ഫത്ഹുറബ്ബാനി: 4:
മുഹിയിദ്ധീൻ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ):
യാ ഗുലാം… നീ നഫ്സിന്റെ ദുർഗുണങ്ങളെയും തന്നിച്ഛയെയും ഒഴിവാക്കുക. പ്രസ്തുത ഉത്തമ പുരുഷന്മാരുടെ കാലടിയിൽ ഭൂമി പോലെയും അവരുടെ സന്നിധിയിൽ മണ്ണുപോലെയും നീ ആവുക. സർവാധിപതിയായ അള്ളാഹു നിർജീവിയിൽ നിന്ന് ജീവിയേയും ജീവിയിൽ നിന്ന് നിർജീവിയേയും പുറപ്പെടുവിക്കും. അവൻ ഇബ്രാഹിം നബി(അ) യെ അവിശ്വാസം കൊണ്ട് നിർജീവികളായ മാതാപിതാക്കളിൽ(ഇവിടെ ഇബ്റാഹിം നബി(അ)യുടെ പിതാവിന്റെ സ്ഥാനത്ത് ഖുർആൻ പരാമർശിച്ച ആസറ്നെ ഉദ്ദേശിച്ചാണ് ഇപ്രകാരം പറയുന്നത്)
നിന്ന് പുറപ്പെടുവിച്ചു. സത്യവിശ്വാസി ജീവനുള്ളവനും അവിശ്വാസി ജീവനില്ലാത്തവനുമാണ്. തൗഹീദ് ഉള്ളവൻ ജീവൻ ഉള്ളവനും ശിർക്കിൽ ഉള്ളവൻ ജീവൻ ഇല്ലാത്തവനുമാണ്. അതാണ് അല്ലാഹു സുബ്ഹാനഹു വതആല അവന്റെ ഗ്രന്ഥങ്ങളിൽ ഒന്നിൽ പറഞ്ഞത്:
“സൃഷ്ടികളിൽ വെച്ച് ആദ്യം മൃതിയടഞ്ഞത് ഇബിലീസ് ആകുന്നു. അവൻ എനിക്ക് വിരോധം ചെയ്തു. ആ പാപം കൊണ്ട് അവൻ മരണപ്പെട്ടു.”
ഇത് അവസാനകാലമാണ്. കാപട്യത്തിന്റെ അങ്ങാടി പ്രത്യക്ഷപ്പെട്ടു. കള്ള വാദങ്ങളുടെ അങ്ങാടി പ്രത്യക്ഷപ്പെട്ടു. ഈ കപട വിശ്വാസികളാകുന്ന കള്ള വാദികളാകുന്ന ദജ്ജാലുകളോട് ചേർന്ന് നിങ്ങൾ സഹകരിക്കരുത്. നിനക്കു നാശം. നിന്റെ നഫ്സ് കാപട്യം, കള്ളത്തരം, അവിശ്വാസം, ദുഷ് പ്രവൃത്തി, പങ്കുചേർക്കൽ ഇത്യാദി ദുർഗുണങ്ങളാൽ ആഴ്ന്ന് താഴ്ന്നിരിക്കുന്നു. എന്നിരിക്കെ നീ എങ്ങിനെ ക്ഷമിച്ചു നിൽക്കുന്നു? അതിനോട് നീ മത്സരിക്കുക. ഒരിക്കലും നീ അതിനോട് യോജിക്കരുതേ. അതിനെ നീ കാരാഗ്രഹത്തിൽ ഇടുക. അതിന് ബന്ധപ്പെട്ട പ്രതിഫലങ്ങൾ നൽകൂ. അതിനെ നീ സമ്മർദ്ധങ്ങൾ ചെലുത്തി അടിച്ചമർത്തുക.
ഇനി തന്നിച്ഛയെ കുറിച്ച് പറയാം:
നീ അതിന്റെ പുറത്തു കയറിയിരിക്കുക. അതിനെ വെറുതെ വിടരുത്. വിട്ടാൽ അത് നിന്റെ പുറത്ത് കയറി ഇരിക്കും.
ഇനി മനുഷ്യപ്രകൃതിയെ കുറിച്ച്:
അതിനോട് നീ സഹവാസ ഭാവാനുബന്ധം പുലർത്തരുത്. അത് ചെറിയ പൈതലാണ്. അതിന് ബുദ്ധിയില്ല. ആ പൈതലിൽ നിന്ന് നിനക്കെന്താണ് ചോദിച്ചു മനസ്സിലാക്കാൻ ഉള്ളത്?
