പരിമാണത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റെ അടയാളങ്ങളും: അധ്യായം രണ്ട്:
റെനെ ഗ്വെനോൺ:
മൊഴിമാറ്റം: തഫ്സൽ ഇഅ്ജാസ്:
സാമാന്യമായി പറയുകയാണെങ്കിൽ, മതത്വചിന്തകർ (scholastics) ദ്രവ്യം (materia) എന്ന് വിളിച്ചത് അരിസ്റ്റോട്ടിൽ ഹൂലെ എന്ന് വിളിച്ച അതേ കാര്യത്തെ തന്നെയാണ്. എന്നാൽ, നാം നേരത്തെ പറഞ്ഞത് പോലെ, ഈ ദ്രവ്യം (materia) ആധുനികരുടെ ‘ദ്രവ്യം തന്നെയാണെന്ന് (matter) ഒരിക്കലും കണക്കാക്കി കൂടാ. കാരണം, സങ്കീർണമായ, എന്തിനേറെ പറയുന്നു, ചില രീതികളിലുള്ള ആന്തരിക വൈരുദ്ധ്യം കുടികൊള്ളുന്നതുമായ ഈ ആധുനിക ആശയം, പൗരസ്ത്യർക്ക് ഇപ്പോഴും എന്നത് പോലെ തന്നെ പൗരാണികരായ പാശ്ചാത്യർക്കും വളരെ അപരിചിതമായിരുന്നു എന്നാണ് കാണാൻ കഴിയുന്നത്. ചില പ്രത്യേക സംഗതികളിൽ ഇത് matter ആകാമെന്ന്; കൂടുതൽ കൃത്യമായി പറഞ്ഞാൽ, സമീപകാലത്തുണ്ടായ ആശയത്തെ ഇതിലേക്ക് കൊണ്ടു ചേർക്കാമെന്ന് ഒരാൾ സമ്മതിച്ച് കൊടുത്താൽ തന്നെയും, materia അതോടൊപ്പം മറ്റു പല കാര്യങ്ങളെയും കൂടി ഉൾക്കൊള്ളുന്നുണ്ട്. ഈ വ്യത്യസ്ത കാര്യങ്ങളെയാണ് നാം ആദ്യം തന്നെ ശ്രദ്ധാപൂർവം വേർതിരിച്ചെടുക്കേണ്ടത്. എന്നാൽ, ഇവയെയെല്ലാം, ഹൂലെ, materia എന്നീ പദങ്ങളെ പോലെ തന്നെ പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പൊതു സംജ്ഞ എന്ന നിലയിൽ, സമകാലിക പാശ്ചാത്യൻ ഭാഷകളിൽ substance (പദാർത്ഥം) എന്നതിനേക്കാൾ മെച്ചപ്പെട്ട ഒരു പദം നമുക്ക് ലഭ്യമല്ല. എല്ലാറ്റിനുമുപരി, ഹൂലെ ഒരു സാർവലൗകിക തത്വമെന്ന നിലയിൽ ശുദ്ധമായ ശേഷിയാണ് (pure potency). അതിൽ വേർതിരിക്കപ്പെട്ടതോ “വാസ്തവവൽകരിക്കപ്പെട്ടതോ” (actaulized) ആയ ഒന്നും തന്നെയില്ല. സകല പ്രത്യക്ഷീകരണത്തിന്റെയും അക്രിയാത്മകമായ താങ്ങാണത് (passive support)ഈയൊരു വിവക്ഷയിൽ അത് ‘പ്രകൃതി’ അഥവാ സാർവലൗകിക പദാർത്ഥം (universal substance) ആണ്. പ്രകൃതിയെ കുറിച്ച് നാം പറഞ്ഞിട്ടുള്ള മറ്റെല്ലാം ഇപ്രകാരം മനസ്സിലാക്കപ്പെട്ട ഹൂലെ എന്നതിനും ബാധകമാണ് (1). ഇനി, പദാർത്ഥത്തെ ആപേക്ഷികമായ ഒരു വിവക്ഷയിൽ എടുക്കുകയാണെങ്കിൽ, അതായത് സദൃശപരമായി, പാദാർത്ഥികമായ ഒരു തത്വത്തെ (substanttial principle) പ്രതിനിധാനം ചെയ്യുന്നു എന്ന നിലയിലും ഏറെക്കുറെ പരിമിതപ്പെട്ട ഒരു അസ്തിത്വ ക്രമവുമായി ബന്ധപ്പെട്ട ധർമ്മം നിർവഹിക്കുന്നു എന്ന നിലയിലും അതിനെ മനസ്സിലാക്കുകയാണെങ്കിൽ, അതും ഹൂലെ എന്നതിന്റെ ദ്വിതീയമായൊരു വിവക്ഷയിൽ വിളിക്കപ്പെടുന്ന സംഗതിയാണ്. വിശേഷിച്ചും ഈ അർത്ഥം ലഭിക്കുന്നത്, പ്രത്യേക അസ്തിത്വങ്ങളുടെ സത്താപരവും (essential) പാദാർത്ഥികവും (substantial) ആയ രണ്ട് മുഖങ്ങളെ കുറിക്കുന്ന രണ്ട് കാര്യങ്ങൾ എന്ന നിലയിൽ ഹൂലെ എന്നതിനെ ഐഡോസ് എന്നതുമായി ബന്ധപ്പെടുത്തുമ്പോഴാണ്.
അരിസ്റ്റോട്ടിലിന് ശേഷമുള്ള മതതത്വചിന്തകർ ഈ രണ്ട് വിവക്ഷകളെ വേർതിരിക്കുന്നത്, ആദി ദ്രവ്യത്തെയും (materia prima) ദ്വിതീയ ദ്രവ്യത്തെയും (materia secunda) കുറിച്ച് പറഞ്ഞ് കൊണ്ടാണ്. അതിനാൽ, അവരുടെ ആദി ദ്രവ്യം സാർവലൗകിക പദാർത്ഥമാണെന്നും ദ്വിതീയ ദ്രവ്യം ആപേക്ഷികമായ വിവക്ഷയിലുള്ള പദാർത്ഥമാണെന്നും നമുക്ക് പറയാൻ കഴിയും. എന്നാൽ, ആപേക്ഷികമായതിലേക്ക് കടന്നു ചെല്ലുമ്പോൾ, ഈ പദങ്ങൾ വ്യത്യസ്ത തലങ്ങളിൽ ഒട്ടനവധി പ്രയോഗങ്ങൾക്ക് വഴങ്ങുന്നതായി തീരുന്നു. ഒരു തലത്തിൽ ദ്രവ്യമായിട്ടുള്ളത് (materia) മറ്റൊരു തലത്തിലെ ആകൃതിയാണെന്നും (forma) , മറിച്ചും സംഭവിക്കാം. ഇതൊക്കെ സംഭവിക്കുന്നത്, പ്രത്യക്ഷീകൃത അസ്തിത്വത്തിൽ നാം പരിഗണിക്കുന്ന ഏറെക്കുറെ നിർണിതമായിട്ടുള്ള തലങ്ങളുടെ ശ്രേണിക്കനുസൃതമായാണ്. എന്തായാലും, ദ്വിതീയ ദ്രവ്യം ഒരു ലോകത്തിന്റെയോ ഉൺമയുടെയോ ശേഷിപരമായ (potential) വശത്തെയാണ് പ്രതിനിധീകരിക്കുന്നതെങ്കിലും, അത് ഒരിക്കലും ശുദ്ധമായ ശേഷിയല്ല (potency). സാർലൗകിക പദാർത്ഥമല്ലാതെ മറ്റൊരു ശുദ്ധ ശേഷിയുമില്ല തന്നെ. അത് കേവലം നമ്മുടെ ലോകത്തിന് കീഴെയായി മാത്രമല്ല, അതിനുമപ്പുറം സാർവലൗകിക പ്രത്യക്ഷീകരണത്തിൽ (universal manifestation) ഉൾപെട്ടിട്ടുള്ള സകല ലോകങ്ങൾക്കും അവസ്ഥകൾക്കും കീഴെയായിട്ടാണ് ഉള്ളത് (sub stare) എന്നതിൽ നിന്നും നിഷ്പന്നമായിട്ടുള്ള substantia എന്നത് ഭാഷാപരമായി “കീഴെ നിലകൊള്ളുന്നത്” ആണ്. “support” , “substratum” എന്നീ ആശയങ്ങളും ഇതേ അർത്ഥത്തെ നൽകുന്നു). ഇതിനോട് കൂട്ടിച്ചേർത്ത് കൊണ്ട് പറയുകയാണെങ്കിൽ, കേവലമായ അർത്ഥത്തിൽ തന്നെ വേറിട്ടറിയാവുന്നതോ വേർതിരിക്കപ്പെടാവുന്നതോ അല്ലാത്ത സംഭവ്യക്ഷമത (potentiality) മാത്രമാണത് എന്നതിനാൽ തന്നെ, അഗ്രാഹ്യം എന്ന് ശരിക്കും പറയാവുന്നതായ ഏക തത്വവും ഈ സാർവലൗകിക പദാർത്ഥം തന്നെയാണ്. ഇത് നമുക്ക് അതിനെ അറിയാൻ കഴിയാത്തത് കൊണ്ടല്ല, മറിച്ച് അതിൽ യഥാർത്ഥത്തിൽ അറിയാൻ ഒന്നും തന്നെ ഇല്ല എന്നത് കൊണ്ടാണ്. ആപേക്ഷിക പദാർത്ഥങ്ങളെ (relative substances) സംബന്ധിച്ചേടത്തോളം, അവ സാർവലൗകിക പദാർത്ഥത്തിന്റെ സംഭവ്യക്ഷമതയിൽ പങ്ക് കൊള്ളുന്നു എന്നത് കൊണ്ട് തന്നെ, ആയൊരളവിൽ അവ അതിന്റെ “അഗ്രാഹ്യതയിലും” പങ്ക് കൊള്ളുന്നുണ്ട്. അത് കൊണ്ട് വസ്തുക്കളുടെ വിശദീകരണം നാം അന്വേഷിക്കേണ്ടത് പാദാർത്ഥികമായ വശത്തല്ല, മറിച്ച് സത്താപരമായ വശത്താണ്. ഇതിനെ സ്ഥലപരമായ ഒരു പ്രതീകാത്മകതയിലേക്ക് വിവർത്തനം ചെയ്യുകയാണെങ്കിൽ, ഇങ്ങനെ പറയാം: ഏതൊരു വിശദീകരണവും വരേണ്ടത് മുകളിൽ നിന്ന് കീഴേക്കാണ്, അല്ലാതെ കീഴെ നിന്ന് മുകളിലേക്കല്ല. ഈ നിരീക്ഷണം നമ്മെ സംബന്ധിച്ചേടത്തോളം സവിശേഷ പ്രാധാന്യമുള്ളതാണ്. കാരണം, ഇത് എന്തു കൊണ്ടാണ് ആധുനിക ശാസ്ത്രത്തിന് യഥാർത്ഥത്തിൽ യാതൊരു വിശദീകരണ മൂല്യവുമില്ലാത്തത് എന്നതിന്റെ കാരണം നമുക്ക് പെട്ടെന്ന് തന്നെ നൽകുന്നു.
കൂടുതൽ മുന്നോട്ട് പോവുന്നതിന് മുമ്പ്, നമ്മൾ ഇപ്പോൾ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ, ഭൗതികശാസ്ത്രജ്ഞൻമാരുടെ “ദ്രവ്യം” (matter) ഏതായാലും ദ്വിതീയ ദ്രവ്യത്തിനപ്പുറം ഒന്നുമല്ല. കാരണം, അതിന് ചില ഗുണങ്ങളുണ്ടെന്ന് അവർ അനുമാനിക്കുന്നു. ആ ഗുണങ്ങൾ ഏതൊക്കെയാണ് എന്നതിനെ കുറിച്ച് അവർക്കിടയിൽ യോജിപ്പില്ല. അത് കൊണ്ട് തന്നെ, ആ ദ്രവ്യത്തിൽ സംഭവ്യക്ഷമതയും “അവ്യതിരിക്തതയും” (indistinction) ഇല്ല. അവരുടെ സങ്കൽപനങ്ങൾ ഇന്ദ്രിയ ഗോചരമായ ലോകവുമായി മാത്രം ബന്ധപ്പെട്ടതിനാലും അതിനപ്പുറത്തേക്ക് പോകാത്തതിനാലും തന്നെ ആദി ദ്രവ്യത്തെ (materia prima) എങ്ങിനെ പരിഗണിക്കണമെന്നും അവർക്കറിയില്ല. എന്നിരിക്കിലും, വിചിത്രമായ ഒരു ആശയക്കുഴപ്പത്തിന്റെ ഫലമായി അവർ എപ്പോഴും ജഡിക ദ്രവ്യത്തെ (inert matter) കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുന്നു. അത് യഥാർത്ഥത്തിൽ ജഡികമാണെങ്കിൽ അതിന് യാതൊരു ഗുണങ്ങളും ഉണ്ടായിരിക്കുകയില്ല എന്നും ഒരു രീതിയിലും അത് സ്വയം പ്രത്യക്ഷീകരിക്കുകയില്ല എന്നും അവർ തിരിച്ചറിയുന്നുമില്ല. എത്രത്തോളമെന്നാൽ അവരുടെ ഇന്ദ്രിയങ്ങൾക്ക് സംവേദനം ചെയ്യാൻ കഴിയുന്ന ഒന്നും തന്നെയായിരിക്കില്ല അത്. എന്നാൽ, ഇതിന് വിരുദ്ധമായി, അവരുടെ ഇന്ദ്രിയങ്ങളുടെ പരിധിയിൽ വരുന്നതിനെയെല്ലാം “ദ്രവ്യമാണെന്ന്” പ്രഖ്യാപിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ജഡികത്വം (inertia) അനുയോജ്യമായിട്ടുള്ളത് ആദി ദ്രവ്യത്തിന് മാത്രമാണ്. കാരണം അത് അക്രിയാത്മകത്വത്തിന്റെയും (passivity) ശുദ്ധ സംഭവ്യക്ഷമതയുടെയും പര്യായമാണ്. ഒരേ സമയം തന്നെ “ദ്രവ്യത്തിന്റെ ഗുണങ്ങളെ” കുറിച്ച് സംസാരിക്കുകയും അതോടൊപ്പം “ദ്രവ്യം ജഡികമാണ്” എന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നത് അപരിഹാര്യമായ ഒരു വൈരുദ്ധ്യം തന്നെയാണ്. കൗതുകകരമായ ഒരു വിരോധാഭാസം എന്നു പറയട്ടെ, സകലമാന നിഗൂഢതകളെയും നിർമാർജനം ചെയ്യുമെന്ന് ഭാവിക്കുന്ന “ആധുനിക ശാസ്ത്രവാദം” (modern scientism) വിശദീകരണത്തിന് വേണ്ടിയുള്ള അതിന്റെ വ്യർത്ഥ ശ്രമങ്ങളിൽ അവലംബമാക്കുന്നത്, ഏറ്റവും “നിഗൂഢമായ”(ആ വാക്കിന്റെ പ്രാകൃത വിവക്ഷയിലുള്ള), അതേ കാര്യത്തെ തന്നെയാണ് – അതായത്, എറ്റവും അസ്പഷ്ടവും അഗ്രാഹ്യവുമായ കാര്യത്തെ.
ഇനി, അടിസ്ഥാനപരമായി തന്നെ ഒരു അബദ്ധമായ “ദ്രവ്യത്തിന്റെ ജഡികത്വത്തെ” മാറ്റി നിർത്തിക്കൊണ്ട് നമുക്ക് സ്വയം ഒരു ചോദ്യം ഉന്നയിക്കാം – നമ്മുടെ ഇന്ദ്രിയങ്ങൾക്ക് പ്രത്യക്ഷീഭൂതമാവുന്നതിന് വഴങ്ങാൻ ആവശ്യമുള്ള ഏറെക്കുറെ നന്നായി നിർവചിക്കപ്പെട്ട ഗുണങ്ങൾ നൽകപ്പെട്ടിട്ടുള്ള ഈ “ദ്രവ്യം” മതതത്വചിന്തകർ മനസ്സിലാക്കിയിട്ടുള്ള നമ്മുടെ ലോകത്തിന്റെ ദ്വിതീയ ദ്രവ്യം തന്നെയാണോ? അത്തരത്തിലുള്ള ഒരു സാത്മീകരണം അവാസ്തവമാണെന്ന് നമുക്ക് ഉടനെ തന്നെ സംശയിക്കാം. കാരണം, ആദി ദ്രവ്യം അഥവാ സാർവലൗകിക പദാർത്ഥം ഏതൊരു പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ടും എന്ത് ധർമ്മമാണോ നിർവഹിക്കുന്നത്, അതേ ധർമ്മം തന്നെ നമ്മുടെ ലോകവുമായി ബന്ധപ്പെട്ട് ദ്വിതീയ ദ്രവ്യം നിർവഹിക്കണമെങ്കിൽ അത് ഈ ലോകത്ത് പ്രത്യക്ഷീഭവിക്കാൻ പാടുള്ളതല്ല. മറിച്ച്, എന്താണോ പ്രത്യക്ഷീഭവിക്കുന്നത്, അതിന്റെ “താങ്ങ്” അഥവാ “വേര്” ആയി നിലകൊള്ളുകയാണ് വേണ്ടത്. അതിനാൽ, ഇന്ദ്രിയ ഗോചരമായ ഗുണങ്ങൾ അതിൽ അന്തർലീനമായിരിക്കുകയില്ല, മറിച്ച് അതിൽ സ്വീകരിക്കപ്പെട്ടിട്ടുള്ള ആകൃതികളിൽ (forms) നിന്ന് ആവിർഭവിക്കുന്നവയാണ്. ഗുണമായിട്ടുള്ളതെല്ലാം ആത്യന്തികമായി സത്തയുമായി ബന്ധപ്പെട്ടതാണ് എന്ന് പറയുന്നതിന് തുല്യമാണിത്. അപ്പോൾ, നമുക്കിവിടെ പുതിയൊരു ആശയക്കുഴപ്പം കാണാൻ കഴിയുന്നു : ആധുനിക ഭൗതിക ശാസ്ത്രജ്ഞർ, ഗുണത്തെ പരിമാണത്തിലേക്ക് ചുരുക്കാനുള്ള തങ്ങളുടെ ശ്രമഫലമായി ഒരു തരത്തിലുള്ള “പിഴവിന്റെ യുക്തിയിലേക്ക്” എത്തിപ്പെടുന്നു. ഒന്നിനെ മറ്റേതായി തെറ്റിദ്ധരിച്ചത് നിമിത്തം, ഗുണത്തെ അവർ തങ്ങളുടെ “ദ്രവ്യത്തിലേക്ക്” ചേർക്കുന്നു. അങ്ങിനെ എല്ലാ യാഥാർത്ഥ്യത്തെയും, അല്ലെങ്കിൽ ചുരുങ്ങിയത് യാഥാർത്ഥ്യമായി അവർക്ക് തിരിച്ചറിയാൻ സാധിക്കുന്ന എല്ലാറ്റിനെയും ദ്രവ്യത്തിൽ തന്നെ ആരോപിക്കുന്നതിലേക്ക് അവർ എത്തിച്ചേരുന്നു. ഇതാണ്, “ഭൗതികവാദം” എന്ന് യഥോചിതം വിളിക്കപ്പെടുന്നതിൽ അടങ്ങിയിട്ടുള്ളത്.
എന്നിരുന്നാലും, നമ്മുടെ ലോകത്തിന്റെ ദ്വിതീയ ദ്രവ്യം സകല നിർണയങ്ങളെ തൊട്ടും മുക്തമായതാവാൻ പാടുള്ളതല്ല. അങ്ങനെയാണെങ്കിൽ പിന്നെ അതിന്റെ സമ്പൂർണമായ അവ്യതിരിക്തത (indistinction) നിമിത്തം അതിനെ ആദിദ്രവ്യവുമായി തന്നെ കൂട്ടിക്കുഴക്കപ്പെടും. അതോടൊപ്പം അത് ഏതെങ്കിലും ദ്വിതീയ ദ്രവ്യമാവാനും പാടില്ല. നമ്മുടെ ലോകത്തിന്റെ സവിശേഷമായ അവസ്ഥകൾക്കനുസൃതമായും അതുമായി ബന്ധപ്പെട്ട്, അതല്ലാത്തതുമായി ബന്ധപ്പെട്ടല്ല, പദാർത്ഥത്തിന്റെ ധർമ്മം നിർവഹിക്കാൻ ഉതകുന്ന രീതിയിലും നിർണയിക്കപ്പെട്ടതായിരിക്കണം അത്. ഈയൊരു നിർണയത്തിന്റെ സ്വഭാവത്തെ വ്യക്തമാക്കൽ അത്യാവശ്യമാണ്. ഇതാണ് സെന്റ് തോമസ് അക്വൈനസ് ഈ ദ്വിതീയ ദ്രവ്യത്തെ “പരിമാണത്താൽ അടയാളപ്പെടുത്തപ്പെട്ട ദ്രവ്യം” എന്ന് നിർവചിക്കുന്നതിലൂടെ ചെയ്തിട്ടുള്ളത്. ഇക്കാരണത്താൽ, അതിൽ അന്തർലീനമായിട്ടുള്ളതും അതിനെ അതാക്കുന്നതും, ഇത് ഇന്ദ്രിയഗോചരമായ ഏകക്രമത്തിൽ മാത്രമാണെങ്കിൽ പോലും, ഗുണമല്ല മറിച്ച് പരിമാണം അഥവാ തനിച്ച ദ്രവ്യമാണ് (ex parte materia). പരിമാണം എന്നത് ഇന്ദ്രിയ ഗോചരമായ അഥവാ ഭൗതികമായ പ്രപഞ്ചത്തിലുള്ള അസ്തിത്വത്തിന്റെ പ്രധാന ഉപാധികളിൽ ഒന്നാണ്. ഈ ഉപാധികളിൽ വെച്ച്, മറ്റൊന്നിനുമില്ലാത്ത വിധം ഈ പ്രപഞ്ചത്തിന് മാത്രം ഏറ്റവും പ്രത്യേകമായിട്ടുള്ളവയിൽ പെട്ട ഒന്ന് കൂടിയാണിത്. അതിനാൽ, ഒരാൾക്ക് കരുതാവുന്നത് പോലെ തന്നെ, ഇവിടെ ചർച്ച ചെയ്യപ്പെടുന്ന ദ്വിതീയ ദ്രവ്യം ഈ ലോകവുമായി മാത്രം ബന്ധപ്പെട്ടതാണ്. പക്ഷെ അത് ഈ ലോകം മൊത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം, അതിൽ നിലനിൽക്കുന്നതെല്ലാം അനിവാര്യമായും പരിമാണത്തിന് വിധേയപ്പെട്ടവയാണ്. ഈ നിർവചനം തികച്ചും പര്യാപ്തമായതാണ്. ഇനി ഈ ദ്വിതീയ ദ്രവ്യത്തിന്, ആധുനികമായ “ദ്രവ്യത്തിന്റെ” കാര്യത്തിൽ ചെയ്തത് പോലെ, അതിന് യഥാർത്ഥത്തിൽ ഇല്ലാത്ത ഗുണങ്ങൾ ആരോപിക്കേണ്ട ആവശ്യമേ വരുന്നില്ല. നമ്മുടെ ലോകത്തിന്റെ പാദാർത്ഥിക വശത്തെ ശരിക്കും പ്രതിനിധാനം ചെയ്യുന്നു എന്ന നിലയിൽ, പരിമാണം അതിന്റെ “അടിസ്ഥാനപരമായ” അഥവാ മൗലികമായ ഉപാധി തന്നെയാണ് എന്ന് നമുക്ക് പറയാം. എന്നാൽ, അതിന് യഥാർത്ഥത്തിൽ ഉള്ളതിൽ നിന്നും വ്യത്യസ്തമായ ഒരു തലത്തിലുള്ള പ്രാധാന്യം അതിന് നൽകുക; പ്രത്യേകമായി എടുത്തു പറഞ്ഞാൽ, ഈ ലോകത്തെ കുറിച്ചുള്ള ഒരു വിശദീകരണം നാം അതിൽ നിന്ന് തേടുക എന്നതിനെ തൊട്ടൊക്കെ നാം കരുതലുള്ളവരായിരിക്കണം. ഒരു കെട്ടിടത്തിന്റെ മേൽഭാഗത്തെ അതിന്റെ അടിത്തറയുമായി കൂട്ടിക്കുഴക്കുന്നതിൽ നമ്മൾ ശ്രദ്ധ പുലർത്താറുണ്ടല്ലോ. അടിത്തറ മാത്രമായി ഉള്ള കാലത്തോളം കെട്ടിടമില്ല. എന്നാൽ ഈ അടിത്തറ അതിന് അനുപേക്ഷണീയവുമാണ് താനും. അത് പോലെ തന്നെ, പരിമാണം മാത്രം ഉള്ള കാലത്തോളം അതിന് നിലനിൽപില്ല. ഇന്ദ്രിയ ഗോചരമായ പ്രത്യക്ഷീകരണവുമില്ല. എന്നാൽ പരിമാണം അതിന്റെ മുരടാണ് താനും. പരിമാണത്തെ, അതിലേക്ക് മാത്രം ചുരുക്കുകയാണെങ്കിൽ, അതൊരു അത്യാവശ്യമായ മുന്നുപാധി മാത്രമാണ്. പക്ഷെ, അത് ഒന്നിനെയും വിശദീകരിക്കുന്നുമില്ല. അതൊരു അടിത്തറയാണ്, എന്നാൽ മറ്റൊന്നുമല്ല. അടിത്തറ എന്നത്, അതിന്റെ നിർവചന പ്രകാരം ഏറ്റവും താഴെ തലത്തിലുള്ളതാണെന്ന കാര്യവും നാം മറക്കരുത്. അത് കൊണ്ട്, ഗുണത്തെ പരിമാണത്തിലേക്ക് ന്യൂനീകരിക്കുക എന്നത്, “ഉന്നതമായതിനെ നീചമായതിലേക്ക് ന്യൂനീകരിക്കുക” എന്നതല്ലാതെ മറ്റൊന്നുമല്ല. ഈയൊരു സംഗതിയിലൂടെയാണ് ചിലർ ന്യായമായും “ഭൗതികവാദത്തെ” വിശേഷിപ്പിച്ചിട്ടുള്ളത്. ന്യൂനത്തിൽ (minus)െ നിന്ന് സങ്കലനത്തെ (plus) ഉളവാക്കാൻ ഭാവിക്കുക എന്നത് ആധുനിക അപഭ്രംശങ്ങളിൽ വെച്ച് ഏറ്റവും വിശേഷപ്പെട്ട ഒന്ന് തന്നെയാണ്!
മറ്റൊരു ചോദ്യം ഇനിയും ഉയരുന്നുണ്ട് : പരിമാണം നമ്മുടെ മുമ്പിൽ പല വിധങ്ങളിലും അവതരിക്കാറുണ്ട്. പ്രത്യേകിച്ചും, വിച്ഛിന്നിതമായ പരിമാണമുണ്ട് (discontinuous quantity) . ശരിക്കും പറഞ്ഞാൽ, അത് തന്നെയാണ് സംഖ്യ (number) എന്ന് പറയുന്നത് (2). അവിച്ഛിന്നിതമായ പരിമാണവുമുണ്ട് (continuous quantity). ഇത് പ്രധാനമായും പ്രതിരൂപം ചെയ്യപ്പെടുന്നത്, സ്ഥല-കാലങ്ങളുടെ വിസ്തൃതിയിലൂടെയാണ്. ഇവയിൽ പെട്ട ഏത് വിധമാണ്, ശുദ്ധമായ പരിമാണത്തെ ഏറ്റവും കൃത്യമായി ഉൾക്കൊള്ളുന്നത്? ഈ ചോദ്യവും പ്രധാനപ്പെട്ടത് തന്നെയാണ്. കാരണം, സവിശേഷമായ പല ആധുനിക ദാർശനിക-ശാസ്ത്രീയ സങ്കൽപ്പങ്ങളുടെയും പ്രാരംഭ പദവിയിലുള്ള ഡെക്കാർട്ട് (Descartes) ദ്രവ്യത്തെ നിർവചിക്കാൻ ശ്രമിച്ചത് നീൾചയിലൂടെയാണ് (extension). ഈ നിർവചനത്തെ ഒരു പാരിമാണിക ഭൗതിക ശാസ്ത്രത്തിന്റെ (quantitaive physics),- അതിനെ ആ സന്ദർഭത്തിൽ “ഭൗതികവാദം” (materialism) എന്ന് വിളിക്കാനാവില്ലെങ്കിലും “യാന്ത്രികവാദം” (mechanism) എന്ന് വിളിക്കാം,- അടിസ്ഥാന തത്വമാക്കാനും അദ്ദേഹം ശ്രമിച്ചു. ഇതിൽ നിന്ന്, ദ്രവ്യത്തിൽ നേർക്ക് നേരെ അന്തർലീനമായിട്ടുള്ള നീൾചയാണ് പരിമാണത്തിന്റെ മൗലികമായ വിധത്തെ പ്രതിനിധാനം ചെയ്യുന്നതെന്ന് അനുമാനിക്കാൻ ഒരാൾ പ്രലോഭിതനായേക്കാം. മറിച്ച് സെന്റ് തോമസ് അകൈ്വനസാവട്ടെ, “സംഖ്യ നിലകൊള്ളുന്നത് ദ്രവ്യത്തിന്റെ പക്ഷത്താണ്” (numerus stat ex parte materiae) എന്ന് പറയുന്നതിലൂടെ, സംഖ്യയാണ് ലോകത്തിന്റെ പാദാർത്ഥിക അടിത്തറയെന്നും അതിനാൽ അതിനെ തന്നെയാണ് ശരിക്കും ശുദ്ധ പരിമാണമായി കണക്കാക്കേണ്ടതെന്നും സൂചിപ്പിക്കുന്നതായാണ് കാണുന്നത്. സംഖ്യയുടെ ഈ “അടിസ്ഥാന” സ്വഭാവം, പൈതഗോറിയൻ സിദ്ധാന്തത്തിൽ സംഖ്യയെ ഒരു പ്രതിബിംബ സാദൃശ്യ പ്രകാരം (inverse analogy) വസ്തുക്കളുടെ സത്താപരമായ തത്വങ്ങളുടെ പ്രതീകമായി സ്വീകരിച്ചിട്ടുണ്ട് എന്ന വസ്തുതയുമായി പൂർണമായും യോജിക്കുന്നുണ്ട്. ഡെക്കാർട്ടിന്റെ ദ്രവ്യം ഇനിയേതായാലും മതതത്വചിന്തകരുടെ (scholastics) ദ്വിതീയ ദ്രവ്യമല്ല എന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. അത്, ആധുനിക ഭൗതികശാസ്ത്രജ്ഞരുടെ “ദ്രവ്യത്തിന്റെ”, ഒരു പക്ഷെ ചരിത്രത്തിലെ ആദ്യത്തെ തന്നെ ഉദാഹരണമാണ്. എന്നാൽ ഈ ആശയത്തിൽ നിന്ന് “ദ്രവ്യത്തിന്റെ ഘടനയെ” കുറിച്ച ഏറ്റവും നൂതനമായ സിദ്ധാന്തങ്ങളിലേക്ക് എത്തിച്ചേരാൻ ആവശ്യമുള്ളതെല്ലാം അതിലേക്ക് അദ്ദേഹം തന്നെ ചേർത്തതല്ല, മറിച്ച് അദ്ദേഹത്തിന്റെ പിൻഗാമികൾ ക്രമേണ കൂട്ടിച്ചേർത്തവയാണ്. അത് കൊണ്ട് തന്നെ, ദ്രവ്യത്തെ കുറിച്ച കാർട്ടീസിയൻ നിർവചനത്തിൽ എന്തോ ഒരു പിഴവോ ആശയക്കുഴപ്പമോ ഉണ്ടായിരിക്കാം എന്ന് സംശയിക്കുന്നതിന് ന്യായമുണ്ട്. ശുദ്ധമായ പാരിമാണിക തലത്തിലുള്ളതല്ലാത്ത എന്തോ ഒരു ഘടകം അതിന്റെ ഉപജഞാതാവിന്റെ അറിവ് കൂടാതെ തന്നെ അതിലേക്ക് കടന്നു കൂടിയിരിക്കാം. തീർച്ചയായും, നമുക്ക് പിന്നീട് വ്യക്തമാവുന്നത് പോലെ തന്നെ, നീൾചയ്ക്ക് ഇന്ദ്രിയഗോചര പ്രപഞ്ചത്തിലെ മറ്റെല്ലാറ്റിനെയും പോലെ തന്നെ പ്രകടമായും ഒരു പാരിമാണിക സ്വഭാവമുണ്ടെങ്കിലും അതിനെ ശുദ്ധ പരിമാണമായി കണക്കാക്കാനാവില്ല. മാത്രവുമല്ല, പാരിമാണികമായ ദിശയിലേക്കുള്ള ന്യൂനീകരണത്തിലേക്ക് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന സിദ്ധാന്തങ്ങളെല്ലാം തന്നെ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ പൊതുവെ “കണികാത്മകം” (atomistic) ആയിരിക്കും എന്ന് നമുക്ക് കാണാനാവും. അതായത്, അവ ദ്രവ്യത്തെ കുറിച്ചുള്ള അവയുടെ സങ്കൽപ്പത്തിൽ ഒരു തരത്തിലുള്ള വിച്ഛിന്നതയെ (discontinuity) ചേർക്കുന്നു. തൽഫലമായി, അത് നീൾചയുടെ പ്രകൃതത്തേക്കാൾ സംഖ്യയുടെ പ്രകൃതത്തോട് വളരെ അടുത്തതായി തീരുന്നു. പിണ്ഡ ദ്രവ്യത്തെ (corporeal matter) നീൾചയുള്ളതായിട്ടല്ലാതെ സങ്കൽപ്പിക്കാനാവില്ല എന്ന വസ്തുത പോലും സകല “കണാദവാദത്തിനും” (atomism) വൈരുദ്ധ്യങ്ങളുടെ ഒരു സ്രോതസ്സാണ്. ഇതിലൊക്കെയുള്ള ആശയക്കുഴപ്പത്തിന്റെ മറ്റൊരു കാരണം, ഇതിലേക്ക് നമുക്ക് വീണ്ടും തിരിച്ചു വരേണ്ടതുണ്ട്, “പിണ്ഡത്തെയും” (body) “ദ്രവ്യത്തെയും” ഏതാണ്ട് പര്യായങ്ങളായി പരിഗണിക്കുന്ന നമ്മുടെ ശീലം തന്നെയാണ്. യഥാർത്ഥത്തിൽ പിണ്ഡങ്ങൾ ഒരു തരത്തിലും ദ്വിതീയ ദ്രവ്യമേയല്ല. ഈ ലോകത്ത് പ്രത്യക്ഷീഭവിക്കപ്പെട്ടിട്ടുള്ള അസ്തിത്വങ്ങളിലൊന്നിലും തന്നെ അതിനെ കണ്ടെത്താനാവില്ല. പിണ്ഡങ്ങൾ അതിൽ നിന്ന് നിർഗമിക്കുന്നത്, അവയുടെ പാദാർത്ഥിക തത്വത്തിൽ (substantial principle) നിന്നെന്ന പോലെയാണ്. അവസാനമായി പറഞ്ഞാൽ, സംഖ്യ മാത്രമാണ് ദ്വിതീയ ദ്രവ്യത്തെ പോലെ തന്നെ ഭൗതിക ലോകത്ത് (corporeal world) നേരിട്ട് സംവേദനം ചെയ്യപ്പെടാത്തതായും ശുദ്ധമായ അവസ്ഥയിലും ഉള്ളൂ. പരിമാണത്തിന്റെ മണ്ഡലത്തിലെ മൗലികമായ വിധമായി (fundamental mode) നിസ്സംശയം പ്രാഥമികമായി പരിഗണിക്കേണ്ടതും സംഖ്യയെ തന്നെയാണ്. മറ്റുള്ള വിധങ്ങളെല്ലാം തന്നെ നിഷ്പന്നിതം (derivative) മാത്രമാണ്. അവ പരിമാണമാവുന്നത് തന്നെ സംഖ്യയിൽ പങ്ക് കൊള്ളുന്നത് കൊണ്ട് മാത്രമാണ്. പാരിമാണികമായ എല്ലാറ്റിനെയും സംഖ്യാപരമായി പ്രകടിപ്പിക്കാനാവും എന്നതിലൂടെ ഈ കാര്യത്തെ ഒരാൾക്ക് വ്യംഗ്യമായി തിരിച്ചറിയാനാവും. മറ്റുള്ള വിധങ്ങളിലെല്ലാം തന്നെ, പരിമാണം മുൻതൂക്കമുള്ള ഘടകമാണെങ്കിൽ കൂടിയും, അത് എപ്പോഴും പ്രത്യക്ഷപ്പെടുന്നത് ഏറെക്കുറെ ഗുണവുമായി മിശ്രണം ചെയ്യപ്പെട്ട് കൊണ്ടാണ്. ഇപ്രകാരം തന്നെയാണ് സ്ഥലത്തെയും കാലത്തെയും കുറിച്ച ആശയങ്ങളും. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത തികച്ചും പൊള്ളയായ ആശയങ്ങളായി അവയെ ന്യൂനീകരിക്കണം എന്നത് അംഗീകരിക്കാത്ത കാലത്തോളം, ആധുനിക ഗണിതശാസ്ത്രജ്ഞൻമാരുടെ മുഴുശ്രമങ്ങൾ കൊണ്ട് പോലും അവ വെറും പരിമാണാത്മകം മാത്രമായി തീരുന്നില്ല. എന്നാൽ, സത്യം പറയുകയാണെങ്കിൽ, ഇന്നത്തെ ശാസ്ത്രം വലിയൊരളവോളം രൂപപ്പെടുത്തപ്പെട്ടിട്ടുള്ളത് “മാമൂലുകളുടെ” (conventions) സ്വഭാവം മാത്രം കൈമുതലായിട്ടുള്ള, ക്രിയാത്മകമായ അർത്ഥം തീരെയില്ലാത്ത ഇത്തരം പൊള്ളയായ ആശയങ്ങൾ കൊണ്ടല്ലേ? ഈ അവസാനത്തെ വിഷയത്തെ കുറിച്ച്, പ്രത്യേകിച്ചും സ്ഥലത്തിന്റെ (space) സ്വഭാവത്തെ കുറിച്ച് നാം കൂടുതൽ പൂർണമായി വിശദീകരിക്കാം. കാരണം, ഇതിന് ജ്യാമിതീയ പ്രതീകാത്മകതയുടെ (geometrical symbolism) തത്വങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ട്. അതോടൊപ്പം, അത് പാരമ്പര്യ ആശയങ്ങളിൽ (traditional conceptions) നിന്ന് അപവിത്ര ആശയങ്ങളിലേക്ക് (profane conceptions) നയിക്കുന്ന അധഃപതനത്തെ കുറിച്ച വളരെ നല്ല ഒരു ഉദാഹരണവും നൽകുന്നു. ഇതിന് നമ്മൾ അവലംബിക്കുന്ന രീതി, ജ്യാമിതിയുടെ അടിത്തറ തന്നെയായ “മാപനം” (measurement) എന്ന ആശയത്തെ ആധുനിക ശാസ്ത്രജ്ഞർ അതിന് കൊടുക്കുന്ന വിവക്ഷയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അർത്ഥം നൽകാവുന്ന രീതിയിൽ ഒരു പാരമ്പര്യ സമീപനത്തിൽ നിന്ന് കൊണ്ട് എങ്ങിനെ മാറ്റി മറിക്കാം എന്നത് ആദ്യം തന്നെ അന്വേഷിച്ച് കൊണ്ടാണ്.
(1) ഹൂലെ എന്ന വാക്കിന്റെ പ്രാഥമികമായ അർത്ഥം കുറിക്കുന്നത്, സസ്യപരമായ (vegetative) തത്വത്തെയാണ്. ഇവിടെ, പ്രത്യക്ഷീകരണത്തിന്റെ തുടക്കമായ “വേരിനെ” (സംസ്കൃതത്തിൽ “മൂലം” എന്ന പദം, പ്രകൃതിയെ കുറിക്കാനും ഈ വാക്ക് ഉപയോഗിക്കുന്നു) കുറിച്ചൊരു സൂചനയുണ്ട്. നമ്മുടെ ലോകത്തിന്റെ ഗൂഢമായി കിടക്കുന്ന അവലംബത്തിലേക്ക് (obscure support) വേരുകൾ ആഴ്ത്തിയിറങ്ങുന്ന സസ്യജാലത്തിന്റെ (vegetation) ” അസുര” പ്രകൃതിയെ കുറിച്ച് ഹിന്ദു പാരമ്പര്യം പറയുന്നതുമായും ഒരു ബന്ധം ഇതിൽ ഒരാൾക്ക് കാണാൻ കഴിയും. പദാർത്ഥം (substance) ഒരർത്ഥത്തിൽ അസ്തിത്വത്തിന്റെ ഇരുണ്ട, മറഞ്ഞു കിടക്കുന്ന ധ്രുവമാണ് (tenebrous pole) . ഇതിനെ കുറിച്ച് പിന്നീട് വ്യക്തമാവും.
(2) ശുദ്ധ സംഖ്യയെ കുറിച്ച ആശയം യഥാർത്ഥത്തിൽ പൂർണ സംഖ്യയെ (whole number) കുറിച്ചുള്ളതാണ്. പൂർണ സംഖ്യകളുടെ പരമ്പര ഒരു വിച്ഛിന്ന ശ്രേണിയാണ് (discontinuous series) എന്നത് വ്യക്തവുമാണ്. ഭിന്നിത സംഖ്യകൾ (fractional numbers), അമാത്ര സംഖ്യകൾ (immeasurable numbers) എന്നിവയെ കുറിച്ചൊക്കെയുള്ള പര്യാലോചനക്ക് കാരണമാം വണ്ണം, ഈ ആശയത്തിന് പിന്നീട് ലഭിച്ചിട്ടുള്ള വികാസങ്ങളെല്ലാം തന്നെ, അതിന്റെ ചില രൂപാന്തരങ്ങൾ മാത്രമാണ്. ഈ വികാസങ്ങൾ യഥാർത്ഥത്തിൽ പ്രതിനിധാനം ചെയ്യുന്നത്, അവിച്ഛിന്നമായ കാര്യങ്ങളെ (continuous quantities) അളക്കുന്നതിന് വേണ്ടി സംഖ്യകളെ ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന പിഴവുകളെ കഴിയുന്നത്ര ദുരീകരിക്കാൻ വേണ്ടി അന്തർസംഖ്യാത്മക വിരാമങ്ങളെ (numerical discontinuity) കഴിയുന്നത്ര കുറക്കുക എന്നതാണ്.
തുടരും: