ഗൈബിൽനിന്നു ശഹാദയിലേക്ക് ഒഴുകുന്ന അരുവികൾ: ഖൽബ് എന്ന പ്രപഞ്ചം !

ശൈഖ് റുഖ്നുദ്ദീൻ അലാഉ:ദൗല സിംനാനി(റ):
സംഗ്രഹ വിവർത്തനം: കെ.ടി. ഹാഫിസ്:

രുഭൂമിയിൽ ഒരു തരി മണൽ പോലെ, സമുദ്രത്തിൽ ഒരു തുള്ളി ജലം പോലെ, അല്ലാഹുവിന്റെ പരമാധികാരത്തിനു മുന്നിൽ ഈ പ്രപഞ്ചം മുഴുവൻ വിശാലമായ മരുഭൂമിയിൽ വീണുപോയ ഒരു മോതിരത്തോളം ചെറുതാണ്. അത്രത്തോളം ചെറുതായ സൃഷ്ടികളിൽ ഒന്നാണ് മനുഷ്യരും അവരുടെ അവയവങ്ങളുമെങ്കിലും അതിൽനിന്ന് വ്യത്യസ്തമായി ഈ പ്രപഞ്ചത്തോളം വിശാലമാണ് മനുഷ്യന്റെ ഹൃദയം എന്നാണു അല്ലാഹുവിന്റെ റസൂൽ(സ്വ) നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ കാഴ്ചകൾക്കോ ഭാവനകൾക്കോ അതീതമാണ് ഹൃദയത്തിന്റെ വിശാലത. “ആഹ് അനുഗ്രഹീതൻ, എത്ര നല്ല സ്രഷ്ടാവാണ് അല്ലാഹു” [ഖുർആൻ: 23:14 ]. “എന്നാൽ ഇത്രമേൽ വിശാലമായ ഹൃദയം അല്ലാഹുവിന്റെ ദൈവികമായ ഏകത്വത്തിന്റെ ഒരു തരിയെങ്കിലും ഉൾകൊണ്ടാൽ മറ്റൊന്നും അതിനു താങ്ങാൻ ആവില്ല. അതിലുപരി അല്ലാഹുവിന്റെ ഏകത്വത്തെ ഹൃദയം കൊണ്ട് മനസിലാക്കിയവൻ ഈ ഭൂമിയും മുഴുവൻ പ്രപഞ്ചവും തന്റെ കണ്പീലിയിൽ താങ്ങി നിർത്തുന്നവനെ പോലെയാണ്” എന്ന് ശിബിലി (റ) പറയുന്നുണ്ട്. നമ്മുടെ കണ്ണുകൾ കേവലം എല്ലുകളിൽ പൊതിഞ്ഞ തൊലികൾ മാത്രമാണ് കാണുന്നതെങ്കിലും ഹൃദയത്താൽ ദർശിക്കുമ്പോൾ ഓരോ മനുഷ്യരും അതിശയകരമായ സൃഷ്ടികളാണ്. ഒരു മനുഷ്യൻ കൊല്ലപ്പെടുമ്പോൾ അതിശയകരമായ ഈ സൃഷ്ടിപ്പിനെ ആണ് ഇല്ലാതാക്കുന്നത്. അതിനാൽ തന്നെയാണ് കൊലപാതകം അല്ലാഹു നിരോധിച്ചതും.
അല്ലാഹു എല്ലാ ഹൃദയങ്ങളെയും ഇത്രമേൽ വിശാലമായാണ് പടച്ചിട്ടുള്ളത്. ചിലർ അവരുടെ അദ്ധ്വാനത്തിലൂടെ ആ വിശാലതയുടെ മാസ്മരികതയിലേക്ക് പ്രവേശിക്കുമ്പോൾ മറ്റ് ചിലർ നിഷ്ക്രിയത്വത്താൽ അതിന് കൂടുതൽ മറകൾ സൃഷ്ടിക്കുന്നു. സ്വയം മറകൾ തീർക്കുന്നവർക്ക് അവരുടെ ഹൃദയങ്ങൾ കൂടുതൽ ഇടുങ്ങിയതായി തീരുന്നു.
‘ഗൈബാൽ’ ഒഴുകുന്ന ചെറു അരുവികളുടെ ഉത്ഭവസ്ഥാനമായാണ് അല്ലാഹു മനുഷ്യന്റെ ‘ഖൽബിനെ’ സംവിധാനിച്ചിട്ടുള്ളത്. അതീന്ദ്രിയമായ അസാന്നിധ്യത്തെ ആണ് ‘ഗൈബ്’ എന്ന് പറയുന്നത്. ഇത്തരത്തിൽ നമ്മുടെ ഹൃദയത്തിൽ നിന്ന് നമ്മുടെ മുഴുവൻ പഞ്ചേന്ദ്രിയങ്ങളോടും സംവദിക്കുന്ന അതീന്ദ്രിയമായ അഞ്ച് അരുവികൾ ഒഴുകുന്നുണ്ട് . അവ ഒഴുകിചേരുന്നത് ‘ശഹാദയിലേക്ക്’ ആണ്. നമ്മുക്ക് കാണാനും അനുഭവിക്കാനും കഴിയുന്ന പ്രപഞ്ചത്തെയാണ് ‘ശഹാദ’ എന്ന് വിളിക്കുന്നത്. ഈ അരുവികളിലൂടെ അല്ലാഹു അവന്റെ ദൈവികമായ അസാന്നിധ്യത്തെ നമ്മുടെ ഇന്ദ്രിയങ്ങൾക്ക് അനുഭവിക്കാനാവുന്ന സാന്നിധ്യം ആക്കി മാറ്റുകയാണ്. ഒരു കാലത്ത് ഈ അരുവികൾ സ്വഛമായി ഒഴുകിയിരുന്നെങ്കിലും ഇന്ന് നമുക്ക് അവയെല്ലാം നഷ്ടമായിരിക്കുന്നു.
വസ്തുക്കളെ പരസ്പ്പരം ഇഴകലർത്തി പടിപടിയായി അതിന്റെ ‘കമാലിൽ’ (പരിപൂർണത) എത്തിക്കുക എന്നതാണ് അല്ലാഹുവിന്റെ ദൈവികമായ നടപടിക്രമം. അപ്രകാരം അവൻ അതീന്ദ്രിയമായ ‘ഗൈബിനെ’ ‘ശഹാദയുമായി’ ഇഴചേർത്ത് അവൻ അവന്റെ സാന്നിധ്യത്തെ പ്രകാശിപ്പിക്കുന്നു. അതിനായി ഈ പ്രപഞ്ചത്തിന് പുറത്തുള്ള ശക്തികളെ പ്രപഞ്ചത്തിൽ നാം അനുഭവിക്കുന്ന ശക്തികളുമായി കലർത്തിക്കൊണ്ട് അതിനു മുൻപ് തീർത്തും അപ്രാപ്യമായ അവന്റെ സൃഷ്ടിപ്പിന്റെ പരിപൂർണത (കമാലിയാത്ത്) അവൻ സാധ്യമാക്കുന്നു. ആ പരിപൂർണത ‘ഗൈബിന്റെ’ തലത്തിലോ ‘ശഹാദയുടെ’ തലത്തിലോ അതിനുമുമ്പ് സാധ്യമായിരുന്നില്ല. ഈ ഇഴചേർന്ന സൃഷ്ടിപ്പിനെ യുക്തിപോലുള്ള വഴികളിലൂടെ അതിന്റെ വിശദാംശങ്ങളിൽ അറിഞ്ഞോ, അല്ലെങ്കിൽ വിശ്വാസം പോലുള്ള ഇടപാടുകളിലൂടെ ബാഹ്യതലത്തിൽ മനസ്സിലാക്കിയോ അവന്റെ ദൈവികമായ പരിശുദ്ധിയെ മനുഷ്യൻ അറിയുകയും ഗ്രഹിക്കുകയും ചെയ്യുക എന്നതാണ് അല്ലാഹുവിന്റെ ഈ പ്രവർത്തിയുടെ ലക്ഷ്യം. എന്നാൽ ഗൈബിന്റെ തലത്തിൽ തന്നെ അല്ലാഹുവിന് മലക്കുകൾ പോലുള്ള സൃഷ്ടി ഉണ്ടാവുന്നതിന്റെ ഉദ്ദേശം വിജ്ഞാനങ്ങളോ വിശദാംശങ്ങളോ ഇല്ലാതെയും യുക്തിയോ തെളിവുകളോ ആവശ്യമില്ലാതെയും ബാഹ്യ തലത്തിൽ പ്രത്യക്ഷത്തിൽ തന്നെ അല്ലാഹുവിന്റെ ദൈവികതയെ വെളിപ്പെടുത്തുക എന്നതാണ്.
എന്നാൽ ശഹാദയുടെ തലത്തെ അതിൽ അധിവസിക്കുന്ന സൃഷ്ടികൾ മനസിലാക്കുന്നത് അതിന്റെ പൂർണ്ണ വിശദാംശങ്ങളിലോ, അല്ലെങ്കിൽ മലക്കുകളെ പോലെ യുക്തിയോ തെളിവുകളോ ആവശ്യമില്ലാതെ പ്രത്യക്ഷ തലത്തിലോ അല്ല. മനുഷ്യൻ ഏതാനും ചില വിശദാംശങ്ങളിലേക്ക് നോക്കുന്നു, എന്നിട്ടു അവയിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ ആഴങ്ങളിലേക്ക് ഗവേഷണം നടത്തുന്നു, അങ്ങിനെ അവയിൽ കാരണങ്ങളും യുക്തിയും കണ്ടത്താൻ ശ്രമിക്കുന്നു. എന്നാൽ ഇത്തരം ഒരു ശ്രമത്തിലൂടെ ഒരിക്കലും അവയുടെ പൂർണമായ വിശദാംശങ്ങൾ മനസിലാക്കിയെടുക്കാൻ കഴിയില്ല, അതിനാൽ അവയെ കുറിച്ച് കേവല ബാഹ്യമായ ഒരു പ്രത്യക്ഷ അറിവ് രൂപപ്പെടുത്തുന്നു. ഉദാഹരണാമായി, സിദ്ധാന്തങ്ങളും വിശദീകരണങ്ങളും പ്രധാനമായും ഉള്ളുണർവിനെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയാണ് രൂപപ്പെടുന്നത്. വിശ്വാസത്തിന്റെ ഭാഗമായുള്ള യുക്തിവിചാരത്തിലൂടെയും അപഗ്രഥനത്തിലൂടെയും രൂപപ്പെടുന്ന ചോദ്യങ്ങളിലൂടെ മാത്രമേ അവനു ‘ആരാധന’ (ഇബാദത്) സാധ്യമാവുകയുള്ളു. എന്നാൽ അന്ധമായ വിശ്വാസത്തിൽ നിന്നു ഇബാദത്ത് നിർവഹിക്കാൻ സാധിക്കും, അതോടൊപ്പം ഇവ രണ്ടും ഇടകലർത്തിയും ഇബാദത്ത് നിർവഹിക്കാൻ സാധിക്കും.
സർവലോക രക്ഷിതാവ് മനുഷ്യ ശരീരത്തിൽ ഗൈബിനെയും ശഹാദയെയും ഏതാനും ചില വിശദാംശങ്ങളോടും യുക്തിയോടുമൊപ്പം അതിസുന്ദരമായി ഇടകലർത്തിയിരിക്കുന്നു. എന്നിട്ടു അതിലേക്ക് തന്റെ ദൈവികമായ ‘തെളിച്ചത്തെ’ നൽകുകയും അതിലൂടെ മനുഷ്യന് സ്വയത്തെയും ചുറ്റുമുള്ള മറ്റു സൃഷ്ടികളെയും തിരിച്ചറിയാൻ കഴിയുകയും ചെയ്യുന്നു. ഈ ദൈവികമായ കഴിവിന്റെ സഹായത്തോടെ വിശദമായ അന്വേഷണത്തിലൂടെയും യുക്ത്യാധിഷ്ഠിത ചിന്തയുടെയും സഹായത്തോടെ ഈ സൃഷ്ടികളെ എല്ലാം സൃഷ്ടിച്ച അല്ലാഹുവിനെ അറിയാനും മനസ്സിലാക്കാനുമുള്ള ബാധ്യത അവൻ നമ്മുടെമേൽ ചുമത്തിയിരിക്കുന്നു. ഗൈബിനാൽ സാധ്യമായ നൈസര്ഗികമായ ഒരു പൊതു അറിവ് സൃഷ്ടാവിനെക്കുറിച്ച് മനുഷ്യന് ഉണ്ടങ്കിലും, ശഹാദയിൽ വിശദാംശങ്ങളുടെയും യുക്തിയുടെയും അതിസുന്ദരമായ സംയോജനത്താൽ സൃഷ്ടാവിനെ മനസ്സിലാവാൻ മറ്റൊരു വഴികൂടി തുറന്നു കിട്ടുന്നു. ചുരുക്കത്തിൽ ഈ സംയോജനം മനുഷ്യനെ പടിപടിയായി അറിവിന്റെ കമാലിലേക്കെത്തിക്കാനുള്ള (പൂർണതയിലേക്ക്) ഒരു സംവിധാനമാവുന്നു.
ഗൈബിൽനിന്നു ശഹാദയിലേക്ക് ഒഴുകുന്ന അരുവികളെയും ആ അരുവികൾ രൂപപ്പെടുത്തുന്ന തടാകങ്ങളെയും നിലനിർത്താനും അവയുടെ ഒഴുക്കിനെ ക്രമപ്പെടുത്താനുമുള്ള കേവലം നിർമാണത്തൊഴിലാളികൾ മാത്രമാണ് ഓരോ കുഞ്ഞിന്റെയും ഉമ്മയും ഉപ്പയും. കുഞ്ഞാകുന്ന വിത്തിനു വെള്ളം നനച്ച് കൊടുക്കുന്നവരാണ് അവർ. അതിലവർ തുല്യരുമാണ്. ശാരീരികമായ ഉപകരണങ്ങളും മാനസികമായ സംവിധാനങ്ങളും ഉപയോഗിച്ച് അവർ വെള്ളം എടുത്ത് മണ്ണ് കലർത്തി ഈ അരുവികളുടെ സ്വച്ഛന്ദമായ ഒഴുക്കിനാവശ്യമായ പശ്ചാത്തലങ്ങൾ ഒരുക്കുന്നു. ഈ നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ പലപ്പോഴും പാറകളും ചളിയും ഈ തടാകങ്ങളിൽ വന്നടിയുന്നു. നിർമാണത്തൊഴിലാളികൾ പിരിഞ്ഞുപോയി ഏറെ കഴിഞ്ഞാലും ഈ അവശിഷ്ടങ്ങള് തടാകങ്ങളിൽ അവശേഷിക്കുകയും അവ ശുദ്ധീകരിക്കാൻ ആരുമില്ലാതാവുകയും ചെയ്യുന്നു.
മനുഷ്യന്റെ യാഥാർഥ്യത്തിന്റെ അടിസ്ഥാനങ്ങളായ ഈ അരുവികൾ ഇപ്പോൾ ചെളി നിറഞ്ഞു വറ്റിയിരിക്കുന്നു. ഉറവയുടെ ഉടമസ്ഥർ തടാകത്തിലേക്ക് കൂടുതൽ വെള്ളം നിറക്കാനുള്ള വഴികൾ അന്വേഷിക്കുകയും ചെയ്യുന്നു. അവിടെയാണ് ശൈത്താൻ അവന്റെ കളികൾ ആരംഭിക്കുന്നത്. ഈ തടാകങ്ങളിലേക്ക് വെള്ളം കൊണ്ടുവന്നിരുന്നത് പഞ്ചേന്ദ്രിയങ്ങളാകുന്ന ഉറവകളായിരുന്നു എന്ന് അവയുടെ ഉടമസ്ഥരോട് അവൻ മന്ത്രിക്കുന്നു. അവ തുടർന്നും ഒഴുകാൻ ശഹാദയുടെ ബാഹ്യ ലോകത്തുനിന്ന് തന്നെ അവക്ക് കൂടുതൽ വെള്ളം വേണമെന്ന് അവരെ തെറ്റിധരിപ്പിക്കുന്നു. കാമത്തിന്റെയും ആഗ്രഹങ്ങളുടെയും ഇന്ദ്രിയങ്ങളാണ് കൂടുതൽ വെള്ളം നിറക്കുക എന്ന തെറ്റായ ബോധത്തിലേക്ക് അവരെ എത്തിക്കുന്നു.
അങ്ങിനെ ശൈത്താൻ ഈ അരുവിയുടെ ഉടമസ്ഥരെ പൂർണമായ അന്ധരാക്കുന്നു. ആഗ്രഹങ്ങളുടെയും കാമത്തിന്റെയും വെള്ളത്താൽ ഈ തടാകങ്ങൾ നിറക്കാൻ അവൻ കഠിനപ്രയത്നം ചെയ്യുന്നു. കുറഞ്ഞ ചളികൾ മാത്രമുണ്ടായിരുന്ന ഈ തടാകങ്ങൾ അവൻ കഠിനപ്രയത്നത്താൽ പൂർണമായി വറ്റിച്ചു കളയുന്നു. തടാകത്തിന്റെ ഉടമകൾ തന്നെ വരണ്ടുണങ്ങുകയും ദുരിതങ്ങളാൽ ദാഹിക്കുന്നവരാവുകയും ഏറെ കാലത്തേക്ക് പരാജിതരാക്കുകയും ചെയ്യുന്നു.
അവസാനം തടാകം പൂർണമായി നശിക്കുകയും അതിന്റെ നിർമാണത്തൊഴിലാളികൾ അകന്നുപോവുകയും ചെയ്യുമ്പോൾ ഇനി എങ്ങിനെ ഇതിനെ പുനർനിർമിക്കും എന്ന് അതിന്റെ ഉടമസ്ഥർ അത്ഭുതംകൂറുന്നു. തന്റേത് എങ്ങിനെ പുനർനിർമിക്കണം എന്ന് പഠിക്കുവാൻ സമ്പൂർണമായ ഒരു ഉറവയും തടാകവും ഉള്ള ഒരാളെ കണ്ടെങ്കിൽ എന്ന് അവൻ ആശിക്കുന്നു. അത്തരക്കാരുടെ നിർദേശങ്ങൾ പിന്തുടരുന്നതിലൂടെ ഒരു ഉപകാരവുമില്ലാതെ ശൈത്താനോടൊപ്പം കൂടി തന്റെ ഉറവ വറ്റിച്ച് കളഞ്ഞ തെറ്റ് ആവർത്തിക്കാതിരിക്കാം എന്ന് അവൻ കരുതുന്നു. അങ്ങിനെ അവൻ തന്റെ ഗുരുവിനായുള്ള തിരച്ചിൽ തുടങ്ങുന്നു.
ആ ഗുരുവിൽ തന്റെ ഉറവയും തടാകവും അതിന്റെ മുഴുവൻ മാലിന്യങ്ങളിൽനിന്നും മുക്തമാക്കാനുള്ള വഴികൾ അവൻ തേടുന്നു. ആ ഉറവയിലേക്കുള്ള വെള്ളത്തിന്റെ ഉത്ഭവം എവിടെയാണെന്ന് അവൻ അന്വേഷിക്കുന്നു. അങ്ങിനെ ആ അഗ്രഗണ്യനായ ഗുരുവിനോടൊത്തുള്ള സഹവാസത്തിലൂടെ (സുഹ്ബത്തിലൂടെ) ഉറവയിലേക്കുള്ള വെള്ളത്തിന്റെ ഉത്ഭവം പുറത്ത് എവിടെയും അല്ല, തന്റെ അകത്ത് നിന്നു, ആത്മാവിൽ നിന്നു തന്നെയാണെന്ന് അവൻ തിരിച്ചറിയുന്നു. അതുതന്നെയാണ് തന്റെ പ്രകൃതിയെന്നും അവൻ തിരിച്ചറിയുന്നു. അതിലുപരി, തന്റെ ഉള്ളിലെ ഈ ഉറവകൾ തുറക്കുന്നതിനു അതീവവൈദഗ്ദ്ധ്യം ആവശ്യമുണ്ടന്നും അതൊരു കലയാണെന്നും, ആ കല എല്ലാ മനുഷ്യരിലും ഒരുപോലെ ഒളിഞ്ഞിരിപ്പുണ്ടന്നും അവൻ മനസിലാക്കുന്നു. ആ തടാകത്തിനെ എങ്ങിനെ സംരക്ഷിക്കണം എന്ന് അറിയുന്ന ഒരാളെ പിന്തുടരൽ മാത്രമാണ് അതിന്റെ ഉറവ കണ്ടത്താനും ആ വെള്ളം ആസ്വദിക്കാനുമുള്ള ഒരേ ഒരു വഴി എന്ന് അവനു ബോധ്യപ്പെടുന്നു. ഇനി അഥവാ അങ്ങിനെ ഒരാളെ കണ്ടിട്ട് നിങ്ങൾ അവഗണിക്കാൻ ശ്രമിച്ചാൽ, നിങ്ങൾ വീണ്ടും വീണ്ടും പരാജയപ്പെട്ടുകൊണ്ടേയിരിക്കും.
അങ്ങിനെ ഈ യാത്രയിലൂടെ തടാകത്തിന്റെ ഉടമസ്ഥൻ ശരീഅത്താകുന്ന താഴ്വാരത്തിലേക്ക് പ്രവേശിക്കുന്നു. അവിടെ ഈ അരുവികൾക്കെല്ലാം ഉറവകൾ ഒരുക്കുന്ന പ്രപഞ്ചത്തിന്റെ ഔന്നത്യത്തിന്റെ പൂർണതയായ മുഹമ്മദ് റസൂലുല്ലാഹിയെ (സ്വല്ലലാഹു അലൈഹിവസല്ലം) ദർശിക്കുന്നു. അവിടുത്തെ അനുസരിക്കുന്നതിന്റെയും കീഴ്പെടുന്നതിന്റെയും മാധുര്യം അനുഭവിക്കുന്നു. അതിലൂടെ, തന്റെ അരുവികൾക്ക് സംഭവിച്ച നാശനഷ്ടങ്ങളും കേടുപാടുകളും തീർത്ത് തടാകത്തിലേക്ക് ശുദ്ധമായ തെളിനീരുറവകൾ ഒഴുകുന്നു. വെള്ളം പൂർണമായ ശുദ്ധി പ്രാപിക്കുന്നു.
തടാകത്തെ എത്രതന്നെ ആഴത്തിൽ മനസിലാക്കിയാലും, അതിന്റെ ഉറവകളെ ശുദ്ധമായി നിലനിർത്താൻ ശ്രമിച്ചാലും കാലാന്തരത്തിൽ അവ മലിനമാവുകയും ചളിയും മണ്ണും വീണു ഉറവകൾ തടസപ്പെടുകയും ചെയ്യും. അതിനാൽ ഓരോ മനുഷ്യനും ഒരു ജീവിച്ചിരിക്കുന്ന ഗുരുവിനെ ആവശ്യമുണ്ട്. ആ ഗുരുവിലൂടെ മാത്രമേ അവനു ആ തടാകത്തെ കൃത്യമായി പരിപാലിക്കാൻ സാധിക്കുകയുള്ളു.
ആ ഗുരു അവനു ‘ദിക്ർ’ (ദൈവിക സ്മരണ) ആകുന്ന മൺവെട്ടി നൽകും. അതിലൂടെ അവൻ പതുക്കെ മാലിന്യങ്ങളെ വൃത്തിയാക്കി തുടങ്ങും. ആദ്യത്തിൽ ഈ ദൗത്യം ഏറെ ശ്രമകരമായിരിക്കും. മൺവെട്ടിയാലുള്ള അവന്റെ ആദ്യ ശ്രമങ്ങളിൽ വരുന്ന കുറഞ്ഞ അളവിലുള്ള വെള്ളം അവന്റെ ദാഹം ശമിപ്പിക്കും, അതിൽനിന്നു അവൻ കൂടുതൽ കരുത്ത് കൈവരിക്കും. ഈ ശ്രമം തുടരുന്നതിലൂടെ ദൈവസ്മരണയാവുന്ന മൺവെട്ടി എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അവൻ പഠിക്കും. അവനു ആ ജോലി എളുപ്പമുള്ളതായിതീരും. ഈ ജോലിയിൽ അവൻ നിപുണനായിത്തീരുന്നതോടെ, അവൻ സ്വയം തടാകത്തെ സംരക്ഷിച്ച് തുടങ്ങും. അതിലേക്കുള്ള ഉറവകൾ തുറക്കും, അരുവികളുടെ പ്രവാഹത്തെ നിയന്ത്രിച്ച് നിരന്തരമായ തെളിനീരുറവയെ അവൻ പ്രാപിക്കും. തന്റെ ഇന്ദ്രിയങ്ങളെ വിളക്കിച്ചേർത്ത് മനുഷ്യന്റെ ഖൽബിനെ എങ്ങിനെയാണ് അതിന്റെ സൃഷ്ടാവ് സൃഷ്ടിച്ചത് എന്നതിന്റെ ഒരു ഉദാഹരണമായി അവൻ മാറും.
(ശൈഖുൽ അക്ബർ ഇബ്നു അറബി (റ) യുടെ സമകാലികനായിരുന്ന ശൈഖ് അബു അൽ മക്കരിം റുഖ്നുദ്ദീൻ അലാഉ:ദൗല അഹ്മദ് ബിൻ മുഹമ്മദ് ബിൻ അഹ്മദ് ബൈബങ്കി സിംനാനി(റ) [ 1261-1336 ] ഖുബ്റവിയ സൂഫി ധാരയുടെ ശൈഖും വഹ്ദത്തു ശുഹൂദ് തത്വങ്ങളുടെ വക്താവുമായിരുന്നു.)

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy