കെ. അബൂബക്കർ:
മാപ്പിള സംസ്കാര ആവിഷ്കാര പാരമ്പര്യങ്ങളെ സംബന്ധിച്ച ആധികാരിക ഗവേഷണങ്ങൾ വഴിയായും ബദൽ രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തനങ്ങളുടെ കണ്ണിയായും അറിയപ്പെട്ട ഗവേഷകനും എഴുത്തുകാരനുമായ മലയാള അദ്ധ്യാപകനാണ് അബൂബക്കർ മാഷ് . കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് വില്ലേജിൽ കത്തറമ്മൽ ദേശത്ത് ജനനം. മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എഡ്. പാട്യാലയിലെ എൻ.ആർ.എൽ.സിയിൽ നിന്ന് സെക്കന്റ് ലാംഗ്വേജ് ടീച്ചിങ്ങിൽ ഒരു വർഷത്തെ വിദഗ്ദ പരിശീലനം.1990 മുതൽ കടമേരി ആർ.എ.സി. ഹയർ സെക്കന്ററി സ്കൂളിൽ മലയാളം അദ്ധ്യാപകൻ.
ഭാവി കേരളത്തിന്റെ സാംസ്കാരിക രൂപപ്പെടലിൽ നിർണ്ണായകമാവുന്ന പ്രമേയങ്ങളെ പുന:പരിശോധിക്കുന്ന ഒരു പുസ്തക പരമ്പര ആസൂത്രണം ചെയ്യുകയും ഏതാനും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത ഭാവി രൂപം പുസ്തകങ്ങളുടെ പ്രസാധകൻ. കോഴിക്കോട് നിന്ന് പുന:പ്രസിദ്ധീകരണം ആരംഭിച്ചതുമുതൽ കുറച്ചുകാലം പാഠഭേദം ഏഡിറ്റോറിയൽ ടീം അംഗം. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഉൺമ സാംസ്കാരിക കൂട്ടായ്മയിൽ അംഗം. മുസ്ലിംകളുടെ സാംസ്കാരിക പൈതൃകം, മലയാളത്തിലെ ഇശൽ വഴി, ടി. ഉബൈദ്, വൈദ്യരുടെ കാവ്യലോകം, ഉമർ ഖാളി എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ. കൂടാതെ പൊതുമണ്ഡലത്തെ അഭിമുഖീകരിക്കുന്ന സാംസ്കാരിക സ്വഭാവമുള്ള നിരവധി മുസ്ലിം ആനുകാലികങ്ങളിലും പൊതു പ്രസിദ്ധീകരണങ്ങളിലും ധാരാളം ലേഖനങ്ങൾ, പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേരള മുസ്ലിം ചരിത്രവും മാപ്പിള ആവിഷ്കാരങ്ങളുമായി ബന്ധപ്പെട്ട അക്കാദമിക് സെമിനാറുകളിലും കോൺഫ്രൻസുകളിലും സജീവ സാന്നിദ്ധ്യം. പാഠഭേദം മുസ്ലിം നവോത്ഥാന പതിപ്പിന്റെ ഏഡിറ്റർ.
മാപ്പിള ആവിഷ്കാര പാരമ്പര്യങ്ങളും അവയുടെ സൂഫിസവുമായുള്ള ആന്തരിക ബന്ധവും വിശകലന വിധേയമാക്കാൻ പ്രചോദനമാകുന്ന ഏതാനും ചോദ്യങ്ങൾ അബൂബക്കർ മാഷ്ക്ക് അയച്ചുകൊടുക്കുകയുണ്ടായി. പ്രസ്തുത ചോദ്യങ്ങളോടുള്ള മാഷുടെ ഉൾക്കാഴ്ചയുള്ള, മൗലികമായ ഭാഷയും നിരീക്ഷണങ്ങളും കൈമുതലായ പ്രതികരണങ്ങളാണ് താഴെ.
ലോകോത്തരമായ ഒട്ടെല്ലാ മിസ്റ്റിക് കാവ്യങ്ങളും രചിച്ചത് സൂഫിയാക്കളാണ്. കേരളീയ മുസ്ലിംകളുടെ ആവിഷ്കാര പാരമ്പര്യങ്ങളിലും ഈ സൂഫി സ്വാധീനം പ്രകടമാകുന്നു. ഇക്കാര്യം ഒന്ന് വിശദീകരിക്കാമോ?
പ്രണയത്തിന്റെ പേരില് തടവിലാക്കപ്പെട്ട കാമിനിയുടെ വിവശതയോടെ പരമാത്മാവിനെ തേടുന്ന യോഗിയുടെ നിഗൂഢാനുഭൂതികള് തീര്ത്തും വൈകാരികമാണ്. അവനാകട്ടെ അദൃശ്യനുമാണ്. എന്നാല് പ്രപഞ്ചമാകെയും അവന്റെ ദൃഷ്ടാന്തങ്ങളുടെ പ്രദര്ശനശാലയാണ്. അതൊക്കെയും അവനെ കുറിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇതു കാമുകീഹൃദയത്തില് പ്രണയാഗ്നി ആളിക്കത്തിക്കുന്നു. അതാവിഷ്കരിക്കാന് കവിതയുടെ പ്രതീകാത്മകഭാഷ മാത്രമേ സമര്ത്ഥമാകൂ. അതിനാല് കവിതയാണു സൂഫികളുടെ ഭാഷ എന്നു പറയാം. കവിതയുടെ കൈത്താങ്ങില്ലാതെ വിനിമയം സാധിക്കാത്ത ലോകത്തെ പ്രജയാണ് അയാള്. മുസ് ലിം ലോകത്തെ കവിതയുടെ പെരുവഴി സൂഫികളുടേതാകുന്നത് അതുകൊണ്ടാണ്.
മാപ്പിളസര്ഗാത്മകതയുടെ വഴിയും ഇതു തന്നെയാണ്. സൂഫി ആക്റ്റിവിസത്തിന്റെ ഫലമാണ് അറബിമലയാളം തന്നെയും. തദ്ദേശീയജനതയോട് അവരുടെ തന്നെ ഭാഷയില് സംവദിക്കാനുള്ള സൂഫികളുടെ വ്യഗ്രതയാണ് അറബിലിപിയെ മലയാളത്തിനു പാകമാകുന്ന തരത്തില് പരിഷ്കരിക്കാന് പ്രേരണയായത്. അല്ലാതെ ഇസ് ലാമിന്റെ വരവോടെ സംഭവിക്കുന്നതല്ല. ഇസ് ലാം അറബിയെയാണു പ്രോത്സാഹിപ്പിച്ചത്. ഇസ് ലാമിന്റെ ആത്മസാരമായ സൂഫിസമാണു പ്രാദേശികഭാഷകളിലേക്കു സര്ഗാത്മകശ്രദ്ധയെ കൊണ്ടുപോയത്. അറബിമലയാളത്തിലെ ഏറ്റവും പഴയ കൃതി മുഹിയിദ്ദീൻ മാലയാകുന്നത് ചരിത്രപരമായി വായിക്കേണ്ടതാണ്. തുടര്ന്നുവരുന്ന കുഞ്ഞായിന്മുസ് ലിയാരുടെ രചനകളും സൂഫീബന്ധികള്തന്നയാണ്. നൂല്മാല, നൂല്മദ്ഹ്, കപ്പപ്പാട്ട് എന്നിവയുടെ ഉള്ളടക്കം എന്താണ്? മുഹിയിദ്ദീൻ ശൈഖിനെ പ്രകീര്ത്തിക്കുന്നതും പ്രവാചകരെ പ്രകീര്ത്തിക്കുന്നതും തസ്വവ്വുഫിന്റെ പ്രതീകാത്മകചിത്രീകരണവുമാണ്. എല്ലാം സൂഫീ വഴിയെ സഞ്ചരിക്കുന്നത്. മാപ്പിളസര്ഗാത്മകതയും മറ്റെവിടെയും പോലെ സൂഫീസ്വാധീനത്താല് നിര്ണിതമാണ് എന്നു കാണാം.
അറബി മലയാള ഭാഷയിലെ ലഭിച്ചതിൽ വെച്ച് ഏറ്റവും പഴക്കമുള്ള മുഹ് യിദ്ദീൻമാല കേരളീയ മുസ് ലിംകളിൽ ഉളവാക്കിയ സ്വാധീനം വിശദീകരിക്കാമോ?
1607-ല് ആണു മുഹിയിദ്ദീൻ മാല വിരചിതമാകുന്നത്. അതു മാപ്പിളസര്ഗാത്മകതയുടെ ‘അലകുറി’യായി മാറുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കംവരെ മാപ്പിളയെഴുത്തിനെ ആഴത്തില് സ്വാധീനിച്ച കൃതിയാണത്. അറബിമലയാളത്തെ മാപ്പിളമനസ്സില് ഇളകിപ്പോകാത്ത ആവിഷ്കാരോപാധിയായി പ്രതിഷ്ഠിച്ച രചന. പുണ്യപുരുഷന്മാരോടുള്ള ആദരം മാപ്പിളമനോഭാവത്തിന്റെ അടിത്തറയായി പണിതപാട്ട്. സംസ്കൃതഹിമഗിരിയില് നിന്നൊഴുകിയ ആധിപത്യസാംസ്കാരികപ്രവാഹത്തില് അവഗണിക്കപ്പെട്ട, ‘അറിവും നിലയും അതൊന്നുമില്ലാത്തവര്ക്ക് അറിവും നിലയും നിറയെ നല്കുന്ന’ രാഷ്ട്രീയപക്ഷത്തു നില്ക്കാന് പഠിപ്പിച്ച പാട്ട്. തങ്ങളുടെ ലോകത്തെയും ജീവിതത്തെയും ആത്മീയമായി കാണാന് മാപ്പിളമാരെ പഠിപ്പിച്ച പാട്ട്. മാപ്പിളജീവിതത്തിന്റെ ഈണവും താളവുമായി മാറിയ രചന. ചൂട്ടുപോലെയുള്ള കീഴാളജീവിതത്തിന്റെ അനിവാര്യവസ്തുക്കളെ കാവ്യപ്രതീകങ്ങളുടെ പദവിയിലേക്ക് ഉയര്ത്തിയ കൃതി… അങ്ങനെ ഇനിയും കണക്കാക്കപ്പെട്ടിട്ടില്ലാത്ത ഏതെല്ലാമോ നിലകളില് മാപ്പിളജീവിതത്തെ ആഴത്തില് സ്വാധീനിച്ച രചനയാണു മുഹിയിദ്ദീൻ മാല.
സൂഫി മഹത്തുക്കൾ, വീരപുരുഷന്മാർ തുടങ്ങിയവരുടെ സ്മരണ അനശ്വരമാക്കുന്നതിൽ മാല മൗലിദുകൾ നിർവ്വഹിച്ച പങ്ക് വ്യക്തമാക്കാമോ?
സൂഫിസത്തിന്റെ പരിണാമവുമായി ചേര്ത്തുവെച്ചാണു അറബിമലയാളസാഹിത്യത്തെ വായിക്കേണ്ടത്. ത്വരീഖത്തുകള് രൂപപ്പെടുകയും ശക്തിപ്പെടുകയും ചെയ്തെങ്കിലും സാങ്കേതികമായി ആ വഴിയേ സഞ്ചരിക്കാതെതന്നെ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ പുണ്യപുരുഷന്മാരില്നിന്നു അനുഗ്രഹം നേടാന് ശ്രമിക്കുന്ന ജനകീയധാര വിപുലമാകുന്ന കാലത്താണ് പുണ്യാത്മാക്കളെ പ്രകീര്ത്തിക്കുന്ന രചനകള് തെക്കനേഷ്യന് രാജ്യങ്ങളിലെങ്ങും എഴുതപ്പെടുന്നത്. ആ വിശാലപരിസരത്തു വച്ചുകൊണ്ടുവേണം നമ്മുടെ മാലപ്പാട്ടുകളെയും വിലയിരുത്താന്. മുഹിയിദ്ദീൻ മാല യും രിഫാഈമാലയും നഫീസത്തുമാലയുമൊക്കെ ബന്ധപ്പെട്ട പുണ്യാത്മാക്കളെ പ്രകീര്ത്തിക്കുന്നവയാണ്. അവരുടെ പേരില് പ്രചാരം നേടിയിട്ടുള്ള അത്ഭുതകര്മങ്ങളെ എടുത്തുകാട്ടുന്നവയാണ്. അതിശയോക്തി കലർന്ന അത്ഭുത സംഭവങ്ങളുടെ കഥനമായതിനാൽ വസ്തുനിഷ്ഠതയല്ല അവയുടെ മുഖമുദ്ര എന്ന് തോന്നാം. ഭക്തിയാണ് അവയിൽ അന്തർലീനമായിട്ടുള്ളത്. . ഭാവനാത്മക ഭാവമുള്ള സത്യങ്ങളാണ് ആവിഷ്കരിക്കപ്പെടുന്നത്. അങ്ങനെയുള്ള രചനകള് അനുവാചകര്ക്കു പകര്ന്നുനല്കുന്ന വ്യക്തിത്വം ഭക്തിജനകമാണ്. പ്രസ്തുതകൃതിയുടെ ആലാപനം പുണ്യകരമാണെന്നു പ്രസ്താവിക്കുക മാത്രമല്ല, ഫലശ്രുതി മാലപ്പാട്ടുകളുടെ അനിവാര്യഘടകങ്ങള്കൂടിയാണ്. ഇത് മാലപ്പാട്ടുകള്ക്കു വലിയ ജനകീയതയാണു നല്കിയത്. തട്ടും തടവുമില്ലാതെ ഒഴുകിവരുന്ന ലളിതസുന്ദരമായ വരികള് നിരക്ഷരര്ക്കുപോലും ശ്രവണമാത്രയില് മനസ്സിലാകുന്നവയാണ്. പ്രതീകങ്ങളും ബിംബങ്ങളുമൊക്കെ സാമാന്യജനതയുടെ സുപരിചിതമണ്ഡലത്തില്നിന്ന് ഉള്ളവയാണ്. നിരന്തരം ആവര്ത്തിക്കപ്പെടുന്നതാണ്. അങ്ങനെ കേട്ടുകേട്ട് മനഃപാഠമായവയാണ്. അതിലെ പ്രതിപാദ്യവ്യക്തിത്വം വിപുലമായ ജനസഞ്ചയത്തിനു സ്വന്തം കുടുംബാംഗങ്ങളെക്കാള് സുപരിചിതരാണ്. അപ്രതീക്ഷിതപ്രതിസന്ധിഘട്ടങ്ങളില് അറിയാതെ വിളിച്ചുപോകുന്ന അടുപ്പക്കാരാണ്. അത്തരത്തിലുള്ള അതിവിപുലമായ പ്രചാരമാണു മാലകള് പുണ്യപുരുഷന്മാര്ക്കു നൽകിയിട്ടുള്ളത്.
ഒരു ഫോക്ക് ലോർ കൗതുകം എന്നതിനപ്പുറം മാപ്പിള കലാ ആവിഷ്കാരങ്ങൾക്ക് പൊതു സാഹിത്യ ചരിത്രത്തിൽ വേണ്ടത്ര സ്വീകാര്യത ഇനിയും ലഭിക്കാത്തതു എന്തുകൊണ്ട് ?
അറബിമലയാളത്തെയും അതിലെ സാഹിത്യത്തെയും കുറിച്ചു വളരെ സങ്കുചിതമായ ഒരു കാഴ്ചപ്പാടാണു പ്രചാരത്തിലുണ്ടായിരുന്നത്. ചാവക്കാടിനും മംഗലാപുരത്തിനും ഇടയിലുള്ള ഭൂപ്രദേശത്തുമാത്രം നിലനില്ക്കുന്ന ഒരു സാംസ്കാരികത്തളിര്പ്പായാണ് ആബുസാഹിബ് ഇതിനെ അവതരിപ്പിച്ചത്. അതിന് അപ്പുറത്തുള്ള ലോകത്തെ സാംസ്കാരികപ്രപഞ്ചവുമായി അതിന് ഒരു ബന്ധവുമില്ലെന്ന നിലയിലായിരുന്നു സമീപനം. അറബിമലയാളം വെറുമൊരു ലിപിമാത്രമാണ് എന്നായിരുന്നു ധാരണ. അതിനപ്പുറം അറബിമലയാളത്തിന്റെ സാംസ്കാരികഭൂമികയെ കുറിച്ചുള്ള അന്വേഷണങ്ങള് വേണ്ടവിധം നടന്നിരുന്നില്ല. അതുവഴി ആവിഷ്കരിക്കപ്പെട്ട രചനകള് പ്രസരിപ്പിക്കുന്ന കാഴ്ചകള് കാണാന് ശ്രമിച്ചിരുന്നില്ല. വികൃതമായി ഉച്ചരിക്കുന്ന മലയാളം എന്നതായിരുന്നു പൊതുമനോഭാവം. അതിനാല് അറബിമലയാളത്തിനകത്തേക്ക് ഇറങ്ങിച്ചെല്ലുന്നതിനായിരുന്നില്ല താത്പര്യം. അതിനെ ആസകലം തള്ളിക്കളയാനായിരുന്നു ആവേശം. അങ്ങനെ സ്വന്തം സമുദായത്താല് ഉപേക്ഷിക്കപ്പെട്ട ഒരു സാംസ്കാരികവിശേഷത്തെ അതൊന്നും തിരിയാത്ത സാഹിത്യചരിത്രകാരന്മാര് ഫോക്ലോര് വിഭാഗത്തില് പെടുത്തിയതില് അത്ഭുതത്തിന് അവകാശമില്ല. ഉച്ചാരണവിശേഷങ്ങളും വ്യാകരണവ്യവസ്ഥയിലെ ഉദാസീനതയുമൊക്കെ ഒറ്റനോട്ടത്തില് ഫോക്ലോര് എന്നു കരുതാന് പ്രേരിപ്പിക്കുന്നതായിരുന്നു. ഉത്തരാധുനിക കാലത്ത്, സ്വന്തം വേരുകളെ കുറിച്ചു വേവലാതിയോടെ അന്വേഷിച്ചുപോയ പുതുതലമുറ പതുക്കെപ്പതുക്കെ അറബിമലയാളത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു തുടങ്ങിയിരിക്കുന്നു. അവര് ടി. ഉബൈദിനെ വായിക്കുന്നു. ആബുവിനെയും പുന്നയൂര്ക്കുളത്തെയും വായിക്കുന്നു. സ്വന്തമായി അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്നു. ഉത്തരാധുനിക കാലത്തെ വൈജ്ഞാനിക പരിസരം മാപ്പിളേതരപണ്ഡിതരെയും അറബിമലയാള സാഹിത്യത്തിലേക്ക് ആകര്ഷിക്കുന്നു. വേണ്ടത്ര കാഴ്ചകളിലേക്കു വന്നെത്തിയിട്ടില്ലെങ്കിലും ആ വഴിയിലാണു കാര്യങ്ങളുടെ പോക്ക് എന്നു സന്തോഷത്തോടെ കാണുവാനാണ് എനിക്കിഷ്ടം.
അറബിമലയാളത്തിലെ മിസ്റ്റിക് കാവ്യങ്ങള് എന്ന് വിലയിരുത്താവുന്ന കൃതികളുടെ ഒരു സാമാന്യ വിശകലനം നല്കാമോ?
നേരത്തേ സൂചിപ്പിച്ചതുപോലെ പുണ്യാത്മാക്കളുടെ മഹത്വത്തില്നിന്നു അനുഗ്രഹം തേടുന്ന തരത്തില് ത്വരീഖത്തു പരിണമിച്ച കാലത്താണ് അറബിമലയാളം രൂപപ്പെട്ടത്. സമൂഹം പൊതുവെ സൂഫിസത്തിന്റെ സ്വാധീനവലയത്തിലായിരുന്നു. എന്നാല് തസ്വവ്വുഫ് സ്വന്തമായി സ്വീകരിച്ചവര് വിരളമായിരുന്നു. അതിനാല് മിസ്റ്റിക് അനുഭൂതികള് ആവിഷ്കരിക്കുന്ന രചനകള് അറബിമലയാളത്തില് കുറവാണ്. ഇച്ചമസ്താന്റെയും കാടായിക്കല് മൊയ്തീന്കുട്ടി മുസ് ല്യാരുടെയുമൊക്കെ രചനകളാണ് ആ കൂട്ടത്തില് പെടുന്നത്. അവ പൊതുവെ ദുര്ഗ്രഹങ്ങളാണ്. നിഗൂഢങ്ങളായ സൂഫി സങ്കല്പങ്ങളുടെയും സങ്കേതങ്ങളുടെയും സാന്നിധ്യമാണ് അവയെ ദുര്ഗ്രഹങ്ങളാക്കുന്നത്. എന്നാല് അറബിമലയാളത്തിലെ മിക്കവാറും രചനകള് സൂഫീസമീപനം പ്രകാശിപ്പിക്കുന്നവയാണ്. ജീവിതത്തെ കുറിച്ചുള്ള സമീപനത്തിലും ലോകവീക്ഷണത്തിലും ചരിത്രത്തെ കുറിച്ചുള്ള കാഴ്ചപ്പാടിലുമെല്ലാം അതു കാണാം.
മഹാകവി മോയിൻ കുട്ടി വൈദ്യരുടെ കാവ്യങ്ങളിലുൾകൊള്ളുന്ന മിസ്റ്റിക് തലങ്ങൾ വിശദീകരിക്കാമോ?
ഹുസ്നുല്ജമാലും ബദറുല്മുനീറും ദീര്ഘദീര്ഘമായ പ്രതിസന്ധികളെ മറികടന്ന് ഒടുവില് ഭാര്യാഭര്ത്താക്കളായി മാറുന്നുണ്ട്. കാവ്യം പക്ഷെ അവിടെ അവസാനിക്കുന്നില്ല. അവരുടെ ഹണിമൂണ്ട്രിപ്പുകൂടി വര്ണിച്ചതിന്മേലാണു കഥ അവസാനിക്കുന്നത്. വിവാഹിതരായ ഹുസ്നുല്ജമാലും ബദറുല്മുനീറും പറക്കുന്ന തേരില് കയറുന്നു. അവരുടെ ഹണിമൂണ് ട്രിപ്പിന്റെ ലക്ഷ്യമാണു കൗതുകകരം. പ്രണയസാഫല്യത്തിനായുള്ള ജീവന്മരണപോരാട്ടത്തിനിടയില് ബദറുല്മുനീറിനെ ഏകപക്ഷീയമായി പ്രണയിച്ച മൂന്നു സുന്ദരികളെകൂടി വിവാഹം കഴിക്കാനുള്ള യാത്രയായിരുന്നു അത്. ഇവിടെയാണ് ആ കൃതി ഒരു പ്രണയകാവ്യത്തിന്റെ മാനം തകര്ത്തു പുതിയ തലത്തിലേക്കു പ്രവേശിക്കുന്നത്. പരമാത്മാവിനെ പ്രണയിക്കുന്ന മനുഷ്യാത്മാക്കളെയാണു ഈ കാമിനിമാര് പ്രതിനിധീകരിക്കുന്നത് എന്നു സൂഫികവികളുടെ രചനാസങ്കേതങ്ങള് അറിയാവുന്നവര്ക്ക് എളുപ്പം മനസ്സിലാകും. അതാണു മോയിന്കുട്ടിവൈദ്യരുടെ രചനയുടെ ഒരു മുഖം.
അദ്ദേഹത്തിന്റെ പടപ്പാട്ടുകള് ശ്രദ്ധിക്കുക. അധിനിവേശത്തിനെതിരെ ആയുധമെടുത്ത പോരാളിസമൂഹങ്ങളെ കുറിച്ചു ചരിത്രം വാചാലമാണ്. അവരുടെ വിശ്വാസദാര്ഢ്യവും രക്തസാക്ഷിത്വാഭിമുഖ്യവുമൊക്കെ ചര്ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതേ പ്രതലത്തില് നിന്നുകൊണ്ടു ജീവന്മരണപോരാട്ടം നടത്തുന്ന വ്യക്തികളെയും ചരിത്രസന്ദര്ഭങ്ങളെയും പുനരാവിഷ്കരിക്കുകയായിരുന്നു വൈദ്യര്.
പ്രവാചക യാഥാര്ത്ഥ്യം (ഹഖീഖത്ത് മുഹമ്മദി) മാപ്പിള കാവ്യങ്ങളുടെ ഒരു പ്രമേയമാണ്. വൈദ്യര് കാവ്യങ്ങളിലെ പ്രവാചകന് എന്ന പ്രമേയം ഒന്ന് വിശദീകരിക്കാമോ?
ആരമുത്തൊളി ഓതി സത്തിയം എന്നു തുടങ്ങുന്ന രചന പ്രസിദ്ധമാണല്ലോ. പ്രവാചകപ്രകാശത്തെ ആത്മാക്കളുടെ സ്രോതസ്സായി സങ്കല്പിക്കുന്നവയാണു പഴയകാലത്തെ മാപ്പിളപ്പാട്ടുകളുടെ പൊതുസ്വഭാവം. വൈദ്യര്കൃതികളിലും അതുതന്നെ കാണാം. ജീവിതത്തിനുമേല് ആത്മീയവെളിച്ചം വീശുന്ന വിളക്കുമാടമാണ് അവിടുന്ന്. പ്രശ്നം തീര്ത്തും ആത്മീയമോ രാഷ്ട്രീയമോ എന്തുമാകട്ടെ, രചനാപ്രതിസന്ധിപോലുമാകട്ടെ പാട്ടെഴുത്തുകാര് പരിഹാരവഴി തേടുന്നതു പ്രവാചകജീവിതത്തിലാണ്. പ്രവാചകജീവിതം പാടാനുള്ള അഭിലാഷമാണ് അദ്ദേഹത്തെ ഹിജ്റയുടെ രചനയിലേക്കു നയിച്ചത്. ബദറിലെയും ഉഹ്ദിലെയും മലപ്പുറംപടയിലെയും ബമ്പുകളില് അതീന്ദ്രിയമാനങ്ങളോടെ തിരുനബി(സ്വ) പ്രകീര്ത്തിക്കപ്പെടുന്നതു കാണാം. കവിഞ്ഞൊഴുകുന്ന പ്രവാചകപ്രണയം അദ്ദേഹത്തിന്റെ കവിതകളുടെ മുഖമുദ്രയാണ്. ബദറിലെ ഉരത്തു യാ മൗലല് ഉറൂബാ, നൈനാര് നബീത്വാഹാ എന്നീ പാട്ടുകള് നോക്കുക. പടയ്ക്കുമുമ്പെ വരിയൊപ്പിക്കുമ്പോള് ഉണ്ടായ സവാദ് (റ)വിന്റെ ഒരു സ്നേഹപ്രകടനമാണു സംഭവം. പടയുമായി പ്രകടമായ ബന്ധമൊന്നുമില്ലാത്ത ഒരു കാര്യം. വേണമെങ്കില് ഒഴിവാക്കാവുന്നതേയുള്ളൂ. എന്നാല് അത് ഒഴിവാക്കിയില്ലെന്നു മാത്രമല്ല, വളരെ പ്രധാനപ്പെട്ട ഒരു ഉപവിഷയമായി അതിനെ ഉയര്ത്തിയെടുക്കുകയും ചെയ്തിരിക്കുന്നു. ആ ഭാഗം പാടിവരുമ്പോള് സവാദ്(റ)വിന്റെ സ്ഥാനത്തു വൈദ്യരാണുള്ളത് എന്നു തോന്നിക്കുമാറ് ആത്മാര്ത്ഥമാണ് ആ ചിത്രീകരണം.