ഇനി പിശാചിനെ കുറിച്ച്:
അവൻ നിന്റെയും നിന്റെ പിതാവ് ആദം(അ)മിന്റെയും ശത്രുവാണ്. നീ അവനോട് അടുക്കുകയും അവന്റെ ദുർബോധനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതെങ്ങനെ? നിന്റെയും അവന്റെയും ഇടയിൽ നിനക്കവനോട് ഒരു ചോരയുടെ പ്രതികാരമുണ്ട്. പുരാതന വിരോധവുമുണ്ട്. അവന്റെ ചക്കര വാക്കുകൾ നീ ശ്രവിക്കരുത്. തീർച്ചയായും അവൻ നിന്റെ പിതാവിനെയും മാതാവിനെയും വധിച്ചവനാണ്. വല്ല പഴുതും കിട്ടുമ്പോൾ അവൻ അവരെ വധിച്ചത് പോലെ നിന്നെയും വധിക്കും. ഭയഭക്തിയോടു കൂടിയുള്ള വണക്കം യുദ്ധായുധം ആക്കുക. അല്ലാഹുവിന്റെ തൗഹീദ്, ഏകാഗ്രമായ ദാർശനിക നില, ഏകാന്തതകളിൽ (ഖൽവത്തിൽ) നല്ല സൂക്ഷ്മത, പരമസത്യം, ആദ്യം അല്ലാഹുവിനോട് സഹായം അർത്ഥിക്കലെ ന്നിവ നിന്റെ സൈന്യമാക്കുക. എന്നാൽ പ്രസ്തുത ആയുധവും പട്ടാളവും ശത്രുവിനെയും ശത്രു സേനയെയും വെട്ടി നുറുക്കുകയും തട്ടി തകർക്കുകയും ചെയ്യും. ഹഖ് സുബ്ഹാനഹു വതആല നിന്റെ കൂടെ ആകുമ്പോൾ അവൻ എങ്ങനെയാണ് തിരിച്ചു ഓടാതിരിക്കുക!
യാ ഗുലാം…
ഇഹപരമെന്നിവയെ രണ്ടിനെയും നീ ഒരേ നൂലിൽ കോർക്കുക. നീ നിന്റെ ഹൃദയത്തിന്റെ വശത്തുകൂടി ഇഹപരമെന്ന രണ്ടു വസ്ത്രങ്ങളും ഊരിയെറിഞ്ഞ് നിന്റെ അധിപതിയുടെ തിരുസന്നിധിയിൽ ഒറ്റക്ക് തനിച്ചാവുക. അവൻ മാത്രമല്ലാതെ മറ്റൊന്നും അവന്റെ കൂടെ സ്വീകരിക്കരുത്. സ്രഷ്ടാവിനെ തൊട്ട് സൃഷ്ടികൾ എന്ന ബന്ധനത്തിൽ പെട്ടുപോവരുത്. ഈ കാരണങ്ങളെ നീ വിച്ഛേദിച്ചു കടക്കൂ. ഈ രക്ഷിതാക്കളെ നാളെ നീ വർജിക്കുക. നിനക്ക് ദിവ്യ പ്രാപ്തി നൽകപ്പെട്ടാൽ ഐഹികം നിന്റെ ശരീരത്തിനും പാരത്രികം നിന്റെ ഹൃദയത്തിനും ഉടമസ്ഥൻ നിന്റെ രഹസ്യത്തിനുമായിരിക്കട്ടെ.
യാ ഗുലാം.
നീ നഫ്സോടു കൂടിയാവരുത്. ദുനിയാവിനോടൊപ്പവും ആകരുത്. ആഖിറത്തിന്റെ കൂടെയുമാകരുത്. എന്നാൽ നീ ചെന്നുപെടുന്നത് ഒരിക്കലും യാതൊരു നാശവും ന്യൂനതയും സംഭവിക്കാത്ത നിക്ഷേപത്തിങ്കലേക്കാണ്. അതോടെ നിനക്ക് അല്ലാഹുവിൽ നിന്ന് യാതൊരു പിഴയും സംഭവിക്കാത്ത നേർവഴി ലഭിക്കുന്നു. നീ നിന്റെ പാപങ്ങളിൽ നിന്ന് പശ്ചാത്തപിച്ച് മടങ്ങുക. നിന്റെ ഉടമയായ രക്ഷിതാവിങ്കലേക്ക് അവയെല്ലാം വിട്ട് പിന്തിരിഞ്ഞോടുക. നീ പശ്ചാത്തപിക്കുന്ന പക്ഷം നിന്റെ ബാഹ്യവും ആന്തരികവും പശ്ചാത്തപിക്കണം. പശ്ചാത്തപമെന്നത് സത്യഗുണത്തിലേക്ക് മാനസാന്തരമുണ്ടാകലാണ്. ഉപരിപ്ലവമല്ലാത്ത പരമാർത്ഥ ബോധത്തോടു കൂടി അല്ലാഹുവിന്റെ മുന്നിൽ ലജ്ജാ വിവശനായി പാപങ്ങളാകുന്ന വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് പശ്ചാത്തപിക്കുക. ശരീഅത്തിന്റെ സൽകർമ്മങ്ങൾ കൊണ്ട് അംഗശുദ്ധി വരുത്തിയ ശേഷം ഹൃദയങ്ങളുടെ സൽകർമ്മങ്ങളാണ് ഇവിടെ വിവക്ഷ.
തുടരും: