തിനും മുതൽകൂട്ടാകൂന്ന അമൂല്യമായ ചില രചനകൾ ചിലപ്പോഴെങ്കിലും സംഭവിക്കുമെന്നതും അത് നമ്മുടെ വൈജ്ഞാനിക ചരിത്രത്തിന് തന്നെ മുതൽകൂട്ടായി മാറുമെന്നതും ചരിത്രത്തിലെ തന്നെ ഒരു യാദൃശ്ചികതയാണ്. മുസ്ലിം തത്ത്വചിന്ത ചരിത്രം ഉള്ളടക്കം എന്ന ഗ്രന്ഥത്തിന്റെ പാരായണ പാഠങ്ങളെ ഇത്തരമൊരു ആമുഖത്തോടെയല്ലാതെ വിനിമയം ചെയ്യാനാവുകയില്ല. മുസ്ലിം വൈജ്ഞാനിക ചരിത്രത്തെ സംബന്ധിച്ച സാമാന്യപരിജ്ഞാനം സിദ്ധിക്കാനുതകുന്ന ഗവേഷണ പ്രധാനമായ ഇൗ ഗ്രന്ഥം അനുഗ്രഹീത ഗ്രന്ഥകാരൻ എ.കെ. അബ്ദുൽ മജീദ് ആണ് രചിച്ചിട്ടുള്ളത്. പാശ്ചാത്യലോകത്ത് പ്രശസ്തരായ സയ്യിദ് ഹുസൈൻ നസ്റ് പോലുള്ളവരുടെ കനപ്പെട്ട സംഭാവനകൾ ഇവ്വിഷയകമായി ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ താരതമ്യേന സമഗ്രതയും ആധികാരികതയുമുള്ള ഇങ്ങനെയൊരു രചന ആദ്യമാണെന്ന് തന്നെ പറയാം. ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസാണ് ഇൗ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മലയാളത്തിൽ ആത്മാംശമുള്ള എഴുത്തിന്റെ സൗമ്യദീപ്തമായ ഒരു സാന്നിദ്ധ്യമാണ് എ.കെ. അബ്ദുൽ മജീദ് മാഷ്. വൈജ്ഞാനിക സാഹിത്യത്തിന് മുതൽകൂട്ടാകുന്ന നിരവധി രചനകൾ മജീദ് സാഹിബിന്റേതായി നിലവിലുണ്ട്. പ്രമുഖമായ ചില സൂഫി ക്ളാസ്സിക്ക്കളുടെ പരിഭാഷകളും അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. മലയാളത്തിൽ സൂഫി പാരമ്പര്യങ്ങളെ തന്മയത്വത്തോടെ എഴുത്തിൽ പ്രതിഫലിപ്പിക്കുന്ന അനുഗ്രഹീതനായ ഒരു ഗ്രന്ഥകാരനാണ് അദ്ദേഹം. വിവിധ ആനുകാലികങ്ങളിലും ഗ്രന്ഥങ്ങളിലും പത്രങ്ങളുടെ സപ്ലിമെന്റ് പേജുകളിലുമായി പരന്നുകിടക്കുന്ന ഉള്ളുണർവ്വേകുന്ന നിരവധി കുറിപ്പുകൾ, ലേഖനങ്ങൾ മജീദ് സാഹിബിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആധുനികതയുടെ വിരസമായ ഭൗതികവാദ യുക്തി പശ്ചാത്തലമായ ആധുനിക ഇസ്ലാമിക വൈജ്ഞാനീക വ്യവഹാരങ്ങളെ പാരമ്പര്യത്തിന്റെ ആത്മാംശമുള്ള വൈജ്ഞാനികതകൊണ്ടും സംവേദനാനുഭവങ്ങൾകൊണ്ടും മറികടന്ന് മലയാളത്തിലെ നിലവാരമുള്ള ഇസ്ലാമിക വായനക്ക് പരിപോഷണം നൽകിയ അപൂർവ്വസിദ്ധിയുള്ള എഴുത്തുകാരിൽ ഒരാളാണ് എ.കെ. അബ്ദുൽ മജീദ് മാഷ്. മാഷുടെ വൈജ്ഞാനിക ലോകങ്ങൾ ഏതെങ്കിലും പ്രത്യേകമായ ധാരയിൽ പരിമിതപ്പെടുത്താവുന്നതോ ഏതെങ്കിലും കക്ഷിത്വങ്ങളെ സാധൂകരിക്കുന്നതോ അല്ല. മുസ്ലിം തത്ത്വചിന്ത ചരിത്രം ഉള്ളടക്കം എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ പറഞ്ഞതുപോലെ വൈജ്ഞാനിക പാരമ്പര്യങ്ങളുടെ പൊതുവായ അന്തർധാരകളുള്ളതാണ് അദ്ദേഹത്തിന്റെ രചനകത്രയും.
മുസ്ലിം ത ത്ത്വ ചിന്തയുടെ ചരിത്രവും ഉള്ളടക്കവും അവലോകനം ചെയ്യുന്ന ഇൗ ഗ്രന്ഥത്തിലും മാനവിക വൈജ്ഞാനിക പാരമ്പര്യങ്ങളുടെ പൊതു അന്തർധാരകളെ ഉൾച്ചേർക്കുന്ന സമീപനമാണ് അദ്ദേഹം പുലർത്തിയിട്ടുള്ളത്. തന്റെ വൈജ്ഞാനിക വീക്ഷണത്തിന്റെ യാഥാർത്ഥ്യം മുസ്ലിം തത്ത്വചിന്തയുടെ ചരിത്രം ഉള്ളടക്കം വിശകലനം ചെയ്യുന്ന ഗ്രന്ഥത്തിൽ ഇപ്രകാരമാണ് അദ്ദേഹം വ്യക്തമാക്കുന്നത്:
”മനുഷ്യസമൂഹം സഹസ്രാബ്ദങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ജ്ഞാന സമുദ്രം മുറിച്ചുകടക്കുക എത്ര വേഗമേറിയ യാനപാത്രം കൈവശമുള്ളവനും സാധിക്കുകയില്ല. ഒാരോ കാലവും ദേശവും വംശവും തങ്ങളുടേതായ ജ്ഞാനവ്യവസ്ഥകൾക്ക് ജന്മം നൽകിയിട്ടുണ്ട്. ഒാരോ ജ്ഞാന വ്യവസ്ഥയും തനതായ മൂല്യമീമാംസയും സമീപന മാതൃകയും കലാസാംസ്്കാരിക സൗന്ദര്യപാരമ്പര്യങ്ങളും സൃഷ്ടിച്ചു. എന്നാൽ വെവ്വേറെ ദ്വീപുകളിൽ വെള്ളം ചേരാത്ത അറകളിലല്ല ഇവ സംഭവിച്ചത്. അതിനാൽ തന്നെ പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകൾ സ്വാഭാവികമായിരുന്നു. സമുദ്രത്തിൽ ഉപ്പെന്ന പോലെ എല്ലാ വിജ്ഞാന നാഗരികതകളിലും ചില പൊതുസവിശേഷതകൾ ലയിച്ചുകിടക്കുന്നതായി കാണാം.”
വളരെ വിശാലമായ ഒരു വൈജ്ഞാനിക വീക്ഷണമാണിത്. ഇൗ വീക്ഷണത്തോടെയാണ് മുസ്ലിം വൈജ്ഞാനിക ചരിത്രത്തെ അദ്ദേഹം അവലോകനം ചെയ്യുന്നത്. മുസ്ലിം തത്ത്വ ചിന്ത എന്ന വിജ്ഞാന ശാഖയെ സ്വതന്ത്ര മനസ്സോടെ സമീപിക്കുന്ന ഏതൊരാൾക്കും നിരപേക്ഷതയോടെ വിഷയം ഗ്രഹിക്കാൻ പര്യാപ്തമായ ഒരു ഗ്രന്ഥമാണ് മുസ്ലിം തത്ത്വചിന്ത ചരിത്രം ഉള്ളടക്കം. എന്നാൽ ഇസ് ലാമിന്റെ മൗലികമായ വിജ്ഞാന പാരമ്പര്യങ്ങളോട് കണ്ണിചേർക്കാനാവാത്ത വിധം മുസ്ലിം ത ത്ത്വ ചിന്തക്ക് ചരിത്രത്തിൽ സംഭവിച്ച ചില വ്യതിചലനങ്ങളെ ഇസ്ലാമിക പാരമ്പര്യങ്ങളുടെ തനത് വീക്ഷണകോണിൽ നിന്ന് അവലോകനം ചെയ്യുന്നില്ല എന്ന പരിമിതി ഗ്രന്ഥത്തിനുണ്ട് എന്ന് പ്രത്യേകം ഒാർമ്മപ്പെടുത്തുന്നു.
രണ്ടു ഭാഗങ്ങളായി വിഭജിച്ചാണ് ഗ്രന്ഥം തയ്യാർ ചെയ്തിട്ടുള്ളത്. ആദ്യഭാഗത്ത് ഇസ് ലാമിന് മുമ്പുള്ള അറബ് തത്ത്വചിന്താ പാരമ്പര്യങ്ങളെ അവലോകനം ചെയ്യുന്നു. മുസ്ലിം തത്ത്വചിന്തയുടെ ഉറവിടം ചരിത്രപരമായി അവലോകനം ചെയ്യുന്ന ഭാഗമാണ് തുടർന്ന്. ശേഷം തത്ത്വചിന്തയിലെ ഇസ് ലാമികേതര സ്വാധീനങ്ങൾ അവലോകനം ചെയ്യുന്നു. ദൈവശാസ്ത്ര വിജ്ഞാനീയത്തിലുള്ള വ്യത്യത സമീപനങ്ങളെ അവലോകനം ചെയ്ത ശേഷം ഒന്നാം ഭാഗം ശിഇൗസം സൂഫിസം എന്നീ അദ്ധ്യയങ്ങളിൽ അവസാനിക്കുന്നു. രണ്ടാം ഭാഗത്ത് ത ത്ത്വ ചിന്തകരുടെ ധൈഷണിക ജീവ ചരിത്രം അവലോകനം ചെയ്യുന്ന പഠനങ്ങളാണ്. അൽ കിന്ദി, ഇബ്നു സീന ഫാറാബി മുഹമ്മദ്ബ്നു സകരിയ്യ അർറാസി, ഇബ്നു മിസ്കവൈഹി തുടങ്ങി നിരവധി തത്ത്വചിന്തകരുടെയും ശേഷം ഇമാം ഗസ്സാലി(റ) ജലാലുദ്ദീൻ റൂമി(റ) തുടങ്ങി നിരവധി സൂഫിയാക്കളുടെയും ജീവിതവും ദർശനവും രണ്ടാം ഭാഗത്ത് അവലോകനം ചെയ്യുന്നു. പാശ്ചാത്യപണ്ഡിതന്മാരുടെ തെറ്റായ വ്യാഖ്യാനങ്ങളിലൂടെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഉമർ ഖയ്യാം പോലുള്ളവരുടെ ജീവിതവും ദർശനവും അവലോകനം ചെയ്യുന്ന ഭാഗങ്ങൾ സവിശേഷവും ശ്രദ്ധേയവുമാണ്. എന്തായാലും നമ്മുടെ സാഹിത്യത്തിനും വൈജ്ഞാനിക ചരിത്രത്തിനും ഏറെ മുതൽ കൂട്ടായ ഇൗ ഗ്രന്ഥം ഐ പി. എച്ചി ന്റെ പ്രസാധന ചരിത്രത്തിൽ സവിശേഷകളേറെയുള്ള ഒരു സംരംഭം തന്നെയാണ്.
വളരെ ലളിതമായി ചെയ്ത പുസ്തക കവർ ഇൗ ഗ്രന്ഥത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. 499 രൂപയാണ് വിലയിട്ടി്ട്ടുള്ളത്. ആകെ 544 പേജുകളാണുള്ളത്.