ക്രമമില്ലായ്മയും ക്രമവും

പരിമാണത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റെ അടയാളങ്ങളും:
അദ്ധ്യായം: 3 : മാത്രയും ആവിർഭാവവും: രണ്ടാം ഭാഗം:
റെനെ ഗ്വെനോൺ:
മൊഴിമാറ്റം: ഡോ: തഫ്സൽ ഇഹ്ജാസ്:

മാത്ര എന്ന ആശയത്തെ ദൈഹിക പ്രപഞ്ചത്തിനപ്പുറത്തേക്ക് (corporeal world) വികസിപ്പിക്കണമെങ്കിൽ, അതിനെ സദൃശപരമായി പരാവർത്തനം ചെയ്യേണ്ടതുണ്ട് എന്നത് ഇപ്പോൾ വ്യക്തമാണ്. ദൈഹിക ക്രമത്തിലുള്ള സാധ്യതകളുടെ ആവിർഭാവത്തിന്റെ സ്ഥാനം സ്ഥലം ആണ്. അത് കൊണ്ട്, ഒരാൾക്ക് സ്ഥലത്തെ സാർവലൗകിക ആവിർഭാവത്തിന്റെ മുഴു മണ്ഡലത്തെയും അവതരിപ്പിക്കാൻ വേണ്ടി ഉപയോഗപ്പെടുത്താനാവും. ഇങ്ങനെയല്ലാതെ അതിനെ അവതരിപ്പിക്കാനാവുകയില്ല. അത് കൊണ്ട്,
മുഴു മണ്ഡലത്തിന്റെ കാര്യത്തിലുള്ള മാപനം എന്ന ആശയത്തിന്റെ പ്രയോഗം, നാം പലപ്പോഴും ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്ന സ്ഥലപരമായ പ്രതീകാത്മകതയുടെ (spatial symbolism) മൗലിക ഘടകം തന്നെയാണ്. അടിസ്ഥാനപരമായി, മാത്ര എന്നത് ഏതൊരു ആവിർഭാവവും – അത് ഏത് ക്രമത്തിൽ ഏത് വിധത്തിൽ ആയാലും ശരി – പരോക്ഷമായി ഉൾക്കൊണ്ടിട്ടുള്ള ഒരു “നിയോഗമോ” (assignment)േ “നിർണയമോ” (determination) ആണ്. ഈ നിർണയം സ്വാഭാവികമായും ഓരോ അസ്തിത്വാവസ്ഥയുടെയും ഉപാധികൾക്ക് അനുരൂപമായുള്ളതാണ്. ഒരർത്ഥത്തിൽ അതിനെ ആ ഉപാധികളുമായി തന്നെ താദാത്മ്യപ്പെടുത്താനുമാവും. ഇത് ശരിക്കും പാരിമാണികമായിട്ടുള്ളത് നമ്മുടെ ലോകത്തിൽ മാത്രമാണ്. കാരണം, ആത്യന്തികമായി പരിമാണം സ്ഥലവും കാലവും പോലെ തന്നെ ദൈഹികമായ അസ്തിത്വത്തിന്റെ പ്രത്യേക ഉപാധികളിൽ പെട്ട ഒന്നാണ്. എന്നാൽ, എല്ലാ ലോകങ്ങളിലും നമുക്ക് മാപനം എന്ന ഈ പാരിമാണിക നിർണയത്തിലൂടെ പ്രതീകവൽകരിക്കപ്പെടുന്ന ഒരു നിർണയമുണ്ട്. കാരണം, അത് ആ ഓരോ ലോകത്തിന്റെയും വ്യത്യാസങ്ങളെ കണക്കിലെടുത്തു കൊണ്ട് തന്നെ മാപനത്തിന് അനുരൂപമായതാണ്. ഈയൊരു നിർണയം മുഖേനയാണ് ഈ ലോകങ്ങളും അവയിലുള്ളവയും യാഥാർത്ഥ്യമായി തീരുന്നത്, അഥവാ അതായി “വാസ്തവവൽകരിക്കപ്പെടുന്നത്”. ആവിർഭാവം എന്ന പ്രക്രിയയിൽ തന്നെ പെട്ടതാണത്. ശ്രീ കുമാരസ്വാമി അഭിപ്രായപ്പെടുന്നു, “മാത്രയെ കുറിച്ച പ്ലറ്റോനിക് (Platonic) , നിയോപ്ലറ്റോനിക് (((Neo-Platonic) ആശയം, ഇന്ത്യൻ ആശയവുമായി പൊരുത്തമുള്ളതാണ് : “മാത്ര നിർണയിക്കപ്പെടാത്തത്” (unmeasured) ഇനിയും നിർവചിക്കപ്പെടാത്തതാണ്; “മാത്ര നിർണയിക്കപ്പെട്ടത്” (measured) , വിശ്വം (cosmos)െ അഥവാ “ക്രമീകൃതമായ” (ordered) പ്രപഞ്ചത്തിലെ (universe) നിയതമായ അഥവാ നിശ്ചിതമായ ഉള്ളടക്കമാണ്. “അമാത്രമായത്” (non-measurable) അനന്തമാണ്, അതോടൊപ്പം അത് അനിർണിതവും (indefinite) നിർണിതവും (definite) ആയവയുടെ സ്രോതസ്സുമാണ്. “നിർവചനക്ഷമം” (definable) ആയ ഒന്നിന്റെ നിർവചനം അതിനെ ബാധിക്കുന്നില്ല.” അതായത്, അത് വഹിക്കുന്ന ആവിർഭാവ സാധ്യതകളുടെ സാക്ഷാത്കാരം അതിനെ ബാധിക്കുന്നില്ല.
മാപനം എന്ന ആശയത്തിന് “ക്രമം” (order) (സംസ്കൃതത്തിൽ ഇതിന് ഋതം എന്ന് പറയും) എന്നതുമായി ഗാഢബന്ധം ഉണ്ട് എന്ന് നമുക്ക് ഇവിടെ കാണാനാവുന്നു. ക്രമം, ആവിർഭവിതമായ പ്രപഞ്ചത്തിന്റെ ഉൽപാദനം അഥവാ സൃഷ്ടിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. കോസ്മോസ് എന്ന ഗ്രീക്ക് വാക്കിന്റെ പദോൽപത്തി ശാസ്ത്രപരമായ വിവക്ഷക്കനുസൃതമാണിത് – ക്രമമില്ലായ്മയിൽ (chaos) നിന്നുള്ള ക്രമത്തിന്റെ (order) ഉൽപാദനം. പ്ലറ്റോനിക് വിവക്ഷയിൽ ക്രമമില്ലായ്മ (chaos) അനിർണിതവും വിശ്വം (cosmos ) നിർണിതവുമാണ് (4). ഈ ഉൽപാദനത്തെ, എല്ലാ പാരമ്പര്യങ്ങളും പ്രകാശനത്തിൽ (illumination) Fiat Lux വെളിച്ചം ഉണ്ടാവട്ടെ എന്ന ബൈബിൾ വചനത്തിന്റെ ലത്തീൻ ഭാഷ്യം അഥവാ ഉൽപത്തി (Genesis) ഉൾചേർന്നതായി പരിഗണിക്കുന്നു. “ക്രമമില്ലായ്മയെ” പ്രതീകാത്മകമായി “ഇരുട്ടിനോട്” തുല്യപ്പെടുത്തുകയും ചെയ്യുന്നു. ഈ ക്രമമില്ലായ്മയിൽ നിന്നാണ് ആവിർഭാവം യാഥാർത്ഥ്യമായി പുലരുന്നത്. മൊത്തത്തിൽ, അത് ലോകത്തിന്റെ പാദാർത്ഥിക വശമാണ്. അപ്രകാരം, അതിനെ അസ്തിത്വത്തിന്റെ ഇരുണ്ട ധ്രുവം (dark pole) എന്ന് വിശേഷിപ്പിക്കുന്നു. സത്തയാകട്ടെ, പ്രകാശമാനമായ ധ്രുവവുമാണ് (lunimous pole). കാരണം, അതിന്റെ സ്വാധീനമാണ് ഫലത്തിൽ ക്രമമില്ലായ്മയെ പ്രകാശിതമാക്കിക്കൊണ്ട് അതിൽ നിന്ന് വിശ്വത്തെ പുറത്ത് കൊണ്ടു വരുന്നത്. ഇതെല്ലാം, സംസ്കൃതത്തിലെ “സൃഷ്ടി” എന്ന പദത്തിൽ അടങ്ങിയിട്ടുള്ള വിവിധാർത്ഥങ്ങളുടെ സമന്വയത്തോട് പൊരുത്തപ്പെടുന്നതാണ്. ആവിർഭാവത്തിന്റെ ഉൽപാദനത്തെയാണ് അത് കുറിക്കുന്നത്. പ്രകാശനം (expression), ധാരണം (conception), തേജോമയ പ്രസരണം (luminous radiation) എന്ന ആശയങ്ങളെല്ലാം അതിൽ ഉൾക്കൊണ്ടിട്ടുണ്ട് (5). സൗരകിരണങ്ങൾ ഏത് വസ്തുക്കളുടെ മേൽ പ്രകാശം ചൊരിയുന്നുവോ അവയെ പ്രത്യക്ഷീകരിക്കുകയും ദൃശ്യമാക്കുകയും ചെയ്യുന്നു. പ്രതീകാത്മകമായി, അവ ആ വസ്തുക്കളെ “ആവിർഭവിപ്പിക്കുന്നു” എന്ന് പറയാവുന്നതാണ്. സ്ഥലത്തിൽ ഒരു കേന്ദ്ര ബിന്ദുവിനെയും അതിൽ നിന്ന് പ്രസരിക്കുന്ന കിരണങ്ങളെയും നാം പരിഗണിക്കുകയാണെങ്കിൽ, ആ കിരണങ്ങൾ സാങ്കൽപികതയിൽ നിന്ന് വാസ്തവികതയിലേക്ക് കൊണ്ട് പോയിക്കൊണ്ട് ആ സ്ഥലത്തെ സാക്ഷാൽകരിക്കുന്നു എന്ന് നമുക്ക് പറയാം. ഓരോ നിമിഷത്തിലും അവയുടെ യഥാർത്ഥ വ്യാപ്തി, ഇപ്രകാരം സാക്ഷാൽകരിക്കപ്പെട്ട സ്ഥലത്തിന്റെ മാത്ര തന്നെയാണ്. ഈ കിരണങ്ങൾ സ്ഥലത്തിന്റെ ദിശകളെ പ്രതിനിധീകരിക്കുന്നു (“മുടി” എന്ന പ്രതീകത്തിലൂടെ പലപ്പോഴും ദിശകളെ അവതരിപ്പിക്കാറുണ്ട്. അതേ സമയം അത് സൂര്യ കിരണങ്ങളെയും പ്രതീകവൽകരിക്കുന്നു.) സ്ഥലത്തെ നിർവചിക്കപ്പെടാറും അളക്കപ്പെടാറുമുള്ളത് ത്രിമാന കുരിശിലൂടെയാണ് (three-dimensional cross). “ഏഴ് സൗരകിരണങ്ങളെ” കുറിച്ചുള്ള പാരമ്പര്യ പ്രതീക സങ്കേതത്തിൽ (symbolism) , ഈ രണ്ടെണ്ണം വീതം വിപരീത ദിശകളിലായിട്ടുള്ള ഇവയിലെ ആറ് കിരണങ്ങൾ ഈ കുരിശിനെ രൂപപ്പെടുത്തുന്നു. “സൗരകവാടത്തിലൂടെ” (solar gate) കടന്നു പോവുന്ന “ഏഴാമത്തെ കിരണത്തെ” കേന്ദ്രബിന്ദു എന്നതിലൂടെ മാത്രമേ ചിത്രിതമായി അവതരിപ്പിക്കാനാവൂ. ഇവയെല്ലാം തികഞ്ഞ പരസ്പര സാംഗത്യമുള്ളവയും കണിശമായി പരസ്പര ബന്ധിതവുമാണ്. ഹിന്ദു പാരമ്പര്യത്തിൽ, “സൗര” പ്രകൃതം ഉള്ളതായി പ്രശസ്തമായ വിഷ്ണുവിന്റെ “മൂന്ന് ചുവടുകൾ” ത്രിലോകങ്ങളെ അളക്കുന്നു. ഇത്, അവ സാർവലൗകിക ആവിർഭാവത്തിന്റെ പൂർണതയെ സാക്ഷാൽകരിക്കുന്നു എന്ന് പറയുന്നതിന് തുല്യമാണ്. മറുവശത്ത്, ” ഒാം ” എന്ന പവിത്രമായ ഏകാക്ഷരത്തെ രൂപപ്പെടുത്തുന്ന മൂന്ന് ഘടകങ്ങളെ “മാത്ര” എന്ന സംജ്ഞയിലൂടെ വിളിക്കപ്പെടുന്നു എന്നതും നമുക്കറിയാം. യഥാക്രമം, “മൂന്ന് ലോകങ്ങളുടെ” അളവിനെയാണ് അവ പ്രതിനിധാനം ചെയ്യുന്നത് എന്ന സൂചന ഇതിലുണ്ട്. ഈ മാത്രകളുടെ മധ്യസ്ഥതയിലൂടെ ഒരു ഉൺമ സ്വയത്തിൽ സാർവലൗകിക അസ്തിത്വത്തിന്റെ (universal existence) തദനുസൃതമായ അവസ്ഥകളെയും തലങ്ങളെയും സാക്ഷാൽകരിക്കുകയും അങ്ങിനെ “സർവവസ്തുക്കളുടെയും അളവായി” (measure of all things) സ്വയം ആയിത്തീരുകയും ചെയ്യുന്നു (6)
മാത്ര എന്ന സംസ്കൃത പദത്തിന്റെ ഹീബ്രൂ ഭാഷയിലുള്ള കൃത്യമായ തുല്യാർത്ഥ പദം, മിദ്ദ എന്നതാണ്. എന്നാൽ, കബ്ബാലയിൽ (Kabbalah) മിഡ്ഡോട്ടിനെ (Middot) തുല്യപ്പെടുത്തിയിട്ടുള്ളത് ദൈവികമായ ഗുണവിശേഷണങ്ങളോടാണ്. അവയിലൂടെയാണ് ദൈവം ലോകങ്ങളെ സൃഷ്ടിച്ചത് എന്ന് പറയുകയും ചെയ്യുന്നു. അതിനുമപ്പുറം, സ്ഥലത്തിന്റെ കേന്ദ്രബിന്ദുവിന്റെയും ദിശകളുടെയും പ്രതീകാത്മകതയോട് ഇത് കൃത്യമായി തന്നെ ചേർന്നു നിൽക്കുന്നുമുണ്ട് (7). ഇതുമായി ബന്ധപ്പെട്ട് ഒരാൾക്ക് ദൈവം “എല്ലാ വസ്തുക്കളെയും മാത്ര, സംഖ്യ, തൂക്കം എന്നിവയിലായി ക്രമീകരിച്ചു” എന്ന ബൈബിൾ വചനവും ഓർക്കാവുന്നതാണ് (8). എണ്ണിപ്പറഞ്ഞിട്ടുള്ള ഈ മൂന്ന് ഇനങ്ങൾ വ്യക്തമായും പരിമാണത്തിന്റെ മൂന്ന് വിധങ്ങളെയാണ് കുറിക്കുന്നത്. അക്ഷരാർത്ഥത്തിൽ അവ ബാധകമായിട്ടുള്ളത് ദൈഹികമായ ലോകത്തിന് മാത്രമാണ് (corporeal world). എന്നാലും ഉചിതമായ ഒരു സ്ഥാനാന്തരണം മുഖേന ഇതിൽ നമുക്ക് സാർവലൗകികമായ “ക്രമത്തെ” കുറിക്കുന്ന ഒരു പ്രയോഗത്തെയും കണ്ടെത്താൻ കഴിയും. പൈതഗോറിയൻ സംഖ്യകളുടെ കാര്യത്തിലും ഇതങ്ങിനെ തന്നെയാണ്. എന്നാൽ പരിമാണത്തിന്റെ എല്ലാ വിധങ്ങളിലും വെച്ച് വിസ്താരത്തോടാണ് മാത്ര ശരിക്കും പൊരുത്തപ്പെട്ട് വരുന്നത്. ഇതാണ് പലപ്പോഴും ഏറ്റവും നേർക്കുനേരെ ആവിർഭാവം എന്ന പ്രക്രിയയോട് ബന്ധപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്ഥലപരമായ പ്രതീകാത്മകതക്ക് ഉള്ള ഒരു സ്വാഭാവികമായ മുൻതൂക്കം കാരണമാണിത്. ഈ മുൻതൂക്കത്തിന്റെ കാരണം, മുഴു സാർവലൗകിക ആവിർഭാവത്തിന്റെയും പ്രതീകമായി അനിവാര്യമായും പരിഗണിക്കപ്പെടുന്ന ദൈഹികമായ ആവിർഭാവത്തിന്റെ വികാസം സംഭവിക്കുന്ന “മണ്ഡലമായി” (field) (സംസ്കൃത വിവക്ഷയിൽ ക്ഷേത്രം) വർത്തിക്കുന്നത് സ്ഥലമായത് കൊണ്ടാണ്.
തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy