സൂഫിസം: ഇസ്ലാമിന്റെ സൗന്ദര്യസാരം:
അദ്ധ്യായം: 2:
സൈനുദ്ദീൻ മന്ദലാംകുന്ന്:
ദീനിൽ അഹ്കാമും(വിധി വിലക്കുകൾ) അസ്റാറും(ആന്തരിക വിജ്ഞാനങ്ങൾ) പ്രാധാന്യമേറിയതാണ്. ബാഹ്യം മാത്രം സ്വീകരിച്ച് ആന്തരികത്തെ തള്ളാനുള്ള ശ്രമവും ആന്തരിക വിജ്ഞാനങ്ങളിലൂടെ സഞ്ചരിച്ച് ബാഹ്യമായ തലങ്ങളെ വർജ്ജിക്കാനുള്ള ശ്രമവും രണ്ടും അപലപനീയമാണ്. ഇക്കാലത്ത് ദീനിന്റെ ആന്തരിക വിജ്ഞാന മേഖലകളെ കൈകാര്യം ചെയ്യുന്നവരും തർബിയ്യത്തും തസ്കിയത്തും നിർവ്വഹിക്കുന്നവരുമായ ശൈഖന്മാരുടെ സാന്നിദ്ധ്യത്തെ നിഷേധിക്കുന്നവരാണ് അധികവും. ഈ നിഷേധാത്മകത വാസ്തവത്തിൽ സുന്നത്ത് ജമാഅത്തിന്റെ പാരമ്പര്യമവകാശപ്പെടുന്നവരുടെ മുഖമുദ്രയല്ല. ആധുനികതയുടെയും ഏകശിലാത്മകമായ മതവ്യാഖ്യാനങ്ങളുടെയും സലഫി പ്യുരിറ്റാനിസത്തിന്റെയുമെല്ലാം പേരിൽ അക്ഷരപൂജകരായി രംഗ പ്രവേശം ചെയ്ത, മുരടൻ മതബോധം പ്രസരിപ്പിച്ച ഒരു വിഭാഗം ഇസ്ലാമിന്റെ അദ്ധ്യാത്മിക പാരമ്പര്യങ്ങളെ നിരാകരിച്ചും അതിനെ പ്രശ്നവത്കരിച്ചുമാണ് തങ്ങളുടെ സിദ്ധാന്തങ്ങൾക്ക് ഭൂമികയൊരുക്കിയത്. ഈ മുരടൻ മതബോധത്തിന്റെ പ്രഭാവം അറിഞ്ഞോ അറിയാതെയോ സുന്നത്ത് ജമാഅത്തിന്റെ വക്താക്കളിൽ ചിലരിലും സ്വാധീനം ചെലുത്തുന്ന കാഴ്ചയാണ് നമുക്ക് കാണേണ്ടി വന്നത്. ത്വരീഖത്തുകളെയും മശാഇഖന്മാരെയും പരക്കെ തിരഞ്ഞു പിടിച്ച് ആക്ഷേപിക്കുകയും ഇക്കാലഘട്ടത്തിൽ ശരിയായ തർബിയത്തും ത്വരീഖത്തുമൊന്നും നിലവിലില്ലെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന ചില പണ്ഡിതന്മാരുടെ രംഗപ്രവേശം തസ്വവ്വുഫ്, ത്വരീഖത്ത് സംബന്ധമായ അന്വേഷണങ്ങളെ പ്രതിസന്ധിലാക്കുകയുണ്ടായി എന്ന കാര്യം നാം പരിഗണിക്കേണ്ടതുണ്ട്. എന്നാൽ തങ്ങൾക്ക് ളാഹിരി വിജ്ഞാനങ്ങളിൽ സനദുള്ളതു പോലെ ശരിയായ ഒരു സിൽസിലയോ നബി(സ്വ) തങ്ങളിലേക്കെത്തുന്ന ദീനിന്റെ ളാഹിരിയും ബാത്വിനിയുമായ തലങ്ങളെ ഒരേ സമയം പ്രതിനിധീകരിച്ച ഗുരുവര്യന്മാരുടെ പരമ്പരയോ അവരിൽ നിന്ന് അനുമതിയോ ഇല്ലാതെ തന്നെ സ്വയം ശൈഖന്മാരായി പ്രഖ്യാപിക്കുന്ന ചില വേഷ പകർച്ചകളെയും നാം കണ്ടു മടുത്തു. വാസ്തവത്തിൽ ദീനിന്റെ വളരെ മൗലിക പ്രധാനമായ ഒരു മേഖലയെ തമസ്കരിക്കാനാണ് ബോധപൂർവ്വമോ അല്ലാതെയോ തസ്വവ്വുഫ്, ത്വരീഖത്ത് വിമർശകരായ ചിലർ ശ്രമിച്ചുകൊണ്ടിരുന്നത് എന്നത് പറയാതിരിക്കാൻ നിർവ്വാഹമില്ല. ചില വ്യാജവേഷങ്ങളുടെ രംഗപ്രവേശവും അവർ വഴിയായുള്ള ജനങ്ങളുടെ അഖീദയിലും കർമ്മങ്ങളിലുമുള്ള അപഥ സഞ്ചാരങ്ങളും ഇതിന് നിമിത്തമായിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാൽ എലിയെ പേടിച്ച് ഇല്ലം ചുടുന്ന വിധം തസ്വവ്വുഫി പാരമ്പര്യങ്ങളെ ആകെയും തള്ളിപ്പറയുന്ന വിധം ഇതിന് രൂപാന്തരമുണ്ടായി എന്ന കാര്യം നാം വിസ്മരിക്കരുത്.
എന്നാൽ ഇന്ന് അത്തരം തസ്വവ്വുഫ് വിരുദ്ധമായ വ്യാജ സിദ്ധാന്തനിർമ്മിതികളെയെല്ലാം കൈയ്യൊഴിഞ്ഞ് തസ്വവ്വുഫിന്റെ പാരമ്പര്യം വീണ്ടെടുക്കാൻ, വിശിഷ്യാ സുന്നത്ത് ജമാഅത്തിന്റെ പാരമ്പര്യമുള്ളവരിലും ഒരു പക്ഷെ ആധുനിക പ്രസ്ഥാനങ്ങളിലും ആഭിമുഖ്യം വളരുന്നുവെന്നത് ശുഭ സൂചനയാണ്. എന്നാൽ ത്വരീഖത്തിന്റെയും തസ്വവ്വുഫിന്റെയും പേരിൽ ഇന്ന് നിലനിൽക്കുന്ന ചില കൾട്ട് ധാരകളിലേക്കും സർവ്വമത സത്യവാദഭാവമുള്ള അവയുടെ സിദ്ധാന്തനിർമ്മിതികളിലേക്കും ഈ ആകർഷണം വ്യതിചലിക്കാതിരിക്കാൻ തീർച്ചയായും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഇസ്ലാമിൽ തസ്വവ്വുഫിനുള്ള സ്ഥാനവും പ്രാധാന്യവും യഥോചിതം ബോദ്ധ്യപ്പെടുത്തുന്ന ഗവേഷണോദ്യമങ്ങൾക്ക് തീർച്ചയായും ഇക്കാലത്ത് വളരെയേറെ പ്രസക്തിയുണ്ട്.
അഹ്കാമുകളും അസ്റാറുകളും ദീനിന്റെ ഉള്ളും പുറവുമാണെന്ന തിരിച്ചറിവാണ് ആദ്യമായി നാം സമാർജ്ജിക്കേണ്ടത്. ഉള്ളില്ലാത്ത പുറമോ പുറമില്ലാത്ത ഉള്ളോ നാം തേടേണ്ടതില്ല. നബി(സ്വ) തങ്ങളുടെയും സ്വഹാബത്തിന്റെയും ജീവിതത്തിന്റെ ബാഹ്യവും ആന്തരികവുമായ യാഥാർത്ഥ്യങ്ങളെ യഥോചിതം സ്വാംശീകരിക്കുന്നവനും അതിനെ സ്വന്തം ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കുന്നവനുമാണ് യഥാർത്ഥ സൂഫി. ഇങ്ങനെ വരുമ്പോൾ തിരുനബി(സ്വ) തങ്ങളുടെയും സ്വഹാബത്തിന്റെയും ജീവിതത്തിൽ നിന്നും മാതൃകകളിൽ നിന്നുമുള്ള ഒരു വിച്ഛേദമല്ല സൂഫിസമെന്നും ആ മാതൃകകളോടുള്ള താദാത്മ്യമാണ് അതെന്നും തിരിച്ചറിയാനാകും.
പ്രവാചകർ(സ്വ)തങ്ങളുടെയും സ്വഹാബത്തിന്റെയും ജീവിതത്തിന്റെ സത്തയും സാരവുമാണ് തസ്വവ്വുഫ് എന്ന് പറയാവുന്നതാണ്. അഥവാ തസ്വവ്വുഫ് കൊണ്ട് യഥാർത്ഥത്തിൽ ലക്ഷ്യം വെക്കുന്ന ആത്മസംസ്കരണ പ്രധാനമായ എല്ലാ മൂല്യങ്ങളും തിരുചര്യയിൽ നിന്നും സ്വഹാബികളുടെ ജീവിതത്തിൽ നിന്നും നിർദ്ധാരണം ചെയ്യപ്പെട്ടതാണ് എന്നതാണ് വസ്തുത.
മനുഷ്യൻ സ്വന്തം നഫ്സിന് വേണ്ടിയല്ലാതെ അല്ലാഹുവിന്റെ ഇഷ്ടത്തിലായി ജീവിക്കുമ്പോഴാണ് ജീവിത ലക്ഷ്യം പ്രാപിക്കാനുള്ള പ്രയത്നങ്ങൾ അവൻ ആരംഭിക്കുന്നത്. “ജിന്നുവർഗത്തെയും മനുഷ്യവർഗത്തെയും എന്നെ ഇബാദത്ത് ചെയ്യാനല്ലാതെ ഞാൻ പടച്ചിട്ടില്ല” എന്ന ഖുർആൻ വചനം അല്ലാഹുവിന്റെ ഇഷ്ടം പരിഗണിച്ചാണ് മനുഷ്യൻ ജീവിക്കേണ്ടത് എന്ന് തന്നെയാണ് പ്രഖ്യാപിക്കുന്നത്. ഇങ്ങനെ ജീവിക്കാനാരംഭിച്ചാൽ ദുനിയാവിനോടും അതിന്റെ അലങ്കാരങ്ങളോടും അതിലെ ക്ഷണികമായ സുഖങ്ങളോടും അവൻ വൈമുഖ്യമുള്ളവനായി മാറും. എന്നാൽ അല്ലാഹുവിനോടും അവന്റെ താത്പര്യങ്ങളെ പരിഗണിച്ചുള്ള ജീവിതത്തോടും അവൻ ആഭിമുഖ്യമുള്ളവനുമായി തീരും. ഇതിനെയാണ് നാം പരിത്യാഗം എന്നെല്ലാം പേരിട്ടുവിളിക്കുന്നത്. ഭൗതികമായ ഉപാധികളോടുള്ള തേട്ടവും അതിനോടുള്ള മുഹബ്ബത്തും നീങ്ങിയ അവൻ അല്ലാഹുവിന്റെ തേട്ടത്തിലും അവനോടുള്ള മുഹബ്ബത്തിലുമായി രൂപാന്തരപ്പെടും. അല്ലാഹുവിനെ സംബന്ധിച്ചും സൃഷ്ടിയുടെ യാഥാർത്ഥ്യത്തെ സംബന്ധിച്ചുമുള്ള യഥാർത്ഥ വിജ്ഞാനങ്ങൾ തുറന്നുതന്ന ഹബീബായ റസൂൽ(സ്വ)തങ്ങളോടും ആ റസൂൽ(സ്വ)തങ്ങളുമായുള്ള, കാലംകൊണ്ടും സ്ഥലം കൊണ്ടുമുള്ള അകലം നീക്കി തന്ന തന്റെ ശൈഖിനോടുമായി പിന്നെ അവന്റെ പ്രണയം. ഇതിനർത്ഥം ദുനിയാവിനോടും അതിന്റെ അലങ്കാരങ്ങളോടുമുള്ള മനസ്സിന്റെ ബന്ധവും പ്രേമവും തിരോഭവിക്കും എന്ന് തന്നെയാണ്. അഥവാ ഭൗതികമായ ഉപാധികളിൽ നിന്നുള്ള ബാഹ്യമാത്രമായ വിച്ഛേദമല്ല ഇത്. അതിനുവേണ്ടിയുള്ള ഖൽബിന്റെ തേട്ടവും അതിൽ നിന്നുള്ള പ്രയോജന നിഷ്പ്രയോജനങ്ങളെ സംബന്ധിച്ച ചിന്തയിൽ നിന്നുമാണ് ഒരു സൂഫി തന്റെ ഖൽബിനെ മുറിച്ചിട്ടുള്ളത്. ഇങ്ങനെ സൃഷ്ടികളിൽ നിന്ന് ഖൽബിന്റെ ബന്ധം മുറിച്ച് സ്രഷ്ടാവിലേക്ക് ചേർക്കുന്ന ഈ പ്രക്രിയക്കാണ് വാസ്തവത്തിൽ തസ്വവ്വുഫ്, ത്വരീഖത്ത് സൂഫിസം
എന്നെല്ലാം നാം പേര് പറയുന്നത്. ഈയവസ്ഥ നമ്മിൽ സംജാതമായാൽ പിന്നെ നമ്മുടെ ആന്തരീകാവസ്ഥകൾ ശുദ്ധിയാവുകയും ഉദാത്ത ശീലങ്ങളും ഗുണങ്ങളും നമ്മിൽ പ്രതിഫലിക്കുകയും ചെയ്യും. വാസ്തവത്തിൽ ഈ ഗുണങ്ങളാണല്ലോ അല്ലാഹുവിന്റെ ഹബീബ്(സ്വ) തങ്ങളും അവിടുത്തെ വിശുദ്ധരായ സ്വഹാബാക്കളും പ്രസരിപ്പിച്ചത്.
ഇസ്ലാമിന്റെ ചരിത്രപരമായ വികാസഗതിയിൽ വിവിധ സാഹചര്യങ്ങളുടെ അനിവാര്യതയനുസരിച്ച് നിരവധി വിജ്ഞാനശാഖകൾ വികസിച്ചുവന്നിട്ടുണ്ടെന്ന് കാണാം. തിരുനബി(സ്വ) തങ്ങൾ ഉത്തമ നൂറ്റാണ്ടായി എണ്ണിയ ആദ്യ മൂന്ന് നൂറ്റാണ്ടുകളിലും അതിനടുത്ത കാലങ്ങളിലുമെല്ലാമായി വികസിച്ചുവന്ന ഒട്ടുമിക്ക വിജ്ഞാന ശാഖകളും ഖുർആനിൽ നിന്നും തിരുചര്യയിൽ നിന്നും തന്നെയാണ് നിർദ്ധാരണം ചെയ്തത് എന്നു കാണാം. ആദ്യനൂറ്റാണ്ടിൽ തന്നെ അറബി വ്യാകരണ ശാസ്ത്രം(നഹ്വ്)ക്രോഡീകരിക്കാനുള്ള ശ്രദ്ധേയമായ ശ്രമങ്ങളുണ്ടാവുകയും അങ്ങനെ ഇവ്വിഷയകമായ അടിസ്ഥാന വിജ്ഞാനങ്ങൾ അക്കാലത്ത് തന്നെ ക്രോഡീകരിക്കപ്പെടുകയും ചെയ്തു. പിൽക്കാലത്ത് സ്വഹാബികളുടെ കാലം അവസാനിക്കുന്നതിനു മുമ്പ് തന്നെ ഫിഖ്ഹും ക്രോഡീകരിക്കാനുള്ള പരിശ്രമങ്ങളുണ്ടാവുകയും ശേഷം ഇൽമുതൗഹീദിലും ഇൽമുൽ ഹദീസിലും ഉസ്വൂലുദ്ദീനിലും വൈജ്ഞാനിക പരിശ്രമങ്ങളുണ്ടായി. പിൽക്കാലത്ത് തഫ്സീർ ഒരു വിജ്ഞാന ശാഖയായി. മൻത്വിഖും, മആനിയും ഹദീസ് ക്രോഡീകരണവും അനന്തരാവകാശ നിയമങ്ങളും ഗണിത വിജ്ഞാനിയങ്ങളും ഗോള ശാസ്ത്രവും അങ്ങനെ നിരവധി വിജ്ഞാന ശാഖകൾ രൂപപ്പെട്ടു.
ലോകത്ത് നിലനിന്ന മറ്റ് വൈജ്ഞാനിക പാരമ്പര്യങ്ങളുമായുള്ള മുസ്ലിംകളുടെ സമ്പർക്കങ്ങളിൽ നിന്നും പുതിയ പുതിയ വിജ്ഞാന ശാഖകളും സംജാതമായി. ഈ വിജ്ഞാന ശാഖകളെയൊന്നും നാം ഇസ്ലാമിനന്യമായ വിജ്ഞാനങ്ങളായി പരിഗണിച്ചിട്ടില്ല. ഇതിനിടയിൽ ബാഹ്യവിജ്ഞാനങ്ങളിൽ വലിയ പുരോഗതിയിലും വളർച്ചയിലും മുന്നേറിക്കൊണ്ടിരുന്ന മുസ്ലിംകൾക്ക് ക്രമേണയായി ആന്തരിക മൂല്യം നിർവ്വീര്യമായി കൊണ്ടിരുന്നു. സംസ്കാരവും നാഗരികതയുമൊക്കെയായുള്ള ഇസ്ലാമിന്റെ വികാസ ഗതിയിൽ ഭൗതികതക്ക് ആധിപത്യം കൈവരികയും ദുനിയാവും അതിന്റെ അലങ്കാരങ്ങളും അല്ലാഹുവിനെ സംബന്ധിച്ച വിസ്മൃതി അവരിൽ വളർത്തുകയും ചെയ്തു. ഇസ്ലാമിക ഖിലാഫത്തിന്റെ മൂല്യങ്ങളിൽ നിന്ന് വിട്ടകന്ന് രാജവാഴ്ചയുടെ ഭാവമുള്ള പ്രവണതകൾ ഭരണാധികാരികളിൽ പടർന്നപ്പോൾ ആഢംബരവും സുഖലോലുപതയും പൊതുവാകുകയും ഇതുവഴി മുസ്ലിം സംസ്കൃതിയുടെ ആന്തരികോർജ്ജം നിർവ്വീര്യമായിക്കൊണ്ടിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഈ മാനിന്റെയും ഇഹ്സാനിന്റെയും വിജ്ഞാന മേഖലകൾ പുനരുജ്ജീവിപ്പിക്കാനുള്ള യത്നങ്ങളുമായി അല്ലാഹുവിന്റെ ഔലിയാക്കൾ രംഗപ്രവേശം ചെയ്യുന്നത്. ദുനിയാവിനെ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ച പരിത്യാഗികളായ ആ മഹാപുരുഷന്മാർ അല്ലാഹുവിലുള്ള സമ്പൂർണ തവക്കുലിലും അവനോടുള്ള മുഹബ്ബത്തിലുമായി ജീവിതം നയിക്കുകയും സമൂഹത്തിൽ എല്ലാവരാലും ആദരിക്കപ്പെടുന്ന അതീത വ്യക്തിത്വങ്ങളായി അവർ പ്രശോഭിച്ചു നിൽക്കുകയും ചെയ്തു.
ത്വരീഖത്തിന്റെ ഉത്ഭവം എപ്പോഴാണെന്ന ചോദ്യത്തിന് നാമിതുവരെ വിശദീകരിച്ച വിശകലനങ്ങളിൽ നിന്ന് വ്യക്തമാകുന്നത് അത് തിരുനബി(സ്വ) തങ്ങളിലൂടെ അല്ലാഹു സുബ്ഹാനഹു തആല പൂർത്തീകരിച്ച ദീനിന്റെ ഭാഗമായിരുന്നുവെന്ന് തന്നെയാണ്. പിൽക്കാലത്ത് വികസിച്ചുവന്ന മറ്റെല്ലാ ദീനി വിജ്ഞാനങ്ങളെയും പോലെ തസ്വവ്വുഫും ത്വരീഖത്തുമെല്ലാം ഖുർആനിലും സുന്നത്തിലും ഉൾച്ചേർന്നതായിരുന്നു. ഹദീസ് ജിബ്രീൽ(അ)എന്നറിയപ്പെട്ട വിഖ്യാതമായ ഹദീസിൽ പറയുന്ന ഇഹ്സാനാണ് തസ്വവ്വുഫ്, അഥവാ ത്വരീഖത്ത് എന്ന് നിരവധി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഫിഖ്ഹ് വിജ്ഞാനീയങ്ങളുടെ നിർദ്ധാരണത്തിന് ഇസ്ലാമിക ചരിത്രത്തിൽ നാം ചില സന്ദർഭങ്ങൾ കണ്ടെടുക്കുന്നതു പോലെ തസ്വവ്വുഫിന്റെയും ത്വരീഖത്തിന്റെയും നിർദ്ധാരണത്തിനും ഇസ്ലാമിക ചരിത്രത്തിൽ ചില സന്ദർഭങ്ങളെ അടയാളപ്പെടുത്താൻ സാധിക്കും.
ഖുർആനികാടിത്തറയോടെ ചരിത്രത്തിനും സാമൂഹിക ശാസ്ത്രത്തിനും അടിസ്ഥാന സംഭാവനകളർപ്പിച്ച ആദ്യകാല പണ്ഡിതമഹത്തുക്കളിൽ പ്രമുഖനായ ഇബ്നു ഖൽദൂൻ തന്റെ മുഖദ്ദിമയിൽ ത്വരീഖത്തിന്റെയും തസ്വവ്വുഫിന്റെയും ആവിർഭാവത്തെ പറ്റി രേഖപ്പെടുത്തിയ ഈ പരാമർശങ്ങൾ ശ്രദ്ധിക്കുക:
“ഇസ്ലാമിൽ പിൽക്കാലത്ത് ഉണ്ടായ മതവിജ്ഞാന ശാഖകളിൽ പെട്ടതാണ് ഇത്. സൂഫികളായ ആളുകളുടെ ത്വരീഖത്ത്, മുസ്ലിം ഉമ്മത്തിലെ പൂർവ്വഗാമികളും സമുന്നതരുമായ സ്വഹാബത്തിന്റെയും പിന്നീടുള്ളവരുടെയും നേർമാർഗത്തിന്റെയും സത്യത്തിന്റെയും ത്വരീഖത്ത് തന്നെയാകുന്നു എന്നതാണതിന്റെ അടിത്തറ. ആരാധനകളിൽ നിമഗ്നമാവുക, അല്ലാഹുവിലേക്കുള്ള പൂർണമായ ആഭിമുഖ്യം, ഭൗതികതയുടെ അലങ്കാരാർഭാടങ്ങളിൽ നിന്ന് പിന്തിരിയൽ, മിക്കവരും സ്വാഗതം ചെയ്യുന്ന സമ്പത്ത്, സ്ഥാനമാനങ്ങൾ, ആസ്വാദനങ്ങൾ എന്നിവയോടുള്ള പരിത്യാഗമനസ്ഥിതി, സൃഷ്ടികളിൽ നിന്നുള്ള നിരാശ്രയത്വം ആരാധനകൾക്കായി ഒഴിഞ്ഞിരിക്കൽ എന്നിവയാണ് ത്വരീഖത്തിന്റെ കാതൽ. ഇപ്പറഞ്ഞ ലക്ഷണങ്ങളൊക്കെ സ്വഹാബത്തിലും സച്ചരിതരായ പിൽക്കാലക്കാരിലും സർവ്വവ്യാപകമായിരുന്നു. ഹിജ്റ രണ്ടാം നൂറ്റാണ്ടിലും അതിനു ശേഷവുമായി ഭൗതികതയോടുള്ള ആഭിമുഖ്യം സാർവ്വത്രികമാവുകയും ജനങ്ങൾ ദുനിയാവിനോട് ഇഴുകിച്ചേരുകയുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ആരാധന നിമഗ്നരായ ആളുകൾക്ക് സൂഫികൾ എന്ന വിശേഷണം ലഭിച്ചത്.”
ചുരുക്കത്തിൽ ജനങ്ങളെല്ലാം ദുനിയാവിന്റെയും അതിന്റെ അലങ്കാരങ്ങളുടെയും പുറകെ സഞ്ചരിച്ച് യഥാർത്ഥ ദീനി ലക്ഷ്യം മറന്ന ഒരു പശ്ചാത്തലത്തിലാണ് ഭൗതിക പരിത്യാഗത്തിന്റെയും അല്ലാഹുവിനുള്ള സമ്പൂർണസമപ്പണത്തിന്റെയും അവനോടുള്ള ഇശ്ഖിന്റെയും ആശയവും ജീവിതമാതൃകകളും സമർപ്പിച്ച് തസ്വവ്വുഫ് ഒരു വിജ്ഞാന ശാഖയായും അനുഭവലോകവുമായും ചരിത്രത്തിൽ രൂപപ്പെടുന്നത്.