അവാരിഫുൽ മആരിഫ്: അദ്ധ്യായം: 1: ഭാഗം: 3:
ശിഹാബുദ്ധീൻ സുഹ്റവർദി(റ):
ഭൗതിക സുഖലോലുപൻ അല്ലാത്ത മുത്തഖിയായ മനുഷ്യന് മാത്രമേ ഇതിന്റെ പൂർണ്ണ വിഹിതം ലഭിക്കുകയുള്ളൂ. അത് ഫലപ്രദമായി പ്രബോധനം ചെയ്യാനും അവനു മാത്രമേ സാധിക്കുകയുള്ളൂ. അന്ത്യപ്രവാചകൻ(സ്വ)തങ്ങളുടെ പ്രതിനിധി ആ മനുഷ്യനാണ്. പ്രവാചക ശ്രേഷ്ഠരായ തിരുനബി(സ്വ) തങ്ങൾക്കാണ് ഒന്നാമതായി അതിന്റെ സമ്പൂർണ്ണ വിഹിതം ലഭിച്ചത്. ജ്ഞാനത്തിന്റെയും സന്മാർഗപ്രാപ്തിയുടെയും സമ്പൂർണ്ണ വിഹിതം! അവിടുത്തെ ഹൃദയം മതിവരുവോളം ജ്ഞാന സാഗരത്തിൽ നിന്ന് കോരി കുടിച്ചു.
ഉള്ളും പുറവും അപ്പോൾ ചൈതന്യ പൂരിതമായി. പുറത്തെ ചൈതന്യം എന്നാൽ ദീൻ ആണ്. അല്ലാഹുവിനെ പരമമായി സർവ്വകാര്യങ്ങളിലും അനുസരിക്കലാണ് ദീൻ. അതുകൊണ്ടാണ് ഖുർആൻ പറഞ്ഞത്:
“നബിയേ.. നൂഹ് നബിയോട് വസ്വിയ്യത്ത് ചെയ്തതും താങ്കൾക്ക് ബോധനം നൽകിയതും ഇബ്രാഹിം നബിയോടും മൂസാനബി യോടും ഈസാനബിയോടും വസ്വിയ്യത്ത് ചെയ്തതുമായ ദീനിൽ നിന്ന് നിങ്ങൾക്ക് നിശ്ചയിച്ചു തന്നു. നിങ്ങൾ ഈ ദീൻ നിലനിർത്തൂവിൻ. ഭിന്നിക്കാതിരിക്കുവിൻ.”
ഭിന്നിച്ചാൽ ജ്ഞാനത്തിന്റെ പ്രസന്നതയും തിളക്കവും
നമ്മുടെ മുഖങ്ങൾക്ക് നഷ്ടപ്പെടും. അല്ലാഹുവിനുള്ള പരമവും സാർവ്വത്രികവുമായ കീഴ് വണക്കം കൊണ്ടാണ് ആ പ്രസന്നതയും തിളക്കവും സംസിദ്ധമാകുന്നത്. ജ്ഞാന സരസ്സിൽ നിന്ന് ഹൃദയം മതിവരുവോളം കുടിച്ചു ദാഹം തീർക്കുമ്പോഴേ ഈ സമർപ്പണം സംജാതമാവുകയുള്ളൂ. ജ്ഞാനത്തിലും സന്മാർഗ പ്രാപ്തിയിലും തിരുനബി(സ്വ) തങ്ങളുടെ ഹൃദയം പണ്ടേ അലകടലായിരുന്നു. അവിടുത്തെ ഹൃദയത്തിൽ ഓളം തള്ളുന്ന ആ സാഗരത്തിന്റെ ബഹിർസ്പുരണം തിരുമേനിയിൽ പിന്നീട് വൈജ്ഞാനിക പ്രസന്നതയും കുളിർമ്മയും ഉണ്ടാക്കി. അതു നബി(സ്വ) യുടെ വ്യക്തിത്വത്തെയും സ്വഭാവങ്ങളെയും പരമപവിത്രമാക്കി. പിന്നെ ആ പ്രസന്നതയും കുളിർമയും അവിടുത്തെ ഓരോ അവയവത്തിലും പ്രതിഫലിച്ചു. ആ പ്രസന്നത പൂർണ്ണത പ്രാപിച്ചപ്പോഴാണ് തിരുമേനി(സ്വ) യെ അല്ലാഹു പ്രവാചകനാക്കി അയച്ചത്. അപ്പോൾ തിരുമേനി(സ്വ) യുടെ ഹൃദയത്തിൽ അലമറിയുന്ന ജ്ഞാനസാഗരം അവിടുത്തെ ഓരോ അവയവത്തിലൂടെയും കൈവഴികളായി ഒഴുകാൻ തുടങ്ങിയിരുന്നു. വിവിധ വിജ്ഞാന ശാഖകളുടെ കൈവഴികൾ! അവ അനുയായികളുടെ ഹൃദയങ്ങളിലേക്കൊഴുകി. അല്ലാഹുവിന് ജീവിതം സമർപ്പിക്കാൻ ആവശ്യമായ ഓരോ ജ്ഞാന സ്രോതസ്സ്. അതാണ് ദീനിന്റെ ഫിഖ്ഹ് ആയി രൂപപ്പെട്ടത്.
നബി(സ്വ) തങ്ങളിൽ നിന്നുള്ള ഒരു മൊഴി ഇബ്നു ഉമർ(റ) റിപ്പോർട്ട് ചെയ്യുന്നു:
”ഫിഖ്ഹ് അഭ്യസിക്കുന്നതിനേക്കാൾ മഹത്തായ ഒരു ആരാധന ആരും തന്നെ അല്ലാഹുവിന് ചെയ്തിട്ടില്ല. ആയിരം ആബിദിനേക്കാൾ പിശാചിനെ വിഷമിപ്പിക്കുന്നത് ഒരു ഫഖീഹാണ്. എല്ലാ വസ്തുക്കൾക്കുമുണ്ട് തൂണ്. ഈ ദീനിന്റെ തൂണ് ജ്ഞാനമാകുന്നു.”
ഹുമൈദുബിൻ അബ്ദുറഹ്മാൻ(റ)യിൽ നിന്ന് നിവേദനം:
”ഒരിക്കൽ മുആവിയ(റ)പ്രസംഗിക്കുമ്പോൾ പറഞ്ഞു: ”നബി(സ്വ)തങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്:
“അല്ലാഹു ആർക്കെങ്കിലും നന്മ ഉദ്ദേശിച്ചാൽ അവനെ ഫഖീഹാക്കും. അല്ലാഹുവാണ് ദാതാവ്. ഞാൻ അത് വിഭജിച്ചുകൊടുക്കുന്നവൻ മാത്രമാകുന്നു.”
ശൈഖ് അബൂ നജീബ് അബ്ദുൽ ഖാഹിർ(റ) പറയുന്നു:
”ഹൃദയം ജ്ഞാനപൂരിതമായാൽ ഹൃദയത്തിന്റെ കണ്ണുകൾ വിടരുന്നു. സത്യവും മിഥ്യയും കാണാൻ ആ കണ്ണിന് സാധിക്കുുന്നു. നേർവഴിയും വക്രമാർഗവും അപ്പോൾ വ്യക്തമാവുകയും ചെയ്യുന്നു.”
”ആരെങ്കിലും ഒരണുമണി തൂക്കം നന്മ ചെയ്താൽ അതിന്റെ ഫലവും അവൻ കണ്ടെത്തുക തന്നെ ചെയ്യും.” എന്ന ഖുർആൻ സൂക്തം നബി(സ്വ)തങ്ങൾ ഒരു ഗ്രാമീണന് ഓതിക്കേൾപ്പിച്ചപ്പോൾ അയാൾ പറഞ്ഞു:
”എനിക്കിതുമതി. ഇതുതന്നെ ധാരാളം മതി.”
അപ്പോൾ നബി(സ്വ) മൊഴിഞ്ഞു:
”ഇയാൾ ജ്ഞാനിയായി തീർന്നു.”
ജ്ഞാനത്തിന്റെ ഒരു കൈവഴി നബി(സ്വ) തങ്ങൾ ആ ഗ്രാമീണന്റെ ഹൃദയത്തിലേക്ക് ഒഴുക്കുകയാണിവിടെ ചെയ്തത്. ഇബ്നു അബ്ബാസ്(റ) ഇപ്രകാരം നിവേദനം ചെയ്യുന്നു:
”ഫിഖ്ഹ് അഭ്യസിക്കുന്നതിനേക്കാൾ പുണ്യകരമായ ഇബാദത്ത് മറ്റൊന്നുമില്ല.”
അവർക്ക് ഹൃദയങ്ങളുണ്ട്. എന്നാൽ ആ ഹൃദയങ്ങൾക്കൊണ്ടവർ സത്യം ഗ്രഹിക്കുന്നില്ല എന്ന സൂക്തത്തിൽ അല്ലാഹു ഹൃദയത്തിനു വളരെ നല്ലയൊരു വിശേഷണമാക്കി വെച്ചത് ജ്ഞാനത്തെയാണ്. കാരണം ജ്ഞാനികളാകുന്നവർ സുകൃതം ചെയ്യുന്നു. സുകൃതം ചെയ്യുമ്പോൾ അല്ലാഹുവിനെ അറിയുന്നു. അല്ലാഹുവിനെ അറിയുമ്പോൾ സന്മാർഗം പ്രാപിക്കുന്നു. ജ്ഞാനത്തിന്റെ വർദ്ധനവിന് അനുസരിച്ച് കീഴ് വണക്കവും ഇബാദത്തും വർദ്ധിക്കും. ഹൃദയത്തിൽ പ്രകാശ സാന്ദ്രതയുടെയും ദൃഢബോദ്ധ്യത്തിന്റെയും വിഹിതം കൂടിക്കൂടി വരും. ഹൃദയങ്ങളിൽ അല്ലാഹു പ്രദാനം ചെയ്യുന്ന ചൈതന്യമാണ് ജ്ഞാനം. ആ ചൈതന്യത്തിന് കൂടുതൽ മിഴിവ് ലഭിക്കുമ്പോൾ അത് മഅരിഫത്തായി തീരുന്നു. അതുതന്നെയാണ് സന്മാർഗപ്രാപ്തിയും.
‘അല്ലാഹു തന്നെ സന്മാർഗവും ജ്ഞാനവുമായി നിയോഗിച്ചു’ എന്ന തിരുനബി(സ്വ) തങ്ങളുടെ തിരുമൊഴിയുടെ പൊരുൾ അവിടുത്തെ ഹൃദയം ജ്ഞാനപൂരിതവും സന്മാർഗപ്രാപ്തവുമായിരുന്നുവെന്നും അവിടുത്തെ ശരീര പ്രകൃതത്തിൽ തന്നെ ഊട്ടപ്പെട്ടതായിരുന്നു അതെന്നുമാണ്. ആദം നബി(അ) മിൽ നിന്ന് അനന്തരാവകാശമായി ലഭിച്ചതാണത്. ആദം നബി(അ) മിന് സർവ്വത്ര നാമങ്ങളും പഠിപ്പിക്കുക വഴി അല്ലാഹു മനുഷ്യകുലത്തെ ആദരിച്ചു. മനുഷ്യന് അറിയാത്ത കാര്യങ്ങൾ അല്ലാഹു പഠിപ്പിച്ചുവെന്നു ഖുർആൻ പറയുന്നു. അങ്ങനെ ജ്ഞാനം ആദം നബി(അ) മിലേക്ക് കയറിച്ചെന്നപ്പോൾ വിവേകം, ബുദ്ധി, ദയ, സ്നേഹം, കോപം, സന്തോഷം, മടി, ദു:ഖം, സംതൃപ്തി തുടങ്ങിയവയും തന്നിൽ അങ്കുരിച്ചു. അല്ലാഹുവിലേക്കുള്ള നേർവഴി കണ്ടുപിടിക്കാനുള്ള പ്രകാശവും അല്ലാഹു അവരിൽ നിക്ഷേപിച്ചു. അങ്ങനെ ആദം(അ)മിൽ നിന്ന് അനന്തരാവകാശമായി ലഭിച്ച ആ പ്രകാശത്തിനുപുറമേ അല്ലാഹു പ്രത്യേകമായി പ്രദാനം ചെയ്ത പ്രഭയുമായിട്ടാണ് മുഹമ്മദ് നബി(സ്വ) ഈ സമുദായത്തിലേക്ക് എഴുന്നേറ്റ് വന്നത്.
തുടരും: