പരിമാണത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റെ അടയാളങ്ങളും:
അദ്ധ്യായം:3:
റെനെ ഗ്വെനോൺ:
മൊഴിമാറ്റം: ഡോ: തഫ്സൽ ഇഹ്ജാസ്:
ആധുനികമായ ആശയങ്ങളെ സവിശേഷമായി പരിശോധിക്കാത്തേടത്തോളം, matter എന്ന വാക്കിനെ ഒഴിവാക്കാനാണ് നാം ഇഷ്ടപ്പെടുന്നത്. ആ വാക്ക് അനിവാര്യമായും ഉണ്ടാക്കുന്ന ആശയക്കുഴപ്പത്തെ ഒഴിവാക്കാൻ വേണ്ടിയാണ് ഇതെന്ന് മനസ്സിലാക്കണം. കാരണം, ആ വാക്കിന് സമീപ കാലത്ത് ഉണ്ടായിത്തീർന്നിട്ടുള്ള വിവക്ഷ മാത്രമേ ഇപ്പോൾ ഉപയോഗത്തിലുള്ള ഭാഷയിൽ അതിനോട് ബന്ധിപ്പിക്കപ്പെടുന്നുള്ളൂ. അതുകൊണ്ട് തന്നെ, മതതത്വചിന്തകർ (scholastics) ആ വാക്കിന് കൊടുത്തിട്ടുള്ള വിവിധങ്ങളായ അർത്ഥങ്ങളെ കുറിച്ച് ധാരണയുള്ളവരിൽ പോലും മറ്റെല്ലാറ്റിലുമുപരി, ആധുനിക ഭൗതിക ശാസ്ത്രജ്ഞന്മാർ അതിന് കൊടുക്കുന്ന അർത്ഥം ഉണ്ടായി വരാതിരിക്കുക എന്നത് അസാധ്യമാണ്. എന്നാൽ, ഈ ആശയം, നാം മുമ്പു പറഞ്ഞത് പോലെ, പൗരസ്ത്യമോ പാശ്ചാത്യമോ ആയ ഒരു പാരമ്പര്യ സിദ്ധാന്തത്തിലും കണ്ടെത്താനാവില്ല. ആ ആശയത്തിലെ പരസ്പര പൊരുത്തമില്ലാത്തതോ അതല്ലെങ്കിൽ വ്യക്തമായ വൈരുദ്ധ്യങ്ങൾ ഉള്ളതോ ആയ ഘടകങ്ങളെ നീക്കം ചെയ്ത് കൊണ്ട് അതിനെ ന്യായാനുസൃതമായി സ്വീകരിക്കുകയാണെങ്കിൽ പോലും, അത് യഥാർത്ഥത്തിൽ അത്യാവശ്യമുള്ളതേയല്ല എന്ന് ഇത് വ്യക്തമാക്കുന്നു. കാര്യങ്ങളെ ഒരു പ്രത്യേകമായ രീതിയിൽ നോക്കുന്നതുമായി മാത്രമേ അതിന് ബന്ധമുള്ളൂ. അതോടൊപ്പം, ഈ ആശയം വളരെ നവീനമായ ഒന്നാണെന്നതിനാൽ തന്നെ അതിനേക്കാൾ എത്രയോ മുമ്പേ നിലവിലുള്ള ആ വാക്കിൽ അത് അന്തർലീനമായിട്ടുള്ളതല്ല എന്ന് പ്രത്യേകം പറയേണ്ടതില്ല. പ്രസ്തുത വാക്കിന്റെ മൂലാർത്ഥം അതിനാൽ തികച്ചും സ്വതന്ത്രമായ ഒന്നായിരിക്കണം. യഥാർത്ഥ വ്യുൽപത്തി നിർണയിക്കുക എന്നത് അത്യന്തം ദുഷ്കരമായ പദങ്ങളിൽ പെട്ട ഒന്നാണ് ഈ പദം എന്നതും തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഏറെക്കുറെ അഭേദ്യമായ ഇരുണ്ട മറ,”matter” എന്നതുമായി ബന്ധപ്പെട്ട സകലതിനെയും പുതഞ്ഞു നിൽക്കുന്നത് പോലെയാണിത്. ആ വാക്കിന്റെ മൂലവുമായി ബന്ധപ്പെട്ട ചില ആശയങ്ങളെ ഗ്രഹിക്കുക എന്നതിനപ്പുറം ഒന്നും തന്നെ ഇക്കാര്യത്തിൽ സാധിക്കുകയില്ല. മൂലാർത്ഥത്തോട്, ഈ ആശയങ്ങളിൽ പെട്ട ഏതാണ് കൂടുതൽ അടുത്ത് നിൽക്കുന്നത് എന്നത് വ്യക്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും, ഈയൊരുദ്യമത്തിന് പ്രസക്തിയില്ലാതില്ല.
പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു സംയോജനം,”materia” എന്നതിനെ “mater” എന്നതുമായി ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ്. ഇത് പദാർത്ഥത്തിന് (substance) തികച്ചും അനുയോജ്യമായ ഒന്നാണ്. കാരണം, അതൊരു അക്രിയാത്മകമായ (passive)) അല്ലെങ്കിൽ പ്രതീകാത്മകമായി “സ്ത്രൈണമായ” (feminine) തത്വമാണ്. ആവിർഭാവവുമായി ബന്ധപ്പെട്ട് പുരുഷൻ എന്ന തത്വം “പിതൃ” ധർമ്മം നിർവഹിക്കുന്നത് പോലെ, പ്രകൃതി എന്ന തത്വം “മാതൃ” ധർമ്മം നിർവഹിക്കുന്നു എന്ന് നമുക്ക് പറയാം. ഇതിന് സദൃശമായ രീതിയിൽ സത്തയും (essence) പദാർത്ഥവും തമ്മിൽ പരസ്പര ബന്ധം വിഭാവനം ചെയ്യാവുന്ന തലങ്ങളിലെല്ലാം ഇത് ഇങ്ങിനെ തന്നെയാണ്. അതോടൊപ്പം,materia എന്ന ഇതേ വാക്കിനെ metiri (അളക്കുക) എന്ന ലത്തീൻ ക്രിയയുമായും ബന്ധിപ്പിക്കാൻ സാധിക്കും (ഇതിനേക്കാൾ അടുപ്പമുള്ള മറ്റൊരു രൂപം സംസ്കൃതത്തിലുണ്ടെന്ന് നമുക്ക് തുടർന്ന് കാണാം). പക്ഷെ, അളവ് (മാത്ര) എന്നത് കൊണ്ടുള്ള വിവക്ഷ നിർണയമാണ് (determination). ഇത് സാർവലൗകിക പദാർത്ഥത്തിന്റെയോ ആദിദ്രവ്യത്തിന്റെയോ കേവലമായ അനിർണിതത്വത്തിന് (indeterminacy) ബാധകമല്ല; മറിച്ച്, കൂടുതൽ പരിമിതമായ ഒരു അർത്ഥത്തെ പരാമർശിച്ചു കൊണ്ടുള്ളതാണത്. കൃത്യമായും ഈ വിഷയത്തെ തന്നെയാണ് നാം ഇനി സവിശേഷമായി പരിശോധിക്കാൻ ഉദ്ദേശിക്കുന്നത്.
ആനന്ദ കെന്റിശ് കുമാരസ്വാമി പറയുന്നത് പോലെ, “വിഭാവന ചെയ്യപ്പെടുന്നതോ ദർശിക്കപ്പെടുന്നതോ
ആയ സകലതിനെയും കുറിക്കാൻ (ആവിർഭവിച്ച ലോകത്തിൽ) സംസ്കൃതത്തിൽ ഒരൊറ്റ പ്രയോഗം മാത്രമേയുള്ളൂ, നാമ-രൂപം. ഇതിലെ രണ്ട് പദങ്ങൾ യഥാക്രമം “ഗ്രാഹ്യവും” (intelligible) “സംവേദ്യവും” (sensible) ആയതുമായി ബന്ധപ്പെട്ടതാണ്. വസ്തുക്കളുടെ സത്ത, പദാർത്ഥം എന്നിവയെ യഥാക്രമം സൂചിപ്പിക്കുന്ന പരസ്പര പൂരകങ്ങളായ രണ്ട് വശങ്ങളാണിവ (2). “അളവ്” (measure) എന്ന ഭാഷാർത്ഥമുള്ള മാത്ര എന്ന വാക്ക് പദോൽപത്തി ശാസ്ത്ര പ്രകാരം (etymology)) materia എന്നതിന് തുല്യമാണ് എന്നത് വസ്തുതയാണ്. എന്നാൽ അപ്രകാരം “അളക്കപ്പെടുന്നത്” ഭൗതികശാസ്ത്രജ്ഞൻമാരുടെ ദ്രവ്യം (matter) അല്ല, മറിച്ച് ആത്മാവിൽ അന്തർലീനമായിട്ടുള്ള ആവിർഭാവത്തിന്റെ സാധ്യതകളാണ്.” (3) ആവിർഭാവവുമായി ഇപ്രകാരം നേർക്കുനേരെ ബന്ധിപ്പിക്കപ്പെട്ട “മാത്ര” എന്ന ആശയം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. അതിനും പുറമെ, ഇത് ശ്രീ കുമാരസ്വാമി ഇവിടെ പരിഗണിച്ച ഹിന്ദു പാരമ്പര്യത്തിന് മാത്രം പ്രത്യേകമായ ഒന്നുമല്ല. സകല പാരമ്പര്യ സിദ്ധാന്തങ്ങളിലും ഇതിനെ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ കണ്ടെത്താനാവും എന്ന് ഒരാൾക്ക് പറയാനാവും. ഇക്കാര്യത്തിലുള്ള സമവായങ്ങളെയെല്ലാം പൂർണമായും എടുത്തു പറയാനാവും എന്ന് നമുക്ക് ഭാവിക്കാനാവില്ലെങ്കിലും, ഈ പരാമർശത്തെ ന്യായീകരിക്കാൻ ഉതകുന്നത് നാം പറയാൻ ശ്രമിക്കും. അതോടൊപ്പം, ചില ഉപക്രമ രൂപങ്ങളിൽ (initiaitic forms)െ വലിയ സ്ഥാനം വഹിക്കുന്ന “മാത്രയുടെ” പ്രതീകാത്മകതയിലേക്ക് കഴിയുന്നത്ര വെളിച്ചം വീശാനും നാം ശ്രമിക്കും.
മാത്ര, അതിന്റെ ഭാഷാപരമായ വിവക്ഷയെ പരിഗണിക്കുകയാണെങ്കിൽ, പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത് അവിച്ഛിന്ന പരിമാണത്തിന്റെ (continuous quantity) മണ്ഡലവുമായിട്ടാണ്; അതായത്, ഏറ്റവും നേർക്കുനേരെയുള്ള അതിന്റെ ബന്ധം, സ്ഥല സ്വഭാവമുള്ള (spatial character) വസ്തുക്കളുമായാണ് (സമയവും ഇത് പോലെ തന്നെ അവിച്ഛിന്നമാണെങ്കിലും, അതിനെ ചലനം മുഖേന ഒരു പ്രത്യേക രീതിയിൽ സ്ഥലവുമായി ബന്ധിപ്പിച്ച് കൊണ്ട് പരോക്ഷമായി മാത്രമേ അളക്കാനാവൂ. ചലനം സ്ഥലവും കാലവും തമ്മിൽ ഒരു ബന്ധത്തെ സ്ഥാപിക്കുന്നു). ഇത്, യഥാർത്ഥത്തിൽ മാത്ര ബന്ധപ്പെട്ടിരിക്കുന്നത് വിസ്താരത്തോടോ (extension) അഥവാ നാം “ദൈഹിക ദ്രവ്യം” (corporeal matter) എന്ന് വിളിച്ചതിനോടോ ആണെന്ന് പറയുന്നത് പോലെയാണ്. ഇതിനുള്ള കാരണം, ഈ അവസാനം പറഞ്ഞതിന് അനിവാര്യമായും ഉള്ള വിസ്താര സ്വഭാവം കൊണ്ടാണ്. എന്ന് വെച്ച് ഡെക്കാർട്ട് (Descartes) അവകാശപ്പെടുന്നത് പോലെ, അതിന്റെ പ്രകൃതത്തെ ശുദ്ധമായ വെറും വിസ്താരത്തിലേക്ക് ചുരുക്കാനാവും എന്ന് ഇതിന് വിവക്ഷയില്ല. ഇതിൽ ആദ്യത്തെ കാര്യത്തിൽ (വിസ്താരം) മാത്ര എന്നത് ശരിക്കും ജ്യാമിതീയമാണ്. രണ്ടാമത്തേതിൽ (ദൈഹിക ദ്രവ്യം), ഒരാൾക്ക് വേണമെങ്കിൽ അതിനെ ഭൗതികം (physical) എന്ന വാക്കിന്റെ സാധാരണ വിവക്ഷയിലുള്ളതാണെന്ന് പറയാം. പക്ഷെ, രണ്ടാമത്തേതിനെ ഒന്നാമത്തേതിലേക്ക് ചേർക്കാവുന്നതേയുള്ളൂ. കാരണം, പിണ്ഡങ്ങൾ (bodies) നേർക്കുനേരെയുള്ള മാപനത്തിന് വിധേയമാവുന്നത് അവ ഒരു വിസ്താരത്തിൽ നിലകൊള്ളുന്നത് കൊണ്ടും അതിന്റെ നിർണിതമായ ഒരു പ്രത്യേക ഭാഗത്തിൽ വ്യാപിച്ചിരിക്കുന്നത് കൊണ്ടുമാണ്. അവയുടെ ഇതര ഗുണങ്ങൾ മാപനത്തിന് വഴങ്ങുന്നതാവട്ടെ, അവയെ ഏതോ രീതിയിൽ വിസ്താരവുമായി ബന്ധപ്പെടുത്താൻ കഴിയുന്നത് കൊണ്ട് മാത്രമാണ്. നാം മുൻകൂട്ടി കണ്ടത് പോലെ തന്നെ, നമ്മളിപ്പോൾ ആദി ദ്രവ്യത്തിൽ നിന്ന് ഏറെ മുന്നോട്ട് പോയിരിക്കുന്നു. അതാകട്ടെ, അതിന്റെ കേവലമായ അവ്യതിരിക്തത (absolute indistinction) നിമിത്തം ഏതെങ്കിലും രീതിയിൽ അളക്കാവുന്നതോ, മറ്റെന്തിനെയെങ്കിലും അളക്കാനുപയോഗിക്കാവുന്നതോ അല്ല. പക്ഷെ, മാത്രയുടെ ഈ ആശയത്തിന് നമ്മുടെ ലോകത്തിന്റെ ദ്വിതീയ ദ്രവ്യമായതിനോട്, ഏതാണ്ട് അടുത്ത ബന്ധമില്ലേ എന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്. തീർച്ചയായും ഈ ബന്ധം നിലനിൽക്കുന്നുണ്ട്; കാരണം ദ്വിതീയ ദ്രവ്യം പരിമാണത്താൽ അടയാളപ്പെടുത്തപ്പെട്ടതാണ് (signata quantitate). തീർച്ചയായും, വിസ്താരവുമായും അതിൽ ഉൾക്കൊണ്ടതുമായും മാത്രക്ക് നേരിട്ട് ബന്ധമുണ്ടെങ്കിൽ, അത് വിസ്താരത്തിന്റെ പരിമാണപരമായ വശം നിമിത്തമാണ് സാധ്യമായിട്ടുള്ളത്. എന്നാൽ നാം വിശദീകരിച്ചത് പോലെ, അവിച്ഛിന്നമായ പരിമാണം എന്നത് പരിമാണത്തിൽ നിന്ന് തന്നെ നിഷ്പന്നമായിട്ടുള്ള ഒരു വിധമാണ് (mode). എന്ന് വച്ചാൽ, അത് ശരിക്കും ഒരു പരിമാണമാവുന്നത്, പിണ്ഡാത്മക ലോകത്തിന്റെ (corporeal world) ദ്വിതീയ ദ്രവ്യത്തിൽ അന്തർലീനമായിട്ടുള്ള ശുദ്ധ പരിമാണത്തിലുള്ള അതിന്റെ പങ്കാളിത്തം കൊണ്ട് മാത്രമാണ്. അവിച്ഛിന്നിതത്വം (continuity) ശുദ്ധമായ പരിമാണം അല്ല എന്ന കാരണത്താൽ തന്നെ, മാത്രയുടെ സംഖ്യാപരമായ (numerical) പ്രകാശനത്തിൽ ഒരു തരത്തിലുള്ള അപൂർണത ഉണ്ട് എന്നും നാം കൂട്ടിച്ചേർക്കുന്നു. സംഖ്യയുടെ വിച്ഛിന്നിതത്വം (discontinuity), അവിച്ഛിന്ന പരിമാണങ്ങളുടെ നിർണയത്തിന് വേണ്ടി അതിനെ പര്യാപ്തമാം വണ്ണം പ്രയോഗിക്കുന്നതിനെ അസാധ്യമാക്കുന്നത് കൊണ്ടാണിത്. ഏതൊരു മാത്രയുടെയും അടിത്തറ യഥാർത്ഥത്തിൽ സംഖ്യ തന്നെയാണ്. എന്നാൽ നാം സംഖ്യയെ മാത്രമാണ് പരിഗണിക്കുന്നതെങ്കിൽ മാത്രയെ കുറിച്ച് നമുക്ക് സംസാരിക്കാനാവില്ല. കാരണം, അത് സംഖ്യയുടെ മറ്റൊരു കാര്യത്തിന് വേണ്ടിയുള്ള പ്രയോഗമാണ്. ഈ പ്രയോഗം ചില പരിധികൾക്ക് വിധേയമായി മാത്രമേ സാധ്യമാവുകയുള്ളൂ. എന്നു വെച്ചാൽ, പാരിമാണികമായ അവസ്ഥക്ക് വിധേയപ്പെട്ടിട്ടുള്ളവയുടെ അല്ലെങ്കിൽ മറുവാക്കുകളിൽ പറയുകയാണെങ്കിൽ, ദൈഹികമായ ആവിർഭാവത്തിന്റെ (corporeal manifestation) മണ്ഡലത്തിൽ ഉൾപ്പെട്ടവയുടെ കാര്യത്തിൽ നാം സൂചിപ്പിച്ചിട്ടുള്ള “അപര്യാപ്തതയെ” കണക്കിലെടുക്കണം. ഒറ്റക്കാര്യം മാത്രം – ഇവിടെ നമ്മൾ ആനന്ദ കുമാരസ്വാമി പറഞ്ഞ കാര്യത്തിലേക്ക് വീണ്ടും തിരിച്ചു വരികയാണ് – നമ്മൾ ശ്രദ്ധിച്ചിരിക്കണം; അതെന്തെന്നാൽ, സാധാരണ ഭാഷയുടെ ചില ദുരുപയോഗങ്ങൾ എന്താണെങ്കിലും ശരി, പരിമാണം എന്നത് അളക്കപ്പെടുന്ന ഒന്നല്ല, മറിച്ച് എന്ത് വെച്ചാണോ വസ്തുക്കൾ അളക്കപ്പെടുന്നത്, അതാണ്. സംഖ്യയുമായി ബന്ധപ്പെട്ട് മാത്ര എന്നത്, ഒരു വിപരീത സാദൃശ്യ വിവക്ഷയിൽ (inverse analogical sense) പറയുകയാണെങ്കിൽ, ആവിർഭാവം അതിന്റെ സത്താപരമായ തത്വവുമായി (essential principle) ബന്ധപ്പെട്ട് എന്താണോ അത് തന്നെയാണ്.
തുടരും: